Monday, December 23, 2024
Sajeev ala / അവലോകനം / June 23, 2024

അർജുനാ ഇങ്ക നൻപ്ക്ക് ഗൊത്തില്ലടാ..

മഹാഭാരതം ഒരു കഥാസാഗരമാണ്. ഒ വി വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം' പോലെ മാർക്കേസിന്റെ 'ഏകാന്തതയുടെ നുറുവർഷങ്ങൾ' പോലെ എംടിയുടെ 'അസുരവിത്ത്' പോലെ മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങൾ' പോലെ, അല്ലെങ്കിൽ അവയ്‌ക്കൊക്കെ മുകളിലുള്ള ഒരു മഹത്തായ ഭാവനാസൃഷ്ടിയാണ് മഹാഭാരതം. വൈദിക സംസ്ക്കാര കാലഘട്ടത്തിലെ ദൈവങ്ങളും, മനുഷ്യരും, അവരുടെ ജീവിതവും, സാമൂഹിക അടരുകളും വിവേചനവും നന്മതിന്മാ നിർവചനങ്ങളും ഗുണദോഷങ്ങളും നേരും നെറിയും വെറിയും, രാഗകാമമോഹങ്ങളും, ദുരയും, ആർത്തിയും, അധികാരപ്രമത്തതയും, ഭോഗവും, ത്യാഗവും, ദർശനവും, എല്ലാം ഉജ്വലമായി ചിത്രീകരിച്ചിരിക്കുന്ന അദ്ഭുതാവഹമായ അതിശയഗ്രന്ഥമാണ് മഹാഭാരതം.
ആഴം കൂടും തോറും പരപ്പ് കൂടുന്നതും,പരപ്പ് കൂടുന്തോറും ആഴം കൂടുന്നതുമായ ഇതിഹാസം. ഒന്നിനൊന്ന് വ്യത്യസ്തമായ അനേകായിരം കഥാപാത്രങ്ങൾ നാടകീയത ജ്വലിക്കുന്ന കഥാസന്ദർഭങ്ങൾ, കൃതിയുടെ മെയിൻപ്ളോട്ടിൽ നിന്ന് വേറിട്ടതും, എന്നാൽ കണക്ട് ചെയ്തു നില്ക്കുന്നതുമായ നൂറായിരം സബ്പ്ളോട്ടുകൾ.

യുദ്ധത്തിൻറെ ഇതിഹാസം, യുദ്ധവിജയങ്ങളുടെയും നിരർത്ഥകതയുടെ ഇതിഹാസം, ധർമ്മത്തിൻറെ മഹത്വഗാഥ, ധർമ്മത്തിനുള്ളിലെ അധർമ്മത്തിൻറെ അടരുകൾ പൊളിച്ചുകാട്ടുന്ന സത്യഗാഥ, നായകർ വില്ലന്മാരാകുന്ന, വില്ലന്മാർ നായകന്മാരുന്ന അപൂർവത്വം. ഉറ്റവരുടെ നെഞ്ചിലേക്ക് അസ്ത്രം പായിക്കാനാവാത്ത അർജ്ജുനസങ്കടങ്ങൾ, അസ്തിത്വം നിഷേധിക്കുന്ന ശത്രു ബന്ധുജനമാണെങ്കിലും മടിച്ചുനില്ക്കരുതെന്ന കൃഷ്ണോപദേശം, ക്ഷത്രിയനിപുണതയെ അമ്പരപ്പിക്കുന്ന ഏകലവ്യനിഷാദ വൈദഗ്ധ്യം, ചാതുർവർണ്യത്തിൻറെ ക്രൗര്യങ്ങൾ, ചാട്ടവാർ പ്രയോഗങ്ങൾ, ബ്രാഹ്മണ്യത്തിൻറെ സ്വയംപോഷിപ്പിക്കലുകൾ, വാഴ്ത്തലുകൾ, മഹത്വപ്പെടുത്തലുകൾ തുടങ്ങി യുഗത്തിന്റെ സാംസ്ക്കാരിക സാക്ഷ്യപത്രമാണ് മഹാഭാരതം. ഭാരതമെന്ന വിശ്വത്തിൻറെ വിശാലതയുടെ സങ്കീർണ്ണതയുടെ വൈവിധ്യ അധ്യായ സമുച്ചയമാണ് മഹാഭാരതം. സ്ത്രീത്വത്തിൻറെ അനന്തവൈചിത്ര്യചിത്രങ്ങൾ സത്യവതി അംബ കുന്തി ഗാന്ധാരി ദ്രൗപദി.., പിതാമഹന്മാരുടെ മഹാപുരുഷപാരമ്പര്യത്തെ വെല്ലുവിളിച്ച അംബയ്ക്ക് ആധുനിക ഫെമിനിസത്തിൻറെ ഏത് അടർക്കളത്തിലും ചങ്കുറപ്പോടെ കയറിനില്ക്കാനാവും. ദുശ്ശാസനന്മമാരുടെ ചോര കണ്ടേ അടങ്ങുവെന്ന് വാശിപിടിക്കുന്ന ദ്രൗപദിയുടെ മുറിവേറ്റ സ്ത്രീത്വം.

മഹാഭാരതം പെണ്ണിൻറെ വീരേതിഹാസം കൂടിയാണ്.മനുഷ്യമനസ്സിൻറെ വിചിത്രതകൾ
ആന്തരികസംഘർഷങ്ങൾ സന്ദിഗ്ദ്ധതകൾ, ആക്രമണോത്സുകത, നഷ്ടനേട്ടങ്ങൾ അധികാരാർത്തി
സിംഹാസനങ്ങൾ ചോര മണമുള്ള ഗ്ളോറിഫൈഡ് കസേരകൾ മാത്രമെന്ന തിരിച്ചറിവുകൾ വെളിപ്പെടുത്തലുകൾ, ജീവപരമ്പരകളിലൂടെ, തലമുറകളിലൂടെ വൈരവും പകയുമായി സഞ്ചരിക്കുന്ന ചിരഞ്ജീവി അശ്വത്ഥാമാക്കൾ കേവലമായൊരു പുരാതനകൃതിയുടെ പരിധിപരിമിതികൾ മറികടന്ന് ഇതിഹാസപ്രഭയിലേക്ക് നിരയിലേക്ക് മഹാഭാരതം കടന്നുവന്നത് അതിൻറെ ആശയകഥാപ്രപഞ്ച വിശിഷ്ടതയിലൂടെയാണ്.

കഥാകൃത്ത് കഥാപാത്രമായി കഥയിലേക്ക് കടന്നുവന്ന് കഥാഗതികളെ മാറ്റിമറിക്കുന്ന ആധുനികരചനാസൂത്രങ്ങൾ വരെ മഹാഭാരതത്തിലുണ്ട്. ഗ്രീക്ക് ഇലിയഡും ഒഡീസിയും എല്ലാം നമ്മുടെ മഹാഭാരതത്തിന് മുന്നിൽ വെറും കൈപ്പുസ്തകങ്ങൾ ലഘുലേഖകൾ. ഉദാത്തമായ ഉന്മത്തമായ
മനുഷ്യഭാവനയ്ക്ക് അതിരുകളില്ല, പരിധികളില്ല. പക്ഷെ വ്യാസനും കാലത്തിൻറെ ദാസനായിരുന്നു. അതിന്റെ പരിമിതികളും സങ്കുചിതത്വവും മഹാഭാരതത്തിലെ ദൈവങ്ങൾക്കും മനുഷ്യർക്കുമുണ്ട്
വർത്തമാനകാലത്തിൽ നിന്ന് ഭൂതകാലത്തേക്കും ഭാവിയിലേക്കും വായനക്കാർക്ക് ടൈം ട്രാവൽ ചെയ്യാനാകുന്ന താത്വികഗരിമയും ഗഹനതയും ആശയധാരകളും ഇതിഹാസത്തിൽ ഇതൾ വിടർത്തി നില്ക്കുന്നു എന്നാൽ ഉദാത്തമായ, ഉത്തുംഗമായ ഒരു കലാസൃഷ്ടിയെ വെറും മതപ്പുസ്തകമാക്കി ചുരുക്കുമ്പോൾ അതിലെ ദൈവവേഷ കഥാപാത്രങ്ങൾ ചെയ്തതെല്ലാം പരമവും സനാതനവുമായ ശരിയും സത്യവുമാണെന്ന് ആക്രോശിക്കപ്പെടുന്നു. ഏത് മതഗ്രന്ഥത്തെയും അതിലെ നായക ദൈവങ്ങളെയും അപനിർമ്മാണത്തിന് വിധേയമാക്കി, ആധുനികമൂല്യങ്ങളുമായി തുലനം ചെയ്ത് തൂക്കിനോക്കി പിച്ചാനും നുള്ളാനും പിച്ചിച്ചീന്താനും പരിഹസിക്കാനുമുള്ള അവകാശവും അധികാരവും പൗരനുണ്ട്.

എല്ലാ തീവ്രമതവിശ്വാസികളും പുനരുത്ഥാനവാദികളാണ്. പ്രാകൃതവും പരുഷവും അക്രമാസക്തവുമായ ഏതെങ്കിലും ഒരു പുരാതന പുസ്തകത്തെ ചൂണ്ടിക്കാട്ടി ആ സാധനം ദൈവസൃഷ്ടിയാണെന്നും അതുകൊണ്ട് അതിനെ ഒരു വിശുദ്ധഗ്രന്ഥമായി കണ്ട്, മുട്ടുകുത്തി വണങ്ങിയില്ലെങ്കിൽ തലയെടുക്കും എന്ന ഭീഷണി മുഴക്കുന്നതിനെയാണ് മതമൗലികവാദം എന്നുവിളിക്കുന്നത്. കുരുക്ഷേത്ര യുദ്ധക്കളത്തിന്റെ നടുവിൽ ഇതികർത്തവ്യാമൂഢനായി ഇമോഷണലായി മോങ്ങിക്കരഞ്ഞു നിന്ന അർജ്ജുനനെ ശ്രീകൃഷ്ണൻ വഴക്കുപറഞ്ഞ് ചീത്തവിളിച്ച് സ്വബോധത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ നടത്തിയ വാചകമടിയാണ് ഭഗവദ്ഗീതയെന്ന് വ്യാഖ്യാനിക്കാനും വിമർശിക്കാനുള്ള എല്ലാ അവകാശവും സർവമതവിമർശകരായ നാസ്തികർക്കുണ്ട്. ക്രെസ്തവനാമധാരിയായ Tomy Sebastian ന്റെ സ്ഥിരം വേട്ടമൃഗം ബൈബിളാണ്. യഹോവയേയും യേശുവിനെയും ഉല്പത്തിപ്പുസ്തകത്തെയും ഒക്കെ നർമ്മത്തിന്റെ ഡൈനാമിറ്റുകൾ പൊട്ടിച്ച് ടോമി എടുത്തിട്ട് അലക്കുന്നത് കേട്ടാൽ സാക്ഷാൽ ഫ്രാൻസിസ് മാർപ്പാപ്പ പോലും പൊട്ടിച്ചിരിച്ചു പോകും.
അതേ ടോമി സെബാസ്റ്റ്യൻ കഴിഞ്ഞദിവസം തന്റെ സ്വതസിദ്ധമായ സ്റ്റാൻഡപ് കൊമേഡിയൻ ശൈലിയിൽ മഹാഭാരതത്തെ ഒന്ന് വിശകലനം ചെയ്തു. ശ്രീകൃഷ്ണൻ അർജ്ജുനനെ വിളിച്ച പച്ചത്തെറിയാണ് ഭഗവദ്ഗീതയെന്ന ടോമിയുടെ ആക്ഷേപഹാസ്യത്തിന്റെ അലങ്കാരഭംഗി ഒരുപറ്റം ഹിന്ദു അസഹിഷ്ണുക്കൾക്ക് ആസ്വദിക്കാൻ കഴിയാതെപോയി. വികാരമൊക്കെ വൃണപ്പെട്ട് അവർ ആകെ വിജ്രംഭിതരായിരിക്കുകയാണ്.

പരീക്ഷാഹാളിൽ വന്നിരുന്ന് ഉറങ്ങിയ വിദ്യാർത്ഥിയെ അദ്ധ്യാപകൻ ചീത്തവിളിച്ച് ഉണർത്തി എന്ന അർത്ഥത്തിൽ ടോമി നടത്തിയ ഗീതാവിമർശനമാണ് വിവാദവ്യവസായികൾ ഏറ്റുപിടിച്ചിരിക്കുന്നത്
സദാസമയവും ക്രൈസ്തവിശ്വാസത്തെ തേച്ചൊട്ടിച്ച് ബൈബിളിനെ ഫലിതബിന്ദുക്കളാക്കി പ്രസംഗിച്ചു നടക്കുന്ന ടോമി സെബാസ്റ്റ്യന്, ഭാഗ്യവശാലോ നിർഭാഗ്യവശാലോ ഒരു കേരളാമോഡൽ പാതിരിയുടെയോ പാസ്റ്ററുടെയോ സാമ്പ്രദായിക രൂപവും ഛായയുമുണ്ട് (കർത്താവ് അറിഞ്ഞുകൊണ്ട് കൊടുത്ത പണിയാണ് ഇതെന്ന് പറയുന്നവരുമുണ്ട്) പള്ളീലച്ചൻ ശ്രീകൃഷ്ണനെ നിന്ദിച്ചു ഗീതയെ പുച്ഛിച്ചു എന്നൊക്കെയുള്ള അട്ടഹാസം കേട്ട്, ഉറക്കത്തിൽ പോലും ബൈബിളിനെ കളിയാക്കുന്ന ടോമി ഒന്ന് ഞെട്ടിക്കാണും. എല്ലാ മതഭ്രാന്തന്മാരോടും പൊതുവായി പറയാനുള്ളത് ഒന്നുമാത്രമാണ്.

We preserve the right to satire Gods. Blasphemy is our birth right. 

 profile

Sajeev ala

Click the button below to join our whats app groups>>

Click the 'Boost' button to push this article to more people>> 

profile 

boost

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.