Monday, December 23, 2024

സയൻസും സയന്റിഫിക് മൈന്റും

മാർക്കിന് വേണ്ടി സയൻസ് പഠിച്ച മനുഷ്യരാണ് നമ്മളിൽ പലരും. എന്നാൽ നമുക്കെന്ത് കാര്യം അറിയണമെങ്കിലും സത്യാവസ്ഥ മനസ്സിലാക്കണമെങ്കിലും ശാസ്ത്രീയ രീതിയിലൂടെ കടന്ന് പോകാതെ മറ്റൊരു മാർഗ്ഗമില്ല. ശാസ്ത്രം അറിവുണ്ടാക്കാനുള്ള രീതിയാണ്. ശാസ്ത്രീയമായ വിശകലനം വഴി നമുക്ക് വ്യക്തവും സ്പഷ്ടവുമായ അറിവ് കണ്ടെത്താൻ കഴിയുന്നു. ശാസ്ത്രത്തെ കേവലം മാർക്ക് സമ്പാദനത്തിനുള്ള പാഠ്യവിഷയമായി മാത്രം കണ്ടാൽ പോര. അതിനുമപ്പുറം ശാസ്ത്രത്തിന്റെ അടിസ്ഥാന രീതി മനസ്സിലാക്കുകയും അത് ജീവിതത്തിൽ ചിന്തകളിൽ ഉൾപ്പടെ കൊണ്ട് വരികയും ചെയ്യേണ്ടതുണ്ട്.

ഏറെ ചിന്തിക്കുന്ന അനുമാനങ്ങൾ കണ്ടെത്തുന്ന മനുഷ്യർ പണ്ട് മുതൽ തന്നെ ഈ ലോകത്തെ കുറിച്ചും പ്രകൃതിയെ കുറിച്ചുമൊക്കെ ആലോചിക്കാറുണ്ട്. ആദ്യകാല സംസ്കാരങ്ങളിൽ നിരീക്ഷണങ്ങളും അനുഭവങ്ങളും അടിസ്ഥാനമാക്കി ലോകത്തെക്കുറിച്ച് വിശദീകരിക്കാൻ ശ്രമിച്ചിരുന്നത്തിന് ചരിത്ര രേഖകൾ ഉണ്ട്. പുരാതന ഗ്രീക്ക് തത്ത്വചിന്തകരും ശാസ്ത്രജ്ഞരും, പ്രത്യേകിച്ച് യൂക്ലിഡ്, അരിസ്റ്റോട്ടിൽ എന്നിവർ, നിരീക്ഷണം, യുക്തി ചിന്ത, തെളിവ് കണ്ടെത്തൽ എന്നീ മാർഗ്ഗങ്ങൾ ഉപയോഗിച്ച് അറിവ് അന്വേഷിച്ചറിയുന്നതിനുള്ള രീതി രൂപപ്പെടുത്തി. ഇബ്ൻ അൽ-ഹൈതം, അൽ-ബിറൂണി എന്നീ ശാസ്ത്രജ്ഞർ പരീക്ഷണത്തിന്റെയും കൃത്യതയോടെയുള്ള അളവുകളുടെയും പ്രാധാന്യം പറഞ്ഞു വച്ചു. 17-ാം നൂറ്റാണ്ടിൽ നാച്ചുറൽ ഫിലോസഫി എന്നറിയപ്പെട്ടിരുന്ന ശാസ്ത്രചിന്ത പല ചിന്തകരാലും ശാസ്ത്രജ്ഞരാലും കൂടുതൽ വികസിക്കാൻ തുടങ്ങി. ഗലീലിയോ ഗലീലി, ഐസക്ക് ന്യൂട്ടൺ, ഫ്രാൻസിസ് ബേക്കൺ തുടങ്ങിയ ശാസ്ത്രജ്ഞർ പരീക്ഷണങ്ങൾ, നിരീക്ഷണങ്ങൾ, ഗണിത രീതികൾ എന്നിവ ഉപയോഗിച്ച് പ്രകൃതിയെയും ലോകത്തെയും കുറിച്ചുള്ള സിദ്ധാന്തങ്ങൾ വികസിപ്പിച്ചെടുത്തു. 20-ാം നൂറ്റാണ്ടിൽ, കാൾ പോപ്പർ, തോമസ് കുൻ തുടങ്ങിയ തത്ത്വചിന്തകർ ശാസ്ത്രീയ അന്വേഷണങ്ങൾക്ക് കൂടുതൽ കൃത്യത നൽകുന്ന മാർഗങ്ങൾ കൊണ്ടുവന്നു. ഇങ്ങനെ അനേകം മനുഷ്യരുടെ ചിന്തകളിലൂടെ സംസ്കരിച്ചെടുടുത്ത അറിവുണ്ടാക്കാനുള്ള രീതി, "ശാസ്ത്രീയ രീതി" എന്നറിയപ്പെട്ടു.

Sponsored

apparel

Click here

നമ്മൾ എല്ലാവരും അറിയാതെ തന്നെ ഈ രീതി ജീവിതത്തിൽ പിന്തുടരുന്നവരാണ്, കാരണം മറ്റൊരു രീതിയിലും നമുക്ക് കാര്യങ്ങൾ ഉറപ്പിക്കാനും അറിയാനും കഴിയില്ല. ഉദാഹരണത്തിന്, ഫാൻ സ്വിച്ച് ഓൺ ചെയ്തിട്ടും കറങ്ങുന്നില്ലെന്നിരിക്കട്ടെ, നമ്മൾ ആദ്യം തന്നെ കറണ്ട് ഉണ്ടോ എന്ന് ആ മുറിയിലോ മറ്റൊരു മുറിയിലോ ഉള്ള മറ്റേതെങ്കിലും സ്വിച്ച് ഓൺ ചെയ്ത് നോക്കി ഉറപ്പിക്കും. ഉണ്ടെന്നുറപ്പായാൽ സ്വിച്ച് ബോർഡ് അഴിച്ചു സ്വിച്ച് വർക്കിംഗ് ആണോ എന്ന് ഉറപ്പിക്കുകയോ എലെക്ട്രിഷ്യനെ വിളിക്കുകയോ ചെയ്യും. പ്രശ്നം എന്താണെന്ന് കണ്ടെത്തി അത് പരിഹരിക്കും. ഇവിടെ നമ്മൾ ശാസ്ത്രീയ രീതിയാണ് പിന്തുടർന്നത്. ആദ്യം ഫാൻ കറങ്ങുന്നില്ല എന്ന 'നിരീക്ഷണം' നമ്മൾ നടത്തുന്നു. ശേഷം കറണ്ട് ഇല്ലാഞ്ഞിട്ടാണോ എന്ന 'സംശയം' നമ്മളിൽ ഉണ്ടാകുകയും ആ സംശയത്തെ മുൻനിർത്തി മറ്റൊരു സ്വിച്ച് ഓൺ ചെയ്തു നോക്കുന്ന 'പരീക്ഷണം' നടത്തുന്നു. കറണ്ട് ഉണ്ടെന്ന് ഉറപ്പായപ്പോൾ വീണ്ടും നമ്മൾ അടുത്ത സംശയത്തിലേക്ക് ചെല്ലുകയും അതുറപ്പിക്കുകയും ചെയ്യുന്നു. അവസാനം നമ്മൾ ഫാൻ കറങ്ങാത്തത്തിന്റെ കാരണമോ കാരണങ്ങളോ കണ്ടെത്തി അത് പരിഹരിക്കുന്നു. ശാസ്ത്രത്തിന്റെ രീതി ഇതാണ്, ആദ്യം ഒരു കാര്യം നിരീക്ഷിക്കുന്നു, അതിൽ നിന്ന് സംശയങ്ങൾ/ചോദ്യങ്ങൾ ഉണ്ടാക്കുന്നു, സംശയങ്ങൾക്ക് സാധ്യമായ ഉത്തരങ്ങൾ അനുമാനിക്കുന്നു, അനുമാനങ്ങൾ ഉറപ്പിക്കാൻ പരീക്ഷണങ്ങൾ നടത്തുന്നു, ഉത്തരം ലഭിക്കും വരെ ഇതേ പ്രക്രിയ തുടരുന്നു അവസാനം ഉത്തരമോ ഉത്തരങ്ങളോ ലഭിക്കുന്നു. അവിടെയും ശാസ്ത്രം അതിന്റെ അന്വേഷണ ത്വര അവസാനിപ്പിക്കുന്നില്ല, കിട്ടിയ ഉത്തരം ശരിയാണോ എന്ന് വീണ്ടും വീണ്ടും പരീക്ഷിച്ചു തെളിവുകൾ നിരത്തി ഉറപ്പിക്കുന്നു.

ഈ രീതിയിലാവണം വസ്തുനിഷ്ഠമായ (Objective) ഏതൊരു കാര്യത്തെയും നമ്മൾ അറിയാൻ ശ്രമിക്കാൻ. എന്നാൽ ചിലയിടത്ത് ശാസ്ത്രം അപ്ലൈ ചെയ്യാൻ കഴിയുകയുമില്ല. ആത്മനിഷ്ഠമായ (Subjective) കാര്യങ്ങൾ, അതായത് "അയാൾ നല്ല പാട്ടുകാരൻ ആണ്" എന്ന ഒരാളുടെ അഭിപ്രായത്തെ ശാസ്ത്രീയമായി പരിശോധിച്ച് ശരിയാണോ എന്ന് ഉറപ്പിക്കാൻ കഴിയില്ല. വസ്തുനിഷ്ഠമായി അളക്കാനോ പരിശോധിക്കാനോ കഴിയാത്ത കാര്യങ്ങളിൽ ശാസ്ത്രത്തിന്റെ രീതി ഉപയോഗിക്കാൻ കഴിയില്ല.

കാൾ പോപ്പർ എന്ന തത്വചിന്തകൻ 1934 ൽ ജർമെൻ ഭാഷയിലും 1959 ൽ ഇംഗ്ലീഷ് ഭാഷയിലും പ്രസിദ്ധീകരിച്ച 'ദ ലോജിക് ഓഫ് സയൻ്റിഫിക് ഡിസ്കവറി' എന്ന പുസ്തകത്തിലൂടെ അവതരിപ്പിച്ച 'ഫാൾസിഫിയബിലിറ്റി (Falsifiability)' എന്ന ആശയം ശാസ്ത്ര ലോകത്തെ കുറേ കൂടി നവീകരിച്ചു. എല്ലാ തരത്തിലുമുള്ള പഠനങ്ങളും നിഗമനങ്ങളും സിദ്ധാന്തങ്ങളും 'ശാസ്ത്രം' ആണെന്ന ധാരണയെ തിരുത്തിക്കൊണ്ട് ഫാൾസിഫിയബിൾ ആയ സിദ്ധാന്തങ്ങൾ മാത്രമേ ശാസ്ത്രത്തിന്റെ പരിധിയിൽ വരികയുള്ളു എന്ന തരത്തിൽ ശാസ്ത്രീയ രീതി നവീകരിക്കപ്പെട്ടു. ഒരു സിദ്ധാന്തം ഫാൾസിഫിയബിൾ ആവുകയെന്നാൽ മറ്റുള്ളവർക്ക് പരീക്ഷിച്ചും നിരീക്ഷിച്ചും തെറ്റാണെന്ന് തെളിയിക്കാനുള്ള അവസരം നല്കുന്നത് എന്നാണ്. ഉദാഹരണത്തിന് 'ഭൂമി പരന്നതാണ്' എന്ന സിദ്ധാന്തം പരീക്ഷിച്ചും നിരീക്ഷിച്ചും തെറ്റാണ് എന്ന് തെളിയിക്കാൻ കഴിയുന്ന, തെറ്റാണ് എന്ന് സംശയമന്യേ തെളിയിക്കപ്പെട്ട ഒന്നാണ്. അതുകൊണ്ട് തന്നെ അത് ഫാൾസിഫിയബിൾ ആണ്. എന്നാൽ 'എൻ്റെ മുറിയിൽ എനിക്ക് മാത്രം കാണാൻ കഴിയുന്ന, ഒരു വിധത്തിലും മറ്റാർക്കും കണ്ടുപിടിക്കാൻ കഴിയാത്ത ഒരു ഭൂതമുണ്ട്' എന്നൊരാൾ പറഞ്ഞാൽ അത് ഫാൾസിഫിയബിൾ അല്ല. കാരണം ആ ഭൂതത്തെ നിരീക്ഷിക്കാനോ, പരീക്ഷണങ്ങളിലൂടെ കണ്ടെത്താനോ കഴിയില്ല. ശാസ്ത്രം പറയുന്ന കാര്യങ്ങൾ നിരീക്ഷിക്കാനൊ പരീക്ഷിക്കാനൊ കഴിയുന്നതായിരിക്കണം. മറ്റൊരു രീതിയിൽ പറഞ്ഞാൽ നിരീക്ഷിക്കാനൊ പരീക്ഷിക്കാനൊ കഴിയാത്തതൊന്നും ശാസ്ത്രമല്ല. ശാസ്ത്രത്തിന് വ്യക്തികൾ പ്രധാനമല്ല, അതായത് ആര് കണ്ടെത്തി എന്നത് പ്രധാനമല്ല, പകരം എന്ത് കണ്ടെത്തി, എങ്ങനെ കണ്ടെത്തി എന്നതെല്ലാമാണ് ശാസ്ത്രം കണക്കിലെടുക്കുക. അതുപോലെ ശാസ്ത്രത്തിന് മനുഷ്യരുടെ വ്യക്തിതാല്പര്യങ്ങളും ബയസുകളും ഇല്ലാത്ത നിഗമനങ്ങളാണ് ആവശ്യം, അതുകൊണ്ടു തന്നെ ബയസുകൾ വരാതെ നോക്കാനുള്ള സംവിധാനങ്ങളും ശാസ്ത്രത്തിനുണ്ട്.

അരുണാചൽ പ്രദേശിൽ ഹോട്ടല്‍ മുറിയില്‍ മലയാളികളായ ദമ്പതികളെയും സുഹൃത്തായ യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ മൂവരും പരലോകത്തിലും പുനർജന്മത്തിലും അന്യഗ്രഹത്തിൽ പുനർജനിക്കുന്നതിലുമൊക്കെ അന്ധമായി വിശ്വസിച്ചിരുന്നു എന്ന വാർത്ത, പ്രബുദ്ധരാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന മലയാളിയുടെ ശാസ്ത്രബോധം എത്രത്തോളം കുറവാണ് എന്നതിന്റെ തെളിവാണ്. ആയിരകണക്കിന് പ്രകാശവർഷം അകലെയുള്ള നക്ഷത്രങ്ങളും, 1.89 അസ്ട്രോണമിക്കൽ യൂണിറ്റ് അകലെയുള്ള ചൊവ്വയും, മറ്റ് ഗ്രഹങ്ങളുമെല്ലാം ഭൂമിയുടെ പ്രതലത്തിൽ ജീവിക്കുന്ന നിസാരരായ മനുഷ്യരുടെ നിത്യജീവിതത്തിൽ, അവരുടെ വിവാഹത്തിലും ജോലി കാര്യത്തിൽ പോലും സ്വാധീനം ചെലുത്തുന്നു എന്ന വിചിത്ര വിശ്വാസം അല്പം പോലും സംശയമില്ലാതെ അഭിമാനത്തോടെ വിശ്വസിക്കുന്ന മലയാളികൾ ധാരാളമാണ്. ശാസ്ത്രീയ മനോഗതി സ്കൂൾ കാലഘട്ടം മുതൽ വളർത്തിയെടുക്കാൻ സാധിക്കാതെ പോകുന്നത് ശാസ്ത്രത്തെ ശാസ്ത്ര അധ്യാപകർ കൈകാര്യം ചെയ്യുന്ന രീതികൾ കൊണ്ടാവണം. ഈശ്വര പ്രാർത്ഥനയിൽ മനുഷ്യരെയും ലോകത്തെയും ദൈവം ഉണ്ടാക്കി എന്ന് പാടിയും കേട്ടും തുടങ്ങുന്ന ക്ലാസ്സുകളിൽ പരിണാമം പഠിപ്പിക്കുമ്പോൾ മനുഷ്യർ പരിണമിച്ചുണ്ടായി എന്ന് കുട്ടികൾ എങ്ങനെ മനസ്സിലാക്കാനാണ്. ആയുർവേദ മരുന്നിൽ കെമിക്കൽ ഇല്ലെന്നും ഇംഗ്ലീഷ് മരുന്ന് മുഴുവൻ കെമിക്കൽ ആണെന്നും പറയുന്ന കെമിസ്ട്രി അധ്യാപകർ എടുക്കുന്ന ക്ലാസ്സിൽ പഠിച്ചിട്ട് എങ്ങനെ ശാസ്ത്ര ബോധം വരും. ആൾ ദൈവങ്ങളുടെ കാൽക്കൽ സ്തുതി പാടി നമസ്കരിക്കാൻ പഠിപ്പിക്കുമ്പോൾ ബഹുമാനിക്കേണ്ടത് അടിമകളെ പോലെ വിധേയത്വം കാണിച്ചല്ല എന്ന് മനുഷ്യർ എങ്ങനെ മനസ്സിലാക്കാനാണ്. കെ.എസ്.ഈ .ബി വന്നതിൽ പിന്നെ എന്നന്നേക്കുമായി അപ്രത്യക്ഷരായ പ്രേത ഭൂതാതികളുടെ പഴങ്കഥകൾ പുതിയ രൂപത്തിൽ തള്ളി മറിക്കുന്ന വിശ്വസിക്കണമെങ്കിൽ വിശ്വസിച്ചാൽ മതി എന്ന തരത്തിലുള്ള തലക്കെട്ടുമായി പടച്ചു വിടുന്ന ചാനലുകളും, ഇന്നത്തെ ഫലങ്ങൾ എന്ന തലക്കെട്ടിൽ എല്ലാ മനുഷ്യരുടെയും നിത്യജീവിതത്തെ പ്രവചിച്ചു വച്ചിരിക്കുന്ന തള്ളുകൾ പ്രസിദ്ധീകരിക്കുന്ന അച്ചടി മാധ്യമങ്ങളും മലയാളിയുടെ ശാസ്ത്ര ബോധം പുറകോട്ട്‌ വലിക്കാറുണ്ട്. ബഹിരാകാശ സംഭന്ധമായ വാർത്തകൾ അതീവ അതിശയോക്തി കലർത്തി വാസ്തവ വിരുദ്ധമായ പൊടിപ്പും തൊങ്ങലും ചേർത്ത് വിളമ്പുന്ന ചാനലുകളുടെ സയൻസ് ഡെസ്കുകൾ സത്യത്തിൽ ശാസ്ത്രീയ രീതി പിന്തുടർന്ന് കാണാറില്ല.

ശാസ്ത്രം അറിവുണ്ടാക്കാനുള്ള രീതിയാണ്. വസ്തുനിഷ്ഠമായ കാര്യങ്ങളിൽ ശാസ്ത്രീയമായ വിശകലനം വഴി അറിവുണ്ടാക്കുകയും, ആത്മനിഷ്ഠമായ കാര്യങ്ങളിൽ യുക്തിയും വികാരങ്ങളും ചേർത്ത് വച്ച് ചിന്തിക്കുകയും എല്ലാത്തിനുമൊപ്പം ജനാധിപത്യപരമായ ചിന്താഗതിയുടെ രൂപീകരണവും ഉണ്ടാക്കിയെടുക്കുന്നത് വഴി നമ്മൾ ഇന്നിന് ചേരുന്ന, ആധുനിക മനുഷ്യരായി മാറുന്നു.

profile

Vyshakh vengilode

Click the button below to join our whats app groups>>
Click the 'Boost' button to push this article to more people>>

profile

boost

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.