Monday, December 23, 2024

ഓറ്റെഫെ റജബി സഹാലയുടെ കഥ

അത് വല്ലാത്തൊരു കഥയാണ്.

1987 സെപ്റ്റംബർ 21 നായിരുന്നു ആ പെൺകുട്ടി ജനിച്ചത്. അവൾക്ക് അഞ്ച് വയസുള്ളപ്പോൾ ഉമ്മ ഒരു കാർ ആക്സിഡൻ്റിൽ മരണപ്പെട്ടു. വീട്ടിനടത്തുള്ള പുഴയിൽ കുഞ്ഞനുജൻ മുങ്ങി മരണപ്പെട്ടതായിരുന്നു അവളുടെ അടുത്ത ദുരന്തം. വാപ്പ മയക്കുമരുന്നിനടിമയായി. വയസ്സായ അപ്പൂപ്പൻ്റെയും അമ്മൂമയുടെയും സംരക്ഷണയിലായ ആ പെൺ കുഞ്ഞ് ഇറാനിലെ നീക നഗരത്തിൽ വളർന്നു. അവളുടെ കാര്യങ്ങളൊന്നും തന്നെ ശരിയാം വണ്ണം നോക്കാൻ ആ വൃദ്ധ ദമ്പദികൾക്ക് കഴിയുമായിരുന്നില്ല. അവൾ ‘നീകാ‘ നഗരത്തിലെ ഒരു വർണ്ണപട്ടം പോലെ ആയിരുന്നു. തികച്ചും സ്വാതന്ത്രയായി. എന്നാൽ കിരാതൻമാർ കാസ്പിയൻ തീരത്തുള്ള ആ സുന്ദര നഗരത്തിലും ഉണ്ടായിരുന്നു. രക്ഷ കർത്താക്കളുടെ ശ്രദ്ധയില്ലായ്മ ‘ നീകാ നഗരത്തിൻ്റെ ജിപ്സി പെണ്ണ് ‘ എന്ന വിളിപ്പേരുള്ള ആ പെൺകൊടിയുടെ ദുരന്തമായി കലാശിച്ചു. റെവല്യൂഷനറി ഗാർഡായി വിരമിച്ച 51 വയസുള്ള അലി ദറാബി എന്ന ഒരു ടാക്സി ഡ്രൈവറായിരുന്നു അവളുടെ പീഢകൻ. ഭാര്യയും മക്കളുമുള്ള അയാൾ ആ കുരുന്നിനെ മൂന്ന് വർഷത്തോളം പ്രലോഭനങ്ങളിൽ കുടുക്കി പീഡിപ്പിക്കുകയായിരുന്നു.

advertise
സ്കൂൾ കുട്ടികളെ, ഓറ്റെഫെ വഴി തെറ്റിക്കുന്നു എന്ന മേൽ വിലാസമില്ലാത്ത ഒരു കള്ള പരാതിയിൽ അവളെ ഇറാൻ്റെ സദാചാര പോലീസ് അറസ്റ്റ് ചെയ്തു. ഒടുവിൽ ഇറാനിലെ മത കോടതി അവൾക്കെതിരെ വ്യഭിചാരത്തിന് കേസെടുത്തു. ശരിയത്ത് നിയമ പ്രകാരം ‘Crime against chastity’ എന്ന കുറ്റത്തിന് വധ ശിക്ഷയാണ് നിലവിലുള്ളത്. ജയിലിലും അവൾക്ക് ക്രൂരമായ ലൈംഗിക പീഢനങ്ങളാണ് നേരിടേണ്ടി വന്നത്. ഒരിക്കൽ അവളെ ജയിലിൽ സന്ദർശിക്കാനെത്തിയ മുത്തശ്ശി കണ്ടത്, പീഢനങ്ങൾ കാരണം വേദന സഹിക്കാനാവാതെ മുട്ടിലിഴയുന്ന അവരുടെ പേരമകളെയാണ്. അവളുടെ വിചാരണയും വ്യത്യസ്തമായിരുന്നില്ല. മത ജീവിയായിരുന്ന ഹാജി റസായി എന്ന ഒരു ജഡ്ജിയായിരുന്നു കോടതിയിൽ. സാമ്പത്തിക പരാധീനത മൂലം ആ കുടുംബത്തിന് അവൾക്ക് വേണ്ടി ഒരു വക്കീലിനെ വയ്ക്കാൻ കഴിഞ്ഞിരുന്നില്ല. വെറും16 വയസുമാത്രമുണ്ടായിരുന്ന അവളുടെ ശരീര വളർച്ച നോക്കി ആ ജഡ്ജി അവൾക്ക് 22 വയസായി എന്ന് വിധിയെഴുതി. നിരന്തര പീഡനങ്ങൾക്കിടയിൽ അവളെ കൊണ്ട് സമ്മതിപ്പിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ വിധി പറയാൻ തുടങ്ങി. കാര്യങ്ങൾ പിടി വിട്ടു പോകുമെന്ന് മനസിലായ ആ പാവം പെൺകുട്ടി തൻ്റെ നിരപരാധിത്വം ആ പ്രതികൂട്ടിൽ നിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. താനല്ല തെറ്റുകാരിയെന്നും തന്നെ പീഡിപ്പിച്ച അയാൾക്കാണ് ശിക്ഷ നൽകേണ്ടതെന്നും അലറി കരഞ്ഞു കൊണ്ട് പറഞ്ഞു. ഒന്നും ചെവിക്കൊള്ളാത്ത ആ നീതി പീഠത്തിൻ്റെ അപഹാസ്യത താങ്ങനാവാതെ അവൾ തൻ്റെ ഹിജാബ് ഊരി മാറ്റി. കാലിലെ ചെരിപ്പഴിച്ച് ആ ജഡ്ജിക്ക് നേരെ എരിഞ്ഞു. കോടതിയിൽ ഹിജാബ് മാറ്റുന്നത് അത്യന്തം കുറ്റകരമാണ്. കലിപൂണ്ട ജഡ്ജി ഒരു നിമിഷം പോലും താമസിയാതെ വിധി പറഞ്ഞു.. പരസ്യമായി തൂക്കികൊല്ലാൻ. അയാളുടെ കലി അവിടം കൊണ്ടും തീർന്നില്ല. ആ ശിക്ഷാ വിധി അംഗീകരിപ്പിക്കാനായി നേരിട്ട് സുപ്രീം കോടതിയിൽ പോയി സമ്മർദം ചെലുത്തി, വിധി ശരിവയ്പ്പിച്ചു..

advertise

 

 

ഒടുവിൽ വിധി നടപ്പിലാക്കുന്ന ദിനമെത്തി. 2004ഓഗസ്റ് 15. അന്ന് ഞായറാഴ്ച്ച ആയിരുന്നു. രാവിലെ 6 മണി. അവിടുണ്ടായിരുന്ന ചെറു ജനക്കൂട്ടത്തെ അതിശയിപ്പിച്ചു കൊണ്ട് അവളെ തൂക്കി കൊല്ലാൻ ആ ജഡ്ജി തന്നെ നേരിട്ടെത്തി. ഒരു ക്രെയിനിൽ ആയിരുന്നു തൂക്കു മരത്തട്ട്. കണ്ണ് മൂടിക്കെട്ടിയ അവളുടെ കഴുത്തിൽ ജഡ്ജി കുരുക്ക് മുറുക്കി. തട്ട് വലിച്ചു. 45 മിനിറ്റോളം അവളെ ക്രെയിനിൽ തന്നെ തൂക്കിയിട്ടു. പിന്നീട് തറയിൽ കിടത്തിയ ആ മൃതദേഹത്തിൽ നോക്കി അയാൾ പുലമ്പി "നാക്ക് കാണിച്ചതിനു അവൾ ഒരു പാഠം പഠിച്ചു".. അവളുടെ കല്ലറ പിറ്റേ ദിവസം പൊളിഞ്ഞു കിടന്നു. മൃതദേഹം നഷ്ടപ്പെട്ടിരുന്നു. അത് ഇതുവരെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല..

part of article

ലോകമാകെ കൊലയ്ക്കെതിരെ വൻപിച്ച പ്രധിഷേധം ഉയർന്നു.. അവളുടെ ജനന സർട്ടിഫിക്കറ്റും ഐഡി കാർഡും ഹാജരാക്കപ്പെട്ടു.16 വയസ് എന്ന സത്യം സുപ്രീം കോടതി തിരിച്ചറിഞ്ഞു. അവൾക്ക് നീതി കിട്ടിയില്ല എന്ന കാര്യവും സമ്മതിക്കേണ്ടി വന്നു. എന്നിട്ട് എന്ത് കാര്യം. ആംനെസ്റ്റിക് ഇന്ററണാക്ഷണൽ സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു. അവളുടെ കൊല മനുഷ്യ രാശിക്കെതിരെയുള്ള ക്രൈം മാത്രമല്ല ലോകത്താകമാനമുള്ള കുട്ടികൾക്കെതിരെ ഉള്ളത് കൂടിയാണെന്ന് അവർ ഇറാനെ അറിയിച്ചു.

ഒരു സെച്ഛാധിപത്യ ഭരണകൂടം ആ പെൺകുട്ടിയോട് കാട്ടിയ നെറികേട് ചരിത്രം മറക്കില്ല.
നമ്മുടെ രാജ്യത്തെ ശിക്ഷകൾ കുറഞ്ഞു പോയെന്നാണ് ഒരു കൂട്ടമാളുകൾ ഇപ്പോഴും പറഞ്ഞു നടക്കുന്നത്.നിങ്ങൾ ഓർക്കുക ഇതെല്ലാം നമ്മുടെ പ്രിയപ്പെട്ടവരോ, നമ്മൾ തന്നെയോ അനുഭവിക്കേണ്ടി വരുന്ന അവസ്ഥ. ഒന്നേ പറയാനുള്ളൂ നമ്മുടെ ജനാധിപത്യം സംരക്ഷിക്കുക. കണ്ണിലെ കൃഷ്ണമണി പോലെ.

By
AV

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.