Monday, December 23, 2024

കവടിയും കൃപാസനവും പിന്നെ മന്തിരിച്ച വെള്ളവും

കവടി

"കണ്ടകശനി കൊണ്ടെ പോകൂ അതിൻ്റെ കൂടെ ഏഴരേം കൂടി ആയാലോ.... ശിവ, ശിവ.... പിന്നെ ഒന്നും പറയണ്ട.... അല്ലാ, ഈ ജാതകക്കാരി ഇപ്പോ ജീവനോടെ ഉണ്ടോ? ഉണ്ട്...., എന്തായി കേൾക്കണത്? തികച്ചും അസ്വാഭാവികം, ദൈവങ്ങളുടെ കാവലുള്ള കുട്ടിയാ ഇത്.. അത് കൊണ്ടാവും എൻ്റെ പരദേവതകളെ.. എന്തായാലും ശനി ദോഷം മാറാൻ ഈ ഹനുമാൻ പൂജയും, ഗണപതി ഹോമവും കൂടി അങ്ങട് ചെയ്തേക്കാം.. നമ്മളെന്തിനാ വെറുതേ ദൈവ കോപം ഉണ്ടാക്കണെ ? ദക്ഷിണ വെച്ചിട്ട്, ഈ പറയണ കാണിക്കകൾ കൂടി ചെയ്യണം, പിന്നെ വഴിപാടുകളും.. രസീത് വാങ്ങിച്ചിട്ടു പോണം. അപ്പോ പിന്നെ എങ്ങനാ, ഇറങ്ങുവല്ലെ? പ്രസാദം ഈ പറഞ്ഞ ദോഷക്കാരിയെ കഴിപ്പിക്കണം, അതത് ദേവകളെ മനസ്സിൽ ധ്യാനിച്ച് കഴിച്ചാലെ ഫലം കിട്ടുള്ളു.. പിന്നെ ഈ ഏലസ്സ് ഒന്ന് ശരീരത്തിൽ കെട്ടണം.. ഇനി അടുത്ത പൗർണമിക്ക് വരൂ..

ഇത് കേട്ട് അന്ധാളിച്ചു വാ പൊളിച്ച് നിക്കണ പാവങ്ങളുടെ മുന്നിലോട്ട് പ്രസ്തുത സാമിയുടെ കൈയ്യാൾ വരുന്നു, ക്ലയൻ്റിനേം കൊണ്ട് പോകുന്നു. "അതെ.., സാമി പറഞ്ഞ അച്ചട്ടാ... നിങ്ങൾക്ക് ഭാഗ്യം ഉള്ളതൊണ്ടാണ് ഇന്ന് തന്നേ കാണാൻ പറ്റിയത്.. പറഞ്ഞപോലെ എല്ലാം ചെയ്താ മതി, ബാക്കി എല്ലാം സാമി നോക്കിക്കോളും..."

2009-2010 കാലഘട്ടത്തിൽ ഞാൻ ഏറ്റവും കൂടുതൽ കേട്ട കാര്യമാണ് മേൽ പ്രസ്താവിച്ചത്. തീവ്ര മുസ്ലിം ആയിരുന്ന ഒരു 16 കാരിയുടെ മുന്നിലോട്ടു പായസവും പഴവും മറ്റു അൽകുൽത്തുകളുമായി അവളുടെ ചെറിയമ്മയും ചെറിയച്ഛനും വരുന്നു, പ്രസാദം കഴിക്കാൻ കൽപ്പിക്കുന്നു, അവൾ അത് നിരസിക്കുന്നു, അവർ നിർബന്ധിച്ച് അത് അവളെ കൊണ്ട് കഴിപ്പിക്കുന്നു, ശുഭം.
വീണ്ടും അടുത്ത സിറ്റിങ്ങിനു കരുതൽ ഉള്ള ഈ ദമ്പതികൾ പോകുന്നു, ജ്യോത്സ്യൻ പറയുന്നു, "ഞാൻ പ്രശ്നം വെച്ച് നോക്കി, കാർത്തിക നക്ഷത്രക്കാരിയാണ് അല്ലെ? 21 താണ്ടില്ല്യ." ഈ പറഞ്ഞു വന്നതൊക്കെ പയറു മണി പോലെ ഇരിക്കണ എന്നെ പറ്റിയാണ്, എനിക്കിപ്പഴും ജീവനുണ്ട്, വയസ്സ് 29 കഴിയുന്നു.. അതായത്, ഞാൻ മരിക്കുമെന്ന് ആണയിട്ട് പറഞ്ഞ വയസ്സും താണ്ടി ഞാൻ വീണ്ടും 8 കൊല്ലങ്ങൾ കൂടി ജീവിച്ചെന്ന് സാരം. കവടി നിരത്തി എൻ്റെ ആയുസ്സ് നിശ്ചയിച്ച ആ സാമി മണ്ടൻ അല്ല, ഇവിടെ മൂഢരായത് എൻ്റെ പാവം ചെറിയമ്മയും ചെറിയച്ഛനും ആണ്. തന്ത്രപരമായ നീക്കങ്ങളിലൂടെ അയാൾ അയാളുടെ സ്‌കിൽ ഉപയോഗിച്ചു ഇരുന്നിടത്തിരുന്ന് പണം സമ്പാദിച്ചു. സിംപിൾ ബട്ട് പവർഫുൾ! അല്ലെ ? കവടി നിരത്തി പ്രവചിച്ച വേറെ ഒരു കാര്യം കൂടി ഉണ്ട്, ഓർക്കാൻ ഞാൻ അധികം ഇഷ്ടപ്പെടാത്ത ഒരു കാര്യം. അതായത്, 31 വയസ്സ് തികയുന്ന മുമ്പേ അകാല ചരമമടഞ്ഞ എൻ്റെ പ്രിയപ്പെട്ട പിതാവ്, ഒരു അപസ്മാര രോഗി ആയിരുന്നു, കൂടാതെ ചെയിൻ സ്‌മോക്കറും, മെഡിക്കൽ സയൻസ് ആരോഗ്യ സ്ഥിതി വിലയിരുത്തിപറഞ്ഞ നിഗമനം പോലെ 6 മാസത്തിൽ കൂടുതൽ ജീവിച്ചാൽ ഭാഗ്യം അത്രേ ഒള്ളു, പക്ഷേ 2.5 വർഷത്തോളം പുള്ളി ജീവിച്ചു, എന്തായാലും നമ്മുടെ കവടിക്കാരൻ തള്ളിയ പോലെ 65 വയസ്സ് വരെ സുഖായിട്ട് ആയുരാരോഗ്യത്തോടെ ജീവിച്ചില്ല, 1996 സെപ്റ്റംബറിൽ അദ്ദേഹം മരണപ്പെട്ടു. ഇനി പറയാൻ പോകുന്നതാണ് എറ്റവും വലിയ തമാശ. എൻ്റെ ഒരു സുഹൃത്ത്, വിശ്വാസിയാണ്. കുറച്ചധികം കടബാധ്യത ആയപ്പോൾ ചേച്ചി പറഞ്ഞത് പ്രകാരം ഒരു സാമിയെ കാണാൻ സമ്മതിച്ചു, സാമി പറഞ്ഞു രണ്ടാഴ്ച്ചക്കകം ഇതിന് ഒരു പരിഹാരം ഉണ്ടയില്ലേൽ വാങ്ങിച്ച കാശ് മുഴുവനും ഞാൻ തിരിച്ച് തന്നിരിക്കും. അങ്ങനെ ഇല്ലാത്ത കാശ് ഉണ്ടാക്കി, രൂപാ 40,000 സാമിയുടെ കയ്യിൽ കൊടുത്തു. സാമി പ്രശ്നം വെച്ച് വിധി പറഞ്ഞു, കടമറ്റത്തച്ചന്റെ പിന്മുറക്കാരും, കാളിയും, കുട്ടിച്ചാത്തനും, പിന്നെ ഏതോ മുസ്ലിം പുരോഹിതനും ചേർന്ന് മുട്ടൻ ഒരു പണി കൊടുത്തിട്ടുണ്ടെന്ന്. എന്തായാലും എൻ്റെ ആ സുഹൃത്ത് പേടിച്ചരണ്ടു. എന്നോട് അഭിപ്രായം ആരാഞ്ഞപ്പോൾ എനിക്കു ചിരി അടക്കാൻ കഴിഞ്ഞില്ല. ഞാൻ പറഞ്ഞു, എൻ്റെ പൊന്നു ചെങ്ങായി, ഇനി ഈ കാശും കൊണ്ട് പോയി കളയണ്ട. ഇതൊന്നും ഇല്ല, പിന്നെ ആയാൾ പറഞ്ഞപോലെ നിൻ്റെ കടങ്ങൾ ഒന്നും രണ്ടാഴ്ചക്കകം വിടാനും പോകുന്നില്ല. പൊതുവേ, നിരീശ്വരവാദിയായ എൻ്റെ നിലപാടുകളോട് വിയോജിപ്പുള്ള ഇദ്ദേഹം ഇതും തട്ടിമാറ്റി. വെർച്ച്വൽ പൂജക്കുള്ള ദിവസവും കാണിക്ക ദ്രവ്യങ്ങളും മറ്റും കുറിച്ച് കിട്ടി, പക്ഷേ പ്രശ്‌നക്കാരൻ്റെ ദോഷം മൂലം പൂജക്കിറങ്ങിയ സാമിയുടെ കാലിൽ സ്കൂട്ടർ വീണു. അങ്ങനെ പൂജ നീണ്ടു.. പ്രശ്നക്കാരൻ കെടന്ന് വിമ്മിഷ്ടപെടുകയാണെന്ന് ഓർക്കണേ.. അങ്ങനെ അടുത്ത പൂജ ദിവസം വന്നെത്തി.. സാമി സന്ധ്യ കഴിഞ്ഞു പ്രശ്നക്കാരൻ്റെ വീട്ടിലെത്തി. കണകൊണാന്ന്! എന്തൊക്കെയോ തറയിൽ വരച്ചു, എന്നിട്ട് നന്ദനം സിനിമയിൽ ജഗതിയുടെ കഥാപാത്രത്തെപ്പോലെ എന്തൊക്കെയോ, "പോണവഴിക്ക് തീ പിടിച്ച് കത്തിപ്പോട്ടെ.." എന്ന കണക്കെ പിറുപിറുത്തുകൊണ്ടിരുന്നു, മന്ത്രമെന്നാണ് വെപ്പ്.. ഞാനും ഇതൊക്കെ ലൈവ് ആയി കാണുന്നുണ്ട്. എനിക്ക് ചിരി അടക്കാൻ പ്രയാസമായി. അതിനിടക്ക് അയാൾ "എന്നെ വിട്, മാറി പോ, നിന്നെ ഇപ്പോ ആരാ ഇങ്ങോട്ട് വിളിച്ചത്, എന്നെ ഉപദ്രവിക്കരുത്, എൻ്റെ കർത്തവ്യം മാത്രമാണ് ഞാൻ നിർവ്വഹിക്കുന്നത്, നിന്നെ അയച്ച ആളുകളോട് പോയി പറ മലയാളപ്പുഴ അമ്മ കാവലുണ്ടെന്ന്" 'ഇന്നേക്ക് ദുർഗ്ഗാഷ്ടമി.. ഉന്നെ കൊന്ന്, ഉൻ രത്തത്തെക്കുടിച്ച്' അതിന്റെയൊക്കെ മറ്റൊരു വേർഷൻ.. മച്ചാൻ്റെ തള്ളു കേട്ട് എനിക്ക് കാര്യം പിടികിട്ടി, ക്ലയൻ്റിൻ്റെ വിശ്വാസം പിടിച്ച് വാങ്ങുകയാണെന്ന്. രണ്ട് മണിക്കൂർ നീണ്ട കോപ്രായങ്ങൾക്കൊടുവിൽ എന്നോടും സംസാരിച്ചു. "നല്ല ദൈവാധീനമുള്ള കുട്ടി, ദുബൈലോട്ട് പോകുന്ന മുമ്പ് ഏതെങ്കിലും സ്ത്രീ പ്രതിഷ്ഠയുള്ള അമ്പലത്തിൽ പോയി പ്രാർത്ഥിച്ചിട്ടാണോ പോയത് ?" ബെസ്റ്റ് കണ്ണാ ബെസ്റ്റ്... ഒന്നാമത് എനിക്ക് ദൈവം എന്ന് കേൾക്കുന്നത് തന്നെ അലർജി ആണ് അപ്പോഴാണ് ദൈവാധീനം..! രണ്ടാമത്, ഞാൻ മുസ്ലിം മാതാ പിതാക്കൾക്ക് ജനിച്ചത് കൊണ്ട് സ്വാഭാവികമായും ഞാൻ ജനിച്ചപ്പോ തന്നെ മുസ്ലിം എന്ന STD (സെക്ഷ്വലി ട്രാൻസ്മിട്ടെഡ് ഡിസീസ്) എനിക്ക് പകർന്ന് കിട്ടി. അത് കൊണ്ട്, ഞാൻ അമ്പലത്തിൽ പോകാറില്ല, പിന്നെ ഏതൊരു പൊട്ടനും മനസ്സിലാവും ഒരു സ്ഥലം എടുത്താൽ അതിനടുത്ത് എതെങ്കിലും ഒരു ദേവീ ക്ഷേത്രം ഉണ്ടാവുമെന്ന്.. എൻ്റെ വീടിനടുത്ത് ഒരു മാരിയമ്മൻ കോവിൽ ഉണ്ട്. ചറുക്കിയടിച്ചു വീഴാത്ത മനുഷ്യരുണ്ടോ ? പക്ഷേ അപകടം വരുമെന്ന് ജോത്സ്യൻ പറഞ്ഞതിന് ശേഷമാണ് ചറുക്കി വീഴുന്നതെങ്കിൽ ആ ഗോൾ ജ്യോത്സ്യന്റെ അക്കൗണ്ടിൽ എന്നത് പോലെ കറക്കികുത്തിയതിൽ ഒരെണ്ണം ശരിയായി, മണ്ടന്മാരായ വിശ്വാസികൾ അതിൽ ഊന്നി നിന്നുകൊണ്ട് അയാളുടെ അമാനുഷികതയേ ഭക്തി പുരസ്സരം തൊഴുതു നിന്നു. രണ്ടാഴ്ച  കഴിഞ്ഞു, രണ്ടു മാസം കഴിഞ്ഞു, ഇപ്പോഴും എൻ്റെ ആ സുഹൃത്ത് വീണ്ടും വീണ്ടും പടുകുഴിയിലോട്ട് താഴ്ന്ന് കൊണ്ടിരിക്കുകയാണ്. എൻ്റെ കളിയാക്കൽ താങ്ങാൻ കഴിയാതെ സാമിയേ വിളിച്ച് റിസൾട്ട് അന്വേഷിച്ചപ്പോൾ പറയുകയാണ് 31 വയസ്സ് തികയുന്ന ദിവസം മാത്രമേ എല്ലാ കഷ്ടതകളും നീങ്ങുകയുള്ളു എന്ന്. നമുക്കൊരു ഫിനാൻഷ്യൽ പ്രോബ്ലം വന്നാൽ അത് മാറി പഴയപോലെ ആവാൻ ചുരുങ്ങിയത് ആറു മാസമെങ്കിലും എടുക്കും എന്നുള്ളത് സാമാന്യബോധമുള്ള ആർക്കും ചിന്തിച്ചാൽ കിട്ടാവുന്ന കാര്യമാണ്. ഇനി ആറ് മാസം കൊണ്ട് മാറിയില്ലേലും സാമിയേ പറ്റി എന്തായാലും മറക്കും, അഥവാ ഇനി സ്വാഭാവികതയിൽ പ്രശ്നങ്ങൾ എങ്ങാനും മാറിയാൽ സാമിക്ക് ക്രെഡിറ്റും ആയി ഒപ്പം പ്രശസ്തിയും. സാമി സേഫ് സോണിൽ.. സിംപിൾ ലോജിക് ആണ്. ഇത് മനസ്സിലാക്കാൻ നിങ്ങൾ പിഎച്ച്ഡി ഒന്നും എടുക്കേണ്ട.. അങ്ങനെ കെടക്കുന്നു കവടിയുടെ പാട്.

കൃപാസനം

ജോസഫച്ഛൻ്റെ മരിയൻ ഉടമ്പടി പത്രം. ശുദ്ധ ഉടായിപ്പ്.. കുടുംബശ്രീയിൽ നിന്നു ലോൺ എടുത്ത് 2000 രൂപയുടെ പത്രം വാങ്ങി വിവാഹം വൈകിയ മകൾക്ക് ദോശയിലും മറ്റും അരച്ച് ചേർത്ത് കൊടുത്ത് അവസാനം ആ യുവതി ആശപത്രിയിൽ ആയി. ഇങ്ങനെ ഉള്ള ജനങ്ങളുടെ സാക്ഷര! കേരളം. പറ്റിക്കാൻ എളുപ്പമല്ലേ.. നേരിട്ട് എനിക്ക് ഒരു അനുഭവം ഉണ്ടായി. ഞാൻ അന്നൊരു മുഴുനീള മുസ്ലിം വിശ്വാസി ആയിരുന്നു. വയസ്സ് 22, സ്ഥലം ഓസ്ട്രേലിയ, ബൈ ദുഫായ് ഞാൻ ഒരു അപസ്മാര രോഗിയാണ്. എൻ്റെ രോഗശാന്തിക്കായി എനിക്ക് വളരെ അടുത്ത സുഹൃത്തായ സൂസി ആൻ്റി നിർദേശിച്ചതാണ് കൃപാസനം കുർബ്ബാന കൂടൽ. ആൻ്റി പറഞ്ഞു:- "മോളെ, ഈ കുർബ്ബാന നീ മുഴുവൻ കാണണം എന്നിട്ട് കുർബ്ബാന ഉയർത്തുമ്പോൾ നീ ഫോൺ സ്ക്രീനിൽ കൈ വെച്ച് പ്രാർത്ഥിക്കണം" എന്ന്. അവർക്ക് വാക്ക് കൊടുത്ത പ്രകാരം കുർബ്ബാന ഞാൻ മുഴുവൻ കണ്ടു, പക്ഷേ എൻ്റെ രോഗത്തിനു ഒരു അറുതിയും ഞാൻ കണ്ടില്ല. മെഡിക്കൽ സയൻസിൻ്റെ ഔദാര്യത്തിൽ നല്ല അന്തസ്സായി ഇപ്പഴും ലെവിപിൽ(levipil)എടുത്തു കഴിയുന്നു. രോഗ ശാന്തി, സന്താനൊല്പാദനം, വിവാഹം, വീട് വിൽപ്പന എന്ന് വേണ്ട സകലകുലാതി "വിശ്വാസ തട്ടിപ്പ് ക്വട്ടേഷനും" കൃപാസനം ഏറ്റെടുക്കും. നിങ്ങൾ ഒരു സംരംഭകൻ ആണെന്നിരിക്കട്ടെ, തുടങ്ങിയ ബിസിനെസ്സ് പച്ചപ്പിടിക്കാതെ നിൽക്കുകയാണെങ്കിൽ നിങ്ങൾ ഒന്ന് കൊണ്ടും പേടിക്കേണ്ട, ഒരു മൈക്കും കുറച്ച് വിശ്വാസവും പിന്നെ ഒരു ഹാളും നിങ്ങളുടെ വിറ്റ് പോകാത്ത ഉൽപന്നവും ഒരു മതപ്രമുഖനെയും അകമ്പടി ആക്കിയാൽ മതി.. ഉപഭക്താക്കളുടെ ഒരു വൻ സാഗരം ആയിരിക്കും പിന്നേ.. വെറുതേ, മാർക്കറ്റിംഗ് പ്രഗത്ഭരായ ബിരുദാനന്തര ബിരുദ ധാരികളെവെച്ച് അവർക്ക് ഭീമൻ തുക ശമ്പളം കൊടുക്കുന്നതിനേക്കാൾ എന്ത് കൊണ്ടും ലാഭവും, ബുദ്ധിപരവുമായ നീക്കം ആണ് ഇത്. നൂറു രൂപാ വിലയുള്ള ഉത്പന്നം വേണമെങ്കിൽ 400 രൂപക്കും വിറ്റ് പോകും. അങ്ങനെ ആണ് കാര്യങ്ങളുടെ ഒരു കിടപ്പുവശം.

മന്തിരിച്ച വെള്ളം

"പെലച്ചക്ക് മുതല് കുട്ടി സർദ്ധിക്കിയാണ്, ശെയ്താൻ്റെ ദൃഷ്ടി പതിഞ്ഞിക്ണോ ആവോ ? അള്ളാഹ്ക്കറിയാം.., മേലും കയ്യും ഒക്കെ തലർന്നങ്ങിട് പോകാണ്, കരിങ്കണ്ണ് പറ്റിയോ എന്തോ.., പരീക്ഷക്ക് മുയുമനും മാർക്ക് മാണെങ്കില് ഉസ്താദ് പ്രത്യേകം ദുആർന്ന് മന്തിരിച്ച വെള്ളം കുടിച്ചിട്ട് പോണം, നെഞ്ചെരിച്ചിൽ വരണത് കൊതി കൊണ്ടാവും, ആയത്തുൽ കുർസ്സി ഓതി ഊതിയ വെള്ളം കുടിച്ച അപ്പോ മാറും"

ഇങ്ങനെ പനി, ശർദ്ധി, വയറിളക്കം, ഗ്യാസ്, തുടങ്ങി ക്യാൻസർ വരെ ഞമ്മൻ്റെ ഉസ്താദ് ഓതി ഊതിയാ വെള്ളം കുടിച്ച മാറും എന്നാണ് നാട്ട് നടപ്പ്.. പ്രശസ്ത ഒൻകോളജിസ്റ്റും, ഗ്യാസ്ട്രോളജിസ്റ്റും, ജനറൽ മെഡിസിൻ ഡോക്ടറും, പീഡിയാട്രിശ്യന്യും, എല്ലാം ഉസ്താദ് ആണ്. ഹാർഡ്കോർ കുത്ത് നബി എൻ്റ് തള്ളഹു ഫെൻ ഗേൾ ആയിരുന്ന ഞാൻ പത്താം ക്ലാസ്സ് പരീക്ഷക്ക് ഫുൾ എ+ കിട്ടാൻ വേണ്ടി ഞമ്മൾ മുസ്ലിങ്ങളുടെ ഇപ്പോഴത്തെ നേതാവായ പറ്റിക്ക്യൽ പ്രസ്ഥാനം - വൺ ആൻ്റ് ഒൺലി മിഷ്ടർ. കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാർ - സൗദി പര്യടനത്തിനിടെ അവിടത്തെ മണ്ടൻ അറബികളെ പറ്റിച്ച് നബിയുടെ മുടി ഉണ്ട് അത് സൂക്ഷിക്കാൻ കേരളത്തിൽ വലിയ ഒരു പള്ളി പണിയാനെന്നും പറഞ്ഞ് കോടികണക്കിന് ഉറുപ്പിക പറ്റിച്ച് കൊണ്ട് വന്ന കൂട്ടത്തിൽ കൊർച്ച് പൂടയും ഉണ്ടായിരുന്നു. ആ വിശുദ്ധ മൈർ മുക്കിയ വെള്ളം കേരളത്തിൽ അങ്ങോളം ഇങ്ങോളം അന്ന് അതായത് 2008-2009 കാലഘട്ടത്തിൽ തരംഗമായിരുന്നു. അങ്ങനെ, അന്തം മുസ്ലിം ആയ ഞാനും കുടിച്ചു കൊർച്ച് മൈർ മുക്കിയ വെള്ളം. റിസൾട്ട് വന്നപ്പോൾ ദാ കിടക്കുന്നു ബയോളജിയിൽ മാത്രം ബി+.. എനിക്ക് അന്ന് വന്ന ദേഷ്യവും അമർഷയും.. ഉം... പിന്നെ ദോഷം പറയരുതല്ലോ ഞമ്മൻ്റെ മതം എപ്പോളും ഷൂപ്പർ അല്ലെ ഷുക്കൂറെ.!


അതായത് ദാസാ: ഞാൻ പറഞ്ഞു വന്നത്, കവടിയാണെലും, കൃപാസനമാണെലും മന്തിരിച്ച വെള്ളമാണെലും അതിൻ്റെ മാർക്കറ്റിംഗ് സ്കിൽ ഇൽ ആണ് ഓടുന്നത്. യുക്തി ഉപയോഗിച്ച് കുറച്ച് ആലോചിച്ചു നോക്കിയാൽ സ്വയം പറ്റിക്കാപെടാതെ രക്ഷപെടാം.. അല്ലാതെ മന്ദപ്പിൽ ഇരുന്നാൽ ഇവന്മാരോക്കെ അടിച്ച് അണ്ണാക്കിൽ തന്നിട്ട് പോകും.. അല്ലേലും മതം പറഞ്ഞാൽ 'ആഹാ'.. നമ്മൾ ഉക്തൻമാർ പറഞ്ഞാ 'ഓഹോ'.

profile

Aami

Click the button below to join our whats app groups>>
Click the 'Boost' button to push this article to more people>>

profile

boost

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.