Monday, December 23, 2024

സാറാസിലെ അബോർഷൻ നിയമവിരുദ്ധമാണോ?

ഇന്ത്യയിൽ പ്രാബല്യത്തിലുള്ള Medical Termination of Pregnancy Act അനുസരിച്ച് ഗർഭനിരോധന മാർഗം ഉപയോഗിക്കുകയും അത് പരാജയപ്പെടുകയും ചെയ്താൽ, 20 ആഴ്ച വരെയുള്ള ഗർഭം അലസിപ്പിക്കുന്നത് നിയമവിരുദ്ധമല്ല.  അമ്മയുടെ ആരോഗ്യത്തിനോ ജീവനോ ഭീഷണി ഉള്ളപ്പോഴും, കുട്ടിക്ക് അംഗപരിമിതികൾ ഉള്ളപ്പോഴും, ഒക്കെ, ഗർഭച്ഛിദ്രം നിയമപരമാണ്. ഇതു കൂടാതെ, അമ്മയുടെ മാനസിക ആരോഗ്യത്തിനു ഭീഷണിയാകുന്ന അവസ്ഥയിലും (24 ആഴ്ച വരെയുള്ള) ഗർഭം അലസിപ്പിക്കാൻ നിയമം അനുവദിക്കുന്നുണ്ട്. സാറാസ് സിനിമയിൽ, അവർ ഗർഭനിരോധന മാർഗം ഉപയോഗിച്ചു പരാജയപ്പെട്ടതായി വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടു തന്നെ സിനിമയിൽ കാട്ടുന്ന അബോർഷൻ പൂർണ്ണമായും നിയമപരമാണ്. (Refer- MTP Act 1971 and MTP Amendment Bill 2020).
 
Advertise
advertise
 
നിങ്ങൾ നില്ക്കുന്ന കെട്ടിടത്തിന് തീ പിടിക്കുന്നു എന്നു കരുതുക. അവിടെ ശീതീകരിച്ചു സൂക്ഷിച്ചിരിക്കുന്ന 10 മനുഷ്യ ഭ്രൂണങ്ങളെ രക്ഷിക്കാനാണോ അതോ നിങ്ങളോടൊപ്പമുള്ള ഒരു വയസുള്ള ഒരു കുട്ടിയെ രക്ഷിക്കാനാണോ നിങ്ങൾ ആദ്യം ശ്രമിക്കുക?
Zygote, embryo, foetus, തുടങ്ങി വളർച്ചയുടെ പല ഘട്ടത്തിലും പല പേരുകളിൽ അറിയപ്പെടുന്ന ഭ്രൂണത്തെ എല്ലാ അർത്ഥത്തിലും ഒരു കുട്ടിയായി കാണുന്നത് തികച്ചും യുക്തി രഹിതമാണ്. തലച്ചോറിന്റെ വികാസവും പ്രവർത്തനങ്ങളുമാണ് ഒരാളിൽ അഹം ബോധം ഉണ്ടാക്കുന്നത്. അമ്മ ശ്വസിക്കാതെയും ആഹാരം കഴിക്കാതെയും ജീവിക്കാൻ കഴിയാത്ത ഒന്നിന്, അമ്മയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെക്കാൾ പ്രാധാന്യം കൊടുക്കുന്നതും, അമ്മയുടെ ജീവൻ കൊടുത്തും അതിനെ സംരക്ഷിക്കണമെന്നു പറയുന്നതും, ഒക്കെ, തികച്ചും അസംബന്ധമാണെന്നേ വിലയിരുത്താനാവൂ.
 
പൊതുവെ, രാജ്യത്തിന്റെ നിയമങ്ങൾക്കു വിധേയമായി പ്രവർത്തിക്കുന്നു എന്നു പറയുന്ന ക്രിസ്ത്യൻ സഭകളാണ് അമ്മയുടെ ജീവനെക്കാൾ വലിയ സ്ഥാനം ഭ്രൂണത്തിന്റെ ജീവനു നല്കുകയും, ഈ വിഷയത്തിൽ വൻ പ്രചരണം നടത്തുകയും ചെയ്യുന്നത്. ഇത്, അക്ഷരാർത്ഥത്തിൽ നമ്മുടെ നിയമ സംവിധാനത്തെ തന്നെ വെല്ലു വിളിക്കുന്ന പ്രവൃത്തിയാണ്. തന്റെ നാലാമത്തെ കുട്ടിയുടെ അബോർഷൻ വിസമ്മതിച്ചതിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ട, ഒരു ഡോക്ടർ കൂടിയായിരുന്ന, ജിയാന ബെരേറ്റ മൊല്ല എന്ന ഇറ്റാലിയൻ വനിതയെ കത്തോലിക്കാ സഭ 2004 മെയ് 16 ആം തീയതി വിശുദ്ധയായി പ്രഖ്യാപിച്ചു. (Refer- Click here)
 
നമ്മുടെ അമ്മമാർ നമ്മെ അബോർഷൻ ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിൽ ഇന്നു നാം ഉണ്ടാകുമായിരുന്നില്ല'- എന്ന വാദമാണ് മിക്ക ക്രിസ്ത്യൻ ധ്യാനങ്ങളിലും കേൾക്കാറുള്ള മറ്റൊരു ക്ളീഷേ. വിശ്വാസികൾ അമ്മമാർക്കു വേണ്ടാതെ ജനിച്ചവരാണെന്നും, അബോർഷൻ പാപമായതു കൊണ്ടു മാത്രമാണ് ഇന്നു ജീവിച്ചിരിക്കുന്നതെന്നും സൂചിപ്പിക്കുന്ന ഈ വാദം, അക്ഷരാർത്ഥത്തിൽ തന്നെ വിശ്വാസികളെ പരിഹസിക്കുന്നതാണെന്നേ പറയാൻ കഴിയൂ.  കൃത്രിമ ഗർഭധാരണ സമയത്ത് പല ഭ്രൂണങ്ങളും നശിക്കുന്നതു കൊണ്ടാണ് കത്തോലിക്കാ സഭ IVF പോലുള്ള കാര്യങ്ങളെ എതിർക്കുന്നത്. ഇവർ പറയുന്നതു പോലെ ഭ്രൂണത്തെ നശിപ്പിക്കുന്നത് പാപമാണെന്ന പേരിൽ അത് ഉപേക്ഷിക്കപ്പെട്ടിരുന്നെങ്കിൽ, കൃത്രിമ ഗർഭധാരണത്തിൽ ജനിച്ചവരാരും ഇന്ന് ജീവിച്ചിരിക്കില്ലായിരുന്നു!! 
 
Advertise
advertise
 
'കൊല്ലരുത്' എന്ന ദൈവകല്പനയാണ് ഗർഭച്ഛിദ്രത്തിനെതിരെ കത്തോലിക്കാ സഭ നിരത്തുന്ന മറ്റൊരു വാദം. പുറപ്പാട് പുസ്തകത്തിൽ 20/13 ലാണ് ദൈവം ഈ കല്പന നല്കുന്നത്. അവിടെയൊന്നും ഗർഭച്ഛിദ്രത്തെ പറ്റി യാതൊന്നും പറയുന്നില്ലെന്നു മാത്രമല്ല, ബൈബിൾ കുറച്ചു കൂടി മുമ്പോട്ടു വായിച്ചാൽ ദൈവത്തിന്റെ ഉദ്ദേശം വ്യക്തമാകുകയും ചെയ്യും. അന്യദൈവങ്ങളെ ആരാധിക്കുന്നവരെയും കന്യകയല്ലാത്ത വധുവിനെയും ഒക്കെ കല്ലെറിഞ്ഞു കൊല്ലാൻ ഇതേ ദൈവം തന്നെ തുടർന്നു പറയുന്നുണ്ട്. (നിയമാവർത്തനം 13,17,22 അദ്ധ്യായങ്ങൾ വായിക്കുക).
 
ചുരുക്കത്തിൽ രാജ്യത്തെ നീതിന്യായ വ്യവസ്ഥിതിക്കെതിരെയുള്ള മതപ്രചരണങ്ങൾ അവസാനിപ്പിക്കാനുള്ള നടപടികൾ ഉടൻ തന്നെ സ്വീകരിക്കണമെന്നേ പറയാനുള്ളൂ. അല്ലാത്ത പക്ഷം, വിദേശങ്ങളിൽ അബോർഷൻ ചെയ്യുന്നവരെ കൊന്നൊടുക്കുന്ന Anti Abortion Violence പോലുള്ള തീവ്രവാദ പ്രവർത്തനങ്ങൾ നമ്മുടെ നാട്ടിലേക്കും വ്യാപിക്കാൻ അധിക സമയം വേണ്ടിവരില്ല. (Ref/- Click here )
by
AnupIssac 
profile
സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.