Monday, December 23, 2024

ജനാധിപത്യത്തിന്റെ നാലാം തൂൺ

ഈ പോസ്റ്റ് ഞാൻ എഴുതുന്നത്, ഇത് നീക്കം ചെയ്യപ്പെടും മുൻപേ കുറച്ചു പേർക്കെങ്കിലും വായിക്കാൻ കഴിയുമല്ലോ എന്ന് കരുതിയാണ്. അവസാനം വരെ വായിക്കുക. ഇന്ത്യൻ യൂണിയൻ സ്വതന്ത്രമാകുമ്പോൾ ഭരണഘടന എഴുതിയവർക്കും ബ്രിട്ടീഷുകാർക്കും അതീവ ഉത്കണ്ഠ ഉണ്ടായിരുന്നു. കാരണം, ബ്രിട്ടീഷുകാർ ഭരണം കൊടുത്തിട്ട് പോയ മുൻ കോളനികൾ ഒന്നും തന്നെ ഫലപ്രദമായ ഒരു സർക്കാർ സംവിധാനം ഉണ്ടാക്കുവാൻ കഴിഞ്ഞിരുന്നില്ല. കാരണം, അധികാരമോഹികളായ പല രാഷ്ട്രീയക്കാരും ഭരണം പിടിച്ചടക്കാനും, സർക്കാരിനെ അട്ടിമറിക്കാനും തുടർച്ചയായി ശ്രമിച്ചുകൊണ്ടിരുന്നു. അതിനാലാണ്, ഇന്ത്യൻ ഭരണഘടന എഴുതിയപ്പോൾ, ഏതെങ്കിലും ഒരാളുടെ മേൽ അധികാരം കേന്ദ്രീകരിക്കപെടാതെയിരിക്കാൻ വളരെയധികം ശ്രദ്ധ ചെലുത്തിയാണ് അധികാര സംവിധാനങ്ങൾ രൂപകൽപന ചെയ്തത്. പ്രധാനമന്ത്രിക്ക് ചെക്ക് ആയി ക്യാബിനറ്റും, ക്യാബിനെറ്റിനു ചെക്ക് ആയി പാർലമെന്റും, പാർലമെന്റിനു ചെക്ക് ആയി സംസ്ഥാന സർക്കാരുകളും, ഇതിനെല്ലാം ചെക്ക് ആയി സുപ്രീം കോടതിയും. ജനാധിപത്യത്തിന്റെ ആദ്യത്തെ തൂൺ സർക്കാരും, രണ്ടാമത്തെ തൂൺ പാർലമെന്റും, മൂന്നാമത്തെ തൂൺ കോടതിയുമാണ്. ഈ മൂന്നു തൂണുകൾക്കും പരസ്പരം മറ്റൊരാളെ പുറത്താക്കാനുള്ള അധികാരം ഇല്ല. പ്രധാനമന്ത്രിക്ക് സുപ്രീം കോടതി ജഡ്ജിയെ പുറത്താക്കാൻ കഴിയില്ല, ജഡ്ജിക്ക് പ്രധാനമന്ത്രിയെ തിരിച്ചും പറ്റില്ല. ഇവരിൽ രണ്ടുപേർക്കും ഒരു എംഎൽഎ യെ പോയിട്ട് ഒരു പഞ്ചായത് മെമ്പറെ പോലും പുറത്താക്കാൻ അധികാരം ഇല്ല.
ഈ മൂന്ന് തൂണുകളും ഉണ്ടാക്കി വെച്ചതിനു ശേഷം, എന്തോ ഒന്നിന്റെ കുറവുണ്ടല്ലോ എന്ന് തോന്നിയ പഹയന്മാർ അവരുടെ ദീർഘവീക്ഷണം വെച്ച് നാലാമതൊരു തൂൺ കൂടി ഉണ്ടാക്കി. അതിന്റെ പേര് മാധ്യമം. വാർത്താ ചാനലുകളും പത്രങ്ങളും. എന്നിട്ട് ഈ തൂണിനെ ആരും നിയന്ത്രിക്കാതെ ഇരിക്കാൻ ഭരണഘടനയിൽ പത്രസ്വാതന്ത്ര്യം എഴുതി ചേർത്തു. സർക്കാരിനെയും കോടതിയെയും പാർലമെന്റിനെയും നിയന്ത്രിക്കാൻ മാധ്യമവും! ഒരു പെർഫെക്റ്റ് സംവിധാനം!
ഈ സംവിധാനം ആണ് 70 വർഷം ആയിട്ടും ഇന്ത്യയിലെ ജനാധിപത്യത്തെ നിലനിർത്തുന്നതും, ഒരൊറ്റ ആൾക്കും ഒരു ഏകാധിപതി ആകാൻ കഴിയാത്തതും. സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം പാകിസ്ഥാനിൽ ഇതുവരെ മിനിമം നാല് പട്ടാള അട്ടിമറികൾ നടന്നിട്ടുണ്ടെങ്കിൽ, ഇന്ത്യയിൽ നടന്നിട്ടുള്ളതിന്റെ എണ്ണം പൂജ്യമാണ്. കാരണം ഒരാൾ കേവലം പ്രധാനമന്ത്രി ആയാലോ, ചീഫ് ജഡ്ജി ആയാലോ ഇനി പ്രസിഡന്റ് ആയാലോ, അയാൾക്ക് ഒരു തൂണിനു മേൽ മാത്രമേ അധികാരം ലഭിക്കൂ. അതിനാൽ അയാൾക്ക് ഏകാധിപതി ആകാൻ കഴിയില്ല. ഏകാധിപതി ആകണമെങ്കിൽ നാല് തൂണുകളും വേണം.ഇതുവരെ ഒരാൾക്കും അങ്ങനെ നാലും പിടിച്ചെടുക്കുവാൻ കഴിഞ്ഞിട്ടില്ല. പക്ഷെ പ്രശ്നം വന്നത് സോഷ്യൽ മീഡിയയുടെ വരവോടെയാണ്. ആളുകൾക്ക് ഇന്റർനെറ്റും ഫോണും ഒക്കെ ആയപ്പോൾ പത്രങ്ങളുടെയും ചാനലുകളുടെയും റോൾ ഫേസ്ബുക്കും വാട്സാപ്പും ഒക്കെ ഏറ്റെടുത്ത് നടത്താൻ തുടങ്ങി. ഇപ്പോൾ ആളുകൾ വോട്ട് ചെയ്യുന്നത് വരെ ഫേസ്ബുക്കിലും മറ്റും വരുന്ന വാർത്തകളും ചർച്ചകളും വായിച്ചിട്ടാണ്. ഭരണഘടന ഉണ്ടാക്കിയപ്പോൾ ഫേസ്ബുക്കും ട്വിറ്ററും ഒന്നും ഇല്ലല്ലോ, അതിനാൽ തന്നെ അവയിലൂടെ നടത്തുന്ന അഭിപ്രായ പ്രകടനത്തിന് ഭരണഘടനയിൽ ഒരു സംരക്ഷണവും ഉണ്ടായിരുന്നില്ല.
അതിനാൽ, 2000 തിന് ശേഷം ഇന്റർനെറ്റിന്റെ കാര്യത്തിൽ സർക്കാരിന് എന്ത് വേണേലും കാണിക്കാം എന്ന അവസ്ഥ ആയി. കൃത്യമായി പറഞ്ഞാൽ, ഒന്നാം തൂണിന് നാലാം തൂണിനുമേൽ സർവ അധികാരവും കിട്ടുന്ന സാഹചര്യം . അതുകൊണ്ട് തന്നെ, ഈ അടുത്ത കാലത്ത് വരെ ഓൺലൈനിൽ എവിടെയാണെങ്കിലും നിരീശ്വരവാദം പറയുന്നത് ഒരു ക്രിമിനൽ കുറ്റകൃത്യം ആയിരുന്നു! എന്നാലോ, ഒരു പ്രസംഗത്തിലോ വാർത്താ ചാനലിലോ മത വിമർശനം നടത്തിയാൽ കേസ് എടുക്കാൻ വകുപ്പുണ്ടായിരുന്നില്ല! അത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുമായിരുന്നു. ഇതിന്റെയൊക്കെ പരിണിത ഫലമാണ് കേന്ദ്ര സർക്കാരിന്റെ പുതിയ ഐ ടി ആക്ട്. ജനാധിപത്യത്തിന്റെ നാലാമത്തെ തൂണിനോടുള്ള ഒരു ആക്രമണം. ചുരുക്കത്തിൽ, ഓൺലൈനിൽ കൂടെ പോകുന്ന സകല പോസ്റ്റുകളും ചാറ്റുകളും വായിക്കാനും, അതിൽ സർക്കാരിനെ വിമർശിക്കുന്ന വല്ലതും ഉണ്ടെങ്കിൽ അത് നീക്കം ചെയ്യാനും, ബാക്കിയുള്ളവരെ പിടിച്ചു അറസ്റ് ചെയ്യാനും ഉള്ള ഒരു നിയമം. ഇപ്പോൾ തന്നെ സർക്കാരിന് സോഷ്യൽ മീഡിയയുടെ മേൽ ഉള്ള നിയന്ത്രണത്തിന് കൂടുതൽ ശക്തി പകരുന്നതാണ് നിയമം. ഈ നിയമം ന്യായീകരിക്കാൻ സർക്കാർ പലതും പറയുന്നുണ്ട്. തീവ്രവാദം ഇല്ലായ്മ ചെയ്യാൻ ആണെന്ന്, കുറ്റകൃത്യങ്ങൾ കണ്ടെത്താനാണ് എന്നൊക്കെ. സംഭവം സർക്കാരിന് ഇഷ്ടമില്ലാത്തവരെ പിടിച്ചു അകത്തിടാനുള്ള നിയമം മാത്രമാണ്. അല്ലാതെ തീവ്രവാദികളെ പേടിച്ചിട്ടൊന്നുമല്ല. വേറെ ഒരു ജനാധിപത്യ രാജ്യത്തും ഇതുപോലെ ഒരു നിയമം ഇല്ല. അതുകൊണ്ട് തന്നെ വിദേശ മലയാളികൾക്ക് സുഖമായി എന്തും വിമർശിക്കാം. പ്രശ്നം ഇന്ത്യയിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് മാത്രമാണ്. എന്ത് ചെറിയ വിമർശനത്തിനും നിങ്ങളെ അറസ്റ് ചെയ്തുവെന്ന് വരാം. ഉള്ളി സുരയെ ഉള്ളി എന്ന് വിളിച്ചാലോ, രാഹുൽ ഗാന്ധിയെ പപ്പുമോൻ എന്ന് വിളിച്ചാലോ ഇനി പോസ്റ്റുകൾ റിമൂവ് ചെയ്യപ്പെടാം, പോലീസ് വാതിലിൽ മുട്ടാം. അറസ്റ് ചെയ്യപ്പെടാം, ജോലിയിൽ നിന്നും പിരിച്ചു വിടപ്പെടാം. സോഷ്യൽ മീഡിയയിൽ മതങ്ങളെ അധിക്ഷേപിച്ചു സംസാരിച്ചതിന് ഇന്ത്യയിലെ ജയിലുകളിൽ പോകേണ്ടി വന്നിട്ടുള്ളവർ നിരവധിയാണ്. സർക്കാരിനെ രാഷ്ട്രീയ നേതാക്കന്മാരെ വിമർശിച്ചതിനാകട്ടെ, അതിന്റെ പതിന്മടങ്ങും. മിക്കവരും ഉത്തരേന്ത്യയിൽ നിന്നുള്ളവർ ആയത് കൊണ്ട് നാം അറിയുന്നില്ലെന്ന് മാത്രം. നാം പോകുന്നത് ഒരു വലിയ ടെക്നോളോജിക്കൽ ഫാസിസത്തിലേക്ക് ആണ്. പ്രധാനമന്ത്രി ആയതിനാൽ മോദിയുടെ കയ്യിൽ ഇപ്പോഴേ ജനാധിപത്യത്തിന്റെ ഒരു തൂൺ ഉണ്ട്. പാർലമെന്റിലും ഭൂരിപക്ഷം ബിജെപിക്ക് ആണ്. ഇതുവരെ രണ്ടു തൂണുകൾ മോദി കീഴടക്കി കഴിഞ്ഞിരിക്കുന്നു. ബാക്കിയുള്ളത് കോടതിയും മാധ്യമവും ആണ്. ഇതിൽ മാധ്യമത്തിന്റെ പതനം ആണ് നാം ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ ഇന്ന്. ഇന്നാണ് പുതിയ ഐടി നിയമം നിലവിൽ വരുന്നത്. ഇന്നത്തെ തീയ്യതി ഓർത്തുവെയ്ക്കൂ, ഇന്ത്യൻ ജനാധിപത്യത്തിന്റെ നാലാം തൂൺ ഫാസിസത്തിന് മുന്നിൽ പരാജയപ്പെട്ട ദിവസം. മെയ് 26 2021! സാധാരണ ഞാൻ എഴുതുന്ന പോസ്റ്റുകൾ അവസാനിപ്പിക്കുന്നത് തമാശരൂപേണയുള്ളതോ, അല്ലെങ്കിൽ ചിന്തിക്കാൻ ഉതകുന്നതോ ആയ ഒരു വാചകം കൊണ്ടാണ്. പക്ഷേ ഇത്തവണ അതില്ല!
ഈ വിഷയത്തിൽ തമാശയുമില്ല, ചിന്തയുമില്ല! അധികാര മോഹം വെച്ച് കുറച്ചു ഫാസിസ്റ്റുകൾ, കമ്മ്യൂണിസ്റുകാരുടെയും എഴുത്തുകാരുടെയും നവോഥാന നായകരുടെയും ആവിഷ്കാര സ്വാതന്ത്ര്യത്തെ ക്രൂരമായി കൊലപ്പെടുത്തുന്ന കാഴ്ച മാത്രം! ഇതുവരെ നിങ്ങൾ വായിച്ചെങ്കിൽ പോസ്റ്റ് ഇതുവരെ സർക്കാർ ഉദ്യോഗസ്ഥർ ആരും കണ്ടിട്ടില്ല എന്ന് വിശ്വസിക്കാം. അടുത്തുള്ള ദിവസങ്ങളിൽ സർക്കാരിന്റെ, സോഷ്യൽ മീഡിയയിൽ വിമർശന പോസ്റ്റുകൾ കണ്ടെത്തി നീക്കം ചെയ്യാനുള്ള സംവിധാനങ്ങൾ പ്രവർത്തനത്തിൽ വരുമ്പോൾ ഈ പോസ്റ്റ് നീക്കം ചെയ്യപ്പെടും എന്ന് കരുതുന്നു. പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തി എന്ന കുറ്റത്തിന് എന്നെ അറസ്റ് ചെയ്തില്ലെങ്കിൽ ഇനിയും കാണാം.

by

T Goutham

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.