Monday, December 23, 2024

രക്ഷകർത്താക്കളും കുട്ടികളും

നമ്മുടെ വ്യക്തിത്വത്തെ സാരമായി സ്വാധീനിച്ച ഘടകമാണ് നമ്മുടെ ബാല്യം. അവിശ്വസനീയമായ വളർച്ചയുടെയും വികാസത്തിന്റെയും സമയം. വ്യക്തിത്വത്തിന്റെയും വികാരങ്ങളുടെയും അറിവിന്റെയും വിത്തുകൾ വിതയ്ക്കപ്പെട്ട, മുളപൊട്ടിയ കാലം. ഈ കാലത്താണ് കുട്ടികൾ ചുറ്റുപാടുകളുടെ സ്വാധീനത്തിൽ കാര്യങ്ങൾ മനസ്സിലാക്കുന്നതും പഠിക്കുന്നതും. രക്ഷകർത്താക്കൾ മാത്രമല്ല, വിദ്യാലയങ്ങളും അധ്യാപകരും സുഹൃത്തുക്കളും അയൽപക്കവും നാട്ടുകാരും മുതൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ പോലും കുട്ടികളെ ഇന്ന് സ്വാദീനിക്കുന്നു. മുൻപ് കുട്ടികൾ എന്തെല്ലാം ചെയ്യുന്നു, എവിടെയെല്ലാം ചെല്ലുന്നു, ആരോടെല്ലാം ഇടപഴകുന്നു എന്നതിനെക്കുറിച്ചെല്ലാം രക്ഷകർത്താക്കൾക്ക് നല്ല ബോധ്യമുണ്ടായിരുന്നെങ്കിൽ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. ഇന്റർനെറ്റിന്റെ വിസ്തൃതി വളരെ വലുതായതിനാൽ അതിലെ എന്തെല്ലാം കുട്ടികളെ സ്വാധീനിക്കുന്നു എന്നത് അറിയാൻ പോലും സാധിക്കാത്ത അവസ്ഥ നിലവിലുണ്ട്. എങ്കിലും രക്ഷകർത്താക്കൾക്ക് ചെയ്യാനാകുന്ന നിരവധി കാര്യങ്ങൾ അപ്പോഴുമുണ്ട്. ബാല്യകാലത്ത് രക്ഷാകർതൃത്വം ഒരു കുട്ടിയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. കുഞ്ഞു മനസ്സുകളെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത് പ്രധാനമാണ്. ഇന്നവർക്ക് നോവുന്നതൊക്കെയും നാളെ അവരിലൊരുപാട് മാനസിക സംഘർഷങ്ങളും വ്യക്തിത്വ വൈകല്യങ്ങളും ഉണ്ടാക്കിയേക്കാം. കുട്ടികളെ ചുറ്റുപാടുമുള്ള സകലരും സ്വാധീനിക്കുന്നത് കൊണ്ട് തന്നെ കുട്ടികളുടെ മനഃശാസ്ത്രം രക്ഷകർത്താക്കൾ മാത്രമല്ല ഓരോ മനുഷ്യരും അറിയേണ്ടതുണ്ട്. നമുക്ക് ചുറ്റും വളരുന്ന ബാല്യങ്ങളെ അറിയാതെ പോലും ഒരു തരം ട്രോമകളിലേക്കും മാനസിക സങ്കർഷങ്ങളിലേക്കും നയിക്കാൻ ഇഷ്ടപ്പെടാത്ത ഓരോ വ്യക്തിയും കുട്ടികളുടെ മനസ്സറിയേണ്ടതാണ്.

Sponsored

apparel

Click here

നമ്മൾ എല്ലാവരും പലതരം വൈകാരിക തലങ്ങളിൽ നിലകൊള്ളുന്നവരാണ്. പലർക്കും സ്നേഹം വേണ്ടത് പല രീതികളിലാണ്. ചിലർക്ക് ഒരുപാടൊന്നും സ്നേഹം പ്രകടമായി ആവശ്യമുണ്ടാകില്ല. അടുത്ത ആളുകളുടെ സാന്നിധ്യം ഒന്ന് കൊണ്ട് മാത്രം തൃപ്തരാകുന്നവർ ഉണ്ട്. എന്നാൽ ചിലർക്ക് സ്നേഹം എപ്പോഴും വളരെ പ്രത്യക്ഷമായി വേണ്ടതുണ്ടാകും. സാന്നിധ്യത്തോടൊപ്പം അവരുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്ന, അവരെ നന്നായി കെയർ ചെയ്യുന്ന, അവരുമായി ഒരുപാട് സമയം ചിലവഴിക്കുന്ന ബന്ധങ്ങളാവും അവരെ തൃപ്തരാക്കുക. കുട്ടിക്കാലത്ത് നമ്മുടെ രക്ഷകർത്താവുമായി നമുക്കുണ്ടായ ബന്ധത്തിന്റെ ശൈലി പിന്നീടുള്ള ജീവിതത്തെയും സ്വാധീനിച്ചേക്കാം. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ബ്രിട്ടീഷ് മനഃശാസ്ത്രജ്ഞനായ ജോൺ ബൗൾബി, മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് 'അറ്റാച്ച്മെന്റ് തിയറി' (Attachment Theory) എന്ന മനഃശാസ്ത്ര സിദ്ധാന്തം രൂപപ്പെടുത്തി. ഈ സിദ്ധാന്തം മൂന്ന് തരം അറ്റാച്ച്മെന്റ് ശൈലികളെ നമുക്ക് പരിചയപ്പെടുത്തുന്നു. അവ ഏതെല്ലാമെന്ന് നോക്കാം:

Secure Attachment Style (സുരക്ഷിതത്വ ബോധത്തോടെയുള്ള അടുപ്പം) : കുഞ്ഞിന് രക്ഷകർത്താവോട് ഉണ്ടാകുന്ന ശക്തവും ആരോഗ്യകരവുമായ അടുപ്പമാണ് ഇത്. കുഞ്ഞിന് രക്ഷകർത്താവിനെ ആവശ്യമായ നേരങ്ങളിൽ അടുത്ത് ഉണ്ടാവുകയും, വേണ്ടവിധത്തിലുള്ള പിന്തുണയും പരിചരണവും നൽകുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ വളർന്ന കുട്ടികളിൽ കണ്ടുവരാറുള്ള അറ്റാച്ച്മെന്റ് ശൈലിയാണ് Secure Attachment Style. വേണ്ട നേരങ്ങളിൽ കൃത്യമായി ഒപ്പമുണ്ടാകുകയും വേണ്ട ശാരീരിക മാനസിക പിന്തുണയും സ്നേഹവും നൽകുകയും, എല്ലാത്തിനും കൃത്യമായ സമയക്രമം ഉണ്ടാക്കിക്കൊണ്ട് കുട്ടികൾക്ക് എന്ത് എപ്പോൾ പ്രതീക്ഷിക്കാം എന്നതിൽ ധാരണ നൽകുകയും, എന്തും തുറന്ന് സംസാരിക്കാനുള്ള ഇടം കുഞ്ഞിന് ഒരുക്കി കൊടുക്കുകയും, സങ്കടങ്ങളിൽ സാന്ത്വനിപ്പിക്കുകയും, പരിശ്രമങ്ങളിൽ പ്രോത്സാഹിപ്പിക്കുകയും, ചെറിയ നേട്ടങ്ങളിൽ പോലും പ്രശംസിക്കുകയും, തെറ്റുകൾ സ്നേഹത്തോടെ തിരുത്തി കൊടുക്കുകയും, മൂല്യബോധങ്ങൾ നിയമങ്ങൾ പോലുള്ള കാര്യങ്ങൾ അതാത് പ്രായത്തിൽ മനസ്സിലാകും വിധത്തിൽ വാത്സല്യത്തോടെ പറഞ്ഞുകൊടുക്കുകയും ഒക്കെ ചെയ്യുമ്പോൾ കുട്ടികൾ സുരക്ഷിതത്വ ബോധത്തോടെ വളരുന്നു. ഇങ്ങനെയുള്ള രക്ഷകർത്താക്കൾ കുട്ടികളുടെ മനസ്സിൽ ആഴത്തിൽ സ്ഥാനം ഉറപ്പിക്കുന്നു. അവരുടെ പ്രകടമായ സ്നേഹം കുട്ടികളെ Secure Attachment Style ഉള്ളവരാക്കി മാറ്റുന്നു. സ്നേഹത്തിനായി ഒരുപാട് കലഹിക്കാത്ത, സമാധാനവും സന്തോഷവും കണ്ടെത്താൻ അറിയുന്ന, ആത്മവിശ്വാസമുള്ള, സ്വയം പര്യാപ്തരായിരിക്കുമ്പോഴും സ്നേഹിക്കുന്നവരെ ചേർത്ത് പിടിക്കുന്ന, നല്ല വ്യക്തിത്വമുള്ള മനുഷ്യരായി ഈ കുട്ടികൾ വളർന്ന് വന്നേക്കാം. വൈകാരികമായ പക്വത അല്ലെങ്കിൽ Emotional Balance ഉള്ളവരായി വളർന്ന് വരുന്ന ഈ കുട്ടികൾക്ക് ദേഷ്യവും സങ്കടവും ഉത്കണ്ഠയും ഒക്കെ കൃത്യമായി കൈകാര്യം ചെയ്യാൻ സാധിക്കും. ഒരു വ്യക്തിക്ക് മറ്റൊരാളുമായുള്ള ബന്ധത്തിൽ വിശ്വാസം, സുരക്ഷ, പിന്തുണ, കണക്ഷൻ, സ്വാതന്ത്ര്യം എന്നിവ അനുഭവപ്പെടുന്നെങ്കിൽ ആ ബന്ധം Secure Relationship ആണെന്ന് പറയാറുണ്ട്. ഇത്തരത്തിൽ ഒരു Secure Relationship മറ്റുള്ളവരുമായി ഉണ്ടാക്കിയെടുക്കാൻ കെല്പുള്ള മനുഷ്യരായി ഈ കുട്ടികൾ വളർന്ന് വരാം

Anxious Attachment (ഉത്കണ്ഠാജനകമായ അടുപ്പം): ആവശ്യമുള്ളപ്പോൾ രക്ഷകർത്താവ് കൂടെ ഉണ്ടാകുമോ, അവർ എപ്പോഴും സഹായിക്കുമോ, അവർ അകന്ന് പോകുമോ, എന്നൊക്കെ ഉത്കണ്ഠയുള്ള കുട്ടികളുണ്ട്. അവർ രക്ഷകർത്താവിനോട് ഒട്ടിപ്പിടിക്കുന്നവരായിരിക്കും, അവർക്ക് എപ്പോഴും അവരുടെ രക്ഷകർത്താവ് കൂടെ തന്നെ വേണ്ടിവരും. അവർക്ക് കൂടുതൽ കരുതലും സ്നേഹവും ആവശ്യമാണ്‌. പിന്നീട് മറ്റുള്ള ബന്ധങ്ങളിലും അവർക്ക് കരുതലും സ്നേഹവും കുറച്ചധികം വേണ്ടി വന്നേക്കാം. ചിലപ്പോൾ കുട്ടിയെ പരിഗണിക്കുകയും മറ്റ് ചിലപ്പോൾ അവഗണിക്കുകയും ചെയ്യുന്ന രക്ഷകർതൃത്വ ശൈലി, ഇത്തരമൊരു അടുപ്പം കുട്ടികളിൽ ഉണ്ടായി വരാൻ കാരണമായേക്കാം. വേണ്ടതിലധികം ശ്രദ്ധ കുട്ടിയുടെ വളർച്ചയും കാര്യപ്രാപ്തിയും നോക്കാതെ നൽകി, കുട്ടിയുടെ പ്രായം നോക്കാതെ എല്ലാം ചെയ്ത് കൊടുത്ത് വളർത്തുന്ന രീതിയും ഇതിന് കാരണമായേക്കാം. തനിക്ക് ഒരാവശ്യം വന്നാൽ തനിച്ചായി പോകുമോ എന്ന ഭയമാണ് ഒരു കൂട്ടർക്കുള്ളതെങ്കിൽ, അമിതമായ സപ്പോർട്ടിൽ വളർന്ന കുട്ടികൾക്ക് തനിച്ചൊന്നും ചെയ്യാൻ സാധിക്കില്ല എന്ന ആത്മവിശ്വാസക്കുറവിൽ നിന്നുള്ള ഉത്കണ്ഠയാണ് രൂപപ്പെട്ടത്. കുട്ടികളുടെ ആവശ്യങ്ങളെ അവഗണിക്കാതെ എന്നാൽ അവർക്ക് സ്വയം പര്യാപ്‍തത അവഗണനയിലൂടെ അല്ലാതെ കളികളിലൂടെയും തുറന്ന സംസാരങ്ങളിലൂടെയും ഒക്കെ ഉണ്ടാക്കി കൊടുത്ത് കൊണ്ട് അവരോടൊപ്പം രക്ഷകർത്താക്കൾ നിൽക്കുകയും സ്നേഹത്തോടെ പെരുമാറുകയും ചെയ്യുമ്പോൾ അവരും Secure ആയൊരു അറ്റാച്ച്മെന്റ് സ്റ്റൈലിലേക്ക് മാറാനിടയുണ്ട്.

Avoidant Attachment : ആവശ്യങ്ങൾ, ഒരുപക്ഷെ അത്യാവശ്യങ്ങൾ ഉള്ളപ്പോൾ പോലും തനിച്ച് കൈകാര്യം ചെയ്യുന്ന കുട്ടികൾ ഉണ്ട്. രക്ഷകർത്താവിന്റെ സാന്നിധ്യം ഇല്ലെന്ന് തിരിച്ചറിയുമ്പോഴും അസ്വസ്ഥരാകാത്ത കുട്ടികൾ. രക്ഷകർത്താവ് ഉണ്ടെങ്കിലും ഇല്ലെങ്കിലും കുഴപ്പമില്ല എന്ന മട്ടുള്ളവർ. ഇക്കൂട്ടർ പതിയെ ആർജ്ജിച്ച സ്വയം പര്യാപ്‍തതയാണ് ഇതിന് കാരണം. ആവശ്യങ്ങൾ വന്നപ്പോഴൊരിക്കൽ പോലും രക്ഷിതാക്കൾ അതൊന്നും നിറവേറ്റിയിട്ടില്ല എന്ന തോന്നലിൽ വളർന്നവരാണ് ഇവർ. ഇതിന് കാരണമാകാറുള്ളത്, കുട്ടികളെ ഒട്ടും ശ്രദ്ധിക്കാത്ത രക്ഷകർതൃത്വ ശൈലിയാവാം. "കുട്ടികളായാൽ കരയും, കുട്ടികൾ കരഞ്ഞു വളരട്ടെ" എന്ന രക്ഷകർത്താക്കളുടെ നിലപാട് ഇത്തരത്തിലുള്ള attachment style ന് കാരണമാകാനിടയുണ്ട്. ശൈശവത്തിലും ബാല്യത്തിലും വൈകാരികവും ശരീരികവുമായ അടുപ്പം രക്ഷകർത്താവിന്റെ ഭാഗത്ത് നിന്നും ആവശ്യമായി വന്ന നേരങ്ങളിൽ വേണ്ടത്ര പരിഗണന കുഞ്ഞിന് ലഭിക്കാത്തത് കുഞ്ഞുങ്ങളുടെ വികാരങ്ങൾ അവർ സ്വയമേ മനസ്സിന്റെ ഉള്ളിൽ അടക്കി വെക്കുന്ന ശീലം ഉണ്ടാകാൻ ഇടയാക്കുന്നു. ആവശ്യങ്ങൾ തുറന്ന് പറഞ്ഞാലും വേണ്ടത് ലഭിക്കില്ല എന്ന ധാരണയിൽ അവർ സ്വയം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പതിയെ പഠിക്കുന്നു. വികാരങ്ങളെ നിയന്ത്രിക്കാനും അവർ പഠിക്കും. എന്നാൽ ആവശ്യങ്ങൾ ഉണ്ടായിട്ടും അത് തുറന്ന് പറഞ്ഞാൽ ഉണ്ടാകുന്ന അവഗണനയുടെ വേദന അനുഭവിക്കാൻ ഇഷ്ടമല്ലാത്തതിനാൽ അവർ എല്ലാം ഉള്ളിൽ ഒതുക്കുന്നുണ്ട്. അവർക്ക് ആരെയും വിശ്വാസമില്ലാത്തത്‌ പോലെ തോന്നാം. ഇത്തരത്തിൽ ഒരു അറ്റാച്ച്മെന്റ് സ്റ്റൈൽ ഉണ്ടായത് കൊണ്ട് തന്നെ ഇക്കൂട്ടർ മറ്റുള്ളവരുമായി ആഴത്തിലുള്ള വൈകാരിക ബന്ധം സൂക്ഷിക്കാത്തവരായും, ആളുകളുമായി ഒരുപാട് അടുക്കാതെ ഒരകലം എന്നും സൂക്ഷിക്കുന്നവരായും, മറ്റുള്ളവരെ ആശ്രയിക്കുന്നത് ഇഷ്ടപ്പെടാത്തവരായും, ഒരു സഹായം ചോദിക്കാൻ മടിയുള്ളവരായും ഒക്കെ മാറിയേക്കാം. ഇത് വളരുന്ന ഘട്ടത്തിൽ സൗഹൃദങ്ങളിലും പങ്കാളിയെ തേടുന്ന നേരങ്ങളിൽ പങ്കാളിത്തത്തിലും ഒക്കെ ആഴത്തിൽ സ്നേഹിക്കാനും, അത് പ്രകടിപ്പിക്കാനും കഴിയാതെ ബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാവാൻ ഇടയായേക്കാം. ഇത് കാരണം തന്നെ ഒറ്റപ്പെടൽ ജീവിതത്തിൽ പലപ്പോഴായി ഇക്കൂട്ടർ അനുഭവിക്കാനിടയുണ്ട്.

മേരി ഐൻസ്‌വർത്തിന്റെ "Strange Situation" എന്ന പരീക്ഷണം Attachment Styles നെ പറ്റിയുള്ള ശാസ്ത്രലോകത്തിന്റെ അറിവിലേക്ക് കൂടുതൽ വെളിച്ചം വീശി. രക്ഷകർത്താക്കളെ കുട്ടികളിൽ നിന്നും അൽപ നേരത്തേക്ക് അകറ്റി നിർത്തിയും ശേഷം അവരെ ഒന്നിപ്പിച്ചും നടത്തിയ പരീക്ഷണത്തിൽ കുട്ടികൾ എങ്ങനെ ഇതിനോട് respond ചെയ്യുന്നു എന്നതായിരുന്നു പ്രധാനമായും നിരീക്ഷിക്കപ്പെട്ടത്. Secure Attachment Style ഉണ്ടായിരുന്ന കുട്ടികൾ രക്ഷകർത്താക്കൾ അടുത്തില്ലാത്തപ്പോൾ വിഷമം കാണിക്കുകയും, എന്നാൽ അവരുടെ മടങ്ങിവരവോടെ പെട്ടെന്ന് ആശ്വസിക്കുകയും അവരുടേതായ കളികളിൽ രസിക്കുകയും ചെയ്തേക്കാമെന്ന് പരീക്ഷണത്തിൽ നിന്ന് മനസ്സിലായി. ഇത് കുട്ടിയും രക്ഷകർത്താവും തമ്മിലുള്ള ശക്തമായ ബന്ധത്തെയും അവർക്കിടയിലെ വിശ്വാസത്തെയും പ്രകടമാക്കുന്നു. Anxious Attachment Style ഉള്ള കുട്ടികൾ രക്ഷകർത്താക്കൾ മാറി നിന്നപ്പോൾ വിഷമിക്കുകയും, തിരിച്ച് വന്നതിനു ശേഷം അവരെ മുറുകെ പിടിച്ച് അവരുടെ അരികിൽ നിന്ന് മാറാതെ ഒട്ടി ഇരിക്കുകയും ചെയുന്നതായി കാണപ്പെട്ടു. Avoidant Attachment Style ഉള്ള കുട്ടികൾ അവരുടെ രക്ഷകർത്താക്കൾ അകന്ന് നിന്നപ്പോഴും തിരിച്ചുവന്നപ്പോഴും നിസ്സംഗത കാണിച്ചു.

ഈ മൂന്ന് തരം ശൈലികളും ചിലരിൽ പല അനുപാതത്തിൽ ഉണ്ടാകാം, അതായത് ചിലർ secure ആയിരിക്കുമ്പോഴും അല്പം anxious ആവാം, ചിലർ avoidant ആണെങ്കിലും അല്പം anxious ആവാം, അങ്ങനെ പല അനുപാതത്തിൽ രൂപപ്പെട്ട കുട്ടികൾ ഉണ്ടാകാം.

Secure Attachment Style കുട്ടിയുടെ ജീവിതത്തിൽ അനവധി നല്ല കാര്യങ്ങൾക്ക് കാരണമാകുന്നതിനാൽ, അത് വികസിപ്പിക്കാൻ രക്ഷകർത്താക്കൾ ലക്ഷ്യമിടുന്നത് പൊതുവെ നല്ലതാണ്. അങ്ങനെയുള്ള കുട്ടികൾക്ക് മെച്ചപ്പെട്ട വൈകാരിക നിയന്ത്രണം (Emotional Regulation), ആത്മാഭിമാനം (Self-Esteem), കാലങ്ങൾ നിലനിൽക്കുന്ന വിജയകരമായ ആത്മബന്ധങ്ങൾ ഉണ്ടാക്കാനുള്ള കഴിവ് ഒക്കെ നേടാൻ സാധിക്കുന്നു.

ഒരു കുട്ടിയിൽ വികസിക്കുന്ന attachment style പൂർണ്ണമായും മാറ്റിയെടുക്കാനും, മുൻകൂട്ടി പ്രവചിക്കാനും എല്ലായിപ്പോഴും കഴിയണമെന്നില്ല. കാരണം അത് കുട്ടിയുടെ സ്വഭാവവും, കുട്ടിക്ക് രക്ഷകർത്താവിനോട് ഉണ്ടായി വന്ന അടുപ്പവും, ചിലപ്പോൾ സാമൂഹിക പശ്ചാത്തലങ്ങൾ, വളർച്ചയുടെ ഘട്ടത്തിൽ ഉണ്ടാവുന്ന ബന്ധങ്ങളും അനുഭവങ്ങളും ഒക്കെ ഒരു വ്യക്തിയുടെ attachment styles നെ സ്വാധീനിക്കാം.

Secure Attachment Style പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുന്നത് നല്ലതാണ്. 1970-കളിൽ University of Virginia-യിൽ ബൗൾബിയും പിന്നീട് മേരി ഐൻസ്‌വർത്തും നടത്തിയ ഗവേഷണവും കുഞ്ഞുങ്ങളുടെ വൈകാരിക വളർച്ചയിൽ Secure Attachment ന്റെ ആഴത്തിലുള്ള സ്വാധീനം വ്യക്തമാക്കുന്നുണ്ട്. രക്ഷിതാക്കൾക്ക് അവരുടെ കുട്ടിയുടെ വൈകാരികവും ശാരീരികവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ശ്രദ്ധ വേണം. കൃത്യ സമയത്ത് ശരിയായ രീതിയിൽ അവരോട് പ്രതികരിക്കേണ്ടതുണ്ട്. വൈകാരികമായ ലഭ്യതയും സ്ഥിരതയുള്ള സ്നേഹവും വഴി കുട്ടികളിൽ സുരക്ഷിതത്വ ബോധത്തോടെയുള്ള അടുപ്പം ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഒരു കുട്ടിയുടെ പെരുമാറ്റത്തെ അടിസ്ഥാനമാക്കി "Avoidant" അല്ലെങ്കിൽ "Anxious" എന്ന് ലേബൽ ചെയ്ത് അവരോട് സംസാരിക്കാതിരിക്കാൻ ശ്രദ്ധിക്കണം. അവരെ കുറ്റപ്പെടുത്താതിരിക്കണം. കുട്ടികളുടെ വ്യക്തിഗത ആവശ്യങ്ങൾ മനസിലാക്കുകയും അവരുടെ attachment സ്റ്റൈലിന് ഉചിതമായ പിന്തുണ നൽകുകയും ചെയ്യുക. ഏറ്റവും പ്രധാനം കുട്ടിയുമായി രക്ഷിതാക്കൾ പൊരുത്തപ്പെടുക എന്നതാണ്. ഓരോ കുട്ടിയും unique ആണ്, അവരുടെ attachment style സ്വാഭാവികമായി ഏത് ദിശയിലേക്കും ചായാം ചിലപ്പോൾ മാറാതെയും ഇരിക്കാം, അതിനോടെല്ലാം ഒത്തുപോകാൻ രക്ഷിതാവിന് സാധിക്കണം. ഇതിനായി കുട്ടിക്കും അനുയോജ്യമായ രക്ഷകർതൃത്വ ശൈലി രക്ഷകർത്താക്കൾ സ്വീകരിക്കേണ്ടതുണ്ട്.

ഫലപ്രദമായ രക്ഷാകർതൃ ശൈലികൾ (Parenting Styles) തിരഞ്ഞെടുക്കുന്നതിൽ മാതാപിതാക്കൾക്ക് ഈ മനഃശാസ്ത്ര സിദ്ധാന്തങ്ങൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഡെവലപ്‌മെന്റൽ സൈക്കോളജിസ്റ്റായ ഡയാന ബൗമ്രിൻഡ് (Diana Baumrind) നാല് പ്രാഥമിക രക്ഷാകർതൃ ശൈലികളെ നമുക്ക് പരിചയപെടുത്തിയിട്ടുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം:

Authoritative: Authoritative Style ഉള്ള രക്ഷകർത്താക്കൾ കൃത്യമായി തങ്ങളുടെ കുട്ടികൾക്കൾ എങ്ങനെ പെരുമാറണം എന്ന കാര്യം പറഞ്ഞു കൊടുക്കുകയും കുട്ടികൾക്കായുള്ള നല്ല ശീലങ്ങളും നിയമങ്ങളും ഉണ്ടാക്കി അതും അവരിലേക്ക് സ്നേഹത്തോടെ എത്തിക്കുന്നവരാണ്. ഒപ്പം ശക്തമായ ശാരീരിക മാനസിക പിന്തുണയും നൽകുന്നു. ഇവർ കുട്ടികളുടെ ആവശ്യങ്ങളോട് കൃത്യമായും സമയോചിതമായും respond ചെയ്യുന്നവരാണ്. ഈ ശൈലി കുട്ടികളിൽ സ്വാതന്ത്ര്യത്തിന്റെയും അച്ചടക്കത്തിന്റെയും ആരോഗ്യകരമായ സന്തുലിതാവസ്ഥ ഉണ്ടായി വരാനിടയാക്കും. കുട്ടികളിൽ സുരക്ഷിതത്വ ബോധത്തോടെയുള്ള അടുപ്പം രൂപരികരിക്കാൻ ഈ രക്ഷാകർതൃ ശൈലി കൊണ്ട് സാധിച്ചേക്കാം.

Authoritarian: ഈ സ്റ്റൈൽ പിന്തുടരുന്ന രക്ഷകർത്താക്കൾ നിർബന്ധിത നിയമങ്ങളും നിബന്ധനകളും കുട്ടികൾക്ക് മുന്നിൽ വെക്കുകയും കുട്ടികളുടെ ആവശ്യങ്ങളോട് വേണ്ട വിധത്തിൽ respond ചെയ്യാത്തവരുമാണ്. അവർ കർശനമായ നിയമങ്ങൾ നടപ്പിലാക്കുകയും കുട്ടികളുടെ ചോദ്യങ്ങളെ തടഞ്ഞു കൊണ്ട് "മിണ്ടാതെ അനുസരിച്ച് കൊള്ളണം" എന്ന പരുക്കൻ രീതി തുടരുകയും ചെയ്യുന്നു. Strict ആയി വളർന്നാലേ വഴി തെറ്റാതെ വളരുകയുള്ളു എന്ന പൊതുവായ തെറ്റിദ്ധാരണ ഇവർക്കുണ്ടായിരിക്കാം. അവർ ശിക്ഷയെ നിയന്ത്രണ മാർഗ്ഗമായി ഉപയോഗിച്ചേക്കാം. ഈ രീതി anxious, avoidant attachment സ്റ്റൈലുകൾ കുട്ടികളിൽ രൂപപ്പെടാൻ കാരണമായേക്കാം.

Permissive: ഇവർ കുട്ടികളുടെ ആവശ്യങ്ങളോട് യഥാക്രമം respond ചെയ്യുമെങ്കിലും, കുട്ടികളിൽ നിന്ന് യാതൊന്നും പ്രതീക്ഷിക്കാതെ അവർക്ക് നിർദ്ദേശങ്ങൾ നൽകാതെ ശരി തെറ്റുകൾ പറഞ്ഞു കൊടുക്കാതെ, കുട്ടികളെ അവരുടെ ഇഷ്ടത്തിന് വളരാനുള്ള ഇടമൊരുക്കുന്നു. ഇത്തരം രക്ഷിതാക്കൾ പൊതുവെ സൗമ്യരും സന്തുഷ്ടരുമാണ്, പലപ്പോഴും കർശനമായ നിയമങ്ങളും അച്ചടക്കങ്ങളും അവർ കുട്ടികളിൽ നിന്ന് ഒഴിവാക്കുന്നു. അവർക്ക് അവരുടെ കുട്ടികളുമായി ഊഷ്മളമായ ബന്ധം ഉണ്ടായിരിക്കുമെങ്കിലും, ഈ ശൈലി അച്ചടക്കം ഇല്ലാത്ത കുട്ടികളെ വാർത്തെടുക്കാൻ ഇടയാക്കിയേക്കാം. Anxious Attachment style രൂപപ്പെടാൻ ഇത് കാരണമായേക്കാം.

Neglectful: സകലതും അവഗണിക്കുന്ന രക്ഷകർത്താക്കളാണ് ഇവർ. കുട്ടികളിൽ നിന്ന് ഒന്നും ആവശ്യപ്പെടുകയോ അവരുടെ ആവശ്യങ്ങളിൽ പ്രതികരിക്കുകയോ ചെയ്യുന്നില്ല. അവർ കുട്ടികളുടെ ആവശ്യങ്ങളോട് നിസ്സംഗരാണ്, ചെറിയ മാർഗനിർദേശമോ പിന്തുണയോ നൽകുന്നു. ഈ രക്ഷാകർതൃ ശൈലി കുട്ടികളെ അവഗണിക്കുന്ന ഒന്നാണ്. അവരിൽ വൈകാരികവും പെരുമാറ്റപരവുമായ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാക്കുന്ന ഒന്ന്. Avoidant attachment style ഉണ്ടാവാൻ ഈ രക്ഷകർത്തൃത്വ ശൈലി കാരണമായേക്കാം.

Authoritarian ആയ രക്ഷകർത്തൃത്വ ശൈലി സ്വാതന്ത്ര്യത്തെ തടയുന്ന ഒന്നാണ്. സ്വന്തം വീട്ടിൽ സ്വാതന്ത്ര്യം അനുഭവിക്കാത്ത മനുഷ്യർക്ക് സ്വാതന്ത്ര്യം എന്ന ആശയം തന്നെ മനസ്സിലായെന്ന് വരില്ല, അതിനാൽ അവർക്ക് മറ്റുള്ളവരുടെ സ്വാതന്ത്ര്യങ്ങൾ മനസ്സിലാക്കാതെയും വരാം. ചിലർ ഈ ചങ്ങലയിൽ നിന്ന് മോചനം നേടി അല്പം സ്വാതന്ത്ര്യം അനുഭവിച്ച് തുടങ്ങുമ്പോൾ തന്നെ അന്ധമായി പലതിനെയും വിശ്വസിച്ച് പ്രശ്നങ്ങളിൽ ചെന്ന് ചാടുന്നത് കാണാറുണ്ട്. ചിലരാകട്ടെ സ്വാതന്ത്ര്യത്തെ ഭയത്തോടെയും കാണുന്നു. ഇങ്ങനെയുള്ള മനുഷ്യരുടെ മനസ്സിലെ വേദനകളുടെ വേര് കിടക്കുന്നത് അവരുടെ ബാല്യത്തിലാണ്. സ്വാതന്ത്ര്യം ഉള്ള വീടുകൾ ശക്തരായ ആത്മവിശ്വാസമുള്ള മൂല്യബോധങ്ങൾ ഉള്ള മനുഷ്യരെ വാർത്തെടുക്കുന്നു. കർശനമായ നിയമങ്ങൾ കുട്ടികളുടെ മേലെ അടിച്ചേൽപ്പിച്ചു സ്വാതന്ത്ര്യങ്ങൾ വിലക്കി 'Strict' ആയി വളർത്തുന്ന ഈ രീതി ഒരിക്കലും ഒരു നല്ല parenting style ആയേക്കില്ല. കാരണം അനുസരണയുള്ള യന്ത്രങ്ങളെക്കാൾ മൂല്യബോധങ്ങളും സ്വാതന്ത്ര്യബോധവും സന്തുഷ്ടരുമായ കുട്ടികളായാണ് അവർ വളരേണ്ടത്. അതേ സമയം Permissive parenting സ്റ്റൈലിൽ അതിരില്ലാത്ത സ്വാതന്ത്ര്യം എന്ന ആശയം അപകടകരമാണ്. അന്യന്റെ മൂക്ക് തുടങ്ങുന്നെടുത്ത് തനിക്ക് കൈവീശാനുള്ള സ്വാതന്ത്ര്യം അവസാനിക്കുന്നു എന്ന ബോധ്യത്തിൽ തന്നെ കുട്ടികൾ വളരെണ്ടതുണ്ട്. അതിനാണ് നിയമങ്ങളും നിർദ്ദേശങ്ങളും വേണ്ടത്. Neglectful ആയ രക്ഷകർത്തൃത്വ ശൈലി insecure ആയ മനുഷ്യരെ സൃഷ്ടിക്കും. മനുഷ്യർക്ക് ജീവിതകാലം മുഴുവൻ ഉണ്ടാവുന്ന അരക്ഷിത ബോധം തരുന്ന മാനസിക സംഘർഷങ്ങൾ ചെറുതല്ല. അതിനാൽ കഴിവതും ഈ ശൈലിയിൽ കുട്ടികളെ വളർത്തതിരിക്കുക.

കുട്ടികൾക്ക് ഏറ്റവും അടുത്ത സുഹൃത്തായി നിലകൊള്ളേണ്ടത് രക്ഷകർത്താവ് തന്നെയാണ്. അവരോടുള്ള ആശയവിനിമയം ആകുന്നത്രയും സൗഹൃദപൂർണ്ണമാവണം. കുഞ്ഞുങ്ങൾക്ക് എല്ലാം തുറന്ന് സംസാരിക്കാനുള്ള ഇടാമാവണം രക്ഷകർത്താവ്. കുഞ്ഞും രക്ഷകർത്താവും തമ്മിലുള്ള ഫലപ്രദമായ ആശയവിനിമയം കുഞ്ഞിന്റെ ആത്മവിശ്വാസം വളർത്തുകയും സാമൂഹികവും വൈകാരികവുമായ കഴിവുകൾ വികസിപ്പിക്കുകയും ചെയ്യും. 2010-ൽ "Parent-Child Communication and Adjustment Among Adolescents" എന്ന തലക്കെട്ടിൽ, Journal of Marriage and Family-യിൽ പ്രസിദ്ധീകരിച്ച ഒരു പഠനം, നല്ല രക്ഷാകർതൃ-ശിശു ആശയവിനിമയം കുഞ്ഞുങ്ങളുടെ ശരിയായ മാനസിക സാമൂഹിക പക്വതയെ എങ്ങനെ രൂപീകരിക്കുന്നുവെന്ന് എടുത്തു പറയുന്നുണ്ട്.

കുട്ടികൾ ശരിയായ രീതിയിൽ വളരാൻ പലപ്പോഴും അവരെ തിരുത്തേണ്ടതായി വരും. അപക്വമായ ശിക്ഷാരീതികളും ഭയമുളവാക്കുന്ന പെരുമാറ്റവും കൊണ്ട് ഒരിക്കലും ഒരു കുട്ടിയെ തിരുത്താൻ കഴിയില്ല. ഭയം കൊണ്ട് അനുസരിക്കേണ്ടി വരുന്ന കാര്യങ്ങൾ കുട്ടിയുടെ വ്യക്തിത്വമാകുന്നില്ല. അനുസരണയുള്ള മക്കളായിരിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് സ്വയം ശരി തെറ്റുകൾ മനസ്സിലാക്കാനുള്ള കഴിവാർജ്ജിച്ച, ഇമോഷൻസ് നിയന്ത്രിക്കാൻ കഴിവുള്ള മക്കളാവുന്നത്. Self-discipline is far better than Obedience. കാര്യങ്ങൾ ബോധ്യപ്പെട്ട് ചെയ്യുന്നതും നിർബന്ധിതമായി ചെയ്യുന്നതും രണ്ടും രണ്ടാണ്. അതിനാൽ കാര്യക്ഷമമായ ആശയവിനിമയം കുഞ്ഞിനും രക്ഷകർത്താവിനും ഇടയിൽ നടക്കേണ്ടതുണ്ട്. ശരിയും തെറ്റും മനസ്സിലാക്കാനുള്ള അടിസ്ഥാനപരമായ മൂല്യബോധങ്ങൾ അതാത് പ്രായത്തിൽ കുട്ടികളിലേക്ക് എത്തിക്കാൻ ശ്രമിക്കണം. കുട്ടികൾക്ക് തെറ്റ് പറ്റും കാരണം അവർ കുട്ടികളാണ്. മുതിർന്ന നമുക്കും തെറ്റുകൾ പറ്റാറുള്ളതാണ്. അതിനാൽ കുട്ടികൾക്ക് തെറ്റുകൾ സംഭവിച്ചു പോയതിന് അവരെ അങ്ങേയറ്റം വേദനിപ്പിക്കാതെയും തളർത്താതെയും, സൗമ്യമായി സ്നേഹത്തോടെ അവരെ തിരുത്താം. കുഞ്ഞിനെ തിരുത്താൻ ശ്രമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഏതാനം കാര്യങ്ങൾ നോക്കാം,

1. കുട്ടിയുടെ പെരുമാറ്റത്തെ തിരുത്തേണ്ടപ്പോൾ കഴിവതും പക്വതയോടെ, ശാന്തമായി, സംയമനത്തോടെ സംസാരിക്കാൻ ശ്രദ്ധിക്കുക. ആക്രോശിച്ച് ശബ്ദമുയർത്തി പ്രകോപനപരമായി പ്രതികരിക്കുന്നതും ശിക്ഷയെന്ന നിലയിൽ ശരീരികമായ വേദനകൾ നൽകുന്നതും കുഞ്ഞിന് ഭയം ഉണ്ടാക്കുന്ന രീതികളാണ്. ഇങ്ങനെ ചെയ്യുന്നത് സ്ഥിതിഗതികൾ വഷളാക്കുകയും ഒരുപക്ഷെ ആജീവാനന്തകാലം കുഞ്ഞിന്റെ മനസ്സിൽ നിരവധി ആസ്വസ്ഥതകളും അസ്ഥിരതകളും ഉണ്ടാകാനും കാരണമായേക്കാം. ദീർഘ കാലം നിലനിൽക്കുന്ന മാനസിക സംഘർഷങ്ങളും വ്യക്തിത്വ വൈകല്യങ്ങളും ഉണ്ടാകുന്നതിൽ ചെറുപ്പകാലത്തെ ദുരനുഭവങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

2. ഒരുതരത്തിലും കുട്ടികളെ മറ്റുള്ളവരുടെ മുന്നിൽ വച്ച് കുറ്റപ്പെടുത്താതിരിക്കുക. രക്ഷകർത്താവിനും കുട്ടിക്കുമായി മാത്രമുള്ള quality time ഉണ്ടാക്കി, ആ നേരത്ത് സംസാരിക്കാവുന്നതാണ്. കുട്ടിക്ക് സ്വയം അപകർഷത ഉണ്ടാകുന്ന രീതിയിൽ കുറ്റപ്പെടുത്താതെയിരിക്കാൻ ശ്രദ്ധ വേണം. കുട്ടി ചെയ്തൊരു അബദ്ധം അപ്പോൾ തന്നെ തിരുത്തേണ്ടി വരുന്ന സാഹചര്യങ്ങളിൽ പോലും മറ്റുള്ളവരുടെ മുന്നിൽ വച്ച് കുട്ടിയെ ശകാരിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ശകാരങ്ങളെക്കാൾ ഗുണം ചെയ്യുക സമ്മാനങ്ങളാണ്. വഴക്ക് പറയുന്നതിന് പകരം ഒരു സമ്മാനം ഓഫർ ചെയ്ത് നോക്കൂ, അവർ മനസ്സ് വേദനിക്കാതെ ആത്മാർത്ഥമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് കാണാം.

3. നിയമങ്ങൾ വളർച്ചയുടെ ഘട്ടത്തിൽ കുട്ടികൾക്ക് ആവശ്യം തന്നെയാണ് പക്ഷെ അത് കുട്ടികളിൽ അടിച്ചേൽപ്പിക്കാതെ സ്നേഹത്തിന്റെ ഭാഷയിൽ മനസ്സിലാക്കി കൊടുക്കുകയാണ് വേണ്ടത്. സമൂഹത്തിൽ നിയമങ്ങൾ ഉണ്ടെന്നും അത് തെറ്റിച്ചാൽ ശിക്ഷ ലഭിക്കുമെന്നും കുഞ്ഞിനെ പറഞ്ഞു മനസ്സിലാക്കേണ്ടതുണ്ട്. എന്നാൽ കുട്ടികൾക്ക് ശിക്ഷകൾ കൊടുത്തു കൊണ്ടുള്ള തിരുത്തൽ രീതി പ്രാഥമിക രീതിയാക്കരുത്. പല തവണ പറഞ്ഞിട്ടും അത് മനസ്സിലാക്കാതെ പെരുമാറുന്ന ഘട്ടത്തിൽ മാത്രം ശിക്ഷകൾ ഉപയോഗിക്കുക. ഉദാഹരണത്തിന് ഫാനും ലൈറ്റും ഓൺ ചെയ്ത് വച്ചിട്ട് കളിക്കാൻ പോയ കുട്ടിയോട് അതിനുള്ള ശിക്ഷ എന്ന രീതിയിൽ ടി വി കാണാൻ അനുവദിച്ച പതിവ് സമയത്ത് ആ ഒരു ദിവസം പൂന്തോട്ടം നോക്കാനുള്ള ചുമതല കൊടുക്കുക. ചെടികൾക്ക് വെള്ളമൊഴിക്കാൻ ആ നേരം ഉപയോഗിക്കണം എന്ന് പറയാം. ഇത്തരത്തിൽ കുട്ടിയെ വല്ലാതെ മാനസികമായി ബാധികാത്ത എന്നാൽ താൻ അങ്ങനെ ചെയ്തത് കൊണ്ടാണ് ഇങ്ങനൊരു കുഞ്ഞു punishment കിട്ടിയത് എന്ന് മനസ്സിലാക്കാൻ ആകുന്ന ശിക്ഷകളെ നൽകാൻ പാടുള്ളു.

4. വലിയ വികൃതികൾ കാട്ടുമ്പോഴും തെറ്റുകൾ പറ്റുമ്പോഴും, കുട്ടികളോട് കാര്യങ്ങൾ കൃത്യമായി പറഞ്ഞു മനസ്സിലാക്കേണ്ടതുണ്ട്. കൃത്യമായ ഉദാഹരണങ്ങൾ ഉപയോഗിച്ച് എന്ത് പെരുമാറ്റമാണ് തിരുത്തേണ്ടതെന്ന് വ്യക്തമായി പോസിറ്റീവ് ആയി വിശദീകരിക്കുക. ഉദാ. "നീ ഒട്ടും വൃത്തി ഇല്ലാത്ത കുട്ടിയാണ്, നിന്നെ വളർത്താൻ വലിയ പ്രയാസമാണ്" എന്ന് നെഗറ്റീവ് ആയി പറയുന്നതിനു പകരം, "നിന്റെ എല്ലാ ഡ്രസ്സും വൃത്തിയായി അലമാരയിൽ വച്ചാൽ ഞാൻ നിനക്കൊരു സ്പെഷ്യൽ ഗിഫ്റ്റ് തരാം, എനിക്കറിയാം നീ നല്ല കുട്ടിയാണ്." എന്ന് പോസിറ്റീവ് ആയി പറയുക. പഠിത്തത്തിൽ പുറകോട്ടായ കുട്ടിയോട് അതിന്റെ പേരിൽ കലഹിക്കാനും കളിയാക്കാനും മുതിരാതെ അവനിൽ ആത്മവിശ്വാസം ഉണ്ടാക്കാൻ "നിനക്ക് പഠിക്കാൻ കഴിയും നീ ശ്രമിക്ക്, ഞാനും ഹെല്പ് ചെയ്യും." എന്നുപറയുക. ആളുകളുടെ മുന്നിൽ വച്ച് പോലും പലപ്പോഴും രക്ഷകർത്താകൾ തങ്ങളുടെ മക്കളെ താരതമ്യം ചെയ്യാറുണ്ട്, "മൂത്തവൻ പഠിക്കില്ല, അവൻ എല്ലാത്തിലും പുറകിലാ, ഇളയവൻ ആള് സ്മാർട്ട് ആണ്, ക്ലാസ് ടോപ്പർ ആണ്" ഇത്തരത്തിലുള്ള സംസാരം കുട്ടികൾ കേൾക്കാനിടയായാൽ മൂത്ത കുട്ടിക്ക് അപകർഷതാ ബോധവും ഇളയകുട്ടിക്ക് ആത്മവിശ്വാസവും ഉണ്ടാക്കും. "അവൻ ഒട്ടും പഠിക്കില്ല", "ഇങ്ങനെ പോയാൽ അവൾ തോൽക്കും" എന്നിങ്ങനെയുള്ള രക്ഷകർത്താവിന്റെയോ അധ്യാപകരുടെയോ കമന്റ് കേൾക്കുന്ന ഒരു കുട്ടി പഠിക്കാനിരിക്കുമ്പോൾ "ഞാനിനി എത്ര പഠിച്ചിട്ടും കാര്യമില്ല, ഞാൻ പഠിക്കാത്തവനാണ്. ഞാൻ തോൽക്കും, എല്ലാത്തിലും ഞാൻ പുറകിൽ ആകും" എന്ന തോന്നൽ മനസ്സിൽ വരാനും പഠിക്കേണ്ടതില്ല എന്ന തീരുമാനത്തിൽ എത്താനും സാധ്യത ഏറെയാണ്. പിന്നീട് ആ കുട്ടിയിൽ ഉയർന്ന് വരാനുള്ള പരിശ്രമങ്ങൾ ഇല്ലാതാകുകയും ചെയ്യും. കഴിവതും പോസിറ്റീവ് ആയി വേണം അവരോട് സംസാരിക്കാൻ. അതിനാൽ പ്രതീക്ഷയും ആത്മവിശ്വാസവും സുരക്ഷിതത്വ ബോധവും പകരുന്ന രീതിയിൽ കുട്ടികളെ മുന്നേറാൻ പ്രോത്സാഹിപ്പിക്കുക. കുട്ടികളുടെ അഭിരുചികളെ കണ്ടെത്തി അതിനെ വളർത്താനുള്ള ശ്രമവും അനിവാര്യമാണ്.

5. വ്യത്യസ്ത സാഹചര്യങ്ങളിൽ കുട്ടിയുടെ പെരുമാറ്റത്തെക്കുറിച്ചുള്ള നിങ്ങളുടെ പ്രതീക്ഷകൾ കുട്ടിക്ക് അറിയാമെന്ന് ഉറപ്പാക്കുക. അതായത് ജോലി തിരക്കുള്ള നേരങ്ങളിൽ കുട്ടിക്ക് ഗെയിം കളിക്കാൻ കമ്പ്യൂട്ടർ നൽകാനാകില്ലെന്നിരിക്കട്ടെ, അപ്പോൾ വാശി പിടിക്കുന്ന കുട്ടിയുടെ ആ ശീലം മാറ്റാൻ, സൗമ്യമായി കുട്ടിയോട് നിങ്ങളുടെ ജോലിയെ പറ്റിയും തിരക്കുകളെ പറ്റിയും കമ്പ്യൂട്ടർ ആ നേരത്ത് നിങ്ങൾക്ക് ആവശ്യമാണ് എന്നതിനെ പറ്റിയും കുട്ടിക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു കൊടുക്കുക. ഒപ്പം നിങ്ങൾക്ക് തിരക്കുള്ള സമയത്ത് കുട്ടി എന്ത് ചെയ്യണം എന്നതിനെപ്പറ്റിയും പറഞ്ഞു കൊടുക്കുക. ഒപ്പം "ഇനി നീ വാശി പിടിക്കില്ലെന്ന് എനിക്കുറപ്പാണ്, നീ എന്റെ best friend അല്ലേ!!" എന്ന രീതിയിൽ നിങ്ങളുടെ പ്രതീക്ഷകൾ സ്നേഹത്തോടെ പങ്കുവെക്കുക. നിങ്ങൾ കുട്ടികളിൽ നിന്നും സ്നേഹം പ്രതീക്ഷിക്കുന്നു എന്ന് കേൾക്കുന്നത് കുട്ടികളിൽ നിങ്ങളോടുള്ള അടുപ്പം കൂട്ടും.

6. അവരുടെ വികാരങ്ങളും ചിന്തകളും പ്രകടിപ്പിക്കാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക. ഇത് അവരുടെ വികാരങ്ങൾ മനസ്സിലാക്കാനും മികച്ച തിരഞ്ഞെടുപ്പുകൾ നടത്താനും അവരെ സഹായിക്കും. വല്ലാതെ ജഡ്ജ്മെന്റൽ ആയി കുട്ടികളെ കാണാതിരിക്കുക. അവർക്ക് തെറ്റ് പറ്റുകയെ ഇല്ലെന്ന് കരുതാതെയുമിരിക്കുക. പക്വതയോടെ അവരെ കേൾക്കുക. അവർക്ക് പറ്റുന്ന തെറ്റുകൾ അവർ വന്ന് പറയുമ്പോൾ പൊട്ടിത്തെറിക്കാതെ അവരെ സപ്പോർട്ട് ചെയ്ത് തിരുത്താനും അവരുടെ ആ പ്രതിസന്ധി മറികടക്കാൻ അവരെ സഹായിക്കുകയും ചെയ്യുക.

7. നല്ല തിരഞ്ഞെടുപ്പുകൾ തുടരാൻ കുട്ടിയെ പ്രചോദിപ്പിക്കുന്നതിന് പ്രശംസയും പ്രതിഫലവും നൽകി പോസിറ്റീവ് പെരുമാറ്റം ശക്തിപ്പെടുത്തുക. അവർ സ്വയം ചെയ്യുന്ന പോസിറ്റീവ് ആയ കാര്യങ്ങൾക്ക് വേണ്ടവിധത്തിലുള്ള പ്രശംസയും പ്രോത്സാഹനവും വേണ്ടതുണ്ട്. അഭിരുചികളെ ആവുന്നത്രയും പ്രോത്സാഹിപ്പിക്കുക.

8. കുട്ടികൾ പലപ്പോഴും അവരുടെ പെരുമാറ്റം രൂപപ്പെടുത്തുന്നത് മുതിർന്നവരെ കണ്ടാണ്, അതിനാൽ നിങ്ങൾ കുട്ടികളിൽ കാണാൻ ആഗ്രഹിക്കുന്ന പെരുമാറ്റം നിങ്ങളിലും ഉണ്ടാക്കുക. നല്ല വാക്കുകൾ മാത്രം കുട്ടിയുടെ മുന്നിൽ വച്ച് സംസാരിക്കുക. നിങ്ങളുടെ കാഴ്ചപ്പാടുകൾ കുട്ടിയിലേക്കെത്തും എന്ന ഉറപ്പോടെ സ്വന്തം കാഴ്ചപ്പാടുകൾ കാലത്തിനൊത്ത് ശരിയാണോ എന്ന് ഉറപ്പാക്കുക.

9. കുട്ടിയുടെ പെരുമാറ്റം തിരുത്തുമ്പോൾ പോലും നിങ്ങൾ അവരെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് കുട്ടിയെ അറിയിക്കുക. ഒരു വ്യക്തിയെന്ന നിലയിൽ തന്നെ ബഹുമാനത്തോടെ കുട്ടിയേയും കാണേണ്ടതുണ്ട്. "നീ വളരുകയാണ്, നിന്നെ കൊച്ചു കുട്ടിയായി അല്ല ഇന്ന് ഞങ്ങൾ കാണുന്നത്. നിനക്ക് നിന്റെ വ്യക്തിത്വമുണ്ട് നീയും ഒരു വ്യക്തി ആവുകയാണ്" എന്ന് വളർച്ചയെ മാനിച്ച് സംസാരിച്ചാൽ പക്വതയുള്ള കുട്ടികളായി വളരാനും ആത്മവിശ്വാസം അവരിൽ ഉണ്ടാകാനും അത് സഹായിക്കും. അവരുടെ പ്രവർത്തനങ്ങൾ എന്ത് തന്നെ ആയാലും, അവരെന്ത് തെറ്റ് ചെയ്ത് പോയാലും അടിസ്ഥാനപരമായി ഉണ്ടാവേണ്ട ബഹുമാനം വിട്ട് അവരോട് സംസാരിക്കുകയോ പെരുമാറുകയോ ചെയ്യാതിരിക്കുക. നിങ്ങൾക്കും തെറ്റുപറ്റാറുണ്ട് എന്ന ബോധ്യത്തിൽ പെരുമാറുക. നിങ്ങൾ അവരോട് പെരുമാറുന്നത് പോലെ തന്നെ മറ്റൊരിക്കൽ അവർ നിങ്ങളോടും പെരുമാറിയേക്കാം കാരണം നിങ്ങളാണ് അവരുടെ അദ്യ മാതൃക.

മാതാപിതാക്കൾക്ക് ചൈൽഡ് സൈക്കോളജിയിൽ സഹായകരമായ ഉൾക്കാഴ്ചകൾ നൽകുന്ന നിരവധി പുസ്തകങ്ങളും ബ്ലോഗുകളും ഓൺലൈൻ ജേർണലുകളും ഇന്ന് ലഭ്യമാണ്. ചൈൽഡ് സൈക്കോളജിയെക്കുറിച്ച് വായിക്കുന്നത് കുട്ടികളുടെ വികസന ഘട്ടങ്ങൾ മനസ്സിലാക്കാൻ നമ്മളെ സഹായിക്കും, അത് അവരുടെ ആവശ്യങ്ങളും പെരുമാറ്റങ്ങളും മുൻകൂട്ടി അറിയാൻ സഹായിക്കും. ഡാനിയൽ സീഗലും ടീന പെയ്ൻ ബ്രൈസനും ചേർന്നെഴുതിയ "The Whole-Brain Child", ഡാനിയൽ സീഗൽ എഴുതിയ "Parenting from the Inside Out", ജോൺ ഗോട്ട്മാൻ എഴുതിയ "Raising An Emotionally Intelligent Child" എന്നീ പുസ്തകങ്ങൾ നമ്മളെ ചൈൽഡ് സൈക്കോളജിയെ കുറിച്ച് കൂടുതൽ അറിയാൻ സഹായിക്കുന്നവയാണ്.

profile

Vyshakh vengilode

Click the button below to join our whats app groups>>
Click the 'Boost' button to push this article to more people>>

profile

boost

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.