Monday, December 23, 2024

പ്രൈഡ് എന്നാല്‍ കലാപമാണ് - അന്നും ഇന്നും (എന്നും!)

ജൂണ്‍ പ്രൈഡ് മാസമായത് ഒരു കലാപത്തിന്‍റെ ഓര്‍മയ്ക്കാണ്. ഒരു പ്രത്യയശാസ്ത്രത്തിന്‍റെയോ രാഷ്ട്രീയ ചായ്‌വിന്‍റെയോ പേരില്‍ ഗൂഢാലോചന ചെയ്യപ്പെട്ടതായിരുന്നില്ല ആ കലാപം. മറ്റുള്ളവരാല്‍ മാറ്റിനിര്‍ത്തലും അപമാനിക്കപ്പെടലും ശീലമായ ഒരുകൂട്ടം മനുഷ്യര്‍ ഇനി അതിന് തയ്യാറല്ല എന്ന് വെളിപ്പെടുത്തും വണ്ണം പൊട്ടിത്തെറിച്ചതാണ് ആ കലാപം. സ്റ്റോൺവാൾ എന്ന ബാറിലേക്ക് പോലീസ് നടത്തിയ റെയ്ഡിനും അക്രമത്തിനും നേരെ സ്വവർഗാനുരാഗികളും ക്രോസ് വേഷധാരികളും ഡ്രാഗ് വ്യക്തിത്വങ്ങളും (ട്രാൻസ്ജെൻഡർ എന്ന സംജ്ഞ അന്ന് പ്രചരിച്ചിരുന്നില്ല) 1969 ജൂൺ 28ന് നടത്തിയ പ്രതിഷേധമാണ് സ്റ്റോൺവാൾകലാപം എന്നറിയപ്പെടുന്നത്.

advt


ന്യൂയോർക്കിലെ അന്നത്തെ നഗര സദാചാരം വല്ലാതെ പരമ്പരാഗതം ആയിരുന്നു. നഗരത്തിലെ ഗേ ബാറുകളെയും സ്വവർഗാനുരാഗ ആക്ടിവിസ്റ്റുകളെയും ഒരു ശല്യമായി തന്നെ നഗരാധിപർ കണക്കാക്കിയിരുന്നു. 1960-കൾക്ക് ഒടുവിൽ വിയറ്റ്നാം യുദ്ധവിരുദ്ധ സമരങ്ങൾ കടന്നുവന്നതും കറുത്ത മനുഷ്യർ അവരുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയതും വെള്ളക്കാരൻ്റെ കോയ്മ കയ്യാളിയിരുന്ന മേലധികാരികൾക്ക് തീരെ സഹിക്കാവുന്നതായിരുന്നില്ല. അവിടേക്കാണ് സ്വവർഗാനുരാഗികൾ ചിലർ സിവിൽ അവകാശം ചോദിച്ചത്. അവർക്ക് മദ്യം വിളമ്പുന്നതും അവരെ ജോലിക്ക് നിർത്തുന്നതും തടഞ്ഞു കൊണ്ട് ഉത്തരവിട്ട നഗര ഭരണാധികാരികൾ അവരുടെ നയം വ്യക്തമാക്കി. ന്യൂയോർക്കിലെ രാത്രികാല ഗേ ബാറുകൾ അങ്ങനെ നിയമവിരുദ്ധവും അധോലോകത്തിൻ്റെ ഭാഗവുമായി. അത്തരം ബാറുകൾ പ്രവർത്തിക്കാൻ കൈക്കൂലി കൊടുക്കേണ്ടുന്ന അവസ്ഥകൾ വന്നു. കൈക്കൂലി മതിയാകാതെ ആകുമ്പോൾ പിന്നെയും റെയ്ഡുകൾ നടന്നു. അങ്ങനെ നിരന്തരം റെയിഡുകൾ നടക്കുന്ന ഗേ ബാറുകളിൽ ഒന്നായിരുന്നു സ്റ്റോൺവാൾ ഇൻ (Stonewall Inn). അവിടെ വരുന്നവർ തെരുവിലാക്കപ്പെട്ട സ്വവർഗാനുരാഗികളും ക്രോസ് വേഷധാരികളും ആയിരുന്നു അവർക്ക് കൂടി ഇരിക്കാൻ മറ്റ് സ്ഥലങ്ങളില്ലായിരുന്നു, തെരുവല്ലാതെ.

advt

ലൈംഗികത (Sexuality), ലിംഗതന്മ (Gender Identity), ലിംഗതന്മാവിഷ്കാരം( Genger Expression) എന്നിവയുടെ പേരിൽ സ്വവർഗാനുരാഗികളെയും ക്രോസ് വേഷധാരികളെയും അറസ്റ്റ് ചെയ്യുന്നത് സാധാരണമായ ഒരു കാലഘട്ടമായിരുന്നു അത്. പോലീസുകാർ വേഷം മാറി ഇത്തരക്കാരുടെ അടുത്തു പോവുകയും സമീപിച്ചാൽ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ജൈവികമായ ഒരു കാര്യത്തിനു മേലുള്ള ഈ ക്രിമിനൽവൽക്കരണത്തിനെതിരെ 1950കളുടെ പകുതിയിൽ തന്നെ ശക്തമായ ചെറുത്തുനിൽപുകൾ ആരംഭിച്ചിരുന്നു. രാഷ്ട്രീയമായ പല സിവിൽ അവകാശ നീക്കങ്ങളും നടക്കുന്നതിനൊപ്പം ഹോമോഫൈൽ (Homophile) പ്രസ്ഥാനങ്ങളും പ്രവർത്തിച്ചു. അപ്പോഴും തുറന്ന ഇടങ്ങളിൽ ഒരു പോരാട്ടം നടത്തുന്നത് പലർക്കും ചിന്തിക്കാൻ കഴിയാത്ത ഒരു കാര്യമായിരുന്നു. സ്റ്റോൺവാളിൽ കലാപമുണ്ടായി എന്നും പോലീസിന് നേരെ ആക്രമണം ഉണ്ടായി എന്നുമുള്ള വാർത്തകൾ വിശ്വസിക്കുവാൻ കഴിയാത്ത സ്വവർഗാനുരാഗസമൂഹം ആയിരുന്നു അന്ന് അവിടെ ഉണ്ടായിരുന്നത്. അടിക്കടിയുള്ള പോലീസ് നടപടികളിൽ അമർഷം പൂണ്ട മനുഷ്യർ പൊട്ടിത്തെറിച്ച് നടത്തിയ അന്നത്തെ കലാപം ആഴ്ചകളോളവും മാസങ്ങളോളവും നീണ്ടു. ഈ സംഭവങ്ങളെ അധിക്ഷേപപരമായി കൈകാര്യം ചെയ്ത പത്രങ്ങളുടെ ഓഫീസ് കെട്ടിടങ്ങൾക്ക് മുന്നിലേക്ക് പ്രതിഷേധം പടര്‍ന്നു. അണയാതെ നിന്ന ആ ചെറുത്തുനിൽപ്പിന്‍റെ ഓർമയായിരുന്നു 1970 ല്‍ നടന്ന ആദ്യ പ്രൈഡ്. അവിടുന്നിങ്ങോട്ട് ലോകത്തിന്റെ പല കോണിലേക്ക് പ്രൈഡ് പടർന്നു. പലയിടത്തും സംഘർഷങ്ങൾ ഉണ്ടായി അടിച്ചമർത്തലുകളും. പില്‍ക്കാലത്ത് ക്വിയര്‍ വ്യക്തികളുടെ സ്വകാര്യ സ്വത്തില്‍ വർധനവുണ്ടായത് അവരെ വാങ്ങൽ ശേഷിയുള്ള ഒരു സമൂഹമായി കാണാൻ കോർപ്പറേറ്റുകളെ പ്രേരിപ്പിച്ചു. പ്രമുഖ ബ്രാന്‍ഡുകള്‍ പിന്നീട് പ്രൈഡിന്‍റെ നിറങ്ങളെ വാരിച്ചൂടി. മാധ്യമങ്ങളില്‍ അംഗീകാരത്തിന്‍റെ ചുവയോടെ ഈ കോർപ്പറേറ്റ് സ്പോൺസേഡ് പ്രൈഡുകള്‍ വ്യാപകമായി. അപ്പോഴും രാഷ്ട്രീയ പ്രതിബദ്ധത ഉള്ളവരും വാങ്ങൽശേഷി ഇല്ലാത്തവരും എല്ലാം ഈ ആഘോഷത്തിൻ്റെ പളപളപ്പിന് പുറത്തായിരുന്നു. ലോകത്ത് എൽജിബിടി+ മനുഷ്യർ നേരിടുന്ന അതിക്രമത്തിന് ഇപ്പോഴും യാതൊരു അറുതിയുമില്ല. സ്പെയിനിൽ ഒരു 24 കാരനെ ഗേ ആയതിന്‍റെ പേരിൽ ആൾക്കൂട്ടം ആക്രമിച്ച് കൊന്നതിന്‍റെ പ്രതിഷേധം അവിടത്തെ തെരുവുകൾ നടക്കുകയാണ്. ഒരു കലാപത്തിന് ഓർമ്മ പുതുക്കുന്ന ജൂൺ മാസത്തിലടക്കം ക്വിയര്‍വിരുദ്ധ നീക്കങ്ങളും അടിച്ചമർത്തലുകളും ലോകത്ത് പല കോണിലായി നടക്കുന്നു. പ്രൈഡ് മാര്‍ച്ചുകള്‍ക്കു നേരെ നടന്ന ഭരണകൂട അടിച്ചമർത്തലുകളും കണ്‍സര്‍വേറ്റീവ് ആക്രമണങ്ങളും പല രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നു.

advt

ജോർജിയയിലെ ട്ബിലിസി (Tbilisi) പ്രൈഡ് ഓർത്തഡോക്സ് പള്ളിയുടെയും വിശ്വാസ സമൂഹത്തെയും നിലപാടുകളും ആക്രമണങ്ങളും കാരണം അവിടുത്തെ എല്‍ ജി ബി ടി ക്യൂ+ സംഘാടകർ ഉപേക്ഷിച്ചത് ആയിരുന്നു ഏറ്റവും ഒടുവിൽ കേട്ട വാർത്ത. ക്വിയർ മനുഷ്യരുടെ നേർക്കും എല്‍ ജി ബി ടി ക്യൂ + ഓഫീസുകൾക്ക് നേരെയും ആക്രമണങ്ങൾ ഉണ്ടാകുന്ന വീഡിയോകളും പ്രചരിച്ചിരുന്നു. ഒരു സ്വകാര്യവ്യക്തിയുടെ വീടിന്റെ ബാൽക്കണിയിലേക്ക് ഇരച്ചുകയറി അവിടെയുണ്ടായിരുന്ന പ്രൈഡ് പതാക നശിപ്പിക്കുന്ന 'വീരസ്യം' ട്വിറ്റർ പേജുകൾ വഴിയും പ്രചരിച്ചിരുന്നു. തീര്‍ത്തും ക്വിയര്‍ഭീതി പൂണ്ട ഒരു ജനതയുടെ ഹുങ്കില്‍ അരക്ഷിതരാണ് അവിടുത്തെ ലിംഗ ലിംഗത്വ ലൈംഗിക ന്യൂനപക്ഷ മനുഷ്യര്‍. പള്ളിയുടെ നിലപാടിനെ സംരക്ഷിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ ആണ് അവിടുത്തെ ഭരണകൂടവും പുറപ്പെടുവിക്കുന്നത്. ക്രൊയേഷ്യയിൽ നടന്ന സാഗ്രെബ് (zagreb) പ്രൈഡിലും ഹോമോഫോബിക്ക് അതിക്രമം ഉണ്ടാവുകയും അനേകം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ക്രൊയേഷ്യയിൽ നടക്കുന്ന പ്രൈഡ് മാര്‍ച്ചുകളില്‍ ആക്രമണത്തിലേക്ക് എത്തിയത് ഇത്തവണയായിരുന്നു. നിയമനിർമാണ സഭയിലെ തീവ്ര വലതുപക്ഷക്കാർ ഇത്തരം ആക്രമണത്തിന് പിന്തുണ നൽകുന്നു എന്നതും കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു. ഫ്ലോറിഡ പ്രൈഡിൽ നടന്നത് സിവിലിയൻ ഹോമോഭീതിപരമായ ആക്രമണമായിരുന്നു. പ്രൈഡ് മാർച്ചിലേക്ക് ഒരു ട്രക്ക് ഓടിച്ചുകയറ്റി ഒരാളുടെ മരണത്തിനിടയാക്കിയ ദാരുണ സംഭവം ആണ് അവിടെ നടന്നത്. അബദ്ധത്തിൽ സംഭവിച്ചതാണെന്ന ഭാഷ്യമാണ് പൊലീസ് വൃത്തങ്ങൾ പക്ഷേ മാധ്യമങ്ങളോട് പറഞ്ഞത്. കേവലമൊരു മനപൂർവ്വമല്ലാത്ത നരഹത്യ മാത്രമായി കേസ് അവിടെ ചുരുക്കപ്പെട്ടു. ഫിൻലാൻഡിൽ ഒരു ഗേ ബീച്ച് റെയിൻബോ പാർട്ടി നടക്കവേ അതിൽ പങ്കെടുക്കുന്ന അതിൻറെ പേരിൽ 19 പേരെ അറസ്റ്റ് ചെയ്ത നടപടിയും ഈ പ്രൈഡ് മാസത്തിലാണ് കണ്ടത്. പോലീസിനെ ഉപയോഗിച്ച് പ്രൈഡ് മാർച്ചിനെ അടിച്ചമർത്തുന്നതിന്‍റെ ഭീകര രൂപം കണ്ടത് തുർക്കിയില്‍ ആയിരുന്നു. എല്ലാ കൊല്ലവും എന്തെങ്കിലും കാരണത്തിൽ പ്രൈഡ് മുടക്കാൻ ഭരണാധികാരികൾ ശ്രമിക്കുമായിരുന്നു, 2014 മുതൽ നഗരത്തിന്‍റെ പഴക്കവും ആൾക്കൂട്ടത്തെ താങ്ങാനാവായ്മയും ആയിരുന്നു പ്രൈഡ് മുടക്കുന്നതിന് കാരണമെങ്കില്‍ ഇത്തവണ അത് കോവിഡായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുനടന്ന പ്രൈഡ് പോലീസ് ഇടപെടലോടെ സംഘര്‍ഷഭരിതമാവുകയും ഇരുപത്തഞ്ചോളം പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പോലീസുകാരടക്കം അവിടെ ഒരുപാട് പേർക്ക് പരിക്കേറ്റു. ഇതോടൊപ്പം എടുത്തു പറയേണ്ട ചില ഹോമോഫോബിക് ഭരണകൂട നീക്കങ്ങളും ഉണ്ട്. ഇന്ത്യയുടെ കാര്യം തന്നെ ആദ്യം പരിശോധിക്കാം. സ്വവർഗ്ഗ വിവാഹത്തിനായുള്ള അനുമതിക്കായി കോടതിയിൽ സമർപ്പിക്കപ്പെട്ട അപേക്ഷയിന്മേൽ കേന്ദ്രസർക്കാറിനോട് അഭിപ്രായം ചോദിച്ചപ്പോൾ കിട്ടിയ മറുപടി അങ്ങേയറ്റം നിരാശാജനകമായിരുന്നു. 'വിവാഹസര്‍ട്ടിഫിക്കറ്റ് കിട്ടാതെ ഇവിടെ ആരും മരിക്കുന്നൊന്നും ഇല്ലല്ലോ ? ഇതൊക്കെ പിന്നെ എപ്പോഴെങ്കിലും നോക്കാം' എന്നായിരുന്നു സർക്കാർ മറുപടി. കുടുംബപരിരക്ഷ എന്നത് ഒരു പകർച്ചവ്യാധിയുടെ സാഹചര്യത്തിൽ തരുന്ന സഹായങ്ങൾ നിലനിൽക്കെയാണ് ഇവർ ഈ പറഞ്ഞത്. ഹെറ്ററോകുടുംബങ്ങൾ ഒരു കുടുംബ വ്യവസ്ഥയിൽ നേടുന്ന പ്രത്യേക പരിഗണനയൊന്നും സ്വവർഗ്ഗ കുടുംബഘടന അർഹിക്കുന്നില്ല എന്ന കനത്ത വിവേചനനടപടിയാണ് ഇത്. അതിനോടൊപ്പം മരിച്ചാൽ മാത്രം എന്തെങ്കിലും ചെയ്യാം എന്നുള്ള ഉദാസീനതയും. ഒപ്പംതന്നെ കൊളീജിയം ഐക്യകണ്ഠേന അംഗീകരിച്ച, സൗരഭ് കൃപാലിനെ ഡൽഹി ഹൈക്കോടതി ജഡ്ജി ആക്കിയുള്ള സ്ഥാനക്കയറ്റത്തെ അദ്ദേഹമൊരു ഗേ ആണ് എന്നതിന്റെ പേരിൽ പല കാരണങ്ങൾ പറഞ്ഞു കേന്ദ്രം എതിർക്കുന്നുണ്ട്. അദ്ദേഹത്തിൻറെ പങ്കാളി ഒരു വിദേശ പൗരനാണ് എന്നതാണ് ഏറ്റവും പുതിയ വിചിത്രവാദം. പോളണ്ടിന്‍റെ കാര്യവും കഷ്ടമാണ്. എൽജിബിടിഐക്യു+ മനുഷ്യരുടെ പൗരാവകാശങ്ങൾ അജണ്ട എന്നോ ഐഡിയോളജി എന്നോ മാത്രമായി ചുരുക്കി രാഷ്ട്രീയവൽക്കരിക്കുന്ന നടപടിയാണ് അവിടെ. രാജ്യത്ത് എൽജിബിടി ഐഡിയോളജി ഫ്രീ സോണുകൾ പ്രഖ്യാപിച്ച അവർ അവരുടെ ക്വിയര്‍വിരുദ്ധനയം പ്രഖ്യാപിക്കുകയും ചെയ്തു. യൂറോപ്യൻ യൂണിയൻ ഇതിനോട് പ്രതികരിച്ചത് പോളണ്ട് അടക്കമുള്ള മുഴുവൻ യൂറോപ്യൻ യൂണിയനെയും എല്‍ ജി ബി ടി ഫ്രീഡം സോണായി പ്രഖ്യാപിച്ചു കൊണ്ടായിരുന്നു. ക്വിയര്‍ മനുഷ്യർക്ക് നേരെയുള്ള വിവേചനങ്ങളെ നിയമപരമായിത്തന്നെ എതിർത്തു നിൽക്കുന്ന സൗഹാർദ നടപടികൾ യൂറോപ്യൻ യൂണിയൻ കൈകൊണ്ടു.

പോളണ്ടിന്‍റെ അതേ നയമാണ് റഷ്യയും ഹംഗറിയും ഇറ്റലിയും കൈക്കൊണ്ടത്. സ്വവർഗ വിവാഹങ്ങൾ നിരോധിച്ച ഉത്തരവിലൂടെ പുടിൻ റഷ്യയുടെ ക്വിയര്‍വിരുദ്ധ നയം തുറന്നു പ്രഖ്യാപിച്ചു. എല്‍ ജി ബി ടി+ മനുഷ്യർ കുട്ടികളെ പീഡിപ്പിക്കുന്നവരും കുട്ടികളെ വഴിതെറ്റിക്കുന്നവരാണ് എന്നും പ്രഖ്യാപിച്ചു എല്‍ ജി ബി ടി വിരുദ്ധ നയം കൊണ്ടു വന്നു. 'Leave our children alone' എന്ന് പേരിട്ടാണ് കൺസർവേറ്റീവ് യുക്തികൾ ഇത്തരം ക്വിയര്‍വിരുദ്ധ നടപടികളെ ന്യായീകരിക്കുന്നത്. ഇറ്റലിയിൽ വത്തിക്കാന്റെ ഇടപെടൽ കൊണ്ട് തന്നെ ഹോമോഫോബിയ സർക്കാർ തലത്തിൽ ധാരാളം ഉണ്ട്. മാർപാപ്പയുടെ സൗഹാർദ നയങ്ങളെ ഔദ്യോഗികവൃത്തങ്ങൾ കൊണ്ട് തന്നെ അവര്‍ എതിർക്കുന്നു എന്നതിനാൽ ഇത് 'സാധാരണമായ' ഒരു കാര്യം ആയി കാണാം.

തീവ്ര വലതുപക്ഷ ചിന്തകളുള്ള രാജ്യങ്ങളെല്ലാം തന്നെ 'ഗേ പ്രൊപ്പഗാണ്ട' എന്ന പേരിലാണ് എൽജിബിടിഐക്യു+ അവകാശ നീക്കങ്ങളെ എതിർക്കുന്നത്. പരമ്പരാഗത മതമൂല്യങ്ങളെ ഇല്ലാതാക്കുന്ന അജണ്ടയായാണ് അവർ ഇതിനെ കാണുന്നത്. എല്‍ ജി ബി ടി+ മനുഷ്യരുടെ നിലനിൽപ്പിനെത്തന്നെ അസഹിഷ്ണുതയോടെ കാണുന്ന ഇത്തരം മനുഷ്യർ ഭൂരിപക്ഷ പിന്തുണ കിട്ടാൻ പല മാർഗ്ഗങ്ങളും കൈക്കൊള്ളുന്നുണ്ട്. മനുഷ്യാവകാശം എന്ന തലം എൽജിബിടി+ വിഷയത്തിൽ വരാതിരിക്കാനും അതിനു കേവലം അജണ്ട എന്ന സ്വരം വരാനും ആണ് മത-വലതുരാഷ്ട്രീയ-പരമ്പരാഗത ചിന്തകൾ കൊണ്ടുപിടിച്ച് ശ്രമിക്കുന്നത്. ഭൂമിയില്‍ ആണും പെണ്ണും മാത്രമേ ജനിക്കുന്നുള്ളൂ എന്നും അവർ പരസ്പരം മാത്രമേ ബന്ധപ്പെടുകയുള്ളൂ എന്നുള്ള ചിന്തയിലൂടെ പുറത്താക്കുന്ന/ ഇല്ലാതാക്കുന്ന ജീവിതങ്ങൾ അനവധിയാണ്. ജൈവികമായ ഒന്നിന്‍റെ പേരിൽ രാഷ്ട്രീയ ഗൂഢാലോചനയുടെ ചാപ്പ കിട്ടേണ്ടി വരുന്ന ഒരു കൂട്ടം മനുഷ്യരാണ് ഇന്നും ക്വിയര്‍സമൂഹം. എല്‍ ജി ബി ടി ഐ ക്യു+ മനുഷ്യരുടെ നിലനിൽപ്പ് ഇപ്പോഴും കലാപമാണ്. അവര്‍ ഓരോ ശ്വാസത്തിലും കലാപം നേരിടുകയാണ് നടത്തുകയാണ്.

Profile

Anaz N S
Phd Scholar, Kerala University
Vice President, Queerythm LGBTIQ Community.

സമൂഹമാധ്യമത്തിൽ പങ്കിടാന്‍

advertisment

യുക്തിവാദി

യുക്തിവിചാരം, സ്വതന്ത്രചിന്ത, നാസ്തികത എന്നിവയ്ക്കുള്ള കൂട്ടായ്മയിൽ ചേരാൻ, നാളെയുടെ സമൂഹമനസ്സ് നമുക്ക് ഇന്നു നിർമിച്ചു തുടങ്ങാം.