Monday, December 23, 2024

ചുവപ്പന് തീറെഴുതരുത്

കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പറ്റി ചേർന്നിരിക്കുന്ന സ്വത്വ വാദികളായ ഇസ്ലാമിസ്റ്റുകളും, ജാതി സ്വത്വ വാദികളും റെഡ് ഹാററ് സിൻഡ്രോം ബാധിച്ച ഇടതുപക്ഷ ബുദ്ധിജീവികളും ഏറ്റവും വെറുക്കുന്ന ഒരു ഗ്രൂപ്പാണ് രവിചന്ദ്രൻ സി ഉൾപ്പെടുന്ന എസൻസ്. കാരണം സംഘപരിവാരത്തെ എതിർക്കാൻ അവർ ഉപയോഗിക്കുന്ന മാർഗങ്ങൾ എസൻസ് ഉപയോഗിക്കുന്നില്ല. കേരളത്തിലെ സംഘപരിവാരം അതിൻറെ വളർച്ചയ്ക്ക് ഉപയോഗിക്കുന്നത് ഇസ്ലാം വിരോധവും ഇസ്ലാംമതത്തിലെ തന്നെ കാർക്കശ്യവും ചൂണ്ടിക്കാണിച്ചാണ്. ഇത്രകാലവും കേരളത്തിൽ ഇടതു ബുദ്ധിജീവികളുടെ സംരക്ഷണയിൽ ഒരു വിമർശനവും കേൾക്കാതെയാണ് ഇസ്ലാം വളർന്നു പന്തലിച്ചത്.

അത് കൊണ്ട് തന്നെ മതങ്ങളെ തൂക്കി നോക്കുമ്പോൾ കൈ വിറക്കാതെ ഇന്ന് കേരളത്തിൽ ഏറ്റവും ശക്തമായ മതവിമർശനം നടത്തുന്ന സംഘടന എന്ന നിലക്ക് എസൻസിനോട് വലിയ രീതിയിലുള്ള ശത്രുത പലർക്കും ഉണ്ട്. എസൻസ് നടത്തുന്ന ഇസ്ലാം വിമർശനം സംഘികൾക്ക് വളമാകുന്നു എന്നതാണ് ഇവരുടെ പ്രധാന പരാതി ? അതുപോലെ എല്ലാ പ്രശ്നത്തിലും മതം കാണാൻ ശ്രമിക്കുന്നു ? ജാതി സ്വത്വ വാദികൾക്ക് ആണെങ്കിൽ സംവരണം തൊടാനോ പരിഷ്കരിക്കാനോ പാടില്ലാത്ത ചക്കരവരട്ടി ആണ്. അപ്പോൾ സ്വാഭാവികമായും ഇവരുടെ ഒരു ഐക്യം എസ്സൻസിന് എതിരെ ഉണ്ടാവും. കൂട്ടത്തിൽ സംഘികളും ആയുർവേദ ഹോമിയോ യുനാനി പെന്തക്കോസ്ത് വിഭാഗങ്ങളും കൂടിച്ചേരുമ്പോൾ ശത്രുക്കളുടെ പ്രഭാവം വർധിക്കുകയായി..

കേരളത്തിലുൾപ്പെടെ ബിജെപി വളരുന്നത് ഇസ്ലാമിലെ തീവ്രതയും കാർക്കശ്യവും ചൂണ്ടിക്കാണിച്ചു തന്നെയാണ്, അതുകൊണ്ടുതന്നെ വിമർശിച്ചു പരുവപ്പെട്ട, നേർപ്പിച്ച ഇസ്ലാം- സംഘപരിവാരത്തിൻറെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്ന ഒരു ഘടകം ആണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതുപോലെതന്നെ സംഘപരിവാരം ആളെ കൂട്ടാൻ ഉപയോഗിക്കുന്ന ഹിന്ദുമത ശാസ്ത്രങ്ങളെ കർക്കശമായി എതിർക്കുകയും വേണം. ഇതൊന്നും ചെയ്യാതെ രാമൻറെ കേരളം സീതയുടെ ലങ്ക എന്നൊക്കെ പറഞ്ഞു നടക്കുന്ന ബുദ്ധിജീവികൾക്കാണ് കേരളത്തിൽ വീര പരിവേഷം ചാർത്തി കൊടുക്കുന്നത്. മതവിമർശനം മതത്തെ ഉപയോഗിച്ച് വിഘടനവാദം ഉണ്ടാക്കുന്നവർക്ക് ക്ഷീണം ആണ് ഉണ്ടാക്കുക. ആളുകളെ പരസ്പരം ചേരിതിരിക്കുന്നതിന് പ്രധാനമായി രാഷ്ട്രീയ തീവ്രവാദ ശക്തികൾ ഉപയോഗിക്കുന്നത് മതത്തെ തന്നെയാണ് എന്നതുകൊണ്ട് മതം ശക്തമായി വിമർശിക്കപ്പെടേണ്ടത് ഇന്നത്തെ കാലത്ത് അത്യാവശ്യമാണ്.
ജനാധിപത്യവ്യവസ്ഥിതിയിൽ രാഷ്ട്രീയപാർട്ടികൾക്ക് അത് ചെയ്യുന്നതിന് ബുദ്ധിമുട്ട് ഉണ്ട് എന്നത് മനസ്സിലാക്കാം എന്നാൽ അത് ചെയ്യുന്ന സംഘടനകളെ അത് ചെയ്യാൻ നിർബാധം അനുവദിക്കുകയാണ് വേണ്ടത്. പകരം തങ്ങളുടെ സ്വത്വബോധത്തെ വിമർശിക്കുന്നു എന്ന് കരുതി കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അഭയം തേടിയ സ്വത്വ ഇസ്‌ലാമിസ്റ്റുകളും, മറ്റു മത മൗലിക വാദികളും കൂട്ടത്തിൽ റെഡ് ഹാററ് സിൻഡ്രോം ബാധിച്ച ഇടതു ബുദ്ധി ജീവികളും ആർഷ ഭാരത തത്വചിന്തകരും ഒക്കെ തന്നെ മതത്തെ പൊതിഞ്ഞ് സംരക്ഷിക്കാൻ ശ്രമിക്കുന്നതാണ് കാണുന്നത്. ആ സംരക്ഷണത്തിന് ഭാഗമായി എസൻസിനെയും രവിചന്ദ്രൻ സി യെയും കരിവാരിത്തേക്കാൻ ലഭിക്കുന്ന ഒരു അവസരവും ഇവർ പാഴാക്കാറില്ല. ഞാൻ സ്വതന്ത്രമായി എഴുതുന്ന പോസ്റ്റിന് അടിയിലും ചിലർ വന്ന് പോസ്റ്റിലെ വിഷയത്തെ കുറിച്ച് ഒരക്ഷരം പറയാതെ രവിചന്ദ്രനെ തെറി വിളിക്കുന്നത് കാണാം. രവിചന്ദ്രനോടു ഒരുപാട് കാര്യങ്ങളിൽ യോജിക്കുമ്പോൾ പോലും സ്വന്തമായി വ്യക്തിത്വവും അഭിപ്രായവും ഉള്ളവരാണ് അദ്ദേഹത്തിനൊപ്പം നിൽക്കുന്ന പലരും എന്ന കാര്യം ഇവർ മറന്നു പോകുന്നു. ജീവിതത്തിൽ ഇന്നുവരെ സ്വതന്ത്രമായി ചിന്തിക്കാൻ സാധിച്ചിട്ടില്ലാത്ത അടിമ കൂട്ടങ്ങളാണ് ഇവർ. തങ്ങളെപ്പോലെ തന്നെയായിരിക്കും മറ്റുള്ളവരും എന്നവർ കരുതുന്നു.

ഹരീഷ് വാസുദേവനേ പോലെ നിരവധി ആളുകൾ ഫോളോ ചെയ്യുന്ന ഒരു വ്യക്തി സി രവിചന്ദ്രനെ അവഹേളിക്കുന്ന തരത്തിൽ ഒരു പോസ്റ്റ് ഇടുന്നു. ഒരിക്കൽപോലും വ്യക്തിപരമായി അവഹേളിക്കുകയോ എതിർക്കുകയോ ചെയ്തിട്ടില്ലാത്ത ഒരു വ്യക്തിയെക്കുറിച്ച് സ്വന്തം പ്രൊഫൈലിൽ മ്ലേച്ചമായ ഒരു പോസ്റ്റ് ആശയ വിരുദ്ധത ചൂണ്ടിക്കാട്ടാതെ, ആരോഗ്യപരമല്ലാത്ത രീതിയിൽ ഇടണം എങ്കിൽ ഇയാള് ഒക്കെ പറയുന്ന ‘മനുഷ്യത്വം’, ‘ഇടത് ചിന്ത’, എന്നതൊക്കെ എത്രമാത്രം പൊള്ളയാണെന്നും, മാർക്സിസം ഒരു മതമായി വർത്തിച്ചു എന്ന സത്യവും മനസ്സിലാക്കാവുന്നതേയുള്ളു. ആശയപരമായ എതിർപ്പ് ലോകത്തിലെ വികസിത രാജ്യങ്ങളിൽ ആളുകൾ പ്രകടിപ്പിക്കുന്നത് പരസ്പരം സംവദിച്ചാണ്. അല്ലാതെ പുരപ്പുറത്ത് കേറി നിന്ന് കൂവി തോൽപ്പിക്കാനുള്ള ശ്രമം പരിണമിക്കുന്നത് ഒരു പുരോഗമന ആശയത്തെ ചുവപ്പന് തീറെഴുതുക എന്ന നിലയിലേക്കാവും.

By

Sinto Thomas

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.