Monday, December 23, 2024

തേങ്ങയുടക്ക് സാമീ...

അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം വേഗത്തിൽ  നടപ്പിലാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിരിക്കുന്നു. എന്നാൽ മതാചാരങ്ങളെ ഈ നിയമം ഒരു തരത്തിലും ബാധിക്കരുത് എന്ന അധിക നിർദ്ദേശം ഈ നിയമത്തിന്റെ പ്രായോഗികതയെയും ഉദ്ദേശ്യത്തെയും പാടേ റദ്ദ് ചെയ്തു കളയുന്നതാണ്. ആകെ മൊത്തത്തിൽ നോക്കുമ്പോൾ നിയമം നിലവിൽ വന്നാൽ തന്നെ നടപ്പ് സാഹചര്യങ്ങളിൽ ഒരു ചെറിയ മാറ്റം പോലും കൊണ്ടുവരാൻ പ്രാപ്തിയില്ലാത്ത ഉണ്ടയില്ലാ വെടിയായി കലാശിക്കാനാണ് സാധ്യത.
Advertiseഅന്ധവിശ്വാസവും അല്ലാത്ത വിശ്വാസവും എങ്ങിനെ വേർതിരിക്കും എന്നതിന്  ഒരു ഡെഫിനിഷൻ നൽകുക എന്നതും പ്രാക്ടിക്കലി ഇംപോസിബിൾ ആയ കാര്യമാണ്. ഇനി അഥവാ ഒരു ഡെഫിനിഷൻ ചമച്ചുണ്ടാക്കിയാൽ തന്നെ മതവും മതാചാരങ്ങളും അതിൽ നിന്ന് തടിയൂരും എന്ന് പ്രത്യേകം പറയേണ്ടല്ലോ. മതാടിസ്ഥാനമില്ലാത്ത അന്ധവിശ്വാസങ്ങളുടെ ലിസ്റ്റെടുത്താൽ ഹോമിയോപ്പതി മുതൽ പട്ടിയെ ഓടിക്കാനുള്ള നീലച്ചായം വരെ നീളുന്ന ഒരു വലിയ പട്ടിക മുന്നിലേക്ക് വരും. ഇതിലെത്രയെണ്ണം ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ നിരോധിക്കാൻ സർക്കാർ തയ്യാറാകും എന്ന് ചിന്തിച്ചു നോക്കുക.
ഹോമിയോയുടെ പ്രധാന പ്രചാരകർ സർക്കാർ തന്നെയാണ് എന്ന വസ്തുത മറക്കാതിരിക്കുക.
ഇനി ജ്യോതിഷം പോലുള്ള അന്ധവിശ്വാസങ്ങളെ തൊടാമെന്ന് വച്ചാൽ അതിലും മതം കലർത്തി പ്രതിഷേധിക്കാൻ ആളുണ്ട്. ജ്യോതിഷവും ജാതകവുമൊക്കെ മതാചാരങ്ങളുടെ ലേബലിൽ രക്ഷപെടാനാണ് സാധ്യത. പിന്നെ ഉയർന്നു വരാൻ സാധ്യതയുള്ള മറ്റൊരു വാദം മറ്റു മനുഷ്യരെ ബാധിക്കാത്ത മതാചാരങ്ങൾ ഈ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തേണ്ടതില്ല എന്നതാണ്. അങ്ങനെയെങ്കിൽ മറ്റുള്ളവരെ ബാധിക്കുന്ന മതാചാരങ്ങൾ ഈ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി നിരോധിക്കാൻ തയ്യാറാകുമോ എന്നൊരു മറുചോദ്യം നമുക്കുന്നയിക്കാം. അപ്പോഴും ഉത്തരം ഇല്ല എന്ന് തന്നെയാകാനാണ് സാധ്യത. മനുഷ്യന്റെ സഞ്ചാര സ്വാതന്ത്ര്യം ഏതാണ്ട് പൂർണ്ണമായും തടയുന്ന തരത്തിലുള്ള ആറ്റുകാൽ പൊങ്കാല മുതൽ ദുഖവെള്ളിയാഴ്ചയിലെ സ്ലീവാ പാത വരെ നീളുന്ന അന്ധവിശ്വാസക്കൂട്ടത്തിൽ ഏതെങ്കിലുമൊന്നിനെ തൊടാൻ കേരളത്തിലെ ഏതെങ്കിലുമൊരു സർക്കാർ തയ്യാറാകുമെന്ന മൂഢവിശ്വാസം ആർക്കുമുണ്ടാകാൻ സാധ്യതയില്ല. പിന്നെയുള്ളത് നരബലി പോലുള്ള ഹൈഡോസ് സാധനങ്ങളാണ്.

Advertise

നരഹത്യക്കെതിരെ ശക്തമായ നിയമങ്ങളുള്ള കൊലപാതകം ക്രിമിനൽ കുറ്റമായി പരിഗണിക്കുന്ന രാജ്യത്ത് അവർ രഹസ്യമായി ധൈര്യപൂർവം അത് ചെയ്തുവെങ്കിൽ ഈ അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം പോലെ താരതമ്യേന ദുർബലമായ ഒരു നിയമം അവരെ ഇതിൽ നിന്ന് പിന്തിരിപ്പിക്കുമായിരുന്നു എന്ന് തോന്നുന്നുണ്ടോ ? ഇങ്ങനെ ഒരു നിയമം മുൻപേ നിലവിലുണ്ടായിരുന്നെങ്കിൽ തന്നെ അവർ ഇതു ചെയ്യില്ലായിരുന്നു എന്നു കരുതുന്നുണ്ടോ ? മതാചാരങ്ങളെ ഒഴിച്ചു നിർത്തിയുള്ള അന്ധവിശ്വാസ നിർമ്മാർജ്ജന ബിൽ വെറും പ്രഹസനം മാത്രമാണ്. വെറും ഉണ്ടയില്ലാ വെടി.



Justin V S 

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.