Monday, December 23, 2024
Manoj bright / വീക്ഷണം / November 10, 2022

ലുക്കിസം(Lookism)

''I know what wages beauty gives.''
(To A Young Beauty-William Butler Yeats)

Racism (വർണ്ണവിവേചനം) എല്ലാവരും കേട്ടിട്ടുണ്ട്. Sexism (ലിംഗവിവേചനം) അതെന്താണെന്നും എല്ലാവര്‍ക്കുമറിയാം. എന്നാല്‍ lookism -സൗന്ദര്യത്തിന്റെ അടിസ്ഥാനത്തിലുള്ള  വിവേചനം-prejudice and discrimination based on physical appearence..... അങ്ങനൊന്നുണ്ടോ?

എന്താ സംശയം? അങ്ങിനൊന്നുണ്ട്.അധികം ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യമല്ലെങ്കിലും സുന്ദരികള്‍ക്കും സുന്ദരന്മാര്‍ക്കും എല്ലായിടത്തും പ്രത്യേക പരിഗണന കിട്ടുന്നുണ്ട്‌. ഭംഗിയുടെ കാര്യത്തിലും ഉള്ളവനും  ഇല്ലാത്തവനും തമ്മിലുള്ള വിവേചനമുണ്ട്. അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നതിനു പുറകില്‍ സൗന്ദര്യമില്ലായ്മയാണെന്ന് പക്ഷേ പലപ്പോഴും പുറത്തറിയാറില്ലെന്നു മാത്രം. ഒരു പക്ഷേ റേസിസത്തോളമോ സെക്സിസത്തോളമോ തന്നെ ശക്തമാണ് ലുക്കിസം എന്ന സൗന്ദര്യ വിവേചനം. സൗന്ദര്യം എല്ലാറ്റിനെയും സ്വധീനിക്കുന്നുണ്ട്,സമൂഹത്തിലെ നിങ്ങളുടെ സ്റ്റാറ്റസ്,ജോലി,വരുമാനം, വിവാഹബന്ധം, സുഹൃത്തുക്കള്‍ എല്ലാം. Lookism exists. With physical beauty comes great power,and great benefits.

Advertise

Click here for more info & purchase

 

I'm tired of all this nonsense about beauty being only skin-deep.That's deep enough.What do you want—an adorable pancreas?                                                                                
(Jean Kerr -American author and playwright)

ഈ സൗന്ദര്യം എന്ന കണ്‍സപ്റ്റിന്റെ കാര്യം രസമാണ്.ആളുകള്‍ ഒരേ സമയം സൗന്ദര്യത്തെ ആരാധിക്കുകയും വെറുക്കുകയും ചെയ്യുന്നുണ്ട്.''Beauty lies in the eyes of the beholder'',''Beauty is  skin deep''എന്നൊക്കെ പറഞ്ഞ് പൊതുവേ ഭംഗിയുടെ പ്രാധാന്യം കുറച്ചു കാണുന്നതാണ് പൊളിറ്റിക്കലി കറക്റ്റ് ആയി ബുദ്ധിജീവികള്‍ അംഗീകരിച്ചിട്ടുള്ളത്.(ബാഹ്യസൗന്ദര്യത്തിൽ  തങ്ങളേപ്പോലുള്ളവര്‍ വീഴില്ല.ആന്തരിക സൗന്ദര്യം കാണാൻ കഴിവുള്ളവരാണ് തങ്ങള്‍ എന്നാണ് നാട്യം.There really are no universal standards of beauty is a favorite idea of our progressive  wannabee's. അതേപ്പറ്റി പിന്നീട് ചര്‍ച്ച ചെയ്യാം.) ശരീരത്തിന്റെ ഭംഗി ആത്മാവിന്റെ ഭംഗിയെ നശിപ്പിക്കും അഥവാ ശരീരവും ആത്മാവും വിപരീത ചേരികളിലാണ് എന്ന ചിന്തയില്‍ നിന്നാണ്  സന്യാസിനികള്‍ ‍/കന്യാസ്ത്രീകള്‍ അവരുടെ സൗന്ദര്യം മറക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നത്. ഹിന്ദു സന്യസിമാരാണെങ്കിലും ഏറ്റവും പ്രാകൃതമായി നടക്കുന്നതാണ് സന്യാസത്തിന്റെ പാരമ്യം എന്നു  വച്ചിട്ടുള്ളത്, ചില ന്യൂ ജെനറേഷൻ സ്വാമിമാര്‍ ക്ലീന്‍ ഷേവ് ചെയ്ത് വൃത്തിയായി നടക്കുന്നുണ്ടെങ്കിലും..

(പഴയൊരു സെന്‍ കഥയില്ലേ, ഗുരുവും ശിഷ്യനും കൂടി ഒരു സുന്ദരിയെ എടുത്തു പുഴ കടത്തിയ കഥ. ഗുരു സ്ത്രീയുടെ സൗന്ദര്യത്താല്‍ ആകര്‍ഷിക്കപ്പെട്ടില്ല എന്നതായിരുന്നു കഥയുടെ  ഗുണപാഠം. 'നാരീസ്തനഭര നാഭീ ദേശം' സൂക്ഷിക്കണമെന്നു ശങ്കരാചാര്യരും പറഞ്ഞിട്ടുണ്ടല്ലോ. സമാനമായൊരു ശ്ലോകം ഭര്‍ത്തൃഹരിയുടെ വൈരഗ്യശതകത്തിലുമുണ്ട്.

Beauty is brought by judgment of the eye,Not utter'd by base sale of chapmen's tongues.
(William Shakespeare.)

സൗന്ദര്യം എന്നാല്‍ എന്താണെന്നു സത്യത്തില്‍ വിശദീകരിക്കേണ്ടതില്ല. അതിനെ നിര്‍വ്വചിക്കാന്‍ പ്രയാസമാണെങ്കിലും ആര്‍ക്കും അത് കണ്ടാല്‍ തിരിച്ചറിയാന്‍ പ്രയാസമൊന്നുമുണ്ടാകാറില്ല. ഉദാഹരണത്തിന് കുറെ സ്ത്രീപുരുഷന്മാരുടെ ഫോട്ടോകള്‍ സൗന്ദര്യത്തിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിക്കാന്‍ ആവശ്യപ്പെട്ടാല്‍ എല്ലാവരും ഏറെക്കുറേ ഒരേ ക്രമമാണ് നിർദേശിക്കാറുള്ളത്. മുകളില്‍ സൂചിപ്പിച്ച തരം ബുദ്ധിജീവികളും ആധ്യാത്മികവാദികളുമടക്കം. സൗന്ദര്യം അളക്കാന്‍ അധികം സമയവും വേണ്ട.. വെറും നൂറു മില്ലിസെക്കന്റുകള്‍ മതിയത്രെ ഒരു മുഖത്തിന്റെ ആകര്‍ഷണീയതയും അതില്‍നിന്ന് ആളുടെ വിശ്വസ്തതയും മറ്റും അളക്കാന്‍. കൂടുതല്‍ സമയമെടുത്തു നോക്കിയാലും ആദ്യത്തെ റേറ്റിങ്ങില്‍നിന്ന് കാര്യമായ മാറ്റമൊന്നുമുണ്ടാകില്ലെന്നും കാണുന്നു. First  impression is the best impression എന്ന് പറയുന്നത് വെറുതെയല്ല.

ബാഹ്യ സൗന്ദര്യത്തിനു ഒരു പ്രാധാന്യവും ഇല്ലാത്ത ഒരു ലോകം സങ്കല്‍പ്പിച്ചു നോക്കുക. ബുദ്ധിജീവികള്‍ സ്വപ്നം കാണുന്ന ഈ  ഉട്ടോപ്യ യഥാര്‍ത്ഥത്തില്‍ രോഗാവസ്ഥയാണ്. ഡിപ്രഷന്റെ ഒരു ലക്ഷണമാണ് സൗന്ദര്യം മനസ്സിലാകായ്ക അഥവാ അവഗണിക്കുക എന്നത്‍. സ്വന്തം രൂപത്തെ എങ്ങിനെ വിലയിരുത്തുന്നു എന്നത്  ഡിപ്രഷന്‍ ഡയഗ്നോസ് ചെയ്യാനുള്ള ഒരു പ്രധാന സൂചന പോലുമാണ്.

''Don't  judge a book by its cover''എന്നൊക്കെ പറയുമെങ്കിലും നമ്മള്‍ തീരുമാനങ്ങളെടുക്കുന്നത് പുറം മോടിയുടെ അടിസ്ഥാനത്തില്‍ത്തന്നെയാണ്. Appearance is information.Nothing more,  nothing less.(After all,how else can we judge someone if not by appearance? പണ്ടുള്ളവര്‍ പറയുന്നപോലെ 'ചക്ക ചൂഴ്ന്നു നോക്കുന്നപോലെ' നോക്കാനൊന്നും പറ്റില്ലല്ലോ.) നേതാക്കന്മാരെ തിരഞ്ഞെടുക്കുന്നതു പോലും പുറം കാഴ്ചയുടെ അടിസ്ഥാനത്തിലാണ്. ഒരു  പഠനത്തില്‍ (Alexander Todorov) അമേരിക്കയിലെ ഒരു സെനെറ്റ് തിരഞ്ഞെടുപ്പിനു മുന്‍പ് സ്ഥാനാര്‍ത്ഥികളെ അവരെപ്പറ്റി ഒരു മുന്‍ പരിചയവുമില്ലത്തവര്‍ അവരുടെ ഫോട്ടോയുടെ  അടിസ്ഥാനത്തില്‍ കൂടുതല്‍ കഴിവുള്ളവരായി കരുതിയവര്‍ ഭൂരിഭാഗം പേരും (72 ശതമാനം) പിന്നീട് നടന്ന ശരിക്കുള്ള ഇലക്ഷനില്‍ ജയിച്ചിരുന്നു.
സാറ പേലിന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍ അവരുടെ സ്റ്റാഫിലെ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങിയിരുന്നത് അവരുടെ മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നത്രേ. നമ്മുടെ നേതാക്കന്മാരും ഇപ്പോള്‍ ബ്യൂട്ടി പാര്‍ലറിലൊക്കെ പതിവുകാരാണ് എന്നു കേള്‍ക്കുന്നു. എന്തായാലും ഇപ്പോള്‍ കീറിയ ജൂബ്ബയും താടിയും ബീഡിക്കറപിടിച്ച പല്ലുകളുമെല്ലാം പൊയ്ക്കഴിഞ്ഞു. അവര്‍ക്കും കാര്യമൊക്കെ പിടികിട്ടിത്തുടങ്ങി എന്ന് സാരം.

(ഒരു ട്രിവിയ: പരിണാമസിദ്ധാന്തത്തിലേക്ക് നയിച്ച ഡാര്‍വിന്റെ പ്രശസ്തമായ ബീഗിള്‍ യാത്രയെക്കുറിച്ച് കേട്ടിട്ടില്ലെ? ബീഗിളിന്റെ ക്യാപ്റ്റന് സഹയാത്രികനായി ഡാര്‍വിനെ കൂടെകൂട്ടാന്‍ യഥാര്‍ത്ഥത്തില്‍ വലിയ സമ്മതമൊന്നുമുണ്ടായിരുന്നില്ലത്രേ. ഡാര്‍വിന്റെതുപോലുള്ള ഒരു മൂക്കിന്റെ ഉടമ ഒന്നിനും കൊള്ളാത്തവനായിരിക്കും എന്നായിരുന്നത്രെ അദ്ദേഹത്തിന്റെ അഭിപ്രായം. ഇതിനെക്കുറിച്ച് സൈക്കോളജിസ്റ്റായ Leslie Zebrowitz ന്റെ കമന്റ്‌....The theory of evolution was almost lost for want of a proper nose.) അപ്പോള്‍ ലുക്കിസം കൊണ്ട് നമുക്ക് ശരിക്ക് നഷ്ടപ്പെട്ട അറിവുകള്‍ എന്തൊക്കെയായിരിക്കും?)

''An ugly baby is a very nasty object.''
Queen Victoria

ജനിച്ചു വീഴുന്ന നിമിഷം മുതല്‍തന്നെ ഈ സൗന്ദര്യ വിവേചനം തുടങ്ങും. അത്ര ഭംഗിയില്ലാത്ത കുട്ടികളെ നേഴ്സുമാര്‍ പോലും അത്ര താല്പര്യത്തോടെയല്ല ശുശ്രൂഷിക്കുന്നതത്രെ. ഇത് ഗൗരവമുള്ള പ്രശ്നമാകുന്നത് പ്രായം തികയാതെ ജനിക്കുന്ന ശിശുക്കളിലാണ്. മാസം തികയാതെ പ്രസവിക്കുന്ന കുട്ടികള്‍ക്ക് അത്ര ഭംഗിയൊന്നുമുണ്ടായിരിക്കില്ല. കൂടുതല്‍ ശ്രദ്ധ വേണ്ട ഈ ശിശുക്കള്‍ക്ക് ഈ കാരണം കൊണ്ട് ആവശ്യമായ പരിചരണം കിട്ടാതെ വരാം. നേഴ്സുമാര്‍ മനഃപൂര്‍വം ഇങ്ങനെ ചെയ്യുന്നു എന്നോ ജോലിയില്‍ അലംഭാവം കാണിക്കുന്നു എന്നോ ഇതിനര്‍ഥമില്ല. It's just that there is a measurable difference between how a good looking newborn and a not so adorable new born is cared for. നേഴ്സുമാരെ എന്തിനു പറയുന്നു,സ്വന്തം അമ്മ തന്നെ വിവേചനം  കാണിക്കാം.'കാക്കക്കും തന്‍ കുഞ്ഞു പൊന്‍കുഞ്ഞ്' എന്നൊക്കെയുണ്ടെങ്കിലും, നല്ല ഭംഗിയുള്ള നവജാത ശിശുക്കളേയും അത്രയൊന്നും ഭംഗിയില്ലാത്തവരെയും അമ്മമാര്‍ പരിചരിക്കുന്നതില്‍  വ്യത്യാസമുണ്ടെന്നു ഒരു പഠനം കാണിക്കുന്നു. ഇരട്ടക്കുട്ടികളില്‍ ചന്തം കൂടുതലുള്ള കുട്ടിയെ അമ്മ കൂടുതല്‍ പരിഗണിക്കുന്നു എന്നും ചില പഠനങ്ങള്‍ പറയുന്നു. ഇവിടെയും ചന്തം കുറവുള്ള കുട്ടിയെ  വെറുക്കുന്നു എന്നോ അവഗണിക്കുന്നു, ഇത് മനഃപൂര്‍വം ചെയ്യുന്നതാണ് എന്നോ അല്ല. പക്ഷേ രണ്ടു തരം കുട്ടികളോടുള്ള പെരുമാറ്റത്തിലും വ്യക്തമായ വ്യത്യാസങ്ങളുണ്ട് എന്നാണ് കാണുന്നത്.

ഇനി സ്കൂളിലെത്തിയാലും ഭംഗിയുള്ള കുട്ടികളോടുള്ള അധ്യാപകരുടെ പെരുമാറ്റത്തിലും വ്യത്യാസം കാണാം. ഒരു പരീക്ഷണത്തില്‍ ഏഴു വയസ്സുള്ള ഒരു കുട്ടിയുടെ പെരുമാറ്റത്തേക്കുറിച്ചുള്ള റിപ്പോര്‍ട്ട്‌ എന്ന പേരില്‍ ടീച്ചര്‍മാരെ കാണിച്ചപ്പോള്‍ അതോടൊപ്പമുള്ള കുട്ടിയുടെ ചിത്രം ഭംഗിയുള്ളതോ അല്ലാത്തതോ എന്നതിന്റെ അടിസ്ഥാനത്തില്‍ അവരുടെ അഭിപ്രായം മാറുന്നതായി കണ്ടിട്ടുണ്ട്. അവരുടെ  കണ്ണില്‍ ഭംഗിയുള്ള കുട്ടിയുടേത് വെറും കുസൃതിയും ഭംഗിയില്ലാത്ത കുട്ടിയുടേത് ശിക്ഷ നല്‍കേണ്ട അനുസരണക്കേടോ ആകും. കൈയ്യോടെ പിടിക്കപ്പെട്ടാല്‍ പോലും(കോപ്പിയടി പോലെ) ഭംഗിയുള്ള  കുട്ടിക്ക് അറിയാതെ ഒരബദ്ധം പറ്റിയതും ഭംഗിയില്ലാത്ത കുട്ടിയുടേത് അത് ഒരു സ്ഥിരം സ്വഭാവമോ ആകും.'നല്ല'കുട്ടികള്‍ക്ക് കൂടുതല്‍ ഗ്രേഡും മാര്‍ക്കും കിട്ടുന്നതും അസാധാരണമല്ല. ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികളില്‍ കൂടുതലും കാണാന്‍ ഭംഗിയില്ലാത്തവരാണ് എന്നും ചില പഠനങ്ങളില്‍ കാണുന്നുണ്ട്.

മ്യൂസിക്ക് റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുന്ന കുട്ടികളുടെ പാട്ടൊന്നും കേള്‍ക്കാതെതന്നെ അവരുടെ ഫോട്ടോകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ എസ്.എം.എസ് കിട്ടാന്‍പോകുന്നത് ആര്‍ക്കായിരിക്കും-ഒരുപക്ഷേ അവസാന വിജയി ആരായിരിക്കും എന്നുപോലും- ഏകദേശം ഊഹിക്കാം.(ട്രിവിയ: ഒരു വടക്കന്‍ വീരഗാഥയില്‍ വാഴുന്നോര്‍ ചന്തുവിനെക്കള്‍ മികച്ച പോരാളിയായി ആരോമല്‍  ചേകവര്‍ക്ക് കാഴ്ചയങ്കത്തില്‍ വച്ച് സമ്മാനം കൊടുക്കുന്നത് മെയ്യഴകും മുഖശ്രീയും കണ്ട് മയങ്ങിയിട്ടാണെന്നു തുറന്നു സമ്മതിക്കുന്നുണ്ട്. Btw,ശരിക്കുള്ള വടക്കന്‍ പാട്ടില്‍ ചന്തു സുന്ദരനല്ല.മുച്ചിറി (cleft  lip) ഉണ്ടായിരുന്നു എന്നാണ് പാട്ടില്‍ കാണുന്നത് എന്ന് കൂട്ടിവായിക്കാം.)

പലരും കുട്ടികള്‍ തമ്മിലെങ്കിലും ഈ സൗന്ദര്യ വിവേചനം ഉണ്ടായിരിക്കില്ല എന്ന് കരുതും. സൗന്ദര്യം സാമൂഹ്യനിര്‍മ്മിതിയാണ് എന്നാണല്ലോ ബുദ്ധിജീവികള്‍ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്‌. അപ്പോള്‍ അവരുടെ ഇടയിലെങ്കിലും രക്ഷ കിട്ടേണ്ടതാണ്. എന്നാല്‍ യാഥാര്‍ത്ഥ്യം മറിച്ചാണ്. അവിടെയും രക്ഷയില്ല. ഒരുപക്ഷേ കുട്ടികളുടെ ഇടയിലായിരിക്കും ലുക്കിസം കൂടുതല്‍. കുട്ടിക്കാലത്ത് പരസ്പരം വിളിച്ചിരുന്ന പരിഹാസപ്പേരുകള്‍ ഓര്‍ത്താല്‍ മതി. ഏതാണ്ടെല്ലാം തന്നെ അപരന്റെ ശാരീരിക പോരായ്മകളെ കളിയാക്കുന്നതായിരിക്കും. കറുമ്പനും കോങ്കണ്ണനുമൊക്കെ ചെറിയ കുട്ടികളുടെ ഇടയില്‍പോലും സര്‍വ്വസാധാരണമാണ്.

Advertise

Click here for more info


''When a baby is in the room with two women, and one is considered more beautiful than the other, the infant's eyes will go to the more beautiful one.''
(Susan Anton-american actress  and singer.)

തീരെ ചെറിയ കുട്ടികള്‍ പോലും സൗന്ദര്യമുള്ളവരെ കൂടുതല്‍ ശ്രദ്ധിക്കുമെന്ന് സൈകോളജിസ്റ്റായ Judith Langlois ന്റെ പഠനങ്ങള്‍ കാണിക്കുന്നു. മുതിന്നവര്‍ സൗന്ദര്യമുള്ളവരായി വിലയിരുത്തിയവരുടെ ചിത്രങ്ങള്‍ മൂന്നുമുതല്‍ ആറുമാസം പ്രായമുള്ള കുഞ്ഞുങ്ങളെ കാണിച്ചപ്പോള്‍ അവരുടെ അഭിപ്രായവും ഏതാണ്ട് അതുതന്നെയായിരുന്നു. (ഇത്ര ചെറിയ കുട്ടികള്‍ എങ്ങിനെ അഭിപ്രായം പറയും എന്നാണെങ്കില്‍ കുട്ടികള്‍ അവര്‍ക്ക് താല്പര്യം തോന്നുന്ന വസ്തുക്കളെ കൂടുതല്‍ സമയം നോക്കും. babies stare significantly longer at things that interests  them.) പഠനത്തില്‍നിന്ന്.....They looked longer at the most attractive men, women, babies, African-Americans, Asian-Americans, and Caucasians.This suggests not only that babies have  beauty detectors but that human faces may share universal features of beauty across their varied features.


''It is amazing how complete is the delusion that beauty is goodness.''
Leo Tolstoy

ഇനി അവിടന്നും വിട്ടാല്‍ നിഷ്പക്ഷമായി ജോലി നിര്‍വഹിക്കുന്നു എന്ന് കരുതപ്പെടുന്ന ജഡ്ജിമാരെപോലും സൗന്ദര്യം സ്വാധീനിക്കാം. ഇ എം എസ് പണ്ട് പറഞ്ഞതില്‍ ശരിയുടെ അംശമുണ്ട്. കോടതിയിലെത്തുന്നവരുടെ മാന്യതയും വസ്ത്രധാരണവും കോടതികളുടെ പെരുമാറ്റത്തെയും വിധിയെയും സ്വാധീനിക്കാം. സൗന്ദര്യമുള്ളവനും ഇല്ലാത്തവനും രണ്ടു തരം നീതിയാകും കോടതികളിൽ  നിന്നു ലഭിക്കുക. ധാരാളം പഠനങ്ങളില്‍നിന്നു (using mock juries) മനസ്സിലാക്കാന്‍ കഴിയുന്നത് അതാണ്. പ്രതിയെ കാണാന്‍ കൊള്ളാമെങ്കില്‍ വെറുതെ വിടാനോ അഥവാ ശിക്ഷിക്കപ്പെടുന്നെങ്കില്‍  താരതമ്യേന ലഘുവായ ശിക്ഷ വിധിക്കാനോ ആണ് സാധ്യത കൂടുതലത്രേ. എന്നാല്‍ വാദി ഒരു സുന്ദരിയാണെങ്കില്‍ (ബലാല്‍സംഗം പോലുള്ളവയില്‍ ) പ്രതിക്ക് കൂടുതല്‍ ശിക്ഷ കിട്ടാനും ചാന്‍സുണ്ട്. നല്ലൊരു സാധനത്തെ 'നശിപ്പിച്ചു','ചീത്തയാക്കി' എന്ന ചിന്തയാവാം കൂടുതല്‍ കടുത്ത ശിക്ഷ നല്കാന്‍ പ്രേരിപ്പിക്കുന്നത്. ബലാല്‍സംഗം ചെയ്യപ്പെടുന്ന ഒരു വിരൂപ പക്ഷേ വലിയ കാരുണ്യമൊന്നും പ്രതീക്ഷിക്കേണ്ട. Sadly It seems they will be penalised for being ugly also.

എന്നാല്‍ കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെടുന്ന സുന്ദരികള്‍ക്ക് കൂടുതല്‍ ശിക്ഷ കിട്ടും. സൗന്ദര്യമുള്ളവര്‍ 'ഫെയര്‍ ' ആയിരിക്കും എന്ന നമ്മുടെ മുന്‍വിധി തെറ്റാണെന്ന് തെളിയിച്ചു തന്നതിനുള്ള ശിക്ഷ. അവരോടു തോന്നുന്ന വെറുപ്പിന്റെ ഒരു ഭാഗം അവരുടെ ചെറുപ്പവും, സൗന്ദര്യവുമായി ബന്ധപ്പെട്ടതാണ്. ഏതെങ്കിലും ഒരു  മധ്യവയസ്കയോ, അത്ര സൗന്ദര്യമില്ലാത്ത സ്ത്രീയോ ആണെങ്കിൽ ഒരുപക്ഷേ ഇത്ര ഫീല്‍ ചെയ്യില്ലായിരുന്നു. ഇത് വഞ്ചനയാണ്. സൗന്ദര്യത്തിന്റെ ദുരുപയോഗമാണ് എന്ന് മനസ്സിലെവിടെയോ ഇരുന്നു ആരോ പറയുന്നില്ലെ? The  thought is echoed by Ovid (Roman poet,43BC – AD17).''I would that you were either less beautiful,or less corrupt.Such perfect beauty does not suit such imperfect morals.''

 
''Personal Beauty is a greater recommendation than any letter of introduction.''
Aristotle

ഇനി ഉദ്യോഗത്തിന്റേയോ വരുമാനത്തിന്റേയോ കാര്യം നോക്കിയാലും സൗന്ദര്യമുള്ളവര്‍ അതില്ലാത്തവരേക്കാള്‍ കൂടുതല്‍ മെച്ചമാണെന്നു ഗവേഷകര്‍ .‍(Daniel Hamermesh and Jeff Biddle) There is  something called a ''beauty premium.''

പഠനത്തില്‍നിന്ന്.....Holding constant demographic and labor-market characteristics, plain people earn less than people of average looks, who earn  less than the good-looking. The penalty for plainness is 5 to 10 percent, slightly larger than the premium for beauty. The effects are slightly larger for men than women; but unattractive  women are less likely than others to participate in the labor force and are more likely to be married to men with unexpectedly low human capital. Better-looking people sort into  occupations where beauty is likely to be more productive; but the impact of individuals' looks on their earnings is mostly independent of occupation.

ഭംഗിയില്ലാത്ത സ്ത്രീകള്‍ വളരെ  പെട്ടെന്നുതന്നെ ലേബര്‍ മാര്‍ക്കറ്റില്‍നിന്നു പുറത്താകും. അവര്‍ക്ക് പിന്നെ വിവാഹം മാത്രമേ മാര്‍ഗ്ഗമുള്ളൂ. പക്ഷെ അവിടെയും അവര്‍ക്ക് 'ക്വാളിറ്റി' കുറഞ്ഞ ഭര്‍ത്താക്കന്‍മാരെയേ കിട്ടൂ.(നല്ല  വിദ്യാഭ്യാസമോ ജോലിയോ അല്ല്ലാത്ത എന്നര്‍ത്ഥത്തില്‍)

ആളുകൾ സൗന്ദര്യമുള്ളവരോട് കൂടുതല്‍ നന്നായി പെരുമാറും എന്നതിന് സൂചനകളുണ്ട്. ഒരു പരീക്ഷണത്തില്‍ പഞ്ചറായ കാറിനടുത്ത് സഹായമഭ്യര്‍ത്ഥിച്ചു നില്‍ക്കുന്നത് ഒരു സുന്ദരിയാണെങ്കില്‍ വളരെവേഗം സഹായം കിട്ടുന്നതായി കണ്ടിട്ടുണ്ട്.വിരൂപകള്‍ക്ക് കുറച്ചധികം കാത്തു നില്‍ക്കേണ്ടിവരും.(സത്യത്തില്‍ ഈ പരീക്ഷണ ഫലം അത്ര വലിയ വാര്‍ത്തയൊന്നുമല്ല അല്ലെ?) സൗന്ദര്യമുള്ള  മേലുദ്യോഗസ്ഥ വിമര്‍ശിച്ചാല്‍ പോലും പുരുഷന്മാര്‍ അവരോടുകൂടെ സഹകരിക്കാന്‍ തയ്യാറാകുന്നതായും കണ്ടിട്ടുണ്ട്. എന്നാല്‍ അത്ര സൗന്ദര്യമില്ലാത്തവരരാണ് മേലുദ്യോഗസ്ഥ എങ്കില്‍ ആണുങ്ങള്‍  അവരുടെ പാട്ടിനു പോകും.എച്ചില്‍ കൈകൊണ്ടു കാക്കയെ ആട്ടുക എന്നൊരു പ്രയോഗമുണ്ട്. അതുപോലെയാണ് ഈ ആണുങ്ങളുടെ കാര്യം.) So the ugly truth is,attractiveness attracts.

ഒരു പരീക്ഷണം കൂടി പറയാം. തിരക്കുള്ള ഒരു എയര്‍പോര്‍ട്ടില്‍ ആരോ അയക്കാന്‍ മറന്നുപോയതു പോലെ കുറെ അപ്ലിക്കേഷന്‍ ഫോമുകള്‍ പലയിടത്തായി നിക്ഷേപിക്കുന്നു. എല്ലാറ്റിലും ഒരേ  വിവരങ്ങള്‍ തന്നെയാണ്. ഇത് കണ്ടു കിട്ടുന്നവര്‍ എത്ര പേര്‍ ഇവ എടുത്തു തപാല്‍ പെട്ടിയില്‍ നിക്ഷേപിക്കും? അപേക്ഷയുടെ കൂടെ കാണുന്ന ഫോട്ടോ നന്നെങ്കില്‍ അപേക്ഷ കണ്ടു കിട്ടുന്നവര്‍  അതെടുത്ത് തപാല്‍ പെട്ടിയിലിടാന്‍ കൂടുതല്‍ സാധ്യതയുണ്ടത്രെ. ജീവിതത്തില്‍ ഒരിക്കലും നേരില്‍കണ്ടിട്ടില്ലാത്ത, നേരില്‍ കാണാന്‍ ഒരു സാധ്യതയുമില്ലാത്തവരോടുപോലും കാഴ്ചയുടെ  അടിസ്ഥാനത്തിലുള്ള വിവേചനം..! ആളുകള്‍ കാണാന്‍ ഭംഗിയുള്ളവരോട് എന്തെങ്കിലും സഹായം ചോദിക്കാന്‍ മടിക്കുമെന്നും ചില പഠനങ്ങള്‍ കാണിക്കുന്നു. അപകര്‍ഷതാ ബോധം അല്ലെങ്കില്‍  അവരൊക്കെ വലിയ ആളുകള്‍ എന്ന ചിന്ത?

ലുക്കിസത്തിന്റെ ഒരു വകഭേദമാണ് heightism. ഉയരമുള്ള ആള്‍ സ്വാഭാവികമായും വലിയ ആളുമായിരിക്കുമല്ലോ. Research shows that in all kinds of animals,both human and nonhuman, greater  physical size and higher social rank are correlated. ഉയരം, പ്രത്യേകിച്ച് പുരുഷന്‍മാര്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്. റൊമാൻസിന്റെ കാര്യത്തില്‍ പോലും പൊക്കമില്ലായ്മ ഒരു പൊക്കമല്ല.  സ്ത്രീകൾക്ക് അവരെക്കാള്‍ ഉയരമുള്ള പുരുഷന്മാരെയാണ് താല്പര്യം. ഇനി വരുമാനം നോക്കിയാലും,കൂടുതലുള്ള ഓരോ ഇഞ്ചിനും വര്‍ഷത്തില്‍ ശരാശരി ആയിരം ഡോളര്‍ വീതം കൂടുതല്‍  വരുമാനമുണ്ടാകുന്നുണ്ട് എന്നാണ് കണക്ക്. സോഷ്യോളജിസ്റ്റായ Feldman ഈ നൂറ്റാണ്ടിലെ ഏതാണ്ട് എല്ലാ അമേരിക്കന്‍ പ്രസിഡന്റുമാരും അവരുടെ പ്രധാന എതിരാളിയേക്കാള്‍ ഉയരമുള്ളവരായിരുന്നു എന്നു പറയുന്നു. നാല്പത്തിമൂന്ന് അമേരിക്കന്‍ പ്രസിഡന്റുമാരില്‍ വെറും അഞ്ചുപേര്‍ മാത്രമാണ് ശരാശരിയില്‍ കുറഞ്ഞ ഉയരമുള്ളവര്‍.

Malcolm Gladwell അദേഹത്തിന്റെ 'Blink' എന്ന പുസ്തകത്തില്‍ രസകരമായ ചില കണക്കുകള്‍ അവതരിപ്പിക്കുന്നുണ്ട്.ഫോര്‍ച്ച്യൂണ്‍ 500 കമ്പനികളിലെ മിക്ക സി.ഇ.ഓമാരും ശരാശരിക്ക് മേല്‍  ഉയരമുള്ളവരാണത്രേ.  അമേരിക്കക്കാരന്റെ  ശരാശരി ഉയരം അഞ്ചടി ഒന്‍പതിഞ്ച്. അമേരിക്കയില്‍ ആറടിയോ അതില്‍കൂടുതലോ പൊക്കമുള്ളവര്‍ 14.5 ശതമാനമാണ്. എന്നാല്‍ ഫോര്‍ച്ച്യൂണ്‍ 500  കമ്പനികളുടെ സി.ഇ.ഓമാരില്‍ അത് 58 ശതമാനമാണ്. ഇനി ആറടി രണ്ടിഞ്ച് പൊക്കമുള്ള അമേരിക്കക്കാര്‍ 3.9 ശതമാനം. എന്നാല്‍ സി.ഇ.ഓമാരില്‍ മൂന്നിലൊന്നിനെങ്കിലും ആറടി രണ്ടിഞ്ചിനുമേല്‍  പൊക്കമുണ്ട്.

ഉയരമുള്ളവനെ കൂടുതല്‍ കഴിവുള്ളവനായി ധരിക്കുന്നതുപോലെ കൂടുതല്‍ കഴിവുള്ളവനെ കൂടുതല്‍ ഉയരമുളളവനായും കരുതുന്നതായി ചില പരീക്ഷണങ്ങളുണ്ട്. ഒരു കൂട്ടം അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക്  കേംബ്രിഡ്ജില്‍ നിന്നെത്തിയ ഒരു വിദ്യാര്‍ഥി എന്ന പേരില്‍ ഒരാളെ പരിചയപ്പെടുത്തുന്നു. മറ്റൊരു കൂട്ടര്‍ക്കു ഇദേഹത്തെ കേംബ്രിഡ്ജിലെ ഒരു പ്രൊഫസര്‍ എന്നാണ് പരിചയപ്പെടുത്തുന്നത്.  ഇദേഹത്തിന് എത്ര ഉയരമുണ്ടായിരുന്നു പിന്നീട് ഊഹിക്കാന്‍ അവശ്യപ്പെട്ടപ്പോള്‍ വിദ്യാര്‍ത്ഥികളുടെ കണ്ണില്‍ 'പ്രൊഫസര്‍ക്ക്' വെറും 'വിദ്യാര്‍ത്ഥി'യേക്കാള്‍ അഞ്ചിഞ്ച് വരെ ഉയരം കൂടി. ഉയരം  കുറഞ്ഞവനെ ആര്‍ക്കും വിശ്വാസമില്ല.'കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത്' എന്നാണ
ല്ലോ പഴമൊഴി.

സൗന്ദര്യം പക്ഷേ ഒരു ഇരുതല മൂര്‍ച്ചയുള്ള വാളാണ്. സൗന്ദര്യമുള്ളവരുടെ കഴിവിനെക്കുറിച്ച് സമൂഹത്തിന് കൂടുതല്‍ പ്രതീക്ഷകളുള്ളതുകൊണ്ട് അതനുസരിച്ച് അസാമാന്യമായ കഴിവുകള്‍  കാണിക്കാത്ത സുന്ദരന്മാര്‍ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ പഴി കേള്‍ക്കേണ്ടിയും വരും. ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കുന്ന സ്ത്രീകള്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നതോ സെക്സിയായി വസ്ത്രം ധരിക്കുന്നതോ അവരുടെ കഴിവിലുള്ള മതിപ്പ് കുറയാന്‍ ഇടയാക്കുമെന്ന് പഠനം‍. മുതിര്‍ന്നവരില്‍ അവശേഷിക്കുന്ന കുട്ടിത്തം (round face,large eyes,small nose,high fore head,small chin.) അവരെ കഴിവുകുറഞ്ഞവരായി വിലയിരുത്താന്‍ ഇടയാക്കും എന്ന് സൈക്കോളജിസ്റ്റായ Leslie Zebrowitz.(നമ്മള്‍ നേരത്തെ കണ്ട'The theory of evolution was almost lost for want of a proper  nose' ഫെയിം.) പട്ടാളത്തിലും മറ്റും പൗരുഷം തോന്നിക്കാത്ത മുഖമുള്ളവരെ(baby faced) പ്രമോഷനും മറ്റും പരിഗണിക്കാന്‍ സാധ്യത കുറവാണ് എന്നും കണ്ടിട്ടുണ്ട്.

Neoteny അഥവാ മുതിര്‍ന്ന ശേഷവും അവരില്‍ അവശേഷിക്കുന്ന കുട്ടിത്തം (round face,large eyes,small nose,high fore head,small chin) പുരുഷന്മാരേക്കാള്‍ സ്ത്രീകളില്‍ കൂടുതലായി  കാണപ്പെടുന്നതുകൊണ്ട് ആ കാര്യം കൊണ്ടുതന്നെ ചില രംഗങ്ങളില്‍ സൗന്ദര്യമുള്ള സ്ത്രീകള്‍ പിന്‍തള്ളപ്പെട്ടു പോകാം. (ഉദാഹരണത്തിന് മുന്നില്‍ നിന്ന് നയിക്കേണ്ടത് എന്ന് സധാരണ കരുതുന്ന  രാഷ്ട്രീയം,പട്ടാളം,വന്‍ കമ്പനികളുടെ സാരഥ്യം etc.) സെക്സിസത്തിന്റെ ഒരു അംശമെങ്കിലും ചിലപ്പോള്‍ 'വെറും' ലുക്കിസമാണെന്നു വരാം. രാഷ്ട്രീയം പോലുള്ള മേഖലകളില്‍ സൗന്ദര്യം സ്ത്രീകളില്‍  ഒരു ബാധ്യതയാകാനും മതി. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സുന്ദരികളായ പെണ്‍കുട്ടികള്‍ വരുന്നത് കുറവാണോ ആവൊ? കാണാന്‍ ഭംഗിയുള്ളവര്‍  പതുക്കെ പുറംതള്ളപ്പെട്ടു പോകാറുണ്ടോ? സ്വന്തം കോളേജ് അനുഭവത്തില്‍ ഫസ്റ്റ് ഇയറില്‍ വളരെ സജീവമായി മുന്നിലുണ്ടാകുന്ന സുന്ദരികള്‍ അധികം താമസിയാതെ പാര്‍ട്ടിയിലെ 'ആല്‍ഫാ  മെയിലിന്റെ'(Alpha male) കാമുകിയായി പതുക്കെ ഒതുങ്ങിക്കൂടും. അല്ലെങ്കില്‍ കൂട്ടത്തിലെ മറ്റു പെണ്‍കുട്ടികള്‍ കൂടി ഒതുക്കിക്കളയും. ചുരുക്കത്തില്‍ രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞാല്‍ രംഗത്ത് 'അടിസ്ഥാന വര്‍ഗ്ഗ' പെണ്‍കുട്ടികള്‍ മാത്രമെ കാണൂ. എന്തായാലും സൗന്ദര്യമുള്ള സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ കുറവാണ് എന്നാണ് തോന്നുന്നത്.

മനുഷ്യന്റെ ലുക്കിസത്തില്‍നിന്ന് മറ്റു മൃഗങ്ങള്‍ക്കും രക്ഷയില്ല. കാണാന്‍ ചന്തമില്ലാത്ത മൃഗങ്ങളെ സംരക്ഷിക്കുന്ന പദ്ധതികള്‍ക്കൊന്നും വേണ്ടത്ര  പണമോ ആള്‍സഹായമോ കിട്ടാറില്ല. ഐക്യരാഷ്ട്ര സഭയുടെ Convention on Migratory Species  2011–12 വര്‍ഷത്തെ 'Year of the Bat' ആയി പ്രഖ്യാപിച്ചിരുന്നു. വല്ല പാണ്ട പോലുള്ള  ജീവികള്‍ക്കല്ല്ലാതെ കാണാന്‍ ഒട്ടും കൗതുകമില്ലാത്ത ഈ നരിച്ചീറിനു വേണ്ടി ഏതെങ്കിലും പ്രകൃതി സ്നേഹികള്‍ മുന്നോട്ടുവരുമെന്നു തോന്നുന്നുണ്ടോ? Conservation has become like a beauty  contest.Beautiful creatures win.Some animals are just too ugly to be loved.Lookism rules.

"I was frequently subject to moments of despair. I imagined that there was no happiness on earth for a man with such a wide nose, such thick lips, and such tiny gray eyes as mine....  Nothing has such a striking impact on a man's development as his appearance, and not so much his actual appearance as a conviction that it is either attractive or unattractive." Leo  Tolstoy

സ്വന്തം സൗന്ദര്യത്തെപ്പറ്റിയുള്ള സ്വയം ധാരണയും മറ്റുള്ളവരുടെ അഭിപ്രായവും തമ്മില്‍ പലപ്പോഴും വലിയ യോജിപ്പുണ്ടാകാറില്ല. അതിസുന്ദരികളും സുന്ദരന്മാരും പോലും പലപ്പോഴും സ്വന്തം  സൗന്ദര്യത്തില്‍ തൃപ്തരല്ല. സ്ത്രീകളുടെ കാര്യത്തില്‍ ഇതല്‍പ്പം കൂടുതലുമാണ് എന്നും പറയേണ്ടി വരും. പുരുഷന്മാര്‍ സ്ത്രീകളെ അപേക്ഷിച്ചു സ്വന്തം സൗന്ദര്യത്തില്‍ അത്രയൊന്നും  അകാംഷാഭരിതരല്ല. സ്ത്രീകളാണ് പുരുഷന്‍മാരേക്കാള്‍ സ്വന്തം രൂപം വിമര്‍ശനാത്മകമായി വിലയിരുത്തുന്നതും സ്വന്തം രൂപത്തില്‍ അതൃപ്തരാകുന്നതും. പഠനങ്ങള്‍ കാണിക്കുന്നത് പത്തില്‍ എട്ടു  സ്ത്രീകളം കണ്ണാടിയില്‍ കാണുന്ന തങ്ങളുടെ രൂപത്തില്‍ തൃപ്തരല്ല എന്നാണ്.ലോക സുന്ദരികള്‍ പോലും ഇതില്‍ നിന്ന് ഒഴിവല്ല എന്നത് അത്ഭുതപ്പെടുത്തുന്നതാണ്.(ഇതൊക്കെയാണ്  സൗന്ദര്യവര്‍ദ്ധക ക്രീം നിര്‍മാതാക്കളും കോസ്മെറ്റിക് സര്‍ജ്ജന്മാരുമെല്ലാം മുതലാക്കുന്നത്.) എന്നാല്‍ ഈ സൗന്ദര്യബോധം പലപ്പോഴും പരിധി വിട്ടു പോകാം. Body dysmorphic disorder  എന്നറിയപ്പെടുന്ന ഈ അവസ്ഥ ഒരു മാനസിക രോഗമാണ്. ഇത്തരക്കാര്‍ അന്തമില്ലാത്ത ഡയറ്റിംഗും പ്ലാസ്റ്റിക്‌ സര്‍ജ്ജറികളുമായി കാലം കഴിക്കും. ഡയറ്റു ചെയ്ത് മരിച്ചുപോയ ഫാഷന്‍  മോഡലുകളുണ്ട്. മൈക്കിള്‍ ജാക്സണ് സത്യത്തില്‍ പ്ലാസ്റ്റിക്‌ സര്‍ജ്ജറിയുടെ വല്ല ആവശ്യവുമുണ്ടയിരുന്നോ? അവസാനകാലത്തെ ചിത്രം നോക്കൂ. മൂക്കൊക്കെ ഏറെകുറെ നശിച്ചു കഴിഞ്ഞിരിക്കുന്നു. ആള്‍  അതിപ്രശസ്തനും അതിധനവാനുമായതു കൊണ്ട് മാത്രം മാനസിക ചികിത്സക്ക് പകരം ഡോക്ടര്‍മാര്‍ എല്ലാവരും കൂടി ഈ കോലത്തിലാക്കിക്കൊടുത്തു.

''Time has no respect for beauty''
Polish Proverb

പ്രായമാകുന്നതോടുകൂടി 'look' അഥവാ സൗന്ദര്യം നഷ്ടപ്പെടും എന്നതുകൊണ്ട് പ്രായമാകുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന വിവേചനമാണ് 'ഏജിസം.'(ageism-discrimination towards those who  are not young.) പുരുഷന്മാരേക്കാള്‍ കൂടുതല്‍ ഇത് അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകളാണ്. കാരണം അവരുടെ ചെറുപ്പം പുരുഷന്‍മാരുടേതിനെക്കാള്‍ കൂടുതല്‍ വേഗം അവസാനിക്കും. അതിനു  ജൈവശാസ്ത്രപരമായ ചില വിശദീകരണങ്ങളുമുണ്ട്. അത് മറ്റൊരു പോസ്റ്റിനുള്ള വിഷയമാണ്.എങ്കിലും ഒരു quick overview....എല്ലാ ജീവജാലങ്ങള്‍ക്കും ജീവിതം എന്നാല്‍ മറ്റു ജീവികളുടെ ഭക്ഷണമാകാതെ പ്രായപൂര്‍ത്തി വരെയെങ്കിലും എത്തുകയും  യോജിച്ച ഇണയെ/ഇണകളെ കണ്ടെത്തി അടുത്ത തലമുറയെ സൃഷ്ടിക്കുക എന്നതുമാണ്. അപ്പോള്‍ യോജിച്ച ഇണയെ കണ്ടെത്താനുള്ള നമ്മുടെ സോഫ്റ്റ് വെയറിന്റെ പ്രവര്‍ത്തനമാണ് സൗന്ദര്യം  എന്ന് വിവക്ഷിക്കുന്നത്.Thus beauty is the verdict from our 'mate detectors.' സൗന്ദര്യം എന്നത് പുരുഷനും സ്ത്രീക്കും അവരുടെ മുന്‍ഗണനകള്‍ക്ക് ചില വ്യത്യാസങ്ങളുണ്ട്. സ്ത്രീകളുടെ  പ്രത്യുല്പാദനകാലം പരിമിതമാണ്. ഒരു പതിനഞ്ചു വയസ്സ് മുതല്‍ പരമാവധി ഒരു 45-50 വര്‍ഷം വരെ. (from menarche to menopause.) ഉപയോഗിച്ചാലും ഇല്ലെങ്കിലും നിശ്ചിത സമയം കഴിഞ്ഞാല്‍  ലാപ്സായിപ്പോകുന്ന ഒന്നാണ് സ്ത്രീകളുടെ പ്രത്യുല്പാദനകാലം. She is always racing against time. അതുകൊണ്ട് പുരുഷന്റെ സ്ത്രീ സൗന്ദര്യ സങ്കല്‍പ്പം പ്രധാനമായും സ്ത്രീയുടെ ചെറുപ്പവുമായി  ബന്ധപ്പെട്ടതാണ്.Catch them young എന്നതു പുരുഷ മുദ്രാവാക്യം.

''There is a point where men cease to embody the qualities that women desire,but it is not much shy of a wheel chair and the need for total medical care.''
David Buss-psychologist

പുരുഷന്മാര്‍ക്ക് പക്ഷേ അത്തരം പരിമിതികളൊന്നുമില്ല.അവരുടെ പ്രത്യുല്പാദനകാലം ഒരു 13-14 വയസ്സുമുതല്‍ മിക്കവാറും മരണം വരെയാണ്.'പിക്കപ്പും' 'മൈലേജും' കുറഞ്ഞാലും.... he can be trusted  to deliver the cargo,if only somebody lets him.) അതുകൊണ്ടുതന്നെ പുരുഷസൗന്ദര്യം അയാളുടെ ശാരീരിക മേന്മയുമായുള്ള ബന്ധം കുറേകൂടി അയഞ്ഞതാണ്.  നമ്മുടെ സിനിമകളില്‍ പുരുഷന്മാര്‍  ഇരുപതും മുപ്പതും വര്‍ഷങ്ങള്‍ നായകന്മാരായി വിലസുമ്പോള്‍ നായികമാരുടെ കരിയര്‍ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് തീരും.നടന്‍മാര്‍ അനുഭവിക്കുന്ന  അനര്‍ഹമായ (?) ഒരാനുകൂല്യം തന്നെയാണത്. മനഃപ്പൂര്‍വ്വമുള്ള വിവേചനം എന്നതിനെക്കാള്‍ അതൊരു ജൈവശാസ്ത്ര യാഥാര്‍ത്ഥ്യമണ്.Men loose their youth more slowly.അറുപതു വയസ്സുള്ള ഒരു  പുരുഷന് സ്വന്തം പ്രായത്തേക്കാള്‍ പതിനഞ്ചോ ഒരുപക്ഷേ ഇരുപതോ വയസ്സ് കുറവുള്ള കഥാപാത്രമായി വിശ്വസനീയമായി അഭിനയിക്കാന്‍ പ്രയാസമില്ല. റോജര്‍ മൂര്‍ അവസാനമായി ജെയിംസ്  ബോണ്ടായി അഭിനയിക്കുന്ന 'A view to a kill'ല്‍ അദേഹത്തിന് ശരിക്കും അന്‍പത്തേഴു വയസ്സാണ് പ്രായം.Sure,he looks old, but is still believable in the role even if barely.ഒരു സ്ത്രീക്ക്  ഏറെക്കുറെ അസാധ്യമായ ഒരു കാര്യമാണത്.

''As soon as they are out of eggs,women were out of business''.
Lauren Hutton,American model

ട്രിവിയ:ആദ്യത്തെ ജെയിംസ്‌ ബോണ്ടായ (Dr No) ഷോണ്‍ കോണറി ഇപ്പോഴും (82 വയസ്സ്) പുരുഷ സൗന്ദര്യത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുമ്പോള്‍ അന്നത്തെ ബോണ്ട്‌ ഗേളായ ഉര്‍സുല  ആന്‍ഡ്രസ്സോ? വെളുത്ത ബിക്കിനി ധരിച്ച് കടലില്‍നിന്ന് 'ഹണി റൈഡര്‍ 'കയറിവരുന്ന സീന്‍ അമ്പതു വര്‍ഷത്തിനു ശേഷവും ഏറ്റവും സെക്സിയായ സീനുകളിലൊന്നായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും അവരുടെ  ഇപ്പോഴത്തെ രൂപം ആരുംതന്നെ സെക്സിയായി അവകാശപ്പെടില്ല. ഉര്‍സുല ആന്‍ഡ്രസ്സിനെ നാം ഇപ്പോഴും ഓര്‍ക്കുന്നത് അവരുടെ  ഭൂതകാലത്തിലാണ്. എന്നാല്‍ 1999ല്‍ ഷോണ്‍ കോണറി  അദ്ദേഹത്തിന്റെ  അറുപത്തൊന്‍പതാം വയസ്സില്‍ നൂറ്റാണ്ടിലെ ഏറ്റവും സെക്സിയായ പുരുഷനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു എന്നത് ഇതോടുകൂടി കൂട്ടി വായിക്കണം. അതുപോലെ രണ്ടു മധ്യവയസ്ക്കരുടെ പ്രേമം അവതരിപ്പിക്കുന്ന 'The bridges of Madison county' എന്ന ചിത്രത്തില്‍ അപ്പോള്‍ അറുപത്തഞ്ച് വയസുള്ള ക്ലിന്റ് ഈസ്റ്റ്‌വുഡ് തന്നേക്കാള്‍ പത്തു  പതിനഞ്ചു വയസ്സ് കുറവുള്ള നായകനെ അവതരിപ്പിക്കുമ്പോള്‍ നാല്പത്തഞ്ചു വയസ്സുള്ള മെറില്‍ സ്ട്രീപ്പാണ് അതേ പ്രായമുള്ള നായികയെ അവതരിപ്പിക്കുന്നത്‌.) ഒറ്റപെട്ട ചില കേസുകളൊഴിച്ചാല്‍  (ഉദാഹരണത്തിന് ഐശ്വര്യ റായ്) അവരുടെ യഥാര്‍ത്ഥ പ്രായത്തേക്കാള്‍ ചെറുപ്പം കഥാപാത്രങ്ങളെ വിശ്വസനീയമായി അവതരിപ്പിക്കാന്‍ പ്രയാസമാണ്.ടീനേജ് പ്രായം കഴിഞ്ഞാല്‍ പിന്നെ  യഥാര്‍ത്ഥ പ്രായമോ അല്ലെങ്കില്‍ പ്രായക്കൂടുതലോ ഉള്ള കഥാപാത്രങ്ങള്‍ മാത്രമെ സ്ത്രീകള്‍ക്ക് കിട്ടൂ.(കാവ്യാ മാധവന്റെ 'വെള്ളരിപ്രാവിന്റെ ചങ്ങാതി'എന്ന ചിത്രത്തെക്കുറിച്ചുള്ള ഒരു വിമര്‍ശനം  അവര്‍ക്ക് കൂടുതല്‍ പ്രായം തോന്നിക്കുന്നു എന്നാണ്.അവര്‍ക്ക് അതിനുമാത്രം പ്രായമൊന്നും ആയിട്ടില്ല താനും.

''There are a number of mechanical devices which increase sexual arousal, particularly in women.Chief among these is the Mercedes-Benz 380SL convertible.''
P.J. O'Rourke

വലിയ കോടീശ്വരന്‍മാര്‍ കൊച്ചുമക്കളാകാന്‍ മാത്രം പ്രായമുള്ള കിളുന്തു പെണ്ണുങ്ങളെ പുല്ലുപോലെ സ്വന്തമാക്കുന്നത് കണ്ടിട്ടില്ലേ? (പലപ്പോഴും ഒരേ സമയം ഒന്നില്‍ കൂടുതല്‍ പേരെ.) സ്ത്രീകള്‍  അവരുടെ പണം മോഹിച്ചാണ്  അവരുടെ പുറകെ പോകുന്നത് അല്ലെങ്കില്‍ ഈ വയസ്സന്മാരെ ശരിക്കും ഇഷ്ടപ്പെടാന്‍ ഒരു സാധ്യതയുമില്ല എന്നത് തീരെ ലളിതമായ വായനയാണ്. കാസനോവ  സിനിമയില്‍ തടിച്ചു ചീര്‍ത്ത മോഹന്‍ലാലിന്റെ പുറകെ പെണ്ണുങ്ങള്‍ പോകുന്നത് അസ്വാഭാവികമാണ് എന്ന് റിവ്യൂ എഴുതുന്നവര്‍ക്ക് കാര്യങ്ങളെപ്പറ്റി വലിയ പിടിപാടില്ല എന്നതാണ് സത്യം. ചിത്രം നല്ലതോ ചീത്തയോ ആകട്ടെ പക്ഷേ അതുപോലൊരു കഥയില്‍ നായകന്റെ ബഹ്യരൂപം സത്യത്തില്‍ അപ്രധാനമാണ്. (അഥവാ അതാണ് ആ കഥയെ കൂടുതല്‍ രസകരമാക്കുക.ഒരു സുന്ദരന്‍ കുറെ സ്ത്രീകളെ ആകര്‍ഷിക്കുന്നതില്‍ എന്ത് പുതുമ?) The truth is mostly they geniuenly don't feel age or looks matters or wealth and status can stand in for lack of youth or looks. ഗാന്ധിത്തലയുള്ള കടലാസ്സുകെട്ടുകള്‍ക്കും റോളക്സ് വാച്ചിനും പ്രൈവറ്റ്  ജെറ്റിനുമെല്ലാം സിക്സ് പാക്കിനു പകരം നില്ക്കാന്‍ സാധിക്കും. സ്ത്രീക്ക് പുരുഷന്റെ ശാരീരിക സൗന്ദര്യത്തേക്കാള്‍ മുന്‍ഗണന അയാളുടെ സോഷ്യല്‍ സ്റ്റാറ്റസും മററുമാണ്. പ്രത്യേകിച്ച് ദീര്‍ഘകാല  ബന്ധങ്ങള്‍ക്ക്.

 പൊതുവേ ഭാര്യാഭര്‍ത്താക്കന്മാരുടെ സൗന്ദര്യം തമ്മില്‍ ഒരു കോറിലേഷന്‍ ഉണ്ടെങ്കിലും (സുന്ദരികള്‍ക്ക് സുന്ദരന്മാരെ ഭര്‍ത്താക്കന്മാരായി കിട്ടുമ്പോള്‍ സൗന്ദര്യമില്ലാത്തവര്‍ക്ക്  അവരെപോലുള്ളവരെ തന്നെയാണ് സാധാരണ കിട്ടുക.) പക്ഷേ ഭാര്യയുടെ സൗന്ദര്യത്തിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിന്റെ സൗന്ദര്യം ഊഹിക്കാന്‍ കഴിയുന്നതിലും കൃത്യമായി ഭര്‍ത്താവിന്റെ  സൗന്ദര്യത്തില്‍നിന്ന് ഭാര്യയുടെ സൗന്ദര്യം ഊഹിക്കാന്‍ സാധിക്കും. ഒരു സുന്ദരന്റെ ഭാര്യ മിക്കവാറും ഒരു സുന്ദരിയായിരിക്കും. എന്നാല്‍ ഒരു സുന്ദരിയുടെ ഭര്‍ത്താവു പലപ്പോഴും  സുന്ദരനായിരിക്കണമെന്നില്ല. (പത്രത്തില്‍ വരുന്ന വിവാഹ ഫോട്ടോകള്‍ നോക്കിയാല്‍ മതി.) ഒരു സ്ത്രീയുടെ സൗന്ദര്യത്തില്‍നിന്ന് അവരുടെ ഭര്‍ത്താവിന്റെ സൗന്ദര്യം ഊഹിക്കുന്നതിനെക്കള്‍  കൃത്യമായി അയാളുടെ സോഷ്യല്‍ സ്റ്റാറ്റസ്, ധനസ്ഥിതി എന്നിവ ഊഹിക്കാം. അതായത് സ്റ്റാറ്റസും പണവും പുരുഷന്റെ കാര്യത്തില്‍ സൗന്ദര്യത്തിന് പകരമാകാം. സൗന്ദര്യമില്ലായ്മ ആണുങ്ങളുടെ  വിവാഹ സാധ്യതയെ കാര്യമായി ബാധിക്കുന്നില്ല എന്നര്‍ത്ഥം-പകരം നില്ക്കാന്‍ ധനസ്ഥിതിയും സ്റ്റാറ്റസും ഉണ്ടെങ്കില്‍ ‍.

''She who is born a beauty is born betrothed.''
Italian saying

എന്നാല്‍ തിരിച്ചു സംഭവിക്കുന്നത് അപൂര്‍വ്വമാണ്. അതായത് സ്ത്രീയുടെ ധനസ്ഥിതി,സ്റ്റാറ്റസ്, ഉദ്യോഗം ഒന്നും പലപ്പോഴും സൗന്ദര്യത്തിനും ചെറുപ്പത്തിനും പകരമാകില്ല.ശരിക്കും  വിവേചനം.അല്ലെ? പക്ഷേ സൗന്ദര്യമുള്ള സ്ത്രീക്ക് കൂടുതല്‍ സ്റ്റാറ്റസ്സുള്ള ഭര്‍ത്താവിനെ കിട്ടും.'Beauty is skin deep'എന്ന് ശരിക്കും മനസ്സിലാക്കീട്ടുള്ളവര്‍ സ്ത്രീകളാണ്. അവര്‍ പുരുഷന്മാരോളംതന്നെ  യൌവ്വനാരാധകരല്ല. (youth worshipers.) അതേപോലെ പുരുഷന്മാര്‍ സ്ത്രീകളോളം പദവിയാരാധകരുമല്ല.(status worshipers.) പുരുഷന്‍ സ്ത്രീയുടെ സ്റ്റാസ്സിനേക്കാള്‍ സൗന്ദര്യത്തിനു പ്രാധാന്യം കൊടുക്കുന്നതു കൊണ്ടാണ് ഭര്‍ത്താവിന്റെ സ്റ്റാറ്റസ്സും ഭാര്യയുടെ സൗന്ദര്യവും തമ്മില്‍ കൂടുതല്‍ കോറിലേഷന്‍ കാണുന്നത്. In other words,beautiful women almost always 'marry up.'വലിയ  രാജാക്കന്മാര്‍ മുതല്‍ വളരെ സാധാരണമാണ് സൗന്ദര്യമുള്ള ഒരു സാധാരണ പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത്. പലപ്പോഴും സ്ത്രീധനത്തിന്റെ ഒരു ഭാഗത്തിനെങ്കിലും പകരം സ്ത്രീ സൗന്ദര്യം  നില്‍ക്കും. പുരുഷന്റെ കാര്യത്തില്‍ ധനസ്ഥിക്ക് പകരം സൗന്ദര്യം കൊണ്ട് വലിയ കാര്യമില്ല.നമ്മുടെ ചങ്ങമ്പുഴയുടെ രമണന് പറ്റിയത് ഓര്‍മ്മയില്ലെ? Men very rarely have the option of 'marrying  up.'അതും ഒരു വിവേചനം തന്നെ. ഗാന്ധിത്തലകളോട് മത്സരിക്കാന്‍ തക്ക ശേഷിയുള്ള സിക്ക്സ് പായ്ക്കൊക്കെ കുറവാണ്.Learn to accept it.) സൗന്ദര്യമില്ലാത്ത കാമുകന്‍മാരുണ്ടാകാം. എന്നാല്‍ പണമില്ലാത്ത,വിജയിച്ച കാമുകന്‍മാരെ എത്രപേര്‍ക്കറിയാം? 'പൊന്നിനും പണത്തിനുമൊപ്പം സ്നേഹം തൂക്കി നോക്കിയപ്പോള്‍ സ്നേഹിച്ച പെണ്ണും വഞ്ചിച്ചു' എന്നാണല്ലോ ഒരു വടക്കന്‍ വീരഗാഥയിലെ ചന്തു വിലപിക്കുന്നത്.

Beauty: The power by which a woman charms a lover and terrifies a husband.
(Ambrose Bierce-The Devil's Dictionary.)


ഡെവിള്‍സ് ഡിക്ഷണറിയിലെ നിര്‍വ്വചനം നില്‍ക്കട്ടെ,ഭാര്യയുടെ സൗന്ദര്യം തന്നെ ഭര്‍ത്താവിന് ഒരു അസെറ്റ്‌ ആണ്. അത് പ്രദര്‍ശിപ്പിച്ച് ഭര്‍ത്താവിന് കൂടുതല്‍ ഖ്യാതി നേടാം. പഴയ നിയമത്തിലെ  എസ്തേറിന്റെ കഥയില്‍ അഹശ്വേരോശ് രാജാവ്‌ തന്റെ രാജ്ഞിയായ വസ്ഥിയെ ഡൈവോഴ്സ് ചെയ്യുന്നത് അവര്‍ തന്റെ പ്രതാപത്തിന്റെ സൂചനയായി അവരുടെ സൗന്ദര്യം അഥിതികളുടെ മുന്നില്‍  പ്രദര്‍ശിപ്പിക്കാന്‍ കൂട്ടാക്കിയില്ല എന്നതുകൊണ്ടാണ്. പിന്നെ ഭാര്യയുടെ സൗന്ദര്യം കൊണ്ട് ദ്രവ്യ ലാഭവും ഉണ്ടാക്കാം.ആ അര്‍ത്ഥത്തില്‍ വേണമെങ്കില്‍ he can 'marry up.'പഴയ നിയമത്തിലെ  അബ്രഹാം ഭാര്യയുടെ സൗന്ദര്യത്തിന്റെ ബലത്തില്‍ ചുരുങ്ങിയ കാലം കൊണ്ടാണ് ധനികനായത്. 


''When Abraham came to Egypt, the Egyptians saw that Sara was a very beautiful woman.And when Pharaoh’s officials saw her, they praised her to Pharaoh, and she was taken into his  palace.He treated Abraham well for her sake, and Abraham acquired sheep and cattle, male and female donkeys, male and female servants, and camels.''Genesis12 14-16

എന്നാല്‍ ഇതുപോലൊരു ഓപ്ഷന്‍ ഭര്‍ത്താവിന്റെ സൗന്ദര്യം കൊണ്ട് ഭാര്യക്ക്‌ കിട്ടുന്നുമില്ല.അതും ഒരു വിവേചനം തന്നെ. ലുക്കിസത്തിന്റെ മറ്റൊരു വകഭേദം കളറിസമാണ്.(Colorism-discrimination based on skin color.) വെളുത്ത നിറമാണ് സൗന്ദര്യലക്ഷണമായി കണക്കാക്കപ്പെടുന്നത് എന്നറിയാമല്ലോ. Fair എന്ന  വാക്ക് 'of light complexion'എന്ന അര്‍ത്ഥത്തിലും'in a proper or legal manner'(as in-'playing fair'),consistent with rules, logic, or ethics(as in-'fair tactic') എന്ന അര്‍ത്ഥത്തിലും  ഉപയോഗിക്കുന്നുണ്ട് എന്നത് യാഥര്‍ശ്ചികമാണോ?So here is some breaking news for you....this world is not FAIR.If you are not 'fair'(first meaning),the world won't be 'fair' to you(second  meaning.)

ഒരു പഠനത്തില്‍ കാണുന്നത് താരതമ്യേന നിറം കൂടിയ കറുത്തവര്‍ഗ്ഗക്കാര്‍ക്ക് ഇരുണ്ട നിറമുള്ളവരേക്കാള്‍ മുന്‍ഗണന കിട്ടാനും സാധ്യത കൂടുതലാണ് എന്നാണ്..light-skinned black men had the  edge in hiring over dark-skinned black men, regardless of credentials.റേസിസം എന്ന് കരുതപ്പെടുന്ന ചില സംഭവങ്ങളെങ്കിലും 'വെറും' കളറിസമായിരിക്കാം.So here lookism is a subset of  racism.

അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് നിയമത്തിന്റെ മുന്നില്‍ തുല്യത കിട്ടുന്നില്ല, ആനുപാതികമായി വെളുത്തവരേക്കാള്‍ കൂടുതല്‍ പേര്‍ ജയിലിലാണ്,അവര്‍ക്ക് കൂടുതല്‍ കാലം കൂടുതല്‍ കടുത്ത ശിക്ഷ  അനുഭവിക്കേണ്ടിവരുന്നു എന്നതെല്ലാം എല്ലാവര്‍ക്കുമറിയുന്ന കാര്യമാണ്. ജോലിക്കാര്യത്തിലെന്നപോലെ കറുത്തവരുടെ ഇടയില്‍ത്തന്നെ അല്‍പ്പം വെളുത്തവരുമായി ഇവിടെയും വിവേചനമുണ്ട്. ഒരു  പഠനത്തില്‍ കണ്ടത്,അല്പം വെളുത്ത കറുത്ത വര്‍ഗ്ഗക്കാരായ സ്ത്രീകള്‍ 12 ശതമാനത്തോളം കുറവ് സമയം മാത്രമെ അഴിക്കുള്ളില്‍ കഴിയുന്നുള്ളൂ എന്നാണ്. From the study.....it is not sufficient to  understand racial discrimination in terms of relative advantages of whites compared to non-whites.Among blacks,characteristics associated with whiteness appear to also have a  significant impact on important life outcomes. കറുത്തവരില്‍ത്തന്നെ അല്പം വെളുത്തവര്‍ക്ക് താരതമ്യേന ശിക്ഷ കുറവാണ് എന്നത് അധികം അറിയപ്പെടാത്ത ലുക്കിസത്തെ കൂടുതല്‍ ഗൗരവമായി  കാണാന്‍ പ്രേരിപ്പിക്കും. ഉയര്‍ന്ന പദവിയിലുള്ളവര്‍ക്ക് നമ്മള്‍ കൂടുതല്‍ ഉയരം കല്‍പ്പിച്ചു നല്‍കുന്നപോലെ നമുക്ക് താല്പര്യമുള്ളവരെ അഥവാ നമ്മുടെ അഭിപ്രായങ്ങളുമായി യോജിപുള്ളവരെ കൂടുതല്‍ വെളുത്തവരായും  കണക്കാക്കുമെന്ന് പഠനം.Skin color is in the eye of the beholder എന്ന് വേണമെങ്കില്‍ പറയാം. ഒബാമയുടെ ഒരു 'നോര്‍മല്‍' നിറമുള്ള  ചിത്രവും ഡിജിറ്റലായി വെളുപ്പിച്ചതും കറുപ്പിച്ചതുമായ രണ്ടു  ചിത്രങ്ങളും കാണിച്ച് അതില്‍ നിന്ന് ഒബാമയുടെ 'true essence' വെളിവാകുന്ന ചിത്രം തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒബാമ അനുകൂലികള്‍ എന്ന് നേരത്തെ പ്രസ്താവിച്ചവര്‍ 'വെളുത്ത'  ഒബാമയെ തിരഞ്ഞെടുക്കാനുള്ള സാധ്യത രണ്ടിരട്ടിയോളമായിരുന്നു. അതായത് ഒബാമ ആരാധകര്‍ അദേഹത്തെ കൂടുതല്‍ വെളുത്തവനായി മനസ്സില്‍ കാണുന്നു.'Black is bad' എന്ന് ലിബറലെന്ന്  സ്വയം കരുതുന്നവര്‍ പോലും വിചാരിക്കുന്നു എന്നര്‍ത്ഥം. (ഇലക്ഷന്‍ സമയത്ത് ക്ലിന്റണ്‍ പക്ഷം ഒരു പരസ്യത്തില്‍ ഒബാമയുടെ കറുപ്പിച്ച ചിത്രം ഉപയോഗിച്ചു എന്ന ആരോപണം അക്കാലത്ത്  വിവാദമായിരുന്നു.) The take-home message is discriminations can be quite subtle,and often work far below our radar of awareness.ഒബാമക്ക് അര്‍ഹമായത്തിലും  മൂന്നു ശതമാനമെങ്കിലും കുറവ് വോട്ടേ കിട്ടിയിട്ടുള്ളൂ എന്നൊരു പഠനവും കണ്ടിട്ടുണ്ട്.ഒബാമ വെളുത്തവനായിരുന്നെങ്കില്‍ ആ ഒരു കാര്യം കൊണ്ടു മാത്രം കൂടുതല്‍ വോട്ടു നേടുമായിരുന്നു എന്നര്‍ത്ഥം.

''Beauty is merciless. You do not look at it, it looks at you and does not forgive.''
(Nikos Kazantzakis-Report to Greco)


സൗന്ദര്യത്തിന്റെ അല്ലെങ്കില്‍ നിറത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം-നേരിടുന്ന ഒരാളുടെ അനുഭവം...കറുത്ത ടാല്‍ക്കം പൗഡറിന്റെ കാലം വരും മക്കളെ! കറുപ്പിന് ഏഴഴക് എന്നൊക്കെ  പറയുമെങ്കിലും എന്തുകൊണ്ട് കറുപ്പും ഒരു നിറമായി അംഗീകരിക്കുന്നില്ല? എന്തുകൊണ്ട് വെളുത്തനിറം മാത്രം സൗന്ദര്യ ലക്ഷണമാകുന്നു? കറുത്ത കറുത്ത ടാല്‍ക്കം പൗഡറിന്റെ കാലം വരുമോ? എന്ത്  തോന്നുന്നു?

Manoj bright

ഡിസംബർ 25 ന് യുക്തിവാദി പാലക്കാട് സംഘടിപ്പിക്കുന്ന ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാറിന്റെ വിജയത്തിനായി സംഭാവനകൾ നൽകുവാൻ ചുവടെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക.

 
സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.