Monday, December 23, 2024

ഉൽബത്തിലേക്കൊരു കത്ത്

എൻ്റെ ജീവൻ്റെ ജീവനായ മകന് മുഖം കാണാതെ തന്നെ നിന്നെ ഈ ഭൂമിയിൽ ഏറ്റവും കൂടുതൽ സ്നേഹിച്ച് കൊണ്ടിരിക്കുന്ന നിൻ്റെ മമ്മ എഴുതുന്നത്,

ഈ ഒരു നിമിഷത്തിനായി കഴിഞ്ഞ 39 ആഴ്ചകളും 3 ദിവസവും ഞാൻ അക്ഷമമായി കാത്തിരുന്നു. നീ എൻ്റെ ഉള്ളിൽ ഉണ്ടെന്ന് ഞാൻ അറിഞ്ഞ നിമിഷം എനിക്കുണ്ടായ സന്തോഷം ഒരു പക്ഷേ വാക്കുകളാൽ  പ്രകടമാക്കാവുന്നതിലും അപ്പുറത്താണ്.. എന്നാലും നിനക്ക് വളർച്ചയും, ഹാർട്ട് ബീറ്റും എന്തിന് ജീവൻ പോലും ഇല്ലെന്ന ഡോക്ടർമാരുടെ വാക്കുകൾ കേട്ട് ജീവനറ്റ് നിന്നിട്ടുണ്ട്.. ഗർഭപാത്രം തേങ്ങി കരഞ്ഞിട്ടുണ്ടാവണം, ചോര തിണത്ത് നിന്നെക്കാൾ വലിയ ഒരു പാടായി സ്കാനിംഗിൽ കണ്ടത്.. അഞ്ചിൽ 4 ഡോക്ടർമാരും പറഞ്ഞത് D&C ക്ക് മാനസികമായി തയ്യാറെടുക്കാൻ ആയിരുന്നു. ഒരു ഡോക്ടർ മാത്രം പറഞ്ഞു, പ്രതീക്ഷ കൈ വിടണ്ട, മെഡിക്കൽ സയൻസിൽ എന്തെങ്കിലും വഴി കാണുമെന്ന്. ആ പ്രതീക്ഷ, ആ ഒരൊറ്റ പ്രതീക്ഷ മാത്രമാണ് എന്നെ പിന്നീടങ്ങോട്ടുള്ള ഒരു മാസം കൈ പിടിച്ച് നടത്തിയത്.. കരച്ചിൽ മാത്രമായിരുന്നു.. ബി പി ഡീ പതിവിലും മൂർച്ഛിച്ചു. മരുന്ന് എടുക്കൽ റിസ്ക് ആയത് കൊണ്ട് കടിച്ച് പിടിച്ച് നിന്നു. ഒരു മാസത്തിനു ശേഷം ചെക്ക് അപ്പ് ന് പോയപ്പോൾ, വയറിൽ ജെൽ തടവി സ്കാനിംഗ് സിസ്റ്റത്തിൽ എനിക്കൊരു ശബ്ദം കേൾപ്പിച്ച് തന്നു... ആ ശബ്ദത്തിന് എൻ്റെ കാതുകളെയും താണ്ടി ഹൃദയത്തിൽ തറക്കാനുള്ള കെല്പുണ്ടായിരുന്നു.

പാതി നിലച്ച എൻ്റെ പ്രതീക്ഷകൾക്ക് പുതു ജീവൻ നൽകി നിൻ്റെ ഹൃദയം ദ്രുതഗതിയിൽ ഇടിക്കുന്ന ആ നേർത്ത ശബ്ദം എൻ്റെ മരവിച്ച മനസ്സിന് കുളിർമയേകി.. അത് കഴിഞ്ഞ് വന്ന മാസങ്ങളിൽ ഉണ്ടായ ബ്ലീഡിംഗ് എന്നെ വല്ലാതെ ആശങ്കാകുല ആക്കിയെങ്കിലും ആഴ്ചതോറും ഉള്ള ഇഞ്ചക്ഷനും ദിവസത്തിൽ 3 നേരം ഉള്ള ടുഫസ്‌ടനും രാത്രിയിൽ ഉള്ള പ്രോജസ്ട്ര 400 യും നിന്നെ കൂടുതൽ ശക്തിയിൽ വളരാൻ സഹായിച്ചു.. ഇത്രയൊക്കെ ആയിട്ടും എന്നെ വിട്ട് പോകാൻ നി കാണിക്കാത്ത ആ ധൈര്യം ആണ് കുഞ്ഞേ എന്നെ ഇത്രയും നാൾ വഴി നടത്തിയത്.. ആൺ കുഞ്ഞാണ് നീ എന്ന് അറിഞ്ഞപ്പോൾ(ഞാൻ ഗർഭം ധരിക്കുന്നത് ദുബായിൽ വച്ചാണ്) നിൻ്റെ ഡാഡ നിർദ്ദേശിച്ച പ്രകാരം 'എസാക്ക്' എന്ന് പേരിടാൻ തീരുമാനിച്ചു.. 'എസാക്ക്' എന്നാൽ 'വഴികാട്ടി', മാനസിക ആരോഗ്യം വളരെ മോശമായപ്പോഴും ആത്മഹത്യ ചെയ്യാതെ എന്നെ കൈ പിടിച്ച് നടത്തിയ എൻ്റെ വഴികാട്ടി തന്നെ ആയിരുന്നു നീ എനിക്ക്. ഇനി എനിക്ക് പറയാൻ ഉള്ളത് മുഴുവനായും നീ  കേട്ടു കൊള്ളുക...

നിൻ്റെ ഇത്രയും നാളത്തെ ഇടുങ്ങിയ ഇരുണ്ട ഒരു മാംസ ഭിത്തിയാൽ പൊതിഞ്ഞ 7 തൊലിക്കട്ടിയുള്ള ഊഷ്മളമായ ഒരു അറ അല്ല നി ഇനി കാണാൻ ഉള്ള ലോകം.. അത് വളരെ വിശാലമായി പരന്നങ്ങനെ കിടക്കുകയാണ്.. പരന്ന വിശാലമായ ഒരു ലോകം എന്നത് സാഹിത്യപരമായ ഒരു പ്രയോഗമായി മാത്രമേ നീ കാണാൻ പാടുള്ളു. കാരണം ചില അപരിഷ്‌കൃത ഗോത്രീയ കൃതികൾ ഭൂമിയെ പരത്തി വച്ചിരിക്കുന്നതായി കാണാം. നിൻ്റെ കുലം - മനുഷ്യൻ, ജാതി - പുരുഷൻ.. ഞാനിവിടെപറഞ്ഞ ആ പുരുഷൻ എന്ന ജാതി പോലും സാധ്യത മാത്രമാണ് ഭാവിയിൽ വികാസം പ്രാപിക്കുന്ന നിന്റെ തലച്ചോറാണ് അതും നിശ്ചയിക്കുക,  ഇവിടെ ജനിച്ച് വീഴുന്ന മനുഷ്യർ ഏത് മതത്തിൽ ആയിരിക്കണം എന്ന് അവരുടെ മാതാപിതാക്കൾ ആണ് നിശ്ചയിക്കുന്നത്. ഹാ മതം എന്തെന്ന് നിനക്കറിയില്ല അല്ലെ...? വെറും 7000 വർഷം മാത്രം പഴക്കമുള്ള ഗോത്രീയമായ കുറച്ച് മൂഢ ആചാരങ്ങൾ ആണ് മതം. അതിലും എത്രയോ വലുതാണ് സെക്സ്ട്രില്ലയൻ വർഷങ്ങൾ പഴക്കമുള്ള പ്രപഞ്ചം എന്ന സത്യം.. മതം എന്നത് പുരാതനമായ ഒരുകെട്ട് മിത്ത് മാത്രമാണ്. കൃത്യമായ തെളിവുകളോ, യുക്തിപരമായ ഉത്തരങ്ങളോ ഇല്ലാത്ത കോപ്രായങ്ങൾ ആണ്. അത് കൊണ്ട്, നിൻ്റെ ജന്മാവകാശമാണ് മനുഷ്യൻ ആയി ജനിക്കൽ.. നിന്റെ അമ്മയായ ഞാൻ ജനിച്ചു വീണപ്പോൾ എൻ്റെ മുകളിൽ നിർബന്ധിതമായ രോഗമായിരുന്നു ഇസ്ലാം എന്ന മതം. കാരണം എൻ്റെ മാതാപിതാക്കൾ ഇസ്ലാം മത വിശ്വാസികൾ ആണ്. അങ്ങനെ സെക്ഷ്വലി ട്രാൻസ്മിറ്റഡ് ആയി കിട്ടിയ ഒരു രോഗമാണ് എനിക്ക് എൻ്റെ മതം.. രോഗം മൂർച്ചിച്ചപ്പോൾ അത് ഞാൻ തന്നെ വായന കൊണ്ട് ചികിത്സിച്ചു മാറ്റി. ഇപ്പൊൾ ഞാൻ വെറും മനുഷ്യസ്ത്രീ മാത്രമാണ്.. പ്രാർത്ഥന കൊണ്ട് ഈ ലോകത്തിൽ ഒരു ചുക്കും സംഭവിച്ചിട്ടില്ല.. മനുഷ്യന്  ഈ ഭൂമിയിൽ സഹായിക്കാൻ അവന്റെ വികാസം പ്രാപിച്ച മസ്തിഷ്‌കം തന്നെയേ ഉളളൂ. അതു കൊണ്ട് 'മാനവികത' അല്ലാതെ ഒരു പ്രാർത്ഥനയും നീ പഠിക്കേണ്ടതില്ല. പ്രായപൂർത്തി ആവുന്നത് വരെ ഭാഷയും, ചരിത്രവും, ശാസ്ത്രവും മാത്രമേ നിന്റെ തലച്ചോറിലേക്ക് ഞാൻ പങ്കിടുകയുള്ളൂ, ഗോത്രീയമായ കപടതകൾ ഒന്നും നിന്നിൽ അടിച്ചേൽപ്പിക്കാൻ ഞാൻ ആരെയും സമ്മതിക്കില്ല. ഇല്ലാത്ത കുറെ കല്ലുവെച്ച നുണകൾ പറഞ്ഞ് നിന്നെ കബളിപ്പിക്കാൻ ഞാൻ ആരെയും അനുവദിക്കുകയും ഇല്ല. ഇനി അഥവാ നിനക്ക് മതം വേണമെന്ന് തോന്നുകയാണെങ്കിൽ ലോകത്തിൽ ഉള്ള 4500ൽ പരം മതങ്ങളിൽ ഒന്ന് തിരഞ്ഞെടുക്കാം, അതും പ്രായപൂർത്തി ആയതിനു ശേഷം നിൻ്റെ അവബോധത്താൽ മനസ്സിലാക്കിയ ശേഷം. നിന്നിൽ പ്രതീക്ഷയുടെ അമിത ഭാരം ഒന്നും തന്നെ എനിക്കില്ല.. അമ്മ എന്ന നിലക്ക് എനിക്ക് നിന്നോട് ആകെ ആവശ്യപ്പെടാൻ ഉള്ളത്  "തെളിവുകൾ ആധാരമാക്കി, യുക്തിപരമായി ചിന്തിച്ച് നിനക്ക് ശരിയായി തോന്നുന്ന കാര്യങ്ങൾ മാത്രം ചെയ്യുക. നിൻ്റെ രാജ്യം അനുവദിക്കുന്ന നിയമം അനുശാസിക്കുന്ന രീതിയിൽ ഉള്ള എന്ത് തരം വിനോദങ്ങളും നിനക്ക് ഏർപ്പെടാം അത് ആസ്വദിക്കാം.. നിയമം അനുശാസിക്കാത്ത യാതൊന്നും ചെയ്യരുത്.. സഹജീവികളോട് കരുണയോടെ വർത്തിക്കുക. അതായത്, നിന്നെ കൊണ്ട് കഴിയുന്ന സഹായങ്ങൾ ചെയ്ത് കൊടുക്കാൻ നീ പ്രതിജ്ഞബദ്ധൻ ആവണം. ഉദാഹരത്തിനു, നിൻ്റെ കയ്യിൽ മതിയായ കാശില്ലെങ്കിൽ നിന്നെ കൊണ്ടാവുന്ന വിധം നി ഉദാര മനസ്കൻ ആവുക.. രക്തദാനം, മരണാനന്തരം അവയവദാനം, ശരീരദാനം എന്നിവ നിനക്ക് ചെയ്യാവുന്നതാണ്. ഓർക്കുക മകനെ, മനുഷ്യത്വം നിൻ്റെ ഔദാര്യാമല്ല, മറിച്ച് നിൻ്റെ കടമയും ഉത്തരവാദിത്വവും കൂടിയാണ്. സ്ത്രീകളോട് ഇടപെടുമ്പോൾ തുല്യത പുലർത്തണം. അത് പറയാൻ കാരണം നീ കാണാൻ പോകുന്ന ലോകത്തിൽ പുരുഷനിർമ്മിത സമൂഹത്തിൻ്റെ ബാക്കിപത്രങ്ങൾ ആണ് സ്ത്രീകൾ. നീ  വളർന്ന് നിന്റെ മനസ് പക്വപ്പെടുമ്പോൾ, നിൻ്റെ ലൈംഗിക നിർവൃതിക്കായി ആരെയും ഉപയോഗിക്കാതെ ഇരിക്കുക, പാഴ് വാക്കുകൾ കൊടുത്ത് ആരെയും വഞ്ചിക്കാതിരിക്കണം. പരസ്പര ധാരണയോടെ കൂടി മാത്രം മെത്ത പങ്കിടുക. കാമച്ചുവയോടുള്ള നോട്ടമോ, സംസാരമോ വേണ്ട, അത് മറ്റുള്ളവരിൽ വേദന ഉണ്ടാക്കും, അതിൽ നിന്ന് പരമാവധി ഒഴിഞ്ഞു നിൽക്കുക. മുകളിൽ പറഞ്ഞത് ആവർത്തിക്കട്ടെ ജനിക്കുന്നത് പുരുഷൻ എന്ന സാധ്യതയിൽ മാത്രമാണെന്നും, നിന്റെ തലച്ചോറാണ് നിന്റെ സെക്ഷ്വലിറ്റി തീരുമാനിക്കുന്നതെന്നും നീ മനസിലാക്കണം. സമൂഹത്തിൽ നിന്നേ വിലയിരുത്താനും തിരുത്താനും അനവധി ക്യാമറാക്കണ്ണുകൾ കാണും, അവരെ പൂർണ്ണമായും തള്ളിക്കളയുക. നിൻ്റെ ശരികളെ നിനക്ക് ശരിയായി തോന്നുന്നുണ്ടെങ്കിൽ അതിന് ന്യായീകരണം വേറെ ആർക്കും കൊടുക്കേണ്ട ആവശ്യമില്ല. നീ നീ ആയിട്ട് ജീവിച്ചാൽ മതി. ഒരാളെയും സന്തോഷിപ്പിച്ചു, ആരുടെയും പ്രീതിപാത്രമായി ജീവിക്കേണ്ടതില്ല. മോഷണം, ചതി, വഞ്ചന, കൊലപാതകം, അഴിമതി, ബലാത്സംഗം, വ്യക്തിഹത്യ, മുതലായ നീചപ്രവർത്തികളിൽ നിന്നും മാറി നിൽക്കുക. വംശീയത ചിന്തിക്കുകയേ അരുത്. എല്ലാവരോടും സ്നേഹത്തിലും സൗമ്യമായും മാത്രം ഇടപഴകുക. മനസ്സാക്ഷിക്ക് നിരക്കാത്ത ഒന്നും ചെയ്യരുത്. അസ്തിത്വം എവിടെയും അടിയറവ് വെക്കരുത്. ഉപരി പഠനവും കരിയറും നിൻ്റെ മാത്രം തീരുമാനമാണ്. നിൻ്റെ അന്നത്തിനുള്ള വഴി നിനക്ക് തിരഞ്ഞെടുക്കാം. പഠനം ആണെങ്കിൽ അങ്ങനെ, കലാ - കായിക രംഗം ആണെങ്കിൽ അങ്ങനെ.. ഒരാളുടെയും വ്യക്തി സ്വാതന്ത്ര്യത്തിലോട്ട് ഇടിച്ചു കേറാതെ ജീവിക്കുക. ജീവിതം ഒറ്റക്കോ അല്ലെങ്കിൽ പങ്കാളിയുമായോ ജീവിക്കാം.. നിൻ്റെ തീരുമാനമാണ്. വയസു കാലത്ത് ഞങ്ങൾ മാതാപിതാക്കളെ ശുശ്രൂഷിക്കണമെന്നോ, ചിലവിനു തരണമെന്നോ എനിക്ക് വാശിയില്ല, നിനക്കത് തോന്നുന്നുവെങ്കിൽ മാത്രം ചെയ്യാം അല്ലെങ്കിൽ വേണ്ട. നിൻ്റെ ലോകം നീ ഇല്ലാതാകുന്നതോട് കൂടി തീരും അത്കൊണ്ട് അത് വളരെ അധികം സന്തോഷത്തോടെ, ആസ്വദിച്ച് മാനവിക മൂല്യത്തോടെ ജീവിക്കുക. പൗരസ്ഥ ബോധം മുറുകെ പിടിക്കുക. നിൻ്റെ ജീവിതം കൊണ്ട് മൂല്യബോധമുള്ള വ്യക്തി ആയി ജീവിച്ച്,ശാസ്ത്ര ബോധവും, യുക്തി ചിന്തയും, മാനവികതയുമുള്ള നല്ലൊരു സമൂഹം വാർത്തെടുക്കുന്നതിൽ നിനക്കു കർമനിരതൻ ആവാൻ സാധിക്കട്ടെ, അങ്ങനെ നിനക്ക് ഈ ലോകത്തിൽ നിൻ്റെ പാദ മുദ്ര പതിപ്പിക്കാൻ കഴിയട്ടെ.. മനുഷ്യൻ ആവുക, നന്മയുള്ള ഒരു മനുഷ്യൻ മാത്രം ആവുക എന്നുള്ളതിൽ കുറഞ്ഞ് എനിക്ക് ഒന്നും തന്നെ നിന്നോട് ആവശ്യപ്പെടാൻ ഇല്ല.

 "ഞാൻ ജനിച്ചത് ഹിന്ദുവായിട്ടാണെങ്കിലും, ഞാൻ ഹിന്ദുവായി മരിക്കില്ലെന്ന് ഉറപ്പുനൽകുന്നു." എന്ന നീ ജനിച്ച രാജ്യത്തിന്റെ ഭരണഘടനാ ശില്പിയായ ഡോ ബി ആർ അംബേദ്‌കറിന്റെ വാക്കുകൾ ഉദ്ധരിച്ച് എന്റെ പൊന്നു മോനേ... ഞാൻ നിന്നെ ഈ ലോകത്തിലോട്ട് സ്വാഗതം ചെയ്യട്ടെ..

 എന്ന്,

നിന്നെ ഒരുപാട് ഒരുപാട് സ്നേഹിക്കുന്ന,
നിൻ്റെ മമ്മാ

profile

Aami

Click the button below to join our whats app groups>>
Click the 'Boost' button to push this article to more people>>

profile

boost

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.