Monday, December 23, 2024

കല്യാണ ആഭാസം എന്ന അശ്ലീലം

ഒരാളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസങ്ങളിൽ ഒന്നായിരിക്കാം അയാളുടെ വിവാഹം. ഒരുപാട് സ്വപ്നങ്ങളും സങ്കൽപങ്ങളും ആ ദിവസത്തിനു മേൽ ചിലപ്പോൾ ഒരു വ്യക്തി കൂട്ടിവെച്ചിട്ടുണ്ടാവാം. നമ്മുടെ സാമൂഹ്യ ചുറ്റുപാടിൽ പ്രണയവിവാഹങ്ങളെക്കാൾ അറേഞ്ച് മാര്യേജ് ആണ് കൂടുതലും. അതുകൊണ്ടുതന്നെ വിവാഹദിനം അടുക്കുമ്പോൾ വധൂവരൻമാർക്ക് പുതിയ ജീവിതത്തെക്കുറിച്ച് ഉത്കണ്ഠയും പ്രതീക്ഷയും സന്തോഷവും എല്ലാം കൂടിക്കലർന്ന ഒരു മാനസികാവസ്ഥയായിരിക്കും ഉണ്ടാവുക.

advertise

മിക്കവാറും കല്യാണത്തലേന്നോ കല്യാണ ദിവസമോ ആയിരിക്കും സുഹൃത്തുക്കൾ എന്ന മൂടുപടമിട്ട ഒരു കൂട്ടം ആഭാസന്മാർ കല്യാണ വീട്ടിലേക്ക് ഇരച്ചുകയറുന്നത്. അവർ ചിലപ്പോൾ വധൂവരന്മാരെക്കൊണ്ട് കാന്താരി ജ്യൂസ് കുടിപ്പിക്കും. അവരുടെ മണിയറ അലങ്കോലമാക്കും. വരനെ തട്ടിക്കൊണ്ടു പോവും. വധൂവരന്മാരുടെ ദേഹത്ത് കരിയോയിൽ ഒഴിക്കും, വധൂവരന്മാരെ ചെരിപ്പുമാല അണിയിക്കും, അവരുടെ ബെഡ് റൂമിൽ കയറി നായ്ക്കുരണപ്പൊടി വിതറും,. ഇങ്ങനെ സാധിക്കാവുന്ന ദ്രോഹങ്ങൾ എല്ലാം ചെയ്യും. വീട്ടുകാരും ബന്ധുക്കളും മറ്റും ഇതൊരു തമാശപ്പരിപാടിയായി കണ്ടു സഹിച്ചു കൊള്ളണം. ആരെങ്കിലും എതിർത്താൽ പിന്നെ വാക്കേറ്റമായി, ഉന്തുംതള്ളും ആയി. അവസാനം കത്തിക്കുത്തും കൊലപാതകവും വരെ നീളുന്നു. ഒരാളുടെ സന്തോഷത്തിലേക്ക് ഇടിച്ചുകയറി അവരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുമ്പോൾ ഇത്തരം ആഭാസന്മാർക്ക് ലഭിക്കുന്നത് എന്താണ്?. ഒരു പ്രത്യേക മനസ്സുഖം. സാഡിസം എന്ന് വേണമെങ്കിൽ പറയാം. പലരിലും ഉറങ്ങികിടക്കുന്ന ആന്റി സോഷ്യൽ എലമെൻറുകൾ സബ്ലിമേറ്റ് ചെയ്യാനുള്ള ഒരു ഇടമായി മാറുന്നു വിവാഹ വീടുകൾ. സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിൽ പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ ഇതിന് ഒരു cultural acceptance കൈവരികയാണ്. എന്റെ വിവാഹം നീ കുളമാക്കി ഇല്ലേ ഇനി നിന്റെ വിവാഹം ഞാൻ കാത്തിരുന്നു കുളമാക്കാം എന്ന മട്ടിലുള്ള ചില പ്രതികാര നടപടികളും ഇതോടൊപ്പമുണ്ട്. വരന്റേയും വധുവിന്റേയും വീട്ടുകാരെ ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്ന രീതികളും കണ്ടുവരുന്നു.

advertise

ഈ കഴിഞ്ഞ ദിവസമാണ് ഒപി യിൽ കല്യാണ ആഭാസന്മാരായ സുഹൃത്തുക്കളുടെ ഉപദ്രവം മൂലം വിവാഹദിനം അലങ്കോലമാക്കപ്പെട്ട് വിഷാദ രോഗിയായിത്തീർന്ന ഒരു യുവാവിനെ ചികിത്സിക്കേണ്ടി വന്നത്. സാമൂഹ്യവിരുദ്ധ വ്യക്തിത്വ വൈകല്യം അഥവാ ആന്റിസോഷ്യൽ പേഴ്സണാലിറ്റി ഡിസോർഡർ ഉള്ള ചിലർ കല്യാണവീട്ടിൽ സംഘമായി കയറി അഴിഞ്ഞാടുന്നതിനെ തമാശയായി കണ്ട് ഈ വൃത്തികേടിന് സാമൂഹിക അംഗീകാരം നൽകാൻ പാടില്ല. ഈ ദുരന്തം അവസാനിപ്പിച്ചേ തീരൂ.

By
Dr Jostin francis
Neuro-Psychiatrist

profile

 

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.