Monday, December 23, 2024

ക്വിയർ ജീവിതങ്ങൾ

  • കോയമ്പത്തൂരിൽ വച്ച് തനിക്ക് നേരെയുണ്ടായ ഒരു അതിക്രമത്തെക്കുറിച്ച് ഒരു രാത്രി ചിഞ്ചു അശ്വതി രാജപ്പൻ (ആനന്ദ്) പറഞ്ഞു തന്നിട്ടുണ്ട്. ആ മുറിപ്പാട് ചിഞ്ചുവിന്റെ കണ്ണിന് കുറുകെ ഇപ്പോഴുമുണ്ട്. കഴുത്തിലേക്ക് നീളുന്ന ഒന്ന്. ചിഞ്ചു പറയും; “ഈ പാടുകളൊന്നുമായല്ല ഞാൻ ജനിച്ചത്. ഇതെനിക്ക് ഈ സമൂഹം തന്നതാണ്.”
  • 2010 മെയ് 10 നാണ് സ്വീറ്റ് മരിയ (അനിൽ) കൊല ചെയ്യപ്പെട്ടത്. തൊണ്ടയിലും വയറ്റിലും കീറലുകളുണ്ടായിരുന്നു.
  • പിന്നീട് ഗൗരി കൊല ചെയ്യപ്പെട്ടു.
  • ശാലു കോഴിക്കോട് വച്ച് കൊല്ലപ്പെട്ടു.
  • കൺവെൻഷൻ തെറാപ്പിയെ തുടർന്ന് അഞ്ജന ഹരീഷ് ആത്മഹത്യ ചെയ്തു.
  • 4 മാസം മുന്നേ പത്തനംതിട്ടയിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാകാൻ താല്പര്യപ്പെട്ട 21 വയസ്സുള്ള ട്രാൻസ് വ്യക്തിയെ സ്വന്തം സഹോദരൻ തലയ്ക്കടിച്ച് കൊന്നു.പക്ഷെ ഈ മരണങ്ങളൊന്നും കേരളത്തിന്റെ പൊതുമണ്ഡലത്തിൽ യാതൊരിളക്കവുമുണ്ടാക്കിയില്ല.
  • കഴിഞ്ഞ മാസം ട്രാൻസ് സ്ത്രീയായ ശ്രീധന്യയെ വൈറ്റിലയിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 2 ദിവസത്തെ പഴക്കമെങ്കിലും മൃതദേഹത്തിനുണ്ടായിരുന്നു. ഏതാനും ദിവസങ്ങളായി ശ്രീധന്യയുടെ ആരോഗ്യ നില വളരെ മോശമായിരുന്നു. അയൽവാസികളായ സുഹൃത്തുക്കളാണ് ഭക്ഷണവും മറ്റും എത്തിച്ച് നൽകിയിരുന്നതെന്നാണറിഞ്ഞത്. പൊലീസ് അന്വേഷണത്തിൽ ശ്രീധന്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായും കോവിഡ് പരിശോധന നടത്തിയിരുന്നതായും വിവരം ലഭിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ന്യുമോണിയ മൂർച്ഛിച്ചതാണ് മരണകാരണമെന്ന് കണ്ടെത്തി. ശ്രീധന്യയുടെ മരണം അന്ന് ഒരുതരത്തിലുമുള്ള മാധ്യമ ശ്രദ്ധയും നേടിയില്ല. ശ്രീധന്യയുടെ മരണത്തിനുത്തരവാദിയായി സ്റ്റേറ്റിനെ ആരും കുറ്റപ്പെടുത്തിയില്ല. കോവിഡ് കാലം എത്ര രൂക്ഷമായാണ് ക്വിയർ മനുഷ്യരെ ബാധിച്ചിരിക്കുന്നതെന്ന് ആരും ചർച്ചക്കെടുത്തതുമില്ല.

Advertise

advertise

Click here for more info

ഇതിന്റെ തുടർച്ചയിലാണ് കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയും ക്വിയർ ആക്ടിവിസ്റ്റുമായ അനന്യ കുമാരി അലക്‌സ് എന്ന ട്രാൻസ് സ്ത്രീയുടെ ‛ആത്മഹത്യ’യെയും സ്ഥാനപ്പെടുത്തേണ്ടതെന്ന് തോന്നുന്നു. കൊച്ചിയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് അനന്യയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഒരു വർഷം മുന്നേയാണ് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അനന്യ ലിംഗമാറ്റ ശസ്‌ത്രക്രിയയ്ക്ക് വിധേയയാകുന്നത്. ഈ ശസ്ത്രക്രിയയിൽ സംഭവിച്ച ഗുരുതരമായ വീഴ്ച്ച അനന്യയെ വലിയ തോതിൽ ബാധിച്ചിരുന്നു. അനന്യ മോഡറേറ്ററായുള്ള ഒരു ക്ലബ്ബ് ഹൗസ് ചർച്ചയിൽ.. സർജറി പരാജയമായിരുന്നെന്നും ഒട്ടും തൃപ്‌തയല്ലെന്നും അനന്യ പറഞ്ഞു. ഒന്ന് ചിരിക്കാൻ പോലും കഴിയാത്ത വിധം വല്ലാത്ത വേദനയാണെന്നും, ദിവസവും പാഡ് ഉപയോഗിക്കേണ്ട സ്ഥിതിയാണെന്നും അവർ പറഞ്ഞു.

Advertise

advertise

Click here for more info

അനന്യയുടെ മരണം നിശ്ചയമായും ഒരു സ്ഥാപനവത്കൃത കൊലപാതമാണ്. ഇതിന്റെ ഉത്തരവാദിത്വമേറ്റെടുക്കേണ്ട കടമ മെഡിക്കൽ സമൂഹത്തിനും, ട്രാൻസ്ജെൻഡർ പോളിസി നിലനിൽക്കുന്ന സംസ്ഥാനത്തിനും, സർക്കാരിനുമുണ്ട്. ഹോർമോൺ തെറാപ്പിയും ലിംഗമാറ്റ സർജറിയും ട്രാൻസ് മനുഷ്യരുടെ അടിസ്ഥാന ആവശ്യ (അവകാശ) ങ്ങളാണ്. സാമൂഹികമായും സാമ്പത്തികമായും അരികുവത്കരിക്കപ്പെട്ട ട്രാൻസ് കമ്യൂണിറ്റിയിലെ വ്യക്തികൾ ഭീമമായ പണം കെട്ടിവച്ചാണ് ലിംഗമാറ്റ സർജറിക്ക് വിധേയരാകുന്നത്. നിലവിൽ സർജറിക്ക് ശേഷമാണ് സർക്കാർ സാമ്പത്തിക സഹായം അനുവദിക്കുന്നത്. ഇതോടെ, സ്റ്റേറ്റിന്റെ ഉത്തരവാദിത്വം തീരാൻ പാടില്ല. സർജറികളുടെ വിജയ നിലവാരവും മറ്റും ന്യായമായും അന്വേഷിക്കേണ്ടതുണ്ട്.

ഡോ വീണ ജെ എസ് ഫേസ്ബുക്കിൽ പങ്കിട്ട കുറിപ്പിന്റെ പ്രധാന ഭാഗങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം..

“ട്രാൻസ്ജെന്റർ മനുഷ്യർക്ക് സെക്സ് reassignment സർജറി നടത്തി ഭീമമായി കാശ് വാങ്ങുന്ന എല്ലാ ആശുപത്രികളിലെയും ഡോക്ടർമാർ എവിടെ നിന്നാണ് അതിൽ പരിശീലനം ലഭ്യമാക്കിയതെന്ന് പരിശോധിക്കേണ്ടതുണ്ടായിരുന്നു ഇവിടെ. അവരുടെ സർജറികളുടെ വിജയ നിലവാരം സർജറിക്ക് വിധേയരായ മനുഷ്യരുടെ ഫീഡ് ബാക്കിലൂടെ തന്നെ വിലയിരുത്തേണ്ടതുണ്ടായിരുന്നു ഇവിടെ. സർക്കാർ ആശുപത്രികളിലെ സർജറി വിഭാഗം ഡോക്ടർമാരെ ഉന്നത കേന്ദ്രങ്ങളിലേക്കയച്ച് കൃത്യമായ പരിശീലനം നൽകേണ്ടതുണ്ടായിരുന്നു. കോവിഡ് കാലത്തുപോലും oppressed വിഭാഗങ്ങളുടെ സ്വാസ്ഥ്യമെന്നത് സ്റ്റേറ്റിന്റെ കടമ മാത്രമാണ്. ഓരോ രക്തസാക്ഷികൾ ഉണ്ടായിക്കൊണ്ടല്ല മാറ്റങ്ങളുണ്ടാകേണ്ടത്. രക്തസാക്ഷികളുണ്ടാകാതെ തന്നെ മാറ്റങ്ങൾ വരേണ്ടതുണ്ട്. അനന്യയുടെ മരണകാരണം എന്തോ ആയിക്കൊള്ളട്ടെ. മരിക്കും മുന്നേവരെ അവർ അവരുടെ ശരീരത്തിൽ ചെയ്ത സർജറിയോട് പൊരുത്തപ്പെട്ടിരുന്നില്ലെന്ന് മാത്രമല്ല അതിൽ വളരെയധികം അതൃപ്തയും സങ്കടമുള്ളവളുമായിരുന്നെന്ന് അറിയാൻ കഴിയുന്നു.”

Advertise

advertise

Click here for more info

വളരെ ശക്തമായ അടിത്തറയുള്ള സിസ്-ഹെറ്ററോ നോർമാറ്റീവായ ഒരു വ്യവസ്‌ഥക്ക് ഈ കൊലപാതകത്തിൽ പങ്കുണ്ട്. ഈ വ്യവസ്ഥയുടെ മീതെയാണ് ക്വിയർ മനുഷ്യർ നേരിടുന്ന സാമൂഹികമായ പുറന്തള്ളലുകളെ മനസ്സിലാക്കേണ്ടത്. അനന്യ ഉയർത്തിവിട്ട പ്രശ്നം പരിഹരിക്കപ്പെട്ടാൽ മാത്രമെ അവരുടെ മരണത്തോടെങ്കിലും നീതി കാണിക്കാനാകു. റെനേ മെഡിസിറ്റിയും ട്രാൻസ്ഫോബിക് ആയ മെഡിക്കൽ സമൂഹവും ഈ മരണത്തിൽ കണക്ക് പറയേണ്ടതുണ്ട്.

By
Aadi

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.