Monday, December 23, 2024

മകളുടെ ആർത്തവകാലങ്ങൾ

ഉമ്മുഖുൽസു ശാരീരിക തിരൾച്ചയിലേക്കെത്തുന്നത് രണ്ടായിരത്തി പത്തൊമ്പത് ഏപ്രിൽ ആറാം തീയതിയാണ്.
അതും ഊട്ടിയിലേക്കുള്ളൊരു തീവണ്ടിയാത്രക്കിടയിൽ. അവൾ ഗർഭത്തിൽ ഉരുവമായത് അറിഞ്ഞ നാളുകളിലെ ആനന്ദംപോലെയല്ലാത്ത ഒന്നാണ് മനസിൽ കലങ്ങിമറിഞ്ഞത്. നേരത്തേയാണോ വൈകിയാണോ അവളുടെ ശരീരം ആ ദൗത്യം പൂർത്തിയാക്കിയത് എന്ന ആശങ്കയിലേക്കാണ് മനസ് ചെന്നുതടഞ്ഞത്. ഒടുവിൽ അവൾതന്നെ പറഞ്ഞു; പല സഹപാഠികളും മുൻകൊല്ലങ്ങളിൽത്തന്നെ ഈ ശാരീരിക ക്രമീകരണങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന്. ആശ്വാസം.

ഇപ്പോൾ അവൾക്കിത് മുപ്പത്തിആറാമത്തെ ആർത്തവകാലമാണ്. ഓരോ തവണയും അത്രയധികം വേദനതിന്നുകോടിപ്പോകുന്ന മൂന്നുനാലു ദിവസങ്ങളിലേക്കവൾ റദ്ദുചെയ്യപ്പെട്ടുപോകും. വീട്ടിൽ അങ്ങനെ ഒരാൾ ഇല്ലെന്ന വിധം പുതപ്പുമടക്കുകൾക്കകമേ ഒരടയാളം മാത്രമാവും അവൾ. എല്ലാമാസവും ആറാം തീയതിക്കുമുന്നത്തെ കുശലാന്വേഷണങ്ങൾക്കിടയിൽ അടുത്ത രണ്ടുമൂന്നു ദിവസങ്ങളിലെ അസഹ്യവേദനയും കൂട്ടിനെത്തിയേക്കാവുന്ന ശർദ്ദിയും ക്ഷീണവുമൊക്കെ ഞങ്ങൾ അപ്പനും മകളും വിശകലനം ചെയ്യും.

പലതവണയായി രണ്ടുമൂന്നു ഡോക്ടറെ കണ്ട്, ‘ചില പെൺകുട്ടികൾക്ക് ഇങ്ങനെയൊക്കെത്തന്നെയാണെന്ന ഉപദേശവും മരുന്നുമായി മടങ്ങി’ കഴിക്കുന്നത് അത്ര പന്തിയല്ലെന്ന മുൻകൂർജാമ്യത്തോടെ കുറിച്ചുതന്ന വേദനസംഹാരി പലപ്പോഴും മേശവലിപ്പിൽത്തന്നെയുണ്ടാവും. വേദനയും മരുന്നും ഉഭയസമ്മതത്തോടെ ഇടപെടാനാവാതെ പലപ്പോളും കാലഹരണപ്പെട്ടു.

അവളുടെ ഈ കോടിക്കിടപ്പുകാലത്തിലേക്ക് ഒരു അവധിക്കാലവും തൂക്കിപ്പിടിച്ച് ഞാൻ കയറിവരുന്നത് ആദ്യമായാണ്. കടും വേനലാണ്. ഇറയത്തേക്കൊന്ന് ഇറങ്ങി നില്ക്കുമ്പോളേക്കും തളർന്നുപോകുന്ന ചൂടാണ്. ഇക്കാലമത്രയും കഴിഞ്ഞുകൂടിയ മരുഭൂമി ഇത്രക്ക് ഉഗ്രതാപം എന്റെ മൂർദ്ധാവുതുരന്ന് അകത്തേക്കു നിറച്ചിട്ടില്ല ഇതേവരെ!

ഈ കടുംവേനലിൽ അസാധാരണമായി മാസാമാസം രക്തം വാർന്നുപോകുന്ന പെൺകുഞ്ഞുങ്ങളുടെ ക്ഷീണാവസ്ഥകളെ പരിഗണിക്കേണ്ടതുണ്ട്. ഒരു തലോടൽ, ചേർത്തുപിടിപ്പ്, കുടിക്കാനിത്തിരി വെള്ളംതരട്ടേ എന്ന ചോദ്യം, പാഡ് മാറ്റിയോ എന്ന കുശലാന്വേഷണം എന്നിവക്ക് അച്ഛനും ഇക്കാലങ്ങളിൽ ഉത്തരവാദിത്വമുണ്ട്. വേനലിൽ, പക്ഷികൾക്കു തൊടിനിറയെ പാത്രങ്ങളിൽ വെള്ളം വെച്ചുകൊടുക്കുന്ന നമ്മൾ അകത്തിങ്ങനെ കോടിക്കിടക്കുന്ന കുഞ്ഞുങ്ങളെ മറന്നുപോയേക്കാം. വിചിത്രശീലങ്ങളുടെ കൗതുക പാഠശാലയാണല്ലോ പലപ്പോളും മനുഷ്യജീവിതം.

നോക്കൂ…
ഒന്നുരിയാടി ചേർത്തു പിടിച്ചപ്പോൾ അതുവരെ വാടിക്കിടന്ന എന്റെ ഉമ്മുഖുൽസുവിന്റെ കൺതെളിമ! നിങ്ങളുടെ വീട്ടിലെ പുതപ്പുമടക്കുകൾക്കു ചോട്ടിലും ഉണ്ടാവാറില്ലേ മാസാമാസം ഇങ്ങനെ വന്നുകിടക്കുന്ന പൊൻമുളകൾ. വിരലുകളെ പരമാവധി മൃദുവാക്കി ‘അച്ഛൻ’ എന്ന സ്നേഹത്തിൽമുങ്ങി ഒന്നു തൊടൂ…

നമ്മുടെ പെൺകുഞ്ഞുങ്ങൾക്ക് ഈ ചാക്രികനോവുശമനത്തിന് വിചിത്രൗഷധം അതുമാത്രമാണ്. പിതൃസ്പർശം. അന്നേരം നമ്മളപ്പന്മാരും അനുഭവിക്കുന്നത് എന്തൊരു നിർമ്മലാനന്ദമാണ്!

by

Dharmaraj Madappally

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.