Monday, December 23, 2024

അരത്താലിയെ പ്രണയിച്ച കുലസ്ത്രീ

പ്രമുഖനായ സാഹിത്യകാരനും , വിവർത്തകനും,നോവലിസ്റ്റുമൊക്കെയായ തൂലിക കൊണ്ട് വസന്തം ചൊരിയുന്ന ശ്രീ:ടി.ഡി രാമകൃഷ്ണന് 2017 ലെ വയലാർ അവാർഡ് നേടിക്കൊടുത്ത കൃതിയാണ് ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ച “സുഗന്ധി എന്ന ആണ്ടാൾ ദേവനായകി”

‘ശ്രീലങ്കൻ ആഭ്യന്തര കലാപത്തിൻ്റെ പശ്ചാത്തലത്തിൽ പാർശ്വവത്കരിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്ത ഒരു സമൂഹത്തിൻ്റെ ദുസ്സഹമായ യാതനകളുടെ ചരിത്രം ഇതൾ വിരിയുന്ന കലാസൃഷ്ടിയെന്ന നിലയിൽ ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’ മലയാള ഭാവുകത്വ വ്യതിയാനത്തിൻ്റെ സുവർണ്ണരേഖയാണ്’

വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് അവാർഡിനൊപ്പം നൽകിയ പ്രശസ്തി പത്രത്തിൽ ലിഖിതമാക്കിയ മേൽപ്രതിപാദിച്ച വാക്കുകളിൽ പുസ്തകത്തിലെ ഉള്ളടക്കങ്ങളെ കുറിച്ച് സൂചന കിട്ടിക്കാണുമല്ലോ.?

വായിക്കാൻ ഒട്ടേറെ ഇഷ്ടപ്പെടുന്ന എനിക്ക് എൻ്റെ ഇന്നുവരെയുള്ള വായനാ സമ്പത്തിൽ ഏറ്റവും ആകർഷിക്കപ്പെട്ട കൃതികളിൽ പ്രധാനിയാണ് ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’

പറഞ്ഞു വരുന്നത് പ്രസ്തുത നോവലിനെക്കുറിച്ച് ഒരു ആകെ വിലയിരുത്തലല്ല. മറിച്ച് നോവലിൽ ഉൾപ്പെടുത്തിയിട്ടുള്ള ‘ദേവനായകി തൻ കഥൈ’ യിലെ രണ്ടാം ഭാഗത്തിൽ പ്രതിപാദിക്കുന്ന അരത്താലിയെപ്പറ്റിയാണ്. എൻ്റെ ദരിദ്രമായ വീക്ഷണത്തിൽ ദേവനായകിയുടെ അരത്താലി തന്നെയാണ് എല്ലാ മതങ്ങളും സ്ത്രീകൾക്ക് വാരിക്കോരി ചൊരിയുന്നു എന്ന് പറയുന്ന ‘പരിരക്ഷ’.

നമുക്കാദ്യം നോവലിലെ ആ പാരഗ്രാഫിലേക്ക് ഒന്ന് കണ്ണോടിക്കാം..

കാന്തള്ളൂർ ദേശത്തെ മന്നനായ മഹേന്ദ്രവർമ്മൻ്റെയും , ദേവനായകിയുടെയും വിവാഹ ശേഷമുള്ള ആചാരങ്ങളാണ് തന്തു.

“പൂർണ്ണ നഗ്നയാക്കി നിർത്തി അതീവ രഹസ്യമായ താന്ത്രികാനുഷ്ടാനങ്ങളോട് കൂടിയ യോനീ പൂജക്ക് ശേഷം പാർവ്വതി തമ്പുരാട്ടിയാണ് അരത്താലി കെട്ടി ഗർഭസൂത്രം മുറുക്കിയത്. കാന്തള്ളൂരിലെ റാണിമാർ രഹസ്യമായി ധരിക്കുന്ന അരത്താലി ദേവനായകി ആദ്യമായി കാണുകയായിരുന്നു. മുത്തരഞ്ഞാണത്തിന് താഴെ ഇടുപ്പിന് അൽപ്പം മുകളിൽ നന്നായി മുറുകിക്കിടക്കുന്ന സ്വർണ്ണ വളയത്തിൽ രണ്ടറ്റവും ഉറപ്പിച്ച ഒരു നീണ്ട ആലില പോലെ യോനീമുഖത്തെ പൂർണ്ണമായി മറയ്ക്കുന്നതായിരുന്നു അരത്താലി.
ലൈംഗീക ബന്ധമൊഴികെ മറ്റെല്ലാ ശാരീരിക ആവശ്യങ്ങളും യാതൊരു ബുദ്ധിമുട്ടുമില്ലാതെ നിർവ്വഹിക്കാവുന്ന വിധത്തിലായിരുന്നു അതിൻ്റെ നിർമ്മാണം. മൂലാധാരത്തിന് മൂന്നംഗുലം മുകളിൽ പൊക്കിളിന് നേരെ എതിർവശത്തായി ഒരിക്കലും സ്വയം തുറക്കാൻ കഴിയാത്ത ഗർഭസൂത്രമെന്ന തീരെ ചെറിയൊരു പൂട്ടാണ് അരത്താലിയുടെ ഏറ്റവും പ്രധാന ഭാഗം. അരത്താലിയുടെ താക്കോൽ മഹാരാജാവിൻ്റെ കയ്യിൽ മാത്രമേയുള്ളൂ.

അരത്താലി ആദ്യമായി ധരിച്ചിറങ്ങിയ ദേവനായകി പാർവതി തമ്പുരാട്ടിയോട് ചോദിച്ചു..
‘ഇതൊക്കെയെന്തിനാ അക്കാ തിരുമനസ്സിന് നമ്മളെ ഇത്ര വിശ്വാസമില്ലേ.?


‘വിശ്വാസമില്ലാഞ്ഞിട്ടല്ല. മറ്റാരും അതിക്രമിച്ച് കയറാതിക്കാനാണ്.

ഇതേ ചോദ്യം കിടപ്പറയിൽ മഹേന്ദ്രവർമ്മനോടും ദേവനായകി ആവർത്തിച്ചപ്പോൾ മറുപടിയായി..

‘കാര്യേഷു മന്ത്രീ കർമ്മേണ ദാസി
രൂപേഷു ലക്ഷ്മി ക്ഷമയാ ധരിത്രി
സ്നേഹേഷുമാതാ ശയനേഷു വേശ്യ
ഷട്കർമ്മ നാരീ കുലധർമ്മപത്നി’

ഉത്തമയായ രാജപത്നിക്ക് വേണ്ട ഏറ്റവും പ്രധാനഗുണം രാജാവിനോടുള്ള കൂറാണ്.

അതുറപ്പാക്കാൻ ഇങ്ങനെ അരത്താലി കെട്ടിച്ച് താക്കോലുമായി നടക്കണോ എന്ന ദേവനായകിയുടെ ചോദ്യത്തിന് മഹേന്ദ്രവർമ്മൻ്റെ മറുപടി ‘അത് നൂറ്റാണ്ടുകളായുള്ള ആചാരമാണെന്നും വിശ്വാസമില്ലാഞ്ഞിട്ടല്ല പ്രലോഭിപ്പിച്ചോ ,ഭീഷണിപ്പെടുത്തിയോ, ബലം പ്രയോഗിച്ചോ മറ്റാരെങ്കിലും മനസ്സിലേക്കോ ശരീരത്തിലേക്കോ കടന്നു കയറാതിരിക്കാൻ വേണ്ടി മാതമാണെന്നും ഒപ്പം രാജതന്ത്രമനുസരിച്ച് രാജാവ് ഭയപ്പെടേണ്ടവരിൽ സ്വന്തം പത്നിയും പെടുമെന്നും മഹേന്ദ്രവർമ്മൻ പറയുന്നു.’

ഇതേ മഹേന്ദ്ര വർമ്മൻ മറ്റൊരു സന്ദർഭത്തിൽ ദേവനായകിയോട് ദേഷ്യപ്പെട്ട് പറയുന്നുണ്ട്.

‘ തൻ്റെ കണവനെക്കാൾ ധീരനായ മറ്റൊരു വീരനെ കണ്ടാൽ അയാളുടെ കൂടെ കിടക്കുന്നതാണ് നല്ലതെന്ന് ഒരു പെണ്ണിന് തോന്നാം അതുകൊണ്ടാണ് നിന്നെയൊക്കെ അരത്താലിയിട്ട് പൂട്ടേണ്ടി വരുന്നത്. “

ആവർത്തിക്കട്ടെ എൻ്റെ ദരിദ്ര വീക്ഷണത്താൽ ഞാൻ ചൂണ്ടിക്കാട്ടുന്നത് മതങ്ങൾ നമ്മുടെ സ്ത്രീകൾക്ക് ‘പരിരക്ഷ’ എന്ന പേരിൽ നൽകുന്ന അസ്വാതന്ത്ര്യ കുന്നിൻ്റെ നെറുകയിൽ നിന്ന് നോക്കൂ.. നിങ്ങൾക്ക് ദേവനായകിയുടെ അരത്താലി കാണാൻ കഴിയുന്നില്ലേ ..?

ഭാഗ്യലക്ഷ്മിയും,ദിയസനയും കൂടി സ്ത്രീ സ്വാതന്ത്രത്തിന് വധശിക്ഷ വിധിക്കുന്ന സദാചാര വക്താവിന് നേരെ പൊട്ടിച്ച അടിയുടെ ശബ്ദത്തിനൊപ്പം ദേവനായകിയുടെ അരത്താലി പൊട്ടിവീഴുന്ന ശബ്ദം നിങ്ങൾ കേട്ടില്ലേ.?

നിയമം കൈയ്യിലെടുത്തതിന് ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും ശിക്ഷിക്കണമെന്ന നീതിദേവതയുടെ ഫേക്ക് ഐഡിയിൽ നിലവിളിച്ചവർ ഒരു ചെറുപ്പക്കാരൻ തൻ്റെ വിവാഹം മുടക്കിയെന്നാരോപിച്ച് ഒരുവൻ്റെ കട ജെ സി ബി ക്ക് അടിച്ച് തകർത്തപ്പോൾ അവന് വേണ്ടി നിർത്താതെ കൈയ്യടിച്ചപ്പോൾ മുഴങ്ങിയത് ദേവനായകിയുടെ അരത്താലിയുടെ കിലുക്കമായിരുന്നില്ലേ.?

സ്ത്രീയുടെ നീതിദേവതയുടെ യോനീമുഖവും , പുരുഷൻ്റെ നീതിദേവതയുടെ നേത്രങ്ങളും മറക്കപ്പെടുന്നതാണോ തുല്യത.?

എങ്കിൽ ആ തുല്യത ദേവനായകിയുടെ അരത്താലിയാണ്..

ദേവനായകിയുടേതിനേക്കാൾ മുറുക്കമുള്ള അരത്താലിയുമായി ഒരു ഭൂരിപക്ഷ സമൂഹം നമ്മുടെ ചുറ്റുമുണ്ട് എന്ന് പറയുമ്പോൾ ചുറ്റും നോക്കുന്നതിന് മുന്നോടിയായി സ്വയം നോക്കുക സ്വർണ്ണത്തിൽ പണിത ദേവനായകിയുടെ സ്ത്രീത്വത്തെ തടവിലാക്കിയ അരത്താലിയെന്ന ബന്ധുരക്കാഞ്ചനക്കൂട് നിങ്ങളുടെ കയ്യിലും ഉണ്ടാവാം.

By

VishnuAnilkumar

Editor

Yukthivaadi

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.