Monday, December 23, 2024

മതഗ്രന്ഥങ്ങള്‍, ദൈവങ്ങള്‍, ജീവികള്‍

ഉല്‍സവങ്ങളിലെ മേളത്തിലെ കൊമ്പ്‌വാദ്യം പോലെ തോന്നുന്നുണ്ടോ?. അല്ലെങ്കില്‍ എവിടെയെങ്കിലും കണ്ടു മറന്നത്‌ പോലെ തോന്നുന്നുണ്ടോ?.
എന്തായാലും ഭംഗിയുള്ള ഡിസൈന്‍ അല്ലേ. ?
ഇത്‌ പരിണാമത്തിന്റെ മനോഹരമായ ഡിസൈന്‍ ആണ്‌. കുഴലുപോലെ തോന്നുന്ന ഈ രൂപം, ഒരു കാലത്ത്‌ ചലിച്ചിരുന്നു.

 

 

 

ഹെറ്ററോമോർഫ്‌ അമ്മോണൈറ്റ്‌ ഓഡോലിസിറാസ്‌

ഇത്‌ ഒരു ജീവിയുടെ ജൈവാവശിഷ്‌ടം, ഫോസില്‍ ആണ്‌. മനുഷ്യന്‌മുമ്പ്‌, അവനുണ്ടാക്കിയ ദൈവങ്ങള്‍ക്ക്‌മുമ്പ്‌ ജീവിച്ച ജീവി. വിപുലമായ അമ്മോണൈറ്റ്‌ വിഭാഗത്തിലെ, ഹെറ്ററോമോർഫ്‌ അമ്മോണൈറ്റ്‌ ഓഡോലിസിറാസ്‌, അതിന്റെ ഫോസില്‍ ആണ്‌. ജീവിതകാലം, അതിവിദൂരഭൂതകാലം, പന്ത്രണ്ട്‌ കോടിവർഷം മുമ്പ്‌, ക്രിറ്റേഷ്യസ്‌ യുഗത്തിലെ (കഴിഞ്ഞ 14.5 കോടിവർഷം തൊട്ട്‌ തുടങ്ങി കഴിഞ്ഞ 6.5 കോടിവർഷം വരെയുള്ള കാലം) ആപ്‌റ്റിയന്‍ പീരിയഡില്‍. റഷ്യയില്‍ നിന്നാണ്‌ ഇവനെ കിട്ടിയത്‌, വോള്‍ഗാതടത്തില്‍ നിന്നും.
നാം പലപ്പോഴും ചിന്തിക്കാത്ത, അറിഞ്ഞാലും മനസ്സിലാക്കാന്‍ ശ്രമിക്കാത്ത ഒരു വസ്‌തുതയാണ്‌ മനുഷ്യന്‌ മുമ്പും, അതും കോടികണക്കിന്‌ വർഷങ്ങള്‍ക്ക്‌ മുമ്പേതന്നെ ഭൂമിയില്‍ ജീവികളുണ്ടായിരുന്നു, ജീവിതമുണ്ടായിരുന്നു എന്ന കാര്യം. ജീവിതം, അത്‌ ഭൂമിയില്‍ എന്നേ തുടങ്ങി. അതിന്റെ അഭംഗുരമായ തുടർച്ചയിലായിരുന്നു നാം ക്രിറ്റേഷ്യസിലെ ഈ ജീവിതത്തെ കാണുന്നത്‌. അന്ന്‌ ഡിനോസറുകള്‍ കരയില്‍ അടിച്ചുപൊളിക്കുമ്പോള്‍ അമ്മോണൈറ്റുകള്‍ സമുദ്രത്തില്‍ തകർക്കുകയായിരുന്നു. പക്ഷേ ആധുനിക മനുഷ്യന്‍, ആറ്‌ ദിവസത്തെ സൃഷ്‌ടിയെന്ന വർണ്ണാഭമായ തുണി ഭൂതകാല ചരിത്രത്തിനു‌മേല്‍ വിരിച്ചിട്ടുള്ളതിനാല്‍, പോയകാല ജീവിതം പലർക്കും അജ്ഞാതമാണ്‌.
പോയകാല ജീവിതത്തെക്കുറിച്ച്‌ അറിയാന്‍ ശ്രമിക്കു സുഹൃത്തേ. അപ്പോഴറിയാം നാം, മനുഷ്യർ ഉണ്ടായത്‌ ഈ കഴിഞ്ഞുപോയ ഭൂതകാല ജീവിപരമ്പരകളില്‍ നിന്ന്‌ തന്നെയാണെന്നുള്ള പരമസത്യം. അങ്ങനെയുണ്ടായ മനുഷ്യനാണ്‌, ദൈവങ്ങളെ സൃഷ്‌ടിച്ച്‌, അവരാണ്‌ സകലജീവികളേയും പടച്ചതെന്ന തോന്ന്യാസം അവതരിപ്പിച്ചത്‌. താങ്കള്‍ തിമിരം ബാധിച്ച മതത്തിന്റെ ആ കണ്ണട മാറ്റി ശാസ്‌ത്രത്തിന്റെ ഹൈപവർ കണ്ണട വെച്ച്‌ നോക്കു, അപ്പോള്‍ കാണാം പാലിയന്തോളജിയിലൂടെ ഭൂതകാല ജീവിതം തെളിയുന്നത്‌. അപ്പോഴാണ്‌ നാം ലജ്ജിക്കുക, ദൈവത്തെ സൃഷ്‌ടിച്ച്‌ ഭൂതകാല ജീവിതത്തെ അപമാനിച്ചതിന്‌.

By

Raju Vadanapally

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.