Monday, December 23, 2024

ഹമാസും ഭഗത് സിംഗും

ആദ്യമായി,

ഹമാസ് തുടക്കമിട്ട കൂട്ടക്കുരുതിയിൽ ഇസ്രയേലിലും, തുടർന്ന് ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളിൽ ഗാസയിലുമായി ഇതിനോടകം തന്നെ കൊല്ലപ്പെട്ട ആയിരക്കണക്കിന് നിരപരാധികളായ പച്ച മനുഷ്യർക്കും കുഞ്ഞുങ്ങൾക്കും കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ....

മുസ്ലിംലീഗ് കോഴിക്കോട് നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ റാലിയാണ് വേദി. ഹമാസ് ഇസ്രായേലിൽ നടത്തിയത് ഭീകര പ്രവർത്തനമാണെന്ന് ശശി തരൂർ. ഭഗത് സിംഗിനെയും ഭീകരവാദി എന്ന് വിളിച്ചിട്ടില്ലേ എന്ന് മറുപടിയായി എം.കെ മുനീർ സാഹിബ്.

എന്നാൽ ഹമാസും ഭഗത് സിംഗും തമ്മിൽ ഒരു താരതമ്യം സാധ്യമാണോ?

ഒരിക്കലുമില്ല എന്നതാണ് വസ്തുത.

തന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സിൽ ബ്രിട്ടീഷുകാരുടെ തൂക്കുകയറിൽ അവസാനിച്ച ജീവിതമായിരുന്നു ഭഗത് സിംഗിന്റേത്. ആദ്യകാലത്ത് ഗാന്ധിയോടൊപ്പം നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുത്തുകൊണ്ട് സമര ജീവിതം നയിച്ച ഭഗത് സിംഗ് പിന്നീട് ഗാന്ധി പാത വിട്ട് വിപ്ലവ വഴി സ്വീകരിക്കുകയായിരുന്നു. പ്രധാനമായും, ലാഹോറിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ട "ലാഹോർ ഗൂഢാലോചന കേസി"ൽ പ്രതിചേർത്താണ് അദ്ദേഹത്തെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയത്. ആളുകൾ ആരും ഇല്ലാത്ത ഇടങ്ങളിലേക്കാണ് ആ ബോംബെറിഞ്ഞത്. ആർക്കും ജീവഹാനി സംഭവിക്കുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടില്ലാത്ത ആക്രമണമായിരുന്നു അത്. എന്നാൽ ഹറക്കത്തുൽ മുഖാവമത്തുൽ ഇസ്ലാമിയ്യ എന്ന "ഹമാസ്" എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? മറ്റൊരു രാജ്യത്തിലേക്ക് കരമാർഗ്ഗവും ആകാശമാർഗ്ഗവും ജല മാർഗ്ഗവും നുഴഞ്ഞുകയറി 1500 ഓളം സിവിലിയൻസിനെ കൂട്ടക്കൊല നടത്തുകയും 5000 റോക്കറ്റുകൾ ജനവാസ മേഖലയിലേക്ക് തൊടുത്തു വിടുകയും വിദേശികൾ ഉൾപ്പടെയുള്ള 200 ഓളം പേരെ ബന്ദികളാക്കി പിടിക്കുകയും ഒക്കെ ചെയ്തു കൊണ്ടാണവർ പുതിയ കലാപത്തിന് "തിരികൊളുത്തി"യത്. ഹമാസ് വിതച്ച കാറ്റാണിപ്പോൾ പശ്ചിമേഷ്യയിൽ കൊടുങ്കാറ്റായി വീശിക്കൊണ്ടിരിക്കുന്നത്. നിരുത്തരവാദപരമായ അക്രമങ്ങളിലൂടെ സ്വന്തം പൗരന്മാരുടെ ജീവനും സ്വത്തും പോലും കുരുതി കൊടുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ചവരാണ് ഹമാസ്. അതുകൊണ്ടാണ് ഹമാസിന്റെ ചെയ്തികൾ തങ്ങളുടേതല്ലെന്ന് ഒരു ഘട്ടത്തിൽ പലസ്തീൻ പ്രസിഡൻറ് മുഹമ്മദ് അബ്ബാസിന്പോലും പറയേണ്ടി വന്നത്. ഭഗത് സിംഗ് 1500 ഓളം സിവിലിയൻസിനെ കൂട്ടക്കൊല നടത്തിയ കേസിലെ പ്രതിയായിരുന്നില്ല. ബ്രിട്ടനിലേക്ക് പത്തയ്യായിരം റോക്കറ്റുകൾ തൊടുത്തുവിട്ട ആളായിരുന്നില്ല. നൂറുകണക്കിന് മനുഷ്യരെ ബന്ദികളാക്കി വിലപേശൽ നടത്തിയ ആളായിരുന്നില്ല. സിവിലിയൻസിനിടയിലേക്ക് പൊട്ടിത്തെറിക്കാൻ ചാവേറുകളെ പറഞ്ഞുവിട്ട ആളുമായിരുന്നില്ല.എത്ര പച്ച മനുഷ്യർ മരിച്ചൊടുങ്ങിയാലും സ്വന്തം മതബോധം വിജയിച്ചാൽ മതിയെന്ന് കരുതുന്നവർക്ക് മാത്രമേ ഹമാസ് ചക്കരയും കുഞ്ഞുവാവയും ഒക്കെയാവുന്നുള്ളൂ. ഗാസയിലെ സാധാരണ മനുഷ്യരുടെ ദുരിതങ്ങളിലും ദുരന്തങ്ങളിലും സങ്കടപ്പെടുന്ന ഒരാൾക്കും ഹമാസിനെ പിന്തുണക്കേണ്ട ബാധ്യതയുമില്ല.മതബോധവും പരമ്പരാഗതമായ കുടിപ്പകകളും മാറ്റിനിർത്തി വർത്തമാന യാഥാർത്ഥ്യങ്ങളെ അഭിസംബോധന ചെയ്യാൻ തയ്യാറാകുന്നിടത്തെ ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയുള്ളൂ. മതം പുറകിലേക്ക് നിൽക്കുകയും മനുഷ്യൻ മുന്നിലേക്ക് നിൽക്കുകയും ചെയ്യുന്നിടത്തെ ഈ കനൽ കെട്ടടങ്ങാനുള്ള സാധ്യതയുമുള്ളൂ. ചരിത്രം പഠിക്കാനുള്ളതാണ്. അത് വർത്തമാനകാലത്ത് ചോരപ്പുഴ ഒഴുക്കാനുള്ള അസംസ്കൃത പദാർത്ഥങ്ങളായി മാറിക്കൂട. പിടഞ്ഞ് വീഴുന്നത് എവിടെയാണെങ്കിലും "മനുഷ്യ"രാണെന്ന് ചിന്തിക്കാൻ കഴിയാതെ പോകുന്നത് വലിയ ദുരന്താവസ്ഥയാണ്.

KA Naseer
Click the 'Boost' button to push this article to more people

boost

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.