Monday, December 23, 2024

ചില സ്വവർഗ്ഗഅനുരാഗ ചിന്തകൾ

ഇപ്പോഴും നമ്മുടെ സമൂഹത്തിൽ ഭൂരിപക്ഷമാളുകൾക്കും ഉള്ള ധാരണ ‘സ്വവർഗ അനുരാഗം’ എന്നാൽ എന്തോ മാനസിക വൈകല്യം ആണെന്ന് ആണ്.
സെമിറ്റിക് മതങ്ങളാകട്ടെ അടിവരയിട്ട് പറയുന്നു അത് കൊടിയ പാപം ആണെന്ന്.
ഇന്ത്യയെ സംബന്ധിച്ച് സ്വവർഗ്ഗ അനുരാഗം പുതിയ കാര്യമല്ല. പ്രാചീന ഗ്രന്ഥമായ കാമസൂത്രത്തിൽ പോലും പുരുഷന്മാർ തമ്മിലുള്ള വദന സുരതതത്തെ പറ്റി പരാമർശം ഉണ്ടത്രേ. രണ്ടു വിധവകളുടെ ‘ഭഗ’യിൽ നിന്നും ഉണ്ടായ പുത്രനായിരുന്നു പോലും ആകാശ ഗംഗയെ ഭൂമിയിലെത്തിച്ച ഭഗീരഥൻ.
ഹിന്ദു പുരാണ കഥകളിൽ ഒരുപക്ഷേ അവരായിരിക്കുമോ ആദ്യ ലിവിങ് ടുഗെദർ ആയ ലെസ്ബിയൻസ്?
പ്രാചീന ഗ്രീക്കിലെ ലെസ്ബോസ്‌ എന്ന സ്‌ഥലത്ത്‌ ജനിച്ച മഹാകവയത്രി ആയിരുന്ന ‘സാഫോ’ യിൽ നിന്നാണ് ലെസ്ബിയൻ ഇസം എന്ന പദം ആദ്യമായി ഉരുത്തിരിയുന്നത്.
സാഫോ തത്വ ചിന്തകയും അക്കാലത്തെ അറിയപ്പെടുന്ന കവയിത്രിയും ആയിരുന്നു എങ്കിലും അവരുടെ ഒട്ടുമിക്ക രചനകളും പിന്നീട് നശിപ്പിക്കപ്പെട്ടു. കാരണം അതുവരെ പുരുഷന്റെ കണ്ണിൽ കൂടി ഉള്ള സ്ത്രീ വർണ്ണനയും ഹെട്രോ സെക്ഷ്വൽ ആയ പ്രേമ കാവ്യങ്ങളും മാത്രം പരിചയിച്ച സമൂഹത്തിന് പെണ്ണിന് പെണ്ണിനോടുള്ള പ്രണയം എന്നത് കല്ലുകടി ആകുമെന്നത് സ്വഭാവികമല്ലേ.
(മനോഹരമായ സാഫോയുടെ കവിതകളിൽ ചിലത് എൻ. പി. ചന്ദ്രശേഖരൻ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. “നീ തൊട്ടൂ ഞാൻ തീനാമ്പായ്” എന്ന പേരിൽ)
സ്വവർഗ്ഗ അനുരാഗവും സ്വവർഗ്ഗ രതിയും തമ്മിൽ അജഗജാന്തരമുണ്ട്. കാരണം, ലൈംഗിക സുഖത്തിനായി ഹെട്രോ സെക്ഷ്വൽ ആയവർ പോലും എപ്പോഴെങ്കിലും ചില സാഹചര്യത്തിൽ സ്വവർഗ്ഗ രതിയിൽ ഏർപ്പെടാറുണ്ട്. ഇതിൽ ആ പങ്കാളിയുടെ ശരീരത്തോട് കാമം തോന്നാൻ ഇടയില്ല. അവരുടെ മനസ്സുകൾ തമ്മിൽ രമിക്കുന്നും ഇല്ല. എന്നാൽ സ്വവർഗ്ഗ അനുരാഗികൾ മനസ്സു കൊണ്ട് ഒരു പുരുഷനും സ്ത്രീയും തമ്മിൽ എന്നത് പോലെ തന്നെ പ്രേമിക്കുകയാണ്.
എല്ലാ സ്വവർഗ്ഗ അനുരാഗികളും തമ്മിൽ രതിയിൽ ഏർപ്പെടും എന്നതും ഒരു മിഥ്യാ ധാരണ ആണ്.
മറ്റൊരു ഹിമാലയൻ മിഥ്യാ ധാരണ എന്തെന്നാൽ, സ്ത്രൈണത ഉള്ള പുരുഷന്മാർ ആണ് ‘ഗേ’ എന്നതും പുരുഷ സ്വഭാവം കാണിക്കുന്ന സ്ത്രീകൾ ആണ് ‘ലെസ്ബിയൻ’ എന്നതും എന്നതാണ്.
ഇതിൽ 5 % പോലും വാസ്‌തവമില്ല.
പൗരുഷത്തിന്റെ പ്രതീകമായ സിയൂസ് ദേവൻ ഒളിമ്പസ് മലയിൽ തന്റെ വീഞ്ഞു പെട്ടിയും ഏറ്റി വരാൻ സുന്ദരികളെ അല്ല സൗന്ദര്യമുള്ള തരുണൻമാരെ ആയിരുന്നു നിയോഗിച്ചത്.
മറ്റൊരു ഗ്രീക്ക് ദേവൻ അചിലസ് തന്റെ ഇണയായി കൂടെ കൊണ്ട് നടക്കുന്നത് കായിക ക്ഷമതയുള്ള പത്രോകിളസ് എന്ന യുവാവിനെ ആണെന്ന് ഗ്രീക്ക് പുരണങ്ങൾ പറയുന്നു.
1884ൽ അലക്സാണ്ടർ കിസ്ലവ് എഴുതിയ ‘അപ്പോളോയും ഹൈസിന്തും’ എന്ന പുസ്തകത്തിൽ
സൂര്യ ദേവനായ അപ്പോളോയെ പ്രണയിച്ച മാസിഡോണയിലെ ഹയാകിന്തോസ് രാജകുമാരന്റെ കഥ പറയുന്നു. യുദ്ധത്തിൽ കൊല്ലപ്പെട്ട രാജകുമാരൻ അപ്പോളോയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ഹൈസിന്ത് പൂക്കൾ ആയി ജനിച്ചു എന്നാണ് ആ നൂറ്റാണ്ടിലെ ഗ്രീക്ക് വിശ്വാസം.
കേരളത്തിൽ LGBT അവകാശങ്ങളെ പറ്റി സമൂഹം അറിഞ്ഞു കൊണ്ടിരിക്കുന്നു എങ്കിലും ഇപ്പോഴും ഇതൊക്കെ പാപമെന്നോ മാനസിക വൈകല്യമെന്നോ കരുതുന്ന ആളുകളുടെ ഇടയിൽ അവർ ക്രൂശിക്കപ്പെടുകയാണ്.
ഈ അടുത്ത കാലത്ത് ഇറങ്ങിയ ‘ഞാൻ മേരിക്കുട്ടി’ പോലുള്ള സിനിമകൾ വളരെ ഉറച്ച ശബ്ദത്തിൽ വ്യക്തമായി പറയുന്നു എന്താണ് ട്രാൻസ് ജണ്ടർ, എന്താണ് ട്രാൻസ് സെക്ഷ്വൽ എന്നത്. ജീവിക്കാൻ വേറെ മാർഗ്ഗം ഇല്ലാതെ ശരീരം വിൽക്കേണ്ടി വരുന്ന ഹിജഡകളെ മാത്രമേ ഏതോ കാലത്തേക്ക് മുഖം തിരിച്ചു ഇരിക്കുന്ന അപരിഷ്കൃത സമൂഹം കണ്ടിട്ടുള്ളു. പല സിനിമകളും തെറ്റായ സന്ദേശം ആണ് കൊടുത്തിരുന്നതും.
കാലത്തിന്റെ മുമ്പേ സഞ്ചരിച്ച പദ്മരാജന്റെ ‘ദേശാടനക്കിളി കരയാറില്ല’എന്ന ചിത്രമാവണം ലെസ്ബിയൻ ബന്ധത്തിന്റെ ആഴവും നിസ്സഹായതും ഒക്കെ പറയാതെ പറഞ്ഞ ആദ്യ മലയാള ചിത്രം. ശാരിയും കാർത്തികയും ആയിരുന്നു പ്രധാന വേഷത്തിൽ.
‘സൂഫി പറഞ്ഞ കഥ’ യിൽ പ്രകാശ് ബാരെ മലപ്പുറത്തെ ഗ്രാമത്തിലെ ബൈസെക്ഷ്വൽ ആയ കഥാപാത്രമായി വന്നിരുന്നു.
മുംബൈ പൊലീസ് ൽ പൃഥ്വിരാജിന്റെ വേഷം ഗേ ആയിട്ടായിരുന്നു. പക്ഷെ സംവിധായകന് ഇക്കാര്യത്തിൽ ഉള്ള ധാരണ അപൂർണ്ണവും തെറ്റായതുമാണ്. അരവിന്ദ് സ്വാമി നായകനായ ‘ഡിയർ ഡാഡ്’ എന്ന ചിത്രത്തിൽ അദ്ദേഹവും ബൈസെക്ഷ്വൽ എന്നോ ഗേ എന്നോ നിർവചിക്കാൻ പറ്റാത്ത ഒരു വേഷത്തിൽ വന്നിരുന്നു.
ആളുകൾ വലിയ സങ്കീർണതയോടെ കാണേണ്ട ഭീകര സംഭവം ഒന്നുമല്ല ഈ സ്വവർഗ്ഗ അനുരാഗം. ഇത് മനുഷ്യന്റെ ഉല്പത്തി കാലം തൊട്ടേ ഉള്ള കാര്യമാണ്. നമുക്ക് ഇഷ്ടമില്ലാത്തതിനെയും വലിയ അറിവില്ലാത്തതിനെയും ഒക്കെ കുറ്റം പറയുക എന്നത് നമ്മുടെ നാട്ടിലെ ശീലമാണ്.
കഴിഞ്ഞ ദിവസം homo sexual വിവാഹങ്ങളെ പറ്റി ഞാൻ അഭിപ്രായം എഴുതിയപ്പോൾ കണ്ടതാണ് ചിലരുടെ അരിശം. എന്നാൽ പിന്നെ അവരും കൂടി ഇതും വായിക്കണം എന്നു കരുതി ആണ് ഇപ്പോൾ വീണ്ടും എഴുതിയത്.

By

Dipin Jayadeep

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.