ഗുരുത്വം എന്ന ദൈവം
ദൈവമുണ്ടെന്നും അത് ഗുരുത്വം ആണെന്നും ഉള്ള ഒരു വാദം ഇന്നലെ ക്ലബ് ഹൗസിലെ 'സാപ്പിയന്സ് ഓഫ് കേരള(Sapiens of Kerala)' എന്ന ക്ലബ് നയിച്ച ചര്‍ച്ചകള്‍ക്കിടയില്‍ കേള്‍ക്കാനിടയായി. പുതിയ വാദമായതിനാല്‍ ഒന്നു ഗൂഗിള്‍ ചെയ്തു നോക്കി. ഗുരുത്വമില്ലെങ്കില്‍ ഭൂമിക്കും നക്ഷത്രങ്ങള്‍ക്കും ഒന്നും നിലനില്പില്ലെന്നും, ഗുരുത്വം ദൈവമാണെന്നും, ഐന്‍സ്റ്റൈന്‍ പ്രവാചകനാണെന്നും, ഒക്കെ വിവരിക്കുന്ന ഒരു ലേഖനം കണ്ടു. റഫറന്‍സിനായി ഇവിടെ ക്ലിക്ക് ചെയ്യുക. അങ്ങനെ പ്രസ്തുത വാദം, അതു ക്ളബ്ബില്‍ പറഞ്ഞ ആളുടെ സ്വന്തമല്ലെന്നു മനസ്സിലായി.
Advertise
Click here for more info
ഈ വാദമനുസരിച്ച് മനുഷ്യന് ഇഷ്ടമുള്ളപ്പോള്‍ നിര്‍മ്മിക്കാനും നശിപ്പിക്കാനും കഴിയുന്ന ഒന്നാണ് ദൈവം. ഇതു മനസ്സിലാക്കാന്‍, ഇതേ വാദത്തില്‍ പ്രവാചകനെന്നു പറയുന്ന ഐന്‍സ്റ്റൈന്‍റെ ഏറ്റവും സന്തോഷകരമായ ചിന്ത (happiest thought) ഒന്നു ഗൂഗിള്‍ ചെയ്താല്‍ മതിയാകും. റഫറന്‍സിനായി ഇവിടെ ക്ലിക്ക് ചെയ്യുക. കെട്ടിടത്തിനു മുകളില്‍ നിന്നു താഴെ വീണ ആളെ കണ്ട ഐന്‍സ്റ്റൈന്‍, വീഴ്ചയുടെ സമയത്തുള്ള അദ്ദേഹത്തിന്‍റെ അവസ്ഥയെ പറ്റി ചിന്തിച്ചതാണ് ഈ സന്തോഷകരമായ ചിന്തയിലേക്കുള്ള വഴി തുറന്നത്. ഭൂമിയുടെ ഗുരുത്വത്തിനു വിധേയനായി ഫ്രീ ഫാള്‍ (free fall) നടത്തുന്ന ഒരാളുടെ അവസ്ഥയും ബഹിരാകാശത്ത് ഗുരുത്വമില്ലാത്ത ഇടത്തില്‍ പെട്ട ഒരാളുടെ അവസ്ഥയും തുല്യമാണ്. അതായത് ഗുരുത്വം (ദൈവം) ഉള്ള ഭൂമിയില്‍ ഗുരുത്വം (ദൈവം) ഇല്ലാത്ത അവസ്ഥ സൃഷ്ടിക്കാന്‍ ഒരു വിമാനത്തിലോ ബഹിരാകാശ പേടകത്തിലോ ഫ്രീ ഫാള്‍ ചെയ്താല്‍ മതിയാകും. വെറും 7035 ഡോളര്‍ മുടക്കിയാല്‍ നിങ്ങള്‍ക്കും ഇതുപോലെ ദൈവത്തെ ഇല്ലാതാക്കാനുള്ള അവസരം ഉണ്ട്. റഫറന്‍സിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
Advertise
ഇനി ഗുരുത്വം (ദൈവം) ഇല്ലാത്ത ബഹിരാകാശത്ത് ദൈവത്തെ ഉണ്ടാക്കാനുള്ള വിദ്യയും ഐന്‍സ്റ്റൈന്‍റെ ചിന്തകളില്‍ ഉണ്ട്. ഒരു റോക്കറ്റുമായി ബഹിരാകാശത്തു പോവുക. അതിനു ശേഷം അതിനെ 9.8m/s^2 എന്ന റേറ്റില്‍ ആക്സിലറേറ്റ് ചെയ്തു കൊണ്ടിരിക്കുക. അതിനുള്ളില്‍ നില്ക്കുന്ന നിങ്ങള്‍ക്ക് ഇപ്പോള്‍ ഭൂമിയിലെ അതേ ഗുരുത്വം അനുഭവപ്പെടും. കാരണം ആക്സിലറേഷന്‍റെയും ഗുരുത്വത്തിന്‍റെയും ലോക്കല്‍ എഫക്ട് ഒന്നു തന്നെയാണ്. അങ്ങനെ ഇല്ലായ്മയില്‍ നിന്നു ദൈവത്തെ നിര്‍മ്മിക്കാനുള്ള വിദ്യയും ഐന്‍സ്റ്റൈന്‍റെ ചിന്തകള്‍ നല്കുന്നു.
ഇഷ്ടമുള്ളപ്പോള്‍ ദൈവത്തെ ഉണ്ടാക്കാനും നശിപ്പിക്കാനും മനുഷ്യനു കഴിയുമ്പോള്‍, 'ആരാണ് ശരിക്കുമുള്ള സൃഷ്ടാവ്/ദൈവം' എന്ന ചോദ്യം പ്രസക്തമാകുന്നു. ഗുരുത്വത്തെ ദൈവമെന്നു വിളിക്കാതെ ഗുരുത്വമെന്നു വിളിച്ചാല്‍ പരിഹരിക്കപ്പെടുന്നതാണ് ഈ പ്രശ്നങ്ങളെല്ലാം എന്ന തിരിച്ചറിവില്‍ ആദ്യം പറഞ്ഞ വാദം തന്നെ അപ്രസക്തമാകുന്നു. എന്തായാലും ദൈവത്തെ എങ്ങനെയെങ്കിലും തെളിയിച്ചെടുക്കാനുള്ള വിശ്വാസികളുടെ പെടാപ്പാടിന് ഗുരുത്വവാദം അല്പം പോലും ആശ്വാസം നല്കുന്നില്ല.
By
AnupIssac