Monday, December 23, 2024

എക്സോപ്ലാനറ്റുകൾ

സൗരയൂഥത്തിന് വെളിയിലുള്ള ഗ്രഹങ്ങളെയാണ് എക്സോപ്ലാനറ്റുകൾ അഥവാ അന്യഗ്രഹങ്ങൾ എന്നുപറയുന്നത്. നാസയുടെ കെപ്ലർ സ്പേസ് ടെലസ്കോപ്പും മറ്റു ചില ഭൂതല ദൂരദർശിനികളും ഇത്തരം നിരവധി അന്യഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. 2020 ഫെബ്രുവരി ഒന്നിലെ കണക്കുപ്രകാരം 2894 ഗ്രഹകുടുംബങ്ങളിലായി 3900 അന്യഗ്രഹങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഈ ഗ്രഹങ്ങളെല്ലാം നമ്മുടെ മാതൃഗ്യാലക്സിയായ ക്ഷീരപഥത്തിൽത്തന്നെയുള്ള നക്ഷത്രങ്ങളെ ചുറ്റുന്നവയാണ്.ഒക്ലഹോമ സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞർ 2018 മെയ് മാസത്തിൽ ഭൂമിയിൽ നിന്ന് 380 കോടി പ്രകാശവർഷം അകലെയുള്ള മറ്റൊരു ഗ്യാലക്സിയിലുള്ള ഗ്രഹങ്ങളെ കണ്ടെത്തിയത് വലിയ വാർത്തയാണ്. ക്ഷീരപഥത്തിനു വെളിയിലുള്ള ഒരു ഗ്യാലക്സിയിൽ ഇതാദ്യമായാണ് ഗ്രഹ സാന്നിധ്യം കണ്ടെത്തുന്നത്‌.ക്വാസാർ മൈക്രോലെൻസിങ് എന്ന സങ്കേതം ഉപയോഗിച്ചാണ് ശാസ്ത്രജ്ഞർ ഈ കണ്ടെത്തൽ നടത്തിയത്. നാസയുടെ ചന്ദ്ര എക്സ്‐റേ ദൂരദർശിനിയുടെ സഹായവും ഈ കണ്ടുപിടിത്തത്തിനു പിന്നിലുണ്ട്. RXJ 1131-1231 എന്നു പേരിട്ടിരിക്കുന്ന ക്വാസാറിനു ചുറ്റുമുള്ള 2000 ഗ്രഹങ്ങളെയാണ് കണ്ടെത്തിയത്. ചന്ദ്രന്റെ വലുപ്പം മുതൽ വ്യാഴത്തിന്റെ വലുപ്പം വരെയുള്ള ഗ്രഹങ്ങളുണ്ട് ഇക്കൂട്ടത്തിൽ.എന്തുകൊണ്ട്‌ ഇത്ര പ്രസക്തി ?എന്താണ് ഈ കണ്ടുപിടിത്തത്തിന്റെ പ്രസക്തിയെന്ന് പരിശോധിക്കാം. നമ്മുടെ മാതൃ ഗ്യാലക്സിയായ ക്ഷീരപഥം വലിയൊരു ഇടമാണ്. ഒരുലക്ഷം പ്രകാശ വർഷം വ്യാസമുള്ള ഈ ബാർഡ് സ്പൈറൽ ഗ്യാലക്സിയുടെ കേന്ദ്രത്തിൽനിന്ന് 26,000 പ്രകാശവർഷം അകലെ ഒറയൺ സ്പർ എന്ന സർപ്പിള കരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു മഞ്ഞ കുള്ളൻ (Main sequence yellow dwarf) നക്ഷത്രമാണ് സൂര്യൻ. 20,000 കോടിയിൽപ്പരം നക്ഷത്രങ്ങൾ ക്ഷീരപഥത്തിലുണ്ടെന്ന് അനുമാനിക്കുന്നു. പ്രപഞ്ചത്തിൽ ലക്ഷം കോടിയിൽപ്പരം ഗ്യാലക്സികളുണ്ടെന്ന് കണക്കാക്കുമ്പോഴും അവയിലുള്ള ഗ്രഹങ്ങളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.ഇത്തരം ഗ്രഹങ്ങളുടെ നിരീക്ഷണത്തിന് ഭൂതല, ബഹിരാകാശ ദൂരദർശിനികൾക്ക് കഴിയില്ലെന്നതുതന്നെയാണ് ഇതിനു കാരണം. കെപ്ലർ സ്പേസ് ടെലസ്കോപ്പും മറ്റ് ദൂരദർശിനികളും കണ്ടെത്തിയ അന്യഗ്രഹങ്ങളെല്ലാം ക്ഷീരപഥത്തിലെ മറ്റ് നക്ഷത്രങ്ങൾക്കു ചുറ്റുമുള്ള ഗ്രഹകുടുംബങ്ങളിൽത്തന്നെയുള്ളവയാണ്. ഗ്രഹ സംതരണ വിദ്യ (Transit method) ഉപയോഗിച്ചാണ് ഇത്തരം ഗ്രഹങ്ങളെ കണ്ടെത്തുന്നത്. ഗ്രഹം പോലെയുള്ള ഒരു അതാര്യ വസ്തു നക്ഷത്രത്തിനും ദൂരദർശിനിക്കും ഇടയിലെത്തുമ്പോൾ നക്ഷത്രത്തിന്റെ പ്രത്യക്ഷ കാന്തികമാനത്തിലുണ്ടാകുന്ന നേരിയ കുറവ് കണക്കുകൂട്ടി ഗ്രഹത്തിന്റെ വലുപ്പവും മറ്റ് സവിശേഷതകളും കണ്ടെത്തുന്നതാണ് ഈ രീതി. എന്നാൽ വലിയ ദൂരങ്ങളിലുള്ള ഗ്രഹങ്ങളെ കണ്ടെത്താൻ ഈ രീതി അനുയോജ്യമല്ല.പൾസാർ ടൈമിങ്, ക്വാസാർ മൈക്രോ ലെൻസിങ്, ഗ്രാവിറ്റേഷണൽ മൈക്രോലെൻസിങ് തുടങ്ങിയ മാർഗങ്ങളിലൂടെയാണ് വിദൂര നക്ഷത്രങ്ങൾക്കും വിദൂര ഗ്യാലക്സികൾക്കും ചുറ്റുമുള്ള ഗ്രഹങ്ങളെ കണ്ടെത്തുന്നത്. ആൽബർട്ട് ഐൻസ്റ്റൈന്റെ പൊതു ആപേക്ഷികത സിദ്ധാന്തത്തിന്റെ പ്രയോഗവൽകരണമാണ് ഈ സങ്കേതങ്ങളെല്ലാം. ഇനി എങ്ങനെയാണ് ഈ സങ്കേതങ്ങൾ ഉപയോഗിച്ച് വിദൂര ഗ്രഹങ്ങളെ കണ്ടെത്തുന്നതെന്നു നോക്കാം. വിദൂര ഗ്യാലക്സികളിൽ നിന്നു വരുന്ന പ്രകാശത്തിന് സ്പേസിൽ വച്ചുണ്ടാകുന്ന വക്രീകരണമാണ് ഗ്രാവിറ്റേഷണൽ ലെൻസിങ്. പ്രകാശത്തിന്റെ പാതയിൽ തമോദ്വാരങ്ങൾ, മറ്റു ഗ്യാലക്സികൾ, ഡാർക് മാറ്റർ, ഗ്രഹങ്ങൾ എന്നിവയുടെ സാന്നിധ്യം ഉണ്ടെങ്കിലാണ് ലെൻസിങ് സംഭവിക്കുക. ഇങ്ങനെ ഉണ്ടാകുന്ന ലെൻസിങ്ങിന്റെ തോത് കൃത്യമായി കണക്കുകൂട്ടി ലെൻസിങ്ങിന് കാരണമാകുന്ന പ്രതിഭാസങ്ങളുടെ പിണ്ഡം കണ്ടെത്താൻ കഴിയും. ക്വാസാർ മൈക്രോലെൻസിങ് കുറേക്കൂടി സൂക്ഷ്മമായ നിരീക്ഷണ മാർഗമാണ്. ലെൻസിങ്ങിന് കാരണമാകുന്ന അതാര്യ വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താൻ ഈ രീതിയിലൂടെ സാധിക്കും. ക്ഷീരപഥത്തിലുള്ള 53 അന്യഗ്രഹങ്ങളെ മൈക്രോലെൻസിങ് സങ്കേതം ഉപയോഗിച്ച് ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മറ്റൊരു ഗ്യാലക്സിയിലുള്ള ഗ്രഹങ്ങളെ കണ്ടെത്തുന്നത് ആദ്യമാണ്.ജ്യോതിശാസ്ത്ര പര്യവേക്ഷണത്തിൽ വലിയൊരു കുതിച്ചുചാട്ടത്തിനാകും ഈ കണ്ടെത്തൽ കാരണമാകുന്നത്. ഭൗമേതര ജീവൻ തെരയുന്ന എക്സോബയോളജിസ്റ്റുകളെയും ഈ കണ്ടെത്തൽ ആവേശം കൊള്ളിക്കുന്നുണ്ട്. സൗരയൂഥത്തിന് വെളിയിൽ അന്യഗ്രഹങ്ങളെ ആദ്യമായി കണ്ടെത്തിയപ്പോഴുള്ളതിന്റെ പലമടങ്ങ് ആവേശമാണ് ഈ കണ്ടെത്തൽ ശാസ്ത്ര സമൂഹത്തിന് നൽകുന്നത്. പ്രപഞ്ച മൊന്നാകെ ഗ്രഹങ്ങളും അവയിൽ ജീവനും ഉണ്ടാകുമെന്ന് സങ്കൽപിച്ചാൽ അത് ഒരേ സമയം ആവേശകരവും ഭീതിജനകവുമായിരിക്കും. ക്ഷീരപഥത്തിൽ തന്നെയുള്ള നക്ഷത്രങ്ങൾക്കു ചുറ്റുമുള്ള ഗ്രഹങ്ങളിൽ ജീവൻ കണ്ടെത്താൻ കഴിഞ്ഞാൽ തന്നെ അവയ്ക്ക് ഭൗമ ജീവനുമായി ഒരു സാദൃശ്യവും ഉണ്ടാകില്ല. അപ്പോൾ മറ്റൊരു ഗ്യാലക്സിയിലെ ഗ്രഹങ്ങളിൽ ഉണ്ടാകുന്ന ജീവൻ നമ്മൾ സങ്കൽപ്പിക്കുന്നതിലും വിചിത്രമാകും.

by

Dr SabuJose

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.