Monday, December 23, 2024

കട്ടപ്പണത്തിലും കയ്യിട്ടു വാരിയോ ?

തെക്കോട്ട് മരണാനന്തര ക്രിയകൾ നടത്തുന്ന ഹൈന്ദവ ഗൃഹങ്ങളിൽ കട്ടപ്പണം വെക്കുക എന്നൊരു സമ്പ്രദായം ഉണ്ട്. പരേതരുടെ കർമ്മങ്ങൾ നടത്തുവാൻ ബന്ധുമിത്രങ്ങൾ താങ്കളാൽ സാധിക്കുന്ന ഒരു തുക ഗൃഹനാഥൻ ചുമതലപ്പെടുത്തിയ ഒരു കൂട്ടരെ ഏൽപ്പിക്കുക എന്നതാണ് ഈ കട്ടപ്പണം വെക്കുക എന്ന ചടങ്ങ്. അൽപ്പമെങ്കിലും ഉളുപ്പും ലേശം മനഃസാക്ഷിയുമുള്ള ഒരു കാരണവരും കട്ടപ്പണത്തിൽ കയ്യിട്ടു നക്കില്ല. പക്ഷേ ഇവിടെ വിജയൻ എന്ന കേരളാ മുഖ്യമന്ത്രി വയനാട് ദുരന്തത്തിൽ മരണപ്പെട്ടവരുടെ മൃത ശരീരം സംസ്കരിച്ചതിൽ നിന്ന് അടുത്തൊരു എക്‌സാ ലോജിക്കിന്റെ ഫണ്ട് തരപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഇനിയൊരു വട്ടം കൂടി അധികാരം തന്നിലേക്ക് എത്തപ്പെടില്ല എന്ന ഭീതിയിൽ കട്ടുമുടിക്കുമ്പോൾ അത് ദുരിതബാധിതരുടെ കട്ടപ്പണത്തിലേക്കും നീളുന്നത് കേരളം സമത്വ സുന്ദര കിനാശ്ശേരി ആയതിനാലാണോ ?

ദുരന്തമുഖത്ത് ആത്മാർത്ഥമായി ഏതെങ്കിലും രീതിയിൽ സന്നദ്ധപ്രവർത്തനത്തിൽ ഏർപ്പെട്ട ഏതൊരാളെയും ഞെട്ടിക്കുന്നതാണ് സർക്കാർ ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ..,
ലക്ഷക്കണക്കിന് മനുഷ്യർ അവരുടെ മനസ്സിന്റെ നന്മകൊണ്ട് മുന്നിട്ടിറങ്ങി കഴിയുന്ന രീതിയിൽ വയനാടിനെ സ്നേഹം കൊണ്ടും സഹായങ്ങൾ കൊണ്ടും പൊതിഞ്ഞു.

എന്നാൽ അതിന്റെ വിതരണവും ഉപയോഗവും മികച്ച രീതിയിൽ ആയിരുന്നോ എന്ന ചോദ്യം ഉയർത്തുന്നതാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വിവരങ്ങൾ. വാഹനങ്ങളും ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും ആളുകളും സൗജന്യമായി ഇവിടെ പ്രവർത്തനത്തിന് എത്തി. നിരവധി സംഘടനകളും വ്യക്തികളും അവരാൽ കഴിയുന്ന രീതിയിൽ ആത്മാർത്ഥമായി പണി എടുത്തിട്ടും ഒറ്റ നോട്ടത്തിൽ തന്നെ അധികം എന്ന് തോന്നുന്ന രീതിയിൽ ഉള്ള ചിലവ് കണക്കുകൾ ആണ് പുറത്ത് വന്നിരിക്കുന്നത്.

ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഏകീകരിപ്പിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന റവന്യൂ ഡിപ്പാർട്ട്മെന്റ് ഈ വിവരങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്. തീർച്ചയായും ഇത്തരം കണക്കുകൾ ഒരു ജനകീയ ഓഡിറ്റിങ്ങിന് വിധേയമായിട്ടില്ല എങ്കിൽ ജനങ്ങൾക്ക് സർക്കാർ സംവിധാനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടും എന്നകാര്യത്തിൽ ഒരു സംശയവും ഇല്ല. ഒരു ജനാധിപത്യ രാജ്യത്തിൽ എല്ലാ കണക്കുകളും അവതരിപ്പിക്കപ്പെടേണ്ട അതോറിറ്റിയുടെ അവസാന അറ്റത്ത് പൗരനാണുള്ളത് എന്ന് നമ്മൾ മനസ്സിലാക്കണം അത് ഒരു ജനാധിപത്യ രാജ്യത്തെ പൗരന്റെ മൗലീക അവകാശം ആണ് എന്നും അധികാര സ്ഥാനത്ത് ഉള്ളവർ തിരിച്ചറിയണം. ഇന്ന് മാധ്യമങ്ങൾ പുറത്ത് വിട്ടിരിക്കുന്ന ഈ വിവരങ്ങളെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ മനസ്സിലാവാൻ സാധിക്കുന്നത് സർക്കാർ കേന്ദ്രസർക്കാരിന് നൽകിയ പ്രൊപ്പോസൽ കൂടി അടിസ്ഥാനപ്പെടുത്തിയാണ് ഈ വിവരങ്ങൾ നൽകിയിട്ടുള്ളത് എന്നും ഓഗസ്റ്റ് 15 വരെയുള്ള വിവരങ്ങൾ മാത്രമാണ് ഇത് എന്നും ആണ്.

എന്നാൽ ഇതിന്റെ ബാക്കി ദിവസങ്ങൾ കൂടെ പരിഗണിച്ചാൽ ഇത് കൂടുക എന്നുള്ളത് അല്ലാതെ കുറയാൻ യാതൊരു സാധ്യതയുമില്ല. സർക്കാർ സംവിധാനങ്ങൾ ചിലവഴിക്കുന്ന ഓരോ രൂപക്കും പൗരനോട് ഉത്തരം പറയേണ്ടതാണ് എന്നും അത് അറിയേണ്ടത് എന്റെ കടമയും ഉത്തരവാദിത്വവുമാണ് എന്ന് പൗരനും തിരിച്ചറിയുന്ന നാൾ വരെ നാട് ഇങ്ങനെ ഒക്കെ സഞ്ചരിക്കും. ചോദിക്കാൻ തുടങ്ങുക അവകാശങ്ങളെ കുറിച്ച് ബോധവാന്മാരാവുക എന്നതല്ലാതെ ഇതിന് മറ്റൊരു പരിഹാരമില്ല. ഇത്തരം വിഷയങ്ങളിൽ സർക്കാർ സംവിധാനങ്ങളെയോ ഉദ്യോഗസ്ഥരെയോ കുറ്റപ്പെടുത്തുന്നതിലുപരി പൗരൻ എന്നുള്ള നിലക്ക് തന്റെ ഉത്തരവാദിത്വം ചെയ്തോ എന്ന് ഓരോരുത്തരും സ്വയം പരിശോധിക്കേണ്ടതാണ്. പത്തു രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് കൊണ്ട് പൗരൻ വിവരങ്ങൾ അറിയാൻ ഇറങ്ങിയാൽ നന്നാവുന്നതേ ഉള്ളു നമ്മുടെ സംവിധാനങ്ങൾ അതിനെ കുറിച്ച് മനസ്സിലാക്കാനും പ്രവർത്തിക്കാനും തയ്യാറാവുക എന്നത് തന്നെ ആണ് വേണ്ടത്. അല്ലാത്തപക്ഷം കാരണവർ കട്ടപ്പണത്തിൽ കയ്യിട്ടു നക്കുന്നതും കണ്ട് കിറ്റും വാങ്ങി തുടരാം.

part article

YazinOmar 

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.