Monday, December 23, 2024

അടിമയോ നിങ്ങൾ ?

നിങ്ങൾ ആരുടെയെങ്കിലും ആരാധകർ/അടിമകൾ ആണോ?

നമുക്ക് പലരോടും അന്ധമായ ആരാധന ഒക്കെ തോന്നിയിട്ടുണ്ടാവും . നമുക്ക് സാധിക്കാത്ത പലതും ചെയ്യുന്നവരോട്, നമുക്ക് പരിഹരി ക്കാൻ പറ്റാത്ത പ്രശ്നങ്ങൾ പരിഹരിക്കുന്നവരോട്... അങ്ങനെ ഞാനുമായി തുലനം ചെയ്യുമ്പോൾ എനിക്ക് മെച്ചമെന്ന് തോന്നുന്ന മനുഷ്യരോട് സ്വാഭാവികമായും തോന്നുന്ന ആരാധന ഉണ്ടായിപ്പോ കും. എന്നാൽ അതിനൊക്കെയും ആ വ്യക്തികളുടെ 'കഴിവ്' എന്ന മാനദണ്ഡം ഉണ്ടായിരിക്കണം. അതിനപ്പുറം ആ വ്യക്തികളുടെ വ്യക്തി ജീവിതവും അവർ ചെയ്യുന്ന പ്രവർത്തനങ്ങളും പറയുന്ന കാര്യങ്ങളും അവരുടെ വിടുവായത്തങ്ങളും എല്ലാം ഏറ്റെടുക്കാനും അവരൊക്കെ വല്ല ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ അതിനു വരെ ന്യായീകരണങ്ങൾ നിരത്താനും ആരാധകർ തയ്യാറാക്കുന്ന നിലവാരം എന്നത് ഒരു മനുഷ്യനെ സംബന്ധിച്ച് ഏറ്റവും വലിയ അധ:പതനമാണ്.

Click here

യേശുദാസിന്റെ പാട്ട് എല്ലാവർക്കും ഇഷ്ടമായിരിക്കും. ഗാനഗന്ധർവ്വൻ എന്ന് അദ്ദേഹത്തെ വിളിക്കുന്നത് അത്രമേൽ പ്രയാസകരമായ പാട്ടുകൾ അനായാസമായി പാടി ആരാധകരെ രസിപ്പിച്ചതുകൊണ്ട് തന്നെയാണ്. എന്നാൽ യേശുദാസിന്റെ ആരാധകർ, അദ്ദേഹം സമൂഹമാധ്യമങ്ങളിലും അഭിമുഖങ്ങളിലും ഒക്കെ സംസാരിക്കുന്ന വിഷയങ്ങൾക്കൊക്കെ അദ്ദേഹത്തിന്റെ ആരാധകരാണ് എന്ന കാരണം കൊണ്ട് വാദിക്കേണ്ടി വരുമോ?


മോഹൻലാൽ, മമ്മൂട്ടി, ജയറാം ഒക്കെ അഭിനയിച്ച വേഷങ്ങൾ മനോഹരമാക്കിയത് കൊണ്ട് അവരോട് താല്പര്യം ഉള്ള ആരാധകർ അവർ സിനിമയ്ക്ക് പുറത്ത് ജീവിതത്തിൽ പെരുമാറുന്ന കാര്യങ്ങൾക്കൊക്കെ വേണ്ടി അവരോടുള്ള ആരാധന ഉള്ളിലുണ്ട് എന്നും പറഞ്ഞു നാട്ടുകാരോട് തല്ലു പിടിക്കേണ്ട കാര്യമുണ്ടോ?
ഇതൊന്നും യഥാർത്ഥ ആരാധകരെ സംബന്ധിച്ചിടത്തോളം ആവശ്യമില്ലാത്ത കാര്യങ്ങളാണ് എന്നതാണ് യുക്തി!

എന്നാൽ ഒരു ആരാധന അടിമത്തമായി വളരുമ്പോൾ, അവിടെ അടിമയും ഉടമയും തമ്മിലുള്ള ബന്ധം പോലെ അദൃശ്യമായ ഒരു ചങ്ങല ബന്ധം നിങ്ങൾ അമിതമായി ആരാധിക്കുന്ന വ്യക്തിയും നിങ്ങളും തമ്മിൽ രൂപപ്പെടും. അത് സാങ്കല്പിക ദൈവങ്ങളോ കാർട്ടൂൺ കഥാപാത്രങ്ങളോ വരെ ആവാം, ചിലപ്പോൾ സാമൂഹ്യ പരിഷ്കർത്താക്കൾ ആവാം, മത-രാഷ്ട്രീയ നേതാക്കൾ ആവാം, ശാസ്ത്ര പ്രതിഭകൾ ആവാം, കലാ-കായിക പ്രതിഭകൾ ആവാം അങ്ങനെ ആരോടും ഈ ഒരു അദൃശ്യമായ അടിമത്തം ഉടലെടുക്കാം.

നമ്മുടെ സമീപകാലത്തെ ഒരു വലിയ ഉദാഹരണം എടുത്താൽ, നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന കുറ്റം ചുമത്തി നടൻ ദിലീപിനെ അറസ്റ്റ് ചെയ്തപ്പോൾ ജയിലിൽ റിമാൻഡ് ചെയ്തപ്പോഴും ഒക്കെ അദ്ദേഹത്തിന്റെ ആരാധകർ ഒരുപാട് പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വാരി വിതറിയിരുന്നു. അവയിൽ പലതും അദ്ദേഹത്തിന്റെ പ്രത്യേക കഴിവുകളുള്ള കഥാപാത്രങ്ങളെ മുൻനിർത്തിക്കൊണ്ടൊക്കെയായിരുന്നു. തീർച്ചയായും ദിലീപ് ചെയ്ത കഥാപാത്രങ്ങൾ ഇന്ന് മലയാള സിനിമയിൽ സൂപ്പർ താരങ്ങളായി നിൽക്കുന്ന ആർക്കും തന്നെ അതുപോലെ ചെയ്യാൻ സാധിക്കുന്ന കഥാപാത്രങ്ങൾ അല്ല. അതുപോലെ അവർ ചെയ്തത് പലതും ദിലീപിനും സാധിക്കുമെന്ന് കരുതുന്നില്ല. ഓരോ നടന്മാരും നടിമാരും വ്യത്യസ്തമായ കഴിവുകളോടുകൂടിയവരായിരിക്കും. അത് പ്രതിഫലിപ്പിക്കാൻ പറ്റുന്ന അവസരങ്ങൾ അവർക്ക് കിട്ടുമ്പോഴാണ് അത് പൂർണമായും സമൂഹത്തെ അറിയിക്കാനും ആരാധകരെ സമ്പാദിക്കാനും ഒക്കെ അവർക്ക് സാധിക്കുക. അത്തരം വേഷങ്ങൾ ഒരുപക്ഷേ വയസ്സുകാലത്ത് ആയിരിക്കും ചില നടന്മാരെ തേടി വരുന്നത്. ജീവിതകാലം മുഴുവൻ ആവർത്തനവിരസതയുള്ള വേഷങ്ങളിൽ മാത്രം ഒതുങ്ങി ഒടുവിൽ ആഗ്രഹിച്ച പോലെ ഒരു ക്യാരക്ടർ റോൾ ചെയ്യാൻ പല നടീനടന്മാർക്കും വളരെ വൈകി അവസരം കിട്ടിയ ചരിത്രമുണ്ട്. അക്കാലംവരെ തിരിഞ്ഞു നോക്കാത്തവർ അപ്പോൾ അവരുടെ ആരാധകരായി മാറുന്നതും കാണാം.


പറഞ്ഞുവന്നത് വ്യക്തികളുടെ സ്വയാർജ്ജിത കഴിവുകളെ മുൻനിർത്തിയുള്ള ആരാധന ഒരിക്കലും അവരുടെ വ്യക്തി ജീവിതത്തോടുള്ള ആരാധന ആവരുത്. അതുപോലെ ചിലർക്ക് ലൈംഗിക ആകർഷണമുള്ള വ്യക്തികളോട് ആരാധന തോന്നാം, അതിരും പരിധിയും വിട്ട അത്തരം ആരാധനകൾ ആരാധിക്കുന്നവ ർക്കും ആരാധിക്കപ്പെടുന്നവർക്കും ഒരുപോലെ തലവേദന ഉണ്ടാക്കു ന്നതാണ്.

Click here

നമുക്ക് ചുറ്റുമുള്ള കുറ്റവും കുറവുകളും ഉള്ള മനുഷ്യരോട് തോന്നുന്ന ആരാധന മാത്രമല്ല ദൈവത്തോട് തോന്നുന്ന അതിരുവിട്ട ആരാധന പോലും പ്രശ്നമാണ്. ശ്രീനിവാസൻ നായകനായ 'ചിന്താവിഷ്ടയായ ശ്യാമള' എന്ന ചിത്രത്തിൽ അടുക്കും ചിട്ടയുമില്ലാത്ത കുത്തഴിഞ്ഞ ജീവിതം നയിച്ചിരുന്ന കേന്ദ്ര കഥാപാത്രം ശബരിമലയ്ക്ക് പോകുന്നതും പലരിൽ നിന്നും ശബരിമല അയ്യപ്പനെ പറ്റിയുള്ള വീര ഇതിഹാസ കഥകൾ ഒക്കെ കേട്ട് അത്ഭുതവും ആരാധനയും തോന്നുന്നതും പിന്നീട് എല്ലാവരും മടങ്ങിവന്നു മാലയൂരുമ്പോഴും മാലയൂരുവാൻ കൂട്ടാക്കാതെ ആധ്യാത്മിക ജീവിതത്തിലേക്ക് ഭ്രാന്ത് പിടിച്ചവനെപ്പോലെ എല്ലാം വലിച്ചെറിഞ്ഞ് ഓടിപ്പോകുന്നതും ഒടുവിൽ എപ്പോഴോ യുക്തി ബോധം തലയിൽ തട്ടുമ്പോൾ തിരിച്ചറിവിന്റെ വെളിച്ചം കണ്ട് മടങ്ങി വരുന്നതും ഒക്കെ കാണാം.
ദൈവങ്ങളെപ്പോലെ തന്നെ പ്രത്യയശാസ്ത്രങ്ങളോട്  തോന്നുന്ന അതിരുവിട്ട ആരാധനയും ഇതേപോലെ പ്രശ്നമാണ്. നമ്മുടെ നാട്ടിലെ ഏറ്റവും സുലഭമായി കാണപ്പെടുന്ന അന്തം പാർട്ടി അടിമകൾ ഒക്കെ ഇതുപോലുള്ള അവസ്ഥയിൽ കിടക്കുന്നവരാണ്. അവരുടെ കഴുത്തിൽ കുരുങ്ങിക്കിടക്കുന്ന അദൃശ്യമായ ചങ്ങല അവർ പലപ്പോഴും മരിക്കുവോളം തിരിച്ചറിയാതെ പോകുന്നു.
നിങ്ങൾക്ക് മോട്ടിവേഷണൽ ക്ലാസ്സ് എടുത്തു തരുന്നവരുടെ അത്തരം സംഭാഷണങ്ങൾ മാത്രം ശ്രദ്ധിക്കുക, കാരണം അവർക്ക് കഴിവുള്ള മേഖല അതാണ്. പകരം അവർ ജീവിതത്തിൽ എന്തൊക്കെ ചെയ്യുന്നു എന്ന് അന്വേഷിക്കേണ്ട കാര്യമില്ല. അതൊന്നും നമ്മുടെ പരിധിയിൽ വരുന്ന വിഷയവും അല്ല. മോട്ടിവേഷണൽ ക്ലാസ് എടുക്കുന്നയാൾ ജീവിതത്തിൽ അങ്ങനെയല്ലല്ലോ എന്ന് പറഞ്ഞ് അയാളെ കളിയാക്കേണ്ട കാര്യവുമില്ല. കാരണം, മോട്ടിവേഷണൽ ക്ലാസ്സ് എടുക്കുന്നത് ഒരു കഴിവാണ്. ജീവിതത്തിൽ മിസ്റ്റർ പെർഫെക്റ്റ് ആയി ജീവിക്കുന്ന പലർക്കും മറ്റുള്ളവർക്ക് മോട്ടിവേഷൻ നൽകാൻ വാക്കുകൾ കൊണ്ട് സാധിച്ചെന്നു വരില്ല. ആയിരക്കണക്കിന് ആരാധകർക്ക് യൂട്യൂബിലൂടെ ആവേശം പകരുന്ന പലരും ചിലപ്പോൾ ജീവിതത്തിൽ നിസ്സഹായരായിരിക്കും. അതൊന്നും അവരോടുള്ള ആരാധനയ്ക്ക് വിഘാതം സൃഷ്ടിക്കുന്ന ഘടകങ്ങൾ ആകുന്നുമില്ല. അതുകൊണ്ട് നമുക്ക് എല്ലാവരുടെയും ആരാധകരായിരിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല. എന്നാൽ അതിരുവിട്ട ആരാധനയിൽ സഞ്ചരിച്ച് ആ വ്യക്തികളുടെ അദൃശ്യ അടിമകൾ ആകാതിരുന്നാൽ മാത്രം മതി.

profile

Dipin jayadip

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.