Monday, December 23, 2024

വിക്ടോറിയൻ സദാചാരം ?

വിക്ടോറിയൻ ധാർമ്മികത അഥവാ കപട സദാചാര നിയമങ്ങൾ എന്നത് 'വിക്ടോറിയ' രാജ്ഞിയുടെ ഭരണകാലത്ത് (1837-1901), ജീവിച്ചിരുന്ന ആളുകളുടെ ധാർമ്മിക വീക്ഷണങ്ങളുടെയും ആ 19-ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ ബ്രിട്ടനിലെ ധാർമ്മിക കാലാവസ്ഥയുടെയും ഒക്കെ വാറ്റിക്കുറുക്കി എടുത്ത പ്രാകൃത സദാചാര നിയമങ്ങൾ ആണ്.

part article

ഈ പറയുന്ന ധാർമ്മിക വീക്ഷണങ്ങൾ പരക്കെ കാർക്കശ്യവും അടിച്ചമർത്തലും അധികാരി വർഗ്ഗത്തെയും പുരോഹിതരെയും ഒക്കെ ചോദ്യം ചെയ്യാൻ പാടില്ലാത്ത അതിന്റെ ഘടന കൊണ്ടും ലോകത്തിലെ ഏറ്റവും മോശം സാമൂഹിക നിയമസംഹിതകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. രൂപം കൊണ്ട കാലഘട്ടത്തിൽ തന്നെ പരക്കെ വിമർശനങ്ങൾ നേരിടേണ്ടി വന്ന വിക്ടോറിയൻ വരട്ടു സദാചാരമൂല്യങ്ങൾ ഈ നൂറ്റാണ്ടിലേക്ക് പറിച്ചു നട്ടാൽ എങ്ങനെ ഉണ്ടാകും? നിർഭാഗ്യവശാൽ കേരളത്തിലെ കത്തോലിക്ക സഭയും മെത്രാന്മാരുടെ സമിതിയും ഒക്കെ ഇങ്ങനെയൊരു സംവിധാനം നടപ്പിലാക്കുന്നതിൽ ആഹ്ളാദിക്കുന്നവരാണ്. അവരുടെ സ്ഥാപനങ്ങൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് അഭിമാനം എന്ന് കരുതുന്ന വർഗ്ഗമാണ് ഇവർ. കെസിബിസി കഴിഞ്ഞ ദിവസം യാതൊരു ലജ്ജയും ഇല്ലാതെ ക്രിസ്തുവിന്റെ പ്രതിപുരുഷ വേഷത്തിൽ വന്നു വിളിച്ചുപറയുന്നത് അവരുടെ സമുദായത്തെയും സമുദായ സ്ഥാപനങ്ങളെയും തകർക്കാനുള്ള ചില പ്രത്യേക സമുദായങ്ങളുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് അമൽജ്യോതി കോളേജിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സമരം നടന്നത് എന്ന്.

part article

വർഗീയതയുടെ പുകമറ സൃഷ്ടിച്ചു കൊണ്ട് മാധ്യമങ്ങളിൽ കൂടി ആവർത്തിച്ച് അതുതന്നെ പറഞ്ഞുകൊണ്ട് ഇവർ 'ഗീബൽസിയൻ' തന്ത്രം പ്രയോഗിക്കുകയാണ്. സമുദായത്തിന്റെ പ്രശ്നമെന്ന് പറഞ്ഞു പ്രചരിപ്പിച്ച് കഴിഞ്ഞാൽ സർക്കാരിനെ സ്വാധീനിക്കാം എന്ന നികൃഷ്ടമായ കണക്കുകൂട്ടലുകൾ ആണ് ഇവർക്ക്. കുറ്റവാളികളെ തൽക്കാലത്തേക്ക് പോലും ജോലിയിൽനിന്ന് പിരിച്ചുവിടാനുള്ള മനസ്സില്ല കർത്താവിന്റെ പ്രതിപുരുഷൻമാർക്ക്. അവരുടെ സ്ഥാപനത്തിൽ മാനസിക പീഡനം മൂലം ആത്മഹത്യ ചെയ്യേണ്ടി വന്ന ഒരു വിദ്യാർത്ഥിനിയെ രക്ഷിക്കാൻ വേണ്ട അടിയന്തര നടപടികൾ സ്വീകരിച്ചില്ല എന്ന് മാത്രമല്ല ജീവൻ തിരിച്ചുപിടിക്കാൻ വേണ്ട വൈദ്യസഹായം എത്തിക്കേണ്ടതിനു പകരം വളരെ ലാഘവത്തോടെ ആംബുലൻസ് പോലുമില്ലാതെ ആശുപത്രിയിൽ കൊണ്ടുപോയി കുഴഞ്ഞുവീണതാണെന്ന് കള്ളം പറഞ്ഞ് ആ പെൺകുട്ടിയുടെ ജീവിതം അവസാനിക്കാൻ കാരണമായതും ഇവരാണ്. ആത്മഹത്യയാണ് സാങ്കേതികമായി എങ്കിലും ധാർമികമായി ഇതൊരു കൊലപാതകമാണ്. അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാൻ വേണ്ടി ബോധപൂർവ്വം വർഗീയതയുടെ പുകമറ സൃഷ്ടിക്കുന്ന ഇവരെ പിന്തുണച്ചുകൊണ്ട് കഴിഞ്ഞദിവസം ഒരു പെൺകുട്ടിയുടെ വീഡിയോ കാണുവാൻ ഇടയായി.

part article

എനിക്കതിൽ അത്ഭുതം ഒന്നും തോന്നിയില്ല. കാരണം ചെറുപ്പം മുതൽ കണ്ട് വളർന്നതാണ് കത്തോലിക്ക സമുദായത്തിന്റെ വർഗീയത. അവരുടെ ഇടങ്ങളിൽ ഒളിഞ്ഞു മാത്രം സംസാരിച്ചിരുന്ന വർഗീയത ഇപ്പോൾ മൈക്ക് വെച്ചു വിളിച്ചു കൂവുന്നു എന്ന വ്യത്യാസം മാത്രമേയുള്ളൂ. സർക്കാരിന്റെ പ്രതിനിധികളായി രണ്ടു മന്ത്രിമാർ എന്ത് കാര്യത്തിനാണ് അമൽജ്യോതി കോളേജിൽ പോയത് എന്ന ചോദ്യം ഇപ്പോൾ അവശേഷിക്കുന്നു. അവരുടെ ഇടപെടൽ കൊണ്ട് ആകെ ഉപകാരമുണ്ടായത് അമൽജ്യോതി മാനേജ്മെന്റ്ന് മാത്രമാണ്. പ്രതിഷേധവുമായി നിന്നിരുന്ന വിദ്യാർത്ഥികളെ ശാന്തരാക്കി കോളേജിൽ സമാധാനം കൊണ്ടുവരുന്നത് മാത്രമാണ് മന്ത്രിമാരുടെ ദൗത്യം. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചപ്പോഴും സമരം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ കേസെടുക്കുന്നതിൽ കവിഞ്ഞ് കുറ്റാരോപിതരായ, പ്രതിസ്ഥാനത്ത് നിൽക്കുന്ന രണ്ടു വ്യക്തികളെ കസ്റ്റഡിയിൽ എടുക്കാനോ ചോദ്യം ചെയ്യാനോ ഇതുവരെ ക്രൈംബ്രാഞ്ചിന് സാധിച്ചിട്ടില്ല എന്നത് അപകമാനകരമാണ്.
എക്കാലത്തും എല്ലാത്തരം കുറ്റവാളികളെയും സംരക്ഷിക്കുന്ന നിലപാടാണ് കത്തോലിക്ക ബിഷപ്പുമാരും സഭയും സഭാ വിശ്വാസികളും സ്വീകരിച്ചിട്ടുള്ളത്. കിണർ മരണങ്ങളും ലൈംഗിക കുറ്റകൃത്യങ്ങളും ഒക്കെ പരമാവധി മൂടി വെക്കാനും വേണ്ടിവന്നാൽ സർക്കാരുകളെ സ്വാധീനിച്ച് കേസുകൾ ഒതുക്കി തീർക്കാനും ജുഡീഷ്യറിയെയും ജുഡീഷ്യൽ സംവിധാനങ്ങളെയും വരെ സ്വാധീനിച്ച് തെളിവുകൾ അനുകൂലമാക്കാനും പോയ ഇവരുടെ ചരിത്രം നമുക്ക് അറിവുള്ളതാണ്. നീതി നിഷേധിക്കപ്പെട്ട അനേകം മനുഷ്യരുടെ പട്ടികയിലേക്ക് ശ്രദ്ധയുടെ പേരുകൂടി എഴുതിച്ചേർക്കരുത്. സർക്കാരിലും പോലീസ് സംവിധാനത്തിലും ഉള്ള ജനങ്ങളുടെ വിശ്വാസം പൂർണ്ണമായും നശിപ്പിക്കരുത്. രാഷ്ട്രീയപ്പാർട്ടികളും വിദ്യാർത്ഥി സംഘടനകളും അവരുടെ ഭാഗത്തുനിന്ന് ചെയ്യാനുള്ളത് ചെയ്തു എന്ന മട്ടിൽ വിഷയം കൈയൊഴിഞ്ഞ സ്ഥിതിക്ക് പൊതുസമൂഹം ഇതിൽ ഇടപെടണം എന്നാണ് എന്റെ അഭിപ്രായം. ഇനി ഇത്തരം സംഭവങ്ങൾ എവിടെയും ആവർത്തിക്കാതിരിക്കട്ടെ.

profile

Dipin jayadip

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.