Monday, December 23, 2024

പ്രാണനാഥനെനിക്കു നല്‍കിയ പരമാനന്ദരസത്തെ....

സ്ത്രീയുടെ രതിമൂർച്ഛയെയും (orgasm) അതു നല്കാൻ താല്പര്യപ്പെടുന്ന പുരുഷനെയും വരച്ചു കാട്ടുന്ന ഇരയിമ്മൻ തമ്പിയുടെ വരികളാണ് തലക്കെട്ടിൽ. സ്ത്രീയുടെ രതിമൂർച്ഛയും അതിന്റെ പരിണാമപരമായ ആവശ്യകതയുമാണ് പോസ്റ്റിലെ ചർച്ച. പുരുഷന്റെ രതിമൂർച്ഛ, സ്ഖലനവുമായി നേരിട്ടു ബന്ധപ്പെട്ടതായതിനാൽ, അത്, കൂടുതൽ ബീജം തന്റെ ഇണയിലേക്കു പ്രവേശിപ്പിക്കാൻ അവനെ സഹായിക്കുകയും, അതിനാൽ തന്നെ അവന്റെ പ്രത്യുൽപാദന വിജയം ഉറപ്പാക്കുകയും ചെയ്യുന്നു. എന്നാൽ സ്ത്രീയുടെ കാര്യത്തിൽ രതിമൂർച്ഛയും പ്രത്യുൽപാദന വിജയവുമായി നേരിട്ടു ബന്ധമില്ല. രതിമൂർച്ഛയില്ലെങ്കിലും അതു സ്ത്രീകളുടെ പ്രത്യുൽപാദനത്തെ ബാധിക്കില്ല. അണ്ഢോൽപാദനം സ്വതസിദ്ധമായി നടക്കുന്നതിനാൽ (spontaneous ovulation) ബീജസംയോജനത്തിന് രതിമൂർച്ഛയുടെ ആവശ്യമില്ല. അങ്ങനെ വരുമ്പോൾ, സ്ത്രീകളിലെ 'അനാവശ്യമായ' ഈ രതിമൂർച്ഛ പരിണാമ വഴിയിൽ ഇല്ലാതാവേണ്ടതാണ്. എന്നാൽ അങ്ങനെ സംഭവിച്ചിട്ടില്ല. എന്തായിരിക്കും ഇതിന്റെ കാരണം?

advertise

സ്ത്രീകളിലെ രതിമൂർച്ഛയുടെ പരിണാമപരമായ അതിജീവനം, ഇന്നും ശാസ്ത്രജ്ഞർക്കിടയിൽ ഒരു സംവാദ വിഷയമാണ്. പരിണാമ ജീവശാസ്ത്രജ്ഞരായ Gunter Wagner ഉം Mihaela Pavlicev ഉം നടത്തിയ പഠനപ്രകാരം, സ്ത്രീകളിലെ രതിമൂർച്ഛ, പരിണാമത്തിന്റെ സന്തോഷകരമായ ഒരു സമ്മാനമാണ്. ലൈംഗീക ബന്ധത്തിനിടയിൽ ലഭിക്കുന്ന ഉത്തേജനത്താൽ അണ്ഢോൽപാദനം നടത്തിയിരുന്ന (stimulated ovulation) മനുഷ്യ പൂർവ്വികരിൽ, രതിമൂർച്ഛയും അണ്ഢോൽപാദനവും പരസ്പരം ബന്ധപ്പെട്ടിരുന്നു. ഇക്കാരണത്താൽ തന്നെ, അവരിലെ രതിമൂർച്ഛ പ്രത്യുൽപാദന വിജയം തരുന്ന ഒരു അനുകൂലനമായിരുന്നു. ഇന്ന്, മനുഷ്യ പൂർവ്വികരുടേതിനു സമാനമായി ഇത് (stimulated ovulation), പൂച്ചകളിലും മുയലുകളിലും ഒക്കെ കാണാനാവും. അവയിൽ അണ്ഢോൽപാദനത്തിനായി ഉൽപാദിപ്പിക്കപ്പെടുന്ന ഹോർമോണുകൾ മനുഷ്യ സ്ത്രീകളിൽ രതിമൂർച്ഛയുടെ സമയത്ത് ഉൽപാദിപ്പിക്കപ്പെടുന്ന ഹോർമോണുകൾ തന്നെയാണ്. മാത്രമല്ല, രതിമൂർച്ഛ തടസ്സപ്പെടുമ്പോൾ ഈ മൃഗങ്ങളുടെ അണ്ഢോൽപാദനവും ബാധിക്കപ്പെടുന്നതായി പഠനങ്ങളുണ്ട്. മനുഷ്യ പൂർവ്വികരിൽ നിന്നു മനുഷ്യനിലേക്കുള്ള പരിണാമ വഴിയിൽ stimulated ovulation നഷ്ടപ്പെടുകയും spontaneous ovulation (സ്വതസിദ്ധമായ അണ്ഢോൽപാദനം) പരിണമിക്കുകയും ചെയ്തു. ഇന്ന്, മനുഷ്യനിൽ അണ്ഢോൽപാദനം നടക്കാൻ ലൈംഗീക ബന്ധത്തിന്റെയോ അതുമൂലമുള്ള ഉത്തേജനത്തിന്റെയോ ഒന്നും ആവശ്യമില്ല. എങ്കിലും സ്ത്രീകളിലെ രതിമൂർച്ഛ, പൂർവ്വികരിൽ നിന്നു ലഭിച്ച സമ്മാനമായി മനുഷ്യരിൽ തുടരുന്നു. പ്രത്യുൽപാദന പ്രക്രിയയിലുള്ള (സ്ത്രീകളുടെ) രതിമൂർച്ഛയുടെ പ്രാഥമിക ജോലിയായ stimulation for ovulation നഷ്ടപ്പെട്ടുവെങ്കിലും, secondary functions ഉള്ളതുകൊണ്ട് അത് (orgasm) പരിണാമപരമായി നിലനില്ക്കുന്നു എന്നതാണ് പൊതുവായ നിഗമനം. രതിമൂർച്ഛ, തന്റെ പങ്കാളിയോടുള്ള ദീർഘകാല ബന്ധം നിലനിർത്താനും, തന്നെയും കുട്ടികളെയും സംരക്ഷിക്കുന്ന അനുയോജ്യരായ പങ്കാളികളെ തിരഞ്ഞെടുക്കാനും, ഒക്കെ, സ്ത്രീകളെ സഹായിക്കുന്നു. ചുരുക്കത്തിൽ, പരിണാമ വഴിയിൽ മനുഷ്യപൂർവ്വികരുടെ അണ്ഢോൽപാദന പ്രക്രിയയിൽ മാറ്റം വന്നുവെങ്കിലും രതിമൂർച്ഛയുടെ സന്തോഷം നമുക്കു ലഭിക്കാൻ അതു തടസ്സമായില്ല. എന്തായാലും, സ്ഖലനത്തോടെ തന്റെ ഉറപ്പായ രതിമൂർച്ഛ ലഭിക്കുന്ന പുരുഷൻ, പരിണാമം കാത്തു സൂക്ഷിച്ച ആ സന്തോഷം തന്റെ പങ്കാളിക്ക് ഉറപ്പു വരുത്തുന്ന കാര്യത്തിൽ എത്രമാത്രം ശ്രദ്ധിക്കുന്നു എന്നത്, ആധുനിക പൗരനെ സംബന്ധിച്ചിടത്തോളം ചിന്തനീയമായ മറ്റൊരു വിഷയമാണ്.

(Ref/- 1), (Ref/- 2), (Ref/- 3), (Ref/- 4)

profile

Anup Issac

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.