Monday, December 23, 2024

മരണാനന്തര ജിലേബി

മത ജിലേബി

”1947 ല്‍ ഞാന്‍ ആദ്യമായി കണ്ടപ്പോള്‍ അദ്ദേഹത്തോട് സംസ്‌കൃത സാഹിത്യത്തില്‍ നിങ്ങള്‍ മഹത്തരമായി കാണുന്നത് എന്തെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം കവിതകളും നാടകങ്ങളും പ്രത്യേകിച്ച് കാളിദാസന്റെ നര്‍മ്മങ്ങളെ പറ്റിയും പറഞ്ഞു. പക്ഷേ ഒരിക്കല്‍ പോലും പുരാതന ഇന്ത്യയിലെ മതസാഹിത്യത്തെ പറ്റിയോ വേദങ്ങളെയോ ഉപനിഷത്തുകളെ പറ്റിയോ മഹാഭാരതത്തെ പറ്റിയോ ഒരു വാക്കുപോലും പറഞ്ഞില്ല.”- രാഷ്ട്രീയ ചരിത്രകാരന്‍ വിന്‍സെന്റ് ഷീന്‍ തന്റെ പുസ്തകത്തില്‍ നെഹ്‌റുവിനെ പറ്റി പറഞ്ഞ വരികള്‍ ആണിത്. നെഹ്‌റുവിന്റെ പുസ്തകങ്ങളിലും സംസാരത്തിലും ഒന്നും, പൊതുവെ ഹിന്ദുക്കളില്‍ കാണുന്ന മതപരത കാണാത്തത് വില്യം ഷീന്‍ അമ്പരപ്പോടെ ആണ് നിരീക്ഷിക്കുന്നത്. കാരണം ഷീന്‍ പരിചയപ്പെട്ടിട്ടുള്ള മറ്റ് എല്ലാ ഇന്ത്യക്കാരും സംസാരത്തിനിടയിലേക്ക് മതത്തില്‍ നിന്ന് എന്തെങ്കിലും ഒരു കാര്യം കൊണ്ടുവരാതെ ഇരുന്നിട്ടില്ല.

മതം ഒരു മഹത്തായ കാര്യമായി നെഹ്‌റുവിന് ഒരിക്കലും തോന്നിയിട്ടില്ല എന്നതാണ് വാസ്തവം. മനുഷ്യന് നല്ലതിനു വേണ്ടി ഉണ്ടാക്കിയെന്ന് പറയുന്ന മതങ്ങള്‍ എല്ലാം തന്നെ മനുഷ്യനെ കൊണ്ട് വലിയ ക്രൂരത ചെയ്യിക്കുന്ന കഥകള്‍ ആണ് ചരിത്രം മുഴുവന്‍ കാണാന്‍ ആകുക എന്ന് നെഹ്‌റു ഒരിക്കല്‍ എഴുതി. മനുഷ്യനെ കൂടുതല്‍ ഇടുങ്ങിയ മനസുള്ളവനും അസഹിഷ്ണുത ഉള്ളവനും ആക്കുന്ന മതം കോടികണക്ക് മനുഷ്യരുടെ ജീവന്‍ എടുക്കാനും കാരണം ആയി എന്നും നെഹ്‌റു എഴുതിയിട്ടുണ്ട്.

മതം ശാസ്ത്രബോധത്തിന് എതിര്

ഒരിക്കല്‍ മകള്‍ക്കു അയച്ച കത്തില്‍ നെഹ്‌റു ഇങ്ങനെ എഴുതി – “ചില മനുഷ്യര്‍ക്ക് മതം എന്നാല്‍ മരണാനന്തര ലോകത്തെ സ്വര്‍ഗമാണ്. സ്വര്‍ഗത്തില്‍ പോകാന്‍ ആണ് അവര്‍ മതം ആചരിക്കുന്നത്. നല്ലത് ചെയ്താല്‍ ജിലേബി കിട്ടും എന്ന് പ്രതീക്ഷിക്കുന്ന കുട്ടികളെ പോലെ ആണവര്‍. ജിലേബിയും സ്വര്‍ഗമെന്ന ആശയവും തമ്മില്‍ വലിയ വ്യത്യാസം ഒന്നുമില്ല. എന്നെ സംബന്ധിച്ചിടത്തോളം ഈ ജീവിതമാണ് യാഥാര്‍ത്ഥ്യം. മരണാന്തര ജീവിതത്തില്‍ എനിക്ക് യാതൊരു താല്‍പ്പര്യവുമില്ല. നീ വലുതാകുമ്പോള്‍ മത വിശ്വാസികളെയും മതം ഉപേക്ഷിച്ചവരെയും ഒക്കെ കാണും. എന്താണ് ശരി എന്ന് നീ തന്നെ കണ്ടെത്തണം.”

ഇന്ത്യയെ കണ്ടെത്തല്‍ എന്ന പുസ്തകത്തില്‍ നെഹ്‌റു മതത്തെയും ശാസ്ത്രത്തെയും താരതമ്യം ചെയ്യുന്നുണ്ട്. “മതത്തിനും ദൈവശാസ്ത്രത്തിനും എല്ലായിപ്പോളും, സ്ഥാപിത താല്‍പര്യങ്ങളാണ്. ഇത് ശാസ്ത്ര ബോധത്തിന് എതിരാണ്. ഇടുങ്ങിയ ചിന്താഗതി, അസഹിഷ്ണുത, യുക്തി രാഹിത്യം, അന്ധവിശ്വാസം ഇതൊക്കെയാണ് മതത്തില്‍ നിന്ന് ഉണ്ടാകുന്നത്. അത് കൊണ്ട് തന്നെ മതം മനുഷ്യന്റെ മനസിനെ അടയ്ക്കുകയും അവന്റെ സ്വാതന്ത്യം കവരുകയും ചെയ്യുന്നു”. പാക്കിസ്ഥാനിലേക്ക് പോകാന്‍ കഴിയാത്ത മുസ്ലീങ്ങള്‍ക്ക് സമാധാനപരമായി ജീവിക്കാന്‍ ആയി ഒരു സെക്കുലര്‍ സ്റ്റേറ്റ് ഉണ്ടാക്കി എന്നതാണ് നെഹ്‌റുവിന്റെ ഏറ്റവും വലിയ നേട്ടം എന്ന് അമേരിക്കന്‍ അമ്പാസിഡര്‍ ആയ ചസ്റ്റര്‍ ബൗള്‍സ് നിരീക്ഷിക്കുന്നു.

എന്താണ് സെക്കുലര്‍ രാജ്യം?

സെക്കുലര്‍ രാജ്യത്തിലേക്കുള്ള ആദ്യ പടി ഭരണകൂടം മത കാര്യങ്ങളില്‍ ന്യൂട്രല്‍ ആകുക എന്നത് ആണ് എന്ന് നെഹ്‌റു പറയുന്നു. (1931, Congress resolution) മറ്റൊരിക്കല്‍ അദേഹം പറഞ്ഞു. ‘എല്ലാ മതങ്ങളെയും സംരക്ഷിക്കുന്ന, ഒരു മതത്തിനെ ബലിയാടാക്കി മറ്റൊരു മതത്തെ വളര്‍ത്താത്ത, രാജ്യത്തിന് ഏതെങ്കിലും ഒരു മതത്തെ ഔദ്യോഗികമായി സ്വീകരിക്കാത്ത ഭരണകൂടം ആണ് സെക്കുലര്‍’. ആധുനിക ജനാധിപത്യത്തിന്റെ അടിസ്ഥാനം മതവും ഭരണകൂടവും പരസ്പരം കലരാത്ത സെക്കുലറിസം എന്ന ആശയം ആണ് എന്ന് അദ്ദേഹം ഒരിക്കല്‍ ലോക്സഭയില്‍ പ്രസംഗിച്ചു.

1953 ല്‍ പാക്കിസ്ഥാന്‍ ഇസ്ലാം മത രാജ്യമായപ്പോള്‍ അതിനെ ജനാധിപത്യത്തിനും സെക്കുലറിസത്തിനും എതിരെ മധ്യകാല സംസ്‌ക്കാരത്തിന്റെ തിരിച്ചു വരവായി കണ്ട് നെഹ്ര്‌റു അപലപിച്ചു.നെഹ്‌റുവിയന്‍ സെക്കുലറിസത്തിന്റെ രണ്ടാം പടി സാമൂഹിക ജീവിതത്തിലാണ്. ഹിന്ദു മതമായാലും ഇസ്ലാമായാലും വ്യക്തികളുടെ ജീവിതത്തില്‍ ഇടപെടുന്നത് സെക്കുലറിസത്തിന് എതിരായി അദ്ദേഹം കണ്ടു. പ്രത്യേകിച്ചും ഹിന്ദു മതത്തിലെ ജാതി വ്യവസ്ഥ, സാമൂഹിക ജീവിതത്തിലെ സെക്കുലറിലിസത്തിന് ഏറ്റവും വലിയ പ്രതിബന്ധം ആയി മാറുന്നത് നെഹ്‌റു ചൂണ്ടികാട്ടുന്നു.

നെഹ്റുവിയന്‍ സെക്കുലറിസത്തിന്റെ മൂന്നാം പടി എല്ലാ മനുഷ്യരെയും തുല്യ പൗരന്‍മാരായി കാണുക എന്നതാണ്. സ്വാതന്ത്യാനന്തരം പലപ്പോഴും മത വര്‍ഗീയ ശക്തികളുടെ നിരന്തര സമ്മര്‍ദ്ധത്തില്‍ പെട്ടപ്പോഴും പ്രായോഗിക രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ അകപെട്ടപ്പോഴും നെഹ്‌റു സെക്കുലറിസം എന്ന ആശയത്തില്‍ പരമാവധി മുറികെ പിടിച്ചു. മത രാജ്യം എന്ന ആശയത്തെ പലപ്പോഴും ഒറ്റക്ക് നിന്ന് പ്രതിരോധിച്ചു എന്ന് പറയാം.

ഭരണഘടനാ അസംബ്ലിയില്‍ നെഹ്റുവിന് എതിരെ ഹിന്ദു രാജ്യത്തിന് വേണ്ടി വാദിച്ച എസ് പി മുഖര്‍ജി രാജി വെച്ച് ഹിന്ദു പാര്‍ട്ടിയായ ജനസംഘില്‍ ചേര്‍ന്നു. മറ്റൊരിക്കല്‍ ക്രിസത്യന്‍ മതപരിവര്‍ത്തനത്തിന് എതിരെ കൊണ്ടുവന്ന ബില്‍ നെഹ്‌റു പ്രതിരോധിച്ചു തോല്‍പിച്ചു. മതപരിവര്‍ത്തനം നടത്തണം എങ്കില്‍ മജിസ്‌ട്രേറ്റ് ഓര്‍ഡര്‍/ലൈസന്‍സ് വേണം എന്ന ആവശ്യം ഗുണത്തെക്കാള്‍ ദോഷമാണ് ഉണ്ടാക്കുന്നത് എന്ന് നെഹ്‌റു വാദിച്ചു. വ്യക്തികളുടെ മതസ്വാതന്ത്ര്യത്തില്‍ ഭരണകൂടം ഇടപെടാന്‍ പാടില്ല എന്ന സെക്കുലര്‍ ആശയം ആയിരുന്നു അടിസ്ഥാനം.

മറ്റൊരു പാക്കിസ്ഥാന്‍ ആയില്ല

മതത്തിന്റ പേരില്‍ ഉള്ള കമ്യൂണല്‍ അവാര്‍ഡ്, തിരഞ്ഞെടുപ്പിലെ റിസര്‍വേഷന്‍ എല്ലാം നെഹ്‌റു എതിര്‍ത്തതും, യുണിഫോം സിവില്‍ കോഡിന് വേണ്ടി ശ്രമിച്ചതും, സെക്കുലറിസം എന്ന ആശയം മുന്‍ നിര്‍ത്തിയാണ്. പലതും ലക്ഷ്യം കണ്ടില്ല. പക്ഷേ തന്റെ നിലപാടും നിസ്സഹായതയും കൃത്യമായി നെഹ്‌റു ഓരോ അവസരത്തിലും ഇന്ത്യന്‍ ജനതയോട് വിളിച്ചു പറഞ്ഞു.

വിഭജനത്തിന് ശേഷം സെക്കുലറിസം എന്ന ആശയത്തിന് ഒരുപാട് വെല്ലുവിളികള്‍ നേരിട്ടിരുന്നു. അവിടെ നെഹ്‌റുവിനെ പോലൊരാള്‍ പ്രതിരോധിക്കാന്‍ ഇല്ലെങ്കില്‍ നമ്മള്‍ മറ്റൊരു പാക്കിസ്ഥാന്‍ ആയി മാറിയേനേ. നമ്മള്‍ ഇന്നു കാണുന്നത് ന്യൂനപക്ഷ പ്രീണനം എല്ലാം വോട്ടിന് വേണ്ടിയുള്ള രാഷ്ട്രീയ നാടകങ്ങള്‍ ആണ്. ജനാധിപത്യത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നന്‍മ ഉണ്ടാവണം എങ്കില്‍ ഭൂരിപക്ഷം സെക്കുലര്‍ ആകണം എന്നത് മാത്രമാണ് ഏക വഴി എന്നു പറഞ്ഞ രാഷ്ട്രീയക്കാരന്‍ ആയിരുന്നു നെഹ്‌റു.

നെഹ്‌റുവില്‍ നിന്ന് കോണ്‍ഗ്രസ് പോലും ഒരുപാട് അകന്നിരിക്കുന്നു എന്ന് പറയാറുണ്ട്. അദ്ദേഹത്തിന്റെ കാലത്ത് പോലും പലപ്പോഴും ഒരു ഒറ്റയാനെ പോലെ സെക്കുലറിസത്തിന് വേണ്ടി പോരാടേണ്ടി വന്നു എന്നതാണ് യാഥാര്‍ത്ഥ്യം. മത വാദികള്‍ക്ക് എന്ത് കൊണ്ടാണ് നെഹ്‌റു ഇന്നും മുഖ്യശത്രു ആയി തുടരുന്നതും എന്നും നമുക്ക് മനസിലാക്കാം. ആ ശത്രുത ആക്ഷേപങ്ങളായി പുറത്തു വരുന്നു. പണ്ഡിറ്റില്‍ നിന്ന് പൂജാരിയിലേക്ക് ഒരുപാട് ദൂരം ഉണ്ട്. നമ്മള്‍ ഓരോരുത്തരും സെക്കുലര്‍ ആകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

Based on : NEHRU AND THE SECULAR STATE OF INDIA by Rev. Victor Z. Narivelil
Abhilash Krishnan

profile

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.