Monday, December 23, 2024

നിങ്ങളിലുറങ്ങുന്ന ഗോവിന്ദച്ചാമിയോട്..

മാധ്യമങ്ങളോടും അസഭ്യകലാകാരോടും

ലൈംഗിക അധിക്ഷേപം കൊണ്ട് അഭിപ്രായങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ എത്ര പ്രാകൃതമാണന്നും, അവർ എത്ര പ്രാകൃതരാണന്നും ചിന്തിക്കേണ്ടത് അത് ചെയ്യുന്നവരാണ്. തെറി വിളി മാത്രം രാഷ്ട്രീയ പ്രത്യയശാസ്ത്രമായി സ്വീകരിച്ചിട്ടുള്ള പ്രസ്ഥാനത്തിനും, അതിന്റെ നേതാക്കൾക്കും അതുമാത്രമാണ് ആയുധം. അമിതാധികാര പ്രയോഗം കൊണ്ടും, അടി ഉറച്ചു പോയ പുരുഷാധിപത്യ മനോഭാവം കൊണ്ടും ഒരു അഭിപ്രായം പറയുകയും, പ്രതികരിക്കുകയും, രാഷ്ട്രീയത്തിൽ ഇടപെടുകയും ചെയ്യുന്ന സ്ത്രീയെ, ലൈംഗിക തെറി വിളിച്ചും, പോൺ സ്റ്റാറായി ചിത്രീകരിച്ചും ആനന്ദ നിർവൃതി കൊള്ളുന്നവർ പുരുഷലിംഗം മാത്രം ഉപയോഗിച്ചാണ് ചിന്തിക്കുന്നത്. രാഷ്ട്രീയം പറയുന്ന സ്ത്രീയെ അഭിസാരികയായി കാണുന്നവർ സ്ത്രീകളെ കാണുന്നത് ലൈംഗിക ഉപകരണങ്ങളായും, ലൈംഗിക ഉത്തേജനത്തിന് ഉപയോഗപ്രദമായ മാധ്യമമായും മാത്രമാണ്.

Advertise

advertise

Click here for more info

ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ ക്യാൻവാസ് ആക്കുന്നതിനെ, ശരീരത്തിൽ മസ്സാജ് ചെയ്യുന്നതായി മനസ്സിലാക്കുന്ന നേതാവും, അയാൾക്ക് കൈയ്യടിക്കുന്ന അടിമകളായ അണികളും, അതിലെ ചിത്രം വര എന്ന കലയെ കാണുന്നത് മസാജ് ചെയ്യുക എന്ന സുഖാനുഭൂതിയിൽ ആണങ്കിൽ അവർ കലയെ പോലും കാണുന്നത് ലിംഗം കൊണ്ടാണ്. ഒട്ടും സിവിലൈസ്ഡ് ആകാത്തതിന്റെ പ്രശ്നമാണത്. ചാനൽ ചർച്ചകളിൽ ഞാൻ പങ്കെടുക്കുന്നതിന്റെ യോഗ്യതയാണ് തെറി അഭിഷേകക്കാർ ചോദിക്കുന്നത്. നിങ്ങളുടെ ലൈംഗിക അധിക്ഷേപങ്ങൾ നിരന്തരമായി ഏറ്റുവാങ്ങുന്നു എന്നത് തന്നെയാണ് എന്റെ യോഗ്യത. ഭാരത സ്ത്രീകളുടെ ഭാവശുദ്ധി, നിങ്ങളെ അംഗീകരിക്കുന്ന, നിങ്ങൾക്കു വഴങ്ങുന്ന നിങ്ങളുടെ സ്പെക്ട്രത്തിൽ മാത്രം ഒതുങ്ങുന്ന സ്ത്രീകളെ കാണുന്നത് കൊണ്ടു മാത്രമാണ്. അത് നിങ്ങളുടെ തലച്ചോറിന്റെ വികാസത്തിന്റെ പ്രശ്നമാണ്. അത് കൊണ്ടാണ് ഫാത്തിമ തെഗ്ളിയമാരെയും എന്നെയും ഒരു പോലെ നിങ്ങൾക്ക് വെടിയെന്നും പടക്കമെന്നും ഒക്കെ വിശേഷിപ്പിച്ച് അഭിസാരിക ചാപ്പ കുത്താൻ കഴിയുന്നത്.നേതാക്കളുടെ അപ്രമാധിത്വം സ്വന്തം അടിമകളായ അണികളോട് മാത്രം മതി. അത് പൊതുവിടത്തിൽ അടിച്ചേൽപ്പിക്കാൻ നിൽക്കരുത്.സ്ത്രീകളുടെ നാവിന് ചങ്ങല ഇട്ടു കൊണ്ടുള്ള നിങ്ങളുടെ സ്ത്രീ സംരക്ഷണത്തിന്റെ കാലം ഒക്കെ കഴിഞ്ഞു പോയി. ഗോത്രീയചുറ്റികയുടെ പ്രഹരത്താൽ പുരുഷന്റെ കാൽച്ചുവട്ടിൽ വീണുകിടന്നിരുന്ന സ്ത്രീകളിൽ നിന്ന്, ആധുനിക സമൂഹം സ്ത്രീയെ മുന്നോട്ട് കൊണ്ടു പോയിരിക്കുന്നു എന്ന് നിങ്ങൾ മനസ്സിലാക്കണം. നിങ്ങൾ ഇപ്പോഴും ഈ നൂറ്റാണ്ടിലേക്ക് വരാൻ ഒട്ടകം കിട്ടാതെ നിൽക്കുന്ന ഗോത്ര നേതാക്കൾ മാത്രമാണ്.

Advertise

advertise

click here for more info

എന്റെ രാഷ്ട്രീയം പുരുഷനെയും, സത്രീയെയും ഒരു പോലെ പരിഗണിക്കുന്നതാണ്. ഫെമിനിസം പുരുഷ വിരോധമാണന്ന ഒറ്റ ബുദ്ധി നിങ്ങളോട് ആരാണ് പറഞ്ഞു തന്നത്.? നിങ്ങളുടെ സ്ത്രീവിരുദ്ധതയെ ആണ് തുറന്നു കാണിക്കുന്നത്, അല്ലാതെ അതിലൂടെ മനുഷ്യത്വ വിരുദ്ധമായ പുരുഷ വിരോധം, ലിംഗവിവേചനം ഒന്നും എന്റെ രാഷ്ട്രീയമേ അല്ല. ചാപ്പ ചാർത്തി ഓരിയിട്ട്, ആളെക്കൂട്ടി പൊതു സമൂഹത്തിൽ അഭിപ്രായം പറയുന്നത് കൊണ്ട് പോൺ സ്റ്റാറെന്നും, വെടിയെന്നും, ശരീരം വിൽക്കുന്നവളെന്നും ആക്രോശിച്ച്, രാഷ്ട്രീയം പറയുന്നവരെ വ്യക്തി അധിക്ഷേപം നടത്തി ശ്രദ്ധ തിരിച്ചു നിങ്ങൾ ചെയ്യുന്നതെന്തെന്ന് മനസ്സിലാക്കാനാനുള്ള ബൗദ്ധിക ആരോഗ്യം നവ സമൂഹം ആർജിച്ചിട്ടുണ്ട്. അത് നിങ്ങൾ കാണുന്ന സ്പെക്ട്രത്തിനും, നിങ്ങൾ ഉണ്ടാക്കിയിട്ടുള്ള പ്രിസ്സത്തിനും പുറത്തായത് കൊണ്ടാണ് നിങ്ങൾക്ക് കാണാൻ കഴിയാത്തത്. ഞാൻ ചർച്ചയിൽ പങ്കെടുത്താൽ ആ ചാനൽ നശിച്ചു എന്നൊക്കെ മുറവിളി കൂട്ടുന്നത് എത്രത്തോളം അപഹാസ്യമാണ് ഹേ.? നിങ്ങളുടെ അഭിപ്രായങ്ങൾ വിഴുങ്ങുന്നവരെയും, നിങ്ങളെ പോലെ ചിന്തിച്ചു കൊണ്ടു തന്നെ എതിർക്കുന്നരേയും മാത്രം എതിർത്തു ശീലിച്ചതിന്റെ കുഴപ്പമാണ് ഇതൊക്കെ. എന്റെ യോഗ്യത എനിക്ക് സ്പെയ്സ് തരുന്നവർ നിശ്ചയിക്കുന്നതാണ്.അത് നിരന്തരം തെറി വിളിച്ചും, വ്യക്തിഹത്യ നടത്തിയും, ശാരീരികമായി അക്രമിച്ചും, പോൺ വീഡിയോകളും, മോർഫിങ്ങുകളും ഒക്കെ ചെയ്തും നിങ്ങളുടെ ലൈംഗിക വൈകൃത കലാരൂപങ്ങളുടെ ഇരയായതുകൊണ്ട് മാത്രം എനിക്ക് ലഭിച്ചതാണ്. അതിന്റെയും ക്രഡിറ്റ് ഞാൻ നിങ്ങൾക്കു തന്നെ തരുന്നു.

Advertise

advertise

Click here for more info

നടി ഷക്കീലയോടും മറ്റും എന്നെ ഉപമിക്കുന്നവരോടാണ് ഇനി പറയാനുള്ളത്. അവരൊക്കെ നിങ്ങളുടെ ലൈംഗിക ദാരിദ്രത്തിന്റെ ഉത്പന്നങ്ങളാണ്. ഒളിവിൽ അവരുടെ ശരീരം ആസ്വദിച്ച ശേഷം പുറത്ത് വന്ന് അവരെ ആക്ഷേപിച്ച് നിങ്ങൾ നടത്തുന്ന സദാചാര പ്രസംഗം എത്ര അപഹാസ്യമാണെന്നെങ്കിലും കുറഞ്ഞപക്ഷം നിങ്ങൾ ചിന്തിക്കണം. അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിക്കുന്ന ഞാനുൾപ്പെടുന്ന സ്ത്രീകളെ അവരോട് ഉപമിക്കുന്നതോടെ നിങ്ങളുടെ ലൈംഗിക ഉത്തേജനമാണ് പുറത്തേക്ക് ഒഴുകുന്നത് എന്ന് നിങ്ങൾ ചിന്തിക്കണം പോൺ സ്റ്റാറുകൾക്കേ നിങ്ങളെപ്പോലുള്ള ആളുകളെ കൂട്ടമായി കൂട്ടാൻ കഴിയൂ എന്ന് വിശ്വസിക്കുന്ന രാഷ്ട്രീയ ധാരണയുടെ കേവലതയെക്കുറിച്ച് നിങ്ങൾ ചിന്തിക്കണം. സ്ത്രീ സുരക്ഷയിൽ അഭിമാനിക്കുന്ന കേരളത്തിലാണ് ഇതൊക്കെ നടക്കുന്നത്. സ്ത്രീകൾക്ക് അധികാരം നൽകുമോ എന്ന ചോദ്യത്തിന് മുകളിൽ ദൈവത്തെ നോക്കി പുശ്ച്ച ഭാവത്തിൽ ചിരിച്ച താലിബാനികളുടെ തലച്ചോറു തന്നെയാണ് നിങ്ങൾക്കുള്ളത്. താലിബാൻ വിസ്മയം പൊട്ടി വിരിയാത്തതിന്റെ ഏക തടസ്സം ഈ രാജ്യത്തെ ജനാധിപത്യമാണ്. ആ ജനാധിപത്യത്തിലാണ് ഏക പ്രതീക്ഷയുള്ളത്. പുരുഷ കമ്മീഷൻ ഇല്ലല്ലോ എന്ന് പരിതപിച്ചു കൊണ്ട് ഇന്നലെ ലീഗ് പ്രതിനിധി പറഞ്ഞ വനിതാ കമ്മീഷൻ സ്ത്രീകളുടെ സംരക്ഷണത്തിന് വേണ്ടി മാത്രമല്ല, അത് നിങ്ങൾ ഉദേശിക്കുന്ന അത്യാവശ്യം സ്വാതന്ത്ര്യം കൊടുത്തുകൊണ്ടുള്ള സംരക്ഷണവും അല്ല, സ്ത്രീകളുടെ തുല്യത ഉറപ്പു വരുത്താൻ കൂടെ വേണ്ടതാണന്നു കൂടെ നിങ്ങളറിയണം.

Advertise

advertise

Click here for Buy this book

ഹരിത വിഷയം ഗൗരവമാകുന്നത്, ഈ ജനാധിപത്യ സമൂഹത്തിൽ ജനാധിപത്യം ഉറപ്പു നൽകുന്ന, മാനവിക ബോധവും, തുല്യതയും, ലിംഗനീതിയും അടക്കമുള്ള ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കാനുള്ള അധികാരമുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ അപകടകരമായ അവസ്ഥയാണ്. സ്വന്തം പാർട്ടിയിലും, പൊതുവേദികളിലും പോലും അത് ചിന്തിക്കാൻ കൂടി കഴിയാത്ത ഇവർ എങ്ങനെ ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷകരായി അധികാരസ്ഥാനങ്ങൾ അലങ്കരിക്കും.രാഷ്ട്രീയം തുല്യതയ്ക്കും, അവസര സമത്വത്തിനും, സാഹോദര്യത്തിനും, അഭിപ്രായ സ്വാതന്ത്ര്യത്തിനും മാനവികതയ്ക്കും വേണ്ട നിലപാടാണന്നിരിക്കെ ഇവർ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ പ്രത്യേയശാസ്ത്രം എന്താണ്.? നിങ്ങൾ നിങ്ങളുടെ തെറി വിളി എന്ന രാഷ്ട്രീയ പ്രവർത്തനം തുടരുക. നേര് പറയാൻ ശ്രമിക്കുന്ന തെഗ്ലിയമാരെയും, മത മൗലികവാദത്തിനെതിരെ നിലപാടെടുത്ത മുനിർ സാഹിബ്ബിനെതിരെയും ജനാധിപത്യവാദികളായ എല്ലാ മനുഷ്യർക്കു നേരെയും നിങ്ങൾക്ക് ആകെ എടുക്കാൻ കഴിയുന്ന ആയുധം അതാണ്. നിങ്ങളെയൊക്കെ കാലവും ചരിത്രവും വിലയിരുത്തട്ടെ.

By
Jazla Madasseri

profile

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.