Monday, December 23, 2024

ബിരിയാണി

സജിൻ ബാബുവിൻ്റെ ബിരിയാണി , ഖദീജ എന്ന വിവാഹിതയായ മുസ്ലിം സ്ത്രീയുടെ പൊരുതലിന്റെയും പരാജയത്തിന്റെയും കഥയാണ് പറയുന്നത്. ഇത് ഒരു മത വിമർശന സിനിമ അല്ല. മത പൗരോഹിത്യം ഖദീജ നേരിടുന്ന അനേകം പ്രശ്നങ്ങളിൽ ഒന്ന് മാത്രം ആണ് . ഒരു യാഥാസ്ഥിതിക ചുറ്റുപാടിൽ നിന്ന് വരുന്ന ദരിദ്രയും അനാഥയുമായ ഒരു സ്ത്രീക്ക് മതവും പുരുഷാധിപത്യവും രാഷ്ട്രീയവും പൗരോഹിത്യവും അധികാരവും തീർക്കുന്ന വിലക്കുകളെ നമ്മുടെ മുന്നിൽ സംവിധായകൻ കൃത്യമായി വരച്ചിടുന്നുണ്ട് . ബിരിയാണി അങ്ങേയറ്റം പച്ചയായ ഒരു സിനിമ ആണ്, അത് കൊണ്ട് തന്നെ ചില സന്ദര്‍ഭങ്ങളോ രംഗങ്ങളൊ കാഴ്ചക്കാരിൽ അസ്വസ്ഥത സൃഷ്ടിച്ചേക്കാം , പക്ഷെ അയഥാർത്ഥമായ ഒരു കാര്യങ്ങളും സിനിമ പറയുന്നില്ല. ആ അസ്വസ്ഥത കാഴ്ചക്കാരന് സ്വന്തം ഉള്ളിലേക്ക് നോക്കാനുള്ള ഒരു അവസരം സൃഷ്ടിക്കുന്നുണ്ട് .
ബിരിയാണി അഭിനേതാക്കളുടെ സിനിമ കൂടി ആണ്. നീളൻ ഡയലോഗുകളോ സ്ഭോടനാത്മകമായ രംഗങ്ങളോ അല്ല , സൂക്ഷ്മവും സ്വാഭാവികവുമായ അഭിനയം ആണ് സിനിമയെ ശ്രദ്ധേയമാക്കുന്നത് , അത് അഭിനേതാക്കൾ കൃത്യമായി നൽകുന്നുണ്ട്. കനി കുസൃതി , ശൈലജ ജാല , ശ്യാം റെജി , സുർജിത് , തോന്നയ്ക്കൽ ജയചന്ദ്രൻ എന്നിവരുടെ പ്രകടനം കാസ്റ്റിംഗിലെ മികവ് കൂടെ ചൂണ്ടിക്കാണിക്കുന്നു.
മലയാളത്തിൽ അത്ര പരിചിതം അല്ലാത്ത ധീരമായ മേക്കിങ് ആണ് സിനിമയുടേത്. കഥാപത്രങ്ങൾ തമ്മിലുള്ള സംഘർങ്ങളിലൂടെയും , സംഭവങ്ങളിൽ നിന്ന് സംഭവങ്ങിലേക്കും ഒട്ടും ബോറടിപ്പിക്കാതെ കഥ പറയാൻ സജിൻ ബാബുവിന് കഴിഞ്ഞിട്ടുണ്ട് .നാളെ ഈ സംവിധായകനിലൂടെ വീണ്ടും അന്താരാഷ്ട്ര വേദികളിൽ മലയാളം മുഴങ്ങും എന്ന് പ്രതീക്ഷിക്കാം.
പ്രദർശനത്തിന് നിരവധി പ്രശ്നങ്ങൾ ആണ് ബിരിയാണി നേരിടേണ്ടി വന്നത്. സംസ്ഥാന ദേശീയ അംഗീകാരങ്ങൾ നേടിയ , 50 ൽ പരം അന്തർദേശീയ മേളകളിൽ പ്രദർശിപ്പിക്കുകയും അവാർഡുകൾ വാരിക്കൂട്ടുകയും ചെയ്ത ചിത്രത്തിന് പക്ഷെ സ്വന്തം നാട്ടിലെ തിയേറ്ററുകളിൽ നിന്ന് തികഞ്ഞ അവഗണന ആണ് നേരിടേണ്ടി വന്നത്. അത് കൊണ്ടാണ് ‘കേവ്’ (Cave) എന്ന പുതിയ ഒടിടി പ്ലാറ്റ്ഫോമിലൂടെ കഴിഞ്ഞ ദിവസം ‘ബിരിയാണി’ സ്ട്രീമിംഗ് ആരംഭിച്ചത്. ഈ പ്ലാറ്റഫോമിലൂടെ 24 മണിക്കൂറിൽ 50,000 ഇൽ അധികം പേര് സിനിമ കണ്ടു എന്നത് , വലിയ ആവേശവും പ്രതീക്ഷയും ആണ് നൽകുന്നത്‌ എന്ന് പറയാതെ വയ്യ. അതുകൊണ്ടായിരിക്കാം ഇതിനോടകം തന്നെ ടെലെഗ്രാമിലും മറ്റും പൈറേറ്റഡ് കോപ്പികൾ എത്തി തുടങ്ങി. ഇത് ബിരിയാണിയുടെയും ഭാവിയിൽ ഇതരത്തിൽ ഉള്ള അന്താരാഷ്ട്ര സിനിമകളുടെ സാധ്യതകളെയും തകർക്കുന്നതാണ്. കാരണം ഇതിന്റെ അണിയറ പ്രവർത്തകരുടെ അവസാനത്തെ പ്രതീക്ഷ ആകാം OTT. 99/- രൂപയാണ് cave ഈ സിനിമക്ക് ഈടാക്കുന്നത്, കഴിവതും cave പ്ലാറ്റഫോമിൽ തന്നെ ഈ സിനിമ കാണുവാൻ അഭ്യർത്ഥിക്കുന്നു .
എന്തുകൊണ്ടാണ് ഖദീജയുടെ കഥയുടെ പേര് ബിരിയാണി എന്നായത് ? അതിൻ്റെ ഉത്തരം ഖദീജ തന്നെ സിനിമയുടെ ക്ലൈമാക്സിൽ നിങ്ങളോടു പറയും. ഒരിക്കൽ കൂടി സജിൻ ബാബുവിനും ഈ സിനിമയുടെ എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ നേരുന്നു .

By

Ramesh Rajashekharan

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.