സമയം മസ്തിഷ്‌കത്തിന്റെ മിഥ്യാധാരണയാണ്
നൂറ്റാണ്ടുകൾക്ക് മുമ്പു മുതല്‍ തന്നെ തത്ത്വചിന്തകരുടെയും ഭൗതിക ശാസ്ത്രജ്ഞരുടെയും ഉറക്കം കെടുത്തിയിരുന്ന പ്രതിഭാസമാണ് കാലവും അതിന്റെ സ്വഭാവവും. കാലത്തിന്റെ സ്വതന്ത്രമായ നിലനിൽപും മുന്നോട്ടു മാത്രമുള്ള പ്രയാണവും തൃപ്തികരമായി വിവരിക്കുന്നതിന് ഇന്നുവരെ കഴിഞ്ഞിട്ടില്ല.
മറ്റു ഭൗതിക പ്രതിഭാസങ്ങള്‍ പോലെ തന്നെ കാലത്തെയും ഇന്ന് ഭൗതികശാസ്ത്രത്തിന്റെ ഭാഷയില്‍ വിശദീകരിക്കാന്‍ കഴിയുമെന്നു തന്നെയാണ് സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. സ്ഥലമാനങ്ങള്‍ പോലെ തന്നെ കാലവും അളക്കാന്‍ കഴിയുന്നതും അവ പരസ്പരം പൂരകങ്ങളും ആപേക്ഷികവുമാണെന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്.
എന്താണ് സമയം?
ആരും ചോദിച്ചില്ലെങ്കില്‍ അതെന്താണന്ന് എനിക്കറിയാം. എന്നാല്‍ ആരെങ്കിലും ചോദിച്ചാല്‍ അതെന്താണെന്നു വിവരിക്കാന്‍ എനിക്കാവില്ല’ എന്നാണ് തിയോളജിസ്റ്റായ സെന്റ് അഗസ്റ്റിന്‍ സമയത്തെക്കുറിച്ച് പറഞ്ഞത്. ഈശ്വരസങ്കല്പ്പം അവതരിപ്പിക്കുന്നതുപോലെ തന്നെയാണ് അദ്ദേഹം കാലത്തെയും അവതരിപ്പിക്കാന്‍ ശ്രമിച്ചത്. എന്താണ് സമയമെന്നല്ല, എന്തല്ല സമയമെന്നു പറയുവാനാണ് അദ്ദേഹം കൂടുതലും ശ്രദ്ധിച്ചത്. ദൈവസങ്കല്പ്പം അവതരിപ്പിക്കുമ്പോഴും എന്തല്ല എന്നു പറയാനാണല്ലോ തിയോളജിസ്റ്റുകള്‍ ധൃതികാണിക്കുന്നത്. രൂപമില്ല, ഗുണമില്ല എന്നൊക്കെ പറയുമെങ്കിലും എന്താണുള്ളതെന്നു പറഞ്ഞാല്‍ അതു പലപ്പോഴും യുക്തിക്കു നിരക്കുന്നതായിരിക്കില്ലെന്ന് മറ്റാരേക്കാളും തിയോളജിസ്റ്റുകൾക്ക് അറിയാമെന്നതുകൊണ്ടു തന്നെ അത്തരം സാഹസങ്ങൾക്കൊന്നും മുതിരാറുമില്ല.
ഭൂതകാലത്തെ ഓർമ്മിക്കുന്നതിനും വർത്തമാനത്തെ നിരീക്ഷിക്കുന്നതിനും ഭാവിയെ പ്രതീക്ഷിക്കുന്നതിനും മനുഷ്യ മനസ്സുപയോഗിക്കുന്ന മാർഗ്ഗമാണ് കാലമെന്ന ഒത്തുതീർപ്പിലെത്തിച്ചേരുകയാണ് ഒടുവില്‍ സെന്റ് അഗസ്റ്റിന്‍. മനസ്സിന്റെ ഊതിവീർപ്പിക്കപ്പെട്ട ഒരവസ്ഥയാണ് കാലമെന്ന് വേണമെങ്കില്‍ ഒരു ഒഴുക്കന്‍ മട്ടില്‍ പറഞ്ഞവസാനിപ്പിക്കാം. ഗ്രീക്ക് തത്ത്വചിന്തയും അഗസ്റ്റിനെ സ്വാധീനിച്ചിരുന്നു. പ്രപഞ്ചത്തിന് അനന്തമായ ഭൂത കാലം മാത്രമേയുള്ളൂ, അതിനൊരു തുടക്കമില്ല എന്നു കരുതിയിരുന്ന പ്രാചീന ദർശനത്തിന് ഗ്രീക്ക് ‘ദൈവശാസ്ത്രജ്ഞര്‍’ സംഭാവന ചെയ്ത സാന്ത്വമായ ഭൂതകാലവും അനാദിയായ സ്രഷ്ടാവിന്റെ സൃഷ്ടിയായ പ്രപഞ്ചത്തിന് ഒരു തുടക്കവുമുണ്ടെന്ന പരികല്പനയും അഗസ്റ്റിനെ കുറച്ചൊന്നുമല്ല ആകർഷിച്ചത്.
പ്രപഞ്ചം സൃഷ്ടിച്ച ദൈവം-അതിന്റെ വലിപ്പമെന്താണെന്ന് അഗസ്റ്റിന് അറിയുമായിരുന്നോ ? എന്തോ ഒന്ന് കാലവും സൃഷ്ടിച്ചു. എന്നാല്‍ ദൈവമാകട്ടെ കാലാതീതനുമാണ്. എന്നാല്‍ കാലത്തിനതീതനായ ദൈവം കാലത്തിന് അധീനമായ പ്രപഞ്ചത്തില്‍ ഇടപെടുമ്പോള്‍ ഭൗതിക നിയമങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് സ്ഥാപിക്കാന്‍ അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടിരുന്നു.
ചിന്തിക്കുകയും, പദ്ധതികള്‍ തയ്യാറാക്കുയും, സ്‌നേഹിക്കുകയും, പ്രതികാരം ചെയ്യുകയുമെല്ലാം കാലികമായ പ്രവർത്തനങ്ങളാവുമ്പോള്‍ സ്രഷ്ടാവിന് കാലാതീതനായി തുടരാന്‍ കഴിയാതെ വരും. അങ്ങനെ വരുമ്പോള്‍ ഒരേസമയം കാലാതീതനും കാലാധീനനുമായ സ്രഷ്ടാവിനെ പ്രതിഷ്ഠിക്കേണ്ടതായി വരും. ഭാവനയ്ക്ക് കടിഞ്ഞാണിടുന്നത് കാവ്യനീതിയല്ലെങ്കിലും കാലമെന്ന യാഗാശ്വത്തെ പിടിച്ചുകെട്ടാന്‍ ദൈവശാസ്ത്രസിദ്ധാന്തങ്ങളെന്ന ഇത്തരം മലക്കം മറിച്ചിലുകൾക്ക് കഴിയില്ല.
ഗ്രീക്കുഭാഷയില്‍ സമയത്തെ സൂചിപ്പിക്കാന്‍ ക്രോണോസ്, കെയ്‌റോസ് എന്നീ രണ്ടുവാക്കുകള്‍ ഉപയോഗിക്കുന്നുണ്ട്. എണ്ണല്‍ സംഖ്യകളാണ് ക്രോണോസ് അഥവാ ക്രോണോളജിക്കള്‍. സമയം ശരിയായ അവസരം അല്ലെങ്കില്‍ ഭാഗ്യനിമിഷം എന്നൊക്കെയാണ് കെയ്‌റോസ് എന്ന വാക്കിന്റെ അർത്ഥം. ഇത് ദൈവിക സമയമാണ്. ഇത് ഗുണാത്മകവുമാണ്. രണ്ട് വ്യത്യസ്ത വീക്ഷണങ്ങളായാണ് ഗ്രീക്ക് ദാർശനികര്‍ കാലത്തെ വിവരിക്കാന്‍ ശ്രമിക്കുന്നത്. പ്രപഞ്ചത്തിന്റെ അടിസ്ഥാന ഘടകമാണ്. കാലമെന്ന സങ്കല്പമാണ് അതിലൊന്ന്.
സംഭവങ്ങള്‍ ക്രമമായി അരങ്ങേറുന്നത് കാലത്തിലാണ്. എന്നാല്‍ സംഭവങ്ങളെ ക്രമപ്പെടുത്തുന്നതിനും താരതമ്യം ചെയ്യുന്നതിനുമായി ജന്തു മസ്തിഷ്‌ക്കം ഉപയോഗിക്കുന്ന ഒരു ‘ടൂള്‍’ മാത്രമാണ് കാലമെന്നും ഇത് ആത്യന്തിക സത്യമൊന്നുമല്ല എന്നുമുള്ള ചിന്താധാരയാണ് ഇതിനു വിപരീതമായുള്ളത്.
സമയബോധം മനുഷ്യമസ്തിഷ്‌ക്കത്തിന്റെ മിഥ്യാധാരണ മാത്രമാണെന്നാണ് തത്വചിന്തകനായ ഇമ്മാനുവല്‍ കാന്റ് പറയുന്നത്. ഹൈന്ദവ തത്വചിന്തയില്‍ പ്രപഞ്ചം ചാക്രികവും കാലത്തിലൂടെ സഞ്ചരിക്കുന്നതുമാണ്. സൃഷ്ടി-സ്ഥിതി-സംഹാരം, വീണ്ടും സൃഷ്ടി എന്നിങ്ങനെ ഒരിക്കലും അവസാനിക്കാത്ത ചാക്രിക പ്രവാഹത്തില്‍ ഇതിലൊന്നും ഇടപെടാതെ സ്വതന്ത്രമായി നിൽക്കുന്നത് ഒന്നുമാത്രം. അതിനെയാണ് കാലമെന്നു വിളിക്കുന്നത്. മുന്പുണ്ടായിരുന്നതും പിന്നീടുണ്ടാകുന്നതും തമ്മിലുള്ള വ്യത്യാസങ്ങളുടെ എണ്ണമാണ് കാലമെന്നാണ് അരിസ്റ്റോട്ടിലിന്റെ അഭിപ്രായം.
കാലമെന്നത് അനുഭവസിദ്ധമായ ഒരു പ്രതിഭാസമല്ല.കാലത്തിനതീതമായി ചരിക്കുന്നതിനോ അതിനപ്പുറം അനുഭവിക്കുന്നതിനോ സാധിക്കില്ല. കാലത്തെപ്പോലെ തന്നെ സ്ഥലത്തെയും വസ്തുനിഷ്ഠമായി അനുഭവിക്കുന്നതിനോ അവതരിപ്പിക്കുന്നതിനോ സാധിക്കില്ല. മൗലീക പ്രകൃതിയുടെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ് കാലം. കാലത്തിലാണ് സംഭവങ്ങള്‍ അരങ്ങേറുന്നത്. എന്താണോ സംഭവങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നത് അതിനെ സ്ഥലമെന്നും, സംഭവങ്ങൾക്കിടയിലുള്ള ദൂരത്തെ കാലമെന്നും വിളിക്കാം. ഈ അർത്ഥത്തില്‍ കാലമെന്നത് പ്രവഹിക്കുന്ന ഒരു പ്രതിഭാസമല്ലെന്നു കാണാന്‍ കഴിയും. പ്രതിഭാസങ്ങള്‍ കാലത്തിലാണ് പ്രവഹിക്കുന്നത്.
മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ സംഭവങ്ങളുടെ ഒരു സംഭരണിയാണ് കാലമെന്നു കാണാന്‍ കഴിയും. ജന്തുമസ്തിഷ്‌ക്കത്തിലുള്ള ഒരു കൂട്ടം കലകളാണ് സ്‌ട്രൈറ്റം. നാഡീകോശങ്ങളുടെ ഈ വിന്യാസത്തിലാണ് സമയബോധത്തിന്റെ ഇരിപ്പിടം. ജീവിതാനുഭവങ്ങളുടെ ഓരോ നിമിഷവും ഈ കലകളില്‍ റെക്കോർഡ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരു വ്യക്തിയുടെ ജനനം മുതൽ സമാഹരിക്കപ്പടുന്ന വിവരങ്ങള്‍ മുൻഗണനാ ക്രമത്തില്‍ അടുക്കി വയ്ക്കുന്ന ബോധമണ്ഡലത്തിന്റെ ടൈം മെഷീന്‍ ആണ് സ്‌ട്രൈറ്റമെന്ന് സാമാന്യമായി പറയാന്‍ കഴിയും. എന്നാല്‍ ഈ കലകള്‍ വ്യക്തിയുടെ ബോധത്തില്‍ കാലപ്രവാഹമെന്ന ഒരു മിഥ്യാധാരണ സൃഷ്ടിക്കുന്നുമുണ്ട്. സമയവും അതിന്റെ മുന്നോട്ടുമാത്രമുള്ള പ്രയാണവും ഈ കലകള്‍ നിർമിക്കുന്ന സങ്കൽപം മാത്രമാണ്.
വ്യക്തിയുടെ ബോധമണ്ഡലത്തില്‍ എന്താണോ സംഭവിക്കുന്നത്,അതിനെ മാത്രം ആശ്രയിച്ചാണ് സമയം അളക്കപ്പെടുന്നത്. ബോധപൂർവം ഏർപ്പെടുന്ന പ്രവർത്തനങ്ങളിൽ മാത്രമേ സമയം അളക്കാന്‍ സാധിക്കുകയുള്ളൂ. ഫ്രോണ്ടല്‍ കോർട്ടക്‌സില്‍ വച്ച് നിർധാരണം ചെയ്യപ്പെടുന്ന വൈദ്യുത സിഗ്നലുകള്‍ ഇത്തരം ബോധപൂർവമായ പ്രവർത്തനങ്ങളുടേതു മാത്രമാണ്. അതുകൊണ്ടുതന്നെ സമയബോധമെന്നത് ജന്തുമസ്തിഷ്കത്തിലെ ചില കോശങ്ങളുടെ സൃഷ്ടിയാണെന്നു സമ്മതിേക്കണ്ടി വരും. 1960 ല്‍ ഫ്രഞ്ച് ജിയോളജിസ്റ്റായ മൈക്കല്‍ റെസഫര്‍ സമയബോധമളക്കുന്നതിന് കൗതുകകരമായ ഒരു പരീക്ഷണം നടത്തി.
അറുപത് ദിവസം അദ്ദേഹം ഒരു ഇരുണ്ട മുറിയില്‍ ഒറ്റയ്ക്കു താമസിച്ചു. ഈ കാലയളവിനുള്ളില്‍ റെസഫര്‍ ക്‌ളോക്കോ വാച്ചോ ഉപയോഗിച്ചിരുന്നില്ല. അതിശയകരമായ വസ്തുത എന്താണെന്നു വെച്ചാല്‍ ഈ കാലയളവിനുള്ളില്‍ അദ്ദേഹത്തിനുണ്ടായ സമയ ബോധം വളരെ വിചിത്രമാണെന്നതായിരുന്നു. ദിവസങ്ങള്‍ ചെല്ലുംതോറും അദ്ദേഹത്തിന്റെ സമയബോധം ക്രമേണ കുറഞ്ഞുവരുകയും ഒടുവില്‍ ഏറെക്കുറെ നഷ്ടമാവുകയും ടെയ്തു. വാലിയവും കഫേനും പോലെയുള്ള ഔഷധങ്ങളും മദ്യവും ബ്രൗൺഷുഗര്‍, കൊക്കെയ്ന്‍ പോലെയുള്ള മയക്കുമരുന്നുകളും വ്യക്തികളുടെ സമയബോധത്തെ വഴിതിരിച്ചു വിടാറുണ്ട്.
ബാഹ്യമായ ഇടപെടലുകളും ഔഷധങ്ങളും രാസവസ്തുക്കളുമെല്ലാം ഒരു വ്യക്തിയുടെ സമയബോധത്തെ സ്വാധീനിക്കുമെന്നു വരുമ്പോള്‍ സമയമെന്നത് ആത്യന്തികവും പ്രാപഞ്ചികവുമായ യാഥാർത്ഥ്യമായി കാണാന്‍ കഴിയില്ല. കാലത്തിന്റെ മുന്നോട്ടു മാത്രമുള്ള പ്രയാണമെന്ന ബോധമുണ്ടാവുന്നത് ജന്തുമസ്തിഷ്‌ക്കത്തില്‍ സംഭവിക്കുന്ന നിരവധി അനുബന്ധ ജൈവ – രാസപ്രവര്ത്തനങ്ങളുടെ ഉപോല്പ്പന്നമായാണ്. അനുഭവങ്ങളെ അടുക്കിവക്കാന്‍ മസ്തിഷ്‌ക്കം സ്വീകരിക്കുന്ന തന്ത്രമാണ് കാലഗണന. അതിന്റെ ക്രമം മുന്നോട്ടു മാത്രമുള്ള അസ്ത്രത്തിന്റെ സഞ്ചാരദിശയുമാണ്.
കാലത്തില്‍ പിന്നിലേക്കുള്ള യാത്ര ജന്തുബോധത്തിന് അംഗീകരിക്കാനും കഴിയില്ല. കാലത്തെക്കുറിച്ചുള്ള പരാമർശങ്ങള്‍ എല്ലാ സംസ്‌ക്കാരങ്ങളിലും നിലനിൽക്കുന്നുണ്ട്. ബി.സി. 350ല്‍ അരിസ്റ്റോട്ടില്‍ രചിച്ച ‘ഫിസിക്‌സ്’ എന്ന ഗ്രന്ഥത്തില്‍ കാലവുമായുള്ള വലിയൊരു മല്ലയുദ്ധം തന്നെ നടത്തുന്നുണ്ട്. ആദ്യം അല്ലെങ്കില്‍ ഒന്നാമത്തേത് എന്നാല്‍ എന്താണെന്നായിരുന്നു അദ്ദേഹത്തിന്റെ ഉറക്കം നഷ്ടപ്പെടുത്തിയിരുന്ന പ്രഹേളിക.
അരിസ്റ്റോട്ടിലിന്റെ ചോദ്യത്തിന് ഇന്നും തൃപ്തികരമായ ഉത്തരം ലഭിച്ചിട്ടില്ലെന്നതാണ് യാഥാർഥ്യം . അരിസ്റ്റോട്ടിലിന്റെ കാലഘട്ടം മുതല്‍ ഇന്നുവരെയുള്ള ചരിത്രം പരിശോധിച്ചു നോക്കിയാലും കാലത്തിന് മാറ്റമെന്ന സാമാന്യവൽക്കരിച്ച ഒരു നിഗമനത്തിലെത്തിച്ചേരാനേ കഴിഞ്ഞിട്ടുള്ളൂ. കാലത്തില്‍ ഒന്ന് മറ്റൊന്നായി മാറുന്നു. അത്രമാത്രം.
ഗ്രീക്ക് തത്വചിന്തകർക്ക് കാലത്തേക്കുറിച്ച് മറ്റൊരു ധാരണകൂടിയുണ്ടായിരുന്നു. അത് പ്രാപഞ്ചിക ഘടികാരമെന്ന സങ്കൽപ്പത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. ഈ സങ്കല്പമനുസരിച്ച് സമയം ചാക്രികമാണ്. ആധുനിക ഭൗതികശാസ്ത്രവും ഈ പരികല്പനയെ ഗൗരവമായിത്തന്നെയാണ് സമീപിക്കുന്നത്. താഴെവീണു ചിതറുന്ന സ്ഫടികപാത്രവും പൊട്ടിയ മുട്ടയുമൊന്നും ആദ്യാവസ്ഥയിലെത്തുന്നില്ലെന്നും ക്‌ളോക്കിന്റെ ചാവി അഴയുകയല്ലാതെ മുറുകുന്നില്ലെന്ന് പറയുമ്പോഴും കാലപ്രവാഹം സ്വാധീനിക്കാത്ത സൂക്ഷ്‌മപ്രപഞ്ചവും ഭൗതിക ലോകത്തിന്റെ ഭാഗമാണെന്ന കാര്യം വിസ്മരിച്ചു കൂടാ. ഒരേസമയം ഒന്നിലേറെ തലങ്ങളില്‍ നിലനിൽക്കുന്ന സൂക്ഷമകണികകളും പ്രപഞ്ചത്തിന്റെ വേഗപരിധി മറികടക്കുന്ന അതിവേഗ കണികകളും കാലപ്രവാഹത്തെ ചോദ്യം ചെയ്യുന്നുണ്ട്.
ഭൂതം, വർത്തമാനം, ഭാവി, തുടർച്ച, കാര്യകാരണ ബന്ധം എന്നിവയൊന്നും ആത്യന്തികമല്ല. അവ അങ്ങനെയാണെന്നുള്ള മിഥ്യാധാരണ ഉണ്ടാകുന്നത് ചില മസ്തിഷ്‌ക കലകളുടെ സാധാരണ പ്രവർത്തനങ്ങളുടെ ഉപോല്പന്നമായി മാത്രമാണ്. തത്വചിന്തകരെ മാത്രമല്ല, ഭൗതികശാസ്ത്രജ്ഞരെയും ഒരുപോലെ അസ്വസ്ഥരാക്കുന്നുണ്ട് കാലവും അതിന്റെ മുന്നോട്ടുമാത്രമുള്ള പ്രയാണവും.
ആധുനിക കാലഘട്ടത്തിലെ പ്രതിഭാശാലിയായ ഗണിതശാസ്ത്രജ്ഞന്‍ ഐസക്ക് ന്യൂട്ടനാണ് കാലമെന്ന മാന്ത്രികനെ വരുതിയിലാക്കാന്‍ ശ്രമിച്ചവരില്‍ പ്രമുഖന്‍. കാലത്തെ വിവരിക്കുമ്പോള്‍ അതിനൊരു അതീത ഭൗതിക പരിവേഷം ചാർത്തിക്കൊടുക്കാന്‍ ന്യൂട്ടന്റെ ക്രിസ്തുമത വിശ്വാസം അദ്ദേഹത്തെ നിർബന്ധിതനാക്കിയിരുന്നു. കാലം കേവലവും സ്വതന്ത്രമാണെന്നും പ്രപഞ്ചത്തില്‍ അതിന്റെ പ്രവാഹം അനുസ്യൂതമാണെന്നും അതു തടയുന്നതിനോ, അതിനെ സ്വാധീനിക്കുന്നതിനോ ഒരു തരത്തിലുള്ള ഇടപെടലുകള്‍ കൊണ്ടും സാധിക്കില്ലെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. ‘പ്രിൻസിപ്പിയ മാത്തമാറ്റിക്ക’ എന്ന സങ്കീർണ്ണമായ ഗണിതശാസ്ത്രഗ്രന്ഥത്തിന്റെ കർത്താവിൽ നിന്നുതന്നെയാണ് ദാനിയല്‍ പ്രവാചകന്റെ ദർശനങ്ങളെക്കുറിച്ചുള്ള പഠനങ്ങളുമുണ്ടായതെന്ന വൈരുദ്ധ്യം ന്യൂട്ടന്റെ പ്രതിഭയെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കിയത്.
തന്റെ ഏറ്റവും മഹത്തായ കണ്ടുപിടുത്തമാണ് ഈ ദർശനങ്ങളുടെ പുസ്തകമെന്ന് ന്യൂട്ടന്റെ പ്രസ്താവന അദ്ദേഹത്തിന്റെ മതവിശ്വാസത്തിന്റെ ആഴങ്ങള്‍ തുറന്നുകാണിക്കാന്‍ പര്യാപ്തമായിരുന്നെങ്കിലും സമയം കേവലമാണെന്ന വാദം ന്യൂട്ടന്റെ സമകാലികരായ പല ഭൗതികശാസ്ത്രജ്ഞരും അംഗീകരിച്ചിരുന്നില്ല.
ഇക്കൂട്ടത്തില്‍ പ്രമുഖനായിരുന്നു ലെബ്‌നിസ്. ന്യൂട്ടനെപ്പോലെ മതവിശ്വാസമെന്ന ബാധ്യത ലെബ്‌നിസിനുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ന്യൂട്ടന്റെ ചിന്താധാരയില്‍ ലെബ്‌നിസിന് അല്പം പോലും താല്പര്യം തോന്നിയില്ല. സമയം മനുഷ്യനിർമിതമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. പ്രാപഞ്ചിക പ്രതിഭാസങ്ങളെ പരസ്പരം കാര്യകാരണ സഹിതം ബന്ധിപ്പിക്കുന്നത് മനുഷ്യമസ്തിഷ്‌ക്കത്തിന്റെ ഭാവന മാത്രമാണെന്ന് ലെബ്‌നിസ് ഉറച്ചു വിശ്വസിച്ചിരുന്നു.
മനുഷ്യനിർമിതമായ ക്‌ളോക്കിന്റെ പെന്ഡുലത്തിന്റെ ദോലനത്തിനനുസരിച്ച് പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ അളക്കുന്നതില്‍ അർത്ഥ മി ല്ലെന്നു തെളിയിക്കാനാണ് ലെബ്‌നിസ് ശ്രമിച്ചത്. നിലനിൽക്കുന്ന എന്തോ ഒന്ന് അളക്കപ്പെടുന്നു എന്ന തോന്നലുണ്ടാക്കുക മാത്രമാണ് ഘടികാരം ചെയ്യുന്നത്. മനുഷ്യ മസ്തിഷ്കത്തിന്റെ ഭാവനയ്ക്കനുസരിച്ച് പ്രാപഞ്ചിക പ്രതിഭാസങ്ങൾക്ക് കാര്യകാരണ ബന്ധം സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടി സൃഷ്ടിച്ചതും സംഭവങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് അവയ്ക്ക് ഒരു അർത്ഥതലം നല്കുന്നതിനു വേണ്ടി രൂപപ്പെടുത്തിയതും യഥാർത്ഥത്തിൽ നിലനിൽപ്പില്ലാത്തതുമായ മിഥ്യാധാരണ മാത്രമാണ് സമയമെന്നാണ് ലെബ്‌നിസ് പറയുന്നത്.
സ്ഥലമാനങ്ങളില്‍ മുകളില്‍-താഴെ, ഇടത്-വലത്, മുന്നില്‍-പിന്നില്‍, എന്നെല്ലാം പറയുന്നപോലെ അർത്ഥശൂന്യമാണ് സമയത്തിന്റെ കേവല മൂല്യവും. കാലത്തിനുണ്ടായിരുന്ന ഒരു ‘കാല്പനിക പരിവേഷം’ അസ്തമിച്ചതും ഇളക്കം തട്ടാത്ത പ്രപഞ്ച സത്യമാണതെന്ന ധാരണയ്ക്ക് അറുതി വന്നതും ആൽബർട്ട് ഐൻസ്റ്റീന്റെ പ്രതിഭയുടെ മുന്നിലാണ്. നീളം വീതി ആഴം എന്നിങ്ങനെയുള്ള സ്ഥലമാനങ്ങളോടു ചേർത്തു വായിക്കേണ്ട പ്രപഞ്ചത്തിന്റെ അളവുകോലാണ് കാലമെന്നും സ്ഥലത്തില്‍ നിന്ന് വേറിട്ടൊരു നിലനില്പ് കാലത്തിനില്ലെന്നുമാണ് ഐൻസ്റ്റൈൻ തെളിയിച്ചത്. പിന്നീട് ഉപകരണങ്ങളുടെ സഹായത്തോടെ പരീക്ഷിച്ച് ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്നതും ചരിത്രം.
അസാധരണ സിദ്ധാന്തങ്ങൾക്ക്, അസാധരണ തെളിവുകള്‍ വേണം. ആപേക്ഷികതാ പ്രമാണങ്ങള്‍ ഉറപ്പിച്ചു നിർത്തിയിരിക്കുന്നത് ഇത്തരം അസാധാരണമായ തെളിവുകളുടെ അടിത്തറയിലാണ്. ഭൗതിക നിയമങ്ങള്‍ പ്രപഞ്ചത്തിലെല്ലായിടത്തും ഒരുപോലെ ബാധകമാണെങ്കിലും നിരീക്ഷകന്റെ സ്ഥാനത്തിനും സഞ്ചാരവേഗതയ്ക്കും ആപേക്ഷികമായിരിക്കും അവയെന്നാണ് ആപേക്ഷികതാ സിദ്ധാന്തങ്ങള്‍ പറയുന്നത്.
കേവലമായത് ഒന്നുമാത്രമേ ഉള്ളൂ – പ്രകാശവേഗത. നിരീക്ഷകന്റെ സ്ഥാനത്തിനും സഞ്ചാരവേഗതയ്ക്കും ആപേക്ഷികമായല്ല പ്രകാശം സഞ്ചരിക്കുന്നത്. പ്രപഞ്ചത്തിന്റെ വേഗപരിധിയാണ് പ്രകാശപ്രവേഗം. മണിക്കൂറില്‍ 100 കി.മീ. വേഗതയില്‍ മുന്നോട്ടു സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഒരു കാറിന്റെ ഹെഡ്‌ലൈറ്റില്‍ നിന്ന് പുറപ്പെടുന്ന പ്രകാശത്തിന്റെ വേഗതയും 100.കി.മീ. വേഗതയില്‍ പിന്നിലേക്കുസഞ്ചരിച്ചുകൊണ്ടിരിക്കുന്ന വാഹനത്തിന്റെ ഹെഡ്‌ലൈറ്റില്‍ നിന്നുള്ള പ്രകാശത്തിന്റെ വേഗതയും ഒന്നുതന്നെയായിരിക്കും. ഈ രണ്ടവസ്ഥകളിലും പ്രകാശപ്രവേഗം ‘c’ തന്നയായിരിക്കും (c+100 അല്ലെങ്കില്‍ c-100 ആയിരിക്കില്ല). പ്രകാശപ്രവേഗം നിരീക്ഷന്റെ സ്ഥാനത്തിനോ പ്രകാശസ്രോതസ്സുകളുടെ ആപേക്ഷിക സഞ്ചാരത്തിനോ അനുസരിച്ച് വ്യത്യാസപ്പെടുന്നില്ല എന്നർത്ഥം. പ്രകാശത്തിന്റെ ഈ സ്വഭാവം പ്രപഞ്ചത്തിലെ എല്ലാ അളവുകളിലും മാറ്റം വരുത്താന്‍ പര്യാപ്തമാണ്. സ്ഥലമാനങ്ങള്‍ മാത്രമല്ല കാലവും പ്രകാശത്തിന്റെ പാതയില്‍ മാറ്റങ്ങൾക്ക് വിധേയമാകും. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ സ്ഥലവും കാലവും നിരീക്ഷകന്റെ സഞ്ചാരവേഗതയ്ക്ക് ആപേക്ഷികമായിരിക്കും.
കാലപ്രവാഹത്തെ ഒരു സമയസഞ്ചാരിയുടെ വേഗതയുമായി ബന്ധപ്പെടുത്തുന്നത് എങ്ങനെയാണെന്നു നോക്കാം. നിങ്ങളുടെ ഓഫീസിലെ ചുമര്‍ ക്‌ളോക്ക് കാണിക്കുന്ന സമയത്തെക്കാള്‍ സാവധാനത്തിലാണ് ഓടിക്കൊണ്ടിരിക്കുന്ന നിങ്ങളുടെ കാറിലെ ക്‌ളോക്ക് സഞ്ചരിക്കുന്നത് എന്നു പറയുമ്പാള്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. കാറിന്റെ വേഗത പ്രകാശവേഗതയുമായി താരതമ്യം ചെയ്യുമ്പോള്‍ നിസ്സാരമായതുകൊണ്ട് കാറിനുള്ളിലെ ക്‌ളോക്കിന്റെ മന്ദഗമനം അളക്കാന്‍ കഴിയുന്നതിലും (നിങ്ങളുടെ കാര്‍ ഒരുമണിക്കൂര്‍ കൊണ്ട് 100 കി.മീ. സഞ്ചരിക്കുമ്പോള്‍ പ്രകാശം 100കോടി കി.മീ.അധികം പിന്നിട്ടിരിക്കും) കുറവായിരിക്കും. ഒരു റോക്കറ്റിലുള്ള ക്‌ളോക്ക് പരിഗണിച്ചാല്‍ അതിന്റെ സഞ്ചാരം കാറിലുള്ള ക്‌ളോക്കിനേക്കാള്‍ സാവധാനത്തിലായിരിക്കും. റോക്കറ്റിന്റെ വേഗത കാറിനേക്കാള്‍ കൂടുതലായതുതന്നെ കാരണം. ഇനി റോക്കറ്റിന്റെ വേഗത ക്രമമായി വർദ്ധിപ്പിച്ച് പ്രകാശ വേഗതയുടെ അടുത്തെത്തി എന്നിരിക്കട്ടെ, അപ്പോള്‍ ക്‌ളോക്കിലെ സമയം ഇഴഞ്ഞുനീങ്ങുന്നതയാണ് ഒരു ബാഹ്യനിരീക്ഷകന് അനുഭവപ്പെടുന്നത്.
റോക്കറ്റിന്റെ വേഗത പ്രകാശവേഗതയ്ക്ക് തുല്യമായാലോ ? അപ്പോള്‍ സമയം നിശ്ചലമാകും. കാലപ്രവാഹമുണ്ടാകില്ല. കാലപ്രവാഹം സഞ്ചാരവേഗതയ്ക്ക് ആപേക്ഷികമാണെന്ന് കാണാന്‍ കഴിയും. ഇനി റോക്കറ്റിന്റെ വേഗത പ്രകാശപ്രവേഗത്തെ മറികടന്നുവെന്നിരിക്കട്ടെ. പിന്നീടുള്ള യാത്ര ഭൂതകാലത്തിലേക്കാണ്. സമയം പിന്നിലേക്ക് സഞ്ചരിക്കാനാരംഭിക്കും. സമയസഞ്ചാരിക്ക് അയാളുടെ മുതുമുത്തച്ഛന്മാരെയൊക്കെ സന്ദർശിക്കാന്‍ കഴിയും. എന്നാല്‍ അവിടെയൊരു സൈദ്ധാന്തിക പ്രശ്‌നമുണ്ട്. സമയസഞ്ചാരി അയാളുടെ മുത്തച്ഛനെ കാണുമ്പോള്‍ കൈയിലുള്ള തോക്കെടുത്ത് മുത്തച്ഛന് നേരെ നിറയൊഴിച്ചു എന്നു കരുതുക. മുത്തച്ഛന്‍ കൊല്ലപ്പെട്ടുകഴിഞ്ഞാല്‍ പിന്നെയെങ്ങനെയാണ് സമയസഞ്ചാരി ജനിക്കുന്നത് ? സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞരുടെ ഉറക്കം നഷ്ടപ്പെടുത്തിയ ചിന്താ പരീക്ഷണമായിരുന്നു ഇത്.
സമയസഞ്ചാരിക്ക് കാലത്തില്‍ പിന്നിലേക്ക് സഞ്ചരിക്കുമ്പോള്‍ സംഭവങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടിയില്‍ കവിഞ്ഞ് ഒന്നും ഇക്കാര്യത്തില്‍ ഇതുവരെ നല്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്ത്ഥ്യം. എന്നാല്‍ ഇങ്ങനെ ചിന്തിക്കുന്നതില്‍ അർഥമൊന്നുമില്ലെന്നാണ് ആപേക്ഷികത പറയുന്നത്. കാരണം പ്രപഞ്ചത്തിന്റെ വേഗപരിധി പ്രകാശപ്രവേഗമാണ്. അതിൽ കൂടുതല്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ഒന്നിനുമാവില്ല. സമയസഞ്ചാരിയുടെ വേഗത പ്രകാശ പ്രവേഗത്തോട് അടുക്കുംതോറും സഞ്ചാരിയുടെ വലിപ്പം കുറയുകയും മാസ് വർദ്ധിക്കുകയും ചെയ്യും. പ്രകാശപ്രവേഗത്തിലെത്തുമ്പോള്‍ സമയസഞ്ചാരിയുടെ വലിപ്പം പൂജ്യമാവുകയും മാസ് അനന്തമാവുകയും ചെയ്യും. അതിനപ്പുറമുള്ള ഒരു സമയസഞ്ചാരം ആപേക്ഷികത അനുവദിക്കുന്നില്ല.
വേഗത വർത്ഥിക്കുന്നതനുസരിച്ച് കാലപ്രവാഹം മന്ദീഭവിക്കുന്നത് ഇന്ന് പരീക്ഷണശാലകളില്‍ വെച്ച് തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സബ് -ആറ്റോമിക കണികകള്‍ പ്രകാശവേഗതയോടടുത്ത് വായിച്ചപ്പോള്‍ അവയുടെ ആയുസ്സ് വർദ്ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇരട്ടകളുടെ പ്രഹേളികയെന്ന് വിളിക്കുന്ന ചിന്താപരീക്ഷണത്തില്‍ സമയത്തിന്റെ മെല്ലെപ്പോക്ക് ഐന്സ്റ്റൈന്‍ വിവരിക്കുന്നത് ശ്രദ്ധിക്കുക.
പ്രകാശപ്രവേഗത്തിന്റെ (3,00,000 കി.മീ./സെക്കന്റ്) 90 ശതമാനം വേഗതയില്‍ സഞ്ചരിക്കുന്ന ഒരു റോക്കറ്റില്‍ ഇരട്ടകളില്‍ ഒരാള്‍ മാത്രം യാത്ര ആരംഭിച്ചുവെന്നു കരുതുക. ഭൂമിയിലുള്ള ഇരട്ടകളില്‍ ഒരാളെ ആധാരമാക്കി 10 വർഷത്തെ യാത്രയ്‌ക്കൊടുവില്‍ അപരന്‍ റോക്കറ്റ് യാത്ര അവസാനിപ്പിച്ച് തിരിച്ചെത്തുമ്പോള്‍ അവര്‍ തമ്മില്‍ 5 വയസ്സിന്റെ പ്രായവ്യത്യാസമുണ്ടാകും. വേഗത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഇരട്ടകളിലൊരുവന്റെ ജൈവഘടികാരം സാവധാനത്തിലാവുകയും അതുകൊണ്ട് ഭൂമിയിലുള്ളയാൾക്ക് പ്രായമാകുന്ന തോതില്‍ സഞ്ചാരിക്ക് പ്രായമാകാതിരിക്കുകയുമാണ് ഇവിടെ സംഭവിച്ചത്. ഇവിടെ സ്ഥലമാനങ്ങളിലൂടെയുള്ള വേഗതയ്ക്ക് ആപേക്ഷികമാവുകയാണ് കാലപ്രവാഹം.
ന്യൂട്ടണ്‍ നിർമിച്ച കേവല സമയത്തെ സ്ഥലമാനങ്ങളോടു ചേർത്തു മാത്രം വായിക്കാന്‍ കഴിയുന്ന, പ്രപഞ്ചത്തിന്റെ അളവുകോലാക്കിയതും സ്ഥാനമാനങ്ങള്‍ പോലെ വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നതാണെന്ന് തെളിയിച്ചതും ഐൻസ്റൈനാണ്.അതോടുകൂടി കാലത്തിന്റെ അതീത ഭൗതീക മുഖംമൂടി അഴിഞ്ഞുവീണെന്നു പറയാം. സമയ സഞ്ചാരിയെ സംബന്ധിച്ചിടത്തോളം സ്ഥലപരിമാണങ്ങളില്‍ നിന്ന് കാലത്തിനുള്ള ഒരേയൊരു വ്യത്യാസം സ്ഥലമാനങ്ങളിലൂടെയുള്ള സഞ്ചാരം ബോധപൂർവമാണെങ്കില്‍ കാലത്തിലൂടെയുള്ള സഞ്ചാരം അങ്ങനെയല്ല എന്നുള്ളതാണ്. നെയ്ത്തുശാലയിലെ തുണിയുടെ ഊടും പാവും പോലെ പരസ്പരം വേർപെടുത്താനാവാത്ത വിധം സ്ഥലകാലങ്ങള്‍ പ്രപഞ്ച തിരശ്ശീലയില്‍ വിന്യസിക്കപ്പെട്ടിരിക്കുകയാണ്.
കാലഗണനയില്ലാതെ ദ്രവ്യമോ, ദ്രവ്യസാന്നിധ്യത്തിലല്ലാതെ കാലമോ അളക്കാനോ, ചിന്തിക്കാനോ പോലും സാധ്യമല്ല. നെയ്ത്തുശാലയിലെ തുണിപോലെ തന്നെ വളയ്ക്കാനും തിരിക്കാനും വലിച്ചുനീട്ടാനും ചുരുക്കാനും കീറിക്കളയുന്നതിനും കഴിയുന്നതാണ് സ്ഥലകാലങ്ങളും. അതിന്റെ സ്വഭാവത്തിനനുസരിച്ചും പരസ്പരം ആപേക്ഷികമായുമാണ് പ്രപഞ്ചത്തിലെ ദ്രവ്യ-ഊർജ വിന്യാസവും. അപേക്ഷികമല്ലാത്തതൊന്നും സ്ഥലകാലങ്ങളില്‍ നിലനില്ക്കില്ല, എന്തിനേറെ പ്രകാശത്തിന്റെ വേഗത പോലും മറ്റെന്തിനോടും അപേക്ഷികമാണെന്നും തിരുത്തി വായിക്കുന്നതിനും കഴിയും. ആപേക്ഷികതയുടെ കൃത്യതയും സ്ഥൂലപ്രപഞ്ചത്തിലുള്ള അതിന്റെ അപ്രമാദിത്വവും ആണ് ആ ഗണിത സിദ്ധാന്തത്തെ പ്രായോഗിക തലത്തില്‍ ഗ്‌ളോബല്‍ പൊസിഷനിംഗിലേക്കും, ഉപഗ്രഹ വിക്ഷേപണത്തിലേക്കും സാറ്റലൈറ്റ് ഫോണുകളുടെ സാധ്യതയിലേക്കും ആധുനികലോകത്തെ നയിച്ചത്.
പ്രപഞ്ചോല്പത്തി പരിണാമങ്ങള്‍ വിവരിക്കുന്നതിനും പ്രപഞ്ചത്തിന്റെ ഭാവി പ്രവചിക്കുന്നതിനും ശാസ്ത്രജ്ഞർക്കു തുണയാകുന്നതും ആപേക്ഷികതാ സിദ്ധാന്തങ്ങള്‍ തന്നെയാണ്. എങ്കിലും ആപേക്ഷികത അണിയിച്ചൊരുക്കിയ സ്ഥലകാലങ്ങളുടെ ചതുർമാന തിരക്കഥയിലും കാലത്തിന്റെ തുടക്കം തൃപ്തികരമായി വിശദീകരിക്കാന്‍ കഴിയുന്നില്ല.
മാസുള്ള ഏതു ദ്രവ്യരൂപവും അത് സ്ഥിതി ചെയ്യുന്ന സ്ഥലകാലങ്ങളില്‍ വക്രതയുണ്ടാക്കുന്നുണ്ട്. മാസ് വർദ്ധിക്കുന്നതിനനുസരിച്ച് ഈ വക്രതയും വർദ്ധിച്ചുകൊണ്ടിരിക്കും. സ്ഥലകാലങ്ങളില്‍ ദ്രവ്യമുണ്ടാക്കുന്ന വക്രതയാണ് ദ്രവ്യത്തിന്റെ ഗുരുത്വബലമായി അനുഭവപ്പെടുന്നത്. സ്ഥലകാല വക്രതയുടെ ഏറ്റവും സങ്കീർണമായ അവസ്ഥയാണ് തമോദ്വാരങ്ങള്‍. തമോദ്വാരങ്ങളുടെ സീമയാണ് സംഭവചക്രവാളം. സ്ഥലകാല വക്രത അനന്തമാകുന്ന സംഭവചക്രവാളത്തിനുള്ളില്‍ സമയം നിശ്ചലമാണ്. സംഭവചക്രവാളത്തിനുള്ളിലേക്കു പ്രവേശിക്കുന്ന ദ്രവ്യവും ഊർജവുമെല്ലാം വ്യാപ്തം പൂജ്യമായ ഒരു ബിന്ദുവില്‍ ഒതുങ്ങും.
ഈ വൈചിത്ര്യത്തില്‍ നിന്നുള്ള പലായന പ്രവേഗം പ്രകാശവേഗതയെ കവച്ചു വയ്ക്കുന്നതുകൊണ്ട് അവിടെ നിന്നുള്ള ഒരു വിവരവും, എന്തിന് പ്രകാശം പോലും പുറത്തെത്തുന്നില്ല. സംഭവചക്രവാളത്തിനുള്ളിലെ വൈചിത്ര്യം ഒരിക്കലും നഗ്നമാക്കപ്പെടില്ല. ദൃശ്യപ്രപഞ്ചത്തില്‍ നിന്നു മറയ്ക്കപ്പെട്ടിരിക്കുന്ന സംഭവ ചക്രവാളത്തിനുള്ളിലേക്കു പ്രവേശിക്കുന്ന ഒരു സമയ സഞ്ചാരിയെ നിരീക്ഷിക്കുന്ന ബാഹ്യനിരീക്ഷകന് മതിഭ്രമമുണ്ടാക്കുന്ന സംഭവങ്ങളായിരിക്കും പിന്നീട് അരങ്ങേറുന്നത്. സമയ സഞ്ചാരിയുടെ സഞ്ചാര വേഗത കുറഞ്ഞ് വന്ന് ഒടുവില്‍ അയാള്‍ നിശ്ചലാവസ്ഥയിലാകും. നിരീക്ഷകന് ആപേക്ഷികമായി സമയസഞ്ചാരിയുടെ സമയപ്രവാഹം നിശ്ചലമായിരിക്കുകയാണ്. സമയ സഞ്ചാരി സംഭവചക്രവാളത്തിന്റെ സീമ മറികടക്കുന്നത് ബാഹ്യനിരീക്ഷകന് കാണാന്‍ കഴിയില്ല. കാരണം അയാളെ സംബന്ധിച്ചിടത്തോളം സമയം പ്രവഹിക്കുന്നില്ല.
എന്നാല്‍ സമയ സഞ്ചാരിക്ക് സംഭവങ്ങള്‍ ഇങ്ങനെയല്ല അനുഭവപ്പെടുന്നത്. അത്യന്തം സങ്കീർണമായ ഗുരുത്വബലപ്രഭാവം സമയസഞ്ചാരിയുടെ ശരീരത്തെ വലിച്ചുകീറിക്കളയും. തമോദ്വാരങ്ങളുടെ നഗ്നത ദൃശ്യ പ്രപഞ്ചത്തില്‍ നിന്ന് മറയ്ക്കപ്പെട്ടിരിക്കുന്നതുകൊണ്ട് എന്താണതിനുള്ളില്‍ സംഭവിക്കുന്നതെന്നു തൃപ്തികരമായി വിശദീകരിക്കുന്നതിന് സാമാന്യ ആപേക്ഷികതയ്ക്ക് കഴിയില്ലെന്നു മാത്രമല്ല, തമോദ്വാരങ്ങളുടെ സ്വഭാവം വിവരിക്കുന്നതില്‍ ക്വാണ്ടം ഗുരുത്വപ്രഭാവങ്ങൾക്ക് സംഭവചക്രവാളത്തിനടുത്ത് പ്രാധാന്യമുണ്ടെന്നും തിരിച്ചറിയേണ്ടതുണ്ട്.
അങ്ങനെ വരുമ്പോള്‍ ഐൻസ്റ്റൈന്റെ ഗുരുത്വാകർഷണ പ്രമാണങ്ങളും ക്വാണ്ടം ഭൗതികവും സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു സമ്പൂർണ പ്രപഞ്ചസിദ്ധാന്തത്തിന് മാത്രമേ തമോദ്വാരങ്ങളുടെ ഭൗതികം കൃത്യമായി അവതരിപ്പിക്കാന്‍ കഴിയുകയുള്ളൂ. ഇത്തരം പ്രപഞ്ച സിദ്ധാന്തങ്ങളെല്ലാം തന്നെ ശൈശവ ദിശയിലാണിപ്പോഴുള്ളത്. പ്രപഞ്ചത്തിലെ നാല് അടിസ്ഥാന ബലങ്ങളെ (വിദ്യുത്കാന്തിക ബലം,ശക്ത-ക്ഷീണ ന്യൂക്‌ളിയാര്‍ ബലങ്ങൾ, ഗുരുത്വാകര്ഷണ ബലം) സംയോജിപ്പിക്കുന്നത് അത്ര എളുപ്പമല്ലാത്തതു തന്നെയാണ് ഇത്തരം സർവതിന്റെയും സമ്പൂർണ സിദ്ധാന്തം രൂപപ്പെടുത്തുന്നതിനുള്ള പ്രധാന കടമ്പ.
തമോദ്വാരങ്ങളില്‍ സംഹാരം മാത്രമല്ല, സൃഷ്ടിയും നടക്കുന്നുണ്ട്. തമോദ്വാരങ്ങളുടെ കേന്ദ്രമായ വൈചിത്ര്യം മറ്റു പ്രപഞ്ചങ്ങളുടെ തുടക്കമാകുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. തമോദ്വാരങ്ങളില്‍ അകപ്പെടുന്ന ദ്രവ്യവും, ഊർജവുമെല്ലാം വൈചിത്ര്യത്തില്‍ വെച്ച് നഷ്ടപ്പെടുകയാണ്. തിരിച്ചുവരാന്‍ കഴിയാത്ത ഈ മേഖലയില്‍ വച്ച് നഷ്ടപ്പെടുന്ന ദ്രവ്യo മറ്റൊരു പ്രപഞ്ചത്തിലെ സ്ഥലകാലങ്ങളിലേക്ക് പമ്പു ചെയ്യപ്പെടുകയുമാവാം. അങ്ങനെ വരുമ്പോള്‍ സമാന്തര പ്രപഞ്ചങ്ങളും ചാക്രിക കാലവുമെല്ലാം ഇനിയുമധികം ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഒരുപക്ഷേ ക്വാണ്ടം ഗ്രാവിറ്റി സിദ്ധാന്തങ്ങൾക്ക് കാലമെന്ന യാഗാശ്വത്തെ പിടിച്ചുകെട്ടാന്‍ കഴിയുമെന്നുതന്നെയാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. റോജര്‍ പെൻ റോസിനെപ്പോലെ, സ്റ്റീഫന്‍ ഹോക്കിംഗിനെപ്പോലെയുള്ള സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞര്‍ ക്വാണ്ടം ഗ്രാവിറ്റി സിദ്ധാന്തങ്ങളുടെ ആരാധകരാണ്.
സ്ഥലം കേവലമല്ലാത്തുപോലെ കാലവും കേവലമല്ല. ഒന്നു കേവലവും മറ്റേത് ആപേക്ഷികവുമാണെന്ന് പറയുമ്പോള്‍ സ്ഥലകാലങ്ങള്‍ യഥാർത്ഥ മല്ലെന്നു പറയേണ്ടതായി വരും. അത്തരമൊരു സാഹസത്തിന് ഇപ്പോള്‍ ആരും ശ്രമിക്കുമെന്ന് കരുതാനാവില്ല. സ്ഥലകാലങ്ങള്‍ ആപേക്ഷികമാവുമ്പോള്‍ കേവലമായ ഒരു ഈശ്വരസങ്കൽപ്പവും പ്രപഞ്ച സ്രഷ്ടാവുമൊന്നും നിലനിൽക്കില്ല. ഭൂതം, ഭാവി, വർത്തമാനം എന്നെല്ലാം പറയുന്നത് ജന്തു മസ്തിഷ്‌ക്കത്തിന്റെ മിഥ്യാ ദർശനങ്ങള്‍ മാത്രമാണ്. ഇവിടെ സഞ്ചരിക്കുന്നത് സമയമല്ല.
സംഭവങ്ങള്‍ കാലത്തില്‍ സഞ്ചരിക്കുകയാണ് ചെയ്യുന്നത്. തികച്ചും സ്വതന്ത്രമായ പ്രതിഭാസങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള ജന്തുമസ്തിഷ്‌ക്കത്തിന്റെ വെമ്പല്‍ മാത്രമാണ് കാലഗണന. കാര്യകാരണ ബോധമെല്ലാം മസ്തിഷ്‌ക്കത്തിന്റെ ഉല്പന്നമാണ്. സംഭവങ്ങള്‍ നടക്കുന്ന ഒരു കാലം മാത്രമേയുള്ളൂ. അത് നിരീക്ഷകന്റെ സ്ഥാനത്തിനും സഞ്ചാരവേഗതയ്ക്കും ആപേക്ഷികവുമായിരിക്കും.
Dr. Sabujose
ഈ വിഷയത്തെപ്പറ്റി എഴുത്തുകാരനോട് സംശയങ്ങൾ ചോദിക്കാം Click here