Monday, December 23, 2024

കേരളത്തിലെ സ്വതന്ത്ര ചിന്തയുടെ പരിണാമം

കേരളസമൂഹത്തിൽ യുക്തിയുടെയും ശാസ്ത്രത്തിന്റെയും പ്രചാരണത്തിന് വലിയ പങ്കുവഹിച്ച സംഘടനകളും പ്രസ്ഥാനങ്ങളും പലതുണ്ട്. അവയുടെ ഗണത്തിലേക്ക് സമീപകാലത്തായി കടന്നുവന്ന കൂട്ടായ്മകളാണ് സ്വതന്ത്രചിന്തകർ. യുക്തിചിന്തയ്ക്ക് ഗണ്യമായ പൊതുസ്വീകാര്യത നേടിക്കൊടുത്തുകൊണ്ട് ഇന്നത്തെ കേരളസമൂഹത്തിൽ സജീവസാന്നിധ്യമായ സ്വതന്ത്രചിന്തയെ സമകാലികചരിത്രം, രാഷ്ട്രീയം, സാമൂഹ്യമന:ശാസ്ത്രം എന്നിവയുടെ വീക്ഷണകോണുകളിലൂടെ ഹ്രസ്വമായി പരിശോധിക്കുകയാണ് ഈ ലേഖനത്തിൽ ചെയ്യുന്നത്.

നവനിരീശ്വരവാദം

ഈ സഹസ്രാബ്ദത്തിന്റെ തുടക്കത്തിൽ അമേരിക്കയിലും ബ്രിട്ടനിലും നിരീശ്വരവാദത്തിന് വലിയ സമ്മതി ലഭിച്ചു തുടങ്ങിയിരുന്നു. നവ നിരീശ്വരവാദികൾ എന്നു പിൽക്കാലത്തു വിളിക്കപ്പെട്ട റിച്ചാർഡ് ഡോക്കിൻസ്, സാം ഹാരിസ് തുടങ്ങിയവരുടെ പരിശ്രമങ്ങളാണ് അതിന് സഹായകമായത്. പ്രകൃതിശാസ്ത്രം ആയിരുന്നു അവരുടെ മാനദണ്ഡം. മതം അസംബന്ധം മാത്രമല്ല അപകടകരവുമാണ്, അതിനാൽ മതത്തിനെതിരെ ഒട്ടും സംയമനം ആവശ്യമില്ല എന്നതായിരുന്നു അവരുടെ നിലപാട്. 2001 സെപ്റ്റംബർ 11 ന് അമേരിക്കയിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് ആരംഭിച്ച ‘തീവ്രവാദത്തിനെതിരായ യുദ്ധ‘ത്തിനനുകൂലമായി പാശ്ചാത്യലോകത്തിന്റെ അഭിപ്രായം രൂപീകരിക്കുന്നതിൽ നവനിരീശ്വരവാദത്തിന്റെ പ്രചാരകർ ഗണ്യമായ പങ്കുവഹിച്ചു. രാഷ്ട്രീയപ്രാധാന്യമുള്ള വിഷയങ്ങളിൽ പ്രകൃതിശാസ്ത്രത്തിന്റേതിനു സദൃശമായ ഉറച്ച തീർപ്പുകളോടെ ഇടപെട്ട ഇവർ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പൊതുബുദ്ധിജീവികളായി അറിയപ്പെട്ടു, ധാരാളം ഫോളോവേഴ്‌സും ആരാധകർ തന്നെയുമുള്ള താരങ്ങളായി. ഇതേ സമയം തന്നെ, നവനിരീശ്വരവാദികളുടെ നിലപാടുകളും വിശകലന രീതികളും രൂക്ഷമായി വിമർശിക്കപ്പെടുന്നുമുണ്ടായിരുന്നു. ചരിത്രപരതയും രാഷ്ട്രീയബോധവും തീരെയില്ലാതെ തീർത്തും ലഘൂകരിച്ച ‘നതിങ് ബട്ടറിക’ളാണ് ഇവരുടെ വാദങ്ങൾ എന്നും, പരപുച്ഛവും അനുതാപശൂന്യതയും ആത്മാരാധനയുമാണ് നവനിരീശ്വരവാദികളിൽ പ്രധാനിയായ ഡോക്കിൻസിന്റെ പ്രചാരണപ്രവർത്തനങ്ങളുടെ മുഖമുദ്രയെന്നും വിമർശനം ഉണ്ടായി.

സ്വതന്ത്രചിന്ത കേരളത്തിൽ

2010-ഓടെ ആണ് പുസ്തകങ്ങളും പ്രഭാഷണങ്ങളും കൂട്ടായ്മകളുമായി കേരളത്തിലെ സ്വതന്ത്രചിന്ത ഊർജ്ജസ്വലമാകുന്നത്. കേരള യുക്തിവാദി സംഘത്തിൽ നിന്ന് വേർതിരിഞ്ഞു വന്ന ഒരു വിഭാഗമാണ് കേരളത്തിലെ ആദ്യകാല സ്വതന്ത്രചിന്തകരിലധികവും. ഇ.എ. ജബ്ബാർ, രവിചന്ദ്രൻ സി., ഡോ. സി. വിശ്വനാഥൻ തുടങ്ങിയവരുടെ നിരന്തരശ്രമങ്ങളുടെ ഫലമായി വിവിധ സ്ഥലങ്ങളിൽ സ്വതന്ത്രചിന്താകൂട്ടായ്മകൾ രൂപപ്പെട്ടു. പിൽക്കാലത്ത് സ്വതന്ത്രചിന്തകർ പല ഗ്രൂപ്പുകളായി വേർപിരിയുകയുണ്ടായി. ഭൗതികവാദത്തിന്റെ പൊതു അടിത്തറ പങ്കിടുന്നുണ്ടെങ്കിലും, സാംസ്‌കാരികമായി ഇടതുവീക്ഷണം പുലർത്തുന്നവരും അത്തരമൊരു വീക്ഷണവും പുലർത്തേണ്ടതില്ല എന്നു കരുതുന്നവരുമായിട്ടായിരുന്നു ഈ വേർതിരിവ് പ്രധാനമായും ഉണ്ടായത്. ജാതി, സംവരണം, ഫെമിനിസം തുടങ്ങിയ വിഷയങ്ങളിലുള്ള നിലപാട് ഈ വേർതിരിവിൽ നിർണായകമായി.

പാശ്ചാത്യലോകത്തെ നവനിരീശ്വരവാദികളുടെ ഉയർച്ചയുടെ മാത്രമല്ല, അവരുടെ വിശകലനരീതിയുടെയും നിലപാടിന്റെയും ചരിത്രം കൂടി നല്ലൊരളവോളം പങ്കിടുന്നുണ്ട് കേരളത്തിലെ ഒരു വിഭാഗം സ്വതന്ത്രചിന്തകർ. പ്രസംഗവേദികളിൽ മതങ്ങളെ ആക്രമിക്കുകയും കളിയാക്കുകയും ചെയ്യുക, രാഷ്ട്രീയപ്രാധാന്യമുള്ള വിഷയങ്ങളിൽ ശങ്കയന്യേ തീർച്ചയുള്ള നിലപാടുകൾ പ്രഖ്യാപിക്കുക, ഇടതുപക്ഷത്തോട് രാഷ്ട്രീയ തലത്തിലും സാംസ്‌കാരിക തലത്തിലും പ്രത്യക്ഷമായ അകലം പാലിക്കുക എന്നിവ ഇവരുടെ പ്രവർത്തനങ്ങളുടെ മുഖമുദ്രയാണ്. കേരളത്തിലെ മുൻകാല യുക്തിവാദപ്രസ്ഥാനങ്ങളിൽ നിന്ന് ഏറെ ഭിന്നമായ നിലപാടുകളാണ് ഇവ എന്നത് ശ്രദ്ധേയമാണ്.

ഇന്റർനെറ്റും ചിന്തയുടെ വിനോദമൂല്യവും

കഴിഞ്ഞ ഒരു പതിറ്റാണ്ടായി സ്വതന്ത്രചിന്തയടക്കമുള്ള പല ആശയ പ്രചാരണങ്ങളുടെയും പ്രധാന വേദി ഇന്റർനെറ്റ് ആണ്. രവിചന്ദ്രൻ സി. യെപ്പോലുള്ളവർ തങ്ങളുടെ രചനകളിലും പ്രെസെന്റേഷനുകളിലും ധാരാളമായി ഉപയോഗിച്ചിരുന്ന ആക്ഷേപഹാസ്യവും ഇൻറർനെറ്റിൽ അന്യത്ര പ്രചാരത്തിലായിക്കൊണ്ടിരുന്ന ട്രോളുകളും ചേർന്നുണ്ടായ പൊതുഅന്തരീക്ഷം സ്വതന്ത്രചിന്തയ്ക്ക് ഇന്റെർനെറ്റിലെ മലയാളിസമൂഹത്തിലേക്കുള്ള പ്രവേശനം എളുപ്പമാക്കി. ഡിങ്കൻ എന്ന സ്പൂഫ് ദൈവം അക്കാലത്ത് വലിയ പ്രചാരം നേടാൻ തുടങ്ങി. ഐസിയു പോലുള്ള പ്ലാറ്റ്‌ഫോമുകൾ വഴി മതങ്ങളും ദൈവങ്ങളും ട്രോൾ ചെയ്യപ്പെട്ടു. ദൈവത്തിന്റെ ഗാംഭീര്യം നിർവീര്യമാക്കാൻ ‘ഡൈബം’ എന്ന ഒറ്റ കോമിക് പരാമർശം മതി എന്നായി. മതാചാരങ്ങളെ കളിയാക്കുന്നത് താരതമ്യേന ചുരുങ്ങിയ സമയം കൊണ്ടുതന്നെ സൈബർ സ്‌പേസിൽ സാധാരണവത്കരിക്കപ്പെട്ടു. പലയിടങ്ങളിലായി സ്വതന്ത്രചിന്താ കൂട്ടായ്മകൾ വളർന്നതും ഇതേ സമയത്താണ്. അവർ ധാരാളം പ്രഭാഷണങ്ങളും പരിപാടികളും സംഘടിപ്പിച്ചു. ആകർഷകമായ തലക്കെട്ടും സരസവും ആനിമേറ്റഡുമായ അവതരണവും പ്രഭാഷണങ്ങളുടെ അവശ്യഘടകമായിരുന്നു. ട്രോളുകളും മീമുകളും സ്ലൈഡുകളുടെ പ്രധാന ഭാഗമായി. പോകെപ്പോകെ സ്വതന്ത്രചിന്തയുടെ പരിപാടികൾക്ക് വിനോദമൂല്യം ഉണ്ടായിവന്നു. യുക്തിവാദത്തിന്റെ വിനോദമൂല്യം കൂടിയതിനൊപ്പം കേൾവിക്കാരുടെയും കാഴ്ചക്കാരുടെയും ബൗദ്ധികവ്യായാമം ഗണ്യമായി കുറയുകയും ചെയ്തു. പ്രഭാഷണങ്ങൾക്കും ചർച്ചകൾക്കും പുറമേ ഇടക്കാലത്ത് സംവാദങ്ങൾ ധാരാളമായി നടക്കാൻ തുടങ്ങി. മതവാദികളെ ക്ഷണിച്ചുകൊണ്ടുവന്ന് അവരോട് വാദിക്കുക എന്നത് സ്വതന്ത്രചിന്താപരിപാടികളുടെ ഒരു പ്രധാന ഘടകമായി. അത്തരം സംവാദങ്ങളുടെ വീഡിയോശകലങ്ങൾ മതവാദികളും സ്വതന്ത്രചിന്തകരും ധാരാളമായി പ്രചരിപ്പിക്കാൻ തുടങ്ങി. സ്വതന്ത്രചിന്തയുടെ വേദികളിലെത്തിയ താർക്കികരുടെ സംവാദങ്ങളിലൂടെ വാദവൈകല്യങ്ങൾ എന്തെന്നു മലയാളി പഠിച്ചു. സ്‌ട്രോമാനും വാട്ടെബൗട്ടറിയും കരതലാമലകമായി. ഒപ്പം ആക്ഷേപഹാസ്യം വെല്ലുവിളികൾക്കും അധിക്ഷേപങ്ങൾക്കും വഴിമാറി. യൂട്യൂബ് റിലീസുകൾ വൻസംഭവങ്ങളായി. ഒറ്റദിവസംകൊണ്ട് എത്ര ആയിരം വ്യൂസ് എന്നത് മാനദണ്ഡമായി.

യൂട്യൂബും ഫേസ്ബുക്കും വഴി നടന്ന ഈ ആശയപ്രചാരണം സ്വതന്ത്രചിന്തയുടെ ഗതിയെ കാര്യമായി സ്വാധീനിച്ചു എന്നുവേണം കരുതാൻ. മീമും ട്രോളും ആക്ഷേപഹാസ്യവും സ്വതന്ത്രചിന്താ പ്രചാരണത്തിന്റെ അവശ്യഘടകം പോലെയായി. ഒപ്പം, സാമൂഹ്യമാധ്യമങ്ങളുടെ സവിശേഷതകളായ പ്രകോപനപരതയും ക്ഷിപ്രപ്രതികരണവും കൗമാരസദൃശ്യമായ വൈകാരികതയും സ്വതന്ത്രചിന്തയുടെ ആശയപ്രചാരണങ്ങളിലേക്ക് കടന്നുകയറുകയും ചെയ്തു. ഇൻറർനെറ്റ് അനുവദിച്ചു നൽകുന്ന അനോണിമിറ്റിയും പരോക്ഷസ്വഭാവവും പ്രതികരണങ്ങളെ ക്രമേണ കൂടുതൽ തീവ്രവും ആക്രമണോത്സുകവുമാക്കി. നവമാധ്യമങ്ങളുടെ ‘അൽഗോരിതം’ സ്വതന്ത്രചിന്തയുടെ പ്രചാരണപ്രവർത്തനങ്ങളെ നിർണയിച്ചുതുടങ്ങി. ലൈക്കും വ്യൂവും ഷെയറും എത്ര കിട്ടും എന്നത് പ്രധാനമായി. ഇൻറർനെറ്റ് പ്രധാനപ്പെട്ട ആശയപ്രചരണോപാധിയാകുന്ന ഏത് ആശയത്തിനും പ്രസ്ഥാനത്തിനും സ്വാഭാവികമായി സംഭവിക്കുന്നതാണ് ഈ പരിണാമം. അന്യഥാ പൊതുപ്രവർത്തനം നടത്തുന്നവരായിരുന്നില്ല കേരളത്തിലെ സ്വതന്ത്രചിന്തകരിലെ താരതമ്യേന ചെറുപ്പക്കാരായ വലിയൊരു പങ്ക് എന്നത് ഈ പരിണാമത്തിന് ആക്കം കൂട്ടി.

സ്വതന്ത്ര ചിന്തയുടെ ‘ക്യുറേഷൻ’

2016-ൽ ഫെയ്‌സ്ബുക് ലൈക്കിനു പുറമേ റിയാക്ഷൻ ഇമോജികൾ അവതരിപ്പിച്ചതോടെ ഫേസ്ബുക്കിനെ ഉപജീവിക്കുന്ന പ്രചാരണ പരിപാടികളുടെ പരിണാമം അതിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നു. ഉള്ളടക്കത്തിന്റെ പ്രചാരണത്തിൽ റിയാക്ഷനുകൾക്ക് ലൈക്കിനേക്കാൾ പ്രാധാന്യം നൽകുന്നതാണ് ഫേസ്ബുക്കിന്റെ അൽഗോരിതം. റിയാക്ഷനുകൾ ഉണ്ടാകണമെങ്കിൽ വികാരങ്ങളെ ട്രിഗർ ചെയ്യണം. റിയാക്ഷനുകളെ സൃഷ്ടിക്കാൻ ശേഷിയുള്ള വീഡിയോകളും പോസ്റ്റുകളും നവമാധ്യമങ്ങളുടെ അൽഗോരിതം വഴി നിർധാരണം ചെയ്യപ്പെട്ടു തുടങ്ങി. പ്രകോപനക്ഷമമായ ഉള്ളടക്കങ്ങൾക്ക് സവിശേഷമായ ശ്രദ്ധ കിട്ടാൻ തുടങ്ങി. കാരണം, പ്രകോപനം സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങളിലാണ് പ്രേക്ഷകർ കൂടുതൽ എൻഗേജ് ചെയ്യുക. എൻഗേജ്‌മെന്റ് കൂടുംതോറും മാധ്യമങ്ങളുടെ ട്രാഫിക്കും അതുവഴി പരസ്യവരുമാനവും വർദ്ധിക്കും. സ്വാഭാവികമായും ‘ഹാ-ഹാ’ റിയാക്ഷനും കോപം റിയാക്ഷനും ഉണ്ടാക്കുന്ന പോസ്റ്റുകളും വീഡിയോകളും ഫേസ്ബുക്കിന്റെ മുൻഗണനാക്രമത്തിൽ വരും. (പൊട്ടിച്ചിരിയുടേത് എന്നതിനൊപ്പമോ ചിലപ്പോഴൊക്കെ അതിലേറെയോ പരിഹാസച്ചിരിയുടെ ചിഹ്നമാണ് പലപ്പോഴും ഫേസ്ബുക്കിലെ ഹാ-ഹാ ഇമോജി.) പ്രകോപനപരതയുടെ ഈ വിപണനമൂല്യത്തെ മൂലധനവ്യവസ്ഥ തിരിച്ചറിഞ്ഞിട്ട് കാലം കുറച്ചായി. എങ്കിലും ഇൻറർനെറ്റിന്റെയും ബിഗ് ഡേറ്റയുടെയും വരവോടെയാണ് അതിനെ പ്രയോജനപ്പെടുത്താൻ പുത്തൻ മൂലധനവ്യവസ്ഥയ്ക്ക് കഴിഞ്ഞത്. പ്രകോപനപരമായ ഉള്ളടക്കത്തെ നിരന്തരം സൃഷ്ടിക്കുക എന്ന സ്വാഭാവിക പ്രവണതയുള്ള തീവ്രവലതുപക്ഷത്തിന് ഇന്റർനെറ്റ് പ്രിയങ്കരമായ ബ്രീഡിങ് ഗ്രൗണ്ട് ആയി മാറിയത് ഇതേ സമയത്തുതന്നെയാണെന്നും, ഇതേ പ്രക്രിയയിലൂടെതന്നെ ആണെന്നതും ശ്രദ്ധിക്കണം.

ചില സ്വതന്ത്രചിന്തകരുടെ സ്റ്റേജ് അവതരണങ്ങൾ സാമൂഹ്യമാധ്യമങ്ങളുടെ അൽഗോരിതത്തിന് യോജിച്ച രീതിയിൽ വേഗത്തിൽ ഫൈൻ ട്യൂൺ ചെയ്യപ്പെടുന്നുണ്ടായിരുന്നു. ഉദാഹരണത്തിന്, അവതരണങ്ങളിൽ വിവരങ്ങളുടെയും വിശകലനങ്ങളുടെ കൃത്യതയെക്കാൾ കൂടുതൽ ആസ്വദിക്കപ്പെടുന്നത് പരിഹാസഭാവേനയുള്ള ഒരു ആംഗ്യപ്രകടനമാവും. അങ്ങനെയുള്ളപ്പോൾ വിവിധ വിവരങ്ങളെ കൃത്യതയോടെ ചേർത്തുവച്ച് മിനിട്ടുകളോളം വാദിക്കുന്നതിനേക്കാൾ എത്രയോ ഫലപ്രദമാണ് തെറ്റാണെന്നു നിങ്ങൾക്ക് സ്ഥാപിക്കേണ്ട ആശയത്തിന്റെയോ വ്യക്തിയുടെയോ പേര് ഉച്ചരിച്ചതിനുശേഷം നാടകീയമായി പുച്ഛഭാവേന ഒന്ന് ചിരിക്കുന്നത്. പ്രദർശനപരത വ്യക്തിത്വത്തിന്റെ ഭാഗം തന്നെയാണെങ്കിൽ ഈ വിദ്യ എളുപ്പത്തിൽ വഴങ്ങി. അവർ ഇൻഫർമേഷനും പുച്ഛപരിഹാസങ്ങളും കലർത്തി ‘ഇൻഫർമേഷൻ ബുള്ളികൾ’ ആയി പ്രകടനം നടത്തി. അവരുടെ വിജയം അതേപോലുള്ള അനേകരെ സൃഷ്ടിച്ചു. അങ്ങനെ പ്രഭാഷണങ്ങൾ കൂടുതൽ കൂടുതൽ പ്രകടനകലകളായി, പുച്ഛരസപ്രധാനമായി. അതിനിടെ അമിതോപയോഗംകൊണ്ട് മതത്തിന്റെ പ്രകോപനമൂല്യം കുറഞ്ഞുവന്നപ്പോഴാകട്ടെ, ഫെമിനിസം, ജാതി, സംവരണം, ഗാന്ധി, കമ്മ്യൂണിസം എന്നിങ്ങനെയുള്ള മറ്റു പ്രകോപനമൂല്യമുള്ള എതിരാളികളെ തേടിപ്പോകാൻ തുടങ്ങി പ്രഭാഷകർ.

സാമൂഹികമാധ്യമങ്ങളുടെ സ്വാഭാവികരീതികളാണ് പ്രകോപനപരതയും പ്രദർശനോത്സുകതയും. ശ്രദ്ധ ആകർഷിക്കുന്നതിനുള്ള സ്വാഭാവികോപാധികൾ ആണല്ലോ ഇവ. മനുഷ്യശ്രദ്ധയ്ക്ക് വൻവിപണിമൂല്യം ഉള്ളതിനാൽ ശ്രദ്ധയെ പിടിച്ചെടുക്കാനും ഉപയോഗിക്കാനും സമ്പദ്‌വ്യവസ്ഥ നിരന്തരശ്രമങ്ങൾ നടത്തും. മനുഷ്യശ്രദ്ധയെ അടിസ്ഥാനമാക്കിയ സമ്പദ്‌വ്യവസ്ഥയെ അറ്റൻഷൻ ഇക്കോണമി എന്ന് പറയാറുണ്ട്. സാമൂഹികമാധ്യമങ്ങളുടെ പ്രചാരം ഏറിയതോടെ മറ്റെല്ലാ രംഗങ്ങളിലും സംഭവിച്ചപോലെതന്നെ സ്വതന്ത്രചിന്തയുടെ പ്രോഗ്രാമുകളെയും അവതാരകരെയും അറ്റൻഷൻ ഇക്കോണമി ക്യുറേറ്റ് ചെയ്‌തെടുത്തു എന്ന് പറയാം.

പ്രാദേശികമായി സംഘടിപ്പിക്കപ്പെടുന്ന സ്വതന്ത്രചിന്താപ്രോഗ്രാമുകളും അവയുടെ യൂട്യൂബ് വീഡിയോകളുമാണ് ഇന്ന് സ്വതന്ത്രചിന്തകരുടെ പ്രധാനപ്പെട്ട ആശയപ്രചാരണോപാധി. പ്രമുഖരായ സ്വതന്ത്ര ചിന്തകരുടെ പ്രഭാഷണങ്ങൾക്ക് ലക്ഷക്കണക്കിന് വ്യൂസ് കിട്ടുന്നത് അപൂർവമല്ല. ഈ ലേഖനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പ് അത്തരമൊരു പ്രഭാഷണം വിശകലനം ചെയ്തു നോക്കാം. സമകാലിക സ്വതന്ത്രചിന്താപ്രഭാഷണങ്ങളുടെ ഉള്ളടക്കത്തിന്റെയും അവതരണത്തിന്റെയും രീതിശാസ്ത്രത്തിന്റെയും ഒരു കേസ് സ്റ്റഡി എന്ന നിലയിലാണ് ഈ വിശകലനം നടത്തുന്നത്.

എസ്സെൻസ് എന്ന സ്വതന്ത്രചിന്ത കൂട്ടായ്മ നടത്തുന്ന ‘ന്യൂറോൺസ്’ യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്ത ‘വെടിയേറ്റ വൻമരം: എം കെ ഗാന്ധിയെ കൊന്നതെന്തിന്?’ എന്ന പ്രഭാഷണത്തിന്റെ വീഡിയോയാണ് വിശകലനം ചെയ്യുന്നത്. രവിചന്ദ്രൻ സി. ആണ് പ്രഭാഷകൻ. 2019 ഡിസംബർ 14 ന് ആണ് ഈ പ്രഭാഷണം നടന്നത്. 2020 ജനുവരി 15ന് അപ്ലോഡ് ചെയ്തു. ഇതിനോടകം ഈ വീഡിയോക്ക് രണ്ടുലക്ഷത്തിലധികം കാഴ്ചക്കാരായി.

ഗാന്ധിയെ അണിയിച്ച മാല

നാല് ഭാഗങ്ങളിലായി 40 സ്ലൈഡുകളുടെ സഹായത്തോടെ അവതരിപ്പിച്ച ഈ പ്രഭാഷണത്തിന്റെ വീഡിയോ രൂപത്തിന് ഒരു മണിക്കൂർ 49 മിനിറ്റ് ആണ് ദൈർഘ്യം. പ്രഭാഷകന്റെ സ്വന്തം വിശകലനമാണോ അതോ ഗോഡ്‌സെയുടെ സ്റ്റേറ്റ്‌മെന്റുകളെ ആധാരമാക്കിയുള്ള വിശകലനമാണോ പ്രഭാഷണത്തിന്റെ ഉള്ളടക്കം എന്ന് തുടക്കത്തിൽ വ്യക്തമല്ല.

ഗാന്ധി വധത്തിന്റെ സംഭവ വിവരണവും അതു സംബന്ധിയായ ചില നറേറ്റീവുകളുടെ വിവരണവുമാണ് ആദ്യഭാഗത്ത്. മുസ്ലിം ലീഗ് ദ്വിരാഷ്ട്ര സിദ്ധാന്തം ഉയർത്തിയെന്നതും ഡയറക്റ്റ് ആക്ഷൻ കാലത്ത് കൊലപാതകപരമ്പര നടത്തിയെന്നതും വിശദമായി വിവരിക്കുന്നുണ്ട്. (ഇതേ കാര്യങ്ങൾ പ്രഭാഷണത്തിന്റെ മറ്റൊരു ഭാഗത്തും ആവർത്തിക്കുന്നുണ്ട്.) ഇന്ത്യാവിഭജനമാണ് ഗാന്ധി കൊല്ലപ്പെടാൻ കാരണം എന്ന ധാരണ ശരിയല്ല എന്ന് പ്രഭാഷകൻ പറയുന്നു. തുടർന്ന് ദേവദാസ് ഗാന്ധിയും നാഥുറാം ഗോഡ്‌സെയുമായുള്ള കൂടിക്കാഴ്ച വിവരിക്കുന്നുണ്ട്. ഗോഡ്‌സെയുടെ കാഴ്ചപ്പാടിലാണ് വിവരണം. തുടർന്ന് ഗാന്ധിക്കെതിരെ നടന്ന മുൻവധശ്രമങ്ങളെ വിവരിക്കുന്ന ഭാഗം തുടങ്ങുന്നതിനു മുൻപ് പ്രഭാഷകൻ ഇങ്ങനെ പറയുന്നു. ‘ഒരു കാര്യം കൂടി ഓർക്കേണ്ടതുണ്ട്. ‘എന്റെ ശവത്തിന് മുകളിൽ കൂടി നടന്നുകൊണ്ടേ ഇന്ത്യ വിഭജിക്കാനാവൂ’ എന്നു പറഞ്ഞ ആളാണ് ഗാന്ധിജി. ഗാന്ധിജി ഒരു പ്രാക്ടിക്കൽ പൊളിറ്റീഷ്യൻ ആണെന്നൊന്നും ഞാൻ പറയില്ല… മനുഷ്യൻ എന്ന നിലയ്ക്ക് ഞാൻ വളരെ ഇഷ്ടപ്പെടുകയും പൊളിറ്റീഷ്യൻ എന്ന നിലയ്ക്ക് തീരെ ഇഷ്ടമില്ലാതിരിക്കുകയും ചെയ്യുന്ന ആളാണ് ഗാന്ധി.’ തുടർന്ന്, ‘ഞാൻ ആരുടെയും വശം ചേർന്നുപറയുകയല്ല’ എന്നുപറഞ്ഞുകൊണ്ട് പ്രഭാഷകൻ മുൻവധശ്രമങ്ങളെ വിവരിക്കുന്നു. അവസാനത്തെ ശ്രമം വിവരിച്ചതിനുശേഷം വിഭജനത്തെത്തുടർന്നുണ്ടായ അക്രമപരമ്പരയിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തിലിടപെട്ട് ഒന്നും പറഞ്ഞില്ല എന്നും ഹിന്ദുക്കളോട് സംയമനം പാലിക്കാൻ ആവശ്യപ്പെട്ട് സർവ്വമത പ്രാർത്ഥനകൾ നടത്തിക്കൊണ്ടിരുന്നു എന്നും വിവരിക്കുന്നു. ‘ഈശ്വർ അള്ളാ തേരേ നാം… എല്ലാവർക്കും കൊടുക്കണം എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത്’ എന്നുപറഞ്ഞ് പ്രഭാഷകൻ ചിരിക്കുന്നു. ഗാന്ധിയുടെ സമാധാനശ്രമങ്ങളെയും പ്രാർത്ഥനയെയും പറ്റി പറയുമ്പോൾ പ്രഭാഷകന്റെ വാക്കിൽ മാത്രമല്ല ഭാവത്തിലും നിസ്സാരവൽക്കരണം വ്യക്തമാണ്.

ഗാന്ധി ഒരു മോശം രാഷ്ട്രീയക്കാരനായിരുന്നുവെന്നും അദ്ദേഹം മുസ്ലിം പക്ഷപാതിത്വം കാണിച്ചിരുന്നുവെന്നുമാണ് പ്രഭാഷണത്തിന്റെ ആദ്യപാദത്തിൽ പ്രഭാഷകൻ വാദിക്കുന്നത് എന്ന് ശ്രദ്ധിച്ചുകാണുമല്ലോ. ഇതേ വാദങ്ങൾ പിന്നീടും പ്രഭാഷണത്തിൽ ആവർത്തിച്ചുവരുന്നുണ്ട്.

വീഡിയോയുടെ മുപ്പത്തിയേഴാം മിനിറ്റിൽ ഗോഡ്‌സെ ഗാന്ധിജിയെ വെടി വയ്ക്കുന്നതിന്റെ വിവരണമുണ്ട്. ഗോഡ്‌സെ ഗാന്ധിജിയെ മൂന്നുതവണ വെടിവെച്ചു കൊന്നത് പ്രഭാഷകൻ അംഗവിക്ഷേപത്തോടെ അവതരിപ്പിക്കുന്നു. ‘..അറ്റ് പോയിൻറ് ബ്ലാങ്ക്.. തൊട്ടടുത്തു വന്നിട്ട് ഒരു മാല പോലെയാണ് ആ വെടിയുണ്ട മൂന്നെണ്ണം.. അപ്പോ, ഗാന്ധിജിയെ നാഥുറാം ഗോഡ്‌സെ മാലയിട്ടു”. (ചിരി). ‘‘ചുമ്മാ.., കവിഭാവന..(ചിരി) അവിടെവെച്ചുതന്നെ പുള്ളി മരിക്കുകയാണ്.”
ഗാന്ധിവധത്തെ വിവരിക്കാൻ പ്രഭാഷകൻ ഉപയോഗിക്കുന്ന വാക്കുകളും ആ സമയത്തെ അദ്ദേഹത്തിന്റെ ഭാവങ്ങളും നോക്കുക. ഗാന്ധിവധം വിവരിക്കുമ്പോൾ ദുഃഖം പ്രകടിപ്പിക്കണമെന്നില്ല. പക്ഷേ ചിരിക്കാൻ തക്കതായ ഒരു സംഗതിയും തീർച്ചയായും അതിൽ ഇല്ലല്ലോ. പ്രഭാഷകന്റെ മുഖഭാവങ്ങളിലൂടെയും അംഗവിക്ഷേപങ്ങളിലൂടെയും വെളിപ്പെടുന്ന വികാരങ്ങളുടെ വ്യക്തമായ ചിത്രം ലഭിക്കുന്നതിന് ഓഡിയോ മ്യൂട്ട് ചെയ്തിട്ട് ആ ഭാഗം ഒന്നു കൂടി കണ്ടു നോക്കാവുന്നതാണ്.

ചേരുന്നത് ആരുടെ വശം?

ആരായിരുന്നു ഗോഡ്‌സെ എന്നതാണ് രണ്ടാം ഭാഗം. ഗാന്ധിവധത്തിൽ സവർക്കറുടെയും ഗോൾവാർക്കറുടെയും ആർഎസ്എസിന്റെയും റോളുകളെപ്പറ്റിയും മറ്റുമുള്ള സ്ലൈഡുകൾ വലിയ ക്രമമില്ലാതെ അവതരിപ്പിക്കുകയാണ് ഈ ഭാഗത്ത്.
പ്രഭാഷണത്തിനിടെ പല പരാമർശങ്ങളും ആനുഷംഗികമായി വന്നുപോകുന്നുണ്ട്. മുസ്ലീങ്ങൾ അമുസ്ലീങ്ങൾക്ക് കീഴിലുള്ള (ജനാധിപത്യ) ഭരണം സഹിക്കുന്നു എന്നേയുള്ളൂ; യുദ്ധസമയത്ത് ഗാന്ധിജിയെ കൽക്കട്ടയിൽ നിന്ന് ജീവനോടെ രക്ഷപ്പെടുത്തിയത് ഹിന്ദുക്കളായിരുന്നു എന്ന് ആർഎസ്എസ് പറയാറുണ്ട്; ഗാന്ധിയുടെ സമരങ്ങൾ ഒന്നും തന്നെ വിജയിച്ചിട്ടില്ല; പാകിസ്ഥാന് കൊടുക്കാനുണ്ടായിരുന്ന 55 കോടി യുദ്ധസമയത്താണെങ്കിൽപോലും കൊടുക്കണം എന്നു നിർബന്ധം പിടിച്ച് ഗാന്ധി ‘ഗോളടിക്കാൻ’ ശ്രമിച്ചു; ഗാന്ധി അടിമുടി മതത്തിൽ കുളിച്ചുനിൽക്കുന്ന മനുഷ്യനാണ് എന്നിങ്ങനെ പോകും അത്തരം പരാമർശങ്ങൾ. പ്രഭാഷണത്തിന്റെ മൊത്തം രീതിയോട് ഇവ സ്വാഭാവികമായി ഇഴുകിച്ചേരുന്നുണ്ട്. സങ്കീർണമായ രാഷ്ട്രീയ ചരിത്ര സാഹചര്യങ്ങളെയും അവയിൽ ഇടപെടുന്ന രാഷ്ട്രീയ ജീവികളായ മനുഷ്യരെയും ഒറ്റ വാചകം കൊണ്ടൊക്കെ ബ്ലാക്ക് ആൻഡ് വൈറ്റ് ആയി വിലയിരുത്തി നിസ്സാരവത്കരിച്ചു മാറ്റിനിർത്തുകയാണ്. (പ്രഭാഷണത്തിനു ശേഷമുള്ള ഒരു ചോദ്യത്തിന് ഉത്തരമായി ഇങ്ങനെയും പറയുന്നതു കേൾക്കാം: ”ഹിന്ദുത്വയെ തകർക്കണം എങ്കിൽ നമ്മൾ (സ്വതന്ത്ര ചിന്തകർ) ചെയ്യുന്ന പണി ചെയ്യണം. അല്ലാതെ രാഷ്ട്രീയമായൊന്നും ഹിന്ദുത്വയെ തകർക്കാൻ കഴിയില്ല”.)
മൂന്നാം ഭാഗം തുടങ്ങുമ്പോൾ എന്തിന് ഗാന്ധിജിയെ കൊന്നു എന്ന ചോദ്യം ആവർത്തിച്ചതിനുശേഷം വേഗത്തിൽ തന്നെ പ്രഭാഷകൻ എത്തിച്ചേരുന്നത് ഒരു വിലയിരുത്തലിലേക്കാണ്. ”ഗാന്ധിജി പ്രാക്ടിക്കൽ മൈൻഡ് ഇല്ലാത്ത ഒരു പൊളിറ്റീഷ്യൻ ആയിരുന്നു, ഒരു സ്വപ്‌നജീവി ആയിരുന്നു. ഗാന്ധിജിയുടെ രാഷ്ട്രീയം ഡിസാസ്ട്രസ് ആയിരുന്നു, രാജ്യത്തിനോ സമൂഹത്തിനോ ഒക്കെ വലിയ ഗുണം ചെയ്യുന്ന ഒന്നായിരുന്നുവെന്ന് ഞാൻ കരുതുന്നില്ല.” പിന്നാലെ തന്നെ പഴയമട്ടിൽ ‘എങ്കിലും രാജ്യം ഒന്നായി നിൽക്കണമെന്നതായിരുന്നു ഗാന്ധിജിയുടെ ആശയം’ എന്നും പറയുന്നുണ്ട്. ബാലൻസിങ്ങിനാവാം. എന്നാൽ, ഗോഡ്‌സെയും അതേ ആശയമുള്ളയാളായിരുന്നു എന്നും ഒപ്പം തന്നെ പറഞ്ഞുവെയ്ക്കുന്നു. ‘അഖണ്ഡഭാരത്’ എന്നു വിളിച്ചു കൊണ്ടാണ് ഗോഡ്‌സെ കഴുമരത്തിലേക്ക് നീങ്ങിയത് എന്നും പ്രഭാഷകൻ പറയുന്നു. ഈ ഭാഗത്ത് ഗോഡ്‌സെയുടെ മരണരംഗം ഇങ്ങനെ വിശദീകരിക്കുന്നുണ്ട്. ‘‘അവസാനം ‘അഖണ്ഡഭാരത്’ എന്ന് അദ്ദേഹം വിളിച്ചു, കുറെ കഴിഞ്ഞപ്പോൾ ശബ്ദമിടറി, ചോക്ക് ചെയ്തു. സ്വാഭാവികമാണ്. എന്തെല്ലാം പൊളിറ്റിക്കൽ ഐഡിയോളജി ഉണ്ടെങ്കിലും ഒരു മനുഷ്യൻ മരണത്തെമുന്നിൽ കാണുമ്പോൾ പതറുക എന്നത് സാമാന്യേന സംഭവിക്കുന്ന കാര്യമാണ്” എന്നാണ് പ്രഭാഷകൻ പറയുന്നത്. ഇതു പറയുമ്പോൾ അദ്ദേഹത്തിന് ചിരിയൊന്നുമില്ല. കൊലമരത്തിലേക്ക് നടക്കുന്ന ഗോഡ്‌സെയോട് അനുതപിക്കാനുള്ള ശ്രമം വ്യക്തമാണ്. പതറിപ്പോയെങ്കിലെന്ത്, അത് സ്വാഭാവികമല്ലേ എന്ന് പിന്തുണ കൊടുക്കുന്നുമുണ്ട്. ഗാന്ധിയുടെ മരണം വിവരിക്കുമ്പോൾ, വെടിയേറ്റ ഗാന്ധിജി ഹേ റാം എന്നു വിളിച്ചതിന് തെളിവില്ല, ‘ഗോഡ്‌സെ വെടിയുണ്ട കൊണ്ട് ഗാന്ധിജിക്ക് മാലയിട്ടു’, ‘അവിടെവെച്ചു തന്നെ പുള്ളി മരിക്കുകയാണ്’ എന്നെല്ലാം അനുതാപലേശമെന്യേ പറഞ്ഞ് പ്രഭാഷകൻ ചിരിച്ചത് ഓർക്കുക. ആരുടെ മരണത്തോടാണ് പ്രഭാഷകൻ അനുതപിക്കാൻ ശ്രമിക്കുന്നത്, ആരുടെ മരണമാണ് അദ്ദേഹത്തിൽ ചിരി ഉണർത്തുന്നത് എന്നത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല. പ്രഭാഷണത്തിന്റെ പല ഭാഗങ്ങളിലും ഗാന്ധിയുടെ നിലപാടുകളെക്കുറിച്ച് പറയുമ്പോൾ നിസ്സാരവത്കരണവും തമാശയും ആക്ഷേപദ്യോതകമായ ചിരിയും ഇടയ്ക്കിടെ കടന്നു വരുന്നുണ്ട്. എന്നാലോ പ്രഭാഷണത്തിലുടനീളം ഗോഡ്‌സെയുടെ ജീവിതത്തെക്കുറിച്ച് പറയുമ്പോൾ പ്രഭാഷകന് പതിവു ചിരിയോ തമാശയോ നിസ്സാരവത്കരണമോ ഇല്ല; പ്രസാദാത്മകമായ ഗൗരവമാണുള്ളത്. ഒരിടത്താകട്ടെ, അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ജാതിവ്യവസ്ഥയെയും എതിർത്ത ആളുകളാണ് സവർക്കറും ഗോഡ്‌സെയും എന്ന് എടുത്തുപറയുന്നുമുണ്ട്.
”ഞാൻ ആരുടെയും വശംചേർന്നുപറയുകയല്ല” എന്നാണ് തുടക്കത്തിൽ പ്രഭാഷകൻ പറഞ്ഞത്. എന്നാൽ പ്രഭാഷണത്തിന്റെ വൈകാരികനില ഗോഡ്‌സെയുടെ വശംതന്നെയാണ് ചേരുന്നത് എന്നു വ്യക്തം.
ഗാന്ധിയെ വധിച്ചതിനു കാരണമായി ഗോഡ്‌സെ പറയുന്ന പ്രധാനപ്പെട്ട പന്ത്രണ്ട് കാരണങ്ങൾ പ്രതിപാദിക്കുകയാണ് തുടർന്ന്. അതിൽ ഒരെണ്ണമൊഴികെ എല്ലാം പ്രഭാഷകൻ അപ്പാടെ ശരിവെക്കുന്നുണ്ട്. അവ തർക്കരഹിതമായ സത്യങ്ങളേയല്ലെങ്കിലും അവയുടെ വസ്തുതാവിശകലനം നടത്തുന്നത് ഈ ലേഖനത്തിന്റെ ഉദ്ദേശ്യമല്ല.

ഗാന്ധി മരിച്ചില്ലായിരുന്നെങ്കിൽ

ഗാന്ധി കൊല്ലപ്പെടാതെ കുറേക്കാലം കൂടി ജീവിച്ചിരുന്നുവെങ്കിൽ എന്തായേനെ എന്ന് പറയുകയാണ് നാലാമത്തെ ഭാഗത്ത്. ‘എന്തിനാണ് എം. കെ. ഗാന്ധിയെ കൊന്നത്’ എന്നു വിവരിക്കുന്ന പ്രഭാഷണത്തിൽ ഇങ്ങനെയൊരു ഭാഗത്തിന്റെ പ്രസക്തി ക്രമേണ മാത്രമേ വെളിപ്പെടൂ. വീഡിയോയിൽ 1:17:30 ആകുമ്പോഴാണ് നാലാം ഭാഗത്തിന്റെ തുടക്കം. മുപ്പത്തിമൂന്നാമത്തെ സ്ലൈഡ് മുതൽ. ഗാന്ധിഘാതകനായ ഗോഡ്‌സെയുടെ മൂന്നു വാചകങ്ങളുടെ വിസ്തരിച്ചുള്ള ന്യായീകരണമാണ് ഈ സ്ലൈഡിനെ അടിസ്ഥാനമാക്കി പ്രഭാഷകൻ നടത്തുന്നത്.”What if the Mahatma had lived?’ എന്ന പേരിൽ livemint.com ൽ (2018 ജനുവരി 27 ന് അപ്ലോഡ് ചെയ്തത്) മനു എസ്. പിള്ള എഴുതിയ ലേഖനത്തിൽ ഈ മൂന്നു വാചകങ്ങൾ അതേ മട്ടിൽ വായിക്കാം. (ഇവ മാത്രമല്ല, തുടർന്നുള്ള നാല് സ്ലൈഡുകളിലെ വാക്യങ്ങളും വാക്യശകലങ്ങളും മനുവിന്റെ ലേഖനത്തിൽ അതേ ക്രമത്തിൽ കാണാം. ഒരു സാങ്കല്പികാവസ്ഥയെ ഒട്ടൊക്കെ ലഘുവായി വിവരിക്കുന്ന ഒരു ലേഖനമാണ് മനുവിന്റേത്. ലൈവ്മിന്റിന്റെ leisure  സെക്ഷനിലാണ് അത് ചേർത്തിരിക്കുന്നത്. ഈ ലേഖനം പിന്നീട് അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിന്റെ ഭാഗമായി.)
‘ബാലിശമായിട്ടുള്ള നിർബന്ധങ്ങളും ശാഠ്യങ്ങളും ഉള്ള മനുഷ്യനായിരുന്നു ഗാന്ധി” എന്ന ഗോഡ്‌സെയുടെ അഭിപ്രായത്തിൽ നിന്നാണ് ഈ ഭാഗം തുടങ്ങുന്നത്. ”നിഷ്‌കളങ്കനായ ഒരു മനുഷ്യനായിരുന്നു ഗാന്ധി, പക്ഷേ പ്രായോഗികത വളരെ മോശമായിരുന്നു” എന്ന് പ്രഭാഷകൻ വീണ്ടും പറയുന്നു. മൂന്നാംവട്ടമാണ് ഏതാണ്ട് ഒരേ മട്ടിലുള്ള പ്രഭാഷകന്റെ അഭിപ്രായം പുറത്തുവരുന്നത്. ഇത്തവണ അത് ഗോഡ്‌സെയുടെ അഭിപ്രായത്തിനകത്ത് കലർത്തിയാണ് പറയുന്നത്. ”ഗാന്ധി ഇല്ലായിരുന്നെങ്കിൽ ഇന്ത്യയുടെ രാഷ്ട്രീയം കൂടുതൽ പ്രായോഗികമായേനെ” എന്നും ”വ്യക്തിനിഷ്ഠമായ ധാർമികതയായിരുന്നു ഗാന്ധിയുടെ ഒരു പ്രശ്‌നം” എന്നുമുള്ള ഗോഡ്‌സെയുടെ വാചകങ്ങൾ പ്രഭാഷകൻ ഉദ്ധരിക്കുന്നു. ചൗരിചൗര സംഭവത്തിനുശേഷം നിസ്സഹകരണ പ്രസ്ഥാനം നിർത്തിവച്ചതാണ് ഗാന്ധിയുടെ ധാർമികത വ്യക്തിനിഷ്ഠമാണ് എന്നതിനുള്ള ഉദാഹരണമായി തുടർന്നു വിശദീകരിക്കുന്നത്. മുഖഭാവവും ശബ്ദവും അംഗവിക്ഷേപങ്ങളും ഉപയോഗിച്ച് അതിനെ ഒരു ആക്ഷേപഹാസ്യരംഗമായി അഭിനയിച്ചുകാണിക്കുകയാണ് പ്രഭാഷകൻ. ”എനിക്ക് തോന്നി, വേണ്ട എന്നുള്ള രീതിയിലാണ് ഗാന്ധി പറയുന്നത്. എനിക്കിപ്പോ അതു വയ്യാ, മടുത്തൂ എന്നു പറഞ്ഞ് ഒറ്റ അക്രമസമരം കൊണ്ട് ഗാന്ധി അതങ്ങ് നിർത്തിവെച്ചു” എന്നിങ്ങനെയാണ് വാചകങ്ങൾ. ഗാന്ധിഘാതകൻ നടത്തിയ ഗാന്ധിവിമർശത്തെ ആശയത്തിലും വാക്കിലും ഭാവത്തിലും പകർന്നാടുകയാണ് പ്രഭാഷകൻ. ചരിത്രകാരന്മാരും സാമൂഹികശാസ്ത്രജ്ഞരും ചെയ്യാറുള്ളതുപോലെ ഒരു ഡേറ്റയുടെ നിർമമമായ അവതരണവും വിശകലനവുമല്ല, ആ ഡേറ്റയുടെ വാചാലവും വികാരാധീനവുമായ ന്യായീകരണമാണ് പ്രഭാഷകൻ നടത്തുന്നത്. തുടർന്ന് നോക്കുക. ‘…നിങ്ങൾ നിങ്ങടെ മനസ്സാക്ഷിയോടും നിങ്ങടെ മനസ്സിനോടുമാണ് കാര്യങ്ങൾ ചോദിക്കുന്നതെങ്കിൽ നിങ്ങൾക്ക് ജനങ്ങളോട് എന്തുമാത്രം പ്രതിബദ്ധതയുണ്ട് എന്നുള്ള ചോദ്യംവരും… ഒരു ജനാധിപത്യ വാദിയായിട്ടുള്ള ഒരു നേതാവ് പുറത്തേക്കാണ് നോക്കേണ്ടത്… ഗാന്ധിജി തന്റെ അന്തഃകരണത്തിലേക്കോ വേറെ ഏതാണ്ട് സംഭവത്തിലേക്കോ ഒക്കെയാണ് എപ്പോഴും നോക്കിക്കൊണ്ടിരുന്നത്.’ തുടർന്ന് ഗാന്ധി തീരുമാനം എടുക്കുന്ന രീതി എന്ന മട്ടിൽ രവിചന്ദ്രൻ ഹാസ്യരൂപേണ അഭിനയിച്ചു കാണിക്കുന്നു. ‘ഗാന്ധി ഇങ്ങനെ ഇരുന്ന് (കണ്ണടച്ച് ശ്വാസമെടുത്ത്).. യെസ്സ്, ചൗരിചൗര.., നിസ്സഹകരണ പ്രസ്ഥാനം.. വേണ്ട.!‘ തുടർന്ന് ‘ആത്മീയാചാര്യൻ ആകാനാണ് അദ്ദേഹം ശ്രമിച്ചത്. ആത്മീയാചാര്യന്മാർ ഇസ്ലാമിക റെവല്യൂഷന് ശേഷം മാത്രമേ നേരെചൊവ്വേ വർക് ചെയ്യുള്ളൂ’ എന്നുകൂടി പറഞ്ഞു വയ്ക്കുന്നു. ആത്മീയാചാര്യൻ എന്നതിനൊപ്പമുള്ള കാഷ്വൽ കൂട്ടിച്ചേർക്കൽ ശ്രദ്ധിക്കണം. പിന്നീട് ‘120 വയസ്സുവരെ ജീവിക്കും എന്നാണ് ഗാന്ധി പറഞ്ഞിരുന്നത്. ജസ്റ്റ് ഫോർ എ ഹൊറർ”എന്ന് പറഞ്ഞ് ചിരിക്കുമ്പോഴും ജീവിച്ചിരുന്നെങ്കിൽ മറ്റൊരു അണ്ണാഹസാരെ ആയി മാറിയേനെ എന്നു വിലയിരുത്തുമ്പോഴും പ്രഭാഷകന്റെ പ്രകടനം ആക്ഷേപഹാസ്യത്തിന്റെ തലവും കടന്നു പുച്ഛത്തിലും പരിഹാസത്തിലും എത്തിനിൽക്കുന്നു.

ഗാന്ധിജിയുടെ ധാർമികത വ്യക്തിനിഷ്ഠമായിരുന്നു എന്ന ഗോഡ്‌സെയുടെ അഭിപ്രായത്തെ പ്രഭാഷകൻ തെളിയിക്കുന്നത് സംഭവവിവരണം, പുച്ഛപരിഹാസങ്ങളിലൂന്നിയ വൈകാരികത, നാടകീയമായ സ്റ്റേജ് പ്രകടനം എന്നിവ വഴിയാണ്. അവസാനത്തെ രണ്ടു ഘടകങ്ങളും സംഭവ വിവരണത്തെക്കാൾ ശക്തമായ ആശയവിനിമയമാർഗങ്ങളാണല്ലോ. അതുകൊണ്ട് ലഘൂകരിച്ച ഒരു സംഭവവിവരണം മാത്രം നടത്തി, സംഭവവിവരണത്തിനാധാരമായ വസ്തുതകളോ അവയുടെ തെളിവുകളോ വ്യത്യസ്തങ്ങളായ വിശദീകരണങ്ങളോ പശ്ചാത്തലമോ ഒന്നും അവതരിപ്പിക്കാതെതന്നെ മിനിമം വിവരങ്ങൾ വച്ച് വാദം സമർത്ഥിക്കാൻ പ്രഭാഷകനു കഴിയുന്നു. വികാരവും പ്രകടനവും ചിന്തയെ നയിക്കുകയാണെന്നർത്ഥം. പ്രകടനത്തിന്റെ വിനോദശേഷിയിൽ ആമഗ്‌നരാവുമ്പോൾ, എന്തുകൊണ്ട് ഈ സമയത്ത് ഗോഡ്‌സെയുടെ ആരോപണം അവതരിപ്പിക്കപ്പെടുന്നുവെന്നും എന്തുകൊണ്ട് അത് നാടകീയ സങ്കേതങ്ങളുടെ അകമ്പടിയോടെ വിശദീകരിച്ച് അതേപടി അംഗീകരിക്കപ്പെടുന്നു എന്നും പ്രേക്ഷകരിൽ നിന്ന് ചോദ്യങ്ങൾ ഉയരുകയുമില്ല. പ്രകടനങ്ങൾ ചോദ്യങ്ങളല്ല, പ്രതികരണങ്ങളാണ് എളുപ്പത്തിൽ ഉണർത്തുക.
പ്രഭാഷകൻ ഗോഡ്‌സെയുടെ ആരോപണങ്ങളെ പൂർണ്ണമായും ശരിവെയ്ക്കുന്ന ഈ വിശദീകരണത്തിന് ആറര മിനിട്ട് ദൈർഘ്യമുണ്ട്. ഗാന്ധിജിയെ എന്തിന് കൊന്നു എന്ന ചോദ്യം കഴിഞ്ഞ രണ്ടു ഭാഗങ്ങളുടെയും തുടക്കത്തിൽ സ്വയം ചോദിക്കുകയും ഉടനടിയുള്ള ഉത്തരമായി ഗാന്ധിജി പ്രായോഗികബുദ്ധിയില്ലാത്ത ഒരു മോശം രാഷ്ട്രീയക്കാരനായിരുന്നു എന്ന ഉത്തരം സ്വയം നൽകുകയും ചെയ്തുകൊണ്ടിരുന്ന പ്രഭാഷകൻ ഈ ഭാഗത്ത് അതേ നിലപാട് ഗോഡ്‌സെയുടെ സമാനമായ നിലപാടിനൊപ്പം ചേർത്തുവച്ച് വാചാലമായി വിശദീകരിക്കുന്നു. അതായത് കഴിഞ്ഞ രണ്ട് ഭാഗങ്ങളിലും പ്രഭാഷകനിലൂടെ വെളിപ്പെട്ടുകൊണ്ടിരുന്നത് ഗോഡ്‌സെയുടെ നിലപാടു തന്നെ ആയിരുന്നു എന്നർത്ഥം.

കൗതുകകരമായ മറ്റൊരു വസ്തുത കൂടി ഇവിടെ പറയേണ്ടതുണ്ട്. ഗോഡ്‌സെയുടെ മേൽപ്പറഞ്ഞ വാചകങ്ങളെ തന്റെ ലേഖനത്തിൽ എടുത്തെഴുതുമ്പോൾ മനു എസ്. പിള്ള ഒരു കമൻറ് കൂട്ടിച്ചേർക്കുന്നുണ്ട്. ‘പശ്ചാത്താപസന്നദ്ധനല്ലാത്ത കൊലയാളിയുടെ അങ്ങേയറ്റം ഔദ്ധത്യം നിറഞ്ഞ പ്രസ്താവന’യാണിത് എന്നാണ് മനു എഴുതുന്നത്. സ്വാഭിപ്രായത്തിലൂന്നിയ ഒരു നിലപാട് പ്രഖ്യാപിക്കുന്നതിലൂടെ താൻ ഉദ്ധരിച്ച കൊലയാളിയുടെ നിലപാടിൽ നിന്ന് വിട്ടുനിൽക്കാൻ ശ്രമിക്കുകയാണ് ലേഖനകർത്താവായ മനു അവിടെ ചെയ്തത്. ചരിത്രകാരന്മാരും സാമൂഹികശാസ്ത്രജ്ഞരും ഔചിത്യപൂർവ്വം അനുവർത്തിക്കുന്ന ഒരു രീതിയാണിത്. രവിചന്ദ്രനാകട്ടെ തന്റെ പ്രഭാഷണത്തിൽ ഗോഡ്‌സെ ഗാന്ധിയുടെമേൽ നടത്തുന്ന കുറ്റാരോപണങ്ങളിൽ നിന്ന് ഭിന്നമായ ഒരു നിലപാടും ഒരു ഭാഗത്തും സ്വീകരിക്കുന്നില്ല എന്നു മാത്രമല്ല, പ്രഭാഷണത്തിന്റെ ഉള്ളടക്കത്തിലൂടെയും ഭാഷാപ്രയോഗത്തിലൂടെയും വൈകാരികപ്രകടനത്തിലൂടെയും ഗോഡ്‌സെയുടെ നിലപാടു തന്നെ വെളിപ്പെടുത്തുകയും അതിനെ ആവേശപൂർവ്വം ന്യായീകരിക്കുകയുമാണ് ചെയ്യുന്നത്. പോകെപ്പോകെ രവിചന്ദ്രനിലൂടെ ഗോഡ്‌സെ സംസാരിക്കുന്നതാണ് പ്രേക്ഷകർ കാണുന്നതും കേൾക്കുന്നതും.
ഏതാണ്ട് 20 മിനിറ്റ് വരുന്ന നാലാം ഭാഗത്തിൻറെ ബാക്കിയുള്ള സ്ലൈഡുകളുടെ ഉള്ളടക്കവും ‘ഗാന്ധി ജീവിച്ചിരുന്നെങ്കിൽ എന്തായേനെ’എന്നുള്ള കൗണ്ടർ-ഫാക്ച്വൽ തിങ്കിംഗ് തന്നെയാണ്. സ്ലൈഡുകൾ പുരോഗമിക്കുന്തോറും അവ ഗാന്ധിയുടെ പലവിധ പോരായ്മകളുടെ വിവരണമായി മാറുന്നു. സാമ്പത്തികാസൂത്രണം, നഗരവൽക്കരണം, ആധുനികത, സൈന്യം, ഇംഗ്ലീഷ് ഭാഷ, കുടുംബാസൂത്രണം ഇവയ്‌ക്കെല്ലാം എതിരായിരുന്നു ഗാന്ധി എന്ന് പ്രഭാ

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.