Monday, December 23, 2024

മുൻവിധി

നമ്മുടെ സ്വപ്നങ്ങൾ എത്ര വലുതാണെങ്കിലും ചെറുതാണെങ്കിലും അതിനൊക്കെ തടസ്സമാകാൻ കഴിയുന്ന ഒരു ചിന്തയാണ് - 'മറ്റുള്ളവർ എന്ത് വിചാരിക്കും?' എന്നത്. ഈ ഒരു ചിന്ത ജീവിതത്തിൽ പാടില്ല എന്ന് നമ്മൾ സ്വയം ചിന്തിക്കുകയും മറ്റുള്ളവരോട് പറയുകയും ചെയ്യാറുണ്ട്. എന്നാൽ ഇങ്ങനെ ഒരു ചിന്ത എന്തുകൊണ്ട് നമുക്ക് ഉണ്ടാകുന്നു എന്നു ആലോചിച്ചിട്ടുണ്ടോ ? ആളുകളെ മുൻവിധിയോടെ സമീപിക്കുന്നതിന്റെ പ്രശ്നമാണിത്. 
Advertise
advertise
 
ഇട്ടിരിക്കുന്ന വസ്ത്രത്തിന്റെ നീളവും വീതിയും നോക്കി സ്ത്രീയുടെ സ്വഭാവം തീരുമാനിക്കുന്ന, താടിയുടെയും മുടിയുടെയും നീളം വെച്ച് ഒരു വ്യക്തി ലഹരിക്ക് അടിമയാണോ അല്ലയോ എന്ന് ഗണിച്ചു കണ്ടുപിടിക്കുന്ന, ഒരു ആണും പെണ്ണും ഒരുമിച്ചു നടന്നാൽ അതിൽ പ്രണയമല്ലാതെ മറ്റൊന്നും കാണാൻ സാധിക്കാത്ത ഒരു സമൂഹത്തിൽ തന്റെ മകൾക്ക്/മകന് നാട്ടുകാരുടെ 'നല്ല കുട്ടി' എന്ന സർട്ടിഫിക്കറ്റ് കിട്ടണം എന്നു വാശി പിടിക്കുന്ന മാതാപിതാക്കളുടെ മേൽനോട്ടത്തിൽ വളർന്നു വരുന്ന ഒരു വ്യക്തി 'മറ്റുള്ളവർ എന്തു വിചാരിക്കും?' എന്നു ചിന്തിച്ചില്ല എങ്കിലേ അത്ഭുതം ഉള്ളു. നിയമം നടപ്പിലാക്കേണ്ട ഉദ്യാഗസ്ഥർ പോലും അവരുടെ മുൻവിധിയുടെ അടിസ്ഥാനത്തിൽ ആളുകളെ നോക്കി കാണുമ്പോൾ 'മറ്റുള്ളവർ എന്തു വിചാരിക്കും ?' എന്ന ചിന്തയുടെ പ്രസക്തി ഏറിവരുകയാണ്. 
Advertise
advertise
 
മുൻവിധികളോടു കൂടിയല്ലാതെ നിങ്ങളെ നോക്കി കാണുന്ന, നിങ്ങളെ ജഡ്ജ് ചെയ്യാതെ നിങ്ങൾ പറയുന്നത് കേൾക്കാൻ തയ്യാറാകുന്ന ഒരാൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ നിങ്ങളെ ഭാഗ്യമുള്ളവരായി കണക്കാക്കേണ്ടി വരുന്ന സാമൂഹിക അവസ്ഥയാണ് ഇന്ന് നിലനിൽക്കുന്നത്. ഒരിക്കലും ഇല്ലാത്ത തരത്തിൽ ആളുകൾക്ക് സൈക്കാട്രിസ്റ്റുകളുടെ ആവിശ്യം ഇപ്പോൾ ഉണ്ടാവുന്നത് എന്തുകൊണ്ടാണ് എന്നു ചിന്തിച്ചിട്ടുണ്ടോ ? ഒരു അസാധാരണമായ സാഹചര്യത്തിലൂടെയാണ് നമ്മൾ എല്ലാം ഇപ്പോൾ കടന്ന് പോകുന്നത്. അതുകൊണ്ട് തന്നെ മുൻപ് ഒരിക്കലും ഇല്ലാത്ത തരത്തിൽ ആളുകൾക്ക് മാനസികമായ പിന്തുണ അത്യാവിശ്യമാണ്. തുറന്ന മനസ്സോടെ നമ്മളെ കേൾക്കാൻ നമുക്ക് ചുറ്റും ആളുകൾ ഇല്ലാതാകുമ്പോൾ തെറാപ്പിസ്റ്റുകളുടെ അടുത്ത് നമ്മൾ അഭയം പ്രാപിക്കും. ശരീരത്തിന് ഒരു അസുഖം വരുമ്പോൾ ഡോക്ടറിനെ കാണാൻ പോകുന്ന പോലെ തന്നെ സ്വാഭാവികമായ ഒന്നാണ് മനസ്സിന് ഒരു ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ സൈക്കാട്രിസ്റ്റിനെ കാണാൻ പോകുന്നതും.  ഇത് മനസിലാക്കാൻ കഴിയാത്ത ഭൂരിഭാഗം വരുന്ന സമൂഹം സൈക്കാട്രിസ്റ്റുകളെ കാണുന്നവർ നോർമൽ ആയിട്ടുള്ളവർ അല്ല വിധിയെഴുതുന്നു. അതുകൊണ്ടു തന്നെ 'മറ്റുള്ളവർ എന്ത് വിചാരിക്കും?' എന്നു ചിന്തിക്കുന്ന, തന്നെ മുൻവിധിയോടു കൂടി സമീപിക്കുന്ന ആളുകൾക്കിടയിൽ ജീവിക്കുന്ന ഒരു വ്യക്തിക്ക് തന്റെ മാനസീക പ്രശ്നങ്ങളിൽ നിന്ന് രക്ഷപെടാൻ ആത്മഹത്യ അല്ലാതെ മറ്റൊന്നും കാണാൻ സാധിക്കാതെ വരുന്നു.അതുകൊണ്ട് നമുക്ക് ചുറ്റുമുള്ള മനുഷ്യരെ നമുക്ക് കേൾക്കാം, മുൻവിധികളില്ലാതെ, ജഡ്ജ്മെന്റൽ ആവാതെ. അങ്ങനെ കേൾക്കാൻ ഉള്ള ഒരു മനസ്സിനെക്കാൾ വലിയൊരു സമ്മാനം നമുക്ക്‌ മറ്റൊരാൾക്ക് കൊടുക്കാൻ സാധിക്കും എന്ന് തോന്നുന്നില്ല.

By
SajinAjay

profile

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.