Monday, December 23, 2024

ചരിത്രങ്ങൾ ആവർത്തിക്കുമ്പോൾ

വിവിധ സാമൂഹ്യരംഗങ്ങളിലേക്കുള്ള സ്ത്രീകളുടെ മുന്നേറ്റത്തെ, സമൂഹത്തിന്റെ മികച്ചൊരു മാറ്റമായും, സമൂഹത്തിന്റെ പുരോഗമനമായും, പൊതുവേ വിലയിരുത്തുന്നൊരു ജനതയാണ് കേരളത്തിലുള്ളത്. പ്രത്യേകിച്ചും രാഷ്ട്രീയം പോലൊരു രംഗത്തേക്ക്! അതുകൊണ്ട് തന്നെ, കേരളത്തിലൊരു തിരഞ്ഞെടുപ്പ് നടക്കുമ്പോൾ സ്ത്രീകൾക്കാര് കൂടുതൽ പ്രാതിനിധ്യം കൊടുക്കുന്നുവെന്ന കാര്യം കൂടി പരിശോധിച്ചു കൊണ്ടാണ്, കേരള ജനത പോളിംഗ് ബൂത്തിലേക്കെത്തുക. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ജയിച്ചതിന്റെയൊരു കാരണവും ജനങ്ങൾ നടത്തിയ ഈയൊരു പരിശോധന തന്നെയായായിരുന്നു. ഇതിൽ തന്നെ, ഇടതുപക്ഷത്തിന്റെ രണ്ടാംവരവിന് കൂടുതൽ കരുത്തേകിയതിൽ ഷൈലജ ടീച്ചറുടെ പ്രവർത്തനങ്ങൾ വഹിച്ച പങ്കും ചെറുതല്ല. ഒരു ഘട്ടത്തിൽ, അടുത്ത മുഖ്യമന്ത്രി ഷൈലജ ടീച്ചറാവണമെന്ന ആവശ്യം പോലും കേരള ജനത ഉന്നയിച്ചു. ഇപ്രാവശ്യമില്ലെങ്കിൽ അടുത്ത പ്രാവശ്യമുറപ്പായും ഷൈലജ ടീച്ചർ തന്നെയായിരിക്കണം കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന അടുത്ത ആവശ്യം കൂടി ഇതിനെ പിൻപറ്റി പിന്നീട് വന്നു. വോട്ട് ചെയ്യുന്ന ജനങ്ങൾക്കിത്തരമാവശ്യങ്ങൾ കൂടി ഉന്നയിക്കാനുള്ള അവകാശങ്ങളുണ്ടുതാനും!
ഇതെല്ലാം കൊണ്ടു തന്നെ വമ്പിച്ച ഭൂരിപക്ഷത്തോടു കൂടിയാണ് നിയമസഭയിലേക്ക് ഷൈലജ ടീച്ചറെ കേരള ജനത തിരഞ്ഞെടുത്തയച്ചത്. മുഖ്യമന്ത്രിയാവില്ലെന്നുറപ്പിച്ച ഘട്ടത്തിൽ പോലും, മന്ത്രിസ്ഥാനമെങ്കിലും നൽകുമെന്ന പ്രതീക്ഷ എല്ലാവരിലുമുണ്ടായിരുന്നു. ഇന്നിതാ ആ പ്രതീക്ഷയും അസ്തമിച്ചിരിക്കുന്നു. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്നവർ ഈ മന്ത്രിസഭയിൽ വേണ്ടത്രേ! നല്ല തീരുമാനം!
അപ്പോൾ പിന്നെ പിണറായി വിജയനോ?
പിണറായി വിജയന് മാത്രമായി ഇളവ് ലഭിക്കാൻ അദ്ദേഹത്തിന്റെ യോഗ്യതയെന്താണ്?
പിണറായി മികച്ച മന്ത്രിയാണെങ്കിൽ അതെ, ടീച്ചറും മികച്ച മന്ത്രിയായിരുന്നു!
തിരെഞ്ഞെടുപ്പിലെ വിജയിച്ചതിന്റെ പുറകിൽ ഇദ്ദേഹമുണ്ടെങ്കിൽ അതെ, ടീച്ചറും ആ വിജയത്തിന് പുറകിലുണ്ടായിരുന്നു! പിന്നെയെന്താണ് മന്ത്രിസ്ഥാനം പോലും നൽകാത്തതിന് കാരണം? തിരഞ്ഞെടുപ്പിൽ കൂടുതൽ ഭൂരിപക്ഷമുള്ളതു കൊണ്ടോ?
മുഖ്യമന്ത്രിയാക്കാൻ ജനങ്ങൾ ആവശ്യപ്പെടുന്നതു കൊണ്ടോ? പാർട്ടി സെക്രട്ടറി അല്ലാതിരുന്നത് കൊണ്ടോ? പുരുഷനല്ലാത്തത് കൊണ്ടോ?
എന്തുകൊണ്ടൊരു വനിതയെ പാർട്ടി സെക്രട്ടറിയാക്കിയില്ല എന്നതല്ല ചോദ്യം, മറിച്ച് ജനങ്ങൾ കൂടുതൽ പ്രതീക്ഷ വെച്ചിരുന്ന, മുഖ്യമന്ത്രിയാവാൻ പോലും യോഗ്യതയുണ്ടായിരുന്ന ഒരു വനിതാ പ്രതിനിധിയെ എന്തുകൊണ്ട് മന്ത്രിസഭയിൽ നിന്നും പുറത്താക്കിയെന്നതാണ് ചോദ്യം.
ഇതിനുത്തരം നൽകേണ്ട ബാധ്യത ജനങ്ങൾ തിരഞ്ഞെടുത്തൊരു ഭരണകക്ഷിക്കുണ്ട്.
അതല്ല, ചരിത്രമാവർത്തിക്കാനാണ് നിങ്ങളുടെ ഉദ്ദേശമെങ്കിൽ, സ്ത്രീകളെ ഉയർത്തിപ്പിടിച്ചുകൊണ്ട് നിങ്ങളിന്നീ കളിക്കുന്ന ജീർണ്ണിച്ച രാഷ്ട്രീയ കളിയിലെ പൊള്ളത്തരങ്ങൾ വിളിച്ചു പറയേണ്ട ബാധ്യത ജനങ്ങൾക്കുമുണ്ട്. സ്ത്രീകൾ, യുവതി-യുവാക്കൾ തുടങ്ങിയ വിഭാഗങ്ങളെ കൂടുതലായി പൊതുരംഗത്തേക്ക് കൊണ്ടുവരിക, ഇവർക്ക് പാർട്ടിയുടെ പോഷക സംഘടനകളിലുൾപ്പെടെ വിവിധ സ്ഥാനമാനങ്ങൾ നൽകുക, ഇങ്ങനെ മറ്റു പാർട്ടികളിൽ നിന്നും ഇക്കാര്യത്തിൽ കുറച്ചും കൂടി പുരോഗമനം കാണിക്കുന്ന പാർട്ടിയാണ് സിപിഐ(എം). യഥാർത്ഥ കമ്മ്യൂണിസത്തിൽ നിന്നും വ്യതിചലിച്ചു കൊണ്ട് ജനാധിപത്യത്തേയും, ജനാധിപത്യ പ്രക്രിയകളേയും അംഗീകരിക്കുന്ന പാർട്ടി കൂടിയാണ് സിപിഐ(എം). ഭരണം പിടിച്ചെടുക്കാൻ കമ്മ്യൂണിസം നിഷ്കർഷിക്കുന്ന സായുധ വിപ്ലവത്തെ ത്യജിച്ചു കൊണ്ട്, ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയായ തിരഞ്ഞെടുപ്പുകളിലൂടെ ഭരണത്തിലേറാൻ ശ്രമിക്കുകയും കൂടി ചെയ്യുന്നൊരു പാർട്ടിയാണ് സിപിഐ(എം). എന്നാലിതെല്ലാം പാർട്ടിയുടെ ആത്മാർത്ഥമായ നിലപാടുകളാണെന്നും, ഇതൊന്നുമൊരിക്കലും പാർട്ടി കൈവെടിയുകയുമില്ലെന്നും തെറ്റിദ്ധരിക്കുന്നിടത്താണ് നമ്മളൊക്കെ യഥാർത്ഥത്തിൽ വഞ്ചിതരാകുന്നത്!
ജനങ്ങളിതെല്ലാം മനസ്സിലാക്കിയാലുമില്ലെങ്കിലും, ഉൾക്കൊള്ളാൻ തയ്യാറായാലുമില്ലെങ്കിലും പാർട്ടിയെ സംബന്ധിച്ചിടത്തോളം പാർട്ടിക്കിതെല്ലാം വെറും “അടവുനയങ്ങൾ” മാത്രമാണ്.
ഇന്ത്യൻ സാഹചര്യത്തിനനുസരിച്ചും, ഇന്ത്യൻ ഭരണഘടനയ്ക്കനുസരിച്ചും സിപിഐ(എം) എന്ന പാർട്ടി തൽക്കാലത്തേക്ക് സ്വീകരിച്ചിട്ടുള്ള വെറും അടവുനയങ്ങൾ മാത്രം! സ്ത്രീകൾക്കിന്ന് പൊതു സമൂഹത്തിൽ കിട്ടുന്ന സ്വീകാര്യത കൃത്യമായി മനസിലാക്കുകയും, അത് കൃത്യമായ രീതിയിൽ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. ഇന്നല്ല, പണ്ട് മുതൽ തന്നെ. പാർട്ടിയുടെ തീരുമാനങ്ങൾക്കപ്പുറത്തേക്ക് അതിന്റെ അണികൾ പോവാതെ നോക്കാനുള്ള മെക്കാനിസം പാർട്ടിക്കകത്തുള്ളതുകൊണ്ട് തന്നെ അവർക്കാരെയും അവരുടെ കൂടെ കൂട്ടാൻ യാതൊരു ബുദ്ധിമുട്ടുമില്ലാതാനും! കൂടുതൽ ജനപിന്തുണ സ്വന്തമാക്കാനായി, നിരവധി ജനകീയ വിഭാഗങ്ങളെക്കൂടി, കൂടെ കൂട്ടുന്നൊരു പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. കലാകാരന്മാരും, സാഹിത്യകാരന്മാരും, നിഷ്പക്ഷ ഭാവമുള്ള ബുദ്ധിജീവികളുമെല്ലാം ഈ വിഭാഗത്തിൽ വരും. ഈ വിഭാഗത്തിൽ തന്നെയാണ് പാർട്ടിയിലെ സ്ത്രീകളുടെ സ്ഥാനവും. അല്ലാതെ, അങ്ങേയറ്റം സ്ത്രീ വിരുദ്ധമായൊരു സമൂഹത്തിൽ, ആ സമൂഹത്തിലെ അംഗങ്ങളാൽ രൂപീകൃതമായൊരു പാർട്ടിയിൽ, സ്ത്രീ പുരോഗമനം മാത്രം ലക്ഷ്യം വച്ചുകൊണ്ടാണ് സ്ത്രീകളെയുയർത്തി കാണിക്കുന്നതെന്ന് പറഞ്ഞാൽ, അത് വിശ്വസിക്കാൻ മാത്രം അത്ര വലിയ വിഡ്ഢികളൊന്നുമല്ലല്ലോ നമ്മൾ! സ്ത്രീ പുരോഗമനം മാത്രമായിരുന്നു ലക്ഷ്യമെങ്കിൽ,
കേരളത്തിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി ഗൗരിയമ്മയായിരുന്നുവെന്ന് ഇന്നത്തെ കുട്ടികൾ പാഠപുസ്തകങ്ങളിൽ പഠിച്ചിരുന്നേനെ! പാർട്ടി നേതാവിനെതിരെ ലൈംഗിക ആരോപണമുന്നയിച്ച വനിതയിന്നും പാർട്ടിയിൽ തുടർന്നേനെ! ആരോപണം നേരിട്ട നേതാവ് എന്നോ പാർട്ടിയിൽ നിന്നും പുറത്തായേനെ! പാർട്ടിയുടെ പോഷക സംഘടനകളിൽ നിറഞ്ഞുനിന്നിരുന്ന വനിതാ നേതാക്കൾ പിന്നീട്, ആരുടെയോ അടുക്കളകളിലൊതുങ്ങി പോവാതെ ഇന്നും കേരള രാഷ്ട്രീയത്തിൽ സജീവമായിയുണ്ടായിരുന്നേനെ! നിയമസഭയിലെ 140 അംഗങ്ങളിൽ പതിനൊന്നല്ല പകുതിയോളം വനിതകളുണ്ടാവുമായിരുന്നേനെ! 2021 ലും ഒരു സമൂഹത്തിന്, എങ്ങനെ സ്ത്രീശാക്തീകരണമിവിടെ നടപ്പിലാക്കാമെന്ന് ചർച്ച ചെയ്യേണ്ടതിന്റെ ആവശ്യമുണ്ടാവില്ലായിരുന്നേനെ! ഇപ്പോൾ പാർട്ടി എടുത്തിരിക്കുന്ന ഈ നിലപാടിൽ ‘അച്ചടക്കമുള്ളൊരു’ പാർട്ടി പ്രവർത്തക എന്ന നിലയിൽ ഷൈലജ ടീച്ചർക്ക് യാതൊരു എതിർപ്പുമുണ്ടാവാനിടയില്ല. ഇതിനെക്കുറിച്ചല്ലതാനും നമ്മുടെയാശങ്ക!
ഷൈലജ ടീച്ചറിലൂടെ കേരളത്തിന് രചിച്ചിടാനാവുമായിരുന്നത് പുതിയൊരു ചരിത്രം തന്നെയായിരുന്നു. സ്ത്രീയായതുകൊണ്ടുമാത്രം സമൂഹത്തിൽ നിന്നും പിന്തള്ളപ്പെടേണ്ടി വന്നൊരു വിഭാഗത്തിന് അതു നൽകാനിടയുള്ള പുത്തനുണർവും ചെറുതാവുമായിരുന്നില്ല! എന്നാൽ, എല്ലാമിന്ന് കേവലം ചില രാഷ്ട്രീയ വടംവലികളുടെ പേരിൽ ഇല്ലാതെയായിരിക്കുകയാണ്. കൈയ്യെത്തും ദൂരത്തുണ്ടായിരുന്നൊരു, വലിയ മുന്നേറ്റത്തെയായിരുന്നു കേവലം ചില രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി നിങ്ങൾ തട്ടി തെറിപ്പിച്ചത്! തട്ടിത്തെറിപ്പിച്ച വസന്തങ്ങൾ ഉടനടിയൊന്നും നിങ്ങൾക്കിവിടെ നടപ്പിലാക്കാൻ സാധിച്ചില്ലെങ്കിലും, ജനപിന്തുണ ലഭിക്കാനായി മാത്രം സ്ത്രീകളെ ഉപയോഗിക്കുകയും, തുടർന്ന് ജനസമ്മതി നേടിയ ശേഷമവരെ രാഷ്ട്രീയ ഭൂപടത്തിൽ നിന്നും പുറത്താക്കുകയും ചെയ്യുന്ന ഈ ദുഷിച്ച രാഷ്ട്രീയ പ്രവണതയെങ്കിലും നിങ്ങളവസാനിപ്പിക്കേണ്ടതുണ്ട്! അല്ലാത്തപക്ഷം, ചരിത്രങ്ങളുടെയാവർത്തനത്തിൽ വിരസതയനുഭവിക്കുന്ന ജനങ്ങൾക്ക് മറ്റൊരു ചരിത്രമങ്ങ് രചിച്ചു കളയേണ്ടതായി വരും!

By

C S Sooraj

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.