Monday, December 23, 2024

പ്രതിയെ പ്രതിക്കൂട്ടിൽ നിർത്തിയ വാശി..

ബലാത്സംഗ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാതെയും, ഫോണിലെ ചിത്രം Evidence Act ലെ 65 B പ്രകാരമുള്ള സാക്ഷ്യപത്രം കൂടാതെ നേരിട്ടു ജഡ്ജിക്കു കൊടുക്കുന്നതും, സ്ത്രീ സമത്വത്തിന്റെ വകുപ്പായി ഭരണഘടനയുടെ 15 ആം വകുപ്പിനു പകരം 14 ആം വകുപ്പ് ഉദ്ധരിക്കുന്നും, ഒക്കെയായി ചുരുക്കം ചില കല്ലു കടികൾ ഒഴിവാക്കിയാൽ കോടതി രംഗങ്ങളോട് പരമാവധി നീതി പുലർത്തിയ ചിത്രമാണ് വാശി. അതിൽ ഏറ്റവും പ്രധാനപ്പെട്ടത്, സാധാരണ സിനിമകളിൽ ജഡ്ജിയുടെ അടുത്തുള്ള സാക്ഷിക്കൂട്ടിൽ നിർത്തുന്ന പ്രതിയെ പിന്നിലുള്ള പ്രതിക്കൂട്ടിൽ തന്നെ നിർത്തിയതാണ്. ഒടുവിൽ Cr.PC 313 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ് എടുക്കാൻ പ്രതിയോടു മുന്നോട്ടു വരാൻ പറഞ്ഞ രംഗത്തിൽ ശരിക്കും കോടതി ഫീൽ നല്കാനായി. വലിയ മതവിശ്വാസമൊന്നും ഇല്ലാതിരുന്ന ക്രിസ്ത്യാനിയായ നായകൻ ഹിന്ദുവായ തന്റെ ഭാര്യയുമായി പിണങ്ങിയ ശേഷം, വീട്ടിൽ ക്രിസ്തുവിന്റെ രൂപം വച്ചു മെഴുകുതിരി കത്തിച്ചു പ്രാർത്ഥിക്കുന്ന രംഗം കൗതുകകരമായി.

advertise

[തുടർന്ന് സിനിമ (കണാനിരിക്കുന്നവർ) കണ്ട ശേഷം മാത്രം വായിക്കുക]

വിവാഹവാഗ്ദാനം നല്കി ഇരയുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ട ശേഷം വാഗ്ദാനത്തിൽ നിന്നു പിൻമാറിയെന്ന കുറ്റം പ്രതിക്കെതിരെ ആരോപിക്കപ്പെടുന്നു. IPC 375 (ബലാത്സംഗം) ഉം IPC 415 (വഞ്ചന) ഉം ആണ് ചാർജ് ചെയ്യപ്പെടുന്ന വകുപ്പുകൾ. സംഭവത്തിനു മുമ്പ് പ്രതി ഇരയെ നിർബ്ബന്ധിച്ചു മദ്യപിപ്പിച്ചു എന്നു പ്രോസിക്യൂട്ടർ (ടോവീനോ) വാദിക്കുന്നു. എന്നാൽ പ്രതിയും ഇരയും പ്രണയത്തിലായിരുന്നു എന്നും, തനിക്കു മദ്യപിക്കാനുള്ള മദ്യം ഇര തന്നെ വാങ്ങിയതാണെന്നും, മദ്യപിക്കുന്നതിനു മുമ്പേ ഇര ലൈംഗീക ബന്ധത്തിനു സമ്മതം നല്കിയതാണെന്നും, ഒക്കെ പ്രോസിക്യൂട്ടറുടെ ഭാര്യ കൂടിയായ പ്രതിഭാഗം വക്കീൽ (കീർത്തി സുരേഷ്) വാദിക്കുന്നു. വഞ്ചനക്കുറ്റം തെളിവില്ലാതെ തള്ളുന്ന ജഡ്ജി, മദ്യലഹരിയിലാണ് ഇര സമ്മതം നല്കിയെന്നു പറഞ്ഞു പ്രതിയെ ശിക്ഷിക്കുന്നു. എന്നാൽ ഇതു ശരിയായിരുന്നില്ല എന്നും, ജഡ്ജി തന്റെ പെൺകുട്ടിയെ ഓർത്താണ് ആ വിധി പ്രഖ്യാപിച്ചതെന്നും അവസാന രംഗത്തു തെളിയുന്നു.

പരസ്പര സമ്മതത്തോടെ രണ്ടു പേർ ലൈംഗീകത ആസ്വദിച്ചത് അവരുടെ സ്വകാര്യത മാത്രമാണ്. തികച്ചും നിരുപദ്രകരവും നിയമവിധേയവും ആയ ഇക്കാര്യത്തിന്റെ പേരിൽ സ്ത്രീ മാത്രം ആത്മഹത്യക്കു ശ്രമിക്കാനുണ്ടായ സാഹചര്യം, പുരുഷാധിപത്യത്തിൽ അധിഷ്ഠിതമായ പൊതുബോധത്തിന്റെ പരിണിതമാണ്. സ്ത്രീയ്ക്ക് അനുകൂലമായ നിയമം ദുരുപയോഗിക്കപ്പെട്ടു എങ്കിൽ, അതിലേക്കു നയിച്ചത് പുരുഷാധിപത്യത്തിൽ അധിഷ്ഠിതമായ പൊതുബോധം തന്നെയാണ്. ചുരുക്കത്തിൽ, പുരുഷനായ പ്രതിയെ ഇരയാക്കുന്നത് പുരുഷാധിപത്യമാണ്. എന്നാൽ ഈ വിഷയം ചിത്രത്തിൽ എവിടെയും ചർച്ച ചെയ്യുന്നില്ല.

advertise

ആ ജഡ്ജിക്ക് ഒരു മകൻ ഉണ്ടായിരുന്നു എങ്കിൽ തള്ളിപ്പോയേക്കാമായിരുന്ന കേസ് ആയിരുന്നു ഇതെന്നു കൂടി അവസാന രംഗം പറയുന്നു. അതായത് യഥാർത്ഥ വിജയം പ്രതിഭാഗത്തിന്റേതായിരുന്നു. വ്യക്തിയുടെ വൈകാരികതയ്പ്പുറം ലിഖിത നിയമത്തിനു പ്രാധാന്യം കൊടുക്കേണ്ടതിന്റെ യുക്തിപരത, ചിത്രം നല്കുന്ന പ്രധാന സന്ദേശമാണ്.

profile

Anup Issac

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.