Monday, December 23, 2024
Sajeev ala / വിദേശം / October 12, 2023

ഇസ്രായേൽ (അതിജീനത്തിന്റെ പര്യായം)

"എടാ നീയൊക്കെയല്ലേ ഞങ്ങടെ യേശുവിനെ കൊന്നത്"

ഇത്തരത്തിൽ ആക്രോശിച്ച് ക്രിസ്ത്യൻ സഹപാഠികൾ സ്ക്കൂൾ വിദ്യാർത്ഥിയായ സ്പിൽബർഗിന്റെ മൂക്കിനിടിച്ചു. നൂറ്റാണ്ട് കണ്ട മഹാനായ സംവിധായകൻ സ്റ്റീഫൻ സ്പിൽബർഗ്, ജൂതനായതിന്റെ പേരിൽ, അമേരിക്കയിലെ സ്ക്കൂൾ വിദ്യാഭ്യാസകാലത്ത് അനുഭവിച്ച പീഡനം അദ്ദേഹത്തിന്റെ autobiographical movie ആയ The Fabelmans ൽ കാണിക്കുന്നുണ്ട്. യൂറോപ്യൻ ക്രെസ്തവതയുടെ സ്ഥിരം വേട്ടമൃഗമായിരുന്നു യഹൂദർ. പോളണ്ടും ഹംഗറിയും സെർബിയയും മാത്രമല്ല പരിഷ്കൃത ഫ്രാൻസും ഇംഗ്ലണ്ടും ഇറ്റലിയും സാറിസ്റ്റ് റഷ്യയും ജൂതനെ പീഡിപ്പിക്കുന്നതിൽ പരസ്പരം മത്സരിക്കുകയായിരുന്നു. കാൾ മാർക്സ് മാത്രമല്ല റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ട്രോട്സ്കി ഉൾപ്പെടെയുള്ള ഉന്നത നേതാക്കളിൽ പലരും യഹൂദരായിരുന്നു. എന്നിട്ടും സോഷ്യലിസ്റ്റ് റഷ്യയിൽ പോലും ജൂതർക്ക് സമാധാനം കിട്ടാക്കനിയായിരുന്നു. ക്രിസ്തുവിനെ കൊന്നവർ എന്ന കുറ്റം ചുമത്തി ക്രൈസ്തവർ ലോകം മുഴുവൻ യഹൂദരെ ക്രൂരമായി പീഡിപ്പിച്ചു. ഷേക്സ്പിയറെ പോലെയുള്ള വിശ്വസാഹിത്യകാരന്മാർ Merchant of Venice പോലെയുള്ള കൃതികൾ എഴുതി ജൂതവിദ്വേഷം പെരുപ്പിച്ചു. സയൻസ്, സാഹിത്യം, സാമ്പത്തിക ശാസ്ത്രം, ആധുനിക വൈദ്യശാസ്ത്രം, മനഃശാസ്ത്രം, തത്വചിന്ത, ബിസിനസ് വ്യവസായം എന്നിങ്ങനെ കൈവെച്ച ഏല്ലാ മേഖലകളിലും വിജയക്കൊടി നാട്ടിയ ജനതയോടുള്ള അസൂയയും കൂടിയാണ് ക്രിസ്തുവിന്റെ ഘാതകർ എന്ന അസംബന്ധ ആരോപണമുയർത്തി ജൂതരെ കൊല്ലാക്കൊല ചെയ്യുവാൻ യൂറോപ്യൻ ക്രെസ്തവരെ പ്രേരിപ്പിച്ചത്. നൂറ്റാണ്ടുകളായി പ്രചരിപ്പിക്കപ്പെട്ട ജൂതവിദ്വേഷത്തിന്റെ സംഹാരരൂപം മാത്രമായിരുന്നു അഡോൾഫ് ഹിറ്റ്ലർ. 6500000 ജൂതരെ ആ ജർമ്മൻ പിശാച് കൊന്നൊടുക്കി. യഹൂദരുടെ പല ആചാരങ്ങളും കോപ്പിയടിച്ച് ഏഴാം നൂറ്റാണ്ടിൽ അറേബ്യൻ മരുഭൂമിയിൽ രൂപംകൊണ്ട ഇസ്ലാമിന്റെ പരമോന്നത നേതാവും ജൂതനെ തീർത്തുകളയാൻ ആഹ്വാനം ചെയ്തു. അതോടെ അറേബ്യയിലും അവർ കൂട്ടക്കുരുതിയ്ക്ക് വിധേയമായി. അതുകൊണ്ടാണ് നൂറ്റാണ്ടുകൾ ജൂതരുടെ വാസഭൂമിയായിരുന്ന അറേബ്യയിൽ ഇന്ന് മരുന്നിന് പോലും ഒരു യഹൂദനെ കണ്ടുകിട്ടാത്തത്. യൂറോപ്പിൽ ജീവിതം അസാധ്യമായപ്പോൾ സമാധാനത്തോടെ ജീവിക്കാൻ പറ്റുന്ന ഏതെങ്കിലും പ്രദേശം തേടിയുള്ള അന്വേഷണമാണ് ബൈബിളിലെ പഴയ വാഗ്ദത്ത ഭൂമിയിലേക്ക് തിരിച്ചുപോകാൻ ജൂതരെ നിർബന്ധിതരാക്കിയത്. പാശ്ചാത്യ സമ്പന്നതയിൽ നിന്ന് ഒന്നിനും കൊള്ളാത്ത ചുട്ടുപഴുത്ത മരുഭൂമിയിലേക്ക് ജൂതർ കുടിയേറിയത് സ്വസ്ഥമായൊരു ഭാവി, അടുത്ത തലമുറയ്ക്കെങ്കിലും ലഭിക്കുമെന്ന് സ്വപ്നം കണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്തെ വംശഹത്യ ജൂതരോടുള്ള യൂറോപ്യൻ സമീപനത്തിൽ മാറ്റം വരുത്തിയെങ്കിലും പാലസ്തീനിലെ പാഴ്മരൂഭൂമി തന്നെയാണ് വെള്ളക്കാരന്റ ക്രൈസ്തവ നാടുകളേക്കാൾ ഭേദമെന്ന തിരിച്ചറിവാണ് അന്ന് ബ്രിട്ടീഷ് മാൻഡേറ്റായിരുന്ന പാലസ്തീനിലേക്ക് പലായനം ചെയ്യുവാൻ യഹുദരെ പ്രേരിപ്പിച്ചത്. പാലും തേനും ഒഴുകുന്ന കാനാൻ ദേശമെന്നൊക്കെ ബൈബിളിൽ കണ്ടമാനം തള്ളിയിട്ടുണ്ടെങ്കിലും മനുഷ്യവാസത്തിന് ഒട്ടും യോജിച്ചതല്ലായിരുന്നു പുസ്തകത്തിലെ വാഗ്ദത്ത ഭൂമി.

ദീർഘകാലം ഓട്ടോമൻ ഭരണത്തിന്റെ കീഴിലായിരുന്നതിനാൽ അറബി മുസ്ലീങ്ങളായിരുന്നു അന്ന് പാലസ്തിനിൽ കൂടുതൽ. തദ്ദേശീയരായ ജൂതരുടെ എണ്ണം തീരെ കുറവായിരുന്നു. ജീവന് ഭീഷണിയുള്ള യൂറോപ്പിലെ സമൃദ്ധിയേക്കാൾ ഭേദം യെറുശലേം ദേവാലയവും വിലാപത്തിന്റെ മതിലും സ്ഥിതിചെയ്യുന്ന പാലസ്തിനായിരിക്കുമെന്ന് വിശ്വസിച്ച് ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും ജൂതർ ഇന്നത്തെ ഇസ്രായേലിലേക്ക് കുടിയേറി. യഹൂദനെ കാണുന്നിടത്തുവച്ച് കൊന്നുകളയുക എന്ന നബിവചനം അവിടെയും വില്ലനായി. പാലസ്തീൻ മുസ്ലീങ്ങളും ജൂതരും തമ്മിൽ സംഘർഷം പതിവായി. പടപേടിച്ച് പാലസ്തീനിൽ ചെന്നപ്പോൾ അവിടെ പന്തം കൊളുത്തി അറബിപ്പട എന്ന നിലയിലായി ജൂതരുടെ അവസ്ഥ. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകൾ സമർത്ഥമായി ഉപയോഗിച്ച് യഹൂദർ മരുഭൂമിയിൽ പൊന്നുവിളയിക്കുന്നത് കണ്ടപ്പോഴുണ്ടായ അസഹ്യതയും അസൂയയും കൂടിയായപ്പോൾ രണ്ട് കൂട്ടരും തമ്മിൽ അടിയും പിടിയും പതിവായി. ഇരുവിഭാഗങ്ങളും സായുധസംഘങ്ങൾ രൂപീകരിച്ച് പരസ്പരം ഏറ്റുമുട്ടി. ബ്രിട്ടൻ പാലസ്തീൻ ഉപേക്ഷിച്ച് പോയപ്പോൾ ജൂതർക്കും മുസ്ലീങ്ങൾക്കുമായി മുമൂന്ന് സെക്ടറുകൾ ചേർത്ത് രണ്ട് പ്രത്യേക രാജ്യങ്ങൾ രൂപീകരിച്ച് പ്രശ്നപരിഹാരത്തിന് ഐക്യരാഷ്ട്ര സഭ തീരുമാനിച്ചു. ജറുസലേം യുഎൻ മേൽനോട്ടത്തിലാക്കാനും തീരുമാനം കൊണ്ടു. അന്നത്തെ വൻശക്തികളായ അമേരിക്കയും സോവിയറ്റ് യൂണിയനും ഈ വിഭജനത്തെ പിന്തുണച്ചു. സ്വന്തമായൊരു രാഷ്ട്രം എന്ന സ്വപ്നം സാക്ഷാത്കാരിക്കാനായി ജൂതർ ദ്വിരാഷ്ട്ര ഫോർമുലയെ ഒരുമടിയുമില്ലാതെ അംഗീകരിച്ചപ്പോൾ അറബ് രാജ്യങ്ങൾ ഒന്നടങ്കം ഇതിനെ അതിശക്തമായി എതിർത്തു. ജൂതരാഷ്ട്രം എന്ന ആശയം ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് ഇസ്ലാമിക ലോകം കട്ടായം പറഞ്ഞു. പക്ഷേ 1948 മെയ് 14ന് ഇസ്രായേൽ രാജ്യം നിലവിൽ വന്നു. അതിന്റെ പിറ്റേദിവസം അതായത് മെയ് 15ന് ഈജിപ്ത് സിറിയ ജോർദാൻ സൗദി അറേബ്യ യമൻ ലബനൻ എന്നി രാജ്യങ്ങൾ ഒന്നിച്ചു ചേർന്ന് ഇസ്രായേലിനെ ആക്രമിച്ചു. യുദ്ധത്തിൽ ഇസ്രയേൽ വിജയിച്ചു. സംഘർഷങ്ങളുടെ നീണ്ട പരമ്പരയ്ക്ക് നാന്ദി കുറിച്ചാണ് ഒന്നാമത്തെ അറബ് - ഇസ്രായേൽ വാർ അവസാനിച്ചത്. പാലസ്തീൻ മുസ്ലീങ്ങൾക്കും യഹൂദർക്കും രണ്ട് രാജ്യങ്ങളായി സമാധാനത്തോടെ സൗഹൃദത്തോടെ ജീവിക്കാനുള്ള ഭൂമി പഴയ പാലസ്തീനിൽ ഉണ്ടായിരുന്നു. പക്ഷേ മതം പ്രത്യേകിച്ച് ഇസ്ലാമിന്റെ inbuilt ജൂതവിരോധം തന്നെയാണ് മനസ്സുകൾ അടുക്കുന്നതിന് തടസ്സമായത്. യൂറോപ്പിലെ ക്രൈസ്തവരുടെ കണ്ണിൽച്ചോരയില്ലാത്ത സമീപനം ഒന്നുകൊണ്ട് മാത്രമാണ് യഹൂദർ ഇസ്രായേലിലേക്ക് കുടിയേറിയത്. അല്ലായിരുന്നെങ്കിൽ ടെംപിൾ മൗണ്ട് തീർത്ഥാടനത്തിന് മാത്രം ജൂതർ വരുന്ന സ്ഥലമായി ജെറുസലേം മാറുമായിരുന്നു. ഇസ്ലാമിക വിശ്വാസത്തിന്റെ ആണിക്കല്ലായ ജൂതവിരോധം പാലസ്തീനിൽ രണ്ട് രാഷ്ട്രങ്ങൾ രൂപം കൊള്ളുന്നതിന് വിഘാതവുമായി. ചുരുക്കത്തിൽ മിഡിൽ ഈസ്റ്റിലെ അസമാധാനത്തിന്റെ മൂലകാരണം സെമിറ്റിക് മതങ്ങളുടെ വൈരം തന്നെയാണ് BCയിൽ ഇസ്രായേൽ ജൂതരുടെ ജന്മഭൂമി ആയിരുന്നു പിന്നീട് അവിടെ അറബികളുടെ നാടായി. ആരാണ് പാലസ്തീന്റെ യഥാർത്ഥ അവകാശികൾ എന്ന ചോദ്യത്തിനൊന്നും ഇന്ന് ഒരു പ്രസക്തിയുമില്ല. അവിടെ ഇപ്പോൾ അറബികളും ജൂതരുമുണ്ട്. രണ്ട് കൂട്ടർക്കും അവിടെ ജീവിക്കണം. ഇസ്രായേലിന്റെ അസ്തിത്വം ഇസ്ലാമിക ലോകം അംഗീകരിച്ച് അനാക്രമണ സന്ധി ഒപ്പുവെച്ചാൽ സ്വതന്ത്ര പാലസ്തീൻ യാഥാർത്ഥ്യമാകും. ഹമാസിനെ പോലെയുള്ള ഭീകരസംഘടനകൾ peace നെ pieces ആക്കാൻ മാത്രം നടക്കുന്നവരാണെന്ന് മുസ്ലീം സമൂഹം തിരിച്ചറിയണം. ഈ വഴക്കും വക്കാണത്തിനും എല്ലാമിടയിൽ ഇന്ത്യക്കാർക്ക് അഭിമാനത്തോടെ പറയാൻ കഴിയുന്ന ഒരു ചരിത്രയാഥാർത്ഥ്യമുണ്ട്. ലോകത്ത് ജൂതന്മാരെ പീഡിപ്പിച്ചിട്ടില്ലാത്ത ഒരേയൊരു രാജ്യം ഭാരതമാണ്. പാമ്പാട്ടികളുടെയും പ്രാകൃതാചാരങ്ങളുടെയും ഒക്കെ നാടായിരുന്നെങ്കിലും അഭയം തേടിവന്ന യഹൂദരെ ആലിംഗനം ചെയ്തു സ്വീകരിച്ച ഒരേയൊരു മതവിഭാഗം ഹിന്ദുക്കൾ മാത്രമാണ്. ഇറാനിൽ നിന്ന് പ്രാണരക്ഷാർത്ഥം ഓടിവന്ന പാഴ്സികൾ ഏറ്റവും സമ്പന്ന ജനവിഭാഗമായി വളർന്നത് ഈ രാജ്യം പകർന്നു നൽകിയ സ്നേഹത്തിന്റെ സുരക്ഷിതത്വത്തിലാണ്. കമ്മ്യൂണിസ്റ്റ് ചൈന ടിബറ്റിൽ അധിനിവേശം നടത്തിയപ്പോൾ അഭയാർത്ഥികളായി എത്തിയ ബുദ്ധവിശ്വാസികൾക്ക് ധർമ്മശാലയിൽ ദലൈലാമയുടെ നേതൃത്വത്തിൽ ഒരു exile governmentഉം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സെറ്റിൽമെന്റും ദരിദ്ര ഇന്ത്യ അനുവദിച്ചു നല്കി. അതാണ് ഭാരതത്തിന്റെ പാരമ്പര്യം. സയൻസിലോ സാങ്കേതികവിദ്യയിലോ ഇസ്രായേലിന് മുന്നിൽ ഒന്നുമല്ലാത്ത ഇന്ത്യയെ ഏറ്റവും പ്രിയപ്പെട്ട രാഷ്ടമായി അവർ ചേർത്തു പിടിക്കുന്നതിന്റെ കാരണം പണ്ട് ആപത്തുകാലത്ത് സ്നേഹത്തോടൊന്ന് പുഞ്ചിരിച്ചതിന്റെ പേരിൽ മാത്രമാണ്. East or West India is the best എന്ന് ജൂതജനതയെങ്കിലും അനുഭവസാക്ഷ്യം പറയും.

profile

Sajeev ala

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.