Monday, December 23, 2024

മാലിക്

കേരളം മനപൂർവം മറവിയിലേക്ക്‌ തള്ളിയ ബീമാപ്പള്ളി വെടിവെപ്പ്‌ വീണ്ടും കേരളീയ പൊതുസമൂഹത്തിനു മുന്നിൽ ചർച്ചക്കായ്‌ കൊണ്ട്‌ വരികയാണ്‌ 'മാലിക്‌' എന്ന സിനിമ. ഭരണകൂടത്തിന്റെ മൂക്കിനു താഴെയിരുന്നു പോലീസുകാർ പ്ലാൻ ചെയ്ത്‌ നടപ്പാക്കിയ ഒരു കൂട്ട കൊലപാതകമായിരുന്നു ബീമാപ്പള്ളി വെടിവെപ്പ്‌. അക്കാലത്തെ കേരളത്തിലെ ഏക അന്താരാഷ്ട്ര വിമാനത്താവളമായ തിരുവനന്തപുരത്തുകൂടെ കള്ളക്കടത്തായും, കസ്റ്റംസ്‌ പിടിക്കുന്നവ ലേലത്തിൽ പിടിച്ചും വിൽപന നടത്തിയാണ്‌ ബീമാപ്പള്ളി സമാന്തര മാർക്കറ്റ്‌ ഉണ്ടാവുന്നത്‌ . ബോംബെയിലെ ചോർമാർക്കറ്റ്‌ പോലെ മോഷ്‌ടിച്ച സധനങ്ങൾ ആയിരുന്നില്ല, ഡ്യൂട്ടി അടക്കാതെ ഇറക്കുമതി ചെയുന്ന സാധനങ്ങളായിരുന്നു അവിടെ വിറ്റിരുന്നത്‌.

Advertise

advertise

Click here for more info

ബീമാപ്പള്ളി മേഖലയിൽ മുസ്ലിങ്ങൾ കൂട്ടമായും, തൊട്ടടുത്ത ചെറിയ തുറയിൽ ലത്തീൻ കൃസ്ത്യാനികൾ കൂട്ടമായുമാണു താമസിക്കുന്നത്‌. പോലീസിനും നിയമസംവിധാനങ്ങൾക്കും 'പ്രവേശനമില്ലാത്ത' സെൻസിറ്റീവ്‌ ആയ ഏരിയകളായിരുന്നു ഇവിടങ്ങൾ. ബീമാപ്പള്ളി എരിയയിൽ നടക്കുന്ന അനധികൃത ഇടപാടുകൾ പോലീസുകാരുടെ ഈഗോയെ ഹർട്ട്‌ ചെയ്തിരുന്നു. പോലീസിന് നിയമത്തിനാധാരമായി പ്രവർത്തിക്കാൻ പറ്റാത്ത പ്രദേശം ആയത്‌ കൊണ്ട്‌ തന്നെ, എന്തെങ്കിലും കാരണം കിട്ടി കേരള പോലീസിന്റെ 'ശക്തി തെളിയിക്കാൻ' കാത്തിരിക്കുകയായിരുന്നു അവർ. ചെറിയ തുറക്കാരനായ 'കൊംബ്‌ ഷിബു' എന്നൊരു ഗുണ്ട ബീമാപ്പള്ളി ഏരിയയിൽ നിന്ന് കടകളിൽ നിന്നൊക്കെ പൈസ പിരിക്കുമായിരുന്നു. 'താൻ എയിഡ്സ്‌ രോഗിയാണ്‌, രക്തം ചീറ്റിക്കും' എന്ന് പറഞ്ഞ്‌ ഒരു ബ്ലേഡ്‌ എടുത്ത്‌ നീട്ടിയാണ്‌ ഷിബു ഗുണ്ടാപ്പണി ചെയ്തിരുന്നത്‌. ഷിബുവിനെതിരെ പലതവണ കച്ചവടകാരും, ബീമാപ്പള്ളി ജമാഅത്‌ കമ്മിറ്റിയും പരാതിപെട്ടിട്ടും പോലീസ്‌ യാതൊരു നടപടിയും എടുത്തില്ല. ചെറിയ തുറ ഇടവകയിൽ നിന്ന് പുറത്താക്കപ്പെട്ട ഷിബു, ചെറിയ തുറക്കാരുടെയും പൊതു ശല്യമായിരുന്നു. പോലീസുകാരുമായ്‌ വളരെ അടുപ്പമായിരുന്നു ഷിബുവിന്‌.

Advertise

advertise

Click here for more info

2009 മെയ്‌ 16 ആം തീയതി കൊംബ്‌ ഷിബു ബീമാപ്പള്ളിയിലെ ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച്‌ പൈസ കൊടുക്കാതെ ‌ ഗുണ്ടായിസം എടുത്തപ്പോൾ, അവിടെയുള്ള കടക്കാർ ഷിബുവിനെ കൈകാര്യം ചെയ്തു. അടികൊണ്ട്‌ തിരിച്ചുപോയ ഷിബു ഗുണ്ടാസംഘവുമായ്‌ തിരികെ വന്ന് ബീമാപ്പള്ളിക്കാരുടെ വള്ളവും വലയും തീയിട്ട്‌ നശിപ്പിച്ചതോടെ സ്ഥലം സംഘർഷഭരിതമായ്‌. ഉടൻ തന്നെ തിരുവനന്തപുരം ജില്ലാ കളക്ടർ സഞ്ജയ്‌ കൗളും, അസിസ്റ്റന്റ്‌ കളക്റ്റർ കെ ബിജുവും ചേർന്ന് സമാധാന യോഗം വിളിക്കുകയും, കൊംബ്‌ ഷിബുവിനെ ഉടൻ അറസ്റ്റ്‌ ചെയ്യാം എന്ന് പോലീസ്‌ ഉറപ്പ്‌ നൽകുകയും ചെയ്തു. പോലീസുകാരുമായ്‌ നല്ല അടുപ്പം ഉണ്ടായിരുന്ന ഷിബു ഏതാനും ദിവസങ്ങൾക്ക്‌ മുൻപ്‌ മാത്രമാണു ജയിലിൽ നിന്ന് ഇറങ്ങുന്നത്‌. (സംഘർഷം ഉണ്ടാക്കാൻ ഷിബുവിനെ പോലീസ്‌ വിട്ടതാണെന്നാണ്‌ സിനിമ പറയുന്നത്‌) എന്നാൽ അറസ്റ്റ്‌ ചെയ്യേണ്ട ഷിബു പിറ്റേദിവസം രാവിലെ ബീമാപ്പള്ളി സ്വദേശികൾ  സഞ്ചരിച്ച വാഹനം ചെറിയ തുറയിൽ തടഞ്ഞ്‌ അക്രമിക്കുന്നതാണ്‌ ജനം കാണുന്നത്‌. അതോടെ കാര്യങ്ങൾ കൈവിട്ട്‌ തുടങ്ങി. സംഘർഷം ഇരുവിഭാഗം തമ്മിൽ ഉള്ള കല്ലേറിൽ എത്തുകയും ചെയ്തു. ഇതോടെ ബീമാപ്പള്ളി ജംഗ്ഷനിൽ ക്യാംബ്‌ ചെയ്തിരുന്ന പോലീസ്‌ കടപ്പുറത്തേക്ക്‌ വന്നപ്പോൾ ഇരുവിഭാഗം സംഘടിച്ച് നിൽക്കുന്നത്‌ കണ്ടു, യാതൊരു മുന്നറിയിപ്പും കൂടാതെ ഒരു വിഭാഗത്തിന്‌ നേരെ വെടി വെക്കുകയും, പോലീസിനെ കണ്ട്‌ പിൻതിരിഞ്ഞ്‌ ഓടുന്നവരെ പിന്നിൽ നിന്ന് വെടിവെച്ച്‌ വീഴ്ത്തുകയുമായിരുന്നു.

Advertise

advertise

Click here for more info

സംഘർഷ സ്ഥലത്ത്‌ ടിയർ ഗ്യസ്‌, ജലപീരങ്കി, ലാത്തിചാർജ്ജ്‌ നടത്തി പിരിഞ്ഞ്‌ പോയില്ലെങ്കിൽ ആകാശത്തേക്ക്‌ വെടിവെച്ചതിനു ശേഷം മാത്രം മുട്ടിന്‌ താഴെ വെടിവെക്കാൻ പാടുള്ളു എന്നാണ്‌. എന്നാൽ പോലീസ്‌ വന്നിറങ്ങിയ ഉടൻ വെടിവെപ്പ്‌ തുടങ്ങുകയായിരുന്നു. ആദ്യം വെടിവെച്ചിട്ടത്‌ ബീചിൽ ക്രിക്കറ്റ്‌ കളിച്ചിരുന്ന 16 വയസുള്ള ഫിറോസിനെയാണ്‌. വെടിവെച്ചിട്ട ഫിറോസിനെ കാലിൽ പിടിച്‌ ബീച്ചിലൂടെ വലിച്ചിഴച്ച് കൊണ്ട്‌ പോകുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ വഴി പുറത്ത്‌ വന്നിരുന്നു. അതിക്രൂരവും ഏകപക്ഷീയവുമായ വെടിവെപ്പിൽ 6 യുവാക്കൾ മരിക്കുകയും, 52 പേർക്ക്‌ പരിക്കേൽക്കുകയും ചെയ്തു . 70 റൗണ്ട്‌ വെടിവെക്കുകയും, 40 റൗണ്ട്‌ ഗ്രനേഡ്‌ എറിയുകയും ചെയ്തു എന്നാണ്‌ പറയപ്പെടുന്നത്‌. വെടിയേറ്റു വീണവരെ തോക്കിന്റെ പാത്തികൊണ്ട്‌ അടിക്കുകയും, നിലത്തിട്ട്‌ വലിച്ചിഴക്കുകയും ചെയ്തു. മുൻ കൂട്ടി തീരുമാനിച്ചത് പോലെ പിന്നീട്‌ പോലീസ്‌ ഉണ്ടാക്കിയ കഥകളാണ്‌ മാധ്യമങ്ങളും ഏറ്റുപിടിച്ചത്‌. പോലീസിനെ ആക്രമിക്കാൻ വന്നപ്പോൾ സ്വയ രക്ഷാർത്ഥം വെടിവെച്ചു, ചെറിയ തുറ പള്ളി തകർക്കാൻ ശ്രമിച്ചു, നിരോധിത സ്ഫോടകവസ്തുക്കൾ കണ്ടുകിട്ടി, തുടങ്ങി 'ചെറിയ തുറ വെടിവെപ്പ്‌' എന്ന് പേരുമാറ്റി വരെ വിളിച്ചു. അതായത്‌ ബീമപ്പള്ളിക്കാർ ചെറിയതുറയിൽ ആക്രമിക്കാൻ ചെന്നപ്പോൾ അവിടെ വെച്ച് വെടിവെപ്പുണ്ടായി എന്ന പൊതുബോധം സൃഷ്ടിക്കാൻ വേണ്ടിയാണ്‌. വെടിവെപ്പ്‌ തുടങ്ങുന്നത്‌ ഉച്ചക്ക്‌ രണ്ട്‌ മണിക്കാണ്‌. നാലുമണിക്കാണ്‌ സബ്‌ കളക്റ്റർ കെ ബിജു സ്ഥലത്ത്‌ വരുന്നത്‌. പക്ഷെ പോലീസ്‌ റിപ്പോർട്ടിൽ സബ്‌കളക്റ്ററുടെ ഉത്തരവ്‌ അനുസരിച്ചാണ്‌ വെടിവെച്ചത്‌ എന്നാണ്‌. ഇത്‌ സബ്‌ കളക്റ്റർ തന്നെ പിന്നീട്‌ നിഷേധിച്ചു.

Advertise

advertise

Click here for more info

വെടിവെപ്പിനെ കുറിച്ച് അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട്‌ ഇതുവരെയും ഒരു സർക്കാരും പുറത്ത്‌ വിട്ടിട്ടില്ല. എന്നാൽ ജില്ലാ കളക്ടറും, ആർഡിഒ യും പോലീസിനെതിരായാണ്‌ മൊഴി നൽകിയത്‌. ഈ സിനിമയിൽ പറയുന്നത്‌ ബീമാപ്പള്ളിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കി സംഘർഷാവസ്ഥ ഉണ്ടാക്കാൻ കൊംബു ഷിബുവിനെ പോലീസ്‌ പറഞ്ഞയച്ചതാണെന്നാണ്‌. നാട്ടുകാരുടെ വാക്കുകളും അത്‌ ശരിവെക്കുന്നതാണ്‌. ബീമാപ്പള്ളി മേഖലയിലേക്ക്‌ കടന്ന് കയറാൻ കഴിയാത്ത ദേഷ്യം, ഒരു തിരക്കഥ തയ്യാറാക്കി തീർക്കുകയായിരുന്നു പോലീസ്‌ അവിടെ. ഇരുവിഭാഗം ജനങ്ങളുടെയും പൊതു ശല്യമായ കൊംബ്‌ ഷിബുവിനെതിരെ നടപടി എടുത്താൽ മാത്രം മതിയായിരുന്നു ആ സംഘർഷം ഒഴിവാക്കാൻ. പോലീസ്‌ സമർത്ഥമായ തിരക്കഥ തയാറാക്കി മുന്നറിയിപ്പില്ലാതെ ‌ അതിക്രൂരമായ്‌ 60 ഓളം പേരെ പിന്നിൽ നിന്ന് വെടിവെച്ചു വീഴ്ത്തുകയായിരുന്നു അന്നവിടെ. അതിനു ശേഷം നിരോധിത ആയുധങ്ങൾ, തീരദേശം വഴി സ്ഫോടക വസ്തുക്കൾ എത്തുന്നു എന്നൊക്കെ പോലീസിന്റെ തിരക്കഥ വെള്ളം ചേർക്കാതെ വിഴുങ്ങുകയായിരുന്നു മാധ്യമങ്ങളും പൊതുജനവും. അന്നത്തെ ഇടത്‌ സർക്കാരോ, കളക്ടറോആർഡിഒ യോ അറിയാതെ പോലീസ്‌ തയാറാക്കിയ റിവഞ്ച്‌ ആയിരുന്നു അന്നവിടെ സംഭവിച്ചത്. എന്നാൽ അന്നത്തെ ഇടത്‌ സർക്കാരിന്‌ സംഭവിച വീഴ്ച എന്തെന്നാൽ കേവല സസ്പെൻഷൻ കഴിഞ്ഞ്‌ ഈ പോലീസുകാരെ എല്ലാം തിരിച്ചെടുത്തു എന്നതാണ്‌. ഒരു പ്രതിയും അറസ്റ്റിലായുമില്ല, മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കും നീതി കിട്ടിയുമില്ല. എന്തായാലും കേരളത്തിലെ ആദ്യത്തെ പോലീസ്‌ വെടിവെപ്പായ വിമോചന സമര വെടിവെപ്പ്‌ മുതൽ എല്ലാ പോലീസ്‌ ആക്ഷനും വലിയ തോതിൽ തന്നെ ചർച്ച ചെയ്യുബോൾ മനപൂർവം മറവിയിലേക്ക്‌ തള്ളിയ ബീമാപ്പള്ളി കൂട്ടക്കൊല വരും ദിവസങ്ങളിൽ ചർച്ചയാക്കാൻ ഈ സിനിമക്ക്‌ കഴിയും.

ഇത്രയൊക്കെ നന്നായ്‌ റിസർച്ച്‌ നടത്തി നിർമിച്ച സിനിമയിൽ യന്ത്രത്തോക്ക്‌ ഉപയൊഗിച്ച് നടത്തുന്ന കൗണ്ടർ ഫയറിങ്ങിൽ പോലീസ്കാർ കൊല്ലപ്പെടുന്നതും, സബ്‌ കളക്ടർ (യഥാർത്തതിൽ കെ ബിജു IAS) ക്രൂരമായ്‌ അക്രമിക്കപ്പെടുന്നു എന്നൊക്കെ കാണിച്ചത് എന്തിനാണെന്ന് മനസിലായില്ല. യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണത്.

By
Anish Shamsudheen

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.