Monday, December 23, 2024

വിശ്വാസം കന്യാ ചർമ്മത്തിലൂടെ!

മനുഷ്യ ചരിത്രത്തിലെ ഏറ്റവും പ്രബലമായ അന്ധ വിശ്വാസങ്ങളിലൊന്നാണ് കന്യകാത്വം. ഇന്നും അനേകം പെണ്‍ കുട്ടികളുടെ ലൈംഗിക സ്വാതന്ത്ര്യത്തെയും പെരുമാറ്റ സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന ഈ തെറ്റിദ്ധാരണയുടെ സത്യാവസ്ഥയെന്താണ്?
പെണ്‍ കുട്ടികളില്‍ യോനി നാളത്തിന്റെ ബാഹ്യ ദ്വാരവുമായി ബന്ധപ്പെട്ട് കാണാവുന്ന ചര്‍മ ഭാഗമാണ് കന്യാ ചര്‍മ്മം അഥവാ ഹൈമെന്‍. ജീവിതത്തില്‍ ആദ്യമായി സംഭവിക്കുന്ന ലൈംഗിക ബന്ധത്തില്‍ സ്ത്രീയുടെ കന്യാ ചര്‍മ്മം പൊട്ടി മാറുകയും രക്തം വരുകയും ചെയ്യുമെന്നാണ് പൊതുവേയുള്ള ധാരണ. ഇതിനെ അടിസ്ഥാനമാക്കി പെണ്‍ കുട്ടികളുടെ കന്യകാത്വം പരിശോധിക്കാന്‍ പര്യാപ്തമായ തെളിവായി കന്യാ ചര്‍മ്മം കണക്കാക്കുകയും ചെയ്തു പോരുന്നു.
നവ വധുവരന്മാരുടെ ആദ്യ രാത്രിയുടെ പിറ്റേ ദിവസം ബെഡ് ഷീറ്റില്‍ രക്തക്കറ ഉണ്ടോ എന്ന് പരിശോധിക്കുകയും അങ്ങനെ ഒന്ന് കണ്ടില്ലെങ്കില്‍ വധുവിനു ഇതിനു മുമ്പ് ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്നു കല്‍പിക്കുകയും ചെയ്യുന്ന പതിവ് പല സംസ്‌കാരങ്ങളിലുമുണ്ട്. ഉദാഹരണത്തിന് ബൈബിള്‍ പഴയ നിയമ പ്രകാരം (Deuteronomy 22) പുതിയ ഭാര്യയുമായുള്ള ബന്ധത്തില്‍ രക്തക്കറ കണ്ടില്ലെങ്കില്‍ അവളെ പിതാവിന്റെ ഭവനത്തില്‍ കൊണ്ടു വന്നു ‘വേശ്യാ ദോഷം’ ചെയ്തെന്ന കാരണം ചാര്‍ത്തി കല്ലെറിഞ്ഞു കൊല്ലുകയാണ്. ഇതിനു സമാനമായ ക്രൂര ആചാരങ്ങള്‍ മറ്റുള്ള പ്രാചീന സംസ്‌കാരങ്ങളിലും ദര്‍ശിക്കാവുന്നതാണ്. ഇന്നും അനവധി യാഥാസ്ഥിതിക കുടുംബങ്ങളില്‍ ആദ്യ രാത്രിയുടെ പിറ്റേ ദിവസം രക്തക്കറ കണ്ടില്ലെങ്കില്‍ അവള്‍ പല വിധത്തിലുള്ള ഗാര്‍ഹിക പീഡനങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും ചില അവസരങ്ങളില്‍ അഭിമാന കൊലപാതകങ്ങള്‍ക്കും ഇരയാവാറുണ്ട്. ആദ്യ രാത്രിയില്‍ വെളുത്ത ബെഡ് ഷീറ്റ് ഉപയോഗിക്കുന്നതിന്റെ ഒരു കാരണം രക്തക്കറ ഉണ്ടോയെന്നു വേഗം കണ്ടു പിടിക്കാനാണത്രേ.
തെറ്റിദ്ധാരണകള്‍
കന്യാ ചര്‍മ്മവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ പ്രധാനമായി മൂന്നെണ്ണമാണ്.
1) യോനിയെ കവചം ചെയ്യുന്ന സീല്‍ പോലെയൊരു പാളിയാണ് കന്യാ ചര്‍മ്മം.
2) യോനിയില്‍ ലിംഗം പ്രവേശിക്കുന്ന വിധത്തിലുള്ള ലൈംഗിക ബന്ധം ഒരിക്കല്‍ നടന്നാല്‍ കന്യാ ചര്‍മ്മം പൊട്ടി നശിച്ചു പോകും.
3) യോനിയില്‍ ലിംഗം പ്രവേശിക്കുന്ന വിധത്തിലുള്ള ലൈംഗിക ബന്ധം ആദ്യം നടക്കുമ്പോള്‍ കന്യാ ചര്‍മ്മം പൊട്ടി രക്തം വരും.
യോനിയെ കവചം ചെയ്യുന്ന സീല്‍ പോലെയൊരു പാളിയാണ് കന്യാ ചര്‍മ്മമെങ്കില്‍ ഒരിക്കലും ആര്‍ത്തവ രക്തം ശരീരത്തിന്റെ വെളിയില്‍ പോകുകയില്ല. കന്യാ ചര്‍മ്മം യഥാര്‍ത്ഥത്തില്‍ ഇങ്ങനെയല്ല കാണുന്നത്. കന്യാ ചര്‍മ്മം വിവിധ രൂപത്തിലും ഭാവത്തിലും കാണാം. പെൺ കുട്ടികള്‍ ജനിക്കുന്ന അവസ്ഥയില്‍ യോനി നാളത്തിന്റെ ബാഹ്യ ദ്വാരവുമായി ബന്ധപ്പെട്ട് ചന്ദ്രക്കല ആകൃതിയില്‍ തടിച്ച ചര്‍മ്മമായിട്ടാണ് ചിലരില്‍ ഇത് കാണുന്നത്. ചിലരില്‍ ജന്മനാ കന്യാ ചര്‍മ്മം കാണില്ല. കൗമാരത്തോട് അടുക്കുന്തോറും ഈസ്ട്രജന്‍ പോലുള്ള ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളാല്‍ ഈ ഭാഗം കൂടുതല്‍ നേര്‍ത്തതും ഇലാസ്റ്റിക് സ്വഭാവമുള്ളതുമായി മാറുന്നു.
പെണ്‍ കുട്ടികളില്‍ കന്യാ ചര്‍മ്മം വ്യത്യസ്തമായ അസംഖ്യം രൂപത്തിലും ഭാവത്തിലും രീതിയിലും കാണാവുന്നതാണ്.
കന്യാ ചര്‍മ്മത്തിന്റെ നടുവില്‍ ഒരു വലിയ ദ്വാരമായി കാണുന്ന annular hymen
നടുവില്‍ ഒരു നേര്‍ത്ത വര പോലെ യോനി നാളത്തെ രണ്ടായി എന്ന വിധം കാണിക്കുന്ന septate hymen
കന്യാ ചര്‍മ്മത്തില്‍ ധാരാളം ചെറു ദ്വാരങ്ങളുള്ള cribriform hymen
തുടങ്ങിയവ പൊതുവെ കാണുന്ന ചില അവസ്ഥകളാണ്.
കന്യാ ചര്‍മ്മത്തില്‍ ദ്വാരങ്ങളൊന്നുമില്ലാതെ വരുന്ന ഒരവസ്ഥയുണ്ട്. imperforate hymen എന്നാണതിനെ വിളിക്കുന്നത്. അങ്ങനെയുള്ള അവസ്ഥകളില്‍ ആര്‍ത്തവ രക്തം സ്വാഭാവികമായി പുറത്തോട്ടു പോകാതിരിക്കുകയും ഉള്ളില്‍ കെട്ടി കിടക്കാനും സാധ്യതയുണ്ട്. ഇത് ശസ്ത്ര ക്രിയ വഴി ശരിയാക്കാവുന്നതാണ്.
ലൈംഗിക ബന്ധത്തില്‍ കന്യാ ചര്‍മ്മം പൊട്ടി നശിക്കുകയല്ല!
1906 ല്‍ മേരി ജീന്‍സെറ്റ് എന്ന ഡോക്ടര്‍ മധ്യ വയസ്സുള്ള ഒരു ലൈംഗിക തൊഴിലാളിയുടെ കന്യാ ചര്‍മ്മം പരിശോധിച്ചതില്‍ നിന്നും അത് കന്യകയായ ഒരു കൗമാരക്കാരിയുടേതിന് സമാനമായിരുന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് (Brochmann & Dahl). പിഡിയാട്രിക്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തില്‍ 36 ഗര്‍ഭിണികളായ സ്ത്രീകളുടെ കന്യാചര്‍മ്മം നിരീക്ഷിച്ചപ്പോള്‍ അതില്‍ രണ്ടു പേരുടെ ഒഴികെ ബാക്കി 32 പേരുടെയും കന്യാ ചര്‍മ്മം മറ്റു കന്യകമാരായവരുടേത് പോലെ തന്നെയായിരുന്നുവെന്ന് പറയുന്നു (Kellogg et al., 2004)
ഈ രണ്ടു ഉദാഹരണങ്ങള്‍ പറഞ്ഞത് ലൈംഗിക ബന്ധത്തില്‍ കന്യാ ചര്‍മ്മം പൊട്ടി നശിക്കുകയല്ല എന്ന് കാണിക്കാന്‍ വേണ്ടിയാണ്. സത്യത്തില്‍ കന്യാ ചര്‍മ്മം ഒരു ഇലാസ്റ്റിക് ബാന്റ് പോലെയാണ്. അത് ലിംഗത്തെയോ യോനിയില്‍ പ്രവേശിക്കുന്ന മറ്റു വസ്തുക്കളെയോ ഉള്ളില്‍ പ്രവേശിപ്പിക്കുന്നത് സ്വയം വലിഞ്ഞു മാറിയാണ്. കന്യാ ചര്‍മ്മത്തിന്റെ ദ്വാരം ചെറുതാണെങ്കില്‍ അതിന്റെ അറ്റം അല്‍പം മുറിക്കുകയും ശേഷം വലിഞ്ഞു മാറുകയും ചെയ്യും. ആദ്യമായുള്ള ലൈംഗിക ബന്ധത്തില്‍ നിന്നും കന്യാ ചര്‍മ്മം പൊട്ടി നശിക്കുന്നില്ല. സ്വാഭാവികമായ പ്രസവത്തിനു ശേഷവും കന്യാ ചര്‍മ്മം സ്ത്രീകളില്‍ അവശേഷിക്കാവുന്നതാണ്.
ആദ്യമായി ലൈംഗിക ബന്ധമുണ്ടാകുമ്പോള്‍ പല സ്ത്രീകളുടെയും കന്യാ ചര്‍മ്മത്തില്‍ മുറിവൊന്നും സംഭവിക്കുന്നില്ല. അതിനാല്‍ രക്തം വരില്ല. ഇനി മുറിവ് സംഭവിക്കുന്നെങ്കില്‍ അല്പം രക്തം വരാം. ഇങ്ങനെയല്ലാതെ രക്തം വരുന്നതിനു കാരണം ശരിയായ ലൂബ്രിക്കേഷന്‍ നടക്കാത്തത് കൊണ്ടുണ്ടാക്കുന്ന വജൈനല്‍ മുറിവുകള്‍ കൊണ്ടായിരിക്കും. ലൈംഗികതയെ പറ്റിയുള്ള പല തെറ്റിദ്ധാരണകളും ഭയങ്ങളും മറ്റു നാനാ വിധത്തിലുള്ള മാനസിക സമ്മര്‍ദ്ദം മൂലവും ബ്ലീഡിംഗ് ഉണ്ടാകാവുന്നതാണ്. stress induced vaginal bleeding എന്ന് പറയാം. ഇങ്ങനെയുള്ള ബ്ലീഡിംഗ് ആദ്യമായല്ലാത്ത ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവരിലും വരാം. വേറെ കാരണങ്ങളുമാകാം.
ജീവ ശാസ്ത്രപരമായി നോക്കിയാല്‍ മനുഷ്യരില്‍ മാത്രമല്ല.. കുതിര, ചിമ്പാന്‍സി, തിമിംഗലം തുടങ്ങി മറ്റുള്ള സസ്തനികളിലും കന്യാ ചര്‍മ്മം കാണാവുന്നതാണ്.
ലൈംഗിക ബന്ധം ചെയ്യുമ്പോള്‍ രക്തം വരുത്തുന്ന കൃത്രിമ-കന്യാ ചര്‍മ്മങ്ങളും കോസ്മറ്റിക് മാര്‍ക്കറ്റില്‍ ലഭ്യമാണ്.
എന്താണ് കന്യാചര്‍മ്മം?
ഭ്രൂണാവസ്ഥയില്‍ urogenital sinus എന്ന ഭാഗത്തില്‍ നിന്നാണ് കന്യാ ചര്‍മ്മം രൂപപ്പെടുന്നത്. സസ്തനി – ഇതര കശേരു മൃഗങ്ങളില്‍ ക്ലോയെക്ക എന്ന ഭാഗത്തിനു തുല്യമാണിത്. പ്രത്യുല്പാദന ഘടകവും മൂത്ര നാളിയും ഒന്നിച്ചു തുറക്കുന്നത് ക്ലോയെക്കയിലേക്കാണ്. എന്നാല്‍ സസ്തനികളില്‍ ഭ്രൂണ വളര്‍ച്ചയില്‍ ഇവ വേര്‍പെടുന്നു. സസ്തനികളില്‍ യോനിയുടെ എപിതീലിയം ടിഷ്യൂവും കന്യാ ചര്‍മ്മത്തിന്റെ എപിതീലിയം ടിഷ്യൂവും രൂപപ്പെടുന്നത് വ്യത്യസ്തമായ ഇടങ്ങളില്‍ നിന്നാണ്. ഗര്‍ഭ പാത്രവും യോനിയുടെ ഏറ്റവും മേലെ ഉള്ള മൂന്നിലൊന്നു ഭാഗവും വരുന്നത് മൂലെറിയന്‍ സിസ്റ്റത്തില്‍ നിന്നും കന്യാ ചര്‍മ്മത്തിന്റെ മുമ്പ് പറഞ്ഞ യൂറോ ജെനിറ്റല്‍ സൈനസില്‍ നിന്നുമാണ്. ആയതിനാല്‍ യോനിയില്ലാതെ ജനിക്കുന്ന ചില ജനന വൈകല്യമുള്ള കുട്ടികളിലും കന്യാ ചര്‍മ്മം കാണാവുന്നതാണ്. സങ്കീര്‍ണ്ണമായ സസ്തനികളുടെ സ്‌ത്രൈണ ലൈംഗികാവയങ്ങളുടെ രൂപപ്പെടല്‍ ഭ്രൂണാവസ്ഥയില്‍ സംഭവിക്കുന്നതിന്റെ ഫലമായി ഉണ്ടാക്കുന്ന ഒരു വെസ്റ്റിജീല്‍ ടിഷ്യൂവാണ് കന്യാ ചര്‍മ്മം. കന്യകാത്വം സംരക്ഷിക്കുക എന്നൊരു ലക്ഷ്യം ഇതിനില്ല. (Shaw et al., 1983)
ശാസ്ത്രീയമായി യാതൊരടിസ്ഥാനവുമില്ലെങ്കിലും പെണ്‍ കുട്ടികളുടെ ലൈംഗിക സ്വാതന്ത്ര്യത്തെയും പെരുമാറ്റ സ്വാതന്ത്ര്യത്തെയും ചരിത്രാതീത കാലം മുതല്‍ നിയന്ത്രിക്കാന്‍ കന്യാ ചര്‍മ്മം ഉപയോഗിച്ച് വരുന്നു. കുതിരപ്പുറത്ത് കയറുന്നതും, ബൈക്ക് ഓടിക്കുന്നതും, കായിക വിനോദങ്ങളില്‍ പങ്കെടുക്കുന്നതും, ആര്‍ത്തവ ദിവസങ്ങളില്‍ tampoons, menstural cups എന്നിവ ഉപയോഗിക്കുന്നതും തുടങ്ങി പല വിധ നിയന്ത്രങ്ങളാണവർക്ക്. ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങളില്‍ സ്ത്രീകളെ പൊലീസിലെടുക്കും മുമ്പ് അവരുടെ കന്യാ ചര്‍മ്മം പരിശോധിക്കാറുണ്ട്. അധ്യാപകര്‍, മാതാപിതാക്കള്‍, ബന്ധുക്കള്‍ തുടങ്ങി ചില അവസരങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വരെ ഈ ക്രൂരമായ അന്ധ വിശ്വാസത്തെ പിന്തുണയ്ക്കുന്നത് കണ്ടിട്ടുണ്ട്.
ഒരു പെണ്‍ കുട്ടി മുമ്പ് ആരോടെങ്കിലുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടോ എന്ന് കന്യാ ചര്‍മ്മം നോക്കി ഉറപ്പിച്ചു പറയാന്‍ പറ്റില്ല. അവള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാലും ഇല്ലെങ്കിലും അതവളുടെ മെറിറ്റിന്റെ സൂചകമല്ല.


(ആശിഷ് ജോണിന്റെ ലേഖനം എഡിറ്റു ചെയ്തത്)

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.