Monday, December 23, 2024

വളച്ചൊടിക്കൽ ഒരു ക്രൈം ആണ്..

ഇസ്രായേൽ പലസ്തീൻ തർക്കത്തിന്റെ ഒരു ചരിത്രം ഞാൻ മുൻപ് എഴുതിയിരുന്നു. അത് യുക്തിവാദി ഉൾപ്പെടെയുള്ള ന്യൂസ് പോർട്ടലുകൾ പ്രസിദ്ധീകരിച്ചതുമാണ്. ഇപ്പോൾ നടക്കുന്ന ഇസ്രയേൽ-ഹമാസ് സംഘർഷത്തിന്റെ സാഹചര്യത്തിൽ അത് കുറച്ചുകൂടി വിശദമാക്കാം എന്ന് കരുതുന്നു.

ആധുനിക കാലഘട്ടത്തിൽ ഒരു രാജ്യം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു രാജ്യമോ ഭരണ സംവിധാനമോ ഒരിക്കലും പലസ്തീൻ എന്ന പേരിൽ ഉണ്ടായിരുന്നില്ല. ചരിത്രം കുഴിച്ചു പോയാൽ കാനാന്യ വംശം, സോളമന്റെ വംശം, അസീറിയൻ, ബാബിലോണിയൻ, ഹെല്ലനിസ്റ്റിക്, റോമൻ ബൈസാന്റിയൻ, ഉമയാദ് ഖലീഫേറ്റ്, അബ്ബാസിദ് ഖലീഫേറ്റ്, ഫാത്തിമീഡ് ഖലീഫേറ്റ്, മാംലൂക്, ഓട്ടോമൻ, ബ്രിട്ടീഷ് ഭരണം എന്ന ക്രമത്തിലാണ് ഈ പ്രദേശം ഉണ്ടായിരുന്നത്. ഫലസ്തീൻ എന്ന പ്രദേശം മുഴുവൻ ഇസ്ലാം ആയിരുന്നില്ല. ഇന്ത്യ ഒരു ഹിന്ദു രാജ്യമാണ് എന്ന് പറയുന്നതുപോലെ ഒരു തെറ്റാണ് പലസ്തീൻ ഇസ്ലാമിക രാജ്യമാണ് എന്ന് പറയുന്നത്. അവിടെ ഉണ്ടായിരുന്നത് പലസ്തീൻ അറബികളായിരുന്നു. അവരിൽ ഇസ്ലാം, ഡ്രൂസ്, യഹൂദ, ക്രിസ്ത്യൻ, സമരിറ്റൻ... അങ്ങനെ പലരും ഉണ്ടായിരുന്നു. 1947 വരെ ഫലസ്തീനികളുടെ രാജ്യത്തേക്ക് യഹൂദന്മാർ ഓടിക്കയറി വന്ന് അവിടെയുണ്ടായിരുന്ന പലസ്തീനികളെ ഇറക്കിവിട്ടു എന്ന രീതിയിൽ ഒരു പ്രചരണം ഉണ്ട്. അത് ശരിയല്ല. ജൂത കൂടിയേറ്റങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1882 ലായിരുന്നു ആദ്യ ആലിയ എന്ന പേരിൽ ഒരു സംഘടിത കുടിയേറ്റം നടക്കുന്നത്. 25,000 മുതൽ 35,000 വരെ ആളുകൾ ഇക്കാലയളവിൽ ഈ പ്രദേശത്തേക്ക് കടന്നുവന്നു. ക്രിസ്തുവിൻറെ ഘാതകർ എന്ന ആരോപണം ഉന്നയിച്ച് ഒരു വംശത്തിലുള്ള മുഴുവൻ ആളുകളെയും ലോകത്തിൽ ആർക്കും വേണ്ടാതെ ആട്ടിപ്പായിച്ചപ്പോൾ അവർ ജീവിക്കുവാൻ വേണ്ടി ഒരു മരുഭൂമിയിലേക്ക് പോവുകയായിരുന്നു. അന്ന് ജനവാസം തീരെയില്ലാത്ത മരുഭൂമി ആയിരുന്നു ഈ പ്രദേശം. 1904 മുതൽ 1914 വരെ രണ്ടാം ആലിയ പ്രത്യേകിച്ചും റഷ്യയിൽ നിന്നും പോളണ്ടിൽ നിന്നും യഹൂദ ജനങ്ങൾ ഓടിവരുന്നു. കിബുട്ട്സിം എന്ന പേരിൽ അവർ അതിനു വേണ്ടി ഒരു കൂട്ടായ്മ തന്നെ രൂപപ്പെടുത്തിയിരുന്നു. 1919 മുതൽ ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ലോകത്തിൻറെ പല ഭാഗങ്ങളിൽ ജൂതന്മാർ ജീവൻ മാത്രം അവശേഷിപ്പിച്ച് ഓടിപ്പോന്നതാണ് മൂന്നാം ആലിയ, 1924 മുതൽ 29 വരെ നാലാം ആലിയ. ജർമ്മനിയിൽ നാസികളുടെ കൂട്ട വേട്ട തുടങ്ങിയ കാലം. കണക്കുകൾ പ്രകാരം ഏകദേശം 70,000 ജൂതന്മാരെയാണ് അന്ന് കൂട്ടക്കൊല നടത്തിയത്. ഈ നാസികളുടെ കയ്യിൽ നിന്നും രക്ഷപ്പെട്ട് ഓടി പോന്നവരായിരുന്നു അഞ്ചാം അലിയ, 1939 വരെ ആയിരുന്നു അഞ്ചാം ആലിയ. ഇവിടുന്നൊക്കെ ഓടി രക്ഷപ്പെട്ട് ഇവിടെ എത്തിച്ചേർന്ന ആളുകളുടെ കണക്കുകൾ മാത്രമേ ഉള്ളൂ. വഴിയിൽ വച്ച് തടയപ്പെട്ടവരും അതിനിടയിൽ കൊല്ലപ്പെട്ടവരും ഇതിൻറെ പതിന്മടങ്ങ് വരും. കൺമുൻപിൽ വച്ച് യഹൂദന്മാർ കൊലക്കത്തിക്കിരയാകേണ്ടി വരുന്നത് കാണേണ്ടി വന്ന സാഹചര്യത്തിൽ അവർക്ക് പലായന അനുമതി കൊടുക്കുവാൻ വേണ്ടി രാവും പകലും തുടർച്ചയായി പണിയെടുത്ത Sousa Mendes അന്ന് രക്ഷപ്പെടുത്തിയത് 30000 ജൂതന്മാരെ ആയിരുന്നു. അതിൻറെ പേരിൽ അദ്ദേഹം ശിക്ഷാനടപടികൾക്ക് വിധേയനാകപ്പെടുക പോലും ഉണ്ടായി എന്നത് അക്കാലത്തു നിലനിന്നിരുന്ന ജൂത വേട്ടയുടെ ക്രൗര്യം വ്യക്തമാക്കുന്നു. ഇങ്ങനെ ഓടിയെത്തിയവർ മിക്കവരും വിലകൊടുത്ത് വാങ്ങിയതാണ് ആ സ്ഥലങ്ങൾ. (17 ഡോളർ കൊടുത്തു വാങ്ങിയതാണ് ഈ ഭൂമി എന്ന് സജി മാർക്കോസ് പറയുന്നതു കേട്ടു. അത് തെറ്റാണ് ശെരിയാണെങ്കിൽ അദ്ദേഹം തെളിവ് തരട്ടെ) എന്നാൽ അതുവരെ അവിടെ ഉണ്ടായിരുന്ന പാലസ്തീനികളെ പുറത്താക്കി യഹൂദർ ആ സ്ഥലം പിടിച്ചെടുത്തു എന്നു പറയുന്നത് ശരിയല്ല. കാരണം പലസ്തീനികൾക്ക് അതിനു മുമ്പും അവിടെ ഭൂമി ഉണ്ടായിരുന്നില്ല. ആടുകളെ മേയിച്ചു നടന്നിരുന്ന ബദൂവിയൽ ഗോത്രക്കാരായിരുന്നു അവിടെയുണ്ടായിരുന്നത്. അവർക്ക് ഭൂമി ഉണ്ടായിരുന്നില്ല. ഭൂമിയുടെ അവകാശം ഒട്ടോമൻ, അറബ് ഭൂപ്രഭുക്കൾക്കായിരുന്നു. അവരിൽ നിന്നാണ് ഇസ്രായേലികൾ ഭൂമി വാങ്ങിയത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷവും കുടിയേറ്റങ്ങളുണ്ടായി. സ്വന്തമായി രാജ്യം ഇല്ലാത്ത ആർക്കും വേണ്ടാത്ത മനുഷ്യർ എങ്ങോട്ട് പോകാൻ ?! അവരുടെ കുടിയേറ്റത്തിന് ബ്രിട്ടൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. Ha Apala എന്നാണ് ഇത് അറിയപ്പെടുന്നത്. 1948 ൽ ജൂത രാഷ്ട്രം ഉണ്ടായതിനുശേഷം ഇവിടേക്ക് കുടിയേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ അത് എവിടെ നിന്നാണ് എന്നതുകൂടി പ്രസക്തമാണ്. ഇറാക്ക് യമൻ മൊറോക്കോ എന്നീ ഇസ്ലാമിക് രാജ്യങ്ങളിൽ നിന്നും ആയിരുന്നു ആ കുടിയേറ്റങ്ങൾ. അതായത് ഇസ്ലാമിക രാജ്യങ്ങളിൽ ജീവിക്കാൻ വയ്യാതെ ഓടിപ്പോന്ന മനുഷ്യരെപ്പോലും കയ്യേറ്റക്കാരായിട്ടാണ് ലിബറലുകൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആളുകൾ കണക്കാക്കുന്നത്.

ഇതിൽ ഒന്നാം ആലിയ മുതൽ ജൂതന്മാർ പിന്തുടർന്ന ഒരു പ്രസ്ഥാനമാണ് കിബൂട്ട്സ് . ഒരുതരം സോഷ്യലിസം. കളക്ടീവായി കാര്യങ്ങൾ ചെയ്യുക എന്നതായിരുന്നു അത്. ഈ സോഷ്യലിസ്റ്റ് വ്യവസ്ഥയിലൂടെയാണ് അവരുടെ ഐക്യം രൂപപ്പെടുത്തുകയും കാർഷിക മേഖലയിലും പ്രതിരോധത്തിലും വിദ്യാഭ്യാസത്തിലും (കുട്ടികളെ മാതാപിതാക്കളിൽ നിന്നും മാറ്റിനിർത്തി വിദ്യാഭ്യാസം നൽകുന്ന രീതി പോലും ഇതിൻറെ ഭാഗമായിരുന്നു) അങ്ങനെ ഏറെക്കുറെ സോഷ്യലിസ്റ്റ് എന്ന തരത്തിൽ ആ രാജ്യം വളർന്നുവന്നു. ഇതിനിടയിൽ ജൂതന്മാർ അവർക്ക് വന്നു താമസിക്കാൻ എന്ന രീതിയിൽ സ്ഥലം വാങ്ങുകയും ചെയ്തിരുന്നു. ഇതിനായി Jewish National Fund (JNF) 1901 ൽ രൂപീകരിക്കുകയും ചെയ്തിരുന്നു. പക്ഷേ അപ്പോഴും പലസ്തീനിലെ ജൂത ഉടമസ്ഥതയിലുള്ള ഭൂമി പരിമിതമായിരുന്നു. 1920 ൽ ഈ പ്രദേശത്തെ ശരാശരി ജനസാന്ദ്രത ഒരു കിലോമീറ്റർ സ്ക്വയറിൽ 28 പേർ മാത്രമായിരുന്നു. കേരളത്തിൽ ഇത് 850 ൽ അധികമാണ് എന്ന് ഓർക്കുക. അതായത് ആർക്കും വേണ്ടാതെ കിടന്ന മരുഭൂമിയിലേക്കാണ് ജൂതന്മാർ വന്നു കയറിയത്. അവർ അവിടെ കഠിനാധ്വാനം ചെയ്ത് ആ മരുഭൂമിയെ കാർഷിക വിപ്ലവഭൂമിയാക്കി മാറ്റി. അതിനുശേഷം ആണ് ഇത് ഞങ്ങളുടെ ഭൂമിയാണ് എന്ന അവകാശം പലസ്തീനികളുടെ പേരിൽ ഇസ്ലാമിസ്റ്റുകൾ ഉന്നയിക്കാൻ തുടങ്ങിയത്. ഇതേക്കുറിച്ച് കൂടുതൽ വിശദമായി British Mandate of Land law വ്യക്തമാക്കുന്നുണ്ട്. ജൂതന്മാർ വിലയ്ക്ക് വാങ്ങിയ ഭൂമിയിലെ ഉത്പാദനം അതിനു മുൻപുണ്ടായിരുന്ന ഉത്പാദനവുമായി താരതമ്യം ചെയ്താലും തൊട്ടടുത്തുള്ള മറ്റ് അറേബ്യൻ രാജ്യങ്ങളിലെ ഉൽപാദനവുമായി താരതമ്യം ചെയ്താലും നൂറുമടങ്ങിൽ അധികം വരും. അതായത് പലസ്തീനിലെ മരുഭൂമിയിൽ എന്തെങ്കിലും ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് ഇസ്രായേലികൾ വന്നതിനു ശേഷമാണ്.

ഇനി ഇപ്പോഴുള്ള ഇസ്രയേൽ ഫലസ്തീൻ സംഘർഷം എന്താണ് എന്നുകൂടി നോക്കാം. 1948 പലസ്തീൻ ഇസ്രായേൽ എന്നീ രണ്ട് രാജ്യങ്ങൾ ഉണ്ടാക്കാനുള്ള തീരുമാനം യു എൻ കൈക്കൊണ്ടപ്പോൾ ഞങ്ങൾക്ക് 46 ശതമാനം ഭൂമി പോരാ 100% വും വേണം എന്നു പറഞ്ഞാണ് തൊട്ടടുത്ത അറബ് രാജ്യങ്ങൾ എല്ലാം കൂടി യുദ്ധത്തിന് പുറപ്പെട്ടത്. ആ യുദ്ധത്തിന്റെ ഫലമായി ഏഴര ലക്ഷം ബദൂവിയൻ വിഭാഗത്തിൽ പെട്ടവർ കുടിയൊഴിക്കപ്പെട്ടു. ഇതിന് കാരണം ഇസ്രായേൽ ആയിരുന്നില്ല. കാരണം അവരുടെ പ്രദേശങ്ങൾ കയ്യടക്കിയത് ഈജിപ്ത് സിറിയ ലെബനോൻ ജോർദാൻ എന്നീ രാജ്യങ്ങൾ ആയിരുന്നു. (അച്ഛൻ മരിച്ച് നാലുവർഷത്തിനു ശേഷം ജനിച്ച മുഹമ്മദിനെപ്പോലെ,  യുദ്ധത്തിനു ശേഷം മാത്രം അഭയാർത്ഥികൾ ആയവർക്കു വേണ്ടിയാണ് അറബ് രാഷ്ട്രങ്ങൾ അതിനും മുമ്പേ യുദ്ധത്തിന് ഇറങ്ങിയതെന്നാണ് സജി മാർക്കോസ് പറയുന്നത്) ഈ പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് PLO രൂപം കൊള്ളുന്നത്. ഇസ്രായേലിനെ തകര്‍ത്തു ഫലസ്തീന്‍ എന്ന രാജ്യം ഉണ്ടാകണമെന്ന് നിലപാടില്‍ ഉണ്ടായ സംഘടനയാണ് 'പിഎല്‍ഒ'. അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം കണ്ടെത്തി കൊണ്ടിരുന്നത് വിമാനങ്ങള്‍ റാഞ്ചി ആളുകളെ ബന്ധികളാക്കി വന്‍ തുക മോചനദ്രവ്യം വാങ്ങി ആയിരുന്നു. രണ്ടര പതിറ്റാണ്ട് നീണ്ടുനിന്ന അക്രമത്തിനൊടുവിൽ യാസർ അരാഫത്തിന് കാര്യങ്ങൾ പതുക്കെ മനസ്സിലാവാൻ തുടങ്ങി, ഴയതുപോലെ വിമാനറാഞ്ചല്‍ എളുപ്പമാകാതിരുന്നതും ഈജിപ്തിന്റെ പിന്മാറ്റവും ഈജിപ്തുകാരനായ യാസര്‍ അറഫാത്തിനെ മറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിച്ചതുമാവാം. അങ്ങനെയാണ് യാസർ ഇസ്രായേൽ എന്ന രാജ്യത്തെ അംഗീകരിക്കുന്നതും ഓസ്ലോ ഉടമ്പടി വഴി പലസ്തീൻ അതോറിറ്റി എന്ന പേരിൽ സ്വതന്ത്ര രാഷ്ട്രം ഉണ്ടാവുന്നതും. തുടർന്ന് PLO ഫത്ത എന്ന രാഷ്ട്രീയ പാർട്ടി ആയി മാറുന്നു. എന്നാൽ PLO യുടെ ഈ മാറ്റം അംഗീകരിക്കാൻ കൂട്ടാക്കാത്ത കുറേക്കൂടി തീവ്ര സ്വഭാവമുള്ളവരാണ് ഹമാസ് എന്ന സംഘടനയ്ക്ക് രൂപം കൊടുക്കുന്നത്. ആദ്യ കാലഘട്ടങ്ങളിൽ ഹമാസും ഫത്തയും തമ്മിൽ ആയിരുന്നു ഏറ്റവും വലിയ കലാപങ്ങൾ നടന്നിരുന്നത്. അതിൽ ആയിരക്കണക്കിന് ആളുകൾ അന്ന് കൊല്ലപ്പെട്ടിരുന്നു. 1993ലെ ഒസ്ലോ കരാറിനെ തുടർന്ന് ഇസ്രായേൽ ഗാസയും വെസ്റ്റ് ബാങ്കും പുതുതായി രൂപീകരിക്കപ്പെട്ട പലസ്തീൻ അതോറിറ്റിക്ക് കൈമാറി. പലസ്തീൻ അതോറിറ്റിയുടെ ആദ്യ പ്രസിഡൻറ് ആയി യാസർ അറഫാത്ത് ചുമതലയേറ്റു. പക്ഷേ അപ്പോഴും വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ അവരുടെ സെറ്റിൽമെൻറുകൾ തുടർന്നത് അസ്വാരസ്യങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്നു. എങ്കിലും പലസ്തീനിയൻ അതോറിറ്റി പല കാര്യങ്ങളും ഇസ്രായേലുമായി സഹകരണത്തിൽ ആയിരുന്നു. സുരക്ഷ, തീവ്രവാദ ഭീഷണി എന്നീ കാര്യങ്ങളിൽ പലസ്തീനിൽ ഇസ്രായേലിന്റെ സഹായം ആവശ്യമായിരുന്നു. 2012 ൽ UN പലസ്തീൻ അതോറിറ്റിക്ക് കീഴിലുള്ള പലസ്തീനെ observer state എന്ന നിലയിൽ അംഗീകരിച്ചു. ഈ പലസ്തീൻ ഇപ്പോഴും ഉണ്ട്. ഭരിക്കുന്നത് മഹമ്മൂദ് അബ്ബാസ്. മഹമ്മൂദ് അബ്ബാസ് ഭരിക്കുന്ന പലസ്തീൻ അതോറിറ്റിയും ഇസ്രായേലും തമ്മിൽ പല തർക്കങ്ങളും ഉണ്ടെങ്കിലും അവ സമാധാന ചർച്ചയിലൂടെ പരിഹാരം തേടിവരുന്നു. ഇപ്പോഴും വെസ്റ്റ് ബാങ്കിലെ സുരക്ഷാ ചുമതല ഇരു രാജ്യങ്ങളും സംയുക്തമായിട്ടാണ് ചെയ്യുന്നത്. പ്രധാനമായും രണ്ടു കാര്യങ്ങളിലാണ് അവർ തമ്മിലുള്ള പ്രശ്നം ഇപ്പോൾ നിലനിൽക്കുന്നത്. ഒന്ന് ഇസ്രായേലിന്റെ സെറ്റിൽമെൻറ് തുടരുന്നതും മറ്റൊന്ന് ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുന്നതും ആണ്. അതായത് ഇപ്പോൾ നടക്കുന്നത് ഇസ്രായേൽ പലസ്തീൻ യുദ്ധം എന്ന് പറയുന്നതുപോലും ശരിയല്ല. പലസ്തീൻ എന്ന രാജ്യവും ഇസ്രയേലും തമ്മിൽ ഇപ്പോൾ കാര്യമായ പ്രശ്നങ്ങൾ ഒന്നുമില്ല. അവർ തമ്മിൽ യുദ്ധവും ഇല്ല. ഉള്ളത് ഇപ്പോഴുള്ള പലസ്തീനെ രാജ്യമായി അംഗീകരിക്കാത്ത ഹമാസ് എന്ന് തീവ്രവാദ സംഘടനയും ഇസ്രയേലും തമ്മിലാണ്. തീവ്രവാദത്തെ എതിർക്കുന്ന ഒരാൾക്കുപോലും ഹമാസിനേയോ അവരുടെ ചെയ്തികളേയോ അംഗീകരിക്കാൻ സാധിക്കില്ല. സൗദി അറേബ്യ, ഈജിപ്ത്, ബഹറിൻ, യു എ ഇ, ജോർദാൻ, മൊറോക്കോ, ടുണീഷ്യ കുവൈറ്റ് ഒമാൻ ഇവരെല്ലാം ഹമാസിനെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളാണ്. ഇറാനും ഖത്തറും ആണ് അവരെ തീവ്രവാദികൾ അല്ല എന്നു പറയുന്നതും അവർക്ക് വേണ്ട സാമ്പത്തിക സഹായങ്ങൾ നൽകുന്നതും. ഇതേ ഖത്തർ തന്നെയാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്ന പല ഇസ്ലാമിക തീവ്രവാദ സംഘടനകൾക്കും ഫണ്ടിങ് നടത്തുന്നതും.!

രാഷ്ട്രീയപരമോ വ്യക്തിപരമോ ആയ താല്പര്യങ്ങൾക്ക് വേണ്ടി ഹമാസിനെ പോലെയുള്ള ഒരു തീവ്രവാദ സംഘടനയ്ക്ക് പിന്തുണ നൽകുന്നത് മനുഷ്യനെക്കുറിച്ച് ചിന്തിക്കുന്ന ഒരാൾക്കും സങ്കൽപ്പിക്കാൻ പോലും പറ്റാത്ത കാര്യമാണ്.

profile

Tomy sebastian

Click the button below to join our whats app groups>>
Click the 'Boost' button to push this article to more people>>

profile

boost

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.