Monday, December 23, 2024

ജയ് ഭീം

തലക്കെട്ടിൽ നിന്ന് അംബേദ്കറിന്റെ കാലം പ്രതീക്ഷിച്ചെങ്കിലും തൊണ്ണൂറുകളിൽ നടന്ന ഒരു യഥാർത്ഥ സംഭവം തനിമ ചോരാതെ അവതരിപ്പിച്ചതാണ് ചിത്രത്തിലെ ആദ്യ സർപ്രൈസ്! സ്വാതന്ത്ര്യം ലഭിച്ചു 47 വർഷം കഴിഞ്ഞിട്ടും മനുഷ്യനെന്ന സ്റ്റാറ്റസ് ലഭിക്കാത്ത ദളിതന്, സ്വന്തമായി ഒരു വിലാസം പോലും ഇല്ലാത്ത അവസ്ഥ കൃത്യമായി വരച്ചു കാട്ടുന്നു. ഇക്കാരണം കൊണ്ടു തന്നെ അവന് അർഹമായ പൗരത്വവും വോട്ടവകാശവും ജാതി സർട്ടിഫിക്കറ്റും എല്ലാം നിഷേധിക്കപ്പെടുന്നു. അധികാരം ദളിതനിലേക്കുകൂടി പങ്കുവയ്ക്കാൻ വിഭാവനം ചെയ്യപ്പെട്ട സംവരണത്തെ പറ്റി അവനു ചിന്തിക്കാൻ കൂടി കഴിയാത്ത പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.

Advertise

Click here for More Info

advertise

ദളിതനെ കുറ്റവാളിയാക്കിയാൽ ചോദിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ് ചിത്രത്തിലെ ആദ്യ സീൻ പറയുന്നത്. ലോക്കപ്പിൽ ദളിതനേൽക്കുന്ന മർദനങ്ങൾക്ക് ആരും കണക്കു ബോധിപ്പിക്കേണ്ടതില്ല. ആദ്യ സീനിൽ നിന്ന് തുടങ്ങി, ഒരു ദളിത് പെൺകുട്ടി കാലിൻമേൽ കാലു കയറ്റി ഇരുന്ന് പത്രം വായിക്കുന്നതും അത് നായകനായ ചന്ദ്രു പ്രോത്സാഹിപ്പിക്കുകതും സുന്ദരമായി ആവിഷ്കരിച്ച അവസാന രംഗം വരെയുള്ള രണ്ടേ മുക്കാൽ മണിക്കൂർ, സ്ക്രീനിൽ നിന്നു കണ്ണെടുക്കാൻ തോന്നാത്ത വിധം മനോഹരമായി അവതരിപ്പിക്കാൻ സംവിധായകനു കഴിഞ്ഞിട്ടുണ്ട്.

ദളിത് പുരുഷന്റേതിനെക്കാൾ സങ്കീർണ്ണമാണ് ദളിത് സ്ത്രീയുടെ പ്രശ്നങ്ങൾ. ദളിത് വിഭാഗത്തിൽ പെടുന്നതു കൊണ്ടു തന്നെ അവളെ കസ്റ്റഡിയിലെടുക്കാൻ വനിതാ പോലീസ് വേണമെന്ന നിബന്ധനയെ പറ്റി പോലീസ് ഉദ്യോഗസ്ഥർ ചിന്തിക്കുന്നതു പോലുമില്ല. എന്നാൽ ഈ അനീതികൾക്കെല്ലാം പരിഹാരമായി വരുന്നത് ഡോ.ഭീം റാവു അംബേദ്കർ നിർമിച്ച ഭരണഘടനയാണ്. നിയമവാഴ്ച നിലനിൽക്കുന്ന രാജ്യത്ത് അനീതിക്കെതിരെയുള്ള ഏറ്റവും നല്ല ആയുധം നിയമമാണെന്നും അക്രമമല്ലെന്നും ചിത്രം തെളിയിക്കുന്നുണ്ട്.

ചിത്രത്തിലെ ഏറ്റവും മനോഹരമായ രംഗം അതിന്റെ അവസാന രംഗമാണെന്നു നിസംശയം പറയാനാവും. മുന്നോക്ക വിഭാഗത്തിൽ പെടുന്ന സ്ത്രീകൾക്കു പോലും ഇന്നും നിഷേധിക്കപ്പെടുന്ന കാര്യമാണ് ഇഷ്ടമുള്ളതു പോലെ ഇരിക്കാനുള്ള സ്വാതന്ത്ര്യം. കാലിന്റെ പൊസിഷൻ മാറിയാൽ നഷ്ടപ്പെടുന്ന 'അഭിമാനം' ദൂരെയെറിഞ്ഞ്, കാലിന്മേൽ കാലു കയറ്റിയിരിക്കുന്ന ആ ദളിത് പെൺകുട്ടി ഒരുപാട് പ്രതീക്ഷകൾ നല്കുന്നു. അവളെ പോലുള്ളവരിൽ അധികാരം എത്തിച്ചേർന്നാൽ അത് അടിച്ചമർത്തപ്പെടുന്നവന്റെ വിജയമാണ്. അതാണ് ഡോ. ഭീം വിഭാവനം ചെയ്ത സംവരണം പോലുള്ള പോസിറ്റീവ് വിവേചനങ്ങളുടെ ലക്ഷ്യവും. ജയ്ഭീം...

NB/- ചിത്രത്തിൽ, വിഷപ്പാമ്പു കടിച്ചാൽ നാട്ടു വൈദ്യം ഫലവത്താകുമെന്നു തോന്നിക്കുന്ന രീതിയിലുള്ള രംഗങ്ങളുണ്ട്. ഇത് ശാസ്ത്രവിരുദ്ധവും തെറ്റിധാരണ ഉണ്ടാക്കുന്നതും ആണ്.

by
Anup Issac

profile

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.