Monday, December 23, 2024

ഭൗമേതര ജീവൻ ? യാഥാർഥ്യത്തോടടുക്കുമ്പോൾ

കഥയും കാല്പനികതയും മിത്തും യാഥാർഥ്യവുമെല്ലാം ചേർന്ന് കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു സങ്കീർണ ചിത്രമാണ് ഭൗമേതര ജീവന്‍ നമുക്കു മുന്നില്‍ സൃഷ്ടിക്കുന്നത്. മനുഷ്യന്‍ സ്വപ്‌നം കാണാന്‍ തുടങ്ങിയതു മുതല്‍ ഭൗമേതര ജീവനും പിറവിയെടുത്തു. ഭാവനകള്‍ നിറംപിടിപ്പിച്ച അന്യഗ്രഹ നാഗരികത ഇന്ന് സാങ്കേതികവിദ്യയുടെ ചിറകിലേറി യാഥാർഥ്യത്തോടടുക്കുകയാണ്. ആ ചരിത്രമുഹൂർത്തത്തിന് സാക്ഷ്യംവഹിക്കാനുള്ള ഭാഗ്യം ഈ തലമുറയ്ക്കു ലഭിക്കുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.

എച്ച്.ജി. വെല്ലിന്റെ ‘വാര്‍ ഓഫ് ദി വേൾഡ്സ്’ എന്ന നോവലില്‍ അന്യഗ്രഹങ്ങളിൽ നിന്നെത്തുന്ന വിചിത്രജീവികള്‍ ഭൂമിയെ ആക്രമിക്കുന്നതു വിവരിച്ചിട്ടുണ്ട്. അവരുടെ കൈകളില്‍ യന്ത്രത്തോക്കുകൾക്കു പകരം മാരക രശ്മികള്‍ ഉത്സർജിക്കുന്ന ഉപകരണങ്ങളാണുള്ളത്. ടാങ്കുകൾക്കും യുദ്ധവിമാനങ്ങൾക്കും പകരം കില്ലര്‍ റോബോട്ടുകളും പറക്കും തളികകളുമാണ് അവര്‍ ഉപയോഗിക്കുന്നത്. വളരെ പെട്ടെന്നു തന്നെ ഭൂമിയിലെ മഹാനഗരങ്ങളെല്ലാം അവര്‍ ആക്രമിച്ചു കീഴടക്കി. അവരുടെ മുന്നേറ്റം തടയുന്നതിന് മനുഷ്യന്‍ കണ്ടുപിടിച്ച ഒരായുധങ്ങൾക്കും യന്ത്രങ്ങൾക്കും കഴിഞ്ഞില്ല. ഒടുവില്‍ അവര്‍ തോറ്റോടിയത് ഭൂമിയിലെ സൂക്ഷ്മജീവികളുടെ മുന്നിലാണ്. ഇവിടുത്തെ, ബാക്ടീരിയകളെയും വൈറസുകളെയും നേരിടാന്‍ അവർക്കത്ര പരിചയം പോര.

വെല്സിന്റെ നോവലിനെത്തുടർന്ന് നൂറുകണക്കിന് നോവലുകളും സിനിമകളുമാണ് അന്യഗ്രഹ ജീവികളുടെ ആക്രമണവുമായി ബന്ധപ്പെട്ട് ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ പുറത്തിറങ്ങിയത്. പറക്കും തളികകളുടെ ഭൗമസന്ദർശനവും ലോകാവസാനവുമെല്ലാം അന്യഗ്രഹജീവികളുടെ ആക്രമണവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കപ്പെട്ടു. ഇത്തരം അന്യഗ്രഹജീവികൾക്ക് അഥവാ ഏലിയനുകൾക്ക് നോവലിസ്റ്റിന്റെയും തിരക്കഥാകൃത്തിന്റെയും ഭാവനയ്ക്കനുസരിച്ച് നിരവധി രൂപങ്ങളും കൈവന്നു. പൊതുവെ ഏലിയനുകള്‍ വലിയ തലയും പച്ച ശരീരവുമുള്ള ജീവികളായാണ് അവതരിപ്പിക്കപ്പെട്ടത്. ഏറെക്കുറെ മനുഷ്യരൂപം തന്നെയാണ് അവയ്ക്കുമുണ്ടായിരുന്നത്. സ്‌നേഹം, ദയ, കാമം, ദേഷ്യം തുടങ്ങിയ പല മാനുഷിക വികാരങ്ങളും അവർക്ക് ചാർത്തി ക്കൊടുക്കുന്നതിലും എഴുത്തുകാര്‍ മടികാണിച്ചില്ല. അതിനും പുറമെ ഈ അന്യഗ്രഹജീവികള്‍ സംസാരിക്കുന്നത് ശുദ്ധ ആംഗലേയ ഭാഷയിലാണുതാനും!
കാർബൺ ആധാരമായുള്ള മസ്തിഷ്‌കവും അതുപയോഗിച്ചു നിർമിച്ച സിലിക്കണ്‍ മസ്തിഷ്‌കവും നമുക്ക് കുറേയെങ്കിലും പരിചിതമാണ്. എന്നാല്‍ ഒരു ഏലിയന്‍ മസ്തിഷ്‌കം, അതെങ്ങനെയായിരിക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ല. മനുഷ്യ മസ്തിഷ്‌കത്തിന്റെ ചിന്താപദ്ധതികള്‍ തന്നെയാണോ അത്തരം ജീവികളെയും നയിക്കുന്നതെന്നു പറയാനും കഴിയില്ല. മാത്രവുമല്ല, അത്തരം താരതമ്യങ്ങൾക്ക് ശാസ്ത്രീയമായ ഒരടിത്തറയുമില്ല. 2011ല്‍ സ്റ്റീഫന്‍ ഹോക്കിംഗ് ഉന്നയിച്ച ഒരു പ്രശ്‌നം ഇവിടെ ശ്രദ്ധേയമാണ്. ഭാവിയില്‍ ആണവായുധ ഭീഷണിപോലെയോ അതിനേക്കാള്‍ കരുതല്‍ വേണ്ടതോ ആണ് അന്യഗ്രഹജീവികളില്‍ നിന്നുള്ള ആക്രമണമെന്നാണ് ഹോക്കിംഗ് പറയുന്നത്. ഏതുനിമിഷവും അത്തരമൊരു ആക്രമണം ഭൂമി പ്രതീക്ഷിക്കണമെന്നും അദ്ദേഹം പറയുന്നു.

ഡ്രേക്കിന്റെ സമവാക്യങ്ങള്‍

ഭൗമേതര ജീവനേക്കുറിച്ച് അന്വേഷിക്കുന്നതിനു മുമ്പുതന്നെ ഭൂമിക്കു വെളിയില്‍, സൗരയൂഥത്തിനുമപ്പുറം ക്ഷീരപഥത്തില്‍ ജീവന്‍ ഉത്ഭവിക്കുന്നതിനും നിലനിൽക്കുന്നതിനും അനുകൂല സാഹചര്യങ്ങളുള്ള ഇടങ്ങള്‍ ഉണ്ടോ എന്ന അന്വേഷണം ശാസ്ത്രജ്ഞര്‍ ആരംഭിച്ചിരുന്നു. ഇതില്‍ പ്രധാനപ്പെട്ട ഒരു നീക്കമായിരുന്നു 1961ല്‍ അവതരിപ്പിച്ച ഡ്രേക്കിന്റെ സമവാക്യങ്ങള്‍. ഫ്രാങ്ക് ഡ്രേക്കിന്റെ കണക്കുകൂട്ടല്‍ അനുസരിച്ച് ക്ഷീരപഥത്തില്‍ പതിനായിരം കോടി നക്ഷത്രങ്ങളുണ്ട് (മുപ്പതിനായിരം കോടിയെന്നത് പുതിയ കണക്ക്). ഈ നക്ഷത്രങ്ങളുടെ പത്തുശതമാനം സൂര്യസമാന നക്ഷത്രങ്ങളാണ്. ഇവയില്‍ ഗ്രഹകുടുംബം രൂപപ്പെട്ടവ പത്തുശതമാനമാണെന്നു പരിഗണിക്കാം. ഖരോപരിതലമുള്ള ഗ്രഹങ്ങള്‍ രൂപപ്പെട്ട നക്ഷത്രങ്ങള്‍ ഇവയുടെ പത്തുശതമാനമുണ്ടെന്നും പരിഗണിക്കാം. ഇത്തരം ഗ്രഹങ്ങള്‍ മാതൃനക്ഷത്രത്തിന്റെ വാസയോഗ്യമേഖലയില്‍ കാണപ്പെടുന്ന നക്ഷത്രങ്ങളെ വീണ്ടും പത്തു ശതമാനത്തിലേക്ക് ചുരുക്കാം. ഈ സ്ഥിതിവിവരക്കണക്ക് ഇങ്ങനെ ആറ്റിക്കുറുക്കിയാല്‍ ക്ഷീരപഥത്തില്‍ വികാസം പ്രാപിച്ച പതിനായിരം നാഗരികതയെങ്കിലുമുണ്ടാകുമെന്നാണ് ഡ്രേക്ക് കണക്കുകൂട്ടിയത്. പിന്നീട് കാള്‍ സാഗന്‍ ഇതില്നിന്നും വ്യത്യസ്തമായ രീതിയില്‍ നടത്തിയ കണക്കുകൂട്ടലില്‍ ക്ഷീരപഥത്തില്‍ പത്തുലക്ഷത്തില്പരം വികാസം പ്രാപിച്ച നാഗരികതകളുണ്ടെന്ന് കണ്ടെത്തി. ഇന്ന് സാങ്കേതികവിദ്യയുടെ വളർച്ച കൂടുതല്‍ വിശ്വസനീയമായ സ്ഥിതിവിവരക്കണക്കുകള്‍ തയ്യാറാക്കാന്‍ ശാസ്ത്രജ്ഞരെ സഹായിക്കുന്നുണ്ട്. ക്ഷീരപഥത്തിലെ വാസയോഗ്യ ഗ്രഹങ്ങളുടെ എണ്ണം ഡ്രേക്കും സാഗനും കണക്കുകൂട്ടിയതിലും വളരെയധികമാണെന്ന് ഇന്ന് നമുക്കറിയാം. എന്നാല്‍, അവയില്‍ എത്രയെണ്ണത്തില്‍ ജീവന്‍ ഉദ്ഭവിച്ചു, എത്രയെണ്ണത്തില്‍ ജീവന്‍ നിലനിൽക്കുന്നു എന്നു പറയാന്‍ ഇന്നു നമുക്കു കഴിയില്ലെന്നതും യാഥാർഥ്യമാണ്. ഭൗമജീവന് 350 കോടി വർഷത്തെ പാരമ്പര്യമുണ്ട്. ഭൗമജീവന്‍ പിറവിയെടുത്ത സമയത്തുതന്നെ ഇത്തരം ഗ്രഹങ്ങളില്‍ ജീവന്‍ ഉത്ഭവിച്ചില്ലെങ്കില്‍ മാത്രമേ ഇത്തരമൊരു അന്വേഷണത്തിന് നാം പ്രതീക്ഷിക്കുന്ന പ്രതികരണമുണ്ടാവുകയുള്ളൂ.

താമസമെന്തേ വരുവാന്‍ ?

ക്ഷീരപഥത്തില്‍ മാത്രം കോടിക്കണക്കിന് വാസയോഗ്യ ഗ്രഹങ്ങളും അവയില്‍ വികാസം പ്രാപിച്ച നാഗരികതയുമുണ്ടെങ്കില്‍ അത്തരമൊരു ലോകത്തില്നിന്ന് ഇതുവരെ ആരെങ്കിലും ഭൂമിയിലേക്കൊന്ന് എത്തിനോക്കുകപോലും ചെയ്യാത്തത് എന്തുകൊണ്ടാണ്. ഈ പ്രശ്‌നം ആദ്യമായി ഉന്നയിച്ചത് ഫെർമിയാണ്. ഫെർമിയുടെ പ്രഹേളിക എന്നാണീ പ്രശ്‌നം അറിയപ്പെടുന്നത്. എന്താണ് ഇന്നുവരെ ഒരു അന്യഗ്രഹ ജീവി ഭൂമിയിലെത്താതിരുന്നത് എന്നു ചോദിച്ചാല്‍ അതിനു നിരവധി സിദ്ധാന്തങ്ങള്‍ മറുപടി പറയും. ഇവയില്‍ പ്രധാനപ്പെട്ടത് ദൂരത്തെ സംബന്ധിച്ചുള്ള സിദ്ധാന്തമാണ്. നക്ഷത്രങ്ങൾക്കിടയിലുള്ള ദൂരം തന്നെയാണ് വലിയ പ്രശ്‌നം. മനുഷ്യന്‍ നിർമിച്ചിട്ടുള്ള ഏറ്റവും വേഗമേറിയ റോക്കറ്റില്‍ സഞ്ചരിച്ചാലും സൂര്യന്റെ തൊട്ടടുത്തുള്ള നക്ഷത്രത്തിലെത്താന്‍ 70,000 വർഷങ്ങള്‍ വേണ്ടിവരും. (സൂര്യന്റെ തൊട്ടടുത്ത നക്ഷത്രമായ പ്രോക്‌സിമ സെന്റോറിയിലേക്കുള്ള ദൂരം 4.3 പ്രകാശ വർഷമാണ്). മനുഷ്യനേക്കാള്‍ ബുദ്ധിവികാസം പ്രാപിച്ച അന്യഗ്രഹജീവികളുണ്ടെങ്കില്‍ ഈ ദൂരപരിധി മറികടക്കാനുള്ള ഉപകരണങ്ങള്‍ അവര്‍ വികസിപ്പിച്ചിരിക്കും. അതൊരു സാധ്യത മാത്രമാണ്. അതോടൊപ്പം അതിബുദ്ധിമാന്മാരായ അത്തരം ജീവികള്‍ ആണവായുധങ്ങളേക്കാള്‍ മാരകമായ ആയുധങ്ങളും വികസിപ്പിച്ചിരിക്കും. അതുകൊണ്ടുതന്നെ അവർക്ക് അധികം ആയുസുമുണ്ടാകില്ല.

ഇനി ക്ഷീരപഥത്തിന്റെ വിശാലതയില്‍ നിരവധി വികസിച്ച നാഗരികതയുണ്ടെങ്കില്‍ തന്നെ അവയെല്ലാം ഭൂമിയെ തേടിവരേണ്ട കാര്യമെന്താണ് ? മറ്റു വാസയോഗ്യ ഗ്രഹങ്ങളില്‍ നിന്ന് എന്തു മേന്മയാണ് ഭൂമിക്ക് അവകാശപ്പെടാനുള്ളത് ? ഇത്തരം അന്യഗ്രഹ നാഗരികതകള്‍ അവയുടെ തൊട്ടടുത്തുള്ളവരുമായി ബന്ധം പുലർത്തുന്നുണ്ടോ എന്നും നമുക്കറിയില്ല. അന്യഗ്രഹ ജീവന്‍ ഉത്ഭവിച്ചത് ഭൗമജീവന്‍ പിറന്ന സമയത്താണെങ്കില്‍ മാത്രമേ മനുഷ്യമസ്തിഷ്‌കത്തോടു തുല്യമായ ബുദ്ധിവളർച്ചയുള്ള ജീവിവർഗം ഉണ്ടാവുകയുള്ളൂ. അതിനു മുമ്പോ അതിനു ശേഷമോ ആണ് അവിടെ ജീവന്‍ ഉത്ഭവിച്ചതെങ്കില്‍ ഒരു നക്ഷത്രാന്തര വാർത്താ വിനിമയം സാധ്യമാകില്ല. ഭൗമജീവന്‍ കാർബൺ, നൈട്രജന്‍, ഹൈഡ്രജന്‍, ഓക്‌സിജന്‍, ഫോസ്ഫറസ്, സള്ഫര്‍ എന്നീ മൂലകങ്ങള്‍ ആധാരമായുള്ള ഒരു ജൈവവ്യവസ്ഥയാണ്. ഭൗമേതര ജീവന്‍ ഈ മൂലകങ്ങള്‍ ആധാരമായി നിർമിക്കപ്പെട്ടതാണോ എന്ന് നമുക്കറിയില്ല. ഓരോ ഗ്രഹത്തിലെയും ജൈവഘടന മറ്റൊന്നിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും. ഇനി അവയെല്ലാം തന്നെ ഒരേ ഘടനയുള്ളവയാണെങ്കില്‍ തന്നെ അവര്‍ സന്ദേശങ്ങള്‍ കൈമാറുന്നതിന് വിദ്യുത്കാന്തിക തരംഗങ്ങള്‍-വിശേഷിച്ചും റേഡിയോ തരംഗങ്ങള്‍ ആണോ ഉപയോഗിക്കുന്നതെന്നും നമുക്കറിയില്ല.

മനുഷ്യമസ്തിഷ്‌കത്തേക്കാള്‍ വികാസം പ്രാപിച്ച മസ്തിഷ്‌കത്തിനുടമകളാണ് അവയെങ്കില്‍ നമ്മുടെ റേഡിയോ സന്ദേശങ്ങളോട് അവര്‍ പ്രതികരിക്കില്ല. അമീബ മനുഷ്യനുമായി സന്ദേശങ്ങള്‍ കൈമാറുന്നതിന് തുല്യമായിരിക്കുമത്. മനുഷ്യമസ്തിഷ്‌കത്തെ അപേക്ഷിച്ച് വികാസം കുറഞ്ഞ ബുദ്ധിശക്തിയാണ് അന്യഗ്രഹ ജീവികൾക്കുള്ളതെങ്കില്‍ നമ്മുടെ റേഡിയോ സിഗ്നലുകള്‍ അവർക്ക് തിരിച്ചറിയാന്‍ കഴിയില്ല. ഇനിയും കോടിക്കണക്കിന് കിലോമീറ്ററുകളും പ്രകാശവർഷങ്ങളും താണ്ടി ഭൂമിയെന്ന കൊച്ചുഗ്രഹത്തിലെത്തേണ്ട ആവശ്യം അവർക്കെന്താണ് ? മനുഷ്യന്റെ കാലഗണന തന്നെയാണോ അന്യഗ്രഹജീവികൾക്കുമുള്ളതെന്നു നമുക്കറിയില്ല. നാം അന്യഗ്രഹവേട്ട ആരംഭിച്ചിട്ട് അമ്പതുവർഷങ്ങളേ ആയിട്ടുള്ളൂ. ബുദ്ധിമാനെന്ന് സ്വയം അവകാശപ്പെടുന്ന മനുഷ്യന് എത്തിച്ചേരാന്‍ കഴിഞ്ഞത് ഭൂമിക്കപ്പുറം വെറും നാലുലക്ഷം കിലോമീറ്റര്‍ മാത്രം അകലെയുള്ള ചന്ദ്രനിലാണ് എന്ന കാര്യം മറക്കരുത്. ഒരു നക്ഷത്രാന്തര യാത്രചെയ്യാന്‍ ഒരു സഹസ്രാബ്ദത്തിനുള്ളില്‍ മനുഷ്യന് കഴിയുമെന്നു കരുതാനാവില്ല. ഒരുപക്ഷെ അതിനിടയില്‍ മനുഷ്യവർഗം ഭൂമുഖത്തുനിന്നു തന്നെ അപ്രത്യക്ഷമായേക്കാം. സ്റ്റീഫന്‍ ഹോക്കിംഗിന്റെ പ്രവചനം പോലെ അന്യഗ്രഹജീവികളുടെ ഒരു ആക്രമണം ശാസ്ത്രലോകം ഭയപ്പെടുന്നില്ല. എന്നാല്‍ സാങ്കേതികവിദ്യയിലുണ്ടായിക്കൊണ്ടിരിക്കുന്ന അഭൂതപൂർവമായ വളർച്ച കാരണം ദൂരദർശിനികൾക്ക് മുമ്പൊന്നുമില്ലാത്തവിധം പ്രകാശവർഷങ്ങൾ അകലെയുള്ള കാഴ്ചകള്‍ വ്യക്തമായി അവതരിപ്പിക്കുന്നതിന് കഴിയും. ഭൗമേതര ജീവന്‍ നേരിട്ടു കാണാന്‍ കഴിയുമെന്നു തന്നെയാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.

എന്നാണ് ആദ്യ സമാഗമം ?

എന്നാണൊരു ഭൗമേതര ജീവിയെ നമുക്ക് നേരില്‍ കാണാന്‍ കഴിയുക ? എന്നാണൊരു വിദൂര നാഗരികതയുമായി നമുക്ക് സന്ദേശങ്ങള്‍ കൈമാറാന്‍ കഴിയുക. അത്തരമൊരു മുഹൂർത്തം മനുഷ്യവർഗ്ഗത്തിന്റെ പരിണാമ ചരിത്രത്തില്‍ ഒരു സുപ്രധാന നാഴികക്കല്ലായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇനി ഏതെങ്കിലുമൊരു ദിനം ഭൗമേതര ജീവികള്‍ ഭൂമിയെത്തേടിയെത്തി എന്നിരിക്കട്ടെ. എന്തായിരിക്കും അവര്‍ ഭൂമിയെപ്പറ്റി ചിന്തിക്കുക? എന്തായിരിക്കും അവരുടെ ആഗമനോദ്ദേശ്യം? വെറുമൊരു കൗതുകത്തിലുപരി അവരുടെ സന്ദർശനത്തിന് മറ്റു ലക്ഷ്യങ്ങളെന്തെങ്കിലുമുണ്ടാകുമോ? നോവലുകളിലും സിനിമകളിലും അന്യഗ്രഹജീവികളുടെ സന്ദർശനത്തിന് വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. മനുഷ്യനെയും മറ്റു ജന്തുക്കളെയും അവര്‍ ഭക്ഷണമായി ഉപയോഗിക്കാം. ലൈംഗിക ബന്ധത്തിലൂടെ സന്താനോല്പാദനം നടത്താം. ഭൂമി കീഴടക്കി മനുഷ്യരെ മുഴുവന്‍ അടിമകളാക്കാം. ഭൂമിയിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ കൊള്ളയടിക്കാം. മനുഷ്യനെയും മറ്റു ജന്തുക്കളെയും ബയോളജിക്കല്‍ ബാറ്ററികളായി ഉപയോഗിക്കാം. നിരവധി ലക്ഷ്യങ്ങളാണ് നോവലുകളും സിനിമകളും ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഈ സങ്കല്പങ്ങൾക്കൊന്നും ശാസ്ത്രീയമായ യാതൊരു അടിത്തറയില്ലെന്നു മാത്രമല്ല അതിരുകടന്ന ഭാവന മാത്രമാണത്. സിനിമകളില്‍ കാണുന്നതുപോലെ പച്ച ഉടലും വലിയ തലയുമുള്ള ഏറെക്കുറെ മനുഷ്യരൂപമുള്ള ജീവികളായിരിക്കുമോ ഇവര്‍? എങ്ങനെയായിരിക്കും അവരുടെ ബോധമണ്ഡലം പ്രവർത്തിക്കുന്നത്?

ആദ്യം രൂപത്തിൽ നിന്നുതന്നെ തുടങ്ങാം.

ഭൂമിയുടെ അന്തരീക്ഷ ഘടനയ്ക്കും, മർദത്തിനും, ഗുരുത്വബലത്തിനും, കാലാവസ്ഥയ്ക്കുമെല്ലാം അനുകൂലനം ചെയ്യപ്പെട്ടതാണ് ഭൗമജീവന്‍. മനുഷ്യന്‍, മറ്റു ജന്തുക്കള്‍, സസ്യങ്ങള്‍ എന്ന വ്യത്യാസമൊന്നും ഇവിടെ ബാധകമല്ല. എന്നാല്‍ ഭൂമിയുടെ അന്തരീക്ഷഘടനയും ഗുരുത്വബലവുമൊന്നും ഭൗമേതര ഗ്രഹങ്ങൾക്കുണ്ടാവണമെന്നില്ല. അതുകൊണ്ട് അത്തരം ഗ്രഹങ്ങളില്‍ ഉത്ഭവിച്ച ജീവന് ഭൗമജീവന്റെ രൂപം ആരോപിക്കുന്നതില്‍ അർത്ഥമില്ലെന്നു മാത്രമല്ല, അതു തെറ്റുമാണ്. മനുഷ്യമസ്തിഷ്‌കത്തിന്റെ ചിന്താശേഷിയും വൈകാരിക തലവുമെല്ലാം അന്യഗ്രഹജീവികൾക്ക് അപരിചിതമായിരിക്കും. അന്യഗ്രഹ ജീവികളുടെ ബോധമണ്ഡലത്തെക്കുറിച്ച് ചിന്തിക്കുന്നതിനു മുമ്പ് മനുഷ്യനല്ലാതെയുള്ള മറ്റു ഭൗമജീവികളുടെ ചിന്താമണ്ഡലത്തേക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കുക.

അനിമല്‍ കോൺഷ്യസ്‌നെസ്

മൃഗങ്ങള്‍ ചിന്തിക്കാറുണ്ടോ? ഉണ്ടെങ്കില്‍ അവ എന്തായിരിക്കും ചിന്തിക്കുന്നത് ? ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പുമുതല്‍ തന്നെ തത്വചിന്തകരെ അലട്ടിയിരുന്ന ചോദ്യമാണിത്. പ്ലൂട്ടാർക്കും പ്ലിനിയുമെല്ലാം മൃഗബോധത്തേക്കുറിച്ച് നിരവധി പരാമർശങ്ങള്‍ നടത്തിയിട്ടുണ്ട്. മൃഗബോധവുമായി ബന്ധപ്പെട്ട ഒരു ഉദാഹരണം പരിശോധിക്കാം. ഒരു നായ അവന്റെ യജമാനനെ തേടിനടക്കുകയാണ്. യജമാനന്‍ പോയ വഴി അയാളുടെ മണംപിടിച്ചാണ് നായയുടെ സഞ്ചാരം. അവസാനം നായ ഒരു നാൽക്കവലയിലെത്തിച്ചേരുന്നു. ഇപ്പോള്‍ നായയുടെ മുന്നില്‍ മൂന്നു വഴികളുണ്ട്. ഇവിടെ നായ എന്താണ് ചിന്തിക്കുക ? ഇതില്‍ ഏതുവഴിയാണ് നായ (ആദ്യം) തെരഞ്ഞെടുക്കുക ? ഒന്നാമത്തെ വഴിയില്‍ കൂടി യാത്രയാരംഭിച്ച നായ ആ വഴിയില്‍ തന്റെ യജമാനന്റെ ഗന്ധമില്ലെന്നുകണ്ട് തിരിച്ചുവന്ന് രണ്ടാമത്തെ വഴിയിലൂടെ യാത്രയാരംഭിക്കും. അവിടെയും തന്റെ യജമാനന്റെ ഗന്ധം തിരിച്ചറിയാന്‍ കഴിയാതെ തിരിച്ചു വീണ്ടും നാൽക്കവലയിലെത്തുന്ന നായ മൂന്നാമത്തെ വഴിയിലൂടെ യാത്ര തുടരുമ്പോള്‍ വീണ്ടും മണത്തുനോക്കുമോ? മണത്തുനോക്കാതെ തന്നെ തന്റെ യജമാനന്‍ ഈ വഴിയിലൂടെയായിരിക്കും പോയിട്ടുണ്ടാവുക എന്നു ചിന്തിക്കാന്‍ നായക്ക് കഴിയുമോ? ഫ്രഞ്ച് ഫിലോസഫറായ മൈക്കല്‍ ഡി മൊണ്ടേയ്ന്‍ പറയുന്നത് നായകൾക്ക് അമൂർത്ത ചിന്താശേഷി ഉണ്ടെന്നാണ്. എന്നാല്‍ പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചിന്തകനായ തോമസ് അക്വിനാസ് ഇതംഗീകരിച്ചിരുന്നില്ല. നൂറ്റാണ്ടുകൾക്കു ശേഷം ചിന്തകരായ ജോണ്‍ ലോക്കും, ജോർജ് ബെർക്കിലിയും തമ്മില്‍ ഈ വിഷയത്തില്‍ നിരവധി നാളുകള്‍ ആശയസംവാദം നടത്തുകയുണ്ടായി. മൃഗങ്ങൾക്ക് അമൂർത്ത ചിന്താശേഷി ഇല്ലെന്ന നിഗമനത്തിലാണ് ഒടുവില്‍ അവര്‍ എത്തിച്ചേർന്നത്.

ഒരു പൂച്ചയെ നിരീക്ഷിക്കുക. പൂച്ച ആദ്യമായി ഒരു മുറിയില്‍ പ്രവേശിച്ചാല്‍ തറയിലെ കാർപെറ്റിലും ഭിത്തിയിലുമൊക്കെ മാന്തുന്നതു കാണാം. പൂച്ചയെ ദേഷ്യം പിടിപ്പിക്കുന്ന എന്തായിരിക്കും ആ മുറിയിലുണ്ടാവുക? എന്നാല്‍ പൂച്ച തന്റെ അതിരുകള്‍ അടയാളപ്പെടുത്തുകയാണ് ചെയ്യുന്നത്. മറ്റൊരു പൂച്ചയ്ക്ക് അവിടേക്ക് പ്രവേശനമില്ലെന്നുള്ള അടയാളമിടുകയാണ്. അതിരുകള്‍ അടയാളപ്പെടുത്താന്‍ പൂച്ച തന്റെ മലവും മൂത്രവും ഉപയോഗിക്കും. ഇനി പൂച്ച നിങ്ങളുടെ കാലുകളില്‍ മുഖമുരസുകയും മുരളുകയുമൊക്കെ ചെയ്യുമ്പോള്‍ ഓർമിക്കുക. അത് നിങ്ങളോട് സ്‌നേഹം പ്രകടിപ്പിക്കുകയോ നന്ദികാണിക്കുകയോ ചെയ്യുന്നതല്ല. മറിച്ച് നിങ്ങളുടെ ഉടമസ്ഥത പൂച്ച ഏറ്റെടുക്കുകയാണ്. കാർപെറ്റിലും ഭിത്തിയിലും ചെയ്തതുപോലെ തന്നെ. പൂച്ച നിങ്ങളെ അടിമയാക്കുകയാണ്. നിങ്ങളെ യജമാനനായി അംഗീകരിക്കുകയല്ല ചെയ്യുന്നത്. പൂച്ചയുടെ ദൃഷ്ടിയില്‍ നിങ്ങള്‍ അവന്റെ അടിമയും വേലക്കാരനുമാണ്. നിത്യേന നല്ല ഭക്ഷണവും പാർപ്പിടവുമൊരുക്കുന്ന വേലക്കാരനാണ് നിങ്ങള്‍. മറ്റു പൂച്ചകള്‍ നിങ്ങളെ സ്വന്തമാക്കാതിരിക്കാനാണ് പൂച്ച ഇടയ്ക്കിടെ ഉരസലിലൂടെ നിങ്ങളുടെ ശരീരത്തില്‍ ഹോര്‍മോണുകള്‍ നിക്ഷേപിക്കുന്നത്. പൂച്ചയുടെ കൂടെ കളിക്കുമ്പോള്‍ നിങ്ങൾക്കു പറയാന്‍ കഴിയുമോ, പൂച്ച നിങ്ങളെ കളിപ്പിക്കുകയല്ലെന്ന് ? ഇനി പൂച്ചയ്ക്കു പകരം ഒരു വവ്വാലോ, ഡോള്ഫിനോ ഒക്കെയാണെങ്കിലോ ? അവയുടെ ചിന്താധാര പാടെ വ്യത്യസ്തമായിരിക്കും. ഭൗമജീവന്റെ തൊട്ടടുത്തുള്ള മൃഗബോധം പോലും മനുഷ്യ മസ്തിഷ്‌കത്തിന്റെ ചിന്താധാരയ്ക്കപ്പുറമാകുമ്പോള്‍ അന്യഗ്രഹജീവികൾക്ക് മാനുഷിക വികാരങ്ങളും വിചാരങ്ങളുമെല്ലാം ഉണ്ടാകുമെന്ന് കരുതാനാവില്ല.

മിസ് യൂണിവേഴ്‌സ്, മിസ്റ്റര്‍ യൂണിവേഴ്‌സ്

അന്യഗ്രഹജീവികള്‍ ബുദ്ധിവികാസം പ്രാപിച്ചവയാണെങ്കില്‍ അവ താരതമ്യേന ചെറിയ ജീവികളായിരിക്കും. ബുദ്ധിവളർച്ച പ്രാപിച്ച ജീവികള്‍ വേട്ടക്കാരും ബുദ്ധികുറഞ്ഞവര്‍ ഇരകളുമായിരിക്കും. കാട്ടിലെ വേട്ടക്കാരെത്തന്നെ നോക്കാം. സിംഹവും കടുവയുമെല്ലാം വേട്ടക്കാരാണ്. കാട്ടുപോത്തും ജിറാഫുമെല്ലാം അവയേക്കാള്‍ വലിയ ജീവികളാണ്. എന്നാല്‍ അവ ഇരകളുമാണ്. ഇരകൾക്ക് ബുദ്ധിവളർച്ച കുറവും വലിപ്പം കൂടുതലുമായിരിക്കും. അതായത് ബുദ്ധിവളർച്ച പ്രാപിച്ച ജീവികള്‍ ചെറുതും ബുദ്ധി കുറഞ്ഞവ വലുതുമായിരിക്കും. വേട്ടക്കാരുടെ കണ്ണുകള്‍ മുഖത്തിന്റെ മുൻഭാഗത്തായിരിക്കും. ഇരയുടെ ത്രിമാന സ്റ്റീരിയോവിഷന്‍ ചിത്രം ലഭിക്കുന്നതിനു വേണ്ടിയാണിത്. വേട്ടക്കാരനും ഇരയും തമ്മിലുള്ള അകലം കൃത്യമായി നിർണയിക്കുന്നതിനും ഇതു സഹായിക്കും. ഇരകളുടെ കണ്ണുകള്‍ മുഖത്തിന്റെ ഇരുവശങ്ങളിലുമായാണ് കാണപ്പെടുന്നത്. വേട്ടക്കാരനെ ഇരുഭാഗത്തുനിന്നും കാണുന്നതിനു വേണ്ടിയാണ് ഈ അനുകൂലനം. ഇനി മനുഷ്യന്റെ കാര്യം പരിഗണിച്ചാല്‍ എങ്ങനെയാണ് അവന്‍ മറ്റു ഭൗമജീവികളെ അപേക്ഷിച്ച് കൂടുതല്‍ ബുദ്ധിമാനായത് ? എന്തെല്ലാം ശാരീരിക പ്രത്യേകതകളാണ് മനുഷ്യന്റെ മസ്തിഷ്‌ക വികാസത്തിന് ഉൽപ്രേരകമായത് എന്നു നോക്കാം. കുറഞ്ഞത് മൂന്നു ഘടകങ്ങളെങ്കിലും മനുഷ്യന്റെ ബുദ്ധിവികാസത്തെ സ്വാധീനിച്ചിട്ടുണ്ട്.

1. മറ്റു വിരലുകൾക്ക് അഭിമുഖമായി നില്‍ക്കുന്ന തള്ളവിരല്‍. ഉപകരണങ്ങള്‍ നിർമിക്കുന്നതിനും ഉപയോഗിക്കുന്നതിനും ഇത് മനുഷ്യന് സഹായകരമായിത്തീർന്നു.
2. വസ്തുക്കളുടെ ത്രിമാനരൂപം നൽകാൻ കഴിയുന്ന സ്റ്റീരിയോ നേത്രങ്ങള്‍
3. ഭാഷ

ഈ മൂന്നു ശേഷികളാണ് മനുഷ്യനെ ഭൗമജീവന്റെ നേതൃസ്ഥാനത്തെത്തിച്ചത്. ഭൗമേതര നാഗരികതയിലെ ബുദ്ധിവളർച്ച പ്രാപിച്ച ജീവികളെപ്പറ്റി പറയുമ്പോഴും ഇത്തരം ശാരീരിക സവിശേഷതകള്‍ പരിഗണിക്കേണ്ടിവരും. എന്നാല്‍ അവിടെയും ചില പ്രശ്‌നങ്ങളുണ്ട്. ഭൗമജീവന്റെ ഉത്ഭവത്തിനു കാരണം സൂര്യന്‍ എന്ന മാതൃനക്ഷത്രത്തിന്റെ സാന്നിധ്യമാണ്. ജീവനുത്ഭവിക്കുന്നതിനും നിലനിൽക്കുന്നതിനുമുള്ള താപം പ്രദാനം ചെയ്യുന്നത് സൂര്യനാണ്. സൗരയൂഥത്തില്‍ തന്നെ ജീവനുത്ഭവിക്കാന്‍ സാധ്യതയുള്ള ഗോളങ്ങളാണ് വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപയും ശനിയുടെ ചന്ദ്രനായ ടൈറ്റനും. ഈ രണ്ടു ഗോളങ്ങളും സൂര്യന്റെ വാസയോഗ്യ മേഖലയിലല്ല സ്ഥിതിചെയ്യുന്നത്. എന്നിരുന്നാലും ഈ രണ്ടു ഗോളങ്ങളിലും ദ്രാവക സമുദ്രങ്ങളും ജീവന്‍ നിലനില്ക്കുന്നതിനാവശ്യമായ താപവുമുണ്ട്. ദ്രാവകസമുദ്രം സ്ഥിതിചെയ്യുന്നത് ഉപരിതല പാളിക്കു കീഴെയാണ്. അതിനാവശ്യമായ താപം ലഭിക്കുന്നത് സൂര്യനിൽ നിന്നല്ല. വ്യാഴത്തിന്റെയും ശനിയുടെയും ടൈഡല്‍ ബലങ്ങളാണ് അവയുടെ ഉപഗ്രഹങ്ങൾക്ക് താപം പ്രദാനം ചെയ്യുന്നത്. ഭൗമേതര ജീവന്റെ കാര്യത്തില്‍ ഇത്തരം ടൈഡല്‍ ബലങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഈ പ്രപഞ്ചത്തിലെ മിസ്റ്റർമാരും മിസുമാരുമെല്ലാം മനുഷ്യരൂപത്തിലാകണമെന്ന് വാശിപിടിക്കരുത്.

ഭൗമേതര ജീവന്‍ ഏതുനിമിഷവും കണ്ടെത്തപ്പെടാം. എന്നാല്‍ ഭൗമേതര ജീവികളുടെ രൂപവും പ്രകൃതവുമൊന്നും പ്രവചിക്കാന്‍ കഴിയില്ല. അവർക്ക് മാനുഷിക വികാരങ്ങളും ഉണ്ടാകില്ല. അവരുടെ സാമൂഹിക ജീവിതക്രമവും നിയമങ്ങളുമെല്ലാം മനുഷ്യന് വിചിത്രമായി തോന്നാം. പക്ഷെ ഒന്നുറപ്പിക്കാം. ഈ മഹാപ്രപഞ്ചത്തില്‍ നാം തനിച്ചല്ല. ജീവന്റെ ഉന്മാദനൃത്തം ചവിട്ടുന്ന ഭൂമിക്ക് ഒരു സഹജയെ ഏതുനിമിഷവും ലഭിക്കാം. തെളിവുകളുടെ അഭാവം അങ്ങനെയൊന്നില്ല എന്നതിന്റെ തെളിവല്ല, മറിച്ച് മനുഷ്യവർഗം ആർജിച്ച സാങ്കേതികവിദ്യയുടെ പരിമിതി മാത്രമാണ്. ആ പരിമിതി മറികടക്കാന്‍ ഇനി അധികനാള്‍ കാത്തിരിക്കേണ്ടിവരില്ല. ഈ തലമുറയ്ക്കു തന്നെ അന്യഗ്രഹജീവികളെ നേരില്‍ കാണാനുള്ള ഭാഗ്യമുണ്ടാകും. ഈ രംഗത്ത് പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞര്‍ അതുറപ്പു തരുന്നുണ്ട്. ഏതുനിമിഷവും അത്തരമൊരു വാർത്ത പ്രതീക്ഷിക്കാം. ഭൗമേതര ജീവന്‍ തൊട്ടടുത്തുതന്നെയുണ്ട്… കൈയെത്തും ദൂരത്തുതന്നെ.

Dr. Sabujose

profile

ഈ വിഷയത്തെപ്പറ്റി എഴുത്തുകാരനോട് സംശയങ്ങൾ ചോദിക്കാം Click here

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.