Friday, January 10, 2025

അശാസ്ത്രീയതയുടെ നിഴൽ

നിഴൽ സിനിമ കാണാത്തവർ ഈ പോസ്റ്റ് വായിക്കല്ലേ.. സിനിമ കണ്ടവർ മാത്രം വായിച്ചാൽ മതി… ഇനി സിനിമയുടെ കഥ പറഞ്ഞ് സസ്പെൻസ് പൊളിച്ചു എന്ന കുറ്റം കേൾക്കാൻ വയ്യ.
ഡ്യൂട്ടിത്തിരക്കുകളൊഴിഞ്ഞ് കഴിഞ്ഞ ദിവസമാണ്  നിഴൽ കാണാൻ സമയം കിട്ടിയത്. ഇപ്പോൾ മലയാള സിനിമയിൽ സൈക്കോത്രില്ലറുകളുടെ വസന്തം പൂത്തുലയുകയാണല്ലോ. നിഴലും ആ ഗണത്തിൽപ്പെട്ട ഒരു പടപ്പാണ്.
ഫസ്റ് ക്‌ളാസ്സ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആയ ജോൺ ബേബി (കുഞ്ചാക്കോ ബോബൻ) ഒരാക്സിഡൻ്റിനു ശേഷം ഹോസ്പിറ്റലിൽ നിന്നു ഡിസ്ചാർജ്ജാകുന്നതോടെയാണു കഥ തുടങ്ങുന്നത്.പിന്നീട് അയാൾക്ക് മഴ പെയ്യുന്നതായി(visual hallucinations) ഫീൽ ഉണ്ടാകുന്നു. സുഹൃത്തായ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ ഉപദേശപ്രകാരം അയാൾ ബഷീർ എന്ന സൈക്യാട്രിസ്റ്റിനെ കാണുന്നു. സൈക്യാട്രിസ്റ്റ് നടത്തുന്ന രോഗനിർണ്ണയം കുറച്ചു വിചിത്രമാണ്. പിറ്റിഎസ്ഡി(post traumatic stress disorder) എന്ന രോഗനിർണ്ണയം നടത്തുന്ന സൈക്യാട്രിസ്റ്റ് ചിരിച്ചു കൊണ്ടു കഥാനായകനോടു പറയുന്നത് നിങ്ങളുടെ രോഗത്തിന് വായിൽ കൊള്ളാത്ത ഒരു പേരു വേണമെങ്കിൽ ഇതാ പിടിച്ചോളൂ എന്നാണ്. പക്ഷേ അതിശയകരമായ ഒരു കാര്യം പിറ്റിഎസ്ഡി യുടെ യാതൊരു രോഗലക്ഷണങ്ങളും കഥാനായകനിൽ പ്രകടമല്ല എന്നുള്ളതാണ്. ഒരു ആക്സിഡൻ്റ് കഴിഞ്ഞ് കുറച്ചു ദിവസങ്ങൾക്കു ശേഷം ഒരാൾക്ക് വിഷ്വൽ ഹാലൂസിനേഷൻസ് ഉണ്ടാകുകയാണെങ്കിൽ യുക്തിപൂർവ്വം ആദ്യം പരിഗണിക്കേണ്ട ഒരു രോഗനിർണ്ണയമല്ല പിറ്റിഎസ്ഡി.
പിറ്റിഎസ്ഡി ലെ പോസ്റ്റ് ട്രമാറ്റിക്‌(post traumatic) എന്ന വാക്ക് സൂചിപ്പിക്കുന്നതു പോലെ അസാധാരണ തീവ്രതയുള്ള ഒരു സമ്മർദ്ദ സാഹചര്യമോ, ആഘാതമോ നേരിടേണ്ടി വന്ന വ്യക്തികളിൽ ഉണ്ടാകുന്ന ഒരു മാനസിക പ്രശ്നമാണ് പിറ്റിഎസ്ഡി. ഇതിൻ്റെ ചില പ്രധാന ലക്ഷണങ്ങൾ പറയാം. കഴിഞ്ഞു പോയ മാനസിക ആഘാതത്തിൻ്റേയും, പീഢന സാഹചര്യങ്ങളുടേയും, വേദന നിറഞ്ഞ അനുഭവങ്ങളുടേയും, ആവർത്തിച്ചുള്ള ഓർമ്മകൾ ആ സാഹചര്യത്തിലുണ്ടായ അതേ വൈകാരിക തീവ്രതയോടെ ആവർത്തിച്ചു വരുക (Flashbacks).
കഴിഞ്ഞ ദുരനുഭവത്തേക്കുറിച്ചുള്ള ഭീതിജനകമായ സ്വപ്നങ്ങൾ കാണുക.
കഴിഞ്ഞു പോയ ക്ഷതാനുഭവത്തിൻ്റെ ഓർമ്മയുണർത്തുന്ന സാഹചര്യങ്ങൾ, വ്യക്തികൾ, വസ്തുക്കൾ, വാർത്തകൾ, ദൃശ്യങ്ങൾ ഒക്കെ കണ്ടാൽ മനസ്സ് അസ്വസ്ഥമാകും. അത്തരം സാഹചര്യങ്ങളെ ഒഴിവാക്കാൻ ബോധപൂർവ്വം ശ്രമിക്കും. ഇതൊക്കെയാണ് പിറ്റിഎസ്ഡിയുടെ പ്രധാന ലക്ഷണങ്ങൾ. പിറ്റിഎസ്ഡിയിൽ ഗുരുതര മനോരോഗ ലക്ഷണങ്ങൾ ആയ ഹാലൂസിനേഷൻസോ ഡെലൂഷൻസോ കാണാറില്ല. ഇനി അഥവാ ഈ ലക്ഷണങ്ങൾ പ്രകടമായാൽ Psychotic Depression, substance induced psychosis, Bipolar affective disorder, Schizophrenia ഇവയൊക്കെയാണ് പരിഗണിക്കുന്നത്. കഥനായകനായ ബേബിക്കുണ്ടായ മാനസിക രോഗത്തിനു വായിൽ കൊള്ളാത്ത ഒരു പേരു ചാർത്തികൊടുക്കണം എന്ന് തിരക്കഥാകൃത്തിനു തോന്നിയതിനാലാവണം പിറ്റിഎസ്ഡി എന്ന പേരു കൊടുത്തത്. അതിലും വിചിത്രമായ കാര്യം സൈക്യാട്രിസ്റ്റ് എഴുതികൊടുത്ത മരുന്നുകൾ കഴിക്കേണ്ടന്നും രോഗം (visual hallucinations) തനിയെ മാറിക്കൊള്ളുമെന്നും പറഞ്ഞു സൂപ്പർ ഡോക്ടർ ചമയുന്ന ശാലിനി എന്ന ചൈൽഡ് ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ കഥാപാത്രമാണ്. മരുന്നുകൾ കുറിച്ചു നൽകാനോ സൈക്യാട്രിസ്റ്റ് നിർദേശിക്കുന്ന മരുന്നുകളിൽ അഭിപ്രായം പറയാനോ ഉള്ള അധികാരം ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾക്കില്ല എന്ന വസ്തുത സിനിമയുടെ തിരക്കഥാകൃത്തിനു അറിയാത്തതാണോ അതോ സൗകര്യ പൂർവ്വം മറച്ചു പിടിക്കുന്നതാണോ അതോ തിരക്കഥാകൃത്തിനെ വല്ലവരും തെറ്റിദ്ധരിപ്പിച്ചതാണോ എന്ന് വ്യക്തമല്ല. മനോരോഗ ചികിത്സയെക്കുറിച്ചും മരുന്നുകളെക്കുറിച്ചും ഏറെ തെറ്റിദ്ധാരണകൾ വ്യപകമായി പ്രചരിപ്പിക്കപ്പെട്ട ഒരു സമൂഹത്തിലേക്കാണ് ഇത്തരം രംഗങ്ങൾ കുത്തി നിറച്ച ഒരു സിനിമ പടച്ചു വിടുന്നത് എന്നു തിരക്കഥാകൃത്തു ഓർക്കേണ്ടതായിരുന്നു എന്നാണ് എന്റെ അഭിപ്രായം.
സിനിമയുടെ ക്ലൈമാക്സ്‌ അതിലും വിശേഷമാണ്. ശാസ്ത്രീയമായി ഒരിക്കലും തെളിയിക്കപ്പെട്ടിട്ടില്ലാത്ത അല്ലെങ്കിൽ തെളിയിക്കാൻ കഴിയാത്ത Falsifiability ഇല്ലാത്ത ഒരു ഫ്രോയിഡിയൻ ചാരുകസേര സിദ്ധാന്തമാണ് ഉപബോധ മനസ് (subconcious mind). ഉപബോധ മനസിന്റെ അത്ഭുതകരമായ കഴിവുകളും ശക്തിയും എന്ന കഥ കൊട്ടിപ്പാടി ചില സെൽഫ് ഹെൽപ് ഗ്രൂപ്പുകളും മോട്ടിവേഷണൽ സ്‌പീക്കേഴ്സും ഇപ്പോഴും ജനവഞ്ചന ചെയ്തു ഉദരപൂരണം നടത്തുന്നുണ്ട് എന്നതൊഴിച്ചാൽ modern cognitive neuroscience പാടെ തള്ളിക്കളഞ്ഞ ഒരാശയമാണ് ഉപബോധ മനസ്. ഇതിനെ പൊക്കിപ്പിടിച്ചാണ് സിനിമയുടെ ക്ലൈമാക്സ്‌ രൂപപ്പെടുത്തിയിരിക്കുന്നത്.
നിഴൽ സിനിമയെക്കുറിച്ചു കൂടുതൽ വിസ്തരിക്കുന്നില്ല. തിരക്കഥാകൃത്തിനോടു ഒന്നേ പറയാനുള്ളു.നിങ്ങൾ ജനത്തെ അമ്പരപ്പിക്കാനായി പിറ്റിഎസ്ഡി കൊണ്ടുവരുന്നു. വിഷ്വൽ ഹാലുസിനേഷൻസിനെ കാവ്യാത്മകമായി അവതരിപ്പിക്കുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ ഡോക്ടർ ആക്കുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റിനേക്കൊണ്ട് മരുന്നുകൾക്കെതിരെ സംസാരിപ്പിച്ചു പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്നു. ഉപബോധ മനസ് എന്ന അമ്മൂമ്മക്കഥയെ ഏറ്റവും വലിയ സയൻസ് ആക്കി അവതരിപ്പിച്ചുകൊണ്ട് ക്ലൈമാക്സ്‌ കെട്ടിപ്പൊക്കുന്നു.
എന്തൊക്കെ ചെയ്തിട്ടും ഒരു മെനയാകുന്നില്ലല്ലോ സജീ…
നിഴലിൻ്റെ കുറവുകൾ സർഗാത്മകമാണ്.. ഭാവനാ ദാരിദ്ര്യത്തെ മറയ്ക്കാനായി ചില ശാസ്ത്രപൂർവ്വ ധാരണകളെ വലിയ സയൻസാണെന്ന മട്ടിൽ അവതരിപ്പിക്കാനാണ് സിനിമ ശ്രമിക്കുന്നത്. ഗൂഗിളിൽ തിരഞ്ഞിട്ടോ, ആറു മാസം കൗൺസിലിംഗ് കോഴ്സ് പഠിച്ചവരിൽ നിന്നോ വിവരശേഖരണം നടത്തി സിനിമ പിടിച്ചാൽ ഇങ്ങനെയൊക്കെ പറ്റിയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.

By

ഡോ. ജോസ്റ്റിൻ ഫ്രാൻസിസ്
സൈക്യാട്രിസ്റ്
ജനറൽ ഹോസ്പിറ്റൽ കൽപ്പറ്റ

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.