Monday, December 23, 2024

ഹമാസ് പാവാടാ!

ഈ വിഷയത്തിൽ ആധികാരികമായ നിരൂപണങ്ങൾ വിവിധങ്ങളായ വ്യക്തികൾ എഴുതിയത് യുക്തിവാദി സമാഹരിച്ച് ഇവിടെ പ്രസിദ്ധീകരിക്കുന്നത്.

1917 ൽ ഒന്നാം ലോകമഹായുദ്ധം അതിന്റെ മൂർദ്ധന്യാവസ്ഥയിലേക്ക് നീങ്ങുന്ന സമയത്താണ് ലോകചരിത്രത്തിന്റെ ഗതിമാറ്റിയ ചില സംഭവങ്ങൾ അരങ്ങേറുന്നത്. കുടിയേറ്റങ്ങളുടെ ഫലമായി ജൂതന്മാർ പല രാജ്യങ്ങളിലായി ചിതറികിടന്നിരുന്നതുകൊണ്ടുതന്നെ ഒരേസമയം ബ്രിട്ടീഷ് സൈന്യത്തിലും ജർമ്മൻ സൈന്യത്തിലും ജൂതരുടെ സാന്നിധ്യം ഉണ്ടായിരുന്നു. അത് പലപ്പോഴായി ശക്തിപ്പെട്ടിരുന്ന Anti-Semetic ചിന്തകൾക്ക് മറ്റൊരു കാരണംകൂടി സമ്മാനിച്ചു – ജർമ്മൻ ജൂതന്മാർ ബ്രിട്ടീഷ് ചാരന്മാരാണ് എന്നൊരു നരേറ്റീവ് കൂടി അന്തരീക്ഷത്തിൽ ഒഴുകിനടന്നു. ബ്രിട്ടീഷുകാർ Zionist നേതാക്കളുമായി ഒപ്പുവച്ച Balfour Declaration (പലസ്തീനിൽ ജൂതരാഷ്ട്രം സ്ഥാപിക്കാനുള്ള ബ്രിട്ടീഷ് പിന്തുണ വാക്ദാനം നൽകുന്ന കരാർ) അത്തരം സംശയങ്ങളുടെ ആക്കം കൂട്ടി.അക്കാലത്ത് പ്രധാനമായും മൂന്ന് വിഭാഗം ജൂതർ ആണ് ഉണ്ടായിരുന്നത്. ഒന്നാമത്തേത് Orthodox ചിന്ത പുലർത്തിയിരുന്നവർ. അവർ അമേരിക്ക പോലുള്ള സ്ഥലങ്ങളിൽ കുടിയേറിയവർക്കിടയിൽ തങ്ങളുടെ ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ കിണഞ്ഞ് പരിശ്രമിച്ചിരുന്നവരായിരുന്നു. രണ്ടാമത്തേത് Socialist ചിന്താഗതിക്കാർ. റഷ്യയായിരുന്നു അവരുടെ വിഹാരരംഗം. Trotsky യെപ്പോലുള്ള ജൂതർ മറ്റ്‌ സോഷ്യലിസ്റ്റുകൾക്കൊപ്പം 1917 ൽ റഷ്യൻ വിപ്ലവം നയിച്ച് അധികാരം പിടിച്ചെടുത്തതോടെ റഷ്യയിൽ ജൂതർക്ക് ഒരു മേൽക്കൈ ലഭിച്ചു. മൂന്നാമത്തെ വിഭാഗം ആയിരുന്നു Zionist. മറ്റ്‌ രണ്ട് വിഭാഗങ്ങളെ അപേക്ഷിച്ച് കൂടുതൽ വംശീയ പീഡനങ്ങൾക്ക് വിധേയരായ ജൂതരായിരുന്നു ജൂതരാഷ്ട്രത്തിനായി വാദിച്ച Zionist കൾ. ഒന്നാം ലോകമഹായുദ്ധം ഏത് വിധേനയും ജയിക്കണം എന്ന് ഉറപ്പിച്ച ബ്രിട്ടൺ അതിനായി ഒരേ സമയം ഫ്രാൻസുമായും, അറബികളുമായും, Zionist കളുമായും വിവിധ കാരറുകളിലേർപ്പെട്ടു. ജൂതർക്ക് ജെറുസലേം ആസ്ഥാനമാക്കി പലസ്തീനിൽ ജൂതരാജ്യം, Ottoman സാമ്രാജ്യത്തിനെതിരെ തങ്ങൾക്കൊപ്പം നിന്ന് പോരാടുന്ന അറബികൾക്ക് Ottoman സാമ്രാജ്യത്തിന്റെ ഭാഗമായ സ്ഥലങ്ങളിൽ പരമാധികാരം, ഒപ്പം ഫ്രാൻസിന് തുർക്കി സിറിയ പോലുള്ള ഇടങ്ങളിൽ പരമാധികാരം നൽകുന്ന Sykes-Picot Agreement എന്നീ കരാറുകൾ ബ്രിട്ടൺ ഒപ്പുവച്ചു. ശേഷം 1917 ഡിസംബർ 9 ന് ബ്രിട്ടീഷ് ആർമി ജെറുസലേം പിടിച്ചടക്കി. ഒടുവിൽ ഒന്നാം ലോകമഹായുദ്ധത്തിന് പിന്നാലെ ലോക ഗവണ്മെന്റ് എന്ന ആശയത്തിലൂന്നിയ League of Nations എന്ന സംഘടന നിലവിൽ വന്നു. ലോകസമാധാനം ലക്ഷ്യമിട്ട് രൂപീകൃതമായ ഈ സംഘടനയ്ക്ക് മുന്നിൽ യുദ്ധജേതാക്കളായ ബ്രിട്ടണും ഫ്രാൻസും എല്ലാം ചേർന്ന് British Mandate എന്ന പേരിൽ ഒരു കരാർ സമർപ്പിച്ച് പാസാക്കിയെടുത്തു. പലസ്തീനും ട്രാൻസ് ജോർദാനും അടങ്ങിയ പ്രദേശത്ത് ഭരണം നടത്താനുള്ള അധികാരം ബ്രിട്ടീഷുകാർക്ക് നൽക്കുന്ന ഒരു കാരാറായിരുന്നു അത്. Chaim Weizmann നെപോലുള്ള Zionist നേതാക്കൾക്ക് സന്തോഷം പകരുന്ന ഒരു നീക്കമായിരുന്നു അത്. British Mandate പ്രകാരം പലസ്തീനിലെ ആദ്യത്തെ High Commissioner ആയി നിയമിക്കപ്പെട്ട, ഒരു ജൂതൻകൂടിയായ Herbert Samuel, Chiam Weizmann ന്റെ ആശയങ്ങളുടെയും സർവോപരി Zionism ത്തിന്റെയും ഒരു വലിയ അനുഭാവിയായിരുന്നു. അങ്ങനെ പലസ്തീനിലേക്കുള്ള ജൂതരുടെ കുടിയേറ്റത്തിന്റെ അടുത്തഘട്ടം ആരംഭിക്കുകയായിരുന്നു. High Commissioner ആയി അധികാരമേറ്റശേഷം Herbert Samuel ആദ്യം ചെയ്ത പ്രധാന കാര്യങ്ങളിലൊന്ന് Hebrew ഭാഷയെ പലസ്തീനിലെ മൂന്ന് ഔദ്യോഗിക ഭാഷകളിൽ ഒന്നാക്കി മാറ്റുക എന്നതാണ് (ഇംഗ്ലീഷ്, അറബി എന്നതായിരുന്നു മറ്റ്‌ രണ്ട് ഭാഷകൾ). ജൂതർക്ക് കിട്ടിയ ഒരു അംഗീകാരവും ഒപ്പം അവരുടെ കോടിയേറ്റങ്ങൾക്ക് കിട്ടിയ ഒരു വലിയ പ്രോത്സാഹനവും ആയിരുന്നു ഈ നീക്കം. ഇത് അവിടുത്തെ അറബ് ജനതയ്ക്കിടയിൽ സ്വാഭാവികമായും ചില മുറുമുറുപ്പുകൾക്ക് ഇടയാക്കി. യുദ്ധസമയത്ത് ബ്രിട്ടീഷുകാർ അറബികൾക്കും ചില വാക്ദാനങ്ങൾ നൽകിയിരുന്നു. ജെറുസലേമിലെ Al-Aqsa പള്ളിയും മറ്റും അടങ്ങിയ പരിസരത്തെ ഭരണാധികാരം അറബികൾക്ക് നൽകാം എന്ന വാക്ദാനം. അതേസമയം Al-Aqsa പള്ളിയുടെ പരിസരത്തെ മതിലുകളിലൊന്നായിരുന്നു ജൂതന്മാർ വിശുദ്ധമായി കരുതിയിരുന്ന ‘വിലാപത്തിന്റെ മതിൽ’ എന്നറിയപ്പെട്ടിരുന്ന Western Wall (ചരിത്രപ്രധാനമായ Solomon’s Temple ന്റെ പിന്നീട് നടന്ന രണ്ടാം പുനരുദ്ധാരണത്തിന്റെ അവശിഷ്ടമായിരുന്നു വിലാപത്തിന്റെ മതിൽ). ഒരേ സ്ഥലം രണ്ട് മതകാർക്ക് വീതിച്ചുകൊടുക്കാനുള്ള ബ്രിട്ടീഷ് നീക്കം കൈവിട്ട ഒരു കളിയായിരുന്നു. അതേസമയം 1921 ൽ Al-Aqsa അടക്കമുള്ള ജെറുസലേമിലെ മതപരമായ കാര്യങ്ങളുടെ നേതൃസ്ഥാനമായ Grand Mufti of Jerusalem എന്ന പദവിയിലേക്ക് Herbert Samuel നിയമിച്ചതാവട്ടെ Mohammed Amin al-Husseini എന്ന, തികഞ്ഞ Zionist വിരോധിയായ ഒരു വ്യക്തിയെയും. മതംകൊണ്ടുള്ള ബ്രിട്ടന്റെ ഈ തീക്കളിക്ക് നിരപരാധികളായ ഒരുപാട് ജൂതന്മാരും പലസ്തീനികളും ഭാവിയിൽ വലിയ വിലകൊടുക്കേണ്ടിവരും എന്ന് അറിഞ്ഞിട്ടും പലരും അത് അറിയാത്തതായി ഭാവിച്ചു എന്നതായിരുന്നു ചരിത്രത്തിലെ വലിയ ക്രൂരതകളിൽ ഒന്ന്. ഈ കാലഘട്ടത്തിലെല്ലാം ബ്രിട്ടീഷ് ഗവണ്മെന്റിന്റെ സമ്മതത്തോടെത്തന്നെ പലസ്തീനിലേക്ക് Zionist അനുഭാവികളായ ജൂതരുടെ കുടിയേറ്റം നടക്കുന്നുണ്ടായിരുന്നു. അതേസമയം ജൂതകുടിയേറ്റത്തിനെതിരെ ഒറ്റപ്പെട്ട രീതിയിൽ അറബികളുടെ കലാപങ്ങളും നടന്നിരുന്നു. അവയെല്ലാം ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾ എന്ന രീതിയിൽ അതാത് സമയങ്ങളിൽ ബ്രിട്ടീഷ് പട്ടാളം അടിച്ചമർത്തിക്കൊണ്ടിരുന്നു. അക്കാലയളവിൽ തന്നെ പലസ്തീനിലെ അറബ് കർഷകരിൽ നിന്നും വിവിധയിടങ്ങളിയായി ഭൂമിവാങ്ങിക്കൂട്ടിയ ജൂത കുടിയേറ്റക്കാർ മെല്ലെ അവിടെ കൃഷിയും മറ്റും ആരംഭിച്ചുതുടങ്ങിയിരുന്നു. പടിപടിയായി തങ്ങളുടെ സ്വപ്നരാഷ്ട്രത്തിന്റെ വിത്തുപാകുകയായിരുന്നു അവർ. തങ്ങളുടെ ഭൂമി കൈവിട്ടുപോകുകായാണെന്ന് മനസ്സിലാക്കിയ ഒരു വിഭാഗം അറബികൾ ഈ കൃഷിക്കാരായ കുടിയേറ്റക്കരെ ആക്രമിച്ചികൊണ്ടിരുന്നു. തങ്ങളുടെ ഭൂമിയിൽ പിടിച്ചിനിൽക്കുക എന്നത് ജൂതരുടെയും നിലനിൽപ്പിന്റെ പ്രശ്നമായിരുന്നു. മറ്റുള്ളയിടങ്ങളിലെ പീഡനങ്ങൾ സഹിക്കവയ്യാതെ തങ്ങളുടെ അവസാന ആശ്രയം എന്ന് കരുതി കുടിയേറിയവരായിരുന്നു ഭൂരിഭാഗം ജൂതന്മാരും. അതിനാൽത്തന്നെ തങ്ങളുടെ സംരക്ഷണത്തിനായി കൂട്ടത്തിലുണ്ടായിരുന്ന, മുൻപ് ബ്രിട്ടീഷ് പട്ടാളത്തിൽ സേവനമനുഷ്ഠിച്ചിരുന്ന സൈനിക പരിചയമുള്ളവരെ ചേർത്ത് അവരൊരു ചെറിയ സൈന്യത്തിന് രൂപം കൊടുത്തു. അതായിരുന്നു Haganah. പിന്നീട് വരാനിരുന്ന പല കലാപങ്ങളിലും യുദ്ധങ്ങളിലുമെല്ലാം ജൂതരുടെ വിജയത്തിൽ നിർണായകമായ പങ്കു വഹിച്ച പോരാളികളുടെ, പലപ്പോഴും Extremist എന്നുപോലും വിളിക്കാമായിരുന്ന, സംഘം. പലപ്പോഴായി നടന്ന അറബ് – ജൂത പോരാട്ടങ്ങളിൽ ബ്രിട്ടീഷ് പട്ടാളവും Samuel Herbert ഉം ഒന്നുകിൽ ജൂതരോടൊപ്പം അറബ് കലാപങ്ങൾ അടിച്ചമർത്തുകയോ അല്ലെങ്കിൽ Haganah ക്ക് അനുകൂലമായ രീതിയിൽ തികഞ്ഞ നിഷ്‌ക്രിയത്വം പാലിക്കുകയോ ചെയ്തുപോന്നു. 1924 നും 1929 നും ഇടയിൽ Anti-Semetic പീഡനങ്ങൾ മൂലം സഹികെട്ട് യൂറോപ്പിൽ നിന്നും, പ്രത്യേകിച്ച് പോളണ്ടിൽ നിന്നുമെല്ലാം ഏകദേശം 82,000 ത്തോളം ജൂതർ പലസ്തീനിലേക്ക് കുടിയേറി.കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരുന്നെകിലും പരസ്പരം ശത്രുതയില്ലാത്ത ജൂത കുടിയേറ്റക്കരെ അംഗീകരിച്ചിരുന്ന അറബികളും അറബികളുമായി നല്ല സൗഹൃദം പുലർത്തിയിരുന്ന ധാരാളം ജൂതരും പലസ്തീനിൽ ഉണ്ടായിരുന്നു. പക്ഷെ വരുംകാലങ്ങളിൽ Germany യിൽ നടന്ന പല സംഭവങ്ങളും ലോകചരിത്രത്തിന്റെ താളംതെറ്റിക്കാനും, വഴിതിരിക്കാനും, എല്ലാത്തിലുമുപരി അതിജീവനത്തിന് വേണ്ടി രണ്ട് വിഭാഗം ജനങ്ങൾ രക്തരൂക്ഷിതമായ പോരാട്ടങ്ങൾക്ക് വഴിതെളിക്കുന്നതുമായിരുന്നു. പലസ്തീന്റെ വരുംകാലമാകട്ടെ മെല്ലെ പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു അഗ്നിപർവ്വതം കണക്കെ തീതുപ്പി പൊട്ടിത്തെറിക്കാനായി ഒരു അവസരവും കാത്തുനിൽക്കുകയായിരുന്നു – നായകനും വില്ലനും ഇല്ലാത്ത, ജയിക്കുന്നവനും തോൽക്കുന്നവനും ഇല്ലാത്ത, അതിജീവിക്കുന്നവർ മാത്രമുള്ള പോരാട്ടങ്ങളുടെ തുടക്കത്തിനായി…

ഗൗതം വർമ

advt

 ഇന്ന് ഇസ്രയേല്‍ പലസ്തീന്‍ വിഷയം സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചാ വിഷയമാണ്. നിഷ്‌കളങ്കരായ കുട്ടികളും സ്ത്രീകളും സാധാരണക്കാരും മരിക്കുന്നത് സങ്കടകരമായ കാഴ്ചയാണ്. ഈ വിഷയത്തില്‍ ഒരുപാട് യൂട്യൂബ് വീഡിയോകള്‍ കാണാന്‍ ഇടയായി. മലയാളികള്‍ പലരും ഈ വിഷയം സംസാരിക്കാന്‍ തുടങ്ങുന്നത് തന്നെ ഇസ്രായേല്‍ പലസ്തീന്‍ വിഷയം ഒരു മതപരമായ വിഷയമല്ല എന്ന മുഖവുരയോടെ കൂടിയാണ്. കാരണം അതില്‍ മതം ഉണ്ട് എന്ന് സമ്മതിച്ചാല്‍ മതത്തെയും മതത്തിന് പിന്നില്‍ നില്‍ക്കുന്ന തീവ്രവാദത്തെയും അപലപിക്കേണ്ടതായി വരും. മതത്തെ പിണക്കാനോ അവരോട് ഏറ്റുമുട്ടാനോ ആര്‍ക്കും താല്‍പ്പര്യമില്ല. യുക്തിവാദികളില്‍ ചിലര്‍ പോലും പറയുന്നത് നമ്മള്‍ മതത്തെ ചേര്‍ത്തുപിടിക്കണം എന്നാണ്. അതുകൊണ്ട് വിഷയത്തെ സാമ്രാജ്യത്വ മുതലാളിത്ത അധിനിവേശ ശക്തികളുടെപ്രശ്‌നമാണ് എന്ന് പറയാനാണ് എല്ലാവര്‍ക്കും താല്‍പര്യം. ഈ വിഷയത്തില്‍ ചില വസ്തുതകള്‍ ഇവിടെ കുറിക്കാന്‍ ഉദ്ദേശിക്കുന്നു. ഒന്നാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടണും ഓട്ടോമന്‍ സാമ്രാജ്യവും എതിര്‍ ചേരികള്‍ ആയിരുന്നു. ഒട്ടോമനെ പരാജയപ്പെടുത്താന്‍ സഹായിച്ചാല്‍ നിങ്ങള്‍ക്ക് സ്വതന്ത്ര രാജ്യം ഉണ്ടാക്കാന്‍ സഹായിക്കാം എന്ന് ഒരു ഓഫര്‍ ബ്രിട്ടണ്‍ മുന്നോട്ടുവയ്ക്കുന്നു. അങ്ങനെ പലസ്തീന്‍ അറബികളും പലസ്തീന്‍ ജൂതന്മാരും ബ്രിട്ടനെ സഹായിക്കുന്നു. യുദ്ധത്തില്‍ ബ്രിട്ടണ്‍ ആ പ്രദേശങ്ങള്‍ കൈക്കലാക്കുന്നു. അന്ന് ഈ പറയുന്ന രാജ്യങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. പ്രദേശങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇന്നുള്ള പല രാജ്യങ്ങളും ഉണ്ടായത് കഴിഞ്ഞ നൂറ്റാണ്ടില്‍ മാത്രമാണ്. അതായത് തങ്ങളുടെ രാജ്യമാണ് അവര്‍ അവകാശപ്പെടുന്നത് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് വസ്തുതാപരമായി ശരിയല്ല. കാരണം അന്ന് രാജ്യങ്ങള്‍ ഉണ്ടായിരുന്നില്ല. ബ്രിട്ടന്‍ പറഞ്ഞതുപോലെ ആ പ്രദേശങ്ങള്‍ രണ്ടായി വിഭജിക്കാന്‍ തീരുമാനിക്കുന്നു. ഇതിനെ ബാല്‍ഫോര്‍ ഉടമ്പടി എന്ന് വിളിക്കുന്നു. 1917 ലെ ഈ ഉടമ്പടി അനുസരിച്ച് ജോര്‍ദാന്‍ നദിയുടെ കിഴക്കുഭാഗം ഫലസ്തീന്‍ അറബികള്‍ക്കും പടിഞ്ഞാറുഭാഗം ജൂതന്മാര്‍ക്കും ആയി വിഭജിക്കാന്‍ തീരുമാനിക്കുന്നു. അങ്ങനെ ജോര്‍ദാന്‍ നദിയുടെ കിഴക്കുഭാഗം ട്രാന്‍സ് ജോര്‍ദ്ദാന്‍ എന്ന പേരില്‍ 1921 തന്നെ ഒരു രാജ്യമായി മാറി. അതേസമയം ജൂതന്മാര്‍ക്ക് ആയി വിഭജിച്ച മറ്റേ ഭാഗം ഒരു രാജ്യമായി മാറിയില്ല. ബാല്‍ഫോര്‍ ഉടമ്പടി പ്രകാരം ജൂതന്മാര്‍ക്ക് ലഭിച്ച ഇസ്രായേല്‍ എന്ന രാജ്യത്തേക്ക് ലോകത്തിന്റെ പല ഭാഗങ്ങളില്‍ അഭയാര്‍ഥികളെപ്പോലെ അല്ലെങ്കില്‍ അതിലും മോശമായ അവസ്ഥയില്‍ കഴിഞ്ഞിരുന്ന ജൂതന്മാര്‍ വന്നെത്തി താമസം ആരംഭിക്കുന്നു. ഇതില്‍ പലരും സ്ഥലം വിലകൊടുത്തു വാങ്ങിയവരാണ്. (വില കൊടുത്ത് ഒരു സാധനം വാങ്ങുന്നത് ഒട്ടും മോശം കാര്യമല്ല). എന്നാല്‍ വിദേശികളായ ജൂതന്മാര്‍ക്ക് സ്ഥലം വില്‍ക്കാന്‍ പാടില്ല എന്ന് ജെറുസലേം മുഫ്തി ഒരു ഫത്വ പുറപ്പെടുവിക്കുന്നു. അതുകൊണ്ട് സ്വദേശികളായ ജൂതന്മാര്‍ സ്ഥലം വാങ്ങി ആ സ്ഥലം അവര്‍ വിദേശികളായ ജൂതന്മാര്‍ക്ക് വില്‍ക്കാന്‍ തുടങ്ങി. വീണ്ടും ജൂതന്മാര്‍ക്ക് സ്ഥലം വില്‍ക്കാനേ പാടില്ല എന്ന് വീണ്ടും കല്പന പുറപ്പെടുവിച്ചു. അതിനുശേഷവും ജൂതന്മാര്‍ സ്ഥലം വാങ്ങി കൂട്ടി. വിറ്റത് ഇത് ഗ്രാന്‍ഡ് മുഫ്തിയുടെ ബന്ധുക്കള്‍ തന്നെ. അതായത് അതിനു മുമ്പുണ്ടായിരുന്ന വിലയെക്കാള്‍ പതിന്മടങ്ങ് വില കൊടുത്താണ് സ്ഥലം വാങ്ങിയത്. ഇതേസമയം യൂറോപ്പില്‍ ജൂതന്മാര്‍ കടുത്ത പീഡനങ്ങള്‍ക്ക് വിധേയമാവുകയായിരുന്നു. നാസി ജര്‍മ്മനിയില്‍ ഏകദേശം 65 ലക്ഷം ആളുകളാണ് കൊല്ലപ്പെട്ടത്. ജര്‍മനിയുടെ അധികാരത്തില്‍ ഉണ്ടായിരുന്ന പോളണ്ട് ഉക്രൈന്‍ എന്നിവിടങ്ങളിലും ജൂത കൂട്ടക്കൊലകള്‍ അരങ്ങേറി. അങ്ങനെ പലരും ജീവനും കൊണ്ട് ഓടി വരാന്‍ അവര്‍ക്ക് പ്രചോദനമായത് ബാല്‍ഫോര്‍ കരാര്‍ പ്രകാരം നിശ്ചയിച്ച ഈ പ്രദേശമാണ്. അതിനു മുമ്പേ തന്നെ ജൂതന്മാര്‍ക്ക് ഒരു രാഷ്ട്രം എന്ന ഒരു സങ്കല്‍പം ഉടലെടുത്തിരുന്നു. സയണിസം എന്നായിരുന്നു അതിന്റെ പേര്. പലസ്തീന്‍ അറബികള്‍ക്കായി നീക്കിവെച്ചിരുന്ന സ്ഥലം ഒരു രാജ്യമായി മാറിയെങ്കിലും യഹൂദന്മാര്‍ക്ക് വേണ്ടി പറഞ്ഞിരുന്ന സ്ഥലം രാജ്യമായി മാറിയില്ല. 1930കളില്‍ രക്തരൂക്ഷിതമായ അക്രമങ്ങളും കലാപങ്ങളും ജൂതന്മാര്‍ക്ക് നേരെ ഉണ്ടായി. ജര്‍മ്മനിയില്‍ ലക്ഷക്കണക്കിനു ജൂതന്മാരെ കൊന്നൊടുക്കുന്നു എന്നറിഞ്ഞ ജെറുസലേം മുഫ്തി ഞങ്ങളുടെ നാട്ടില്‍ ഉള്ള ജൂതന്മാരെ കൂടി കൊല്ലാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഹിറ്റ്ലറെ കാണുക പോലുമുണ്ടായി.

part article

 

ജൂതന്മാര്‍ക്ക് ഇവിടെ ഒരു രാജ്യം ഉണ്ടാക്കാന്‍ അനുവദിക്കില്ല എന്ന നിലപാടിലായിരുന്നു അറബ് രാജ്യങ്ങള്‍. അതിന് കാരണം അവരുടെ മത പുസ്തകത്തില്‍ അക്കാര്യം എഴുതിയിട്ടുണ്ട് എന്നതായിരുന്നു. (സ്വഹീഹ് മുസ്ലിം 1767, മുസ്ലിം 3967, 3724, സ്വഹീഹുല്‍ ബുഖാരി 2170, 392). ഇതിനിടയില്‍ സയണിസ്റ്റ് വിഭാഗവും ബ്രിട്ടണും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാവുകയും ജൂത കുടിയേറ്റത്തിനും ഭൂമി വാങ്ങുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് 1939 ല്‍ ബ്രിട്ടന്‍ ഒരു ധവളപത്രം പുറപ്പെടുവിക്കുകയും ചെയ്തു. അതിന്‍പ്രകാരം അറബ് ഭൂരിപക്ഷ പ്രദേശങ്ങളെ പത്തുവര്‍ഷത്തിനുള്ളില്‍ ഒരു സ്വതന്ത്ര പലസ്തീന്‍ ആക്കാമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്തായാലും ഐക്യ രാഷ്ട്രസഭ ഇടപെടുകയും പ്രശ്‌നപരിഹാരത്തിനായി ഇസ്രയേലിനു ലഭിച്ച പ്രദേശത്തെ വീണ്ടും വിഭജിച്ച് രണ്ടുകൂട്ടര്‍ക്കും ആയി വീതിച്ചു നല്‍കാനും തീരുമാനിച്ചു. ഇക്കാര്യം ആദ്യഘട്ടത്തില്‍ രണ്ടുകൂട്ടര്‍ക്കും സ്വീകാര്യമായില്ല. കാരണം ഇതിനോടകം ജൂതന്മാര്‍ പല പ്രദേശത്തും സ്ഥലം വാങ്ങി കൃഷി ചെയ്തും വ്യാപാരസ്ഥാപനങ്ങള്‍ ഉണ്ടാക്കിയും സെറ്റില്‍ ചെയ്തു കഴിഞ്ഞിരുന്നു. എങ്കിലും മധ്യസ്ഥ ശ്രമങ്ങള്‍ക്ക് യഹൂദന്മാര്‍ തയ്യാറാവുകയും ഐക്യരാഷ്ട്ര സംഘടന തീരുമാനിച്ച പ്രകാരം അവര്‍ക്കു ലഭിച്ച 56 ശതമാനം പ്രദേശത്തേക്ക് അവര്‍ മാറി ഒരു രാഷ്ട്രം സ്ഥാപിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അറബികള്‍ ഇത് സമ്മതിച്ചില്ല. അവരുടെ മത പുസ്തകം പറയുന്നതുപോലെ അറേബ്യന്‍ ഉപദ്വീപില്‍ മുസ്ലിമല്ലാത്ത ആളുകളെ അനുവദിക്കില്ല എന്നതായിരുന്നു നിലപാട്. ഒത്തുതീര്‍പ്പുകള്‍ ഒന്നും വേണ്ട നമുക്ക് അടിച്ചു തീരുമാനിക്കാം എന്ന നിലപാടാണ് അറബ് രാജ്യങ്ങള്‍ കൈക്കൊണ്ടത്. അങ്ങനെയാണ് 1948 മെയ് 14 ആം തീയതി ഇസ്രായേല്‍ ഒരു രാജ്യമായതിന്റെ പിറ്റേദിവസം ചുറ്റുമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രയേലിനെ ആക്രമിച്ചത്. ഇത് പെട്ടെന്ന് ഉണ്ടായ ഒരു സംഭവം ആയിരുന്നില്ല. ഇതിനുവേണ്ടി 1945 ഇല്‍ തന്നെ അറബ് ലീഗ് എന്ന പേരില്‍ ഒരു സഖ്യം രൂപപ്പെട്ടു കഴിഞ്ഞിരുന്നു. (ജൂതരാഷ്ട്രം ഇല്ലാതാക്കാന്‍ ഇസ്ലാമിക രാജ്യങ്ങള്‍ ഒത്തുചേരുന്നു. പക്ഷേ അതില്‍ ഒരു മത പ്രശ്‌നം ഇല്ല) ഇന്നലെ ഉണ്ടായ ഒരു കുഞ്ഞിനെ ആക്രമിക്കാന്‍ ആറു മുട്ടാളന്മാര്‍ വന്നാല്‍ എങ്ങനെ ഉണ്ടാവും? ഏതാണ്ട് അതേ പോലെ ആയിരുന്നു ഇസ്രയേലിന്റെ അവസ്ഥ. എന്തായാലും യുദ്ധത്തില്‍ അറബ് രാജ്യങ്ങള്‍ അമ്പേ തോറ്റു. യുദ്ധത്തില്‍ തോറ്റ് തിരിച്ചോടുന്ന വഴി സഹായിക്കാന്‍ വന്നവര്‍ പലസ്തീന്‍ ഭാഗങ്ങള്‍ കയ്യടക്കി. (വാഹനാപകടത്തില്‍ പെട്ട് അവരെ സഹായിക്കാന്‍ വരുന്നവര്‍ അപകടത്തില്‍പ്പെട്ടവരുടെ മാലയും വളയും പേഴ്‌സും ഒക്കെ അടിച്ചെടുക്കുന്നതു പോലെ). 1948ലെ യുദ്ധത്തില്‍ പലസ്തീന്‍ നിശ്ചയിക്കപ്പെട്ടിരുന്ന പ്രദേശത്തു നിന്നും വെസ്റ്റ് ബാങ്ക് ജോര്‍ദാന്‍ കൈവശപ്പെടുത്തി, ഗാസ ഈജിപ്ത് കൈവശമാക്കി. ഈ പ്രദേശത്തുണ്ടായിരുന്ന പലസ്തീനികള്‍ അഭയാര്‍ഥികളായി പോവേണ്ടിവന്നു. ഏകദേശം ഏഴ് ലക്ഷം അഭയാര്‍ത്ഥികളാണ് അന്ന് പാലായനം ചെയ്തത്. അതായത് അവരുടെ സ്ഥലം അന്ന് പിടിച്ചെടുത്തത് ഇസ്രായേല്‍ ആയിരുന്നില്ല. പകരം സഹായിക്കാന്‍ വന്ന ജോര്‍ദാനും ഈജിപ്തും ആയിരുന്നു. പിന്നീട് 1964 ലാണ് ഫലസ്തീനികള്‍ക്ക് ഒരു രാജ്യം വേണമെന്ന ആവശ്യവുമായി പി.എല്‍.ഒ. ഉണ്ടായത്. പക്ഷേ അവര്‍ ആവശ്യപ്പെട്ടത് പലസ്തീന്‍ ഭാഗമായിരുന്ന വെസ്റ്റ് ബാങ്ക്, ഗാസ എന്നീ പ്രദേശങ്ങള്‍ ആയിരുന്നില്ല. മറിച്ച് ഇസ്രയേല്‍ പ്രദേശങ്ങളായിരുന്നു. കാരണം ആ പ്രദേശങ്ങള്‍ ഇസ്ലാമിക രാജ്യങ്ങള്‍ ആയിരുന്ന ജോര്‍ദാന്റേയും ഈജിപ്തിന്റേയും കൈവശമായിരുന്നു. തുടര്‍ന്ന് 1967ലെ ആറുദിവസം യുദ്ധം. ആ യുദ്ധത്തില്‍ വലിയ പ്രതീക്ഷകളോടെ തയ്യാറെടുത്തു വന്ന അറബ് രാജ്യങ്ങള്‍ അമ്പേ പരാജയപ്പെട്ടു പോയി. അവര്‍ പലസ്തീന്‍ കാരില്‍ നിന്നും ജോര്‍ദാന്‍ പിടിച്ചെടുത്ത വെസ്റ്റ് ബങ്ക്, ഈജിപ്ത് പിടിച്ചെടുത്ത ഗാസ, സിറിയ പിടിച്ചെടുത്ത ഗോലന്‍ കുന്നുകള്‍ എന്നിവ പിടിച്ചെടുത്തു. കൂടാതെ ഈജിപ്തിനെ കയ്യില്‍ നിന്നും സീനായി ഉപദ്വീപ് പിടിച്ചെടുത്തു. ഇത് ഈജിപ്തിന് ഏറ്റവും വലിയ പ്രഹരമായിരുന്നു. എന്നാല്‍ ഈ സ്ഥലങ്ങള്‍ വിട്ടുകൊടുത്ത് സമാധാനം പുനസ്ഥാപിക്കാന്‍ ഇസ്രായേല്‍ തയ്യാറായിരുന്നു. എന്നാല്‍ അറബ് രാജ്യങ്ങളുടെ അഭിമാനത്തിന് ഏറ്റ ക്ഷതം ആയതിനാല്‍ ഞങ്ങള്‍ അടിച്ചു തന്നെ വാങ്ങാം എന്നായിരുന്നു അറബ് ലീഗ് നിലപാട്. അങ്ങനെയാണ് 1973 ല്‍ ജൂതന്മാരുടെ യോം കിപ്പൂര്‍ ഉത്സവ ദിവസം വീണ്ടും യുദ്ധം ആരംഭിച്ചത്. അവിടെയും അറബ് രാജ്യങ്ങള്‍ പരാജയപ്പെട്ടു. ഇതോടെ ഇസ്രായേലുമായി ഉടക്കുന്നത് നന്നല്ല എന്നുള്ള തിരിച്ചറിവ് ഈജിപ്തിന് ഉണ്ടായി. ഈജിപ്തിന്റെ പ്രധാന വരുമാനമാര്‍ഗമാണ് സൂയസ് കനാലിലൂടെയുള്ള ഗതാഗതം. സീനായി പ്രദേശം ഇസ്രായേല്‍ കൈവശപ്പെടുത്തിയതോടുകൂടി ഇസ്രായേല്‍ വിചാരിച്ചാല്‍ തങ്ങള്‍ക്ക് പണി കിട്ടുമെന്ന് ഈജിപ്ത് മനസ്സിലാക്കി. അവര്‍ സന്ധിസംഭാഷണത്തിന് തയ്യാറായി. ഇസ്രായേലും സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറായിരുന്നു. അങ്ങനെ സീനായി പ്രദേശം നിരുപാധികം വിട്ടുകൊടുത്ത് ഈജിപ്തുമായി പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചു. അതോടെ ഈജിപ്ത് ഇസ്രായേലിനെ ഒരു രാജ്യമായി അംഗീകരിക്കുകയും ഇസ്രായേലിനെതിരെ ഉള്ള യുദ്ധത്തിന് പിന്തുണ കൊടുക്കാതിരിക്കുകയും ചെയ്തു. അതുവരെ അറബ് ലീഗിന്റെ ആസ്ഥാനമായിരുന്ന കെയ്‌റോ അതോടെ മാറ്റേണ്ടിവന്നു. പിന്നീട് അറബ് ലീഗ് സമ്മേളനങ്ങള്‍ നടന്നത് സുഡാനില്‍ ആണ്. ഇസ്രായേലിനെ തകര്‍ത്തു ഫലസ്തീന്‍ എന്ന രാജ്യം ഉണ്ടാകണമെന്ന് നിലപാടില്‍ ഉണ്ടായ സംഘടനയാണ് പി.എല്‍.ഒ. അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം കണ്ടെത്തി കൊണ്ടിരുന്നത് വിമാനങ്ങള്‍ റാഞ്ചി ആളുകളെ ബന്ധികളാക്കി വന്‍ തുക മോചനദ്രവ്യം വാങ്ങി ആയിരുന്നു. പഴയതുപോലെ വിമാനറാഞ്ചല്‍ എളുപ്പമാകാതിരുന്നതും ഈജിപ്തിന്റെ പിന്മാറ്റവും ഈജിപ്തുകാരനായ യാസര്‍ അറഫാത്തിനെ മറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. അങ്ങനെ പി.എല്‍.ഒ. യും ഇസ്രയേലിനെ ഒരു രാജ്യമായി അംഗീകരിച്ചു. എന്നാല്‍ ഇതിനെതിരെ ഭീകരവാദ സംഘടനയായ മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അവരുടെ പലസ്തീന്‍ ശാഖയായി ഹമാസ് പതിയെപ്പതിയെ മേഖലയില്‍ ചുവടുറപ്പിക്കാന്‍ തുടങ്ങി. ഇസ്രയേലുമായി ഉടക്കുന്നത് ഭംഗിയല്ല എന്ന് മനസ്സിലാക്കിയ യാസര്‍ അറാഫത്ത് ഇസ്രയേല്‍ പ്രധാനമന്ത്രിയായ ഇസഹാക്ക് റബീനുമായി സന്ധി സംഭാഷണങ്ങള്‍ നടത്തി. ഓസ്ലോ യില്‍ വച്ച് നടത്തിയ ഈ സംഭാഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഉണ്ടാക്കിയ കരാറാണ് ഓസ്ലോ കരാര്‍. ഈ സമാധാനശ്രമങ്ങള്‍ക്ക് യാസര്‍ അറാഫത്തിനും ഇസഹാക്ക് റബീനും സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കുകയുണ്ടായി. ഈ കരാറിനെ ഹമാസ് ശക്തിയുക്തം എതിര്‍ത്തു. ജൂത വിഭാഗത്തിലുള്ള ചില തീവ്രവാദികളും ഇതിനെ എതിര്‍ത്തു. കാരണം ഈ കരാര്‍ പ്രകാരം 1967 ല്‍ ജോര്‍ദാന്റെ പക്കല്‍ നിന്നും പിടിച്ചെടുത്ത വെസ്റ്റ് ബാങ്ക്, ഈജിപ്തില്‍ നിന്നും പിടിച്ചെടുത്ത ഗാസാ, സിറിയയില്‍ നിന്നും പിടിച്ചെടുത്ത ഗോലാന്‍ കുന്നുകള്‍ എന്നിവ ഈജിപ്തുകാര്‍ക്ക് വിട്ടുകൊടുക്കാം എന്നായിരുന്നു തീരുമാനം. ഈ തീരുമാനത്തെ അംഗീകരിക്കാതിരിക്കാന്‍ വേണ്ടിയുള്ള പ്രക്ഷോഭങ്ങളിലൂടെ ആണ് ഹമാസ് മുഖ്യധാരയിലേക്ക് വരുന്നത്. അതായത് ഇസ്രായേല്‍ കയ്യേറിയ സ്ഥലങ്ങള്‍ ഒന്നും പോരാ മുഴുവന്‍ ഇസ്രയേലും വേണം എന്നതായിരുന്നു അവരുടെ നിലപാട്. അറേബ്യന്‍ രാജ്യങ്ങളില്‍ നിന്നും വന്‍ തോതില്‍ സാമ്പത്തിക സഹായം ലഭിച്ചതുകൊണ്ട് ഹമാസ് പന പോലെ വളര്‍ന്നു. 2006-ലെ തെരഞ്ഞെടുപ്പിൽ ഹമാസ് ജയിച്ചു എങ്കിലും അവർക്ക് ഭരിക്കാനായില്ല. അതേസമയം ഹമാസ്-ഫത്ത ഏറ്റുമുട്ടൽ നടന്ന ഗാസയിൽ തെരഞ്ഞെടുപ്പ് ഒന്നും നടന്നില്ലെങ്കിലും ഹമാസ് അധികാരം കയ്യടക്കി. ഹമാസിന്റെ കേന്ദ്രമായ ഗാസ നീറിപ്പുകഞ്ഞു കൊണ്ടിരിക്കുകയാണ്. 2008ല്‍, 2012ല്‍, 2014ല്‍ ആക്രമണങ്ങള്‍ ഉണ്ടായി. കുട്ടികളെ മനുഷ്യ കവചമായി ഉപയോഗിക്കുന്നു എന്നത് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഹമാസ് നേതാക്കന്മാര്‍ തന്നെ ഇക്കാര്യം അംഗീകരിക്കുകയും ചെയ്തു. ഇതിനിടയില്‍ തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിനു വേണ്ടി ഇസ്രായേല്‍ സേനയും മൊസാദും പല റെയ്ഡുകള്‍ നടത്തുകയും പല തീവ്രവാദ പരിശീലന കേന്ദ്രങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ഇസ്രായേലില്‍ നിന്നും 1500 കിലോമീറ്റര്‍ അധികം ദൂരത്താണ് ഇറാന്‍. ഇറാന്‍ അടുത്ത നാളായി ആണവ പരീക്ഷണങ്ങള്‍ നടത്തുന്നത് വാര്‍ത്തയായിരുന്നു. ഇറാന് അയല്‍രാജ്യങ്ങളായ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഇറാക്ക്, അസര്‍ബൈജാന്‍ എന്നീ രാജ്യങ്ങളുമായി യാതൊരു പ്രശ്‌നവുമില്ല. എങ്കിലും ഈ അണ്വായുധ പരീക്ഷണങ്ങള്‍ തങ്ങളെ ഉന്നം വെച്ചാണ് എന്ന് ഇസ്രായേല്‍ കരുതുന്നു. അതുകൊണ്ട് അണ്വായുധ പരീക്ഷണത്തില്‍ നിന്നും ഇറാനെ പിന്തിരിപ്പിക്കാന്‍ ഇസ്രയേല്‍ ശ്രമിക്കുന്നു. ഇറാന്റെ ആണവ പരീക്ഷണങ്ങള്‍ നടത്തിയിരുന്ന ശാസ്ത്രജ്ഞന്‍ കഴിഞ്ഞവര്‍ഷം കൊല്ലപ്പെടുന്നു. അതിനു പിന്നില്‍ മൊസാദ് ആണ് എന്ന് ഇറാന്‍ ആരോപിക്കുന്നു. പകരം വീട്ടും എന്നും അവര്‍ പറയുന്നു. ഇന്ന് ഹമാസിന് ലഭിക്കുന്ന ആയുധങ്ങളും പിന്തുണയും വച്ചു നോക്കിയാല്‍ ഇപ്പോള്‍ നടക്കുന്നത് ഇറാന്റെ ഒരു പ്രോക്‌സി യുദ്ധം ആണ് എന്ന് സംശയം തോന്നാം. അറബ് രാജ്യങ്ങളില്‍ താരതമ്യേന പ്രോഗ്രസീവ് എന്ന് കരുതുന്ന യു.എ.ഇ. ഹമാസ് നോട് തീവ്രവാദം അവസാനിപ്പിക്കുക എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ നമ്മുടെ നാട്ടിലെ ബുദ്ധിജീവികള്‍ക്ക് മാത്രം ഈ പ്രശ്‌നങ്ങള്‍ക്കു പിന്നില്‍ മതം ഉണ്ട് എന്ന് പറയുന്നതിനോ ഹമാസ് ഒരു തീവ്രവാദ സംഘടന ആണ് എന്നു പറയുന്നതിനോ ധൈര്യമില്ല. കൊല്ലപ്പെടുന്ന ഓരോ മനുഷ്യന്റേയും വേദന ഒരുപോലെയാണ്. വേദനിക്കും ചോരക്കും മതമില്ല. പക്ഷേ അധികാരത്തിനു പിന്നില്‍ മതം ഉണ്ട്. അധികാരി വര്‍ഗത്തെ പ്രീണിപ്പിക്കുന്ന സാംസ്‌കാരിക നായകന്മാര്‍ക്കും ആ പേടി ഉണ്ടാവുക സ്വാഭാവികമാണ്.

ടോമി സെബാസ്റ്റ്യൻ

 

 അറബികളും ഇസ്രായേലികളും തമ്മിലുള്ള വഴക്കും വക്കാണവും പാലസ്തീന്‍ രാഷ്ട്രത്തിന്റെ രൂപീകരണത്തോടെ ഒരു പരിധിവരെ കുറഞ്ഞേക്കാം. ഇറാനും സിറിയയും ഒഴികെയുള്ള എല്ലാ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളും ജൂതരാഷ്ട്രവുമായി സൗഹൃദത്തിലുമായേക്കാം. പക്ഷെ സ്വന്തമായി രാജ്യം കിട്ടിയാലും പാലസ്തീന്‍ ജനതയ്ക്ക് ശാന്തിയോടെയും സമാധാനത്തോടെയുള്ള സന്തോഷജീവിതം ലഭ്യമാകാനുള്ള സാധ്യത തീരെ കുറവാണ്. വെസ്റ്റ് ബാങ്ക്, ഗാസ, കിഴക്കന്‍ ജറുസലേമിന്റെ ഒരു ഭാഗം എന്നിവയെല്ലാം കൂടി ചേര്‍ത്ത് പുതിയ പാലസ്തീന്‍ രാജ്യം പ്രഖ്യാപിക്കുന്നതിന്റെ അന്നുതന്നെ ഹമാസുകാര്‍ ഫത്താ പാര്‍ട്ടിക്കെതിരെ ആക്രമണം തുടങ്ങും.യാസര്‍ അരാഫത്തിന്റെ പിഎല്‍ഒയുടെ പൊളിറ്റിക്കല്‍ രൂപമായ ഫത്താ പാര്‍ട്ടിക്കാര്‍ മിതവാദികളും കുറച്ചൊക്കെ മതേതര സ്വഭാവം വച്ചുപുലര്‍ത്തുന്നവരുമാണ്. അവരാണ് ഇപ്പോള്‍ വെസ്റ്റ് ബാങ്ക് ഭരിക്കുന്നത്. 1993ല്‍ ഓസ്ലോ സമാധാന കരാറിനെ തുടര്‍ന്ന് സ്വയംഭരണ പ്രദേശമായി മാറിയ ഗാസയുടെ നിയന്ത്രണം കൈപ്പിടിയില്‍ ഒതുക്കുന്നതിനായി ഫത്താ പാര്‍ട്ടിക്കെതിരെ വന്യമായ ആക്രമണമാണ് ഹമാസ് തിവ്രവാദികള്‍ അഴിച്ചുവിട്ടത്. നൂറുകണക്കിന് പാലസ്തീന്‍കാരാണ് ഈ കലാപത്തില്‍ കൊല്ലപ്പെട്ടത്. അല്‍ഖ്വയ്ദ-ഐഎസ് മാതൃകയിലുള്ള ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുന്നതിനായി പോരാടുന്ന ഭീകരഗ്രൂപ്പാണ് ഹമാസ്. മിതവാദികളായ ഫത്താപാര്‍ട്ടിക്കാര്‍ക്ക് പാലസ്തീന്‍ രാഷ്ട്രത്തിന്റെ നിയന്ത്രണം കൈവരാന്‍ ഒരിക്കലും ഹമാസ് അനുവദിക്കില്ല. ഇപ്പൊള്‍ ഇസ്രായേലിലേക്ക് അയ്ക്കുന്ന റോക്കറ്റുകള്‍ നാളെ ഹമാസ് വെസ്റ്റ് ബാങ്കിലേക്ക് തൊടുത്തുവിടും. മഹമൂദ് അബ്ബാസിനെ പോലെയുള്ള ജനാധിപത്യ മതേതര വാദികളായ പാലസ്തീന്‍ നേതാക്കളെ ചാവേര്‍ ബോംബാക്രമണത്തിലൂടെ ഹമാസ് ഇല്ലാതാക്കിയേക്കാം. ആയിരക്കണക്കിന് നിരപരാധികളായ പാലസ്തീന്‍കാര്‍ വീണ്ടും കൊല്ലപ്പെടും. പൊട്ടിത്തെറിക്കുന്ന മനുഷ്യബോംബുകള്‍ക്കൊപ്പം നിഷ്‌കളങ്കരായ ഓമനക്കുഞ്ഞുങ്ങള്‍ ചിതറപ്പെടും. ജൂതനെ ഇല്ലായ്മ ചെയ്യേണ്ടത് മതപരമായ കര്‍ത്തവ്യമായതിനാല്‍ ഇടയ്ക്കിടെ ഇസ്രായേലിലേക്കും ഹമാസ് റോക്കറ്റ് വിടും. അവസാനം വെസ്റ്റ് ബാങ്ക് നിയന്ത്രിക്കുന്ന ഫത്താ വിഭാഗവും ഇസ്രായേലും പൊതുശത്രുവായ ഹമാസിനെതിരെ സൈനിക സഖ്യം വരെ ഉണ്ടാക്കിയേക്കാം. അതായത് സ്വതന്ത്ര പാലസ്തീന്‍ രാഷ്ട്രത്തില്‍ ഇന്നത്തെ സിറിയയില്‍ നടക്കുന്ന പോലെ അതിരൂക്ഷമായ ഫത്താ-ഹമാസ് സിവില്‍ വാര്‍ നടന്നേക്കാം. ഇപ്പോള്‍ വെസ്റ്റ് ബാങ്കിലെ പാലസ്തീനികള്‍ കുറച്ച് സമാധാനത്തിലാണ് കഴിയുന്നത്. സ്വതന്ത്ര പാലസ്തീന്‍ രാജ്യത്തില്‍ ഗാസ പോലെ മറ്റൊരു കത്തിയാളുന്ന അശാന്തിപ്രവിശ്യയായി വെസ്റ്റ് ബാങ്കും മാറിയേക്കാം. എങ്ങനെ നോക്കിയാലും പാലസ്തീനിലെ പാവപ്പെട്ട മനുഷ്യരുടെ ജീവിതത്തില്‍ നിന്ന് ചോരയും കണ്ണീരും ഒഴിഞ്ഞുപോകാനുള്ള വിദൂരസാധ്യത പോലും കാണാനാവുന്നില്ല. അഫ്ഗാനിസ്ഥാന്‍ ആരുഭരിച്ചാലും അവിടുത്തെ ജനതയുടെ നിലവിളി അവസാനിക്കുന്നില്ല. അതുപോലെ തന്നെയൊരു ദുരന്ത സങ്കടചിത്രമായി സ്വതന്ത്ര പാലസ്തീനും മാറിയേക്കാം. പൊളിറ്റിക്കല്‍ ഇസ്ലാം തലച്ചോറുകളില്‍ പാകിയ മാരകമൈനുകള്‍ സ്വതന്ത്ര പാലസ്തീന്‍ രാഷ്ട്രത്തിന്റെ ഉള്‍ക്കാമ്പുകളില്‍ പൊട്ടിത്തെറിച്ച് കൊണ്ടേയിരിക്കും.

സജീവ് ആല

References: Click here>>  1 2 3 4 5 6 

E mail your views to be published in yukthivaadi e-magazine >>> info@yukthivaadi.com
Click the button below to join our whats app groups>>
Click the 'Boost' button to push this article to more people>>

profile

boost

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.