Monday, December 23, 2024

ദ പ്രീസ്റ്റ്

അടുത്തിടെ പുറത്തിറങ്ങിയ “ദ പ്രീസ്റ്റ്” എന്ന മലയാള ചലച്ചിത്രത്തെ മുൻനിർത്തി കൊണ്ട് നമ്മൾ ചില കാര്യങ്ങൾ ചർച്ച ചെയ്യാൻ പോവുകയാണ്.
“അമേയ” എന്നൊരു കഥാപാത്രമുണ്ട് സിനിമയിൽ. സിനിമയെ മുന്നോട്ടു കൊണ്ടു പോവുന്നതും ഈ കഥാപാത്രം തന്നെയാണ്. സിനിമയിൽ “പ്രേത” ബാധയുള്ള കുട്ടിയാണ് അമേയ. പ്രേത സിനിമയാണ്‌ പ്രീസ്റ്റ് എന്ന ധാരണ കാണുന്നവർക്കില്ലെങ്കിൽ, അവർക്കെല്ലാം അമേയ ഒരു മാനസികരോഗിയായി തോന്നപ്പെടാനാണ് സാധ്യത.
ദൈവമെന്ന കെട്ടു കഥയെ ആസ്പദമാക്കി പോലും, അനവധി സിനിമകൾ ദിനം പ്രതിയിവിടെയിറങ്ങുന്നുണ്ട്. അവയെല്ലാം തന്നെ “ദൈവമെന്ന കെട്ടു കഥയെ വെച്ചിട്ടാണോടാ.. സിനിമ പിടിക്കുന്നതെന്ന” ചോദ്യങ്ങൾ നേരിടാതെ, യാതൊരു വിമർശനങ്ങളുമേറ്റു വാങ്ങാതെ വൻ വിജയമാവാറുമുണ്ട്!
രണ്ടും കെട്ടു കഥകൾ തന്നെയാണെങ്കിലും,
ദൈവമെന്ന കെട്ടു കഥയേക്കാളുമെത്രയോ ഉപദ്രവം കുറഞ്ഞ ഒന്ന് തന്നെയാണ് പ്രേതമെന്ന കെട്ടു കഥയെന്ന കാര്യത്തിൽ ആർക്കും തർക്കം വേണ്ട!
രണ്ടും ഒന്നല്ലയെന്ന് ധരിച്ചു വെച്ചിരിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ..
ദൈവമെന്ന കെട്ടു കഥ പോലെ തന്നെയേയുള്ളൂ.. പ്രേതമെന്ന കെട്ടു കഥയും!
പ്രേത ബാധയുള്ളൊരു കുട്ടിയാണ് അമേയയെന്ന് എങ്ങനെയാണ് സിനിമ, പ്രേക്ഷകർക്ക് മുന്നിലവതരിപ്പിക്കുന്നത്?
നിശബ്ദത പാലിക്കുക, മറ്റുള്ളവർ ചെയ്യുന്ന എല്ലാ കാര്യങ്ങൾ അതു പോലെ ചെയ്യാതിരിക്കുക, ചുറ്റുമുള്ളവരിൽ നിന്നും അകന്നു നിൽക്കുക, ഇടക്കൊക്കെ ദേഷ്യം പ്രകടിപ്പിക്കുക, പഠിത്തത്തിലുൾപ്പടെ മറ്റു പലതിലും, ശ്രദ്ധ കാണിക്കാതെയിരിക്കുക.. ഇങ്ങനെയൊക്കെയാണ് ആദ്യഭാഗങ്ങളിൽ അമേയയൊരു പ്രേത ബാധയുള്ള കുട്ടിയാണെന്ന് സിനിമ, പ്രേക്ഷകരോട് പറയുന്നത്.
ഇല്ലാത്തൊരു സാധനത്തിന്റെ സവിശേഷതകൾ വർണ്ണിക്കുന്നതിൽ നമുക്ക് ചില പരിമിതികളുണ്ട്. ഭാവനയാൽ നിർമ്മിക്കപ്പെട്ട നമ്മുടെ നാട്ടിലെ “ദൈവങ്ങളെ” പരിശോധിച്ചാൽ ഈ പരിമിതികൾ വളരെ നന്നായി മനസ്സിലാക്കാനാവും.
എങ്ങനെയായിരുക്കും പ്രേതബാധയുള്ളൊരു കുട്ടി പെരുമാറുകയെന്ന പൊതു ബോധത്തിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ് അമേയയെന്ന കഥാപാത്രത്തിന്റെ പ്രവർത്തികൾ.
മുകളിൽ പറഞ്ഞ ചില സ്വഭാവ സവിശേഷതകളുള്ള കുട്ടികളെ നമ്മുക്കിടയിൽ കണ്ടിട്ടില്ലേ?
സിനിമയിൽ പറയുന്ന “പ്രേതബാധ”യുള്ളവർ പെരുമാറുന്നത് പോലെ പെരുമാറുന്ന കുട്ടികളെ നമ്മുക്കിടയിൽ കണ്ടിട്ടില്ലേ?
ഉണ്ട്!
അധികം കൂട്ടുകൂടാനിഷ്ട്ടമില്ലാത്തവർ, അധികമാരോടും സംസാരിക്കാത്തവർ, ഇടക്കൊക്കെ ക്ഷോഭത്താൽ പൊട്ടി തെറിക്കുന്നവർ, ഇടക്കൊക്കെ പൊട്ടി കരയുന്നവർ, മറ്റുള്ളവരിൽ നിന്നും വിഭിന്നമായ സ്വഭാവമുള്ളവർ.. അങ്ങനെയുള്ള കുട്ടികളും നമ്മുക്കിടയിലുണ്ട്. അവരും കൂടി ചേർന്നതാണ് നമ്മുടെയീ ലോകം.
ഇത്തരം കുട്ടികൾ ഇങ്ങനെ പെരുമാറുന്നതിന്റെ കാരണം, പ്രേതമോ അതു പോലുള്ള മറ്റെന്തെങ്കിലുമോ ഇവരെ പിടി കൂടിയിരിക്കുകയാണെന്ന വിശ്വാസം വച്ചു പുലർത്തുന്ന, “അതൊഴിപ്പിക്കാൻ” എന്ന പേരിൽ കുട്ടികളെ കൊല്ലാകൊല ചെയ്യുന്നയാളുകൾ നമ്മുക്കിടയിലുണ്ടെന്ന് കൂടി നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്!
ഇങ്ങനെയുള്ളവരൊക്കെയുണ്ടോയിവിടെ എന്ന് സംശയിക്കുന്നവർക്കായി, എന്റെ തന്നെയൊരു അനുഭവത്തിലേക്ക് നിങ്ങളെ ഞാൻ കൊണ്ടു പോവാം..!
പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയം. വിഷാദ രോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതപ്പോഴാണ്. അങ്ങനെയൊരു രോഗമെന്നെ പിടി കൂടിയിട്ടുണ്ടെന്ന് പോയിട്ട്, അങ്ങനെയൊരു രോഗമിവിടെയുണ്ടെന്ന അറിവു പോലുമെനിക്കന്നില്ലായിരുന്നു. ആളുകളിൽ നിന്നുമകൽന്ന് ഒറ്റ മുറിക്കുള്ളിൽ ചുരുണ്ടു കൂടാൻ തുടങ്ങിയതും അന്ന് മുതൽക്കാണ്. പക്ഷേ, കാരണമെന്തെന്ന് എനിക്കുൾപ്പടെ ആർക്കുമറിയില്ല.!
കമ്മ്യൂണിസത്തെ കൈ വെടിഞ്ഞിട്ടില്ലെങ്കിൽ കൂടി, മറ്റു അംഗീകൃത മതങ്ങളോടുള്ള വിയോജിപ്പുകൾ പ്രകടിപ്പിക്കുന്നത്, അതിന്റെ ഉച്ഛസ്ഥായിയിലെത്തി നിൽക്കുന്ന സമയം കൂടിയായിരുന്നുവത്.
മതം പോലെ വന്യമായ ഒന്നിനെ എതിർക്കുമ്പോൾ,
മാനസികമായും ശാരീരികമായും ലഭിക്കുന്ന സമ്മാനങ്ങളിൽ നിന്ന് പുറമേ, എന്റെയുള്ളിൽ ഞാനറിയാതെ എനിക്ക് പണി തന്നുകൊണ്ടിരിക്കുന്ന ഒന്നിൽ നിന്നു കൂടി അതിജീവിക്കേണ്ടി വരുന്നൊരു സാഹചര്യം!
15 വയസ്സ് പ്രായമുള്ളൊരു കുട്ടി എങ്ങനെയായിരിക്കുമപ്പോൾ പെരുമാറിയിട്ടുണ്ടാവുക?
ഏകദേശം, മുകളിൽ പറഞ്ഞ അതേ സ്വഭാവ സവിശേഷതകൾ തന്നെയായിരിക്കുമപ്പോൾ പ്രകടിപ്പിച്ചിരിക്കുകയെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട!
അങ്ങനെയൊരു ദിവസമാണ്, തിയറ്ററിൽ കൊണ്ടു പോയി സിനിമ കാണിക്കാം എന്ന മോഹന വാഗ്ദാനം നൽകി പാലക്കാട്ടേക്ക് എന്നെ കൂട്ടി കൊണ്ടു പോവുന്നത്.
ഹരിഹരൻപിള്ള ഹാപ്പിയാണെന്ന സിനിമയാണത്രേ ഞാൻ തിയറ്ററിൽ പോയി കണ്ട പടം. അമ്മ എന്നോ പറഞ്ഞതാണിത്. അല്ലാതെ എനിക്കിത് ഓർമ്മയൊന്നുമില്ല. മൂന്ന് വയസ്സുള്ളപ്പോൾ കണ്ടൊരു സിനിമ ഓർമ്മയുണ്ടായിരിക്കണമെന്ന് വാശി പിടിക്കുന്നതിലും അർത്ഥമൊന്നുമില്ലല്ലോ!! എന്തായാലും ആദ്യമായി തിയറ്ററിൽ പോവുകയാണ്. ആ വാഗ്ദാനത്തിൽ മതി മറന്നു കൊണ്ടാണ് ഞാൻ പാലക്കാട്ടേക്ക് വണ്ടി കയറുന്നത്.
എത്തിപ്പെട്ടത് ഏതോ ഒരു വിജനമായ പ്രദേശത്താണ്. അതേതായിരുന്നാ സ്ഥലമെന്ന് അന്നുമിന്നുമെനിക്കറിയില്ല!
റോസെന്നു തോന്നിക്കുന്ന നിറത്താൽ കുളിച്ചു നിൽക്കുന്ന ആ വീട് മാത്രമെനിക്ക് ഓർമ്മയുണ്ട്. അതിന്റെ രണ്ടാം നിലയിലേക്കായിരുന്നു ഞങ്ങൾ പോയത്. അവിടെ വെച്ചാണ്, ആദ്യമായി സിനിമയിൽ കാണും പോലൊരു അഗ്നികുന്ധവും, അതിനനുബന്ധ ചിത്ര പണികളും കാണുന്നത്.
ചന്ദനതിരിയുടേയും, സാമ്പ്രാണിയുടേയും ഗന്ധത്താൽ നിറഞ്ഞു നിന്നിരുന്ന, അഗ്നിയാൽ അലങ്കരിക്കപ്പെട്ട ആ
അടച്ചിട്ട മുറിക്കുള്ളിൽ, എന്താണിവിടെ നടക്കുന്നതെന്നറിയാതെ, ചുറ്റിലും കണ്ണു പായിച്ച്, അവർ പറഞ്ഞിരിടത്തിരുന്നു കൊണ്ട്, അവർ പറഞ്ഞ കാര്യങ്ങൾ ചെയ്യുകയല്ലാതെ മറ്റൊന്നും ചെയ്യാനെനിക്കാവുമായിരുന്നില്ല.!
രാവിലെ തുടങ്ങിയ പരിപാടിയവസാനിക്കുന്നത്, ഉച്ചക്കാണ്. അസഹ്യമായ ചൂടിലും, ശ്വാസം മുട്ടിക്കുന്ന പുകയിലുമായിരുന്നു ഈ കോപ്രായങ്ങളെല്ലാം അരങ്ങേറിയിരുന്നത്. എന്നെ ശ്വാസം മുട്ടിച്ച ആ പുകയോടുള്ള ദേഷ്യമിപ്പോഴും എന്നെ വിട്ട് പോയിട്ടില്ല!
മറ്റെന്തെല്ലാമവിടെ നടന്നുവെന്ന് ഓർമ്മയില്ല. ഓർക്കാനാഗ്രഹവുമില്ല!
പിന്നീട് നേരെ തിയറ്ററിലേക്കാണ് പോയത്. തിയറ്ററിന്റെ മുൻവശം വരെ! അകത്തേക്ക് പോയില്ല. എന്നെ പറഞ്ഞു പറ്റിച്ച്, വീട്ടിൽ നിന്നും പുറത്തിറക്കി ഒരു കോപ്രായത്തിന്റെ ഭാഗമാക്കിയതിലുള്ള എന്റെ അരിശം ഞങ്ങളെ സിനിമ കാണുന്നതിൽ നിന്നും വിലക്കി, തിരികെ വീട്ടിലേക്കെത്തിച്ചു. ലക്ഷ്യം സിനിമ കാണുകയെന്നല്ലാതായിരുന്നത് കൊണ്ട് വീട്ടുകാർക്കാ പരിപാടി റദ്ദ് ചെയ്യുന്നതിൽ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ!
എന്തായാലും അന്നവിടെ നടന്നത്, എന്തോ ഒന്ന് ഒഴിപ്പിക്കലായിരുന്നുവെന്ന് പിന്നീട് അറിഞ്ഞു. എന്തായിരിക്കാമെന്നത് നിങ്ങൾക്ക് വിട്ടു നൽകുന്നു!
മുകളിൽ പറഞ്ഞ ചില സ്വഭാവ സവിശേഷതകളാണ് എന്റെ ജീവിതത്തിലേക്ക് ഇങ്ങനെയൊരു ദിവസം, ഞാൻ പോലുമാഗ്രഹിക്കാതെ തുന്നി ചേർക്കപ്പെടാൻ കാരണമായത്.
വിവിധ തരം മനുഷ്യർ നമുക്കിടയിലുണ്ട്. നിശബ്ദരായി കാണപ്പെടുന്നവർ മുതൽ നിശബ്ദരായിരിക്കാൻ കഴിയാത്തവർ പോലും അക്കൂട്ടത്തിൽ വരും.
കുട്ടികളുടെ കാര്യവും ഇങ്ങനെ തന്നെയാണ്. പൂമ്പാറ്റകൾക്ക് പുറകിൽ ഓടി ചാടി നടക്കാനാഗ്രഹിക്കുന്നവർ മുതൽ, പൂമ്പാറ്റയോടൊപ്പം പറന്നു രസിക്കാനാഗ്രഹിക്കുന്നവർ വരെ അക്കൂട്ടത്തിലുണ്ട്.
അതിൽ, സമൂഹം നിർമ്മിച്ചു വെച്ചിരിക്കുന്ന പൊതുബോധത്താൽ നോക്കിയാൽ തോന്നിയേക്കാവുന്ന “പ്രേതബാധയുള്ള” കുട്ടികളും, “ഭൂതബാധയുള്ള” കുട്ടികളുമെല്ലാം കണ്ടേക്കാം..!
പെട്ടെന്നൊരു ദിവസം ഒരു കുട്ടി നിശബ്ദമാവുകയാണെങ്കിൽ, അല്ലെങ്കിൽ സ്വഭാവത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കാണുകയാണെങ്കിൽ, അതിൽ ശ്രദ്ധിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. ഒരുപക്ഷേ, വിഷാദം പോലുള്ള രോഗങ്ങൾ കൊണ്ടാവാമത്. മികച്ച ചികിത്സ ഇവിടെ അത്യാവശ്യമാണ്. അതല്ലെങ്കിൽ, ലൈംഗിക അതിക്രമം പോലുള്ള എന്തെങ്കിലും കൊണ്ടുമോ, അല്ലാതെയോ ഉണ്ടാവുന്ന മാനസിക സംഘർഷങ്ങളും കൊണ്ടാവാമത്. ഇവിടേയും മറ്റുള്ളവരുടെ സഹായവും പരിചരണവും അവർക്കാവശ്യമാണ്.
ഇതല്ലാതെ തന്നെ, സ്വഭാവികമായും അന്തർമുഖത്വം പ്രകടിപ്പിക്കുന്ന കുട്ടികളുമുണ്ട്. ഇവിടെ മറ്റുള്ളവർക്ക് പ്രത്യേകിച്ചും ചെയ്യാനില്ല. അവരെ അവരായി തന്നെ തുടരാനങ്ങ് അനുവദിച്ചാൽ മതിയാവും.
ഈ കുട്ടികളെയെല്ലാമാണ്, അവരുടെ ശരീരത്തിൽ മറ്റെന്തോ കയറിയതു കൊണ്ടാണിങ്ങനെയെല്ലാം പെരുമാറുന്നതെന്ന ഒരു പൊട്ട സിദ്ധാന്തവുമുണ്ടാക്കി അവരെയതിൽ തളച്ചിടാനും, തല്ലി ചതക്കാനുമെല്ലാം ശ്രമിക്കുന്നത്.
ഒന്നേ പറയാനുള്ളൂ..
കൃത്യമായ രീതിയിൽ നിങ്ങൾക്കവരെയിത്തരം ഘട്ടങ്ങളിൽ സഹായിക്കാൻ കഴിയില്ലെങ്കിൽ, ഇത്തരം പൊട്ട കഥകളുടെ വക്താക്കളാകാതെ അവരെയങ്ങ് അവരുടെ വഴിക്ക് വിടുകയെങ്കിലും ചെയ്യുക!

By

C S Sooraj

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.