Monday, December 23, 2024

ഇനി സ്ട്രാറ്റലൈറ്റ് കമ്യൂണിക്കേഷന്റെ നാളുകള്‍

സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ അഥവാ ഉപഗ്രഹ വാർത്താവിനിമയത്തേക്കുറിച്ച് കേൾക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ സ്ട്രാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ എന്ന്‌ കേട്ടിട്ടുണ്ടോ? ഈ സ്വപ്ന പദ്ധതി യാഥാർഥ്യമാവുകയാണ്. ഉപഗ്രഹ വർത്താവിനിമയ രംഗത്ത് ഇപ്പോൾ നേരിടുന്ന പ്രയാസങ്ങളെല്ലാം മറികടക്കാന്‍ ഈ പദ്ധതിയിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൗമാന്തരീക്ഷത്തിന്റെ ഉപരിപാളിയായ സ്ട്രാറ്റോസ്ഫിയറില്‍ ഏകദേശം 20 കിലോമീറ്റര്‍ ഉയരത്തില്‍ തങ്ങിനില്ക്കുന്ന എയർ ഷിപ്പുകളാണ് സ്ട്രാറ്റലൈറ്റുകള്‍. ഇത്തരം എയർ ഷിപ്പുകള്‍ വാർത്താവിനിമയത്തിന് ഉപയോഗിക്കാന്‍ കഴിയുമെന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ജർമന്‍ സംരംഭകരായ സാൻസ് വയര്‍ ആണ്. വായുവില്‍ തങ്ങി നില്ക്കുന്നതുകൊണ്ട് ഭൂമിക്കു ചുറ്റും പ്രദക്ഷിണം ചെയ്യുന്ന കൃത്രിമ ഉപഗ്രഹങ്ങളേക്കാള്‍ വാർത്താവിനിമയ രംഗത്ത് മികവ് പുലർത്താൻ സ്ട്രാറ്റലൈറ്റിന് കഴിയും. കൃത്രിമ ഉപഗ്രഹങ്ങള്‍ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതുകൊണ്ട് അവയുടെ ആന്റിനയുടെ സ്ഥാനവും കോണളവും ഇടയ്ക്കിടെ വ്യത്യാസപ്പെടുത്തിക്കൊണ്ടിരിക്കണം. എങ്കില്‍ മാത്രമേ ട്രാൻസ്മിഷന്‍ തടസ്സമില്ലാതെ നടക്കൂ. എന്നാല്‍ സ്ട്രാറ്റലൈറ്റിലെ ആന്റിനകള്‍ ഇങ്ങനെ ക്രമീകരിക്കേണ്ട ആവശ്യമില്ല.

പരമ്പരാഗത സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ അതിനു വേണ്ടി ഉപയോഗിക്കുന്ന കൃത്രിമ ഉപഗ്രഹങ്ങളുടെ ഭ്രമണപഥത്തെ ആധാരമാക്കി മൂന്ന് രീതിയില്‍ വര്ഗീകരിച്ചിട്ടുണ്ട്. ഏകദേശം 19,300 നോട്ടിക്കല്‍ മൈല്‍ ഉയരമുള്ള ജിയോസിങ്ക്രോണസ് ഓർബിറ്റിലുള്ളവ, 500 മുതല്‍ 1200 നോട്ടിക്കല്‍ മൈല്‍ ഉയരമുള്ള മീഡിയം എർത്ത് ഓർബിറ്റിലുള്ളവ, 200 നോട്ടിക്കല്‍ മൈല്‍ ഉയരമുള്ള ലോ എർത്ത് ഓർബിറ്റിലുളളവ എന്നിങ്ങനെയാണ് വാര്ത്താവിനിമയ ഉപഗ്രഹങ്ങളെ വർഗീകരിച്ചിരിക്കുന്നത്. ഈ ഉപഗ്രഹങ്ങളെല്ലാം പല തരത്തിലുള്ള വിദ്യുത്കാന്തിക സിഗ്നലുകളുടെയും വ്യത്യസ്ത തരംഗ ദൈർഘ്യത്തിലുള്ള വികിരണങ്ങളുടെയും ശല്യം അനുഭവിക്കുന്നുണ്ട്. ഇത് മറികടക്കുന്നതിന് സങ്കീർണമായ പ്രക്രിയകള്‍ ഓരോ കൃത്രിമ ഉപഗ്രഹത്തിലും നടത്തുന്നുമുണ്ട്. എന്നാല്‍ ഭൗമാന്തരീക്ഷത്തിനുള്ളില്‍ സ്ഥിരമായി നിലനിർത്തുന്ന ഒരു സംവിധാനത്തിന് ഈ തടസങ്ങള്‍ മറികടക്കാന്‍ കഴിയും.
മീഡിയം എർത്ത് ഓർബിറ്റിലും, ലോ എർത്ത് ഓർബിറ്റിലുമുള്ള കൃത്രിമ ഉപഗ്രഹങ്ങളില്‍ നിന്നുള്ള സിഗ്നലു കള്‍ തുടർച്ചയില്ലാത്തതും കുറഞ്ഞ കവറേജുള്ളവയുമായിരിക്കും. ഇക്കാരണം കൊണ്ട് കൂടുതല്‍ കവറേജിനും സിഗ്നനലുകളുടെ തുടര്ച്ചംയ്ക്കും വേണ്ടി നിരവധി കൃത്രിമോപഗ്രഹങ്ങളുടെ ഒരുമിച്ചുള്ള പ്രവര്ത്തനം ആവശ്യമാണ്. ഈ പരിമിതി മറികടക്കാന്‍ സ്ട്രാറ്റലൈറ്റിന് കഴിയും.

നിരവധി കൃത്രിമ ഉപഗ്രഹങ്ങള്‍ ഒരുമിച്ച് ചെയ്യുന്ന ജോലി സ്ട്രാറ്റലൈറ്റിന് ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയും. ഭൗമോപരിതലത്തില്‍ നിന്ന് അധികം ഉയരത്തിലല്ലാതെ നിലനിര്ത്തു്ന്നതു കൊണ്ടാണിത്.കൃത്രിമ ഉപഗ്രഹങ്ങളുടെ എണ്ണം കുറയ്ക്കുന്നത് സ്‌പേസ് ട്രാഫിക് സുഗമമാക്കുന്നതിനും ചെലവ് ഗണ്യമായി കുറയ്ക്കു ന്നതിനും ബഹിരാകാശ മലിനീകരണം നിയന്ത്രിക്കുന്നതിനും സഹായിക്കും.

ഒരു കൃത്രിമ ഉപഗ്രഹത്തിന്റെ ഘടന പോലെ സങ്കീർണമായ യന്ത്രസംവിധാനമെന്നും സ്ട്രാറ്റലൈറ്റിനില്ല. കൃത്രിമ ഉപഗ്രഹത്തിന്റെ എഞ്ചിനീയറിംഗും സങ്കീർണമാണ്. അതു മാത്രമല്ല ഒരു ലോഞ്ചിംഗ് മാത്രമേ നടത്താന്‍ കഴിയൂ. വിക്ഷേപണ വാഹനത്തിന്റെ ചെലവും, ഇന്ധനവും, സാങ്കേതികവിദ്യയും ഇതിന് പുറമെയാണ്. എന്നാല്‍ സ്ട്രാറ്റലൈറ്റുകള്‍ പുനരുപയോഗ ശേഷിയുള്ളവയും ലളിതമായ ഘടനയുള്ളതുമാണ്. ഇന്ധനമായി ഉപയോഗിക്കുന്നത് ഹീലിയമാണ്. വളരെ നാളുകള്‍ തുടർച്ചയായി പ്രവർത്തിക്കുന്നതിനും സ്ട്രാറ്റലൈറ്റുകള്ക്ക് കഴിയും.
സ്ട്രാറ്റലൈറ്റുകളുടെ പുറംചട്ട ശക്തമാ ണെങ്കിലും ഉള്ളിലുള്ള ഉപകരണങ്ങള്‍ വഴക്കമുള്ളതും ഏപ്പോള്‍ വേണമെങ്കിലും അപഗ്രേഡ് ചെയ്യാന്‍ കഴിയുന്നവയുമാണ്. നിർമാണ രീതിയിലുള്ള ലാളിത്യവും, പ്രതിപ്രവർത്തന ശേഷിയില്ലാത്ത ഹീലിയം ഇന്ധനമായി ഉപയോഗിക്കുന്നതും പരമ്പരാഗത വാര്ത്താ വിനിമ ഉപഗ്രഹങ്ങളില്‍ നിന്നും സ്ട്രാറ്റലൈറ്റിനെ വേറിട്ടു നിര്ത്തു്ന്നു. ഭൗമോപരിതലത്തില്‍ നിന്നും 20 കിലോമീറ്റര്‍ ഉയരത്തിലായതുകൊണ്ട് അന്തരീക്ഷത്തിന്റെ പ്രക്ഷുബ്ധതകള്‍ സ്ട്രാറ്റലൈറ്റിനെ ഗൗരവമായി ബാധിക്കില്ല. അതുകൊണ്ടുതന്നെ ബ്രോഡ്ബാൻഡ്, ഡിജിറ്റല്‍ ടെലിവിഷന്‍, മൊബൈൽ ഫോണ്‍ നെറ്റ്‌വർക്ക്, റേഡിയോ സിഗ്നലുകള്‍ എന്നിവ കുടുതല്‍ വിസ്തൃതമായ മേഖലകളില്‍ തടസ്സമൊന്നും കൂടാതെ എത്തിക്കാന്‍ സ്ട്രാറ്റലൈറ്റിന് കഴിയും. സ്ട്രാറ്റലൈറ്റുകളുടെ രണ്ട് മാതൃകകളാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്. അൺ മാൻഡ് ഏരിയല്‍ വെഹിക്കിള്‍, ഹൈ ആൾട്ടിറ്റ്യൂഡ് എയർ ഷിപ് എന്നിവയണവ. ഇതില്‍ ആദ്യത്തേത് സോളാര്‍ സെല്ലുകളും, ഇലക്ട്രിക് മോട്ടോറുകളും ഉപയോഗിച്ച് പ്രവർത്തിക്കുമ്പോള്‍ രണ്ടാമത്തേത് ഹീലിയം ഇന്ധനമായിഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.

1,85,000 ചതുരശ്ര കിലോമീറ്റര്‍ ഭാഗം ഒരു സ്ട്രാറ്റലൈറ്റിന്റെ പ്രക്ഷേപണ പരിധിയിൽ വരും. പ്രക്ഷേപണത്തിലുണ്ടാകുന്ന കാലവിളംബം 2000 മടങ്ങ് കുറയ്ക്കുന്നതിനും സ്ട്രാറ്റലൈറ്റിന് ശേഷിയുണ്ട്. കൂടാതെ ജി. പി. എസ് സാങ്കേതികവിദ്യയും സ്ട്രാറ്റലൈറ്റ് സപ്പോർട്ട് ചെയ്യുന്നുണ്ട്.
ജര്മയനിയിലെ സാൻസ് വയര്‍ കമ്പനിയുടെ സ്ട്രാറ്റലൈറ്റ് മാതൃകയ്ക്ക് 200 അടി വ്യാസവും 245 അടി നീളവുമുണ്ട്. ഇന്ധനമായി ഉപയോ ഗിക്കുന്ന ഹീലിയം-നൈട്രജന്‍ മിശ്രിതത്തിന്റെ വ്യാപ്തം 13 ക്യൂബിക് അടിയാണ്. 2,500 കിലോഗ്രാം ഭാരമുള്ള പെലോഡുകൾ വരെ ഈ മാതൃകയ്ക്ക് 8,000 അടി വരെ ഉയരത്തിലെ ത്തിക്കാന്‍ കഴിയും. നിർമാണച്ചെലവ് ഗണ്യമായി കുറയ്ക്കാന്‍ കഴിയുന്നതും നിരവധി തവണ വിക്ഷേപിക്കാന്‍ കഴിയു ന്നതും മറ്റ് വാർത്താവിനിമയ ഉപഗ്രഹങ്ങളെ അപേക്ഷിച്ച് സ്ട്രാറ്റലൈറ്റിനുള്ള മേന്മയാണ്. വേഗത നിയന്ത്രിക്കാന്‍ കഴിയുന്നത് കാലവിളംബം കുറയ്ക്കും. ഉയർന്ന ബാൻഡ് വിഡ്ത്ത് സുഗമവും തടസ്സമില്ലാത്തതുമായ വാര്ത്താ പ്രക്ഷേപണത്തിനും സഹായിക്കും. എന്നാല്‍ ഉയരം കുടുന്നതിനനുസരിച്ച് ഹീലിയം വാതകം വികസിക്കുന്നതും, സ്ട്രാറ്റോസ്ഫിയറില്‍ അവിചാരിതമായി ഉണ്ടാകുന്ന വാതക പ്രവാഹവും സ്ട്രാറ്റലൈറ്റിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. ഇന്നത്തെ വാർത്താവിനിമയ ഉപഗ്രഹങ്ങള്‍ സ്ട്രാറ്റലൈറ്റുകൾക്ക് വഴിമാറിക്കൊടുക്കും എന്നുതന്നെയണ് ഈ മേഖലയിലുള്ള വിദഗ്ധര്‍ പറയുന്നത്.

By

Dr SabuJose

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.