Monday, December 23, 2024

ആരു പറഞ്ഞു എന്നതല്ല; എന്തു പറഞ്ഞു എന്നതാണ്

കോവിഡിനുമുന്നിൽ ലോകം നിശ്ചലമായിട്ട് ഒന്നരവർഷം കഴിഞ്ഞു. ഇതിനോടകം നൂറുകണക്കിനു പരിഹാരമാർഗ്ഗങ്ങൾ നമ്മുടെ മുന്നിലൂടെ കടന്നുപോയി. ഇന്ത്യയിൽ ആർസെനിക് ആൽബം ഉപയോഗിച്ച് ഒരു സംസ്ഥാനത്തു തന്നെ കോവിഡ് പ്രതിരോധം തീർത്തു എന്ന് അവകാശപ്പെട്ട സംസ്ഥാനം ഗുജറാത്ത് ആയിരുന്നു. അധികം വൈകാതെ ഗുജറാത്ത് ഇന്ത്യയിലെ കോവിഡ് രോഗികളിൽ ഒന്നാം സ്ഥാനത്ത് എത്തി. അതിനെ തുടർന്ന് ഗുജറാത്തിലെ ചീഫ് സെക്രട്ടറി തൻറെ മുൻ പ്രസ്താവന പിൻവലിക്കുകയും ശാസ്ത്രീയമായ ചികിത്സ രീതികൾ അവലംബിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇഞ്ചിയും നാരങ്ങാനീരും ചേർന്ന മിശ്രിതം, ചെറുനാരങ്ങയുടെ തൊലി ചവച്ചരച്ച് തിന്നുക, ഇഞ്ചി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുക, ഗോമൂത്രം , മനുഷ്യ മൂത്രചികിത്സ നടത്തുക, ചാണകത്തിൽ കുളിക്കുക, ചാണകം തിന്നുക , കാഞ്ഞിരക്കുറ്റിയിൽ ആണി അടിക്കുക , മങ്കൂസ് ചൊല്ലുക, കുർബാനയിൽ സമർപ്പിച്ച പ്രാർത്ഥിക്കുക, പ്രത്യേകതരം വിളക്ക് കത്തിക്കുക, ധൂമസന്ധ്യ ആചരിക്കുക, ഹോമം നടത്തുക, മൂക്കിൽ ഗ്ലൂക്കോസ് ലായനി കലക്കി ഒഴിക്കുക, ഒരു മൂക്കിലൂടെ ശ്വസിക്കുക, ശ്വാസം വലിച്ച ശേഷം ചുമച്ചു കമിഴ്ന്നു കിടക്കുക, യോഗ ചെയ്യുക , കൊറോണിൽ കുടിക്കുക ഇങ്ങനെ ആയിരക്കണക്കിന് ഒറ്റമൂലികൾ ആണ് വാട്സ്ആപ്പ് യൂണിവേഴ്സിറ്റികൾ വഴി കറങ്ങി എത്തിയത്.

ഇതൊക്കെ വിശ്വസിച്ച പലരും ഇന്ന് പരലോകത്തിൽ ഹൂറികളോടൊപ്പം മദ്യ പുഴയിൽ നീന്തി കുളിക്കുകയാണ്. മൂന്നാറിൽ ധ്യാനം കൂടിയ കുറച്ചുപേർ അബ്രഹാമിൻറെ മടിയിലും, കുംഭമേളയിൽ പങ്കെടുത്ത വേറെ കുറച്ചുപേർ അടുത്ത ജന്മത്തിൽ നായായും നരിയായും ജനിക്കാൻ കാത്തുനിൽക്കുന്നു.

ആധുനിക ശാസ്ത്രം അന്നും ഇന്നും പറയുന്നത് ഇതിന് കൃത്യമായ ഒരു ചികിത്സയില്ല. പക്ഷേ പ്രതിരോധമാർഗങ്ങൾ ഉണ്ട് . മാസ്ക് ഉപയോഗിക്കുക സോപ്പ്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കുക, ആൾഅകലം പാലിക്കുക എന്നീ കാര്യങ്ങളിലൂടെ രോഗവ്യാപനത്തിന്റെ വേഗത കുറയ്ക്കാം എന്നീ കാര്യങ്ങൾ അവർ ജനങ്ങളോട് ആവർത്തിച്ചാവർത്തിച്ച് പറഞ്ഞു. ഇനി രോഗം വന്നാൽ അതിനെ എങ്ങനെ മാനേജ് ചെയ്യാം എന്ന നിലയിലും ശാസ്ത്രത്തിന് വ്യക്തമായ ഉത്തരം ഉണ്ട്.

അപ്പോഴെല്ലാം ഉയർന്നുകേട്ട മറ്റൊരു ചോദ്യം ശാസ്ത്രം ഇത്ര വലിയ സംഗതിയാണ് എങ്കിൽ എന്തുകൊണ്ട് വാക്സിൻ ഉണ്ടാക്കുന്നില്ല ?

യുദ്ധകാല അടിസ്ഥാനത്തിൽ! അല്ല അതിനേക്കാൾ വേഗതയിലാണ് വാക്സിനു വേണ്ടിയുള്ള കഠിന ശ്രമങ്ങൾ മുന്നോട്ടു പോയത്. ഏതാണ്ട് ഒരു വർഷത്തിനുള്ളിൽ വാക്സിൻ നിർമ്മിച്ചു.
എല്ലാ കാലവും ശാസ്ത്രം നേരിടുന്ന വെല്ലുവിളി കപട ശാസ്ത്രത്തിൻറെ ഭാഗത്തുനിന്നുമാണ്. കൊറോണ എന്ന ഒരു രോഗമേ ഇല്ല! അത് ഒരു ആഗോള തട്ടിപ്പ് ആണ്എന്ന് പറഞ്ഞു നടന്ന കൂട്ടർ പിന്നീട് രോഗമുണ്ട് വൈറസ് ഇല്ല എന്ന് മാറ്റി പറഞ്ഞു. വൈറസ് ഇല്ല എന്ന് പറഞ്ഞവർ വൈറസിനെ കണ്ടിട്ടില്ല എന്ന് മാത്രമേ പറഞ്ഞുള്ളൂ എന്ന് വീണ്ടും മാറ്റിപ്പറഞ്ഞു. കപടശാസ്ത്രക്കാരെ സംബന്ധിച്ചിടത്തോളം ഈ മാറ്റിപ്പറയൽ ഒരു വിഷയമല്ല. വിഡ്ഢിത്തം ആരുപറഞ്ഞാലും വിഡ്ഢിത്തമാണ്. പക്ഷേ അതിൻറെ ഗ്രാവിറ്റി വ്യത്യാസമുണ്ട്. സമൂഹത്തിൽ നാലുപേർ അറിയപ്പെടുന്ന ആളുകൾ ഇത്തരം വിഡ്ഢിത്തം പറയുമ്പോൾ അത് സമൂഹത്തിലുണ്ടാക്കുന്ന ദോഷങ്ങൾ വളരെയേറെയാണ്. അതുകൊണ്ട് അതിനെ എതിർക്കേണ്ടതുണ്ട്. കേരളത്തിലെ സാമൂഹ്യ രംഗത്ത് പുരോഗമനപരമായ ഒരുകാര്യം ചെയ്തതിലൂടെ പ്രശസ്തയായ വ്യക്തിയാണ് ബിന്ദു അമ്മിണി. സ്ത്രീ പക്ഷത്തു നിന്നും ഇത്ര ശക്തമായി ആ ഒരു വിഷയത്തെ നേരിട്ട ബിന്ദു അമ്മിണിയെ ആ തരത്തിൽ അഭിനന്ദിക്കുന്നു. പക്ഷേ ഇപ്പോൾ ബിന്ദു ചെയ്യുന്നത് തീ കൊണ്ടുള്ള കളിയാണ്. ദിവസവും ആയിരക്കണക്കിന് ആളുകൾ മരിക്കുമ്പോൾ മറവ് ചെയ്യാനാവാതെ ശവങ്ങൾ ഗംഗയിലൂടെ ഒഴുകി നടക്കുമ്പോൾ, ദൈവം പോലും വാക്സിൻ എടുത്ത് മാതൃക കാട്ടുമ്പോൾ, വാക്സിന് എതിരെയും ശാസ്ത്രീയ ചികിത്സകൾക്ക് എതിരെയും നിങ്ങൾ എഴുതുന്നത് നിങ്ങൾക്ക് ഈ സമൂഹം നൽകിയ അംഗീകാരത്തിന്റെ കൂടി പിൻബലത്തോടെയാണ്.

 

വ്യക്തിസ്വാതന്ത്ര്യം എന്ന നിലയിൽ നിങ്ങൾ ഈ കാണിക്കുന്നത് വളരെ മോശമാണ് എന്ന് പറയാതെ വയ്യ. മിസ് ബിന്ദു അമ്മിണീ, നിങ്ങൾ ഇതുവഴി പരിഹസിക്കുന്നത് ഈ രോഗവ്യാപനം തടയാൻ വേണ്ടി രാപകൽ അദ്ധ്വാനിക്കുന്ന ആരോഗ്യ പ്രവർത്തകരെയും, പോലീസിനെയും, സന്നദ്ധ പ്രവർത്തകരെയും, രാഷ്ട്രീയ പ്രവർത്തകരെയും ഒക്കെയാണ്. നിങ്ങൾക്ക് അറിവും ബോധവും ഉള്ള മേഖലകൾ ഉണ്ടാവാം. അവിടെ പ്രവർത്തിക്കൂ . ആരോഗ്യ കാര്യങ്ങൾ അതാത് രംഗത്തെ വിദഗ്ധർ പറയട്ടെ.

By

Tomy Sebastian

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.