Monday, December 23, 2024

കലയൊരു പ്രസ്ഥാനത്തിന്റെയും ചിഹ്നമല്ല

കുഞ്ചാക്കോ ബോബൻ, ഗായത്രി ചിത്രം 'ന്നാ താൻ കേസ് കൊട്' തീയറ്ററുകളിൽ എത്തിയതിനു പിന്നാലെ സിനിമയ്‌ക്കെതിരായി സൈബർ ആക്രമണവും ബഹിഷ്കരണ ആഹ്വാനവും ഒക്കെ ഉണ്ടായതായി കേട്ടു. മുൻപും കലാ സൃഷ്ടികളെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ബോധിക്കാത്തതിന്റെ പേരിലും മതങ്ങൾക്ക് ബോധിക്കാത്തതിന്റെ പേരിലുമൊക്കെ ഒരു കൂട്ടം മനുഷ്യർ ബഹിഷ്ക്കരിച്ചിട്ടുണ്ട്. പ്രസ്ഥാനങ്ങൾക്കും മതങ്ങൾക്കും ഈ രാജ്യം തീറെഴുതി കൊടുക്കരുത് എന്ന സന്ദേശത്തോടെ പണ്ട് ഡോ. ബി. ആർ. അംബേദ്ക്കർ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാനായിരുന്ന ഏഴങ്ക കമ്മിറ്റി മുന്നോട്ടു വച്ച് ജനാധിപത്യപരമായി അംഗീകരിക്കപ്പെട്ട് നിലവിൽ വന്ന ഒരു ഭരണഘടന നമുക്കുണ്ടെന്ന കാര്യം ഒരു പ്രസ്ഥാനവും മറക്കരുത്.

profile

ജനതയുടെ വായ മൂടി കെട്ടാൻ അക്രമം അഴിച്ചു വിട്ടാലും പ്രീണനം നടത്തിയാലും ഭീതി വ്യാപാരം പടച്ചു വിട്ടാലും കാര്യമില്ലെന്ന് ഓരോ പ്രസ്ഥാനങ്ങളും അറിഞ്ഞു വെക്കണം. വോട്ട് ബാങ്ക് രാഷ്ട്രീയ നയം മുന്നോട്ടു വച്ച് വസ്തുതകൾ തിരിച്ചും മറിച്ചും പറഞ്ഞു കൊണ്ട് ഓരോ തിരഞ്ഞെടുപ്പിലും ജനാധിപത്യപരമായി അല്ലാതെ ഷോർട്ട്ക്കട്ട് എടുത്ത് വോട്ട് നേടി ജയിക്കാൻ നിങ്ങൾക്കായേക്കും എങ്കിലും രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങൾ മറന്നു പോയിട്ടില്ലാത്ത, അതെല്ലാം മനസ്സിലാക്കിയിട്ടുള്ള, നെഞ്ചിലേറ്റിയിട്ടുള്ള ജനതയും ഇവിടെ ഉണ്ട്.

advertise

റോഡിൽ കുഴി ഉണ്ടെങ്കിൽ അത് പറയുക തന്നെ ചെയ്യും. റോഡിൽ ഇറങ്ങി മൈക്ക് വച്ച് ഗതാഗതം തടഞ്ഞു പ്രസ്ഥാനം വളർത്താൻ ശ്രമിച്ചാൽ ഭരണഘടനാ പരമായ മൗലീകാവകാശങ്ങളിലെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നതിനെതിരെ ബോധമുള്ള ആരെങ്കിലും ശബ്ദം ഉണ്ടാക്കുക തന്നെ ചെയ്യും. ജനിച്ച അന്ന് മുതൽ പിടിച്ച കൊടിയുടെ രാഷ്ട്രീയത്തെക്കാൾ മാനുഷിക മൂല്യങ്ങളും, അവകാശങ്ങളും, ജനാധിപത്യ ബോധവും, പൗരബോധവും ഉള്ള രാഷ്ട്രീയം നെഞ്ചിലേറ്റുന്നവർ ഓരോ രാജ്യത്തും കാണും. രണ്ടാമത് പറഞ്ഞ രാഷ്ട്രീയം അല്ല കൊടി പിടിച്ചു ഭരണത്തിലേറിയവരുടെ രാഷ്ട്രീയമെങ്കിൽ ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ മറ്റൊരു പ്രതേയശാസ്ത്രവും നോക്കാതെ ഭരണഘടനയെ ഉയർത്തി പിടിക്കുന്ന മനുഷ്യർ ഇവിടെയും ഉണ്ട്.

കലാകാരന് കലാകാരന്റെ സ്വാതന്ത്ര്യം ഉണ്ട്. അത് നിങ്ങളുടെ മത-ജാതീയ, വർഗ്ഗ-വർണ്ണ, രാജ്യ-ദേശ, ഭാഷാ-സംസ്കാര, കക്ഷി രാഷ്ട്രീയ ലിംഗ ബോധങ്ങളുടെ ചട്ടക്കൂടുകളിൽ ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. ഒരതിരുമില്ലാത്ത സർഗ്ഗാത്മകതയാണ്. അവിടെയും മാനുഷിക പക്ഷമാകണം, ആധുനിക മാനുഷിക മൂല്യങ്ങളെയും അവകാശങ്ങളെയും ഒന്നും തകർക്കാത്ത തടയാത്ത തളർത്താത്ത കലാ സൃഷ്ടികൾ ആയിരിക്കണം എന്ന എത്തിക്സ് ഉണ്ട്. പക്ഷെ ഭരിക്കുന്ന തമ്പ്രാന്റെ മുഖം നോക്കാതെ നേര് പറയാൻ കലാകാരന് സ്വാതന്ത്ര്യം ഉണ്ട്.

advertise

നേരുള്ള കലാ സൃഷ്ടികളിൽ നിങ്ങൾ അസ്വസ്ഥരാണെങ്കിൽ കലയുടെ ലക്ഷ്യം പൂർണ്ണതയിലെത്തി എന്നർത്ഥം. നിങ്ങളുടെ അസ്വസ്ഥത അസഹിഷ്ണുതയായി പരിണമിക്കാൻ അനുവദിക്കാതെ ചിന്തയായി പരിവർത്തനം ചെയ്യുക. മാറുക. മാറ്റുക. മാറ്റമില്ലാത്ത ലോകത്തേക്ക് മാറ്റത്തിന്റെ മഹാ വിപ്ലവം കടലായി ഇരമ്പിയിട്ടുള്ളത് കലയുടെ കാഹളത്തിന്റെ അലയൊലിയിലാണ്. അത് അന്നും ഇന്നും ഇനി എന്നും അങ്ങനെ തന്നെയായിരിക്കുകയും ചെയ്യും. നിങ്ങളെത്ര കലാകാരന്മാരെ കലാകാരികളെ ബഹിഷ്കരിച്ചാലും അക്രമിച്ചാലും കലയെന്നും കനക ലിപികളിൽ ചരിത്രമെഴുതും.

profile

Vaishakh Venkilodu

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.