Monday, December 23, 2024
Sajeev ala / അവലോകനം / November 16, 2024

വഖഫ് കുരുക്കിൽ

എങ്ങനെയാണ് മുനമ്പം നിവാസികൾ വഖഫ് കുരുക്കിൽ പെട്ടത്..?

പാർലമെന്റിൽ അവതരിപ്പിച്ച പുതിയ വഖഫ് ഭേദഗതി ബിൽ എങ്ങനെയാണ് അവരെ സഹായിക്കുന്നത്..?

1902ൽ തിരുവിതാംകൂർ രാജാവ്, ഗുജറാത്തുകാരനായ അബ്ദുൽ സത്താർ സേട്ടുവിന് മുനമ്പത്തെ 404 ഏക്കർ ഭൂമി കൃഷി ചെയ്യുന്നതിന് പാട്ടമായി നല്കി. സേട്ടു 1948ൽ ഈ ഭൂമി മകൻ മുഹമ്മദ് സിദ്ദിഖിന് എഴുതി നല്കി. ഇതിനൊക്കെ മുന്നേതന്നെ മുനമ്പത്ത് മത്സ്യത്തൊഴിലാളികൾ താമസിക്കുന്നുണ്ട്. അവർ ഭൂമിയിൽ അവകാശം ഉന്നയിക്കുന്നതിന് തടയിടാനായിട്ടാവാം, മകൻ സേട്ടു ഈ 404 ഏക്കർ ഭൂമി വഖഫാക്കി ഫാറൂഖ് കോളേജിന് രജിസ്റ്റർ ചെയ്തു നല്കി. താമസഭൂമിയുടെ അവകാശം തങ്ങൾക്കാണെന്ന് പറഞ്ഞ് മുനമ്പത്തെ മത്സ്യത്തൊഴിലാളികൾ ഫാറൂഖ് കോളേജ് മാനേജ്മെന്റിനെതിരെ കേസിന് പോയി. വർഷങ്ങൾ നീണ്ടുനിന്ന കേസിൽ ഫാറൂഖ് കോളേജ് വിജയിച്ചു. പിന്നീട് out of court settlement എന്ന രീതിയിൽ കോളേജ് മാനേജ്മെന്റ് കാശു വാങ്ങി താമസക്കാർക്ക് വിലയാധാരം എഴുതി കൊടുത്തു.

പ്രശ്നം അവിടെ അവസാനിച്ചു എന്നാണ് എല്ലാവരും കരുതിയിരുന്നത്. മുനമ്പത്തുകാർ അവരുടെ സ്വന്തം ഭൂമിയിൽ വീടൊക്കെ വച്ച് കുടുംബമായി സന്തോഷത്തോടെയും സമാധാനത്തോടെയും താമസിച്ചു വരികയായിരുന്നു. അങ്ങനെയിരിക്കെ 2008 ൽ വി എസ് അച്യൂതാനന്ദൻ സർക്കാർ, വഖഫ് ഭൂമി അന്യാധീനപ്പെടുന്നതിനെ പറ്റി പഠിക്കാൻ നിസ്സാർ കമ്മീഷനെ നിയമിച്ചു. 2009ൽ കമ്മീഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ മുനമ്പം ഭൂമി വഖഫ് പ്രോപ്പർട്ടിയാണെന്ന് സൂചിപ്പിച്ചിരുന്നു.
നിസ്സാർ കമ്മീഷൻ റിപ്പോർട്ടിന്റെ ബലത്തിൽ 2009ൽ വഖഫ് ബോർഡ് മുനമ്പത്ത് 600ൽ പരം കുടുംബങ്ങൾ താമസിക്കുന്ന സ്ഥലം വഖഫ് ഭൂമിയാണെന്ന് ഏകപക്ഷീയമായി പ്രഖ്യാപിച്ച് ഉത്തരവിറക്കി. അവിടുത്തെ താമസക്കാർക്ക് ഒരു നോട്ടീസ് പോലും നല്കാതെയാണ് വഖഫ് ബോർഡ് ഈ കടുംകൈ ചെയ്തത്.

ഇതെന്താ വെള്ളരിക്കാ പട്ടണമാണോ ..!

മനുഷ്യർ തലമുറകളായി താമസിച്ചു വന്നിരുന്ന, അവർ കാശ് കൊടുത്ത് വിലയാധാരമായി വാങ്ങിയ ഭൂമി വഖഫ് ബോർഡിന് ചുമ്മാ കേറിയങ്ങ് ഏറ്റെടുക്കാനാവുമോ...?

ഇങ്ങനെയൊരു സംശയം ആർക്കും തോന്നാം.

പക്ഷേ വഖഫ് ബോർഡിന് ഏത് ഭൂമിയും അവരുടെ പ്രോപ്പർട്ടിയായി പ്രഖ്യാപിച്ച് ഉത്തരവിറക്കാൻ അധികാരമുണ്ട്. 1995ലെ വഖഫ് നിയമം സെക്ഷൻ 40 അനുസരിച്ച് വഖഫ് ആണെന്ന് ബോർഡിന് ബോധ്യപ്പെട്ടാൽ അത് സ്വന്തമാണെന്ന് പ്രഖ്യാപിക്കുവാനും രജിസ്റ്റർ ചെയ്ത് പേരിലാക്കാനും ബോർഡിന് അധികാരമുണ്ട്. അതുകൊണ്ടാണ് നിസ്സാർ കമ്മീഷൻ റിപ്പോർട്ട് ക്വോട്ട് ചെയ്ത്, മുനമ്പത്തെ 400 ഏക്കർ വഖഫാക്കി 2009ൽ വഖഫ് ബോർഡ് ഓർഡർ ഇറക്കിയത്.

വഖഫ് ആക്ടിനെ ഒരു ചോരകുടിയൻ നിയമമാക്കി മാറ്റിയത് ഈ സെക്ഷൻ 40 ആണ്. Sweeping powers ആണ് ഈ വകുപ്പ് പ്രകാരം വഖഫ് ബോർഡിന് ലഭിക്കുന്നത്. മുനമ്പം ഭൂമി വഖഫാക്കി കൊണ്ടുള്ള ഉത്തരവ് വഖഫ് ബോർഡ്, റവന്യൂ വകുപ്പിന് അയച്ചുകൊടുത്തു. അതോടെ വില്ലേജ് ഓഫീസർക്ക് താമസക്കാർക്കാരിൽ നിന്ന് ഭൂനികുതി (കരം) വാങ്ങാൻ കഴിയാതായി. 2019ൽ മുനമ്പം ഭൂമി വഖഫ് ബോർഡ് അവരുടെ പേരിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത് സ്വന്തമാക്കി. ഇങ്ങനെ ചെയ്യാനുള്ള അവകാശവും അധികാരവും നിലവിലെ വഖഫ് നിയമപ്രകാരം വഖഫ് ബോർഡിനുണ്ട്.

സ്വന്തം ഭൂമി രജിസ്റ്റർ ചെയ്ത് വഖഫ് ബോർഡ് കൈക്കലാക്കിയ വിവരമറിഞ്ഞ മുനമ്പം നിവാസികൾ സമരത്തിനിറങ്ങി. വൈപ്പിൻ എംഎൽഎ പ്രശ്നപരിഹാരത്തിനായി സർക്കാരിനെ സമീപിച്ചു. സിപിഎം എംഎൽഎ ആയ ഉണ്ണികൃഷ്ണന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് മുനമ്പം നിവാസികളിൽ നിന്ന് കരം വാങ്ങാൻ അനുവാദം നല്കി റവന്യൂ വകുപ്പ് നിർദ്ദേശം നല്കി. ഈ ഉത്തരവിനെതിരെ ഒരു നാസ്സർ മനയിലും, അബ്ദുൾ സലാമും ഹൈക്കോടതിയെ സമീപിച്ചു. വഖഫ് ആയി പ്രഖ്യാപിച്ച് രജിസ്റ്റർ ചെയ്ത ഭൂമിയുടെ നികുതി മുനമ്പം നിവാസികളിൽ നിന്ന് വാങ്ങുന്നത് തടയണമെന്ന അവരുടെ വാദം അംഗീകരിച്ച കോടതി, ഭൂനികുതി വാങ്ങാൻ അനുമതി നല്കിയ റവന്യു ഉത്തരവ് സ്റ്റേ ചെയ്തു. അതോടെ മുനമ്പത്തുകാർ പൂർണ്ണമായും പെട്ടു. അവർ തെരുവിലിറങ്ങി.

കാശുകൊടുത്ത് ഫാറൂഖ് കോളേജിൽ നിന്ന് വിലയാധാരമായി വാങ്ങിയ ഭൂമി വഖഫ് ആയി പ്രഖ്യാപിക്കാൻ വഖഫ് ബോർഡിന് അധികാരം നല്കുന്നത് വഖഫ് ആക്ടിലെ സെക്ഷൻ 40 ആണ്. ആരുടെ നെഞ്ചത്ത് കേറി നിരങ്ങാനും കുതിര കയറാനും അനിയന്ത്രിതമായ പവർ, വഖഫ് ബോർഡിന് നല്കുന്നത് ഈ സെക്ഷൻ 40 ആണ്.

മന്ത്രി കിരൺ റിഡ്ജു പാർലമെന്റിൽ അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബിൽ, മുനമ്പത്തുകാരെ കണ്ണീരിലാഴ്ത്തിയ സെക്ഷൻ 40 നെ ശിരച്ഛേദം ചെയ്യുന്നു. അതായത് ഏത് ഭൂമിയും വഖഫാക്കി സ്വന്തമാക്കാൻ വഖഫ് ബോർഡിന് അധികാരം നല്കുന്ന സെക്ഷൻ 40, പുതിയ ഭേദഗതി പാസ്സായാൽ എന്നെന്നേക്കുമായി ഇല്ലാതാകും. ചുരുക്കത്തിൽ പുതിയ നിയമം വന്നാൽ ഒരാളുടെയും കിടപ്പാടത്തിൽ കേറി കൈവയ്ക്കാൻ വഖഫ് ബോർഡിനാവില്ല.

പുതിയ ഭേദഗതി നിയമ പ്രകാരം ഏതെങ്കിലും ഭൂമി വഖഫ് ആണെന്ന് തോന്നിയാൽ കയ്യിലുള്ള തെളിവുമായി വഖഫ് ബോർഡിന്, ട്രിബ്യൂണലിനെ സമീപിക്കാം. സിവിൽ കോടതിയായി ആക്ട് ചെയ്യുന്ന ട്രിബ്യൂണലാണ് വഖഫ് ബോർഡിന്റെ ക്ലെയിം പരിശോധിക്കുന്നത്. പുതിയ നിയമം വഖഫ് ട്രിബ്യൂണലിന്റെ ഘടനയിലും മാറ്റം വരുത്തുന്നു. ജില്ലാ ജഡ്ജിയുടെ പദവിയുള്ള സിവിൽ ജഡ്ജ്, ADM റാങ്കിലുള്ള സർക്കാർ ഉദ്യോഗസ്ഥൻ, ഇസ്ലാമിക നിയമവിദഗ്ധൻ ഈ മൂന്നുപേരാണ് പഴയ വഖഫ് ആക്ട് സെക്ഷൻ 83 പ്രകാരം ട്രിബ്യൂണൽ അംഗങ്ങൾ. പുതിയ ഭേദഗതി പ്രകാരം മതനിയമ വിദഗ്ദ്ധനെ ഒഴിവാക്കി ട്രിബ്യൂണലിന് കൂടുതൽ ജുഡീഷ്യൽ സ്വഭാവം നല്കുന്നു. കൂടാതെ എഡിഎം റാങ്ക് ഉദ്യോഗസ്ഥന് പകരം ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥൻ രണ്ടാം ട്രിബ്യൂണൽ മെമ്പറാകും.

നിലവിലെ ആക്ട് സെക്ഷൻ 83 പ്രകാരം വഖഫ് ട്രിബ്യൂണലിന്റെ ഉത്തരവ് അന്തിമമാണ്. ഹൈക്കോടതിക്ക് ആരുടെയെങ്കിലും പരാതിയുടെ അടിസ്ഥാനത്തിലോ അല്ലെങ്കിൽ സ്വമേധയാ ട്രിബ്യൂണൽ ഉത്തരവിന് ആധാരമായ റിക്കാർഡുകൾ പരിശോധിച്ച് നടപടിക്രമങ്ങളിൽ വീഴ്ച ഉണ്ടെങ്കിൽ ഉത്തരവ് ഭേദഗതി ചെയ്യാനോ റദ്ദാക്കാനോ കഴിയുമെങ്കിലും വഖഫ് ട്രിബ്യൂണൽ ഉത്തരവിനെതിരെയുള്ള അപ്പീൽ അധികാരം ഹൈക്കോടതിക്ക് ഇല്ലായിരുന്നു. എന്നാൽ പുതിയ ഭേദഗതിയിൽ, ട്രിബ്യൂണലിന്റെ ഉത്തരവ് അന്തിമമാണെന്ന clause പൂർണ്ണമായും ഡിലിറ്റ് ചെയ്യുന്നു. കുടാതെ ട്രിബ്യൂണലിന്റെ ഉത്തരവിനെതിരെ 90 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട കക്ഷികൾക്ക് ഹൈക്കോടതിയിൽ അപ്പീൽ ഹർജി നല്കാം. ഇരുകൂട്ടരുടെയും അപ്പീൽവാദങ്ങൾ കേട്ട് ഇഴകീറി പരിശോധിച്ച് ഹൈക്കോടതി അന്തിമവിധി പുറപ്പെടുവിക്കും. ഈ പുതിയ നിയമം പാടില്ലായെന്ന് പറഞ്ഞാണ് നമ്മുടെ നിയമസഭ ഏകകണ്ഠമായി പ്രമേയം പാസ്സാക്കിയത്.

നിസ്സാർ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ഒരു നോട്ടീസ് പോലും നല്കാതെ മുനമ്പത്ത് 610 കുടുംബങ്ങൾ താമസിക്കുന്ന 400 ഏക്കർ വഖഫാക്കി പ്രഖ്യാപിക്കുവാൻ വഖഫ് ബോർഡിന് അധികാരം നല്കിയ സെക്ഷൻ 40 പുതിയ ഭേദഗതി പാസ്സായാൽ പൂർണ്ണമായും ഇല്ലാതാകും. ആരെയും കേറി മാന്താനും കടിച്ചുകീറാനും വഖഫ് ബോർഡിന് കഴിയുമായിരുന്ന ആ സെക്ഷൻ 40 ദംഷ്ട്രയെ, പുതിയ നിയമം വേരോടെ പിഴുതെടുത്ത് മാറ്റുന്നു.

സെക്ഷൻ 40 അപ്രത്യക്ഷമാകുന്നതോടെ വഖഫ് തർക്കം സാധാരണ സിവിൽ കേസായി മാറുന്നു.
വഖഫ് ബോർഡായാലും ദേവസ്വം ബോർഡായാലും ഒരു മതസ്ഥാപനത്തിനും ഒരു സെക്കുലർ സ്റ്റേറ്റിൽ സാധാരണ മനുഷ്യരുടെ ജീവിതത്തിലേക്ക് ഇടിച്ചുകയറി അവരെ പെരുവഴിയിലേക്ക് എടുത്തെറിയാനുള്ള അപരിമേയമായ അധികാരം നല്കാൻ പാടില്ല.

'ആരുണ്ട് എന്നെ പിടിച്ചുകെട്ടാൻ' എന്ന അഹംഭാവത്തിൽ, കൂർത്ത കൊമ്പുകളായി കുത്താനായി മദിച്ചുനടക്കുന്ന ഒരു കാളക്കൂറ്റൻ സ്ഥാപനത്തിനുള്ള മൂക്കുകയറാണ് പുതിയ വഖഫ് ഭേദഗതി ബിൽ.
ഇന്നല്ലെങ്കിൽ നാളെ മുനമ്പത്തെ ആകാശത്ത് നീതിയുടെ സൂര്യൻ ഉദിക്കുക തന്നെ ചെയ്യും.

profile

Sajeev ala
Click the button below to join our whats app groups>>
Click the 'Boost' button to push this article to more people>>

profile 

boost

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.