Monday, December 23, 2024

നിങ്ങളെന്തിനാണ് സൈക്കോളജി പഠിക്കുന്നത് ?

കോതമംഗലം ഇന്ദിരാഗാന്ധി കോളേജിൽ സൈക്കോളജി പഠിക്കുന്ന കുട്ടികളോട് ആണ് ചോദ്യം..,

നിങ്ങൾ എന്തിനാണ് സൈക്കോളജി പഠിപ്പിക്കുന്നത് ?

മേൽപ്പടി കോളേജിലെ Bsc സൈക്കോളജി പഠിക്കുന്ന കുട്ടികൾ തിരുവനന്തപുരം മെന്റൽ ഹെൽത്ത് സെന്ററിലേക്ക് (Mental Health Centre) ഒരു ഇൻഡസ്ട്രിയൽ വിസിറ്റ് നടത്തിയിരിക്കുന്നു. 'ഊളമ്പാറ മെന്റൽ ഹോസ്പിറ്റലി'ലേക്ക് ഇൻഡസ്ട്രിയൽ വിസിറ്റ് നടത്തുന്നു എന്ന് പോസ്റ്റർ അടിച്ച് സോഷ്യൽ മീഡിയയിലൂടെ നാടെമ്പാടും വിതരണം ചെയ്തിട്ടാണ് സൈക്കോളജി ഡിപ്പാർട്ട്മെന്റ് കുട്ടികളെയും കൂട്ടി തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് സന്ദർശനത്തിന് പുറപ്പെട്ടത് എന്നാണ് അറിയുന്നത്.

part of article

മാന്യരെ, തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ഔദ്യോഗിക നാമം 'Mental Health Centre Thiruvananthapuram' എന്നാണ് അല്ലാതെ ഊളമ്പാറ മെന്റൽ ഹോസ്പിറ്റൽ എന്നല്ല. 1870ൽ സ്ഥാപിതമായ ഈ ആതുരാലയത്തിന്റെ ഔദ്യോഗിക നാമം 1985 ൽ തന്നെ മെന്റൽ ഹെൽത്ത് സെന്റർ തിരുവനന്തപുരം എന്നാക്കി മാറ്റിയ വിവരം നിങ്ങൾ ഇനിയും അറിഞ്ഞിട്ടില്ലേ ? 2017ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ Mental Health Care Law (Ref/- Click here) മാനസിക ആരോഗ്യ കേന്ദ്രങ്ങളെയും ആശുപത്രികളെയും 'Mental Health Establishment' എന്ന പേരിൽ വിളിക്കണം എന്നു നിഷ്കർഷിച്ചത് നിങ്ങൾക്ക് ബാധകമല്ലേ ? ഇന്ദിരാഗാന്ധി കോളേജിലെ സൈക്കോളജി ഡിപ്പാർട്ട്മെന്റിന് തിരുവനന്തപുരം മെന്റൽ ഹെൽത്ത് സെന്റർ ഇപ്പോഴും 'ഊളമ്പാറ മെന്റൽ ആശുപത്രി'യാണ്.

advertise

തിരുവനന്തപുരം നഗരത്തിന്റെ പ്രാന്ത പ്രദേശത്തായി പേരൂർക്കടക്കും ശാസ്തമംഗലത്തിനും ഇടയ്ക്ക് സ്ഥിതി ചെയ്യുന്ന ഊളമ്പാറ എന്ന സ്ഥലത്താണ് മാനസികാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. പതിറ്റാണ്ടുകളായി ഊളമ്പാറ എന്ന സ്ഥലവും സ്ഥലപ്പേരും മലയാളികളുടെ പൊതുബോധത്തിൽ മാനസികരോഗവും രോഗികളുമായി ബന്ധപ്പെട്ട് Stigmatized ആണ്. കുറുക്കൻ അഥവാ കുറുനരി എന്നാണ് ഊളൻ എന്ന വാക്കിന്റെ അർത്ഥം. ഊളന്മാർ അഥവാ കുറുനരികൾ കൂട്ടമായി താമസിക്കുന്ന പാറ നിറഞ്ഞ പ്രദേശം എന്ന അർത്ഥത്തിലാണ് ഊളമ്പാറ എന്ന സ്ഥലപ്പേര് ഉണ്ടായതെന്ന് സ്ഥലനാമ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. ഇവിടെ മാനസികാരോഗ്യ കേന്ദ്രം സ്ഥാപിതമായതിനുശേഷം 'ഊളമ്പാറ' എന്ന പേര് Stigmatize ചെയ്യപ്പെടുകയാണ് ഉണ്ടായത്. ക്രമേണ നാടൻ വാമൊഴിയിലും ജനപ്രിയ കലാരൂപങ്ങളിലും എല്ലാം 'ഊളൻ' എന്ന വാക്ക് മാനസികരോഗികളെ സൂചിപ്പിക്കുന്ന പര്യായപദമായി ഉപയോഗിക്കപ്പെട്ടു തുടങ്ങി. പരിഹാസ്യമായ എന്തെങ്കിലും ഒരാൾ പറഞ്ഞാൽ അതിന് 'ഊളത്തരം' എന്നും വിഡ്ഢിത്തം പറയുന്നവൻ എന്ന അർത്ഥത്തിൽ 'ഊള' എന്നുമൊക്കെ വ്യവഹാരഭാഷയിൽ ഉപയോഗിച്ചു തുടങ്ങി. സോഷ്യൽ മീഡിയയിലെ ട്രെൻഡിങ് വാക്കായ 'മരയൂള' എന്ന പദവും ഊളമ്പാറ എന്ന സ്ഥലപ്പേരിൽ നിന്നും മാനസിക രോഗങ്ങളെക്കുറിച്ചുള്ള Stigma യിൽ നിന്നും പരിണമിച്ചുണ്ടായതാണ്. ആധുനിക സമൂഹം മാനസികരോഗ ചികിത്സാലയങ്ങളെ 'മെന്റൽ ആശുപത്രി' എന്നു പറയാറില്ല. മറിച്ച് മാനസികാരോഗ്യ കേന്ദ്രങ്ങൾ എന്നാണ് സൂചിപ്പിക്കാറുള്ളത്. അപ്പോഴാണ് കോതമംഗലം ഇന്ദിരാഗാന്ധി കോളേജിൽനിന്ന് സൈക്കോളജി വിദ്യാർത്ഥികളെയും കൂട്ടി ഊളമ്പാറ മെന്റൽ ആശുപത്രിയിലേക്ക് ഇൻഡസ്ട്രിയൽ വിസിറ്റ് എന്നും പറഞ്ഞ് ഒരു സൈക്കോളജി ഡിപ്പാർട്ട്മെന്റ് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്....!

advertise


പൊതുവേ കേരളത്തിലെ സൈക്കോളജി പഠിക്കുന്ന കുട്ടികളുടെ സിലബസ് വലിയൊരു ഭാഗവും പരമ അബദ്ധമാണ്. ശാസ്ത്രീയ അറിവുകൾക്ക് പകരം കാലഹരണപ്പെട്ട സിദ്ധാന്തങ്ങളും Scientific evidence തീരെയില്ലാത്ത Armchair Philosophy യും കുറച്ച് ചരിത്രവുമൊക്കെ കുത്തി നിറച്ച ഒരു അവിയൽ ആണ് സൈക്കോളജി സ്റ്റുഡൻസിന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന സിലബസ്. ഈയടുത്തകാലത്ത് ഏതോ കോളേജിൽ സൈക്കോളജി സ്റ്റുഡൻസിന് ക്ലാസ് എടുക്കാൻ യൂട്യൂബിൽ താരമായ ഒരു മെന്റലിസ്റ്റിനെ (Mentalist) വിളിച്ചുവരുത്തി എന്ന് പറഞ്ഞു കേട്ടു. മെന്റലിസം (Mentalism) എന്നുപറയുന്നത് മാജിക് ആണെന്നും അതൊരു കലാപ്രകടനം മാത്രമാണെന്നും മാനസികാരോഗ്യവുമായി അതിന് ബന്ധമൊന്നുമില്ല എന്നും ഈ സൈക്കോളജി അധ്യാപകർക്ക് ആരും പറഞ്ഞു കൊടുക്കാത്തതാണോ അതോ അറിഞ്ഞുകൂടാത്തതാണോ...!വ്യക്തമാകുന്നില്ല! ഈ കണക്കിന് ബാധയൊഴിപ്പിക്കലും ഉച്ചാടനവും നടത്തുന്നു എന്ന കാരണം പറഞ്ഞ് മന്ത്രവാദികളെയും കൂടോത്രക്കാരെയും വിളിച്ചുവരുത്തി സൈക്കോളജി വിദ്യാർഥികൾക്ക് ക്ലാസ് എടുപ്പിക്കാത്തത് ആശ്വാസം എന്നേ പറയാനുള്ളൂ. കേരളത്തിലെ എല്ലാ സൈക്കോളജി അധ്യാപകരെയും അടച്ചാക്ഷേപിക്കുന്നില്ല. മികച്ച രീതിയിൽ പ്രൊഫഷൻ കൈകാര്യം ചെയ്യുന്ന സൈക്കോളജിസ്റ്റുകൾ കേരളത്തിലുണ്ട് എന്നുള്ളത് വിസ്മരിക്കുന്നുമില്ല. പക്ഷേ ചിലരെങ്കിലും ശാസ്ത്രപൂർവ്വ ധാരണകളിലും ബോധ്യങ്ങളിലും അഭിരമിക്കുന്നവരാണ് എന്നുള്ളത് കാണാതിരുന്നുകൂടാ.

advertise

ഇനി പറയാനുള്ളത് സൈക്കോളജി പഠിക്കുന്ന കുട്ടികളോട് ഒരു എളിയ നിർദ്ദേശമാണ്. നിങ്ങൾ മാനസികാരോഗ്യ കേന്ദ്രങ്ങളിലേക്ക് ഒരു ദിവസത്തെ Industrial visit മാത്രം നടത്തിയാൽ പോരാ.. മറിച്ച് മാനസികാരോഗ്യ കേന്ദ്രങ്ങളിലെ രോഗീപരിചരണത്തെയും രോഗ നിർണയത്തെയും സംബന്ധിക്കുന്ന ആധികാരിക അറിവുകൾ മനസ്സിലാക്കുന്നതിനായി കുറച്ചു ദിവസത്തേക്ക് നീണ്ടുനിൽക്കുന്ന ഒരു Posting ആണ് നിങ്ങൾ ചെയ്യേണ്ടത്. 'ഊളമ്പാറ മെന്റൽ ആശുപത്രി'യിലേക്ക് എന്നുപറഞ്ഞ് ബോർഡ് വെച്ച് ഇൻഡസ്ട്രിയൽ വിസിറ്റിന് കുട്ടികളെയും കൂട്ടി ഇറങ്ങിപ്പുറപ്പെട്ട കോതമംഗലം ഇന്ദിരാഗാന്ധി കോളേജിലെ സൈക്കോളജി ഡിപ്പാർട്ട്മെന്റിനോട് ഒന്നേ ചോദിക്കാനുള്ളൂ.. നിങ്ങൾക്കൊക്കെ എന്നാണ് ഇനി നേരം വെളുക്കുന്നത് ?

profile

Dr.Jostin Francis
Psychiatrist
General hospital Kalpetta

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.