Monday, December 23, 2024

ഊരിപ്പിടിച്ച വാളിനിടയിലൂടെയല്ല, അതുക്കും മേലെ

ചുറ്റും നിന്ന് അറബ് മുസ്ലിം രാഷ്ട്രങ്ങൾ വളഞ്ഞിട്ട് ആക്രമിക്കുമ്പോഴും സർവ്വ സന്നാഹങ്ങളുമായി പ്രതിരോധിക്കുന്നതിന് മുന്നിൽ നിൽക്കുന്നത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ്.

ലോകത്തെ ഏറ്റവും മികച്ച ജനതയെന്ന് മറ്റുള്ളവർ വാഴ്ത്തുന്ന യഹൂദന്മാരുടെ സ്വന്തം നാടിൻറെ പ്രധാനമന്ത്രി. ഊരിപ്പിടിച്ച വാളിനിടയിലൂടെ നടന്നു നീങ്ങിയെന്ന പ്രസ്താവനയുമായി വരുന്ന ഇരട്ട ചങ്കന്റെ തള്ളി മറിക്കലിനപ്പുറം ആ ആലങ്കാരിക പദങ്ങൾ അക്ഷരാർത്ഥത്തിൽ യോജിക്കുന്ന ലോകത്തിലെ രാഷ്ട്രീയ നേതാക്കളിൽ പ്രധാനി.

യുദ്ധഭൂമിയിൽ ശത്രുസംഹാരം നടത്തി രക്തസ്നാനം ചെയ്ത് ഇസ്രായേലിന്റെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയ നേതാവായ ബെഞ്ചമിൻ നെതന്യാഹു.

ഇന്ന് ലോകരാജ്യങ്ങളുടെ തലവന്മാരെ താരതമ്യം ചെയ്താൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ തലപ്പൊക്കത്തിനൊപ്പവും നെഞ്ചുറപ്പിനൊപ്പവും നിൽക്കാൻ കഴിയുന്ന മറ്റൊരു നേതാവില്ല എന്ന് തന്നെ പറയേണ്ടിവരും.

തോക്കുപിടിച്ച് തഴമ്പിച്ച കൈകളും, രക്തം കണ്ട് അറപ്പുമാറിയ മനസ്സും, ജൂതൻറെ ബുദ്ധിശക്തിയുമായി ലോകത്തിലെ ഏക യഹൂദ രാഷ്ട്രത്തെ നയിക്കുന്ന ബെഞ്ചമിൻ നെതന്യാഹു എന്ന പോരാളിയായ നേതാവിന്റെ ജീവിതകഥ കേട്ടാൽ സ്വയം പറഞ്ഞുപോകും "അതെ ഊരിപ്പിടിച്ച വാലിനിടയിലൂടെ നടന്നവൻ നെതന്യാഹു ആണെന്ന്.

പ്രൊഫസർ ബെൻസിയോൺ നെതന്യാഹുവിന്റെയും ടിസിലയുടെയും മകനായി ടെൽ അവിവിൽ 1949 ഒക്ടോബർ 21 നാണ് ബെഞ്ചമിൻ നെതന്യാഹു ജനിച്ചത്.

1948 ൽ ഉണ്ടായ ഇസ്രായേൽ എന്ന രാഷ്ട്രത്തിന് അപ്പോൾ ഒരു വയസ്സ് മാത്രമായിരുന്നു പ്രായം. രാജ്യത്തിനൊപ്പം വളർന്ന വ്യക്തി എന്നാണ് നെതന്യാഹു തന്നെ സ്വയം വിശേഷിപ്പിക്കുന്നത്. കോർണൽ യൂണിവേഴ്സിറ്റിയിലെ യഹൂദ ചരിത്ര പ്രൊഫസറും, എൻസൈക്ലോപീഡിയ ഹൈബ്രേക്കയുടെ എഡിറ്ററുമായിരുന്നു നെതന്യാഹുവിന്റെ പിതാവ് ബെൻസിയോൺ.

യുദ്ധകാലത്തൊക്കെ എഴുത്തിലൂടെ യഹൂദ ജനതയ്ക്ക് വലിയ മാനസിക പിന്തുണ നൽകിയ ആളാണ് ബെൻസിയോൺ. മാതാപിതാക്കളും ഒരു ജ്യേഷ്ഠനും ഒരു അനിയനും അടങ്ങുന്നതായിരുന്നു ബെഞ്ചമിൻ നെതന്യാഹുവിന്റെ കുടുംബം. രക്തം ഒരുപാട്ഒഴുകിപ്പോയ കാലമായിരുന്നു നെതന്യാഹുവിന്റെ കുട്ടിക്കാലം.

ഇന്നത്തെ നമ്മുടെ കുട്ടികൾ കളിത്തോക്കുകൾ ഉപയോഗിച്ച് കളിക്കുമ്പോൾ, നെതന്യാഹുവിന്റെ ബാല്യത്തിൽ പരിശീലിച്ചത് യഥാർത്ഥ തോക്ക് ഉപയോഗിച്ച് ശത്രുക്കളെ നേരിടാൻ ആയിരുന്നു.

1963ൽ നെതന്യാഹു കുടുംബത്തോടൊപ്പം അമേരിക്കയിലെ ഫിലാഡൽഫിയയിലേക്ക് താമസം മാറി. പിന്നീട് ബെഞ്ചമിൻ നെതന്യാഹു ഇസ്രായേലിലേക്ക് മടങ്ങിയെത്തുന്നത് 1967ൽ ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയ ശേഷം സേനയിൽ ചേരാൻ ആയിട്ടാണ്. ഒരു കമാൻഡോ ആയി പരിശീലനം നേടിയ നെതന്യാഹു പ്രത്യേക സേനാവിഭാഗമായ സൈറത്ത് മത്കലിൽ അഞ്ചു വർഷം സേവനം അനുഷ്ഠിച്ചു.

1967 70 ലെ യുദ്ധത്തിൽ അദ്ദേഹം നിരവധി അതിർത്തി കടന്നുള്ള ആക്രമണങ്ങളിൽ പങ്കെടുത്തു.. യൂണിറ്റിലെ ടീം ലീഡറായി വൈകാതെ അദ്ദേഹം ഉയർന്നുവന്നു. ഇന്നും ലോകചരിത്രത്തിലെ ഏറ്റവും വിസ്മയകരമായ യുദ്ധമായി കണക്കാക്കപ്പെടുന്നത് 67 ലെ ആ ആറു ദിവസത്തെ യുദ്ധമാണ്.

പ്രതാപശാലിയായ നാസറിന്റെ നേതൃത്വത്തിൽ ഈജിപ്റ്റ് അടക്കം 10 അറബ് സഖ്യകക്ഷികൾ നാലുപാട് നിന്നും വളഞ്ഞിട്ട് ആക്രമിക്കുന്നതോടെ ഇസ്രായേൽ എന്ന കൊച്ചു രാഷ്ട്രം തകർന്നു പോകുമെന്നാണ് അമേരിക്ക അടക്കമുള്ളവർ കരുതിയത്. പക്ഷേ ഇസ്രായേൽ അവരെ കനത്ത വ്യോമാക്രമണത്തിലൂടെ വെറും ആറു ദിവസം കൊണ്ട് നിഷ്പ്രയാസം പരാജയപ്പെടുത്തി അങ്ങനെ ഒരുപാട് ഭൂമിയും അവർ പിടിച്ചെടുത്തു.

ആ യുദ്ധത്തിൽ പങ്കെടുത്ത നെതന്യാഹു അടക്കമുള്ള സൈനികർ തന്നെയാണ് പിൽക്കാലത്ത് ഇസ്രായേലിന്റെ ഭരണയന്ത്രം നിയന്ത്രിച്ചവരെല്ലാം. മിന്നൽ വേഗത്തിലുള്ള പ്രവർത്തനത്തിലൂടെ
സൂപ്പർ കോപ്പ് എന്ന പേര് നെതന്യാഹു സ്വന്തമാക്കി. 1968 ലെ ലെബനനിലെ ഇസ്രായേൽ റേഡ് ഇതിൽ പ്രശസ്തമാണ്.

1972 മെയ് മാസത്തിൽ പലസ്‌തീൻ തീവ്രവാദികൾ ഹൈജാക്ക് ചെയ്ത് ഉഗാണ്ടയിലെ എന്റബെ വിമാനത്താവളത്തിൽ ഇറക്കിയ വിമാനത്തിലെ കമാൻഡോ ഓപ്പറേഷനിടെ വെടിയേറ്റെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു. ഓപ്പറേഷൻ എന്റബെ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ആ കമാൻഡോ ഓപ്പറേഷൻ വളരെയധികം ത്രസിപ്പിക്കുന്ന മൊസാദിന്റെ ഒരു മിലിട്ടറി ഓപ്പറേഷനാണ്. 1972ൽ നെതന്യാഹു സൈനിക സേവനത്തിൽ നിന്ന് താൽക്കാലികമായി വിരമിച്ചു.

പക്ഷേ രഹസ്യാന്വേഷണ വിഭാഗത്തിൽതുടർന്നു കൊണ്ടേയിരുന്നു. അതിനിടയിൽ അദ്ദേഹം അമേരിക്കയിൽ പഠിക്കാനായിട്ട് പോയി. പക്ഷേ അപ്പോഴേക്കും 1973 ഒക്ടോബറിലെ യോംകിപ്പൂർ എന്ന പേരിൽ പ്രസിദ്ധമായ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. 1967 ൽ ഉണ്ടായ കനത്ത തോൽവിയെ തുടർന്ന് ഇനി ഉടനെയൊന്നും അറബ് രാഷ്ട്രങ്ങൾ തങ്ങളെ ആക്രമിക്കാൻ വരില്ല എന്നായിരുന്നു ഇസ്രായേൽ കരുതിയത്, ഈജിപ്ഷ്യൻ മുൻ പ്രസിഡന്റ് നാസറിന്റെ മരുമകൻ അടക്കമുള്ളവരെ ചാരന്മാരാക്കി വെച്ചുകൊണ്ട് വലിയൊരു ഇന്റലിജൻസ് വിഭാഗവും ഇസ്രായേൽ ചാര സംഘടനയായ മൊസാദിനുണ്ടായിരുന്നു, പക്ഷേ 73 ലെ ആക്രമണം മൊസാദിന് പ്രവചിക്കാൻ ആയില്ല.

സിറിയ ഈജിപ്റ്റ് ലെബനൻ ജോർദാൻ തുടങ്ങിയ രാജ്യങ്ങൾ സംയുക്തമായാണ് ഇസ്രായേലിനെ ആക്രമിച്ചത്. അന്ന് വളരെ കുറച്ച് ഇസ്രായേൽ സൈനികർ മാത്രമേ ഫീൽഡിൽ ഉണ്ടായിരുന്നുള്ളൂ. ആവശ്യത്തിന് വിളിക്കാൻ കഴിയുന്ന റിസർവ് സേന ആയിരുന്നു ബാക്കിയുള്ളവർ. എന്നാൽ പൊടുന്നനെ യുദ്ധം ഉണ്ടായതിനാൽ സേനയെ ഒരുക്കാൻ ഇസ്രായേലിന് സാധിച്ചില്ല. അതുകൊണ്ടുതന്നെ ആദ്യ ദിവസങ്ങളിൽ അറബ് സേന ജയിച്ചു കയറി. അപ്പോഴേക്കും ഇസ്രായേൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തങ്ങളുടെ സൈനികരെ തിരിച്ചു വിളിച്ചു. അങ്ങനെ അമേരിക്കയിൽ പഠിക്കാൻ പോയ ബെഞ്ചമിൻ നെതന്യാഹു തിരികെ എത്തി വീണ്ടും തോക്കെടുത്തു.

ഈജിപ്ഷ്യൻ സേനക്കെതിരെ സൂയസ് കനാലിലൂടെയുള്ള പ്രത്യേക സേനാനീക്കങ്ങളിൽ ബെഞ്ചമിൻ നെതന്യാഹു പങ്കെടുത്തു. സിറിയൻ പ്രദേശങ്ങളിൽ കമാൻഡോ ആക്രമണത്തിന് നേതൃത്വം നൽകി, അത് വൻ വിജയവുമായിരുന്നു. മൂന്നാഴ്ച കൊണ്ട് അറബ് സേനയെ അവർ തുരത്തി. പക്ഷേ ഇസ്രായേലിനും വലിയ സൈനിക നഷ്ടമുണ്ടായി. ആ യുദ്ധത്തിലെ ഹീറോകളിൽ ഒരാളായി നെതന്യാഹുവും അറിയപ്പെട്ടു. ഇസ്രായേലിനാകട്ടെ ആരാലും തോൽപ്പിക്കാൻ കഴിയാത്ത ഒരു സാത്താന്റെ ഇമേജും അറബികൾക്കിടയിൽ കിട്ടി.

യോം കിപ്പൂർ യുദ്ധത്തിനുശേഷം അമേരിക്കയിൽ തിരിച്ചെത്തിയ നെതന്യാഹു വീണ്ടും തൻറെ പഠനം തുടർന്നു. മസച്ചു സിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം, ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പിന്റെ ഇക്കണോമിക് കൺസൾട്ടന്റ് ആയി പ്രവർത്തിച്ചു. മനോഹരമായി ഇംഗ്ലീഷ് സംസാരിക്കുമായിരുന്നു അദ്ദേഹം. അതോടെ 1980 കളിലെ അമേരിക്കൻ ടെലിവിഷൻ ചാനലുകളിൽ ഇസ്രായേലിന്റെ പുതിയ മുഖമായി നെതന്യാഹു മാറി.

1980 മുതൽ 82 വരെ അദ്ദേഹം ജെറുസലേമിലെ റിം ഇൻഡസ്ട്രീസിലെ മാർക്കറ്റിംഗ് ഡയറക്ടർ ആയിരുന്നു. ഈ കാലയളവിലാണ് നെതന്യാഹു ഇസ്രായേൽ മന്ത്രി മോശേ അരൻസ് ഉൾപ്പെടെയുള്ള രാഷ്ട്രീയക്കാരുമായി ബന്ധം സ്ഥാപിക്കുന്നത്.

1982 മുതൽ 84 വരെ അമേരിക്കയിലെ ഇസ്രായേലി എംബസിയിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായി പ്രവർത്തിച്ചു. 1984 മുതൽ 88 വരെ യുഎന്നിൽ ഇസ്രായേലിന്റെ സ്ഥിരാംഗമായി. 1988 ലെ ഇസ്രായേൽ തെരഞ്ഞെടുപ്പിന് മുൻപായിരുന്നു, കിംഗ് ബിബി, മിസ്റ്റർ സെക്യൂരിറ്റി എന്നെല്ലാം ആരാധകരും ക്രൈം മിനിസ്റ്റർ എന്ന് വിമർശകരും എല്ലാം വിളിക്കുന്ന നെതന്യാഹുവിന്റെ രാഷ്ട്രീയ പ്രവേശം.

1993ൽ ലിക്വിഡ് പാർട്ടിയുടെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് പ്രതിപക്ഷ നേതാവുമായി. പ്രധാനമന്ത്രി ഇസഹാക് റബീൻ കൊല്ലപ്പെട്ടതിനു പിന്നാലെ പ്രധാനമന്ത്രി സ്ഥാനത്തുമെത്തി. 1996 ൽ തന്റെ 46 ആം വയസ്സിലാണ് നെതന്യാഹു ആദ്യമായി ഇസ്രായേൽ പ്രധാനമന്ത്രിയാകുന്നത്. 1999 ലെ തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടതിനു പിന്നാലെ നെതന്യാഹു രാഷ്ട്രീയത്തിൽ നിന്നും താൽക്കാലിക വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

പിന്നാലെ സ്വകാര്യ മേഖലയിൽ കുറച്ചുകാലം പ്രവർത്തിച്ച അദ്ദേഹം, 2000 ൽ തന്നെ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിരുന്നു. പിന്നാലെ ലിക്വിഡ് പാർട്ടി ചെയർമാനായ ഏരിയൽ ഷാരോൺ പ്രധാനമന്ത്രിയായപ്പോൾ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി. ധനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായി പ്രവർത്തിച്ചു ധനമന്ത്രി ആയിരിക്കെ സ്വീകരിച്ച നടപടികൾ അദ്ദേഹത്തിന് വലിയ ജനപിന്തുണയാണ് നേടിക്കൊടുത്തത് എന്നാൽ ഷാരോണുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് 2005ൽ മന്ത്രിസ്ഥാനം രാജിവെച്ചു.

പിന്നാലെ വീണ്ടും പാർട്ടിയുടെ അമരത്തേക്ക് നെതന്യാഹു എത്തി. 2009 മുതൽ വീണ്ടും 12 വർഷം അധികാരത്തിൽ. 73 വർഷത്തെ ചരിത്രമുള്ള ഇസ്രായേലിൽ സ്ഥാപക പ്രധാനമന്ത്രി ഡേവിഡ് ബെൻഗൂറിയയെയും മറികടന്ന് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന നേതാവ് എന്ന ചരിത്രവും അദ്ദേഹം കുറിച്ചു.

ഇതിനിടയിൽ അഴിമതി ആരോപണങ്ങളും നെതന്യാഹുവിനെ വേട്ടയാടി. 2016 ലാണ് നെതന്യാഹുവിനെതിരെ അന്വേഷണം ആരംഭിച്ചത്. 2019 ൽ കൈക്കൂലി, തട്ടിപ്പ്, വിശ്വാസവഞ്ചന എന്നിങ്ങനെ മൂന്ന് കേസുകളിൽ പ്രതിയായി. 2020 ൽ വിചാരണ നേരിടുന്ന ആദ്യത്തെ പ്രധാനമന്ത്രിയുമായി അദ്ദേഹം.

12 വർഷം തുടർച്ചയായി അധികാരത്തിലിരുന്ന നെതന്യാഹുവിനെ താഴെ ഇറക്കിയത് യഷ് അതീത് പാർട്ടിയുടെ നേതൃത്വത്തിലുള്ള മുന്നണിയാണ്. 2019 നും 2021 നും ഇടയ്ക്ക് മൂന്ന് തെരഞ്ഞെടുപ്പുകൾ നടന്നെങ്കിലും ഭൂരിപക്ഷ സർക്കാർ ഉണ്ടാക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല. ഒടുവിൽ 2021ൽ അസാധാരണ കൂട്ടുകെട്ടിലൂടെ യീൻ ലഫീദും, നഫ്താലി ബെനറ്റും ചേർന്ന് ഭരണം പിടിക്കുകയായിരുന്നു. ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നപ്പോൾ. ലഫീദും, നഫ്താലിയും പ്രധാനമന്ത്രി സ്ഥാനം പങ്കിടാമെന്ന വ്യവസ്ഥയിൽ സർക്കാർ ഉണ്ടാക്കി. എങ്കിലും ആ ഭരണകൂടത്തിനും അധികം ആയുസ്സുണ്ടായിരുന്നില്ല.

2022 നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ബെഞ്ചമിൻ നെതന്യാഹു വീണ്ടും അധികാരത്തിലേക്ക് തിരിച്ചെത്തി. യീൻ ലഫീദിന്റെ പാർട്ടിയെ മറികടന്ന് നെതന്യാഹുവിന്റെ ലിക്വിഡ് പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷി ആയെങ്കിലും തനിച്ച് ഭൂരിപക്ഷം ലഭിച്ചില്ല.

തുടർന്ന് കടുത്ത യാഥാസ്ഥിതിക പാർട്ടികളും തീവ്ര വലതുപക്ഷ പാർട്ടികളുമായി സഖ്യം രൂപീകരിച്ചാണ് ഇക്കുറി ഭരണം നേടിയത്, നെതന്യാഹു ഭരണത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിജയമായി കണക്കാക്കുന്നത് പരമ്പരാഗത വൈരികളായ അറബ് രാഷ്ട്രങ്ങളിൽ ചിലതുമായി മികച്ച ബന്ധം സ്ഥാപിക്കാനായി എന്നതാണ്. അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ 2020 ൽ നിലവിൽ വന്ന അബ്രഹാം ഉടമ്പടി തന്നെയാണ് ഇതിൽ പ്രധാനം.

യഹൂദന്മാരും, ക്രിസ്ത്യാനികളും, മുസ്ലിങ്ങളും ഒരുപോലെ ആദ്യ പിതാവായി കണക്കാക്കുന്ന എബ്രഹാമിന്റെ പേരിലുള്ള ഈ കരാർ അറബ് ജൂത പാരമ്പര്യത്തിലെ രക്തബന്ധത്തെ ഓർമ്മപ്പെടുത്തുന്ന ഒന്നുകൂടിയാണ്. യുഎഇയുമായി വിവിധ മേഖലകളിൽ സഹകരിക്കാനും, തിരിച്ച് യുഎഇ ഇസ്രായേലിന്റെ പരമാധികാരത്തെ അംഗീകരിക്കാനുമുള്ള കരാർ ഇതിനുശേഷം ഉണ്ടായി.

പിന്നാലെ ബഹ്റൈനുമായും ഇസ്രായേൽ ഈ കരാറിൽ ഏർപ്പെട്ടു. ഒമാൻ തുടങ്ങി ബാക്കിയുള്ള അറബ് രാജ്യങ്ങളുമായി ചർച്ച തുടരുന്നതിനിടെ മൊറോക്കോ സുഡാൻ തുടങ്ങിയ രാജ്യങ്ങളും കരാറിന്റെ ഭാഗമായി ഇസ്രായേലിനെ അംഗീകരിച്ചു.

സൗദി അറേബ്യയെയും തങ്ങളുടെ സുഹൃത്താക്കാൻ ബെഞ്ചമിൻ നെതന്യാഹു ശ്രമിക്കുന്നതിനിടയാണ് കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് മനസിലാക്കിയ ആയത്തുള്ള ഖൊമേനി പിരികയറ്റി ഹമാസ് ഭീകരർ ഇസ്രായേലിൽ കടന്നുകയറി ആക്രമണം നടത്തിയതും ഇസ്രായേൽ ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ചതും.

ഇറാനാണ് യഥാർത്ഥ തെമ്മാടി രാഷ്ട്രം എന്ന തലക്കെട്ടിൽ ഞങ്ങൾ പ്രസിദ്ധീകരിച്ച വിഡിയോയിൽ ഇത് വിശദമായി മനസിലാക്കാം.

പശ്ചിമേഷ്യയിൽ അശാന്തിയുടെ കരിനിഴൽ പരത്തി ഇസ്രായേൽ ഹമാസ് യുദ്ധം ഇന്നും തുടരുകയും, അത് ഹിസ്‌ബൊള്ള, ഇറാൻ അങ്ങനെത്തുടങ്ങി വിപുലമാവുകയും ചെയ്യുകയാണ്. മരണത്തിനല്ലാതെ മറ്റൊന്നിനു മുന്നിലും പരാജയപ്പെടില്ലെന്ന വാശിയിലാണ് നെതന്യാഹുവും, സൈന്യവും, ഇസ്രായേൽ  ജനതയും. സ്നേഹിക്കുന്നവർക്ക് വിശ്വസ്ത സുഹൃത്തും ശത്രുക്കൾക്ക് പേടിസ്വപ്നവുമാണ് ബെഞ്ചമിൻ നെതന്യാഹു.

കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്നതാണ് ശൈലി. ഒന്നാംതരം അഴിമതിക്കാരൻ ആണെന്നും ക്രിമിനൽ പ്രൈം മിനിസ്റ്റർ ആണെന്നൊക്കെ അദ്ദേഹം വിമർശിക്കപ്പെടുന്നുണ്ട്, വ്യക്തിജീവിതത്തിൽ സ്ത്രീ ലമ്പടനാണെന്ന ആരോപണവും ഉണ്ട്. മൂന്ന് വിവാഹങ്ങളിൽ രണ്ടും ഡിവോഴ്സ് ആയി. അസംഖ്യം പ്രണയങ്ങളും നെതന്യാഹുവിന്റെ പേരിൽ ഗോസിപ്പായി.

പക്ഷേ മാധ്യമങ്ങൾ തന്റെ വ്യക്തിജീവിതത്തിൽ തലയിടണ്ട എന്നാണ് നെതന്യാഹുവിന്റെ നിലപാട്. വളഞ്ഞിട്ട് ആക്രമിക്കുന്ന ശത്രുക്കളിൽ നിന്ന് സ്വന്തം രാജ്യത്തെ രക്ഷിക്കാൻ ആയി തോക്കെടുത്ത് യുദ്ധമുന്നണിയിൽ അടരാടിയ, പലതവണ മരണത്തെ മുഖാമുഖം കണ്ട.. ചോരച്ചാലുകൾ നീന്തിക്കയറിയ ലോകത്തിലെ ഒരേയൊരു നേതാവാണ് നെതന്യാഹു. അതുതന്നെയാണ് ലോകനേതാക്കൾക്കിടയിൽ നെതന്യാഹുവിനെ വ്യത്യസ്തനാക്കുന്നതും.

ഇസ്രായേൽ ജനത വിശ്വസിക്കുന്നതും ഈ നേതാവിന്റെ ചങ്കുറപ്പിൽ തന്നെയാണ്.

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.