Monday, December 23, 2024

ഭീരുക്കളാണ് സംഘം ചേരുക

ഭീരുക്കളാണ് സംഘം ചേരുക, ഒറ്റയ്ക്ക് നിന്നാൽ മുട്ടുവിറയ്ക്കുന്നവർ;
സ്വന്തം അഭിപ്രായം പറയാൻ ചങ്കുറപ്പില്ലാത്തവർ... ഇവരെല്ലാം, ഒരു ബലത്തിനുവേണ്ടി ആൾക്കൂട്ടത്തെ സമീപിക്കും. കുറേയൊക്കെ സ്വന്തം ചിന്താഗതിയുള്ളവരുടെ സംഘത്തെയായിരിക്കും ഇവർ തിരഞ്ഞെടുക്കുക.

ഇവർക്കുമുമ്പേ വന്നുകൂടിയ ഭീരുവും പുതിയതായിച്ചേർന്നവരുടെ പുത്തൻഭീരുത്വവും കൂടിച്ചേർന്ന് ആ സംഘത്തെയാകമാനം ഒരു ഭയം പിടികൂടും. ഭീരുക്കളുടെ കൂട്ടം ഒന്നുചേർന്ന് ഒരു ദേഹമായിമാറി, വലിയൊരു ഭീരുവായിത്തീരും. ചുറ്റുനിന്നും സംഘത്തെ ആക്രമിക്കാനും തകർക്കാനും നിരന്തരം ശ്രമങ്ങൾ നടക്കുന്നു എന്ന് ഈ ആൾക്കൂട്ടം ഇടയ്ക്കിടെ പരാതിപ്പെടും.

സ്വയം ശക്തമെങ്കിൽ; ആരുവിചാരിച്ചാലും ഞങ്ങളെ തകർക്കാനാവില്ല എന്ന യുക്തി ഇവർ ഭയത്താൽ മറക്കും.
തിരിച്ചടിക്കില്ലെന്നുറപ്പുള്ള വ്യക്തികളേയോ സംഘങ്ങളേയോ ; പ്രത്യാക്രമണം എന്ന പേരിൽ ഇവർ ആക്രമിച്ചുകളയും.
ഡോൺ ക്വിക്സോട്ടിനേപ്പോലെ, നിരന്തരം രണഭൂമിയിലാണ് സംഘം എന്നാണ്, സംഘം സ്വയം കരുതുക. അപ്പുറത്തുള്ള ; അടികൊണ്ട ആ പാവംപിടിച്ച സംഘം തിരിച്ചടിക്കുന്നില്ലെന്നുറപ്പായാൽ, ഇടക്കിടയ്ക്ക് ഓരോ കാരണം പറഞ്ഞ് ഈ പ്രത്യാക്രമണം ഇവർ ആവർത്തിക്കും.
ഇത്, സംഘം സ്വയം ധൈര്യപ്പെടാൻ ശ്രമിക്കുന്നതിൻ്റെ ഭാഗമായുള്ള ഭീരുത്വത്തിൽനിന്ന് ഉടലെടുക്കുന്നതാണ്.

പിന്നെപ്പിന്നെ, നമ്മൾ ആക്രമണം മുൻകൂട്ടിക്കണ്ട് പ്രത്യാക്രമണം നടത്തിയ അപ്പുറത്തെ സംഘം; അഥവാ ഒരു നാൾ,
നമ്മളേക്കാൾ എണ്ണം വർദ്ധിച്ച് തിരിച്ചടിച്ചാലോ എന്ന ഭയം ഈ കൂട്ടത്തെ പിടികൂടും. അപ്പോൾ പരക്കംപാച്ചിലായി. അംഗത്വ വർദ്ധനയാണ് ഏകമാർഗ്ഗം.

രാഷ്ട്രീയമാണ് സംഘത്തിൻ്റെ മുഖമെങ്കിൽ; പ്രീണിപ്പിച്ചും ഭീഷണിപ്പെടുത്തിയും അംഗത്വം നൽകും. ഭയന്നുനിൽക്കുന്നവരെ ഈ ഭയക്കാർക്ക് പെട്ടെന്ന് തിരിച്ചറിയാം. ഒന്ന് ഉമ്മാക്കി കാണിച്ചാൽ ഭീരുക്കളെല്ലാം അംഗമാവും. ഭീരുക്കളുടെ എണ്ണം കൂടുമ്പോൾ ഭീരുത്വവും കൂടും എന്നിവർ ഓർക്കാറേ ഇല്ല.

ഇനി, ഇതൊരു ജാതി-മത സംഘമെങ്കിൽ; എണ്ണം കൂട്ടാൻ, പ്രസവിക്കൽമാത്രമാണ് പോംവഴി. അങ്ങനെ, സംഘബലം കൂട്ടാൻ ; ഭീരുക്കൾ നിരന്തരം ഭീരുക്കളെ പ്രസവിക്കാൻതുടങ്ങും. വളരെ ശാന്തമായി ലോകം പോകുമ്പോൾ, ജൻമനാ ഭീരുക്കളായ ഇവർ, ഉറക്കത്തിൽ, സ്വയമങ്ങ് പേടിക്കും.

മാധ്യമങ്ങൾ നമ്മളെ തകർക്കാൻ ശ്രമിക്കുന്നു എന്നും; സാമ്രാജ്യത്വ ശക്തികൾ നമ്മളെ ആക്രമിച്ചേയ്ക്കും എന്നും ഇവർ ഭയക്കും.
ഭയന്നുവിറച്ച് അങ്ങോട്ടു കേറി കൊത്തും. തിരിച്ചുള്ളത് വാങ്ങിക്കെട്ടിയശേഷം, പിന്നെ, ഇരവാദമാണ്.
'ഞങ്ങളെ തല്ലിയേ' എന്ന് മുദാവാക്യം വിളിക്കും. കരയാൻ ഇവർക്ക് ഭയമാണ്. ഭീരുവാണെന്ന് ലോകം തിരിച്ചറിഞ്ഞാലോ.
അപ്പോൾ വേദനകളും മോങ്ങലുകളും കാമം പോലും മുദ്രാവാക്യരൂപത്തിലാണ് പുറത്തുവിടുക. ലോകത്തിൻ്റെ പിന്തുണ കിട്ടാൻ; ചിലപ്പോൾ നിറം മുന്നിലേയ്ക്ക് വെച്ചും
ചിലപ്പോൾ ലിംഗത മുന്നിലേയ്ക്ക് വെച്ചും ഒച്ചയുണ്ടാക്കും.

പേടിച്ച് പുറത്തുവന്ന മലംപോലും ഞങ്ങൾക്ക് സമരായുധമാണെന്ന് പറഞ്ഞുകളയും. ഇടക്കിടെ, സംഘബലം സ്വയം ബോദ്ധ്യപ്പെടാൻ കൂട്ടുകൂടും കെട്ടിപ്പിടിക്കും കൈകോർക്കും ഒരുമിച്ചുറങ്ങും.

ഭയം കൂടിക്കൂടി ഒടുവിൽ സംഘം സ്വയം ഭയക്കാൻതുടങ്ങും.

'അവൻ പ്രശ്നമാണല്ലോ ! ഇവൾ പ്രശ്നമാകുമല്ലോ!'

അങ്ങനെ, ഉൾസംഘതീർപ്പാക്കൽ തുടങ്ങുകയായി.

കാണിച്ചത് തെമ്മാടിത്തരമാണെന്ന് സംഘത്തിനു പുറത്തെ ധീരർ ചങ്കുറപ്പോടെ പറയുമ്പോൾ ഇവർ വീണ്ടും പതറും. ഞങ്ങളല്ല തീർപ്പാക്കിയതെന്ന് ആദ്യം പറയും. അത് പിടിക്കപ്പെടുമ്പോൾ ഭയന്ന്, പതറി, മറ്റൊരു കള്ളം പറയും. അതും പിടിക്കപ്പെട്ടാൽ, പിന്നെ കിടന്നു മെഴുകലാണ്.

പ്രിയമുള്ളവരേ,

തീരുമാനിക്കേണ്ടത് നമ്മൾ സ്വയം ഒരു ഭീരുവാണോ എന്നാണ്.
ആണെങ്കിൽ ഈ ഭയങ്കരസംഘത്തിൽത്തന്നെ ചേർന്നുനിൽക്കുക.

നമ്മൾ കവിയെങ്കിൽ; ഒപ്പം ഭീരുവുമാണെങ്കിൽ, സംഘം, ഭീരുവായ നമ്മളെ ഭയപ്പെടുത്തും.

'നിൻ്റെ കവിതയെ ഞങ്ങൾ പ്രൊമോട്ട് ചെയ്യില്ല.'

'ശില്പീ , നിനക്ക് അംഗീകാരം തരില്ല.'

'നടാ, നിൻ്റെ സിനിമകളെ ഞങ്ങൾ തമസ്ക്കരിക്കും.'

'നിൻ്റെ നാടകത്തിന് വേദികൾ ലഭിക്കാതെ നോക്കും.'

ഇതെല്ലാം കേട്ട് നമ്മൾ ഭയന്ന് ഇവരോട് ചേർന്നുനിൽക്കും. ഭീരുക്കളെങ്കിൽ അതുതന്നെ ചെയ്യുക, ഭീരുവായി തുടരുക. അംഗീകാരങ്ങളാൽ അളിഞ്ഞ ജീവിതം തുടരുക.

ഭയന്ന നമ്മളെ ഇക്കിളിയാക്കാൻ അപ്പോൾ ഇവർ ഇടക്കിടെ പ്രശംസിക്കും. അത് നമ്മൾക്കങ്ങ് സുഖിക്കും. ഇക്കിളിച്ചിക്കിളിച്ച്, ഇച്ചിരി ധൈര്യം വന്നപോലെ തോന്നിയ നമ്മൾ പുറത്തുനിൽക്കുന്ന ധീരനെ വെറുതെയൊന്ന് കടന്നാക്രമിക്കും.
'പണ്ടേ നോക്കിവെച്ചതാ.'

അപ്പോൾ സംഘം കയ്യടിക്കും. 'ധീരാ ധീരാ ' എന്ന കരച്ചിൽ കേൾക്കുമ്പോൾ നമ്മൾക്ക് തോന്നും നമ്മൾ ശരിക്കും ധീരരായെന്ന്.

പടുമണ്ടൻമാരും പടുഭീകരരും ആവാതിരിക്കാൻ നമ്മളാദ്യം സ്വയം ധൈര്യപ്പെടേണ്ടതുണ്ട്. സംഘങ്ങളിൽനിന്നും അടരേണ്ടതുണ്ട്.

"ഈ പാപക്കറ എനിക്ക് വേണ്ട. ഞാൻ അദ്ധ്യാപകസംഘടനയിൽനിന്നും രാജിവെയ്ക്കുന്നു."

"എനിക്കീ കുറ്റബോധം പേറാൻ വയ്യ. ഞാൻ യൂണിയൻ അംഗത്വം ഉപേക്ഷിക്കുന്നു."

"ഈ നെറികേടിൻപങ്ക് എനിക്കേൽക്കാൻ വയ്യ. ഞാൻ വിദ്യാർത്ഥി യൂണിയൻ വിടുന്നു."

"എൻ്റെ ശരികൾ എനിക്ക് പറഞ്ഞേ തീരൂ.
ഞാൻ സ്വതന്ത്രനാവുന്നു."

ഇങ്ങനെ പത്ത് പേർ പറഞ്ഞാൽ ഭീരുക്കൾ ഞെട്ടിവിറയ്ക്കുന്നത് കാണാം. ഭീരുക്കളെ ഒരിക്കലും സംഘംചേരാൻ അനുവദിക്കരുത്.
ചുരുങ്ങിയപക്ഷം അതിൽ അംഗമാവുകയെങ്കിലും ചെയ്യരുത്.

ജയരാജ് മിത്ര

Click the button below to join our whats app groups>>
Click the 'Boost' button to push this article to more people>>

profile

boost

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.