Monday, December 23, 2024

അമ്പിളിയമ്മാവാ.. കുമ്പിളിലെന്തുണ്ട് ?

ആദ്യ ചാന്ദ്രദൗത്യത്തിൽ സംശയമുള്ളവർ അല്പം സമയമെടുത്തു ഈ പോസ്റ്റ് ഒന്ന് വായിച്ചു നോക്കുക..


ലോകത്തിൽ മികച്ച ചാര സംഘടനകൾക്കോ, ബഹിരകാശ ഏജൻസികൾക്കോ ഇല്ലാത്ത സംശയവും ആരോപണവും ഒക്കെയാണ് ആദ്യ ചാന്ദ്രദൗത്യത്തിൽ സംശയമുള്ളവരും, പരന്ന ഭൂമി സിദ്ധാന്തക്കാരും മുന്നോട്ട് വെക്കുന്നത്. ഏതാണ്ടൊക്കെ കോമഡി ആണ്. മറുപടി പറഞ്ഞു മടുത്തത് കൊണ്ടാണ് ഇങ്ങനെ മറ്റൊരു വിശദീകരണം കൊണ്ടുവരുന്നത്. ചാന്ദ്ര യാത്രയിൽ സംശയം ഉള്ളവരെ തിരുത്താൻ വേണ്ടി അല്ല ഇതെന്ന് കൂടി ഓർമ്മിപ്പിക്കുന്നു, കൃത്യമായി വായിച്ചു മനസ്സിലാക്കാതെ അല്ലെങ്കിൽ മനസിലാക്കാൻ വേണ്ടി വായിക്കാതെ കോതപ്പാട്ട് പാടുന്നവരോട് എന്ത് പറയാൻ.

അത്തരം കോതപ്പാട്ടുകൾക്ക് മറുപടി കൂടിയാണ് ഈ പോസ്റ്റ്. എന്റെ ഉത്തരം കുറഞ്ഞ വാക്കുകളില്‍ പറഞ്ഞാല്‍, “അതെ. ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങി എന്നത് വിശ്വസിക്കാന്‍ പറ്റാത്ത ഒന്നായി എനിക്കെന്നല്ല അത്യാവശ്യം സാമൂഹ്യ ബോധമുള്ള ആർക്കും തന്നെ തോന്നുന്നില്ല” എന്നതാണ്. പക്ഷേ ഈ വിഷയത്തില്‍ ഉത്തരം ഇങ്ങനെ പറഞ്ഞാല്‍ തീരെ തൃപ്തികരമാവില്ല എന്നതിനാല്‍ അല്പം വിശദീകരണം ആവാം.

ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങിയിട്ടില്ല എന്നും അത് അമേരിക്ക നടത്തിയ ഒരു നാടകം മാത്രമാണെന്നും വിശ്വസിക്കുന്നതിന് പലര്‍ക്കും പല കാരണങ്ങളുണ്ട്. അതില്‍ പ്രധാനമായും നിരീക്ഷിച്ചിട്ടുള്ള കാരണങ്ങളില്‍ ചിലത്

• അത് വെറും നാടകമാണെന്ന് തെളിയിക്കുന്ന കുറേ ശാസ്ത്രീയ തെളിവുകള്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ടല്ലോ. കൊടി പറക്കുന്നത്, നിഴല്‍ വീഴുന്നത്, പ്രകാശം വീഴുന്നത് അങ്ങനെ… (പ്രശ്‌നം സംശയമാണ്)

• അമേരിക്ക ഒരു വൃത്തികെട്ട രാജ്യമാണ്. അവര്‍ ഇതല്ല, ഇതിന്റെ അപ്പുറത്തെ നാടകം കളിക്കും. (പ്രശ്‌നം അമേരിക്കയാണ്)

• മനുഷ്യന് ചന്ദ്രനില്‍ ഇറങ്ങുക സാധ്യമല്ല. സാധ്യമായിരുന്നെങ്കില്‍ എന്തുകൊണ്ട് പിന്നീട് ആരും അവിടെ പോയില്ല? (പ്രശ്‌നം പലതാണ് )

ഇതില്‍ ഒന്നാമത്തെ കാരണത്തിന് ഈ പോസ്റ്റില്‍ വിശദീകരണം ഉദ്ദേശിക്കുന്നില്ല. പോലീസിന്റേയും കള്ളന്റേയും ഉദാഹരണം പറഞ്ഞ പോലാണത്- കള്ളന് എങ്ങോട്ട് വേണേലും ഓടാം, പക്ഷേ പോലീസിന് കള്ളന്‍ പോയ വഴിയേ തന്നെ ഓടേണ്ടിവരും. അതിനുള്ള സാവകാശം ഈ വിഷയത്തിൽ എടുക്കുന്നില്ല. പക്ഷേ പണി എളുപ്പമാക്കിക്കൊണ്ട് വിക്കിപീഡിയയില്‍ ഇതിനെപ്പറ്റി Moon landing conspiracy theories എന്ന പേരില്‍ വിശദമായ ഒരു ലേഖനമുണ്ട്.

രണ്ടാമത്തെ കാരണം രാഷ്ട്രീയമോ മതപരമോ ആയതിനപ്പുറം വെറും സംശയമാണെങ്കില്‍ അപ്പോളോ ദൗത്യങ്ങളുടെ സമയരേഖയിലൂടെ ഒന്ന് കടന്നുപോകുന്നത് നല്ലതാണ്:

ശീതയുദ്ധത്തിന്റെ ഭാഗമായി അമേരിയ്ക്കയും റഷ്യയും തമ്മില്‍ നിലനിന്ന കടുത്ത മത്സരം ആണ് ഇതിന്റെ പശ്ചാത്തലം. Space race എന്നാണ് ഈ മത്സരം വിശേഷിപ്പിക്കപ്പെടുന്നത്. ആദ്യത്തെ കൃത്രിമ സാറ്റലൈറ്റ്, ആദ്യത്തെ ബഹിരാകാശ സഞ്ചാരി, ആദ്യ വനിതാ സഞ്ചാരി എന്നിങ്ങനെ നിര്‍ണായകമായ ബഹിരാകാശ നേട്ടങ്ങളെല്ലാം റഷ്യ തന്നെ സ്‌കോര്‍ ചെയ്തു.

അമേരിക്കയുടെ ആദ്യ ശ്രമങ്ങളൊക്കെയും പരാജയമായിരുന്നു. സ്പുട്‌നിക് എന്ന ചെറുപേടകം ആകാശത്തെത്തുകയും പ്രോജക്റ്റ് വാന്‍ഗാര്‍ഡ് എന്ന അമേരിയ്ക്കന്‍ ദൗത്യത്തിലെ ആദ്യ രണ്ട് വിക്ഷേപണങ്ങളും പരാജയപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ അമേരിക്കയില്‍ പരക്കെ ആശങ്കയുടേയും ഭയത്തിന്റേയും ഒരു സാഹചര്യം നിലവില്‍ വന്നിരുന്നു. ഇതിനെ Sputnik crisis എന്ന് തന്നെ വിളിക്കാറുമുണ്ട്.

ഈ സാഹചര്യത്തില്‍ എങ്ങനെയും റഷ്യയെ മലര്‍ത്തിയടിക്കാനായി അമേരിക്ക കണ്ട മാര്‍ഗമാണ് ചന്ദ്രനില്‍ ആളെ ഇറക്കുക എന്നത്. ഉടന്‍ തന്നെ മനുഷ്യനെ ചന്ദ്രനില്‍ ഇറക്കും എന്ന് 1961-ല്‍ നാസ പ്രഖ്യാപിക്കുമ്പോള്‍ വെറും രണ്ടേ രണ്ട് ആളുകള്‍ മാത്രമേ അതിനകം ബഹിരാകാശത്ത് പറന്നിരുന്നുള്ളൂ.

അത്രയും പരിമിതമായ പരിചയസമ്പത്ത് മാത്രം വച്ച് അങ്ങനെയൊരു “വീമ്പ്” പ്രാവര്‍ത്തികമാക്കുന്നത് ചില്ലറ കാര്യമൊന്നുമായിരുന്നില്ല. ഇവിടെയാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. അപോളോ എന്ന ദൗത്യം നേരിട്ടങ്ങ് ചെന്ന് ചന്ദ്രനില്‍ ഇറങ്ങലൊന്നുമായിരുന്നില്ല. അപ്പോളോ 11 എന്ന പതിനൊന്നാമത്തെ ദൗത്യത്തിന് മുന്‍പ് നടന്ന പത്ത് ദൗത്യങ്ങളെക്കുറിച്ച് അധികമാരും സംസാരിക്കാറില്ല. ഈ പത്ത് ദൗത്യങ്ങള്‍ കൊണ്ടാണ് ചന്ദ്രനില്‍ ശരിയ്ക്കും മനുഷ്യന് ഇറങ്ങുന്നതിന് വേണ്ട പ്രായോഗികജ്ഞാനം അവര്‍ ഉണ്ടാക്കിയെടുത്തത്.

മനുഷ്യരെ അത്രയും ദൂരം എത്തിക്കാന്‍ കഴിയും വിധം ശക്തിയേറിയ ഒരു റോക്കറ്റ് നിര്‍മിക്കലായിരുന്നു ആദ്യ കടമ്പ. അതിനായി ഇന്നുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും ശക്തി കൂടിയ റോക്കറ്റുകളിലൊന്നായ സാറ്റേണ്‍ 5-ന് രൂപം നല്‍കപ്പെട്ടു. പരിശീലനപ്പറക്കലുകള്‍ ഉള്‍പ്പടെ പത്തിലധികം പറക്കലുകള്‍ അല്പം പോലും പിഴവില്ലാതെയാണ് സാറ്റേണ്‍-5 നിര്‍വഹിച്ചത് എന്നത് ആത്മവിശ്വാസത്തിന് ആക്കം കൂട്ടി.

മനുഷ്യരെ വഹിക്കാന്‍ ഉദ്ദേശിച്ചുള്ള പേടകത്തിന് മൂന്ന് ഭാഗങ്ങളുണ്ടായിരുന്നു- യാത്രികരേയും അവര്‍ക്കാവശ്യമുള്ള വസ്തുക്കളേയും വഹിക്കുന്ന കമാന്‍ഡ് മോഡ്യൂള്‍, പേടകത്തിന്റെ പ്രധാന എഞ്ചിന്‍ വഹിച്ചിരുന്ന സര്‍വീസ് മോഡ്യൂള്‍, യാത്രികരുമായി ചന്ദ്രനിലേക്ക് ഇറങ്ങേണ്ട ലൂണാര്‍ മോഡ്യൂള്‍. യാത്രാസമയത്ത് യാത്രികരുടെ താമസസ്ഥലമായിരുന്നു കമാന്‍ഡ് മോഡ്യൂള്‍. ചന്ദ്രനില്‍ ഇറങ്ങാന്‍ മാത്രമുള്ള ലൂണാര്‍ മോഡ്യൂളില്‍ കഷ്ടിച്ച് രണ്ടുപേര്‍ക്ക് നില്‍ക്കാനുള്ള സൗകര്യമേ ഉണ്ടായിരുന്നുള്ളു.


1967-ലെ ആദ്യദൗത്യത്തില്‍ കനത്ത തിരിച്ചടിയാണ് അപ്പോളോ നേരിട്ടത്. പറക്കുന്നതിന് ഒരു മാസം മുന്നേ അപ്പോളോ-1 യാത്രികര്‍ തങ്ങളുടെ പറക്കല്‍, സിമുലേറ്ററിന്റെ സഹായത്തോടെ പരിശീലിക്കുകയായിരുന്നു. പല സാങ്കേതിക കാരണങ്ങളാല്‍ അഞ്ചുമണിക്കൂറോളം വൈകിയാണ് അപ്പോള്‍ തന്നെ അത് നടന്നുകൊണ്ടിരുന്നതും. എങ്ങനെയോ പേടകത്തിനുള്ളില്‍ ഒരു തീപ്പൊരി ചിതറുകയും നിമിഷങ്ങള്‍ക്കകം പേടകത്തിലെ യാത്രികരുടെ അറയെ തീജ്വാല വിഴുങ്ങുകയും ചെയ്തു. അറ കുത്തിത്തുറക്കാന്‍ അഞ്ചുമിനിറ്റോളം വേണ്ടിവന്നു, അപ്പോഴേക്കും മൂന്ന് യാത്രികരും ശ്വാസം മുട്ടി മരിച്ചിരുന്നു.

ഈ ദുരന്തത്തെ തുടര്‍ന്ന് അപ്പോളോ ദൗത്യത്തിന്റെ രൂപകല്‍പനയില്‍ കാതലായ മാറ്റങ്ങള്‍ വന്നു. അപകടത്തില്‍ നഷ്ടപ്പെട്ട അപ്പോളോ യാത്രികരുടെ ഭാര്യമാരുടെ അഭ്യര്‍ത്ഥനയെ മാനിച്ച്, ഒരിക്കലും നടന്നില്ലെങ്കില്‍ പോലും അപ്പോളോ-1 എന്ന ദൗത്യം അതേപേരില്‍ തന്നെ നിലനിര്‍ത്തി. അതിന് മുന്‍പ് നടന്ന ചില പരീക്ഷണദൗത്യങ്ങളെക്കൂടി എണ്ണിയശേഷം, തൊട്ടടുത്ത് നടന്ന ദൗത്യത്തിന് അപ്പോളോ-4 എന്ന് പേര് നല്‍കി. അപ്പോളോ 4, 5, 6 ദൗത്യങ്ങള്‍ മനുഷ്യരെ ഉള്‍പ്പടുത്താതെയുള്ള പരീക്ഷണപ്പറക്കലുകള്‍ ആയിരുന്നു. ഒന്നാം ദൗത്യത്തിന് ശേഷം വന്ന മാറ്റങ്ങളൊക്കെ ഈ പറക്കലുകളില്‍ പരീക്ഷിക്കപ്പെട്ടു.

മനുഷ്യര്‍ ഉള്‍പ്പെട്ട ആദ്യ ദൗത്യമായ അപ്പോളോ-7 1968 ഒക്ടോബറില്‍ നടന്നു. അത് ഭൂമിയ്ക്ക് ചുറ്റുമുള്ള ഓര്‍ബിറ്റില്‍ പറന്നശേഷം തിരിച്ചിറങ്ങി. തൊട്ടടുത്ത ഡിസംബറില്‍ പുറപ്പെട്ട അപ്പോളോ-8 ലെ യാത്രികരാണ് ആദ്യമായി ചന്ദ്രന് ചുറ്റുമുള്ള ഓര്‍ബിറ്റില്‍ എത്തിയത്. ആറ് ദിവസം നീണ്ടുനിന്ന ആ ദൗത്യത്തില്‍ മൂന്ന് യാത്രികര്‍ പത്ത് തവണ ചന്ദ്രനെ വലം വെച്ചു. പ്രധാനമായും കമാന്‍ഡ് മോഡ്യൂളിന്റെ പ്രവര്‍ത്തനം പരിശീലിക്കലായിരുന്നു അവരുടെ ഉദ്ദേശ്യം.

ചാന്ദ്രദൗത്യത്തിന്റെ എല്ലാ ഘട്ടങ്ങളും ആദ്യമായി പരിശീലിച്ചത്, അപ്പോളോ-9 ദൗത്യത്തിലായിരുന്നു. 1969 മാര്‍ച്ചിലാണ് അപ്പോളോ-9 നടന്നത് അത് പക്ഷേ ഭൂമിയുടെ ഓര്‍ബിറ്റ് വിട്ട് പോയില്ല. ഭൂമിയ്ക്ക് ചുറ്റും കറങ്ങിക്കൊണ്ട് ലൂണാര്‍ മോഡ്യൂളും, അതിന് കമാന്‍ഡ് മോഡ്യൂളുമായുള്ള ഡോക്കിങ്ങുമെല്ലാം അവര്‍ പരിശീലിച്ചു. ഒരു തമാശയുള്ളത്, ഒമ്പതാം ദൗത്യത്തോടെ ഈ മോഡ്യൂളുകള്‍ക്ക് രസകരമായ വെവ്വേറെ വിളിപ്പേരുകള്‍ നല്‍കുന്ന രീതി കൂടി വന്നു.

അപ്പോളോ-9 ലെ കമാന്‍ഡ് മോഡ്യൂളിനെ ഗംഡ്രോപ്പ് എന്നും ലൂണാര്‍ മോഡ്യൂളിനെ സ്‌പൈഡര്‍ എന്നുമാണ് അവര്‍ വിളിച്ചത്. യഥാര്‍ത്ഥ ലാന്‍ഡിങ് ഒഴികേയുള്ള മറ്റെല്ലാ യാത്രാഘട്ടങ്ങളും പരീശീലിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള അപ്പോളോ-10 ദൗത്യം 1969 മേയ് മാസത്തില്‍ നടന്നു. അതില്‍ കമാന്‍ഡ് മോഡ്യൂളിന് ചാര്‍ലീ ബ്രൗണ്‍ എന്നും ലൂണാര്‍ മോഡ്യൂളിന് സ്‌നൂപ്പി എന്നുമായിരുന്നു പേര്. പത്താം ദൗത്യത്തിലെ രണ്ട് യാത്രികര്‍ സ്‌നൂപ്പിയില്‍ ചന്ദ്രോപരിതലത്തിനോട് 15 കിലോമീറ്റര്‍ വരെ അടുത്ത് ചെന്നശേഷം മടങ്ങിവരികയാണ് ചെയ്തത്

സമ്പൂര്‍ണമായ ഒരു ചന്ദ്രയാത്ര എന്ന നിലയില്‍ അപ്പോളോ-11 ദൗത്യം 1969 ജൂലൈ 16-നാണ് അത് പുറപ്പെട്ടത്. അതിലെ മൂന്ന് യാത്രികരും മുന്‍പ് ബഹിരാകാശയാത്ര നടത്തി പരിചയമുള്ളവരായിരുന്നു. മൈക്കല്‍ കോളിന്‍സിനായിരുന്നു കൊളംബിയ എന്ന കമാന്‍ഡ് മോഡ്യൂളിന്റെ ഉത്തരവാദിത്വം. ഈഗിള്‍ എന്ന ലൂണാര്‍ മോഡ്യൂളിന്റെ കമാന്‍ഡറായി നീല്‍ ആംസ്‌ട്രോങ്ങും അതിന്റെ പൈലറ്റായി എഡ്വിന്‍ ആല്‍ഡ്രിനും ഒപ്പം ചേര്‍ന്നു. തങ്ങള്‍ തിരിച്ചുവരുന്നത് വരെ കോളിന്‍സിനെ ചന്ദ്രന് ചുറ്റും കറങ്ങാന്‍ വിട്ടിട്ട് മറ്റ് രണ്ടുപേരും ഈഗിളില്‍ ചന്ദ്രനിലെ പ്രശാന്തതയുടെ സമുദ്രം (Sea of Tranquility) എന്ന പ്രദേശത്ത് പതിയെ ലാന്‍ഡ് ചെയ്തു. അതാണ് നമ്മള്‍ വര്‍ഷാവര്‍ഷം ഓര്‍മ്മിക്കുന്ന നാഴികക്കല്ല്.

മനുഷ്യരെ ഒരു തവണ ചന്ദ്രനിലിറക്കിയിട്ടും മതിയായിരുന്നില്ല നാസയ്ക്ക്. കൂടുതല്‍ ആവേശത്തോടെ ചന്ദ്രനെ അടുത്തറിയുന്നതിനായി ആറ് ദൗത്യങ്ങള്‍ കൂടി അവര്‍ നടത്തി. അപ്പോളോ 12 മുതല്‍ 17 വരെയുള്ള ദൗത്യങ്ങളിലൂടെ മൊത്തം 10 പേര്‍ കൂടി ചന്ദ്രനിലിറങ്ങി, ആംസ്‌ട്രോങ്ങും ആല്‍ഡ്രിനും തുടങ്ങിവെച്ച പല പരീക്ഷണങ്ങളും തുടരുകയും പുതിയവ ചെയ്യുകയും ചെയ്തു. ആദ്യ യാത്രികരേക്കാള്‍ കൂടുതല്‍ സമയം അവരില്‍ മിക്കവരും അവിടെ ചെലവഴിച്ചു.

അവസാന മൂന്ന് ദൗത്യങ്ങളിലെ യാത്രികര്‍ ചന്ദ്രോപരിതലത്തില്‍ നടക്കുന്നതോടൊപ്പം വാഹനയാത്ര വരെ നടത്തി. ലൂണാര്‍ റോവിങ് വെഹിക്കിള്‍ എന്ന പ്രത്യേകതരം വണ്ടി അവര്‍ ചന്ദ്രനിലൂടെ ഓടിക്കുകയും കൂടുതല്‍ ദൂരങ്ങള്‍ താണ്ടുകയും ചെയ്തു. (ആ മൂന്ന് വണ്ടികളും ഇന്നും ചന്ദ്രനില്‍ത്തന്നെ ഉണ്ട് കേട്ടോ, യാത്രികര്‍ അത് മടക്കിക്കൊണ്ടുവന്നില്ല) പേടകമിറങ്ങിയ സ്ഥലത്തുനിന്നും എട്ട് കിലോമീറ്റര്‍ അകലെ വരെ സഞ്ചരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. എല്ലാ അപ്പോളോ യാത്രികരും കൂടി ചന്ദ്രനില്‍ ഏതാണ്ട് 100 കിലോമീറ്ററോളം സഞ്ചരിച്ചു, അറുപതോളം ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തി.

ചന്ദ്രനെക്കുറിച്ചുള്ള നിരവധി വിലപിടിച്ച അറിവുകള്‍ നമുക്ക് കിട്ടാന്‍ ആ പരീക്ഷണങ്ങള്‍ കാരണമായി. അവിടെ അവര്‍ നാല് ശാസ്ത്ര നിലയങ്ങള്‍ സ്ഥാപിക്കുകയുണ്ടായി. 1977 വരെ അവിടെ അവ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. വ്യക്തത കൂടിയ മുപ്പതിനായിരത്തോളം ചിത്രങ്ങളാണ് അപ്പോളോ യാത്രികര്‍ പകര്‍ത്തിയത്. 380 കിലോയില്‍ അധികം വരുന്ന സാമ്പിളുകള്‍ ചന്ദ്രോപരിതലത്തില്‍ നിന്നും ശേഖരിച്ച് അവര്‍ ഭൂമിയിലേക്ക് കൊണ്ടുവന്നു, അവയില്‍ പലതും ഇന്ന് പല മ്യൂസിയങ്ങളിലായി സൂക്ഷിച്ചിട്ടുണ്ട്. അപ്പോളോ 11, 14, 15 ദൗത്യങ്ങളിലെ യാത്രികര്‍ അവിടെ സ്ഥാപിച്ച സവിശേഷതരം കണ്ണാടികള്‍ ഇന്നും അവിടെ കേടുകൂടാതെയുണ്ട്.

എന്നാല്‍ ഇതിനിടയില്‍ ശാസ്ത്രലോകം “വിജയകരമായ പരാജയം” എന്ന് വിശേഷിപ്പിക്കുന്ന ഒരു അപ്പോളോ ദൗത്യമുണ്ട്, അപ്പോളോ-13. അതിലെ യാത്രികര്‍ക്ക് ചന്ദ്രനില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല. ചന്ദ്രനോടടുത്ത് എത്തി, ലാന്‍ഡിങ്ങിനുള്ള തയ്യാറെടുപ്പുകള്‍ നടത്തവേ കമാന്‍ഡ് മോഡ്യൂളില്‍ പെട്ടെന്നൊരു പൊട്ടിത്തെറിയുണ്ടായി. അതോടെ ഓക്‌സിജനും വൈദ്യുതിയും ഉള്‍പ്പടെയുള്ള അത്യാവശ്യ സങ്കേതങ്ങളൊക്കെയും തകരാറിലായി.

ചന്ദ്രനില്‍ ഇറങ്ങുന്നത് പോയിട്ട് പേടകത്തെ നേരേ ഭൂമിയിലേക്ക് തിരിച്ച് വിടാനുള്ള യന്ത്രസംവിധാനങ്ങള്‍ പോലും പ്രവര്‍ത്തിക്കാത്ത അവസ്ഥ! ഭൂമിയിലുള്ളവര്‍ ശരിക്കും മൂന്ന് യാത്രികരേയും നഷ്ടപ്പെടുമെന്ന് ഉറപ്പിച്ചു. പക്ഷേ അവരാരും ശ്രമം ഉപേക്ഷിക്കാന്‍ തയ്യാറായില്ല. യാത്രികരെ സ്‌നേഹിക്കുന്ന നാസയിലെ സഹപ്രവര്‍ത്തകര്‍ ഒരു നിമിഷം പോലും പാഴാക്കാതെ അവരെ തിരിച്ച് ഭൂമിയില്‍ എത്തിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് തലപുകച്ചു. പരിചയസമ്പന്നരായ നിരവധി നാസ ശാസ്ത്രജ്ഞര്‍ ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് പേടകത്തെ ഭൂമിയിലേക്ക് എത്തിക്കാനുള്ള മാര്‍ഗങ്ങള്‍ രൂപീകരിച്ചു. വിജയിക്കുമെന്ന് പൂര്‍ണമായി ഉറപ്പില്ലായിരുന്നു എങ്കില്‍പ്പോലും, അവര്‍ ആ മാര്‍ഗങ്ങള്‍ പടിപടിയായി യാത്രികര്‍ക്ക് നിര്‍ദേശിച്ചുകൊടുത്തു.

അവരും പ്രതീക്ഷയും ധൈര്യവും കൈവിട്ടിരുന്നില്ല. പരസ്പരം താങ്ങായി വര്‍ത്തിച്ചുകൊണ്ട് അവര്‍ കണ്‍ട്രോള്‍ നിലയത്തില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ അതേപടി അനുസരിച്ചു. ലോകം മുഴുവന്‍ മുള്‍മുനയില്‍ നിന്ന മണിക്കൂറുകള്‍! ഒടുവില്‍ ശാസ്ത്രം ജയിച്ചു, എല്ലാവരെയും ആനന്ദാശ്രു അണിയിച്ചുകൊണ്ട് യാത്രികര്‍ പസഫിക് സമുദ്രത്തിലേക്ക് വന്നിറങ്ങുക തന്നെ ചെയ്തു. യാത്രികരില്‍ ഒരാളായിരുന്ന ജിം ലോവല്‍ പിന്നീട് ഈ സംഭവങ്ങളെ വിവരിച്ചുകൊണ്ട് “നഷ്ടപ്പെട്ട ചന്ദ്രന്‍” (Lost Moon) എന്ന പേരില്‍ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. അതിനെ അടിസ്ഥാനമാക്കി നിര്‍മിച്ച “അപ്പോളോ 13” എന്ന ഹോളിവുഡ് ചലച്ചിത്രം എല്ലാവരും കണ്ടിരിക്കേണ്ട ഒന്നാണ്.

പക്ഷേ 17 ദൗത്യങ്ങള്‍ കഴിഞ്ഞതോടെ അമേരിയ്ക്കയ്ക്ക് തന്നെ ഈ കളി മടുത്തുതുടങ്ങി. രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 18, 19, 20 ദൗത്യങ്ങള്‍ റദ്ദാക്കുകയും ചെയ്തു. കാരണം വളരെ ലളിതം- ഇനി ആരെ കാണിക്കാനാ ഇങ്ങനെ കാശ് പൊട്ടിക്കുന്നത്! ഒരു മനുഷ്യന് ചെയ്യാവുന്ന ഏതാണ്ടെല്ലാ കാര്യങ്ങളും ഒരു റോബോട്ടിനെ വച്ച് ചെയ്യിക്കാന്‍ ഇന്ന് കഴിയും. പക്ഷേ ഏതെങ്കിലും ഒരു അപകടത്തില്‍ (സ്‌പെയ്‌സ് യാത്ര എന്നത് എന്തൊക്കെ പറഞ്ഞാലും വലിയൊരു റിസ്‌ക് തന്നെയാണ്) ഒരു റോബോട്ടിനെ നഷ്ടപ്പെടുന്നതുപോലല്ല, ജീവനുള്ള മനുഷ്യനെ വെച്ചുള്ള കളി. അതിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ അത്രത്തോളം വിപുലമാണ്. റോബോട്ടിക് ദൗത്യങ്ങളുടെ ഒരു നൂറ് മടങ്ങെങ്കിലും ചെലവ് വരും അതിന്. നികുതിദായകരുടെ പണമെടുത്ത് ചെലവാക്കുന്ന ഒരു രാജ്യത്തിനും അത് ഭൂഷണമല്ല, ബുദ്ധിപരവും അല്ല. (തുടക്കത്തിൽ സൂചിപ്പിച്ചതിൽ മൂന്നാമത്തെ കാരണം ഇവിടെ വിശദീകരിക്കപ്പെടുന്നു) ഇതേ കാരണം കൊണ്ടാണ് പിന്നീട് അമേരിക്കയോ മറ്റേതെങ്കിലും രാജ്യമോ മനുഷ്യനെ ചന്ദ്രനിലിറക്കാന്‍ തുനിയാത്തത്. Because, it is simply too damn expensive! റഷ്യയുമായുള്ള കിടമത്സരം 1972-ല്‍ അവസാനിക്കുകയും ഇരുരാജ്യങ്ങളും ഒത്തൊരുമിച്ച് ബഹിരാകാശ ദൗത്യങ്ങളില്‍ പങ്കെടുത്തുതുടങ്ങുകയും ചെയ്തു എന്നത് പിന്നീടുള്ള ചരിത്രം.

ഇതുവരെ പറഞ്ഞ അപ്പോളോ ദൗത്യകഥയില്‍ അവിശ്വസനീയമായി എന്തെങ്കിലുമുണ്ടോ ? ഉണ്ടെന്നാണെങ്കിൽ ഇനി ഒരു കാര്യം കൂടി ശ്രദ്ധിക്കണം. നീല്‍ ആംസ്‌ട്രോങ് ചന്ദ്രനില്‍ ഇറങ്ങുമ്പോള്‍ അമേരിയ്ക്കക്കാര്‍ തങ്ങളെ ബഹുദൂരം പിന്നിലാക്കിയതില്‍ നിരാശരായി ഇരിക്കുന്ന ഒരു രാജ്യം ഉണ്ടേയ് - റഷ്യ. ആ കാരണം ഒന്ന് അവർക്കൂടെ പറഞ്ഞു കൊടുത്താൽ ശീതയുദ്ധം വീണ്ടും ആരംഭിക്കാം..

1967-68 വര്‍ഷങ്ങളിലായി മനുഷ്യനെ ചന്ദ്രനില്‍ ഇറക്കാനുള്ള ഒരു രഹസ്യപദ്ധതിഅവര്‍ക്കുണ്ടായിരുന്നു. 1990-ല്‍ മാത്രമാണ് റഷ്യ ഔദ്യോഗികമായി ഇക്കാര്യം തുറന്ന് സമ്മതിച്ചത്. അതിനായി അവര്‍ വികസിപ്പിച്ച N1 റോക്കറ്റിന്റെ രണ്ട് ശ്രമങ്ങളും പരാജയവുമായിരുന്നു. അന്നുവരെയുള്ള ബെസ്റ്റ് സ്‌പെയ്‌സ് എഞ്ചിനീയേഴ്‌സിനെ ഉള്‍ക്കൊള്ളുന്ന, അതുവരെയുള്ള എല്ലാ ബഹിരാകാശ നാഴികക്കല്ലുകളും നാട്ടിയ റഷ്യ ഇങ്ങനെ നിരാശരായി ഇരിക്കുന്ന സമയത്ത്, അപ്പോളോ മിഷനില്‍ എന്തെങ്കിലും ലൂപ് ഹോള്‍ ഉണ്ടായിരുന്നെങ്കില്‍ സ്വാഭാവികമായും അവരപ്പോ പൊക്കിയേനെ. അത്തരമൊരു അമേരിക്കന്‍ നാടകം പൊളിച്ചാല്‍ അന്ന് സോവിയറ്റ് യൂണിയന് ഉണ്ടാകുമായിരുന്ന രാഷ്ട്രീയ മൈലേജ് ഓര്‍ത്തുനോക്കൂ. പക്ഷേ അവിടത്തെ ഇത്രയും കൊലകൊമ്പന്‍മാരുടെ കണ്ണിലും ഒന്നും പെട്ടില്ല.

ഒടുവില്‍ അപ്പോളോ ദൗത്യങ്ങള്‍ അവസാനിച്ച് രണ്ട് വര്‍ഷം കഴിഞ്ഞാണ് അമേരിക്കയില്‍ തന്നെ ആദ്യമായി അതൊരു നാടകമാണെന്ന “കണ്ടെത്തല്‍” ഉണ്ടാകുന്നത്. അതും ഒരു self-published പുസ്തകത്തിലൂടെ. ഇത് ഏറ്റവും ആദ്യം ഏറ്റുപിടിച്ചത് ആരാണെന്നറിയാമോ?- Flat Earth society ! അതേന്ന്, ഭൂമി പരന്നതാണെന്ന് വിശ്വസിക്കുന്ന സംഘടന- ബഹിരാകാശ വിഷയത്തില്‍ അഭിപ്രായം പറയാന്‍ പറ്റിയ, നല്ല ബെസ്റ്റ് പാര്‍ട്ടിയാണ്!

ഇവിടെ പറയേണ്ട മറ്റൊരു പ്രധാന കാര്യമാണ് Lunar Laser Ranging Experiment. ചന്ദ്രനും ഭൂമിയും തമ്മിലുള്ള ദൂരം ഏറ്റവും കൃത്യമായി അളക്കാന്‍ ഉപയോഗിക്കുന്നത് ഈ പരീക്ഷണമാണ്. അപ്പോളോ യാത്രികര്‍ ചന്ദ്രനില്‍ സ്ഥാപിച്ച കണ്ണാടിയിലേയ്ക്ക് ഭൂമിയില്‍ നിന്ന് ലേസര്‍ രശ്മികള്‍ പായിച്ച് അതിന്റെ പ്രതിഫലനം അളന്നാണ് ഇത് ചെയ്യുന്നത്. ഈ പരീക്ഷണം ഇന്നും നടക്കുന്നുണ്ട്. നാസയുടെ ലബോറട്ടറി സന്ദര്‍ശിക്കുന്നവര്‍ക്ക് ഇത് കാണാനും അവസരമുണ്ട്.. ഇത് ചാന്ദ്രയാത്രയുടെ ഒരു അവശേഷിപ്പാണ്. നാസയോ അമേരിക്കന്‍ ഗവണ്‍മെന്റോ പറയുന്ന കാര്യങ്ങള്‍ക്കപ്പുറം തേഡ്-പാര്‍ട്ടി തെളിവുകളും ചാന്ദ്രയാത്രയെ സാധൂകരിക്കാനായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. ജപ്പാന്റെ SELENE ദൗത്യം പകര്‍ത്തിയ ചിത്രങ്ങളില്‍ അമേരിക്കന്‍ യാത്രികര്‍ പകര്‍ത്തിയ അതേ സ്ഥലപ്രകൃതി ദൃശ്യമായിട്ടുണ്ട്.

ഇനി സമൂഹമാധ്യമങ്ങളിൽ കിടന്നു ചുമ്മാ തർക്കിക്കുന്ന ഓൺലൈൻ ശാസ്ത്ര, അജ്ഞൻമാരോട്....

സത്യത്തിൽ നീലും കൂട്ടരും ചന്ദ്രനിൽ ഇറങ്ങിയിട്ടില്ല എന്ന് വാദിക്കാൻ പോന്ന തെളിവോ, വസ്തുതയോ എന്നത് പോട്ടെ, ഒരു കിണ്ടിയും പഴവും ഒരു കുന്തവും അവരുടെ കൈയിൽ ഇല്ല, പിന്നെ തർക്കിക്കുന്നത് വേറെ ചില കാരണങ്ങൾ കൊണ്ടാണ്, അതിൽ പ്രധാനമായും ചിലത് മത വിശ്വാസത്തിന്റെ ഭാഗമാണ്, ചന്ദ്രനിൽ എത്തി എന്ന് സമ്മതിക്കാൻ അവർക്ക് കഴിയില്ല, അത് അവരുടെ സർവ സൃഷ്ട്ടാവായ സ്കൈ ഡാഡിയുമായി ബന്ധപ്പെട്ടിരിക്കുന്നു. മറ്റൊരു കൂട്ടർ ഉണ്ട് അത് അന്ധമായ അമേരിക്ക വിരോധം മാത്രം ആണ്, അവരെയും തിരുത്താൻ ആകാത്ത വണ്ണം അവരുടെ തലച്ചോറിലും പച്ച കുത്തപ്പെട്ടിരിക്കുന്നു, പിന്നെയുള്ളത് പരന്ന ഭൂമി വാദികളാണ്, മിനിമം IQ പോലുമില്ലാത്തവരെ എങ്ങനെ തിരുത്താൻ കഴിയും ? കേരളത്തിൽ ഉള്ള ഒരാൾ, രാവിലെ സൂര്യൻ ഉദിക്കുന്ന ദിശയും, ഉച്ചക്ക് മുകളിൽ വരുന്നതും വൈകിട്ടു അസ്തമിക്കുന്ന ദിശയും മാത്രം നിരീക്ഷിച്ചാൽ ഭൂമി ഗോളമാണെന്ന് നിസ്സാരമായി മനസിലാക്കാം, അതിനു പോലും IQ ഇല്ലാത്തവരെ ചന്ദ്രനിൽ പോയി എന്നൊക്കെ എങ്ങനെ പറഞ്ഞു മനസ്സിലാക്കാനാണ്,

ഇനി കാര്യത്തിലേക്കു കടക്കാം, ചന്ദ്രനിൽ പോയിട്ടില്ല എന്ന് വാദിക്കുന്നവരെ തിരുത്താൻ അല്ല താഴെ വിശദീകരണം കൊടുക്കുന്നത്, അമേരിക്കയുടെ ചാന്ദ്ര യാത്ര അംഗീകരിക്കുന്ന ചിലരിൽ, ന്യായമായ സംശയങ്ങൾ ഉണ്ട് അതൊന്ന് ക്ലിയർ ചെയ്യാനാണ് താഴെ ഉള്ള വിശദീകരണം.

ചാന്ദ്രയാത്ര തട്ടിപ്പാണെന്നതിന്ന് ധാരാളം “തെളിവുകൾ” ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ട തെളിവുകൾക്കുള്ള മറുപടികൾ.

വിവാദങ്ങളിൽ പ്രധാനപ്പെട്ടത് ചന്ദ്രനിൽ നിന്നെടുത്ത ചിത്രങ്ങളെക്കുറിച്ചുള്ളവയാണ്.

1ചന്ദ്രനിൽ വച്ച് എടുത്ത ചിത്രങ്ങളിലൊന്നും ആകാശത്ത് നക്ഷത്രങ്ങളെ കാണുന്നില്ല. അന്തരീക്ഷമില്ലാത്തതിനാൽ പകൽ സമയത്തും അവിടെ നക്ഷത്രങ്ങളേ കാണേണ്ടതല്ലേ ? ഒരു ചിത്രത്തിൽ പോലും നക്ഷത്രങ്ങളില്ലല്ലോ ?

ന്യായമായ സംശയം. ഇതിനുള്ള ഉത്തരം നമുക്ക് ഭൂമിയിൽ തന്നെ പരീക്ഷിച്ച് കണ്ടെത്താം. നല്ല ഇരുണ്ട രാത്രിയിൽ ആകാശത്തെ നക്ഷത്രങ്ങളെ കൂടി കിട്ടുന്ന രീതിയിൽ നിങ്ങളുടെ കൂട്ടുകാരന്റെ ചിത്രമെടുത്ത് നോക്കുക. മൊബൈൽ ക്യാമറ മതി. ആകാശം ഇരുണ്ട് തന്നെയിരിക്കും. നക്ഷത്രളുടെ ചിത്രമെടുത്തി ട്ടുള്ളവർക്കറിയാം. സൂര്യനൊഴികെയുള്ള എല്ലാ നക്ഷത്രങ്ങളും പ്രകാശവർഷങ്ങൾ അകലെയാണ് . അവയിൽ നിന്നും വരുന്ന പ്രകാശം വളരെ നേർത്തതും. നക്ഷത്രങ്ങളെ ക്യാമറയിൽ പകർത്തണമെങ്കിൽ നിങ്ങളുടെ ക്യാമറ കുറഞ്ഞത് അര സെക്കന്റ് നേരത്തേക്കെങ്കിലും തുറന്ന് പിടിക്കണം. ഇങ്ങനെ എടുത്തെങ്കിൽ മാത്രമേ നക്ഷത്രങ്ങളെ പകർത്താനാകു. ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയതെല്ലാം ചന്ദ്രന്റെ പകൽ ഭാഗത്താണ്. നക്ഷത്രങ്ങളെ പകർത്തണമെന്ന് കരുതി ചിത്രമെടുത്താൽപ്പോലും ചന്ദ്രോപരിതലവും യാത്രികരും ഓവെർ എക്സ്പോസ്ഡ് ആകും. ഒരൊറ്റ ഫ്രെയിമിൽ ഇതു രണ്ടും കൂടി നടക്കില്ല എന്നർഥം.

2 എന്തുകൊണ്ട് വീണ്ടും ചന്ദ്രനിൽ പോകുന്നില്ല???

ഉത്തരം മുകളിൽ പറഞ്ഞിട്ടുണ്ട്.

3 ചന്ദ്രനിൽ ആകെ ഒരു പ്രകാശ സ്രോതസ് മാത്രമാണുള്ളത് സൂര്യൻ. അതിനാൽ ചന്ദ്രോപരിതലത്തിന്റെ ചിത്രത്തിൽ ഉപരിതലത്തിലെ പ്രകാശ വിതരണം ഒരുപോലെയേ വരാൻ പാടുള്ളൂ. എന്നാൽ ഈ ചിത്രം നോക്കു. ആൾഡ്രിൻ ചന്ദ്രനിൽ നിൽക്കുന്ന പ്രശസ്തമായ ചിത്രമാണിത്. ആൽഡ്രിൻ നിൽക്കുന്നതിനടുത്ത് മാത്രം ഒരു സ്പോട്ട് ലൈറ്റിൽ നിന്ന് പ്രകാശം വീഴുന്നത് പോലെ കാണുന്നുണ്ട്. ദൂരെയുള്ള ചന്ദ്രോപരിതലം ഇരുണ്ടിട്ടും. സൂര്യൻ മാത്രമാണ് പ്രകാശ സ്രോതസ്സ് എന്നിരിക്കെ ഇതെങ്ങിനെ സംഭവിച്ചു ?

വിവാദങ്ങൾ ഉണ്ടാക്കാനും തട്ടിപ്പെന്നു വരുത്തി തീർക്കാനുമായി ഉപയോഗിക്കുന്ന പല ചിത്രങ്ങളും എഡിറ്റ് ചെയ്യപ്പെട്ടവയണ്. ഈ ഒരു ചോദ്യത്തിൽ മാത്രമല്ല മറ്റു പലയിടത്തും വാദങ്ങൾക്കായി ഉപയോഗിക്കുന്നത് എഡിറ്റ് ചെയ്യപ്പെട്ട ചിത്രങ്ങളാണ്. ചുവടെയുള്ള ചിത്രത്തിൽ ഒന്നാമത്തേത് എഡിറ്റ് ചെയ്യപ്പെട്ടതാണ്. രാണ്ടാം നമ്പറിൽ കാണുന്നതാണ് യഥാർഥ ചിത്രം. അതിൽ ഉപരിതലത്തെ പ്രകാശത്തിന്റെ അളവ് ഒരുപോലെയാണെന്ന് കാണാം.

4 ബഹിരാകാശ യാത്രികർ ചാന്ദ്രയാത്രയിൽ വാൻ അലെൻ റേഡിയേഷൻ ബെൽറ്റ് കടന്നാണ് പോകുക. മാരകമായ വികിരണങ്ങളേറ്റ് ഇവരെങ്ങനെ ചന്ദ്രനിലെത്തി. ഇതൊരിക്കലും സാധ്യമല്ല..

മറുപടിക്ക് മുൻപ് എന്താണ് വാൻ അലൻ റേഡിയേഷൻ ബെൽറ്റ് എന്ന് നോക്കാം..

നമ്മുടെ ഭൂമിക്ക് ചുറ്റും, ഉപരിതലത്തിൽ നിന്ന് 600 കിലോമീറ്റർ മുകളിലായി ഏതാണ്ട് ഉഴുന്നുവട ആകൃതി യിൽ റേഡിയേഷൻ സോണുണ്ട്. 1958 ൽ നാസയുടെ തന്നെ എക്സ്പ്ലോറർ 1 എന്ന ഉപഗ്രഹമാണ് ഇങ്ങനെ ഒരു വലയമുണ്ടെന്ന് കണ്ടെത്തുന്നത്. സൂര്യനിൽ നിന്നുള്ള ശക്തമായ വികിരണങ്ങളെ ഭൂമിയുടെ കാന്തിക വലയം ട്രാപ്പ് ചെയ്യുന്നതാണ് ഈ റേഡിയേഷൻ സോൺ എന്ന് വാൻ അലെൻ എന്ന ശാസ്ത്രജ്ഞൻ കണ്ടെത്തി. ഈ മേഖല അങ്ങനെ വാൻ അലൻ റേഡിയേഷൻ ബെൽറ്റ് എന്ന് അറിയപ്പെട്ടു.

വാൻ അലെൻ ബെൽറ്റിനെ രണ്ട് മേഖലകളായി തിരിക്കാം. ഉന്നത ഊർജ നിലയിലുള്ള പ്രോട്ടോണുകളുള്ളതും എന്നാൽ വലിപ്പം കുറഞ്ഞതുമായ ഇന്നർ ബെൽറ്റ്. ഇതിനു പുറത്തായി താരതമ്യേന ഊർജം കുറഞ്ഞ ഇലക്ട്രോണുകൾ ഉള്ളതുമായ ഔട്ടർ ബെൽറ്റ്, ഇതിന് ഇന്നർ ബെൽറ്റിനേക്കാൾ വലിപ്പം കൂടുതലാണ്. അപ്പോളോ 11, ഇന്നർ ബെൽറ്റിലൂടെ സഞ്ചരിച്ച സമയം മിനിറ്റുകൾ മാത്രമാണ്. ഔട്ടർ ബെൽറ്റിലൂടെ 1.5 മണിക്കൂർ സമയമെടുത്തും യാത്ര ചെയ്തു. അതായത് ഹാനികരമായ ബെൽറ്റിലൂടെ സഞ്ചരിച്ച സമയം വളരെക്കുറവാണ്. ഇതിൽത്തന്നെ സഞ്ചരിച്ച പാത വാൻ അലൻ ബെൽറ്റിന്റെ തീവ്രത കുറഞ്ഞ ഭാഗത്തു കൂടിയാണ്. ഹാനികരമായ അയൊണൈസിങ്ങ് വികിരണങ്ങളെ തടയാൻ പേടകത്തിന്റെ അലുമിനിയം കവചം ധാരാളമാണ്. മൂന്നു വർഷം കൊണ്ട് നമുക്ക് ഏൽക്കുന്ന റേഡിയേഷനേ ചാന്ദ്രയാത്രയിൽ യാത്രികർക്ക് ഏൽക്കുന്നുള്ളൂ. ഇത് ഹാനികരമല്ല

5 അന്തരീക്ഷമില്ലാത്ത ചന്ദ്രനിലെ കൊടി പറക്കുന്നതെങ്ങനെ ?

കൊടിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഒന്നാമത്തേത് അന്തരീക്ഷ മില്ലാത്തിടത്ത് എങ്ങനെയാണ് കൊടി നിവർന്നു നിൽക്കുന്നത് എന്നതാണ്. കൊടിയുടെ ചിത്രം മാത്രം നോക്കുക. കൊടി ഘടിപ്പിച്ചിരിക്കുന്നത് തല തിരിഞ്ഞ L ആകൃതിയിലുള്ള വടിയിലാണ്. അതിനാൽ കൊടി തൂങ്ങി കിടക്കില്ല. നിവർന്നു തന്നെ നിൽക്കും. ശരി. അപ്പോഴും കൊടി പറക്കുന്നതിനുള്ള മറുപടിയായില്ല. കൊടി ചലിക്കാതെ കുത്തി നിർത്തുക അസാധ്യമാണ്. ആദ്യമുണ്ടാകുന്ന ആ ചലനം അന്തരീക്ഷമില്ലാത്തതിനാൽ കുറച്ച് നേരം നിലനിൽക്കും ഇതാണ് കൊടി നിർത്തുന്ന സമയത്തെ ചലനത്തിനു കാരണം. കൂടാതെ കൊടിയിലു ണ്ടായിരുന്ന ചുളിവുകൾ കാറ്റുണ്ടായിരുന്ന പോലുള്ള പ്രതീതി ഉണ്ടാക്കുന്നു.


6 ഉണങ്ങിക്കിടക്കുന്ന മണ്ണിൽ ചവിട്ടി നോക്കിയാലറിയാം അവിടെ ചെരുപ്പിന്റെ പാട് വ്യക്തമായി ഉണ്ടാവില്ല. എന്നാൽ നനവുള്ള മണ്ണിലാണെങ്കില്‍ നന്നായി ഉണ്ടാവുകയും ചെയ്യും. ചന്ദ്രനിൽ നനവില്ലെന്നു നമുക്കറിയാം. പിന്നെങ്ങനെയാണ് ചിത്രത്തിൽ കാണുന്ന പോലെ ഷാർപ്പ് ആയ കാൽപ്പാടുകൾ ചന്ദ്രോപരിതലത്തിൽ ഉണ്ടാകുന്നത് ?

മഴയോ, കാറ്റോ ഇല്ലാത്തതാണ് കാരണം. ചന്ദ്രനിൽ ഭൂമിയിലേതു പോലെയുള്ള ഉപരിതല പ്രവർത്തനങ്ങൾ ഇല്ലാത്തതിനാൽ ഭൂമിയിലെ മണ്ണും ചന്ദ്രനിലെ മണ്ണും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ചന്ദ്രനിലെ മൺതരികളുടെ അഗ്രങ്ങൾ വളരെ കൂർത്തതായിരിക്കും. ഈ കൂർത്ത അഗ്രങ്ങളാണ് അവയെ ഒട്ടിച്ചേർന്നിരിക്കാൻ സഹായിക്കുന്നത്. മാത്രമല്ല അന്തരീക്ഷമില്ലാത്തതിനാൽ ഈ പാടുകൾ അതേപോലെ നില നിൽക്കുകയും ചെയ്യുന്നു. ഭൂമിയിൽ കാറ്റും മഴയും പുഴയും തുടങ്ങിയ ഭൗമോപരിതല പ്രവർത്തനങ്ങൾ ഉള്ളതിനാൽ മൺ തരികൾക്കൊന്നും കൂർത്ത അഗ്രങ്ങൾ ഉണ്ടായിരിക്കില്ല. അതുകൊണ്ടുതന്നെ അവ നന്നായി ഒട്ടിച്ചേർന്നിരിക്കില്ല. എന്നാൽ വെള്ളം നനഞ്ഞാൽ ആ വെള്ളം മൺതരികളെ ഒട്ടിച്ചേർന്നിരിക്കൻ സഹായിക്കുന്നു.

ഇങ്ങനെ മറുപടി നൽകേണ്ടതും, മറുപടി അർഹിക്കാത്തതുമായ അനേകം ചോദ്യങ്ങളുണ്ട്. ചോദ്യോത്തരങ്ങൾ തൽക്കാലം ഇവിടെ നിർത്തുന്നു. പകരം ചാന്ദ്രയാത്ര കെട്ടുകഥയല്ല എന്നതിനുപോന്ന മറ്റു ചില തെളിവുകൾ മുന്നോട്ടു വക്കുന്നു.

ചന്ദ്രനിൽ സ്ഥാപിച്ചിരിക്കുന്ന റിട്രോറിഫ്ലക്ടറുകൾ (A)

അപ്പോളോ യാത്രികർ ചന്ദ്രനിൽ സ്ഥാപിച്ച റിട്രോറിഫ്ലക്ടറുകൾ ഉപയോഗിച്ച് ചന്ദ്രനിലേക്കുള്ള ദൂരം ഇന്നും കണക്കാക്കാം. ഭൂമിയിൽ നിന്നും ചന്ദ്രനിൽ സ്ഥാപിച്ചിട്ടുള്ള ഈ റിഫ്ലക്ടറുകളിലേക്ക് ലേസർ രശ്മികളെ അയച്ച്, പ്രതിഫലിച്ച് തിരികെ വരാനെടുക്കുന്ന സമയം കണക്കാക്കികൊണ്ട് ഇന്നും ചന്ദ്രനിലേക്കുള്ള ദൂരം നാം അളക്കുന്നുണ്ട്

ചാന്ദ്ര ശിലകൾ (B)

ആറ് അപ്പോളോ ദൗത്യങ്ങളിൽ നിന്നായി 380 കിലോഗ്രാം ചാന്ദ്രശില ഭൂമിയിലെത്തിച്ചിരുന്നു. മാത്രമല്ല ലോകത്തെ വിവിധ ഗവേഷണ സ്ഥാപനങ്ങൾക്ക് ഈ ശിലകൾ പഠനവിധേയമാക്കാനായി അയച്ചു നൽകിയിരുന്നു. എല്ലാ ഗവേഷണ സ്ഥാപനങ്ങളും ഇത് ചാന്ദ്രശിലകൾ തന്നെയാണെന്ന് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നേ വരെ ആർക്കും തന്നെ ചാന്ദ്ര ശിലകൾ കൃതൃമമായി ഉണ്ടാക്കി എന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന പാറയേക്കാൾ 200 ദശലക്ഷക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ട് ചാന്ദ്രശിലക്ക്. മാത്രവുമല്ല സോവിയറ്റ് യൂണിയൻ റോബോട്ടിക് ദൗത്യങ്ങളിലൂടെ ശേഖരിച്ച ചാന്ദ്രശിലയുമായും ഇതിനെ താരതമ്യം ചെയ്തതാണ്. സ്പേസ് റേസിൽ അമേരിക്കയോട് മത്സരിച്ച സോവിയറ്റ് യൂണിയനു പോലും ഇക്കാര്യത്തിൽ തർക്കമുണ്ടായിട്ടില്ല.

ലൂണാർ റെക്കോണസെൻസ് ഓർബിറ്റർ 2009ൽ എടുത്ത ചാന്ദ്രോപരിതലത്തിന്റെ ചിത്രങ്ങൾ.(C)

ഭൂമിയിലെ ഒബ്സർവേറ്ററികളിൽ നിന്നോ ഹബ്ബിൾ സ്പേസ് ടെലസ്കോപ്പിൽ നിന്നോ ചന്ദ്രോപരിതലം നിരീക്ഷിച്ച് അവിടെയുള്ള ലാൻഡിങ് സൈറ്റിലുള്ള ഡിസെന്റിങ് മൊഡ്യൂളിന്റെ ചിത്രം എടുത്തൂടെ എന്ന ചോദ്യം അന്നു തന്നെ ഉന്നയിക്കപ്പെട്ടിരുന്നു. എന്നാൽ ഹബ്ബിളിനു പോലും കുറഞ്ഞത് 55 മീറ്ററെങ്കിലും വലിപ്പമുള്ള വസ്തുക്കളെയേ ചന്ദ്രോപരിതലത്തിൽ നിന്നും വേർതിരിച്ച് അറിയാൻ സാധിക്കൂ. എന്നാൽ 2009 ൽ ലൂണാർ റെക്കോണസെൻസ് ഓർബിറ്ററിൽ നിന്നും എടുത്ത ചിത്രങ്ങളിൽ അപ്പോളൊ 14യാത്രികരുടെ കാൽപ്പാടുകളും അവരുപയോഗിച്ച ഉപകരണങ്ങളും ലൂണാർ മൊഡ്യൂളും ഒക്കെ തിരിച്ചറിയാൻ കഴിയും. നമ്മുടെ ചാന്ദ്രയാനിൽ ഉണ്ടായിരുന്ന ടെറൈൻ മാപ്പിങ് കാമറയും ചന്ദ്രോപരിതലത്തെ നിരീക്ഷിച്ചിരുന്നു. വ്യക്തത കുറവാണെങ്കിൽ കൂടി അപ്പോളോ ലാൻഡിങ്ങ് നടന്ന സ്ഥലങ്ങളേ മറ്റു സ്ഥലങ്ങളിൽ നിന്നും തിരിച്ചറിയാൻ കഴിഞ്ഞിരുന്നു.

എന്തിനേയും ചോദ്യം ചെയ്യുന്നത് നല്ലതാണ്. അത് ചാന്ദ്രയാത്ര ആയാലും. അവക്കൊക്കെ ഉത്തരം കിട്ടിയെങ്കിൽ മാത്രമേ നാം അത് അംഗീകരിക്കാവൂ. അത് നല്ലതാണ്. എന്നാൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയാലും, ശാസ്ത്രീയമായ തെളിവുകൾ നൽകിയാലും വിവാദമുണ്ടാക്കുന്നവരെ പറഞ്ഞ് മനസ്സിലാക്കാൻ സാധ്യമല്ല. അവർക്ക് അതൊരു ഹോബിയും കച്ചവടവും ഒക്കെയായിരിക്കും.

അവരെ നമുക്ക് വിട്ടേക്കാം..

മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ട് ഇക്കഴിഞ്ഞ ജൂലൈ 21 ന് 51 വർഷം പിന്നിട്ടു.

profile

ShijuRaefonz

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.